ജനാധിപത്യത്തിന്റെ അവസാന സ്‌റ്റോപ്പാണ് അസം

ജനാധിപത്യത്തിന്റെ അവസാന സ്‌റ്റോപ്പാണ് അസം

ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒളിയിടങ്ങളുണ്ട്. ജനാധിപത്യത്തില്‍ അധികാരമുറപ്പിക്കാനായി നടത്തുന്ന ഏതൊരു സമഗ്രാധിപത്യ നടപടികളും ഫാഷിസത്തിന്റെ ഈറ്റുപുരയാണ്. അതിനാല്‍ ഫാഷിസം ഒറ്റയ്ക്ക് പൊടുന്നനെ സംഭവിക്കുന്ന പ്രതിഭാസമോ ഭരണരൂപമോ അല്ല. ജനാധിപത്യത്തിന്റെ പതനങ്ങളില്‍ നിന്ന് പിറവിയെടുക്കുന്ന ഹിംസാധികാരമാണ്. ബാബരി മസ്ജിദ് ഇന്ത്യന്‍ ജനാധപത്യത്തിന്റെ ഒരു പതനമായിരുന്നു എന്നത് ഓര്‍മിക്കാം. സംഘപരിവാര്‍ ഇന്ത്യയില്‍ വേരുറപ്പിച്ച ഒരു വഴി; ഏറ്റവും ശക്തമായ വഴി ബാബരി ആയിരുന്നല്ലോ? ചരിത്രാബദ്ധമായല്ലാതെ ഒരു സാമൂഹികക്രമത്തില്‍ ഒരാശയത്തിനും; അത് ഫാഷിസമാകട്ടെ, തീവ്രവലതുപക്ഷമാവട്ടെ, ഭീകരവാദമാകട്ടെ പിറവിയോ വളര്‍ച്ചയോ ഇല്ല. ഒന്നും പൊട്ടിമുളക്കുന്നതല്ല. ഒരു ആശയവും സ്വയംഭൂ അല്ല. സ്വയം ഭൂ ആയ ഒന്നിനും സമൂഹത്തില്‍ വളര്‍ച്ച ഉണ്ടാവില്ല. ജനാധിപത്യം എപ്പോഴൊക്കെ അമിതാധികാരവും അലംഭാവവും പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഫാഷിസം ജനാധിപത്യത്തിനുള്ളില്‍ വിത്തുകള്‍ വിതറിയിട്ടുണ്ട്. അതെല്ലാം വളര്‍ന്നിട്ടുമുണ്ട്. ‘What difference does it make to the dead, the orphans and the homeless, whether the mad destruction is wrought under the name of totalitarianism or in the holy name of liberty or democracy?’എന്ന് മഹാത്മാ ഗാന്ധി. മരിച്ചവരെ, അനാഥരെ, ഭവനരഹിതരെ സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥയെ എന്തുപേരിട്ട് വിളിച്ചാല്‍ എന്ത് എന്ന്.

ജനാധിപത്യവും ഫാഷിസവും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍ സംബന്ധിച്ച പഠനങ്ങളെല്ലാം ജനാധിപത്യത്തില്‍ നിന്ന് ഫാഷിസത്തിലേക്കുള്ള എളുപ്പവഴികളെ എണ്ണുന്നുണ്ട്. അതീവജാഗ്രത്തായ ഒരു ജനാധിപത്യത്തിന്, അതീവ ചടുലമായ ഒരു പ്രതിപക്ഷത്താല്‍ തിരുത്തപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യുന്ന ഒരു ജനാധിപത്യത്തിന് മാത്രമേ ഈ വഴി അടക്കാന്‍ അഴിയൂ. അത്തരം പ്രതിരോധങ്ങള്‍ ഇല്ലാതാവുന്ന ഘട്ടത്തില്‍ ജനാധിപത്യ ഭരണകൂടം ഫാഷിസത്തിന്റെ ഭാവങ്ങള്‍ ഒന്നൊഴിയാതെ പുറത്തുവിടും. ആ ഭാവങ്ങള്‍ ഭൂരിപക്ഷ മതാധികാരമായി മാറുമ്പോള്‍, കോര്‍പറേറ്റുകള്‍ അതിനെ പിന്തുണക്കുമ്പോള്‍, മാധ്യമങ്ങള്‍ അത്തരം കോര്‍പറേറ്റുകളാല്‍ വിഴുങ്ങപ്പെടുമ്പോള്‍ ഫാഷിസം സമ്പൂര്‍ണ വളര്‍ച്ചയെത്തും. അങ്ങനെ സമ്പൂര്‍ണ വളര്‍ച്ചയെത്തിയ ഫാഷിസത്തെ നാം ജനാധിപത്യമായി തെറ്റിദ്ധരിക്കാന്‍ നിര്‍ബന്ധിതമാവും. ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു തെറ്റിദ്ധാരണയാണത്. മുസോളിനി, ഹിറ്റ്‌ലര്‍, കൂട്ടക്കൊല എന്നീ ലളിത പര്യായങ്ങളായി ഫാഷിസത്തെ മനസിലാക്കുന്നവര്‍ക്ക് ഇത് തിരിയണമെന്നില്ല. സമഗ്രമെന്ന് വിളിക്കാവുന്ന ഒരു വ്യവസ്ഥയാണ് ഫാഷിസം. ഹിംസാത്മകമായ വിഭജന യുക്തിയാണ് അതിന്റെ കേന്ദ്രബലം. അത് പലരൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ജനാധിപത്യത്തിന്റെ രൂപത്തിലും പ്രവര്‍ത്തിക്കും. സമകാലീന ഇന്ത്യയിലെ മോഡി സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ ഫാഷിസ്റ്റ് സര്‍ക്കാറല്ല എന്ന് വാദിക്കുന്നവരോട് ചരിത്രത്തെ മുന്‍നിര്‍ത്തി; വസ്തുതകളെ മുന്‍നിര്‍ത്തി നമ്മളിക്കാര്യം പറയുകതന്നെ വേണം. ഹിംസാത്മക വിഭജന യുക്തിയോ, എവിടെ? എന്ന് ചോദിക്കുന്നവര്‍ക്ക് ഈ സംഭാഷണത്തിനൊപ്പം അസമിലേക്ക് വരാം.

അസം വീണ്ടും കലുഷിതമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഭജനത്തിന് ബ്രഹ്മപുത്രയുടെ മഹാതീരം ഇരയായിരിക്കുന്നു. അവിടെ പലരീതിയില്‍ പാര്‍പ്പുറപ്പിച്ച നാല്‍പത് ലക്ഷത്തോളം മനുഷ്യരുടെ വേരറുത്തിരിക്കുന്നു. അവര്‍ പൗരന്‍മാരല്ലാതായിരിക്കുന്നു. ഇപ്പോഴല്ല. നാമെല്ലാം ഭരണകൂടവും അവരുടെ നടത്തിപ്പുകാരായ സംഘപരിവാരവും എറിഞ്ഞുതന്ന ഉപരിപ്ലവവും അല്‍പായുസുമായ വിവാദങ്ങള്‍ക്ക് പിന്നാലെ, ബോധപൂര്‍വം ശ്രദ്ധതിരിക്കാന്‍ ഭരണക്കാരും അവരുടെ പാര്‍ട്ടിക്കാരും പറഞ്ഞ യമണ്ടന്‍ വിഡ്ഢിത്തങ്ങള്‍ക്കുപിന്നാലെ തലപുകച്ചിരുന്ന പോയ വര്‍ഷങ്ങളില്‍ സംഭവിച്ചതാണ്. കുടിയേറുന്നവര്‍ക്ക് പ്രവേശനമില്ല എന്ന പ്രചാരണത്തിന്റെ ഇരകളാണ് അസമിലെ ലക്ഷക്കണക്കിന് മനുഷ്യര്‍. ഒടുവിലിതാ കേന്ദ്രസര്‍ക്കാര്‍ ഫാഷിസത്തിന് മാത്രം കൈമുതലായ ആ ഹിംസാത്മക വിഭജനത്തിന്റെ തേറ്റ പുറത്തുകാട്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ വാരം ലോക്‌സഭയില്‍ പ്രതിപക്ഷത്തെ മൂലക്കിരുത്തി പാസാക്കിയ പൗരത്വ ഭേദഗതി ബില്ലാണ് ആ തേറ്റയുടെ മൂര്‍ച്ച. വേരറ്റലയുന്ന ആ നാല്‍പതുലക്ഷത്തെ മുസ്‌ലിമെന്നും അമുസ്‌ലിമെന്നും പിളര്‍ത്തിക്കളഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ സത്തയെ ചോര്‍ത്തുമെന്ന് കാട്ടി സുപ്രീം കോടതി രണ്ട് വട്ടം തള്ളിക്കളഞ്ഞ അതേ നിയമം; പൗരത്വ ഭേദഗതി ബില്‍ പാസാക്കിയിരിക്കുന്നു. