അടിച്ചമര്‍ത്തപ്പെടുന്ന കീഴാള ശബ്ദം

അടിച്ചമര്‍ത്തപ്പെടുന്ന കീഴാള ശബ്ദം

”കീഴാളര്‍ എന്ന് വാര്‍ഡ് വിളിക്കുന്ന തരത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. റോമക്കാര്‍ക്ക് അടിമകള്‍, സ്പാര്‍ട്ടക്കാര്‍ക്ക് ഹെലോട്ടുകള്‍, ബ്രിട്ടീഷുകാര്‍ക്ക് വില്ലെനുകള്‍, അമേരിക്കക്കാര്‍ക്ക് നീഗ്രോകള്‍, ജര്‍മന്‍കാര്‍ക്ക് യഹൂദര്‍ അതുപോലെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് അസ്പൃശ്യര്‍. എന്നാല്‍ അസ്പൃശ്യര്‍ നേരിടുന്ന മാതിരി ഒരു ദുര്‍വിധി മറ്റാര്‍ക്കുമുണ്ടായിട്ടില്ല. അടിമത്തവും അടിയാളത്തവും വില്‍പനയും അപ്രത്യക്ഷമായി. എന്നാല്‍ അസ്പൃശ്യത ഇന്നും നിലനില്‍ക്കുന്നു. അതു ഹിന്ദുമതം നിലനില്‍ക്കുന്നിടത്തോളം തുടരുകയും ചെയ്യും. ഒരു അസ്പൃശ്യന്റെ സ്ഥിതി ഒരു യഹൂദന്റെ സ്ഥിതിയെക്കാള്‍ ഏറെ മോശമാണ്. യഹൂദന്റെ ദുരിതം സ്വയംകൃതമാണ്. അസ്പൃശ്യരുടെ ദുരിതം അത്തരത്തില്‍ പെട്ടതല്ല. മൃഗീയമായ ബലപ്രയോഗത്തെക്കാള്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കൃത്യത തെറ്റിക്കാത്ത ഹിന്ദുമതത്തിന്റെ ബോധപൂര്‍വമായ ഹീനകൃത്യത്തിന്റെ ഫലമാണത്. യഹൂദര്‍ വെറുക്കപ്പെടുന്നു. എന്നാല്‍, അയാള്‍ക്കു വളരാന്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. അസ്പൃശ്യന്‍ വെറുക്കപ്പെടുന്നു എന്ന് മാത്രമല്ല അയാള്‍ക്ക് ഉയരാനുള്ള എല്ലാ അവസരങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നു” ബാബാ സാഹെബ് അംബേദ്കറുടെ ഈ പരിദേവനം എണ്‍പത് സംവല്‍സരങ്ങള്‍ക്ക് ശേഷവും കയ്‌പേറിയ സാമൂഹിക യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നില്‍ പുലരുന്നതിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങളാണ് ഓരോ ദിവസവും കെട്ടഴിഞ്ഞുവീഴുന്നത്. ജനുവരി 17ന് രോഹിത് വെമുല എന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മാഹുതിയുടെ മൂന്നാം വാര്‍ഷികം കടന്നുപോയപ്പോള്‍ കീഴാളന്റെ ഉയര്‍ച്ചയെ തടയുന്ന, ഭയപ്പെടുന്ന ശക്തി ഏതെന്ന് വര്‍ത്തമാനകാല ഇന്ത്യയുടെ അധികാരആരൂഢങ്ങളെ തൊട്ടുകാണിച്ച് പലരും പൊട്ടിത്തെറിച്ചു. എന്റെ ജന്മത്തിലെ പിഴവ് കാരണം സ്വസ്ഥമായി ജീവിക്കാനോ മരിക്കാനോ എന്റെ നാടും ജനതയും സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് ഹൈദരാബാദ് സര്‍വകലാശാല കാമ്പസിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച ഗൂണ്ടൂര്‍ സ്വദേശി രോഹിത്, വര്‍ത്തമാനകാല ഇന്ത്യ കീഴാളവര്‍ഗത്തോട് കാട്ടുന്ന ക്രൂരതയെ ലോകസമക്ഷം തന്റെ മരണത്തിലൂടെ തുറന്നുകാണിച്ച ഒരു ഹതഭാഗ്യനാണല്ലോ! 21ാം നൂറ്റാണ്ടിന്റെ അരുണോദയം കഴിഞ്ഞിട്ട് 18 സംവല്‍സരങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യയിലെ കീഴാളര്‍ ‘ഗെറ്റോകളില്‍’ തടവിലാക്കപ്പെട്ടവര്‍ തന്നെ.
