കണ്ണടച്ചുണ്ടാക്കിയ ഇരുട്ടത്ത്

കണ്ണടച്ചുണ്ടാക്കിയ ഇരുട്ടത്ത്

വിനോദ – രാഷ്ട്രീയ വിഭാഗത്തിനാണ് എപ്പോഴും കാഴ്ചക്കാരെങ്കില്‍ കൂടി, രാഷ്ട്രീയ വാര്‍ത്തകളുടെ അതിപ്രസരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെയും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് മാധ്യമ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയുടെ സാമൂഹിക രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു ബില്ല് മോഡി സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയുണ്ടായി. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണം എന്ന ആശയമാണിത്. ഈ ആശയം അവതരിപ്പിക്കുന്ന ആദ്യത്തെ വ്യക്തിയല്ല മോഡി. കേരളമുള്‍പ്പെെട ചില സംസ്ഥാനങ്ങളില്‍ ഇത് കൊണ്ടുവന്നിട്ടുണ്ട്. ഒരു ബില്ല് രാജ്യത്തെ പരമോന്നത കോടതിയുടെ മുമ്പാകെ എത്തുന്നത് മുതല്‍ അതിന് തീരുമാനം കല്പിക്കുന്നത് വരെയുള്ള പ്രക്രിയകള്‍ എളുപ്പം കഴിയുന്നതല്ല. ഇവിടെ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളോട് കൂടി സവര്‍ണ വിഭാഗത്തെ പ്രീതിപ്പെടുത്താനും, സ്വന്തം രാഷ്ട്രീയത്തിന് എങ്ങോട്ടാണ് ചായ്‌വ് എന്ന് വേര്‍തിരിച്ച് കാണിച്ചുകൊടുക്കാനും മോഡിയുള്‍പ്പെടുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടകളുടെ ഭാഗം മാത്രമാണീ ബില്ല്. ഇന്ത്യയില്‍ സംവരണം എന്ന ആശയം കൊണ്ടുവരുന്നത് സാമ്പത്തിക സ്ഥിതി കണക്കിലെടുത്തല്ല, മറിച്ച് നൂറ്റാണ്ടുകളോളം വര്‍ണ വ്യവസ്ഥയില്‍ താഴ്ന്ന ജാതിയില്‍ ജനിച്ചവരെന്ന പേരില്‍ സാമൂഹികമായി എല്ലാ തരത്തിലുള്ള അസമത്വങ്ങള്‍ അനുഭവിക്കുകയും, ഇന്നും അത് തുടര്‍ന്ന് പോരുകയും ചെയ്യുന്നതിന്റെ പ്രതിവിധിയെന്നോണമാണ്. പക്ഷേ പുതിയ ബില്ല് ചര്‍ച്ചക്ക് വരുമ്പോള്‍ മാധ്യമങ്ങള്‍ പ്രധാനമായും ചെയ്യേണ്ടിയിരുന്ന കാര്യം, സര്‍ക്കാര്‍ ഇന്ന് വാഗ്ദാനം ചെയ്യുന്ന 10% യഥാര്‍ത്ഥത്തില്‍ എന്ത് ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് എന്ന് തുറന്നുകാട്ടുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് എളുപ്പം ചെയ്യാവുന്ന ഒന്നാണത്. പക്ഷേ, അതിന് പകരമായി സംവരണം എന്ന ആശയത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചാനല്‍ ചര്‍ച്ചകള്‍ക്കും, അഭിപ്രായ പ്രകടനങ്ങള്‍ക്കും നാം സാക്ഷിയാവേണ്ടി വരുന്നു. സംവരണം എന്ന ചര്‍ച്ച മുന്നില്‍ നില്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ നിര്‍ബന്ധമായും ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നാണ് രാജ്യത്തെ കര്‍ഷകരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നെ രാജ്യത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ഏതെങ്കിലുമൊരു പ്രശ്‌നത്തെ അഭിസംബോധന ചെയ്യണമെന്ന് നരേന്ദ്ര മോഡി ഉദ്ദേശിക്കുന്നുണ്ടെകില്‍ അത് രാജ്യത്ത് വര്‍ധിച്ച് വരുന്ന കാര്‍ഷിക രംഗത്തെ പ്രതിസന്ധിയെ എങ്ങനെ പരിഹരിക്കാമെന്നുള്ളതാവണം. പക്ഷേ ഇതിനൊക്കെ വിപരീതമായി ഭരണഘടനാ ഭേദഗതിയിലൂടെ പുത്തന്‍ സംവരണ നയം നടപ്പിലാക്കാനുള്ള നീക്കം മാധ്യമങ്ങള്‍ വിമര്‍ശന വിധേയമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഭിന്നമായി ദ ക്വിന്റ്, ദ വയര്‍ പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംവരണത്തിന്റെ ആവശ്യകത എത്രത്തോളമാണെന്ന് പറയുകയും, പുതിയ ഭേദഗതിയുടെ ഗൂഢ ലക്ഷ്യങ്ങളെ തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തില്‍ ബാക്കി നില്‍ക്കുന്ന ചോദ്യങ്ങളിനിയുമുണ്ട്. ഇന്ത്യയില്‍ ആരാണ് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നത്? എണ്ണത്തില്‍ ന്യൂനപക്ഷമായ ബ്രാഹ്മണ സമുദായക്കാരാണ് രാജ്യത്തെ എല്ലാ ഉന്നത പദവികളും കയ്യടക്കിയിട്ടുള്ളത്. ബിസിനസ് സ്റ്റാന്റേര്‍ഡ് തങ്ങളുടെ വെബ്‌സൈറ്റില്‍ ഇന്ത്യസ്‌പെന്റ് എന്ന ഓണ്‍ലൈന്‍ സംരംഭത്തില്‍ വന്ന റിപ്പോര്‍ട്ട് പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. സാമ്പത്തിക വിദഗ്ധനായ ശ്രീഹരി പാലിയത്ത് ഇന്ത്യയിലെ വരുമാന കണക്കുകളിലെ അസമത്വത്തെ കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വളരെ സൂക്ഷ്മമായി ഇന്നും മേല്‍ ജാതിക്കാര്‍ തന്നെയാണ് വരുമാനഇനത്തില്‍ മുന്നോക്കം നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘Wealth Inequality, Class & Caste in India, 19612012’ എന്ന പേരില്‍ 2018ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്ത വരുമാനത്തിന്റെ മൃഗീയഭാഗവും ഇന്നും സവര്‍ണര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പട്ടിക ജാതി വിഭാഗത്തിന് 21% മുതല്‍ 34% വരെയാണ് വരുമാനമുള്ളത്. അതില്‍ തന്നെ പ്രധാനപ്പെട്ട ഘടകം, ദേശീയ വരുമാനത്തിന്റെ ശരാശരി കണക്കിനടുത്ത് പോലും എസ്.സി/എസ്.ടി വിഭാഗങ്ങളുടെ വരുമാനം എത്തിയിട്ടില്ല. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ശേഷം മറ്റ് പിന്നാക്ക വിഭാഗക്കാരുമുണ്ട്. കണക്കുകള്‍ പ്രകാരം സവര്‍ണ ജാതിയില്‍ ബ്രാഹ്മണ ഉപജാതിക്കാര്‍ മാത്രം 48% ത്തോളം വരുമാനമുള്ളവരാണ്. സംവരണമെന്ന ആശയം വിദ്യാഭ്യാസ ഇടങ്ങളിലേക്ക് കടന്നുവരുമ്പോള്‍, ദളിതര്‍ക്ക് അത് ജാതി വേട്ടയാടലുകളില്‍ നിന്നും വിമുക്തി നേടാനുള്ള അവസരമാണ്. ഉത്തരേന്ത്യയിലെ പ്രബലമായ ജാട്ട് സമുദായത്തെ പരിശോധിക്കുകയാണെങ്കില്‍, പരമ്പരാഗതമായി ഭൂവുടമകളും കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ടവരുമാണ് ജാട്ടുകള്‍. സംവരണമെന്ന വാദവുമായി ജാട്ടുകള്‍ പ്രക്ഷോഭമാരംഭിച്ചതിന്, കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ വലിയ രീതിയില്‍ കാരണമായിട്ടുണ്ട്. അതുവരെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കാതിരുന്ന ജാട്ടുകള്‍ ആ മേഖലയില്‍ സംവരണം ആവശ്യപ്പെടുമ്പോള്‍, യഥാര്‍ത്ഥ പ്രശ്‌നം രാജ്യത്തെ തൊഴിലില്ലായ്മയാണ്. ബിസിനസ് സ്റ്റാന്റേര്‍ഡ് പ്രസിദ്ധീകരിച്ച ഈയൊരു റിപ്പോര്‍ട്ടിന് കണക്കുകളുദ്ധരിച്ച് കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനപ്പെട്ട സവിശേഷത.

അങ്ങനെയൊരു പെണ്‍കുട്ടിയേയില്ല!
