യു പി: മതേതര മഹാസഖ്യത്തിന്റെ അങ്കത്തട്ടില്‍നിന്നുള്ള

യു പി: മതേതര മഹാസഖ്യത്തിന്റെ അങ്കത്തട്ടില്‍നിന്നുള്ള

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയും ശിവസേനയും ഒഴിച്ചുള്ള പാര്‍ട്ടികളുടെയെല്ലാം അവകാശവാദം മതേതരവാദികളാണെന്നാണ്. ആവശ്യമുള്ളപ്പോള്‍ ബി.ജെ.പിയുമായി ചങ്ങാത്തം കൂടുകയും അധികാരരാഷ്ട്രീയത്തിന്റെ വിഷയം വരുമ്പോള്‍ സെക്കുലര്‍മുദ്ര വീണ്ടും നെറ്റിയില്‍ പതിച്ച് മതേതര ഉത്തരീയം എടുത്തണിയുകയും ചെയ്യുന്ന ശൈലി പല പാര്‍ട്ടികളും പലവട്ടം എടുത്തുപയറ്റിയത് നമ്മള്‍ കണ്ടിട്ടുണ്ട്. ദേശീയ, പ്രാദേശിക രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ മതേതരപാര്‍ട്ടികള്‍ ഏതെല്ലാം എന്ന ചോദ്യത്തിന് കൃത്യവും സത്യസന്ധവുമായ ഉത്തരം കണ്ടെത്തുക പ്രയാസമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പൂല്‍കാത്ത ദേശീയ,സംസ്ഥാന പാര്‍ട്ടികള്‍ നമുക്കിടയില്‍ ഇല്ല എന്നതാണ് പരമാര്‍ഥം. ഈ പരിമിതി തിരിച്ചറിഞ്ഞിട്ടും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബലവിഭാഗങ്ങളും സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ഭയന്ന്, തരവും സമയവും നോക്കി ഏത് പാര്‍ട്ടിക്കും മതനിരപേക്ഷ ചിഹ്നം പതിച്ചുനല്‍കാന്‍ മുന്നോട്ടുവരുന്നത് ഗതികേട് കൊണ്ടാണ്. പിത്തലാട്ടം പതിവാക്കിയ ഇമ്മട്ടിലുള്ള പാര്‍ട്ടികളുടെയൊക്കെ മതേതരപ്രതിബദ്ധത എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ രാഷ്ട്രീയ ആദര്‍ശമെന്താണ്? ബഹുജന്‍ അധഃസ്ഥിത ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന, സവര്‍ണവിരുദ്ധമായ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്മേലാണ് കാന്‍ഷിറാം നാല്പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബി.എസ്.പിയുടെ അടിത്തറ കെട്ടിപ്പൊക്കിയത്. പക്ഷേ, അധികാര രാഷ്ട്രീയത്തിന്റെ പോക്കുവരവുകളില്‍ ബി.ജെ.പിയുമായി ചങ്ങാത്തം കൂടാനും അവരുടെ തോളില്‍ കൈയിട്ട് മതേതരസഖ്യങ്ങളെ അട്ടിമറിക്കാനും മായാവതി ഒന്നിലേറെ തവണ മെയ്‌വഴക്കം കാട്ടിയത് ആരും മറന്നിട്ടില്ല. ഹിന്ദുത്വപാര്‍ട്ടിയെ പോലെ ശുദ്ധവര്‍ഗീയമല്ല അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടെന്ന ബോധ്യത്താല്‍, സന്ദിഗ്ധഘട്ടങ്ങളിലെല്ലാം സെക്കുലര്‍ചേരിയില്‍ അവരുണ്ടാവണമേ എന്ന് നിസ്സഹായരും നിഷ്‌കളങ്കരുമായ മുസ്‌ലിംകള്‍ സദാ പ്രാര്‍ഥിക്കാറുണ്ട്. ഉത്തര്‍പ്രദേശ് എന്ന ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ മായാവതിയുടെ റോള്‍ അതിപ്രധാനമാണ് എന്ന തിരിച്ചറിവാണ് അതിനു കാരണം. 2014ല്‍ 72സീറ്റ് നേടി ബി.ജെ.പി ഭരണത്തിലേക്കുള്ള ജൈത്രയാത്ര എളുപ്പമാക്കിയത് എസ്.പിയെയും സമാജ്‌വാദിപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചു. മോഡിതരംഗമാണ് അന്ന് ആഞ്ഞടിച്ചത്. 1998ല്‍ അവിഭക്ത യു.പിയിലെ 85 സീറ്റുകളില്‍ 57 എണ്ണത്തില്‍ മാത്രമേ താമരപ്പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് ആ തരംഗത്തിന്റെ കരുത്ത് അടയാളപ്പെടുത്താനാവുന്നത്.

പൊതുതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ‘പശുബെല്‍റ്റിന്റെ ‘ ഹൃദയഭൂവില്‍ ബി.ജെ.പിക്കെതിരെ സമാജ്‌വാദിപാര്‍ട്ടിയും ബി.എസ്.പിയും വാര്‍ത്തെടുത്ത ‘മഹാസഖ്യം’ ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയത് വീണ്ടും പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്ന നരേന്ദ്രമോഡിയുടെ സകല കണക്കുകൂട്ടലുകളും തെറ്റാന്‍ പോകുന്നുവെന്ന പ്രതീതി അതുയര്‍ത്തുന്നത് കൊണ്ടാണ്. ത്രികോണപോരാട്ടത്തിന്റെ പൊടിപാറിയ മല്‍സരങ്ങള്‍ക്ക് യു.പിയിലെ എണ്‍പത് സീറ്റും വേദിയാകാന്‍ പോകുന്നുവെന്ന വര്‍ത്തമാനം ദേശീയ രാഷ്ട്രീയത്തിലെ പുതിയ അടിയൊഴുക്കുകളിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നതാണ് വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്നത്.
മായാവതിയും അഖിലേഷും പൂര്‍വകാല വൈരം മറന്ന്, അതീവരഹസ്യമായി ചുട്ടെടുത്ത സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ പൂര്‍ണമായി മാറ്റിനിറുത്തി എന്നതാണ് ശ്രദ്ധേയമായ സംഭവവികാസം. ഈ മൂന്ന് സെക്കുലര്‍ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുന്നതും ഹിന്ദുത്വരാഷ്ട്രീയത്തിന് എതിരെ മുമ്പ് ബീഹാറില്‍ രൂപം കൊണ്ട മാതൃകയില്‍ ഒരു ‘മഹാഗഡ്ബന്ധന്‍’ രൂപപ്പെടുന്നതുമാണ് സുമനസ്സുകള്‍ ആഗ്രഹിക്കുന്നത്. രാമക്ഷേത്രത്തിന്റെ പേരില്‍ എണ്‍പതുകളില്‍ രാകിമിനുക്കിയ വര്‍ഗീയരാഷ്ട്രീയത്തെ പൂര്‍ണമായി തൂത്തെറിയാന്‍ സാധിച്ചേക്കാവുന്ന ഒരവസരം പാഴാക്കിക്കളയുന്നുവെന്ന ഖിന്നത മതേതരപക്ഷത്ത് നിലയുറപ്പിച്ചവരിലുണ്ട്. എന്നാല്‍, അഖിലേഷും മായാവതിയും വളരെ തന്ത്രപൂര്‍വമാണ് കാര്യങ്ങള്‍ മുന്നോട്ട് നയിക്കുന്നതെന്ന തോന്നല്‍ ആഹ്ലാദം പടര്‍ത്തുന്നുണ്ട്. 38സീറ്റ് വീതം പങ്കുവെച്ച ഈ നേതാക്കള്‍, സോണിയഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ അമേത്തിയിലും സ്ഥാനാര്‍ഥികളെ നിറുത്താതെ, കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച ഈ രണ്ടു സീറ്റുകളും മാത്രമേ അവര്‍ അര്‍ഹിക്കുന്നുള്ളു എന്ന പരോക്ഷസന്ദേശം കൈമാറുന്നതിനപ്പുറം ആ തീരുമാനത്തില്‍ മറ്റു പല