ഐ.ഐ.ടി.ടി.എമ്മില്‍ ബി.ബി.എ., എം.ബി.എ.

ഐ.ഐ.ടി.ടി.എമ്മില്‍ ബി.ബി.എ., എം.ബി.എ.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഐ.ഐ.ടി.ടി.എം.). ഗ്വാളിയര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭുവനേശ്വര്‍, നോയിഡ, ഗോവ, നെല്ലൂര്‍ എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. ഐ.ഐ.ടി.ടി.എം. നടത്തുന്ന ബി.ബി.എ., എം.ബി.എ. കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

ഐ.ഐ.ടി.ടി.എം. 2016ലാണ് ബി.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍) കോഴ്‌സ് ആരംഭിച്ചത്. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 2019 ജൂലൈ ഒന്നിന് 22 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്.
നാലു സെന്ററുകളിലും കൂടി 60 സീറ്റുകള്‍ വീതം ആകെ 240 സീറ്റുകളാണുള്ളത്. ഇതില്‍ പകുതി പൊതു വിഭാഗത്തിനും ബാക്കി സംവരണ വിഭാഗങ്ങള്‍ക്കും നീക്കി വച്ചിരിക്കുന്നു. ആറു സെമസ്റ്ററുകളിലായി നടത്തുന്ന കോഴ്‌സിന് ആകെ 2,54,500 രൂപയാണ് ഫീസ്.
ജൂണ്‍ ഒമ്പതിന് നടക്കുന്ന ഐ.ഐ.ടി.ടി.എം. അഡ്മിഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണിത്. ഐ.ഐ.എ.ടി. ജനറല്‍ അവേര്‍നെസ് 50 മാര്‍ക്ക്, വെര്‍ബല്‍ എബിലിറ്റി 25 മാര്‍ക്ക്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി 25 മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങള്‍. തുടര്‍ന്നു ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യുവും നടത്തും. മെയ് 17നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

രണ്ടു വര്‍ഷത്തെ മുഴുവന്‍ സമയ കോഴ്‌സാണ് എം.ബി.എ. (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്). ആകെ 600 സീറ്റുകളാണുള്ളത്. 2019 ജൂലൈ ഒന്നിന് 25 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. മെയ് 15നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 500 രൂപ. ആകെ 3,09,500 രൂപയാണ് ട്യൂഷന്‍ ഫീസ്.
ജൂണ്‍ ഒമ്പതിന് നടക്കുന്ന ഐ.ഐ.ടി.ടി.എം. അഡ്മിഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അഖിലേന്ത്യാതലത്തിലുള്ള മാനേജ്‌മെന്റ് അഭിരുചി പരീക്ഷ പാസായിട്ടുള്ളരെ അഡ്മിഷന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകെ 3,09,500 രൂപയാണ് കോഴ്‌സ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iittm.ac.in എന്ന വെബ്‌സൈറ്റ് കാണുക.

നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ്
ശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനത്തിന് അവസരമൊരുക്കുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (നെസ്റ്റ്) ജൂണ്‍ ഒന്നിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേന്ദ്ര അണുശക്തി മന്ത്രാലയത്തിനു കീഴില്‍ ഭുവനേശ്വറിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എന്‍.ഐ.എസ്.ഇ.ആര്‍.), യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (യു.എം.ഡി.എ.ഇ.സി.ബി.എസ്.) എന്നീ സ്ഥാപനങ്ങളില്‍ പഞ്ചവത്സര എംഎസ് കോഴ്‌സ് അഡ്മിഷന്‍ നടത്തുന്നതിനാണു നെസ്റ്റ്.
ബയോളജി, കെമിസ്ട്രി, മാത്തമറ്റിക്‌സ്, ഫിസിക്‌സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ് എം.എസ്. കോഴ്‌സ്.

