ഹോസ്പിറ്റാലിറ്റി ജെ.ഇ.ഇ.: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

ഹോസ്പിറ്റാലിറ്റി ജെ.ഇ.ഇ.: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

അതിഥിസല്‍ക്കാര മേഖലയിലും ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ രൂപപ്പെടുത്തിയെടുക്കുന്ന ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി.എസ്‌സി. ത്രിവത്സര പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഈ കോഴ്‌സ് ആറ് സെമസ്റ്ററുകളിലായിട്ടാണ് നടത്തുന്നത്.
പ്രവേശനം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.ടി.)യില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ്. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും കോഴ്‌സ് നടത്തിവരുന്നു.

ഇംഗ്ലീഷ് വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. ജനറല്‍/ഒ.ബി.സി. വിഭാഗത്തില്‍പെടുന്നവര്‍ക്ക് 1.7.2019ല്‍ 25 വയസ്സ് കവിയരുത്. 1994 ജൂലായ് ഒന്നിനോ അതിനുശേഷമോ ജനിച്ച ഈ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാരുടെ ഉയര്‍ന്ന പ്രായപരിധി 28 വയസ്സായിരിക്കും. 1991 ജൂലായ് ഒന്നിനോ അതിനുശേഷമോ ജനിച്ച ഈ വിഭാഗക്കാര്‍, അപേക്ഷിക്കാന്‍ അര്‍ഹരാണ്. പ്രവേശനത്തിനായി വരുന്നവര്‍ രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍നിന്ന് ശാരീരികക്ഷമതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
കോഴ്‌സിലെ പ്രവേശനം, ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം.ജെ.ഇ.ഇ.) 2019 വഴിയാണ്. ഏപ്രില്‍ 27 ശനിയാഴ്ച നടത്തുന്ന ഈ പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലായിരിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പറാണ് പരീക്ഷയ്ക്കുണ്ടാകുക. ന്യൂമറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലിറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ് (30 ചോദ്യങ്ങള്‍), റീസണിംഗ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍ (30), ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫേഴ്‌സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റിയൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ (50) എന്നീ വിഷയങ്ങളില്‍നിന്നുമായിരിക്കും ചോദ്യങ്ങള്‍. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങള്‍ ലഭിക്കും. ഓരോ ശരിയുത്തരത്തിനും നാല് മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍, ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും. ഈ പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക്പട്ടിക തയാറാക്കുക.
അപേക്ഷ, ഓണ്‍ലൈനായി https://ntanchm.nic.in എന്ന സൈറ്റ് വഴി, മാര്‍ച്ച് 15 വരെ നല്‍കാം. അപേക്ഷാഫീസ് ജനറല്‍/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 800 രൂപയും പട്ടിക/ഭിന്നശേഷി/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 400 രൂപയുമാണ്. ഈ തുക, ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴിയും നെറ്റ്ബാങ്കിംഗ് വഴിയും മാര്‍ച്ച് 16 രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്‌കാന്‍ ചെയ്ത ഇമേജുകള്‍, മാര്‍ച്ച് 16നകം അപ്‌ലോഡ് ചെയ്യണം. അപേക്ഷ നല്‍കുമ്പോള്‍ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക ബ്രോഷറിലുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ മുന്‍ഗണന നിശ്ചയിച്ച്, നാല് പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. പരീക്ഷയുടെ അഡ്മിറ്റ്കാര്‍ഡ്, ഏപ്രില്‍ 3 മുതല്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഏപ്രില്‍ 27ന് രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും പരീക്ഷ. പരീക്ഷയ്ക്കുശേഷം, ഉത്തരസൂചികയും വിദ്യാര്‍ത്ഥിയുടെ ഉത്തരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതിന്റെ തീയതി പരീക്ഷ കഴിഞ്ഞ് പ്രസിദ്ധപ്പെടുത്തും. ഉത്തരസൂചികയിലും ഉത്തരങ്ങളിലും പരാതിയുണ്ടെങ്കില്‍ ചോദ്യമൊന്നിന് 1000 രൂപ വീതം അടച്ച്, അവ ചോദ്യംചെയ്യാം. ക്രഡിറ്റ്/ഡബിറ്റ്കാര്‍ഡുവഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ ഈ തുക അടയ്ക്കാം. മേയ് 15ഓടെ ജെ.ഇ.ഇ. ഫലം പ്രഖ്യാപിക്കും. കൗണ്‍സലിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.nchm.nic.in എന്ന വെബ്‌സൈറ്റ് കാണണം. ഇന്‍ഫര്‍മേഷന്‍ ബ്രോഷറനുസരിച്ച് പരീക്ഷയുടെ പരിധിയില്‍ വരുന്ന 63 സ്ഥാപനങ്ങളുണ്ട്. ഇവയില്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ 21 ആണ്. ഇതില്‍ തിരുവനന്തപുരം കോവളത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയും ഉള്‍പ്പെടുന്നു. ഇവിടെ 240 സീറ്റുണ്ട്. പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ് വിഭാഗത്തില്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 21ഉം സ്ഥാപനങ്ങളുണ്ട്. സംസ്ഥാനവിഭാഗത്തില്‍ കോഴിക്കോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഉള്‍പ്പെടുന്നു. ഇവിടെ 60 സീറ്റുണ്ട്. സ്വകാര്യസ്ഥാപന വിഭാഗത്തില്‍ 20 ഇന്‍സ്റ്റിറ്റ്യൂട്ടുകളാണുള്ളത്. സ്ഥാപനങ്ങളുടെ പൂര്‍ണപട്ടിക ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ കാണുക.

