ജെ.എന്‍.യു കേസ്: വര്‍ഗീയ വിഭജനത്തിന്റെ പുതിയ അജണ്ട

ജെ.എന്‍.യു കേസ്: വര്‍ഗീയ വിഭജനത്തിന്റെ പുതിയ അജണ്ട

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പു പ്രകാരം രാജ്യദ്രോഹത്തിനാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറ്റപത്രത്തില്‍ വകുപ്പുകള്‍ വേറെയും ധാരാളമുണ്ട്. അതിലൊന്ന് 465 ാം വകുപ്പാണ്. ഫോര്‍ജറി അഥവാ വ്യാജരേഖ ചമയ്ക്കല്‍ ആണ് കുറ്റം. സത്യത്തില്‍ ഈ വകുപ്പുകള്‍ ചാര്‍ത്തേണ്ടത് ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണോ അതോ അവരെ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുന്ന ഭരണകൂടത്തിലെ രാഷ്ട്രീയ കോമാളികള്‍ക്ക് എതിരെയോ എന്ന ചര്‍ച്ച നിലനില്‍ക്കുന്നു. ഏതായാലും സംഭവം കഴിഞ്ഞ് മൂന്നുവര്‍ഷത്തിന് ശേഷം, പുതിയൊരു തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി കേസ് കോടതിയില്‍ എത്തിയിരിക്കുകയാണ്. ബി.ജെ.പിയും മറ്റു സംഘപരിവാര ശക്തികളും ഇന്ത്യന്‍ ഭരണകൂടത്തെ എങ്ങനെയാണ് തങ്ങളുടെ വര്‍ഗീയവിഭജനഅജണ്ടയുടെ ആയുധമാക്കി മാറ്റിയത് എന്നതിന് ചരിത്രത്തിലെ ഏറ്റവും വലിയ തെളിവായി ഈ കേസ് മാറും എന്ന് തീര്‍ച്ചയാണ്. അത്രമേല്‍ ജുഗുപ്‌സാവഹമായ രീതിയിലാണ് കേന്ദ്ര ഭരണകൂടവും അവരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസ് വകുപ്പും ഈ കേസ് കൈകാര്യം ചെയ്തത്. അതുകൊണ്ടു തന്നെ രാജ്യവ്യാപകമായ ശ്രദ്ധ ഈ കേസ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

സംഭവപരമ്പരകള്‍ ആരംഭിക്കുന്നത് 2016 ല്‍ ജെ.എന്‍.യു കാമ്പസില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു പ്രതിഷേധ പരിപാടിയിലാണ്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്. അതില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അവരില്‍ ചിലര്‍ ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നും പാകിസ്ഥാന്‍ അനുകൂലമായ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ ഉയര്‍ന്നുവെന്നുമാണ് ആരോപണമുണ്ടായത്.

അങ്ങനെയൊരു ആരോപണം ഉയര്‍ത്തിയത് ജെ.എന്‍.യുവിലെ എ.ബി.വി.പിയുടെ പ്രവര്‍ത്തകരായിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി ഭരണം, സര്‍വകാലാശാലയുടെ തലപ്പത്ത് സംഘപരിവാര നോമിനിയായി അവരുടെ ഉത്തരവുകള്‍ ശിരസാവഹിക്കാന്‍ തയാറായി നില്‍ക്കുന്ന വൈസ് ചാന്‍സലറും മറ്റ് ഉദ്യോഗസ്ഥരും. ഈ അന്തരീക്ഷം ഉപയോഗിച്ചാണ് സര്‍വകലാശാലയില്‍ വര്‍ഗീയ അജണ്ടകളെ ചെറുക്കുന്ന വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു അവരുടെ ഭാവി നശിപ്പിക്കാനുള്ള ഗൂഢാലോചന പരിവാര്‍ അന്തപുരങ്ങളില്‍ ഉയര്‍ന്നുവരുന്നത്.