മാനങ്ങള്‍ വായിച്ചെടുക്കുന്നവരുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ അമരക്കാര്‍ക്ക് വേണ്ടി സീറ്റ് നീക്കിവെക്കുന്നതിനു പിന്നിലെ യുക്തി, അവരുമായി പിണക്കത്തിലല്ല എന്ന സൂചന നല്‍കുന്നുവെന്ന് മാത്രമല്ല, വേണ്ടിവന്നാല്‍ ഇലക്ഷനു ശേഷം അവരെ നേതൃസ്ഥാനത്തേക്ക് അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കില്ല എന്ന് കൂടി പറയാതെ പറയുന്നു. നല്ലതു തന്നെ. പക്ഷേ, ഇവിടെ മതേതര ചേരിയെ വേദനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും ത്രികോണമല്‍സരമെന്ന തീക്കളിയില്‍ സെക്കുലര്‍ വോട്ടുകള്‍ ഛിന്നഭിന്നമാവുമോ എന്ന ഭയമാണ്. മതേതരത്വത്തെ തൊട്ട് ആണയിടുന്ന എല്ലാ പാര്‍ട്ടിക്കും അവരവരുടെ സീറ്റും സ്ഥാനമാനങ്ങളും തന്നെയാണ് വലുത്. രാജ്യത്തെ ഏതാണ്ട് തൊണ്ണൂറ് ശതമാനം ഹിന്ദുരാഷ്ട്രമാക്കിക്കഴിഞ്ഞ ആര്‍.എസ്.എസിന്റെ പിടിയില്‍നിന്ന് നമ്മുടെ നാടിനെ എന്നെന്നേക്കുമായി മുക്തമാക്കാനുള്ള യജ്ഞത്തില്‍ തുറസ്സായ ഒരു നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ദുര്യോഗവും..

എസ്.പി-ബി.എസ്.പി സൂത്രവാക്യങ്ങള്‍
38സീറ്റുകള്‍ വീതം പങ്കുവെച്ച് രണ്ട് സീറ്റ് കോണ്‍ഗ്രസിനും രണ്ടെണ്ണം ആര്‍.എല്‍.ഡിക്കും നീക്കിവെച്ച തീരുമാനം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇ സന്ദര്‍ശനത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ അബൂദബി ശൈഖ് സായിദ് പള്ളി സന്ദര്‍ശിക്കുന്ന തിരക്കിലാണ്. കോണ്‍ഗ്രസിനെ മാറ്റിനിറുത്തി എന്ന വാര്‍ത്ത മതേതരചേരിയെ നിരാശപ്പെടുത്തിയെങ്കിലും സംഘ്പരിവാര്‍ പക്ഷത്തിന് വലിയ ആശ്വാസമൊന്നും അത് പ്രദാനം ചെയ്തില്ല. എന്തുകൊണ്ട് കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തമായ ബി.ജെ.പി വിരുദ്ധ മുന്നണി ഉണ്ടാക്കാന്‍ മായാവതിയും അഖിലേഷും ശ്രമിച്ചില്ല എന്ന ചോദ്യത്തിന് ജാതിരാഷ്ട്രീയത്തിന്റെ ജൈവസിദ്ധാന്തങ്ങളെ അപഗ്രഥിക്കേണ്ടിവരും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സാന്നിധ്യം അറിയിച്ച 22സീറ്റുകള്‍ വകവെച്ചുതരണമെന്നാണെത്ര രാഹുലിന്റെ അനുയായികള്‍ സഖ്യശ്രമം തുടങ്ങിയപ്പോള്‍ തന്നെ മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍, ഇതില്‍ ആറിടത്ത് മാത്രമാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് വന്നത്. മറ്റിടങ്ങളില്‍ മൂന്നോ നാലോ ആറോ സ്ഥാനങ്ങളിലാണ്. ഭൂരിഭാഗം സീറ്റുകളിലും ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്നാല്‍, കോണ്‍ഗ്രസിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ വിഹിതം വോട്ട് ഉണ്ട് എന്ന് കണക്കുകള്‍ നിരത്തി ഇവര്‍ വാദിക്കുന്നു. ഉദാഹരണത്തിന് ധൗഹര മണ്ഡലം എടുക്കാം. ബി.ജെ.പി 3,60,357 കോണ്‍ഗ്രസ്: 1, 70,994. ബി.എസ്.പി: 2,34,682 എസ്.പി: 2,34,032. എസ്.പിയും ബി.എസ്.പിയും ചേര്‍ന്നാല്‍: 4,68,714. മുറാദാബാദ്: ബി.ജെ.പി: 4,85, 224. എസ്.പി: 3,97,720. ബി.എസ്.പി: 1,60,945. കോണ്‍ഗ്രസ്: 19,732. എസ്.പിയും ബി.എസ്.പിയും ചേര്‍ന്നാല്‍: 5,58,665. ശ്രദ്ധിക്കുക. മുറാദാബാദ് പോലൊരു മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ജയിച്ചുകയറിയത് മോഡിയുടെ പാര്‍ട്ടിയാണ്. സെക്കുലര്‍ വോട്ടുകള്‍ മൂന്ന് പാര്‍ട്ടികള്‍ ഓഹരിവെച്ചെടുത്തു. ആ ഓഹരി വെപ്പില്‍ കോണ്‍ഗ്രസിനെ ആരും ഗൗരവത്തിലെടുത്തില്ല എന്ന് കൈപത്തിയില്‍ പതിഞ്ഞ വോട്ടുകള്‍ വിളിച്ചുപറയുന്നു. എസ്.പിയും ബി.എസ്.പിയും സഖ്യകക്ഷിയായി മല്‍സരിക്കുമ്പോള്‍ കിട്ടാവുന്ന പ്ലസ് വോട്ടുകള്‍ പ്രതീക്ഷക്കപ്പുറത്തായിരിക്കും. സെക്കുലര്‍ വോട്ടുകള്‍ ശിഥിലമാക്കുന്നത് വന്‍ അപരാധമായി കാണുന്ന മുസ്‌ലിംകള്‍ ഏകോപിതമായി പുതിയ സഖ്യത്തിന് വോട്ട് ചെയ്യുമ്പോള്‍, കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് മാത്രമല്ല, മല്‍സരചിത്രത്തില്‍നിന്നുതന്നെ ഒഴിവാക്കപ്പെടുന്ന ദയാര്‍ഹമായ ചിത്രമായിരിക്കും രാജ്യത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടുക. എണ്‍പത് സീറ്റുകളിലും പാര്‍ട്ടി മല്‍സരിക്കുമെന്ന ഭീഷണിക്കു മുന്നില്‍ ആരും കുലുങ്ങാന്‍ സാധ്യതയില്ല. അത്തരമൊരു തീരുമാനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെങ്കില്‍ ‘രാഷ്ട്രീയ ഹരാകിരി'(ആത്മഹുതി)യില്‍ കുറഞ്ഞ ഒന്നുമായിരിക്കില്ല അത്.

