വ്യക്തിയും സമൂഹവും: ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍

വ്യക്തിയും സമൂഹവും: ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍

ഇസ്‌ലാമിലെ സാമൂഹികത
സാമൂഹിക സങ്കല്‍പ സിദ്ധാന്തത്തില്‍ (sociological imagination theory) സി. റൈറ്റ് മില്‍സ് വാദിക്കുന്നത് വൈയക്തിക പ്രശ്‌നങ്ങള്‍ സാമൂഹിക ചലനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ്; ഓരോ വ്യക്തിയുടെയും പ്രശ്‌നം അതാത് സമൂഹത്തിന്റെയും സമസ്യയായിമാറുമെന്ന്. സാമൂഹ്യ സമസ്യകളെ പരിഹരിക്കാന്‍ ഇസ്‌ലാം ഉപദേശിക്കുന്ന വഴി വ്യക്തികളെ സന്മാര്‍ഗ ദിശയിലേക്ക് കൊണ്ടുവരിക എന്നതാണ്. വിശ്വാസക്കൂറ് ഏതൊരു വ്യക്തിയെയും സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു. വിശ്വാസത്തിന്റെ വിവിധ സാമൂഹ്യമാനങ്ങള്‍ മാനവബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ പ്രേരിപ്പിക്കുന്നു. കണിശതയാര്‍ന്ന പ്രാര്‍ത്ഥനാമുറകള്‍ ആത്മീയമായ ചിട്ടകളില്‍ അവരെ ഉറപ്പിക്കുന്നു. വര്‍ഷത്തിലൊരു മാസം നിര്‍വഹിക്കുന്ന വ്രതാനുഷ്ഠാനം വിശപ്പിനെ കുറിച്ച് എല്ലാവരിലും ചിന്തയുണര്‍ത്തുന്നു. സമ്പന്നനും ദരിദ്രനുമിടയിലെ ദൂരം കുറയ്ക്കുന്ന സകാത് (zakath) സമ്പ്രദായവും ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയിലുണ്ട്.

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നടത്തുന്ന കല്പനകളുടെയും നിരോധനങ്ങളുടെയും സാമൂഹികവശം, മനുഷ്യനെ ഏകദൈവ വിശ്വസത്തിന് കീഴില്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നു. വൈയക്തിക ജീവിതത്തില്‍ അത്യന്താപേക്ഷിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക വഴി ഖുര്‍ആന്‍ മനുഷ്യജീവിതത്തിലെ സാമൂഹികവശങ്ങള്‍ തുറന്നുകാട്ടുന്നു. അഗസ്‌തെ കോംറ്റെ നിരീക്ഷിക്കുന്നുണ്ട്: ‘ഇസ്‌ലാമിക സമൂഹം ഒരു കുടുംബ ജീവിതത്തില്‍ നിന്ന് തുടങ്ങുന്നതല്ല. സാമൂഹിക ക്രമത്തിലെ അടിസ്ഥാനമാനം കുടുംബമാണ്. എന്നാല്‍ സമൂഹത്തിന്റെ അടിസ്ഥാന ഏകാങ്കമായി ഖുര്‍ആന്‍ കാണിക്കുന്നത് വ്യക്തിയെയാണ്. ഇസ്‌ലാം പ്രഥമമായി വ്യക്തിയില്‍ ശ്രദ്ധ ചെലുത്തുകയും വ്യക്തിത്വം അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ സമൂഹത്തിന്റെ ആയുരാരോഗ്യം നിലനിര്‍ത്താന്‍ ഉദ്യമിക്കുകയും ചെയ്യുന്നു’. വ്യക്തി രൂപീകരണത്തെ സാമൂഹിക താല്‍പര്യങ്ങളോട് കലഹിക്കും വിധം ഇസ്‌ലാം അവതരിപ്പിക്കുന്നില്ലെന്നത് ശ്രദ്ധേയം.