അഫ്‌സല്‍ ഗുരു വധത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം സ്വന്തം അജണ്ട നടപ്പിലാക്കാനുള്ള ഒരു അവസരമായാണ് അവര്‍ ഉപയോഗിച്ചത്. സ്വന്തം ഇംഗിതങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തയാറുള്ള ചില ദൃശ്യമാധ്യമങ്ങളെയാണ് അവര്‍ അതിനായി ഉപയോഗിച്ചത്. വിദ്യാര്‍ത്ഥി പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ക്കിടയില്‍ ചില പാക് അനുകൂല മുദ്രാവാക്യങ്ങള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് അവര്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നീട് ചില ദേശീയ മാധ്യമങ്ങള്‍ തന്നെ ഇതേ വീഡിയോ ക്ലിപ് എങ്ങനെയാണ് ദുരുപയോഗം ചെയ്തത്, ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത് എന്നത് കൃത്യമായിത്തന്നെ വ്യക്തമാക്കുകയുണ്ടായി.

അന്ന് ജെ.എന്‍.യു യൂണിയന്‍ പ്രസിഡണ്ടായിരുന്ന കനയ്യകുമാറും ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദും ഒക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവര്‍ക്കു പുറമെ കശ്മീര്‍ സ്വദേശികളായ ഏഴു വിദ്യാര്‍ത്ഥികളെയും കുറ്റകൃത്യത്തില്‍ പ്രതികളായി ഉള്‍പെടുത്തിയിട്ടുണ്ട്. പ്രകടനത്തില്‍ പങ്കെടുത്തു എന്ന പേരില്‍ വേറെയും 36 വിദ്യാര്‍ത്ഥികളുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഷെഹ്‌ലാ റാഷിദും സി.പി.ഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിത രാജയും ഒക്കെ അതില്‍ പ്രതികളാണ്.

കേസിന്റെ വിശദാംശങ്ങളും പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സന്ദര്‍ഭത്തില്‍ രാജ്യത്താകെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളും എല്ലാവര്‍ക്കുമറിയാം. വിദ്യാര്‍ത്ഥികളെ ജയിലില്‍ അടക്കാനായിരുന്നു ഡല്‍ഹി പൊലീസിന്റെ നീക്കം. സുപ്രീം കോടതി അസാധാരണമായ മട്ടില്‍ അന്ന് നടത്തിയ ഇടപെടല്‍ മൂലമാണ് ആ ലക്ഷ്യം നടക്കാതെ പോയത്. സുപ്രീം കോടതിയിലെ മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ കോടതി നടപടികള്‍ നിരീക്ഷിക്കാനായി ഡല്‍ഹി പട്യാല കോടതിയിലേക്ക് അയക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അടക്കമുള്ളവരാണ് അന്ന് പട്യാല കോടതിയില്‍ എത്തിയത്. സംഘപരിവാര അനുകൂലികളായ അഭിഭാഷകര്‍ അവരെ കോടതിമുറിയില്‍ തടയാനും ഭേദ്യം ചെയ്യാനും നടത്തിയ ശ്രമങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ലോകം ദര്‍ശിക്കുകയും ചെയ്തു.