എത്ര സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്ന് അഖിലേഷോ മാതാവതിയോ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സോണിയയുടെ പാര്‍ട്ടിയുമായി ചങ്ങാത്തം കൂടുന്നതില്‍ ഇരുനേതാക്കളും വലിയ താല്‍പര്യമൊന്നും കാണിച്ചിട്ടില്ല എന്നതാണ് പരമാര്‍ഥം. മുസ്‌ലിംകള്‍, ദളിതുകള്‍, മറ്റു പിന്നാക്ക ജാതികള്‍ ഇവരുടെയെല്ലാം വോട്ട് ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ദ്രജാലം കാണിക്കാം എന്ന് കാന്‍ഷിറാമിന്റെ പ്രിയങ്കരിയും ‘മൗലാന’ മുലായംസിങിന്റെ പ്രിയപുത്രനും മനസില്‍ കണക്കുകൂട്ടുന്നു. പകല്‍കിനാവായിരിക്കില്ല അതെന്ന് യോഗിആദിത്യനാഥ് എന്ന ഹിന്ദുത്വപൂജാരി ഭരണം കൈയാളുന്ന യു.പിയിലെ പ്രക്ഷുബ്ധ രാഷ്ട്രീയ കാലാവസ്ഥ പറഞ്ഞുതരുന്നുണ്ട്. 15-16സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധമായിരുന്നുവെങ്കില്‍ മുന്നണിയുടെ ഭാഗമായേനെ എന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 133വയസ്സ് തികഞ്ഞ കോണ്‍ഗ്രസിന്റെ പ്രകടമായ ദൗര്‍ബല്യം കാലിനടിയിലെ മണ്ണ് ഇക്കാലത്തിനിടയില്‍ ഒലിച്ചൊലിച്ചുപോയത് സമ്മതിക്കാന്‍ അവര്‍ തയാറല്ല എന്നതാണ്. വര്‍ത്തമാനകാല യു.പിയില്‍ പാര്‍ട്ടിയുടെ അടിത്തറ എത്രമാത്രം ദുര്‍ബലമാണെന്ന് സോണിയഗാന്ധിക്കും രാഹുലിനും അറിയാഞ്ഞിട്ടല്ല. നഷ്ടപ്രതാപത്തിന്റെ ചിതലരിച്ച ഓര്‍മകള്‍, യാഥാര്‍ത്ഥ്യബോധം വീണ്ടെടുക്കുന്നതില്‍ അവരെ തടഞ്ഞുനിറുത്തുന്നത് പോലെ. നെഹ്‌റുവും ഇന്ദിരയും രാജീവും അധികാരത്തിലേക്ക് ആനയിക്കപ്പെട്ടത് ഹിന്ദിബെല്‍റ്റിന്റെ ഈ നെഞ്ചകത്ത്‌നിന്നാണെന്ന് എല്ലാരും സമ്മതിക്കുന്നു. എണ്‍പതുകളുടെ രണ്ടാം പകുതി തൊട്ട് കോണ്‍ഗ്രസിന് കൈമോശം വന്ന മതേതരപ്രതിബദ്ധതയും വിശ്വാസ്യതയും അതുവരെ ആ പാര്‍ട്ടിയില്‍ പ്രതീക്ഷകളര്‍പ്പിച്ച അടിസ്ഥാന വിഭാഗങ്ങളെ, ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, കര്‍ഷകര്‍, മറ്റുപിന്നോക്ക ദുര്‍ബലവര്‍ഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ ആ പാര്‍ട്ടിയില്‍നിന്ന് പൂര്‍ണമായി അകറ്റി. അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ട ആനയെ പോലെ എന്നോ അതിന്റെ ചലനാത്മകത നഷ്‌പ്പെട്ടിരുന്നു. അത് ആരും വിളിച്ചുകൂവാത്തത് ഹിന്ദുത്വശക്തികളുടെ മനോവീര്യം വര്‍ധിക്കുമെന്ന ആശങ്ക കൊണ്ടാണ്. പാര്‍ട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം തെളിഞ്ഞുകാണാം. ഡോ. മന്‍മോഹന്‍ സിങ്ങിന് അധികാരത്തുടര്‍ച്ച സമ്മാനിച്ച 2019ല്‍ യു.