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി, പൗരത്വത്തില്‍ നിന്ന് പുറത്താക്കി ലക്ഷങ്ങളില്‍ നിന്ന് മുസ്‌ലിം ഒഴികെയുള്ള മുഴുവന്‍ പേര്‍ക്കും പൗരത്വം നല്‍കാമെന്ന് തീര്‍പ്പാക്കിയിരിക്കുന്നു. നോക്കൂ, ഇന്ത്യയാണ്. ആര്യരെന്നും ജൂതരെന്നും ജനതയെ പിളര്‍ത്തിയ ഒരു കാലം അതിവിദൂരമല്ലാത്ത ചരിത്രത്തില്‍; ജര്‍മനിയില്‍ നാം കണ്ടതാണ്. എവിടെയാണ് ഈ പിളര്‍പ്പ് സൃഷ്ടിച്ചതെന്ന് മറന്നുകൂടാ. അസമിലാണ്. ചോരയും കണ്ണീരും നിലക്കാത്ത അസമിലാണ്. മറക്കരുത് അസമിന്റെ എണ്‍പതുകളെ. മറക്കരുത് നെല്ലിയിലെ വംശഹത്യയെ.
ഈ സംഭാഷണത്തിന്റെ തുടക്കത്തില്‍ നാം ജനാധിപത്യത്തെയും ഫാഷിസത്തെയും തമ്മില്‍ വേര്‍പിരിക്കുന്ന നന്നേ നേര്‍ത്ത ഒരു മറയെക്കുറിച്ചാണ് പറഞ്ഞത്. ആ മറ പൊളിഞ്ഞുപോയ ചരിത്രസന്ദര്‍ഭമായിരുന്നു നെല്ലി കൂട്ടക്കൊല. 1983 ഫെബ്രുവരി പതിനെട്ടിനായിരുന്നു അത്. ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. ഇപ്പോള്‍ നമുക്ക് കൂടുതല്‍ പരിചിതനായ അരുണ്‍ ഷൂരിയാണ് ആ കൊടുംഹത്യയുടെ വാസ്തവാന്വേഷണം നടത്തിയത്. ദ അവോയ്ഡബ്ള്‍ ട്രാജഡി എന്ന തലക്കെട്ടില്‍ ഷൂരിയുടെ കണ്ടെത്തലുകള്‍ അന്ന് ഇന്ത്യാടുഡേ കവര്‍സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചു. അസമില്‍ നടന്ന, വിഭജനാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊല ലോകമറിഞ്ഞത് ഷൂരിയുടെ റിപ്പോര്‍ട്ടിലൂടെയാണ്. അസ്ഥിരമായിരുന്ന അസമിലെ കോണ്‍ഗ്രസ് ഭരണത്തെ നിലനിര്‍ത്താന്‍ അന്ന് സമഗ്രാധിപതിയായിരുന്ന ഇന്ദിരാഗാന്ധി നടത്തിയ കഠിനശ്രമങ്ങളുടെ പരിണതിയായിരുന്നു ആയിരങ്ങളെ (രേഖയില്‍ മൂവായിരം, വസ്തുതയില്‍ അതിലേറെ) കൊന്നുതള്ളിയ നെല്ലി വംശഹത്യ. കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമാണ് ഏറിയപേരും. കുടിയേറ്റക്കാരോടുള്ള ശത്രുത പ്രാദേശികമായി കലുഷിതമായിരുന്ന കാലമാണത്. പില്‍ക്കാലത്ത് അസം മുഖ്യമന്ത്രിയായ പ്രഫുല്ല കുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ കുടിയേറ്റ വിദ്വേഷം കനപ്പിച്ച് നിര്‍ത്തിയ കാലം. അസമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആടിയുലയുന്നു. അസമില്‍ കോണ്‍ഗ്രസ്ഭരണമുറപ്പിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമങ്ങള്‍ പലതവണ പാളുന്നു. 1980-ല്‍ അന്‍വാര തൈമൂറിനെ അവരോധിച്ചെങ്കിലും ആറ് മാസം കൊണ്ട് അവര്‍ വീണു. ഇന്ത്യാ ചരിത്രത്തിലെ ആദ്യ വനിതാ മുസ്‌ലിം മുഖ്യമന്ത്രിയാണ് തൈമൂര്‍. 1982-ല്‍ കേശബ് ചന്ദ്ര ഗൊഗോയിയെ കൊണ്ടുവന്നു. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പിതാവ്. ഗൊഗോയിയും വീണു. അത്രമേല്‍ പ്രശ്‌നഭരിതമാണ് അന്നത്തെ അസം. നിയമസഭയില്‍ ശക്തമായ ഭൂരിപക്ഷമില്ലാതെ അസം ഭരിക്കല്‍ അസാധ്യമാണെന്ന് കോണ്‍ഗ്രസ് മനസിലാക്കി. ൈഹക്കമാന്‍ഡ് തന്ത്രങ്ങള്‍ മെനഞ്ഞു. എന്തായിരുന്നെന്നോ ആ തന്ത്രം? ജനതയെ പിളര്‍ത്തുക. പിളര്‍പ്പില്‍ നിന്ന് നേട്ടം കൊയ്യുക. അതേ. നിങ്ങളിപ്പോള്‍ മൂന്ന് പതിറ്റാണ്ട് ഇപ്പുറത്തേക്ക് വന്നുവെന്നും സംവരണ ബില്ലും പൗരത്വ ഭേദഗതി ബില്ലും ഓര്‍മിച്ചു എന്നും മനസിലായി. തിരിച്ചു പോകാം അസമിലേക്ക്. അരുണ്‍ ഷൂരി എഴുതുന്നു:
”The electoral strategy of the party was the familiar one: isolate the largest group; gather together the other groups; foment insecurity in them; and then present yourself as the only available protector. A single device was available for isolating the largest group, for dividing the people sharply, as well as for fomenting insecurity in the target groups: the electoral rolls should not be purged of the names of non-Indians.”. ജനാധിപത്യ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വം നടപ്പാക്കിയ തന്ത്രത്തെക്കുറിച്ചാണ് പത്രപ്രവര്‍ത്തനത്തിന് മഗ്‌സസേ പുരസ്‌കാരം നേടിയ ഷൂരി എഴുതുന്നത്. ജനതയെ പിളര്‍ത്തുക. വലിയ വിഭാഗം ജനതയെ ഒറ്റപ്പെടുത്തുക. എതിര്‍ ഗ്രൂപ്പുകളെ കൂട്ടം ചേര്‍ക്കുക. അവരില്‍ അരക്ഷിതബോധം സൃഷ്ടിക്കുക. നിങ്ങളാണ് അവരുടെ യഥാര്‍ത്ഥ സംരക്ഷകരെന്ന് അവരെ തെര്യപ്പെടുത്തുക. തിരഞ്ഞെടുപ്പിലെ ഈ തന്ത്രമാണ് നെല്ലി കൂട്ടക്കൊലയുടെ പെട്ടെന്നുള്ള പ്രകോപനമെന്ന് ചരിത്രം. പൊടുന്നനെയാണ് നിരായുധരും നിരാലംബരുമായ മനുഷ്യര്‍ കൊന്നുതള്ളപ്പെട്ടത്. മൃതദേഹങ്ങള്‍ നദിയില്‍ ചീഞ്ഞളിഞ്ഞു. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷക ആയിരുന്ന മകികോ കിമുറ എഴുതിയ The Nellie Massacre of 1983: Agency of Rioters എന്ന പുസ്തകവും നെല്ലിയുടെ വസ്തുതാന്വേഷണമാണ്. ഇങ്ങനെ കലാപത്തിന്റെ ഓര്‍മകളും വിദ്വേഷഭരിതവുമായ ഒരിടത്തേക്കാണ് വീണ്ടും വിഭജനത്തിന്റെ യുക്തിയുമായി ഭരണകൂടം വരുന്നത്. ഇപ്പോഴാകട്ടെ ഭൂരിപക്ഷമതത്തിന്റെ ഭരണകൂടരൂപമാണ് എന്ന് ഉറപ്പിച്ച സര്‍ക്കാറാണ് വരുന്നത്. മുസ്‌ലിം അപരത്വത്തെ ത്രന്തപരമായി സൃഷ്ടിച്ച് അധികാരമുറപ്പിക്കാന്‍ മടികാട്ടാത്തവര്‍. അതിനാലാണ് അസമിലെ പൗരത്വ പ്രശ്‌നത്തെ നെല്ലിയുടെ കാലത്ത് എന്നതുപോലെ നമ്മള്‍ ഭയക്കേണ്ടത്.