കേസ് വ്യാജവും തീര്‍ത്തും ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗവുമാണ് എന്ന് അന്നുതന്നെ വ്യക്തമായതാണ്. പിന്നീട് മൂന്ന് വര്‍ഷക്കാലം കുറ്റപത്രം പോലും നല്‍കാതെ നീട്ടിക്കൊണ്ടുപോയ കേസ് ഇപ്പോള്‍ വീണ്ടും പൊടിതട്ടി എടുത്തത് എന്തിനാണ്?
അവിടെയാണ് സംഘപരിവാരത്തിന്റെ കുടില തന്ത്രം മറനീക്കി പുറത്തുവരുന്നത്. കശ്മീര്‍ എന്ന ഉമ്മാക്കി കാട്ടിയാണ് അവര്‍ രാജ്യത്ത് മുസ്‌ലിംവിരുദ്ധ വികാരം ഉത്പാദിപ്പിക്കുന്നത്. കശ്മീരി ജനതയുടെ പ്രക്ഷോഭങ്ങളെയും വികാരങ്ങളെയും പ്രതിഷേധങ്ങളെയും അങ്ങേയറ്റം വക്രമായി അവതരിപ്പിക്കുന്നതില്‍ അതിവിദഗ്ധരാണ് സംഘപരിവാരം. ബി.ജെ.പിയുടെ മുന്‍ അവതാരമായ ജനസംഘത്തിന്റെ ഒരു കാലത്തെ മുഖ്യരാഷ്ട്രീയ അജണ്ട തന്നെ കശ്മീര്‍ ആയിരുന്നു. കശ്മീരിലെ ജനഹിതം സംബന്ധിച്ച നെഹ്‌റുവിന്റെ നടപടികളെ അട്ടിമറിക്കാനായി ശ്രീനഗറിലേക്കു പോയ സംഘത്തിന്റെ നേതവായിരുന്നു ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി. അദ്ദേഹം അവിടെ വെച്ച് അറസ്റ്റു വരിച്ചു. ആ സമയത്ത് ഹൃദയസ്തംഭനം മൂലമാണ് മുഖര്‍ജി മരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഒരു തവണ പോലും അറസ്റ്റു വരിക്കാന്‍ തയാറാകാതിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജി കശ്മീര്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകാനാണ് ആദ്യമായി അറസ്റ്റ് വരിച്ചത് എന്ന് ഇന്ത്യ; ആഫ്റ്റര്‍ ഗാന്ധി എന്ന പേരില്‍ ആധുനിക ഇന്ത്യയുടെ ചരിത്രം എഴുതിയ രാമചന്ദ്രഗുഹ കളിയാക്കുന്നുണ്ട്, അദ്ദേഹത്തിന്റെ പുസ്തകത്തില്‍.

കശ്മീരിനെയും പാക് വിരുദ്ധ പ്രചരണങ്ങളെയും വീണ്ടും ഇത്തവണ രാജ്യമെങ്ങും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തന്നെയാണ് സംഘപരിവാര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതായത് അങ്ങേയറ്റം വര്‍ഗീയവും വിഷമയവുമായ തിരഞ്ഞെടുപ്പ് പ്രചാര വേലയാണ് ഇനിയുള്ള നാളുകളില്‍ നടക്കാന്‍ പോകുന്നത്. അവരുടെ വര്‍ഗീയ വിഭജന അജണ്ടയുടെ ഏറ്റവും വലിയ ഇരകള്‍ ഇന്ത്യയിലെ സാധാരണ മുസ്‌ലിം ജനത ആയിരിക്കും എന്നും തീര്‍ച്ചയാണ്.

അതിനാല്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ ഇപ്പോള്‍ കുത്തിപ്പൊന്തിച്ചു കൊണ്ട് വരുന്ന രാജ്യദ്രോഹ കേസും അതിന്റെ ഭാവി പരിണതികളും രാജ്യത്തിന്റെ മതേതര ഭാവിയുടെ തന്നെ പ്രശ്‌നമാണ്. കേസ് കോടതിയില്‍ പരാജയപ്പെടും എന്ന കാര്യത്തില്‍ നിയമ സാക്ഷരതയുള്ള ഒരാള്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. പക്ഷേ, നിയമങ്ങളോ തെളിവുകളോ അല്ല ഇന്ന് കേസുകളുടെ ഗതി നിര്‍ണയിക്കുന്നത്. അത് രാഷ്ട്രീയ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാറുകയാണ് എന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ ഹിന്ദുരാജ്യമാവണം എന്ന് തന്റെ വിധിന്യായത്തില്‍ യാതൊരു മറയും കൂടാതെ എഴുതിവെയ്ക്കാന്‍ ഒരു സാധാരണ മജിസ്‌ട്രേറ്റ് പോലും ധൈര്യം കാണിക്കുന്ന കാലമാണിത്. രാജ്യത്തിന്റെ മതേതര ഘടന ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ് എന്നും അതിനെതിരെ വിധിന്യായത്തില്‍ എഴുതിവയ്ക്കുന്നത് ഭരണഘടനാ നിഷേധവും അതുകൊണ്ടു തന്നെ രാജ്യദ്രോഹവുമാണ് എന്നും മജിസ്‌ട്രേറ്റിന് അറിയാത്തതാവില്ല. പക്ഷേ അതൊന്നും പരിഗണിക്കേണ്ടതില്ല; നിയമവും ഭരണകൂടവും തങ്ങളുടെ വരുതിക്ക് വിധേയമാണ് എന്ന തോന്നല്‍ ഇന്ന് ഇത്തരക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്.