പിയില്‍ കോണ്‍ഗ്രസിന് 22സീറ്റ് കിട്ടിയിരുന്നു. ആ സ്ഥാനത്താണ് 2014ല്‍ അമേത്തിയും റായ്ബറേലിയും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. 2012ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28സീറ്റ് നേടിയ സ്ഥാനത്ത് 2017ല്‍ ലഭിച്ചതോ കേവലം ഏഴ് സീറ്റ്! കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട മായാവതിക്കോ അഖിലേഷിനോ കാര്യമായ ഒരുനേട്ടവും 2017ലെ തിരഞ്ഞെടുപ്പില്‍ നേടിയെടുക്കാനായില്ല. ആ അസംബ്ലി തിരഞ്ഞെടുപ്പില്‍ എസ്.പിക്കുണ്ടായ പരുക്ക് നിസ്സാരമാണോ? 2012ല്‍ 221 സീറ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് 47സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1996ല്‍ ബി.എസ്.പിക്ക് കോണ്‍ഗ്രസുമായി ചേര്‍ന്നപ്പോള്‍ ഇതേ ദുര്‍ഗതിയായിരുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന ചോദ്യത്തിന് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്ന ഉത്തരം അതിലളിതം. കോണ്‍ഗ്രസിനെ വിശ്വസിച്ച് സഖ്യമുണ്ടാക്കിക്കൂടാ. പാര്‍ട്ടിയുടെ സവര്‍ണ വോട്ട് അവര്‍ണരുടെ പാര്‍ട്ടിക്ക് വീഴില്ല; മറിച്ച് ബി.ജെ.പിയിലേക്ക് മാറിക്കുത്തുകയാണ് ചെയ്യുക. ഇത്തവണ ത്രികോണമല്‍സരം നടക്കുകയാണെങ്കില്‍ സവര്‍ണവോട്ടിനു വേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന മല്‍സരത്തില്‍ എസ്.പി- ബി.എസ്.കൂട്ടുകെട്ടിന് ഒന്നും ഉത്കണ്ഠപ്പെടാനില്ല. കോണ്‍ഗ്രസുമായി സഖ്യത്തിലായാല്‍ മുസ്‌ലിം, ദളിത്, പിന്നോക്ക മനസുകളില്‍ സന്ദേഹങ്ങള്‍ നിറയില്ലേ എന്ന് പോലും ഇവര്‍ ആശങ്കപ്പെടുന്നുണ്ട്.

വിറയലോടെ ബി.ജെ.പി
ജനുവരി 12ന്റെ സഖ്യതീരുമാനം സമീപകാല ദേശീയ രാഷ്ട്രീയത്തിലെ വലിയൊരു സംഭവം തന്നെയാണ്. അത് ഭരണസിരാകേന്ദ്രങ്ങളിലും നാഗ്പൂരിലെ ഹെഡ്‌ഗേ ഭവനിലും ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണനിയമം ചുട്ടെടുത്ത് പുതിയൊരു ‘മണ്ഡല്‍ യുഗ’ത്തിന് വാതില്‍തുറന്നിട്ട്, കമണ്ഡല്‍ രാഷ്ട്രീയത്തെ പുഷ്ടിപ്പെടുത്തിക്കളയാം എന്ന അമിത്ഷാ- മോഡി- യോഗി പ്രഭൃതികളുടെ കണക്കുകൂട്ടലുകളാണ് ഒറ്റയടിക്ക് അട്ടിമറിക്കപ്പെട്ടത്. അഖിലേഷും മായാവതിയും ലഖ്‌നോവില്‍ പുതിയ ചങ്ങാത്തത്തെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ 12000ത്തോളം അനുയായികളെ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക ങ്ങള്‍ക്കായി മനോവീര്യം ഉയര്‍ത്തുന്ന തിരക്കിലായിരുന്നു സംഘ്പരിവാര്‍ നേതാക്കള്‍. വേദിയില്‍നിന്ന് ഉച്ചത്തില്‍ കേട്ടത് ‘അവിശുദ്ധ കൂട്ടുകെട്ടി’നെ കുറിച്ചാണ്. മോഡിയും അമിത്ഷായും അരുണ്‍ജെയ്റ്റിലിയുമൊക്കെ വാചാടോപങ്ങള്‍ അഴിച്ചുവിട്ടത് പുതിയ സഖ്യത്തെ കുറിച്ചുതന്നെ.. ” അവര്‍ എന്തിന് ഇപ്പോള്‍ ഒന്നിക്കുന്നു? ‘മജ്ബൂര്‍ സര്‍ക്കാര്‍’ (നിസ്സഹായ ഭരണം) ഉണ്ടാക്കാന്‍ വേണ്ടിയല്ലേ? ‘മസ്ബൂത്ത് സര്‍ക്കാര്‍ (കരുത്തുറ്റ ഭരണം ) ഉണ്ടാക്കാനല്ല.” പരിഭ്രാന്തി പ്രകടം!. രാഷ്ട്രീയമായി ഒന്നുമല്ലാതിരുന്ന ജനസംഘം ദേശീയ രാഷ്ട്രീയത്തിലെ എണ്ണപ്പെടുന്ന ഒരു കക്ഷിയായി മാറിയത് ആരുമായിട്ടെല്ലാം സഖ്യമുണ്ടാക്കിയാണെന്ന ചരിത്രം മറന്നു എന്നല്ല, മോഡി ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയത് നാലാള് പോലും കേള്‍ക്കാത്ത 35ഓളം പാര്‍ട്ടികളുടെ ചുമലില്‍ കൈതാങ്ങിയാണെന്ന യാഥാര്‍ത്ഥ്യം പെട്ടെന്ന് വിസ്മരിച്ചുകളഞ്ഞു. വാജ്‌പേയി സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചത് 24പാര്‍ട്ടികളുടെ പിന്തുണയോടുകൂടിയാണ്. മെയ്‌വഴക്കം സിദ്ധിച്ച ഒരു അഭ്യാസിയുടെ സൂക്ഷ്മനീക്കങ്ങളിലൂടെ ദേശീയ ജനാധിപത്യസഖ്യമെന്ന പായക്കപ്പല്‍ അദ്ദേഹത്തിന് മറുകരയിലെത്തിക്കാന്‍ സാധിച്ചു. നാല് വര്‍ഷവും എട്ട് മാസവും കൊണ്ട് മോഡിക്ക് 16സഖ്യകക്ഷികളെയാണ് നഷ്ടപ്പെട്ടത്. സി.കെ ജാനുവിനെ പോലെ ജനകീയ പിന്തുണയൊന്നും ഇല്ലാത്തവരായിരിക്കാം വഴി പിരിഞ്ഞതെങ്കിലും അതുള്‍വഹിക്കുന്ന പ്രതീകാത്മക പ്രാധാന്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. മോഡിയെ പേടിച്ചാണ് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നാണ് യോഗിആദിത്യനാഥിന് പറയാനുണ്ടായിരുന്നത്. ശരിയാണ് മോഡിയെ തന്നെയാണ് പേടി. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ അഹോരാത്രം തന്ത്രങ്ങള്‍ മെനയുകയും നടപ്പാക്കുകയും ചെയ്യുന്ന, നരേന്ദ്രമോഡി എന്ന ഏകാധിപതിയെ അധികാരക്കസേരയില്‍നിന്ന് പിടിച്ചുതാഴെയിറക്കുക ക്ഷിപ്രസാധ്യമല്ല എന്ന് വര്‍ത്തമാനകാല ദേശീയരാഷ്ട്രീയം ഓരോ പൗരനെയും ഉണര്‍ത്തുന്നുണ്ട്. മതേതരജനാധിപത്യ മൂല്യങ്ങളോട് അണുമണിത്തൂക്കം കൂറുള്ള ഒരാളും മോഡിയുടെ ഭരണം തുടരാന്‍ ആഗ്രഹിക്കുന്നില്ല.