ഇന്ത്യന്‍ മാധ്യമ സംസ്‌കാരത്തെ വിടാതെ പിടികൂടിയിരിക്കുന്ന പ്രതിസന്ധിയാണ് വ്യാജവാര്‍ത്തകളോട് പൊരുതുകയെന്നത്. പുതിയ ഒരു വ്യാജ വാര്‍ത്ത രൂപപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ്. രാജ്യ സഭാ മെമ്പറായ രാജീവ് ചന്ദ്രശേഖറിന്റെ ന്യുസ് പോര്‍ട്ടലായ mynation.com പ്രസിദ്ധീകരിച്ച വാര്‍ത്തയാണത്. സദസ്സുമായുള്ള ചോദ്യോത്തര വേളയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യം: ‘ജാതി മത വിവേചനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പ്രചാരണ വേദികള്‍ക്കനുസരിച്ച് വിവിധ മതങ്ങളുടെ ആചാരങ്ങളെ ആശ്ലേഷിക്കുന്നത്?’ ഇതിന് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല, മാത്രമല്ല പ്രസ്തുത ഭാഗം ലൈവ് സംപ്രേക്ഷണമായിരുന്ന പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് നീക്കം ചെയ്തു എന്നുകൂടിയാണ് mynation.com നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ ഇന്ത്യന്‍ വാര്‍ത്താമുറികളുടെ ആധികാരികതയെ പരിശോധിക്കുന്ന altnews ന്റെ അന്വേഷണത്തില്‍ അങ്ങനെ ഒരു പെണ്‍കുട്ടിയേ ഉണ്ടായിരുന്നില്ല. mynation.com പെണ്‍കുട്ടിയുടേതെന്നാരോപിച്ച് നല്‍കിയ ചിത്രമുള്‍പ്പെടെ വ്യാജമായിരുന്നു. mynation.com സങ്കല്‍പിച്ചെഴുതിയ ചോദ്യങ്ങളും അതിനോടൊപ്പം ചേര്‍ത്ത പെണ്‍കുട്ടിയും രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ മാധ്യമങ്ങളില്‍, പ്രധാനമായും തീവ്ര വലതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ വ്യാജവാര്‍ത്തയുടെ പ്രചാരണത്തിനുപയോഗിച്ചത് വലിയ ചര്‍ച്ച ആയില്ല. News Laundry യെ പോലുള്ള ചുരുക്കം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ mynation.com നെ തുറന്ന് കാട്ടിയെങ്കിലും, അതിവേഗം പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ നിരീക്ഷിക്കാനും കൃത്യമായ ഉപാധികളോട് കൂടി തടയാനും കഴിയേണ്ടിയിരിക്കുന്നു.

ഒരു പുരസ്‌കാരത്തിന്റെ ചരട്
ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വലിയ രീതിയില്‍ പരിഗണിക്കാതിരിക്കുകയും, എന്നാല്‍ വാട്‌സ്ആപ്പിലൊക്കെയും പ്രചരിക്കുകയും ചെയ്ത ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച പുരസ്‌കാരത്തെ കുറിച്ചുള്ള വാര്‍ത്ത. വളരെ സവിശേഷതകളുള്ള പ്രസ്തുത പുരസ്‌കാരം ആദ്യമായി ലഭിച്ച വ്യക്തിയാണ് മോഡി. ഫിലിപ് കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് എന്ന പേരില്‍ വേള്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് ഇന്ത്യയില്‍ വച്ചാണ് നരേന്ദ്ര മോഡിക്ക് പുരസ്‌കാരം ലഭിക്കുന്നത്. മോഡി മന്ത്രിസഭയിലെ മിക്കവരും സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പങ്കുവെച്ചു. എന്നാല്‍ ദ വയറിന്റെ ബ്യുറോ ചീഫ് രഘു കര്‍നാട് നടത്തിയ അന്വേഷണത്തില്‍, ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്ന് വരികയുണ്ടായി. അതിലൊന്ന് ആരാണ് മോഡിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്നാണ്. പുരസ്‌കാരത്തിന്റെ വിധികര്‍ത്താക്കള്‍ ആരാണെന്നോ, എന്ത് മാനദണ്ഡത്തിലാണ് പുരസ്‌കാരം ലഭിച്ചതെന്നോയുള്ള കാര്യങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനായ ഫിലിപ്പ് കോട്‌ലറിന്റെ പേരില്‍ മോഡിക്ക് നല്‍കിയ പുരസ്‌കാരത്തെ കുറിച്ച് കോട്‌ലറും ബോധവാനായിരുന്നില്ല. പക്ഷേ ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘത്തിന് വ്യക്തമായ മാനദണ്ഡങ്ങളോട് കൂടി തന്റെ പേര് ഒരു പുരസ്‌കാരത്തിന് വേണ്ടി ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതം നല്‍കിയിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകനായ തൗസീഫ് സിയാ സിദ്ദീഖി, സൗദി അറേബ്യന്‍ പെട്രോള്‍ കമ്പനിയിലാണ്. പുരസ്‌കാരത്തോടനുബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്ക് തുടര്‍ച്ചയായി ദ വയര്‍, സിദ്ദീഖിയുടെ വെബ്‌സൈറ്റ്, linkedIn അക്കൗണ്ട് തുടങ്ങിയവ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അപ്രത്യക്ഷ്യമായതായി മനസിലാക്കി. വയറിന്റെ അന്വേഷണം ഉന്നയിക്കുന്ന പ്രധാന സംശയം, സിദ്ദീഖി ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വലിയ രീതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് ലക്ഷ്യം വെക്കുകയാണ്, അതില്‍ പ്രധാനമായും ഗെയ്ല്‍ ഇന്ത്യയാണുള്ളത്. അതോടൊപ്പം തന്നെ വേള്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റ് ഇന്ത്യയുടെ സാമ്പത്തിക ചിലവുകള്‍ വഹിച്ചതില്‍ Gail നും പങ്കുണ്ട്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തഴഞ്ഞ് പോകുമായിരുന്ന ഒരു വാര്‍ത്ത വയറിന്റെ അന്വേഷണത്തിലൂടെ ജനങ്ങളുടെ മുന്നിലേക്കെത്തുകയായിരുന്നു. ഇതിന് ശേഷമാണ് മുഖ്യധാരാ ദൃശ്യ മാധ്യമങ്ങള്‍ വിഷയത്തെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്.