സമൂഹത്തിലെ അംഗഘടന വിശാലമായ സാമൂഹിക അന്തര്‍ധാരകളെ ഇണക്കുന്നതാണ്. ഇത്തരത്തിലുള്ള സാമൂഹികവ്യവസ്ഥിതി ഉള്‍ക്കൊള്ളുന്നത് ശക്തിയുക്തമായ ഒരു നിയമ സംവിധാനത്തെയാണ്. ഇസ്‌ലാമിക നിയമസംഹിത പ്രബലവും ദൃഢവുമായത് കൊണ്ട് അതിന്റെ ഉദ്ഗ്രഥനവും സംയോജനവും ഏറെ സുഗമമായി സാധ്യമാവുന്നു. ഷാട്ട് (Schacht) പറയുന്നത് പ്രകാരം ‘ഇസ്‌ലാം വ്യവസ്ഥാനുസൃതമാണ്. അത് അനുരൂപതത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിലെ എല്ലാ നിയമങ്ങളും ഓരോന്നുമായി ഇഴചേര്‍ന്നുള്ളതാണ്’. ദൈവിക കല്‍പനകള്‍ സാമൂഹിക സംസ്ഥാപനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. മറിച്ച് നന്മയെയും തിന്മയേയും വേര്‍തിരിച്ചറിയാനും സഹായിക്കുന്നു. സമൂഹവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന നിയമങ്ങള്‍ എന്ന നിലയില്‍ അത് എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിക്കാനുതകുന്നതാണ്. കൂടാതെ മാനവസമൂഹത്തിന്റെ അഭിവൃദ്ധിയെയും അത് അടയാളപ്പെടുത്തുന്നു. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലുള്ള, അനശ്വരവും മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത രീതിയിലുള്ള നിയമങ്ങളാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന് നേര്‍വിപരീതമായി ഭൗതികനിയമങ്ങള്‍ ഭൗതിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സ്വതവേ മനുഷ്യനിര്‍മിതമാകയാല്‍ തെറ്റുകള്‍ക്ക് സാധ്യതയുണ്ടാവുന്നു. മറ്റൊരു രീതിയില്‍ സാമൂഹികാവശ്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയ നിയമസംഹിതകള്‍ സാമൂഹിക താത്പര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മാറാനും താല്‍പര്യപ്പെടുന്നു. അത്തരം നിയമങ്ങളുടെ നിലനില്‍പ് പൊതുതാത്പര്യങ്ങളെയും പരമാധികാരികളെയും ഗണിച്ചുള്ളതായിരിക്കും. വിശ്വാസബന്ധിതമായ ദൈവിക നിയമങ്ങളോട് തുലനപ്പെടുത്താവുന്നതല്ല ഭൗതിക നിയമനിര്‍മാണങ്ങള്‍. ദൈവികനിയമങ്ങള്‍ പൊതുവെ സമുദായത്തിലെ അംഗങ്ങളെ കണിശതയുള്ളവരാക്കിത്തീര്‍ക്കാനുതകുന്നതാണ്. വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നിയമങ്ങളെ സമീപിക്കുന്നവര്‍ തമ്മില്‍ സംഘട്ടനം ഉണ്ടാകാന്‍ സാധ്യത കല്‍പിക്കുന്നതാണ് അതിന്റെ നിര്‍വചനം.