യു.പിയിലെന്ന പോലെ ബീഹാറിലും പശ്ചിമബംഗാളിലും കര്‍ണാടകയിലുമെല്ലാം ഹിന്ദുത്വവിരുദ്ധ സഖ്യം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍, തിരഞ്ഞെടുപ്പ് ചിത്രം ആകെ മാറുമെന്ന് തീര്‍ച്ച. കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മോഡിയുടെ പാര്‍ട്ടിക്ക് 50സീറ്റ് നഷ്ടപ്പെട്ടാല്‍ മതി, ഭരണത്തുടര്‍ച്ച എന്ന മോഹം വൃഥാവിലാവും. അതോടെ, ദേശീയരാഷ്ട്രീയം പുതിയ സരണിയിലേക്ക് വഴിമാറി സഞ്ചരിക്കുമെന്നുറപ്പാണ്. ഇവിടെ ഊന്നിപ്പറയേണ്ട ഒരു കാര്യം സെക്കുലര്‍ വോട്ടുകളുടെ ഏകോപനം തന്നെ. കഴിഞ്ഞാഴ്ച ബങ്കളൂരുവില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ അഖിലേന്ത്യാ നേതൃയോഗം കൂടിയപ്പോള്‍, ഉത്തരേന്ത്യയില്‍നിന്നുള്ള പ്രതിനിധികളുടെ കാല് പിടിച്ച് കേണപേക്ഷിച്ചത്, ഒരു സെക്കുലര്‍വോട്ട് പോലും പാഴാക്കുന്ന കാല്‍വെപ്പ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതേ എന്നാണ്.സെക്കുലര്‍ പാര്‍ട്ടികള്‍ തമ്മിലടിച്ച് ചോര വീഴ്ത്തുന്നതിനിടയിലൂടെ ഹിന്ദുത്വവാദികള്‍ ജയിച്ചുകയറുന്ന അവസ്ഥ ദൈവം പൊറുക്കാത്തതാണ്. സെക്കുലറിസം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ‘ഫിഖ്ഹുല്‍ വാഖിഅ’യുമായും ‘ഫിഖ്ഹുല്‍ മുആമലാത്തു’ മായും ചേര്‍ത്തുപിടിച്ച് ആഴത്തില്‍ പഠിക്കേണ്ട ഒരു രാഷ്ട്രീയ വ്യവഹാരമാണ്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ പണിഗണിക്കാനും ഒരു സംഗതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കാനും വിശ്വാസികള്‍ ബാധ്യസ്ഥരാണെന്നാണ് ഈ ഫിഖ്ഹ് സരണി വിശ്വാസികളെ ഓര്‍മിപ്പിക്കുന്നത്. അസ്തിത്വവും വിശ്വാസസ്വാതന്ത്ര്യവും വെല്ലുവിളി നേരിടുന്ന ഒരു ഘട്ടത്തില്‍ സ്വന്തം നഫ്‌സിനോട്, മനഃസാക്ഷിയോട് ചില ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ നമുക്ക് കടമയുണ്ട്. രണ്ടുമാസം മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബുന്‍സി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചത് 713വോട്ടിനാണ്. അവിടെ ‘കരുത്ത്’ തെളിയിക്കാന്‍ മല്‍സരിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് കിട്ടിയാതവട്ടെ 3456 വോട്ടും. സമുദായം ശാക്തീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ഒരു ദൃഷ്ടാന്തം എടുത്തുകാട്ടിയെന്ന് മാത്രം. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാലേ രാഷ്ട്രീയപാര്‍ട്ടി ആവുകയുള്ളൂ എന്ന മിഥ്യാധാരണ തിരുത്താനുള്ള സന്ദര്‍ഭം കൂടിയാണിത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login