എന്തുകൊണ്ടാണ് ഇപ്പോഴും തിരഞ്ഞെടുപ്പിനെ നേരിടാന്‍ വര്‍ഗീയ അജണ്ട തന്നെ വേണ്ടി വരുന്നത്? കേസില്‍ പ്രതികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും തങ്ങളുടെ പ്രസ്താവനയില്‍ അത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം സംബന്ധിച്ച ജനങ്ങളോട് കാര്യമായ അവകാശവാദം ഉന്നയിക്കാന്‍ തങ്ങളുടെ കൈവശം ഒന്നുമില്ലെന്ന് നരേന്ദ്ര മോഡിയും സംഘവും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. സാംസ്‌കാരിക രംഗത്തും വികസന രംഗത്തും ക്ഷേമരംഗത്തും തികഞ്ഞ പരാജയമാണ് സര്‍ക്കാര്‍ എന്ന് ഇപ്പോള്‍ വളരെ വ്യക്തമാണ്. യുവാക്കളുടെ തൊഴിലില്ലായ്മ സമീപ കാലത്തെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ് ഇന്ന്. കാര്‍ഷിക രംഗത്തെ പ്രതിസന്ധി സംബന്ധിച്ച വര്‍ത്തകള്‍ നിരന്തരം പുറത്തു വരുന്നു. കര്‍ഷക പ്രക്ഷോഭം നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. ചെറുകിട, ഇടത്തരം തൊഴില്‍ മേഖലകളിലും കടുത്ത പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുകയാണ്. നോട്ടുനിരോധനവും ജി.എസ്.ടിയുടെ അശാസ്ത്രീയമായ നടപ്പാക്കലുമാണ് അവരുടെ നടുവൊടിച്ചത്. സാമ്പത്തിക വികസന മേഖലയില്‍ മുന്‍ യു.പി.എ സര്‍ക്കാറുകളുടെ മെച്ചപ്പെട്ട പ്രകടനം ആവര്‍ത്തിക്കാന്‍ പോലും ഈ സര്‍ക്കാറിനു സാധ്യമായിട്ടില്ല. അതിന്റെ ഗുരുതരമായ അനുഭവങ്ങള്‍ നേരിടുന്ന ജനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി അവര്‍ ഭയക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും ജനതയുടെ ദേശവ്യാപകമായ അതൃപ്തിയും പ്രതിഷേധവും വളരെ വ്യാപകമായിത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതിനാല്‍ വീണ്ടും അധികാരത്തില്‍ വരണമെങ്കില്‍ ജനങ്ങളെ വിഭജിക്കുന്ന വര്‍ഗീയതയുടെ രാഷ്ട്രീയം തന്നെയാണ് കരണീയം എന്ന് അവരുടെ ചാണക്യര്‍ ഇതിനകം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തില്‍ തന്നെ അത്തരമൊരു അജണ്ടയുടെ പ്രയോഗവത്കരണത്തിന്റെ ഉദ്ഘാടന മഹാമഹാമാണ് പട്യാല കോടതിയിലേക്ക് കുതിച്ച കൂറ്റന്‍ പെട്ടിയില്‍ നാം കാണുന്നത്. ആ പെട്ടിയില്‍ അടങ്ങിയിരിക്കുന്നത് 1200 ലേറെ പുറം വരുന്ന കേസ് കെട്ടുകളല്ല; ഒരു രാജ്യത്തെ വിഭജിക്കാനുള്ള സംഘപരിവാര അജണ്ടകളുടെ ബ്ലൂ പ്രിന്റാണ് അതിനകത്തുള്ളത്. രാജ്യം അതിനെതിരെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഈ മൂന്നു യുവാക്കള്‍ മാത്രമല്ല, നേരെ ചൊവ്വേ ചിന്തിക്കുന്ന എല്ലാ യുവാക്കളുടെയും ഭാവിയാണ് ഇരുട്ടിലാകുന്നത്.

എന്‍.പി ചെക്കുട്ടി

You must be logged in to post a comment Login