കരുക്കളാകുന്ന മാധ്യമപ്രവര്‍ത്തകര്‍
ഇറാനിലെ പ്രസ് ടി.വി മാധ്യമ പ്രവര്‍ത്തകയായ മര്‍സിയ ഹശ്മിയെ അമേരിക്കയിലെ സെന്റ് ലൂയിസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മര്‍സിയ ഹശ്മി, അമേരിക്കന്‍ പൗരയും, ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിയുമാണ്. ഇറാനില്‍ വര്‍ഷങ്ങളോളം മാധ്യമ പ്രവര്‍ത്തനം നടത്തിയിട്ടുമുണ്ട്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഇതുവരെയും അറസ്റ്റിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഹശ്മിയുടെ മകളെ എഫ്.ബി.ഐ ഏജന്റുകള്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്നും, പകരം ഒരു മേല്‍ക്കുപ്പായം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതോടൊപ്പം തന്നെ ഹശ്മിക്ക് കഴിക്കാന്‍ പന്നി മാംസം നല്‍കിയതായും ആരോപണമുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം വെളിപ്പെടുത്താന്‍ സാധ്യമല്ലാത്ത കേസില്‍ പ്രധാന സാക്ഷിയെന്ന നിലയിലാണ് എഫ്.ബി.ഐ, ഹശ്മിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ വ്യക്തമായ കാരണങ്ങള്‍ നല്‍കാതെ അറസ്റ്റ് ചെയ്തു എന്ന വൈകിയുള്ള സ്ഥിരീകരണവും ഹശ്മിയോട് ഭരണകൂടം കാണിക്കുന്ന അനീതിയാണ്. ഹശ്മിയുടെ അറസ്റ്റ് അവര്‍ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വേണ്ടി അമേരിക്കയിലെത്തിയപ്പോള്‍ അവിചാരിതമായാണ് നടക്കുന്നത്. അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകള്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കേണ്ടതുണ്ട്. ജമാല്‍ ഖശോഗിയുടെ തിരോധാനത്തില്‍ മുഴങ്ങിയ പാശ്ചാത്യ ശബ്ദങ്ങള്‍ ഹശ്മിയുടെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തരുത്. ഹശ്മിയെ എത്രയും പെട്ടെന്ന് ജയില്‍ മോചിതയാക്കാന്‍, അമേരിക്കന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. പക്ഷേ ഇവിടെ ഉയര്‍ന്ന കാണുന്ന മറ്റൊരു പ്രധാന പ്രശ്‌നം വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകന്‍ ജൈസന്‍ റസാഇയന്‍ 544 ദിവസമായി ഇറാനിലെ തടവറയിലാണ്. വ്യക്തമായ കാരണങ്ങള്‍ നിരത്താതെയാണ് ജൈസണ്‍ തടവിലാക്കപ്പെട്ടത്. അമേരിക്കയുടെ നിരന്തര സമ്മര്‍ദം കൊണ്ടും ഫലമുണ്ടായില്ല. ഇരു സംഭവങ്ങളും നല്‍കുന്ന സൂചന ഭരണകൂടങ്ങള്‍ തമ്മിലുള്ള പോരില്‍ മാധ്യമ പ്രവര്‍ത്തര്‍ ഇരകളാവുന്നു എന്നുള്ളതാണ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login