അസമിലെ പൗരത്വപ്രശ്‌നം അതിന്റെ രക്തരൂക്ഷിതമായ കാലത്തിലൂടെ സഞ്ചരിച്ചതിന്റെ അടയാള വാക്കാണിപ്പോള്‍ നെല്ലി വംശഹത്യ. നിങ്ങള്‍ക്കറിയുന്നപോലെ കുടിയേറ്റവും കുടിയേറ്റക്കാരും അസമിന്റെ യാഥാര്‍ത്ഥ്യമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുഴുവന്‍ യാഥാര്‍ത്ഥ്യമാണ്. ബംഗാളിനും ബാധകമാണ്. അതിര്‍ത്തി പ്രദേശങ്ങളാണ്. മഹാനദികളുടെ സമ്പുഷ്ടമായ തടമാണ്. അയല്‍ രാജ്യങ്ങള്‍; ബംഗ്ലാദേശായാലും അഫ്ഗാനിസ്ഥാന്‍ ആയാലും ദരിദ്രവും അസ്ഥിര ഭരണങ്ങളാല്‍ കലുഷിതവുമാണ്. പലകാലങ്ങളില്‍ അവിടെ നിന്ന് മനുഷ്യര്‍ നദികള്‍ കടന്ന് വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ദേശമായിരുന്നതിന്റെ ഓര്‍മകളുള്ളവരും മൂന്ന് തലമുറക്കപ്പുറം രക്തബന്ധമുണ്ടായിരുന്നവരുമാണ് പലരും. ഇങ്ങനെ വന്ന് ചേര്‍ന്ന ആളുകള്‍ എല്ലാം ചേര്‍ന്നതാണ് ആ നാടുകളുടെ ആവാസ വ്യവസ്ഥ. വിദ്വേഷത്തിന്റെ വിളവെടുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയും അധികാരം പിടിക്കാനുള്ള ഒരു വഴിയാവുകയും ചെയ്ത കാലം വരെ പ്രാദേശികമായ ചില്ലറ സംഘര്‍ഷങ്ങളും സമവായവുമൊക്കെയായി അത് തുടരുകയും ചെയ്തു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരോടുള്ള ഭയവും അകല്‍ച്ചയും പരിഹരിക്കാനുള്ള നിരവധി പരിശ്രമങ്ങള്‍ അസമില്‍ നടന്നു. അസമീസ് ഭാഷ അധ്യയന മാധ്യമമായി മാറ്റാന്‍ കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് കുടിയേറ്റ മുസ്‌ലിംകള്‍ സന്നദ്ധരായത് ഇതിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അസമിന്റെ ഔദ്യോഗികഭാഷയാക്കി ബംഗാളിയെ ബ്രിട്ടന്‍ പ്രതിഷ്ഠിച്ചിരുന്നല്ലോ? ഇത്തരത്തില്‍ മുന്നോട്ട് പോയിരുന്ന ഒരു സംസ്ഥാനത്തെ കലാപ കേന്ദ്രമാക്കിയതിന് പിന്നിലെ മുഖ്യകാരണം ഭരണ അസ്ഥിരതകളെ മറികടക്കാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങളാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നെല്ലിയെല്ലാം അതിന്റെ ശവക്കൂനകളാണ്. ഭരണം ദുര്‍ബലമാവുമ്പോഴെല്ലാം കോണ്‍ഗ്രസ് ഈ വിളവെടുപ്പിന് മുന്നില്‍ നില്‍ക്കുകയും ചെയ്തു. 1985-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ അസം കരാര്‍ ഓര്‍മിക്കുക. വിഭജന യുക്തിയുടെ പ്രകാശനമായിരുന്നു അതും.

സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് തീവ്രഗതിയില്‍ തുടക്കമിടുന്നതോടെ ആണ് സ്ഥിതിഗതികള്‍ മാറുന്നത്. പ്രാദേശികത വലിയ പ്രഹരശേഷിയുള്ള മുദ്രാവാക്യമാക്കി അവര്‍ മാറ്റി. കുടിയേറ്റക്കാര്‍ കയ്യേറ്റക്കാരെന്ന് വിളിക്കപ്പെട്ടു. ദേശീയത, ഭൂമി, കുടുംബം എന്നിവ കയ്യേറ്റക്കാരില്‍ നിന്ന് മോചിപ്പിക്കും എന്ന അപകടകരമായ മുദ്രാവാക്യം ഉയര്‍ന്നു. കുടിയേറ്റത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ഘടകങ്ങള്‍ പാടേ നിരാകരിക്കപ്പെട്ടു. മുസ്‌ലിംകള്‍ ഭൂമികയ്യേറുന്നു എന്ന പ്രചാരണം വ്യാപകമാക്കി. അവര്‍ക്ക് നിയമാനുസൃതം പതിച്ച് നല്‍കിയ ഭൂമിയില്‍ വരെ കുടിയൊഴിക്കല്‍ നടന്നു. കാസിരംഗയില്‍ വെടിവെപ്പുണ്ടായി.

ഇതിനിടെയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ വരവ്. അസമിലെ ഔദ്യോഗിക പൗരന്‍മാരെ കണ്ടെത്തലും സ്ഥിരീകരിക്കലുമായിരുന്നു ലക്ഷ്യം. മൂന്നുകോടി ഇരുപത്തിയൊമ്പത് ലക്ഷം പേരാണ് പൗരത്വത്തിനായി അപേക്ഷിച്ചത്. അടിമുടി ചട്ട വിരുദ്ധമായിരുന്നു പരിശോധന. രണ്ട് കോടി എണ്‍പത്തിയൊമ്പത് ലക്ഷം പേര്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. നാല്‍പത് ലക്ഷത്തോളം പേര്‍ പുറത്തായി. അവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിം വിഭാഗമാണ്. പൗരത്വ രജിസ്റ്ററിനൊപ്പം പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കവും സംഘപരിവാര്‍ തുടങ്ങി. (മുമ്പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 1983-ലെ ദ ഇല്ലീഗല്‍ മൈഗ്രന്റ്‌സ് ആക്ട് ചൂടാക്കിയെടുക്കാന്‍ പരിശ്രമിച്ചതാണ്. ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി തള്ളിയിരുന്നു.) നിര്‍ഭാഗ്യകരമായ അന്തരീക്ഷത്തിലേക്ക് അസം എടുത്തെറിയപ്പെട്ടു.
പൗരത്വ രജിസ്റ്റര്‍ എത്രമാത്രം ഭീകരമായ കയ്യേറ്റമാണെന്ന് മനസിലാക്കാന്‍ ബര്‍മയിലേക്ക് നോക്കിയാല്‍ മതി. നമ്മള്‍ ഇതേ താളുകളില്‍ റോഹിങ്ക്യകളെ കുറിച്ച് സംസാരിച്ചിരുന്നു. ഇത് പോലൊരു പൗരത്വ പട്ടികയുണ്ടാക്കലാണ് റോഹിങ്ക്യകളെ ഭൂമിയിലെ ഏറ്റവും ദയനീയമായ അഭയാര്‍ത്ഥിത്വത്തിലേക്ക് വലിച്ചെറിഞ്ഞത്. അതിനാല്‍ പൗരത്വപട്ടിക എന്നത് ചില്ലറക്കാര്യമല്ല. വ്യക്തിയുടെ സ്വത്വത്തിന് േരഖകള്‍ ആവശ്യപ്പെടുകയാണ്. രേഖകള്‍ സാങ്കേതികമായ ഒന്നാണ്. സ്വത്വം അങ്ങനെയല്ല. സാങ്കേതികത നടപടി ക്രമങ്ങളാല്‍ ബന്ധിതമാണ്. അതില്‍ അഴിമതിയും കെടുകാര്യസ്ഥതയും മുന്‍വിധികളും പ്രതിഫലിക്കും. സ്വത്വം എന്നത് നടപടിക്രമം അല്ല. അസമില്‍ നടപടിക്രമങ്ങളില്‍ അഴിമതി ഉണ്ടായി. ഇന്ത്യാ വിഭജനത്തിനും മുന്നേ അസമില്‍ വേരുകള്‍ ഉണ്ടായിരുന്നവര്‍ പോലും പൗരന്‍മാരല്ലാതായി.പൗരത്വം തെളിയിക്കാന്‍ ജനങ്ങള്‍ സമീപിക്കേണ്ട അസമിലെ ഫോറിന്‍ ട്രൈബ്യൂണല്‍ സംഘബന്ധുക്കളായി മാറി എന്നതിന് നിരവധി തെളിവുകളുണ്ട്. മുന്‍രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരനും മകനും പട്ടികയില്‍ ഇല്ല എന്നറിയുമ്പോള്‍ ചിത്രം വ്യക്തമാണ്.