കോമെഡ്‌കെ എന്‍ട്രന്‍സ് പരീക്ഷ മെയ് 12ന്
കര്‍ണാടകയിലെ സ്വകാര്യ പ്രഫഷണല്‍ കോളജുകളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് മെഡിക്കല്‍, എന്‍ജിനീയറിംഗ് ആന്‍ഡ് ഡെന്റല്‍ കോളജസ് കര്‍ണാടക (കോമെഡ്‌കെ) എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് നടത്തുന്ന അണ്ടര്‍ ഗ്രാജ്വേറ്റ് എന്‍ജിനീയറിംഗ് പരീക്ഷ എക്‌സാമിനേഷന്‍ മെയ് 12ന് നടക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയാണിത്.

150 എന്‍ജിനീയറിംഗ് കോളജുകള്‍ കോമെഡ്‌കെയില്‍ അംഗങ്ങളാണ്. ഈ കോളജുകളിലെല്ലാം കൂടി ഇരുപതിനായിരം സീറ്റുകളിലേക്കാണ് പ്രവേശനം. കര്‍ണാടകയ്ക്കു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് എന്‍ജിനീയറിംഗ് പ്രവേശനത്തിന് അപേക്ഷിക്കാം. ബിആര്‍ക്കിനു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ പരീക്ഷയില്‍ കുറഞ്ഞത് 80 സ്‌കോര്‍ നേടിയിരിക്കണം. ബിആര്‍ക്കിനു പ്രത്യേക പരീക്ഷയില്ല.

എന്‍ജിനീയറിംഗ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണു പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഇല്ല. പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമാണ് പരീക്ഷ. പരീക്ഷാ ഫലം മെയ് 27നു പ്രസിദ്ധീകരിക്കും.
എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഓണ്‍ലൈനായി വേണം അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ സ്പീഡ്‌പോസ്റ്റില്‍ അയയ്ക്കണം. അപേക്ഷാ ഫീസ് 1500 രൂപ. ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍. വെബ്‌സൈറ്റ്: www.comedk.org. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 19.

കിറ്റ്‌സില്‍ എം.ബി.എ.കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ്രിയും KwKAT/CwKAT യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലെയിസ്‌മെന്റ് സൗകര്യവുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് കാണുക.

എപ്പിഗ്രാഫി കോഴ്‌സിന് അപേക്ഷിക്കാം
സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ എപ്പിഗ്രാഫി കോഴ്‌സിന് അപേക്ഷിക്കാം. മലയാളം, സംസ്‌കൃതം, തമിഴ്, ചരിത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിയോളജി എന്നീ വിഷയങ്ങളില്‍ അംഗീകൃത യൂണിവേഴ്‌സിയില്‍ നിന്നും നേടിയിട്ടുള്ള ബിരുദം അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്നിവയിലുള്ള ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും ശിലാലിഖിത വിജ്ഞാനീയത്തിലോ പുരാണ ലിപി വിജ്ഞാനത്തിലോ ഉള്ള താത്പര്യവുമാണ് യോഗ്യത. ആകെ 20 സീറ്റുകളാണുള്ളത്. 50000 രൂപയും ജിഎസ്ടിയുമാണ് കോഴ്‌സ് ഫീസ്. അപേക്ഷാഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖേന ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ ഫെബ്രുവരി അഞ്ചിന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2319740, 9400048964.

റസല്‍

You must be logged in to post a comment Login