വിവിധ കാലഘട്ടങ്ങളിലെ ഇസ്‌ലാമിന്റെ വ്യാപനം സാമൂഹിക ശാസ്ത്രകാരന്മാര്‍ രേഖപ്പെടുത്തിയത് വ്യത്യസ്ത രൂപത്തിലാണ്. തങ്ങള്‍ക്കനുകൂലമാകും വിധത്തില്‍ സൈദ്ധാന്തികവശങ്ങളെ അവതരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. വികേന്ദ്രീകൃതമായ നിയമനിര്‍മിതിയില്‍ നിന്നും സാമൂഹിക അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണം നടത്തിയത് ഇബ്‌നു ഖല്‍ദൂന്‍ ആണ്. ആദ്യകാലത്തില്‍ നിന്നും വ്യതിരിക്തമായി ഇസ്‌ലാമിനെ സാമൂഹികതലത്തിലൂടെ പഠന വിധേയമാക്കുകയായിരുന്നു ഇബ്ന്‍ ഖല്‍ദൂന്‍. ആത്മവിമര്‍ശനത്തിന്റെ തലത്തില്‍ നിന്നു കൊണ്ടുള്ള ഖല്‍ദൂനിയന്‍ നിരീക്ഷണങ്ങള്‍ മധ്യകാല മുസ്‌ലിം സമൂഹത്തിലേക്ക് മാത്രം ചുരുങ്ങുന്നതല്ല, സമകാലിക മുസ്‌ലിം സമൂഹത്തിന്റെ നിലപാടുകളെ വരെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. രാഷ്ട്രത്തെയും ഭരണകൂടത്തെയും മുന്‍നിറുത്തിയുള്ള ഇസ്‌ലാമിന്റെ സാമൂഹിക വായനകളോടൊപ്പം തന്നെയാണ് ഖല്‍ദൂന്‍ പൊതുവെയുള്ള നാഗരിക സവിശേഷതകളെ അടയാളപ്പെടുത്തുന്നത്. അതേ സമയം, ശിയാവിഭാഗത്തില്‍ പെടുന്ന മുര്‍ത്തളാ മുത്തഹരി, അലി ശരീഅത്തി തുടങ്ങിയ കടുത്ത മാര്‍ക്‌സിയന്‍ ചിന്താഗതിക്കാര്‍ ഇസ്‌ലാമിനെ അവരുടെ ആശയവ്യാപനത്തിന്റെ ഉപകരണമാക്കിത്തീര്‍ക്കുകയാണുണ്ടായത്. മുര്‍ത്തളാ മുത്തഹരി ഖുര്‍ആനും സാമൂഹിക ശാസ്ത്രവും(sociology and Quran) എന്ന ഗ്രന്ഥത്തില്‍ ഖുര്‍ആന്‍ മാക്‌സിയന്‍ചിന്താഗതിയിലൂടെ വിശദീകരിക്കുന്നത് കാണാന്‍ സാധിക്കും. മുസ്‌ലിംകളെ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നും ആധിപത്യം സ്ഥാപിക്കുന്നവര്‍ എന്നും തരംതിരിക്കുക വഴി ഇസ്‌ലാമിലെ സാര്‍വലൗകികതയെയും സമഭാവനയെയും നിരാകരിക്കുക വഴി പക്ഷപാതപരമായ സമീപനമാണ് മുത്തഹിരിയില്‍ നിന്നുണ്ടായത്.