ഇങ്ങനെ വേരറ്റുപോയ, വേരിനായി പിടയുന്ന മനുഷ്യരെ മതപരമായി പിളര്‍ത്തുക എന്ന കുടില ബുദ്ധിയാണ് ലോക്‌സഭ ഇപ്പോള്‍ പാസാക്കിയ പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത്. മുസ്‌ലിം ഒഴികെയുള്ള മുഴുവന്‍ പേര്‍ക്കും പൗരത്വം നല്‍കുക എന്നാല്‍ അസമില്‍ വേരുകള്‍ പടര്‍ത്തിയിട്ടുള്ള ലക്ഷക്കണക്കായ മുസ്‌ലിംകള്‍ പുറത്തുപോകേണ്ടി വരുമെന്നാണ് അര്‍ഥം. മതം മാനദണ്ഡമാകുന്നു എന്ന് പറഞ്ഞാല്‍ ഭരണഘടനയുടെ അടിസ്ഥാനശിലകള്‍ ദുര്‍ബലമാകുന്നു എന്നാണര്‍ഥം. ഒറ്റരാത്രികൊണ്ട്, കേവലം കാല്‍മണിക്കൂര്‍ കൊണ്ട് സംവരണം എന്ന ഭരണഘടനാ പ്രയോഗത്തിന്റെ അന്തസത്തയെ റദ്ദാക്കിയ ഭരണകൂടമാണിത്. പ്രതിപക്ഷത്തെ നിസ്സഹായരാക്കി പിറകേ നടത്തിച്ച് അംബേദ്കറെ അപമാനിച്ച ഭരണകൂടമാണിത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരിച്ചടി അവരെ ചകിതരാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യ നാള്‍ക്കുനാള്‍ അവരില്‍ നിന്ന് അകലുകയാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ക്രിക്കറ്റിംഗ് യുക്തിയെ രാഷ്ട്രീയത്തിലേക്ക് പറിച്ചുനടുകയാണവര്‍. അസമിലെ ജനതയെ മതപരമായി പിളര്‍ത്തി അവര്‍ കലാപം ലക്ഷ്യം വെക്കുകയാണ്. കലാപങ്ങളില്‍ നിന്നാണ് ഫാഷിസ്റ്റുകള്‍ ഫലം കൊയ്യുക.
മുസ്‌ലിം മുന്‍വിധികളുടെ അന്തരീക്ഷം പ്രബലമാണ്. അതിനാല്‍ അസം പ്രശ്‌നം വ്യാപകമായ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് നാം വിളിച്ചുപറയേണ്ടിയിരിക്കുന്നു. ഈ പിളര്‍ത്തലിനെതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ പ്രതിഷേധമെന്ന വാക്ക് നിങ്ങളിനി കേട്ടെന്ന് വരില്ല. കാരണം ജനാധിപത്യം പോലെ ഫാഷിസത്തിന് സുഗമമായി കടന്നുവരാന്‍ കഴിയുന്ന മറ്റൊരു വ്യവസ്ഥയുമില്ല തന്നെ.

കെ കെ ജോഷി

You must be logged in to post a comment Login