വിശ്വഭാരതിയിലെ ഇന്റഗ്രേറ്റഡ് സയന്‍സ് എജ്യുക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ(ഐ.സി.ഇ.ആര്‍.സി.) അഡ്മിഷനും നെസ്റ്റ് മുഖേനയാണ്. എന്‍.ഐ.എസ്.ഇ.ആറില്‍ അറുപതും സിബിഎസില്‍ മുപ്പത്തഞ്ചും ഐ.സി.ഇ.ആര്‍.സിയില്‍ 21 സീറ്റുകളുമാണുള്ളത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് അയ്യായിരം രൂപ വീതം പ്രതിമാസ ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ് ലഭിക്കും. 20,000 രൂപ വാര്‍ഷിക ഗ്രാന്റായും ലഭിക്കും. പഠനത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ട്രെയിനിംഗ് സ്‌കൂളിന്റെ ഇന്റര്‍വ്യൂവില്‍ നേരിട്ടു പങ്കെടുക്കാം. 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

ജൂണ്‍ ഒന്നിനു രാവിലെ 9.30 മുതല്‍ 12.30 വരെയും 2.30 മുതല്‍ ആറു വരെയും രണ്ടു സെഷനുകളായാണു പരീക്ഷ. പൂര്‍ണമായും ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ സി.ബി.എസ്.ഇ. സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്‌സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈനായി മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1,200 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 600 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേനയോ ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ മുഖേനയോ പണമടയ്ക്കാം.
നെസ്റ്റില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചറിയാന്‍ www.niser.ac.in, ww w.cbs.ac.in,www.visvabharati.ac.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.nestexam.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഡ്വര്‍ടൈസിംഗ് കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെയും ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അഡ്വര്‍ടൈസിംഗില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലാ ഡിഗ്രി/തത്തുല്യം. 20 പേര്‍ക്കായിരിക്കും പ്രവേശനം. കോഴ്‌സ് ഫീസ് 10,000 രൂപ. മെറിറ്റും അഭിരുചി പരിശോധിക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 70 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് പുറമെ രണ്ട് ദിവസത്തെ വര്‍ക്ക്‌ഷോപ്പും ഉണ്ടാകും. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ, ബയോഡാറ്റ, ഡിഗ്രി മാര്‍ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഗ്രേഡ് അടിസ്ഥാനമാക്കിയ മാര്‍ക്‌ലിസ്റ്റ് ഉള്ളവര്‍ തത്തുല്യമായ മാര്‍ക്കിന്റെ ശതമാനം കാണിക്കുന്ന രേഖ ഹാജരാക്കണം), നൂറ് രൂപ അപേക്ഷാ ഫീസ് സര്‍വകലാശാലാ ഫണ്ടില്‍ അടച്ചതിന്റെ രശീത് എന്നിവ സഹിതം ജനുവരി 25ന് അഞ്ച് മണിക്കകം ഡയറക്ടര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673635 എന്ന വിലാസത്തില്‍ ലഭിക്കണം. ക്ലാസുകള്‍ ശനിയാഴ്ചകളിലും തിരഞ്ഞെടുത്ത ചില അവധി ദിവസങ്ങളിലുമാണ് നടത്തുക.

സിവില്‍ സര്‍വീസ് അഭിമുഖ പരിശീലനം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഉടന്‍ തുടങ്ങും. യു.പി.എസ്.സി. നടത്തുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖ പരീശീലനം, ഡല്‍ഹിയിലേക്കുള്ള വിമാനയാത്ര, കേരളഹൗസില്‍ താമസം എന്നിവ അക്കാദമി സൗജന്യമായി ലഭ്യമാക്കും. കേരളീയരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിമുഖ പരിശീലന ക്ലാസുകളില്‍ സൗജന്യമായി പങ്കെടുക്കാം.
വിശദവിവരങ്ങള്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരള, ചാരാച്ചിറ, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.ccek.org. ഫോണ്‍: 04712313065, 2311654.

റസല്‍

You must be logged in to post a comment Login