സമഗ്രാവബോധവും ഉള്ളടക്കവും
ഒരു ദൈവികദാസന്‍ എന്ന നിലയില്‍ മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കടമ നാഥനായ അല്ലാഹുവിനുള്ള ആരാധനയാണ്. ദൈവപ്രീതിയെന്ന ആത്യന്തികമായ ലക്ഷ്യം ഒരു മുസ്‌ലിമിന്, കേവലം വിനയാന്വിതനായി ആരാധനാമുറകള്‍ ചെയ്യുന്നതു കൊണ്ടു മാത്രം നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല. മറിച്ച്, അവന്റെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിലൂടെയും നന്മയുടെ വക്താക്കളായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലൂടെയും മറ്റുമാണ് അത് കരഗതമാകുന്നത്. ഇതിനു വേണ്ടിയാണ് അറിവും ധര്‍മ സമരങ്ങളും ഇസ്‌ലാം അനുശാസിക്കുന്നത്. അറിവ് കരസ്ഥമാക്കുന്നതിലൂടെയും ആത്മീയധര്‍മസമരങ്ങള്‍ ചെയ്യുന്നതിലൂടെയും വ്യക്തി സംസ്‌കരണവും അതുവഴി സാമൂഹിക മുന്നേറ്റവും സാധ്യമാവുന്നു. ഇസ്‌ലാമിന് വ്യക്തവും സുനിശ്ചിതവുമായ ജീവല്‍ ക്രമമുണ്ട്. സാമ്പത്തിക രംഗത്തായാലും പരിസ്ഥിതിയിലായാലും സാമൂഹിക വകഭേദങ്ങളിലായാലും ഇസ്‌ലാം വ്യക്തമായ കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുന്നു. ഇസ്‌ലാമിലെ സാമ്പത്തിക ക്രമം മുതലാളിത്ത (Capitalist) കമ്മ്യൂണിസ്റ്റ് ധാരകളെ പ്രതിനിധാനം ചെയ്യുന്നവയല്ല. ദൗതികവും ആത്മീയവുമായ സാമ്പത്തിക വശങ്ങളെ ഉള്‍ക്കൊള്ളുന്ന വ്യവഹരമാണത്. എന്നാല്‍, പ്രാചീനകാല മതങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്‌ലാം സാമൂഹിക ആവശ്യങ്ങളെയും സമ്പാദന രീതികളെയും ഉപഭോഗ രീതികളെയും കര്‍ശനമായി നിയന്ത്രിക്കുന്നുമുണ്ട്.അമിതവ്യയവും ദുര്‍വ്യയവും ഇസ്‌ലാം നിരാകരിക്കുന്നതോടൊപ്പം മിതവ്യയത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
തൗഹീദിന്റെ ആദര്‍ശ അടിസ്ഥാനത്തില്‍, ഇസ്‌ലാമിന്റെ മൗലികതത്വം ഉദ്ഗ്രഥനമാണ്. ഈ ഉദ്ഗ്രഥനത്തില്‍ മാനുഷിക വ്യക്തിത്വ ഉദ്ഗ്രഥനവും ഉള്‍കൊള്ളുന്നു. മറ്റൊരര്‍ത്ഥത്തില്‍ വ്യക്തിയുടേയും സമൂഹത്തിന്റെയും സമഗ്രമായ ഉദ്ഗ്രഥനവും സന്തുലിതമായ വികസനവും ആണ് ഇസ്‌ലാം ലക്ഷ്യംവെക്കുന്നത്. വര്‍ഗസംഘട്ടനങ്ങള്‍ക്ക് സാധ്യത നല്‍കാതെ ഉത്തമമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മനുഷ്യസ്വഭാവത്തിന്റെ മൗലികമായ പ്രവണതകളെ(fundamental tendencies) മാനിക്കുന്നതോടൊപ്പം യാഥാര്‍ത്ഥ്യവും(Realtiy) ധാര്‍മികതയും പരസ്പരം ഇണക്കാനും ഇസ്‌ലാമിന് കഴിയുന്നുണ്ട്. ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങളിലെ ജീവിക്കാനുള്ള പ്രേരണയും(eros) മരിക്കാനുള്ള പ്രേരണയും ( Thanatos) മുസ്‌ലിമിനെ സംബന്ധിച്ച്, നിരര്‍ത്ഥകമാണ്. മറിച്ച് വഴിപ്പെട്ട് ജീവിക്കുന്നതിലെ (അന്നഫ്‌സുല്‍ മുത്മഇന്ന) ഉത്കര്‍ഷമാണ് അവനെ നയിക്കുക.

അടിച്ചമര്‍ത്തപ്പെട്ടവരുടെയും അശരണരുടെയും മതം എന്നതിനൊപ്പം സമ്പന്നരുടെയും കൂടി മതമാണ് ഇസ്‌ലാം. പ്രവാചകരുടെ ആഗമനത്തോടനുബന്ധിച്ച് ഇറങ്ങിയ ഖുര്‍ആനിക സൂക്തങ്ങളില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. വര്‍ഗവിവേചനത്തെയും സാമൂഹിക അസമത്വങ്ങളെയും ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ‘ഓ സത്യവിശ്വാസികളേ, നിങ്ങളെ നാം ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ ഗോത്രങ്ങളും സമുദായങ്ങളുമാക്കി, നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി.’ ഇന്ന് സമകാലിക ലോകത്ത് ഉയര്‍ന്നുവരുന്ന സ്വത്വ അടിസ്ഥാനങ്ങളെ കുറിക്കുന്നതാണ് ഉപര്യുക്ത സൂക്തം.
രാജ്യങ്ങളെയും ഗോത്രങ്ങളെയും മാനദണ്ഡപ്പെടുത്തി പലപ്പോഴും സ്വത്വങ്ങള്‍ രൂപപ്പെടാറുണ്ട്.ഒരു മുസ്‌ലിമിന്റെ പ്രാഥമിക സ്വത്വം(Primary identtiy) എന്നു പറയുന്നത് ഇസ്‌ലാം തന്നെയാണ്. മേല്‍വിവരിച്ച സൂക്തത്തില്‍ പ്രതിപാദിക്കുന്നത് പോലെ മറ്റു കാര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന സ്വത്വരൂപീകരണം ദ്വിതീയ സ്വത്വങ്ങളിലാണ് (secondary identtiy) ഉള്‍കൊള്ളുന്നത്. മതത്തിന് അടിസ്ഥാന പ്രാമുഖ്യം നല്‍കുമ്പോള്‍ തന്നെയും മതാധികാര കേന്ദ്രിതമായ സ്വത്വ രാഷ്ട്രീയത്തില്‍(identtiy politics) നിന്ന് മുക്തമാകാന്‍ ഇസ്‌ലാമിന് കഴിയുന്നുണ്ട്. പൊതുവില്‍ ഉണ്ടാകുന്ന മതവും രാഷ്ട്രവും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ഇസ്‌ലാം പരിഹാരമായി മാറുന്നു.

ഇസ്‌ലാമിലെ വീക്ഷണങ്ങളും അനുഷ്ഠാനങ്ങളും (Views and customs) മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ്. ഈ അടിസ്ഥാന ബോധ്യത്തിലാണ് മുസ്‌ലിം സമൂഹങ്ങള്‍ സഞ്ചരിച്ചത്. ഇസ്‌ലാം മത-രാഷ്ട്രീയധാരകളെ കണ്ണി ചേര്‍ക്കുന്നതും ഈ ബോധ്യം തന്നെയാണ്. ഇതുകൊണ്ടാണ് രാഷ്ട്രീയ, വര്‍ഗ ഗണങ്ങള്‍ക്കു മുകളില്‍ ഇസ്‌ലാമിന് സ്ഥാനം ലഭിച്ചത്. മറ്റു സാമൂഹിക ഗണങ്ങളില്‍ (social group) നിന്നും വിഭിന്നമായി ഇസ്‌ലാമിന് വളര്‍ച്ച നല്‍കിയതും ഈയൊരു സങ്കല്‍പമാണ്. കൂടാതെ, ആത്മീയസമൂഹം എന്ന നിലയില്‍ ഇസ്‌ലാമിക സമൂഹം ഇതര ജീവികളോടുള്ള സ്‌നേഹത്തിലും, അനുഷ്ഠാനങ്ങളിലും കൃത്യത പുലര്‍ത്തുന്നവരാണ്. ഇത്തരത്തിലുള്ള ജീവിതരീതികള്‍ കരഗതമാക്കാന്‍ ധാര്‍മികമായ വ്യക്തിത്വം കൂടിയേ തീരൂ. ഇസ്‌ലാം ഈ വിധത്തിലാണ് വ്യക്തിജീവിതം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഈ പരിപ്രേക്ഷ്യത്തിലൂടെ വായിക്കുമ്പോള്‍ വ്യക്തി താല്‍പര്യങ്ങളും സാമൂഹിക താല്‍പര്യങ്ങളും തമ്മിലുണ്ടാവുന്ന സംഘട്ടനത്തെ ഉന്മൂലനം ചെയ്ത്, സാമൂഹികജീവിതം സമാധാനപരമാക്കാന്‍ ഇസ്‌ലാം സഹായിക്കുന്നുവെന്നത് സ്പഷ്ടമാണ്.

മുബശിര്‍ ചെമ്പിലോട്

You must be logged in to post a comment Login