രോഹിത് വെമുല ഉയര്‍ത്തിയ ശബ്ദം ഇനി കാമ്പസുകളില്‍ മുഴങ്ങിക്കേള്‍ക്കരുത് എന്ന നിര്‍ബന്ധബുദ്ധിയുള്ള ഭരണകൂടമെഷിനറി ആ വിദ്യാര്‍ത്ഥിയുടെ ഓര്‍മകള്‍ പുനര്‍ജനിക്കരുത് എന്ന വാശിയിലാണിപ്പോഴും. അതുകൊണ്ട്തന്നെ, ”We Have Not Come Here to Die’ (‘മരിക്കാന്‍ വേണ്ടിയല്ല നാം ഇവിടെ വന്നത്’ ) എന്ന ഡോക്യുമെന്ററി വ്യാപകമായി പ്രദര്‍ശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രോഹിതിനെയും മറ്റു നാല് വിദ്യാര്‍ത്ഥികളെയും ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറന്തള്ളിയപ്പോള്‍ പ്രതിഷേധസൂചകമായി പണിത കുടില്‍ ‘വെളിവട’, രായ്ക്കുരാമാനം ആരൊക്കെയോ നീക്കം ചെയ്തു. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ വെമുലയുടെ മൂന്നാം ചരമവാര്‍ഷികം മുന്നില്‍കണ്ട് കുടില്‍ വീണ്ടും കെട്ടിപ്പൊക്കിയപ്പോള്‍ തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണീ നീക്കമെന്ന് ആരോപിച്ച് പ്രതിഷേധത്തിന് ഇറങ്ങിയ എ ബി വി പിക്കാര്‍ ആ നിര്‍മിതി നിശ്ശേഷം തകര്‍ത്തു. വെളിവട ജാതി വിവേചനത്തിന്റെ പ്രതീകമായിരുന്നു. രോഹിത് വെമുലയുടെ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ സാമൂഹികപരിതാവസ്ഥയുടെ പ്രതീകത്തെ പോലും ഭരണകൂടം ഭയപ്പെടുന്നുണ്ടെന്നും പ്രതിഷേധിക്കാനുള്ള അവസരം പോലും അധഃസ്ഥിത വിഭാഗത്തിന് നഷ്ടപ്പെട്ടിരിക്കയാണെന്നും ഈ സംഭവം അടിവരയിടുന്നു. ആത്മാഹുതിക്ക് തൊട്ടുമുമ്പ് രോഹിത് എഴുതിവെച്ച കത്തിനെ ആസ്പദമാക്കി പി.എന്‍ രാമചന്ദ്ര തയാറാക്കിയ ഡോക്യൂമെന്ററി ‘The Unbearable Being of Lightness’, പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്നത് ദളിത് വര്‍ഗത്തിന്റെ രോഷപ്രകടനം, സവര്‍ണരാഷ്ട്രീയമേധാവികളുടെ ഉറക്കം കെടുത്തുമെന്ന ഭീതി മൂലമാണ്. തപിക്കുന്ന കാമ്പസുകളില്‍നിന്ന് അധഃസ്ഥിതവര്‍ഗത്തിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നത് സവര്‍ണഹിന്ദുത്വമേലാളന്മാരെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. മോഡിവാഴ്ചക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക ചലനം, കീഴാളവര്‍ഗത്തിന്റെ ഉയിര്‍പ്പ് സൂചിപ്പിക്കുന്ന ദളിത് മുന്നേറ്റങ്ങളാണ്. ആ വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് കാമ്പസുകള്‍ വേദിയാവുന്നുവെന്നത് സവര്‍ണരാഷ്ട്രീയ മേല്‍കോയ്മയുടെ ഉത്ക്കണ്ഠ ഇരട്ടിപ്പിക്കുന്നു.
രോഹിത് വെമുലയുടെ ആത്മാഹുതി തുറന്നുവിട്ട പ്രക്ഷുബ്ധത ഹിന്ദുത്വയുടെ അടിത്തറയെ പിടിച്ചുകുലുക്കുന്ന തരത്തിലേക്ക് രാജ്യവ്യാപക പ്രക്ഷോഭത്തിന് നാന്ദികുറിക്കുമെന്ന് മനസിലാക്കിയ കേന്ദ്രഭരണകൂടം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച ഗൂഢപദ്ധതികളുടെ മുഖംമൂടി പുറത്തുവന്നുകൊണ്ടിരിക്കയാണിപ്പോള്‍. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന് ആരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ അടക്കമുള്ള ഒമ്പത് പേര്‍ക്കെതിരെ ദേശേദ്രാഹകുറ്റം ചുമത്തിയത് രോഹിത് വെമുലയുടെ മരണത്തില്‍നിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനായിരുന്നു. വാസ്തവത്തില്‍ കാമ്പസിനകത്ത് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മൂഴക്കിയത് ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായി എ ബി വി പിക്കാര്‍ തന്നെയാണെന്ന് അന്ന് ആ പക്ഷത്തുണ്ടായിരുന്നവര്‍ ഇന്ന് തുറന്നുപറയുന്നു. കനയ്യ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സാങ്കേതികാരണങ്ങളാല്‍ പെട്ടെന്ന് നിരസിച്ചിട്ടുണ്ടെങ്കിലും, ദളിതുകളുടെ ശാക്തീകരണ വഴിയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തങ്ങള്‍ തയാറല്ല എന്നതാണ് ഹിന്ദുത്വസര്‍ക്കാറിന്റെ ചിന്തിച്ചുറപ്പിച്ച നയം. ദളിതുകളും മറ്റു പിന്നോക്കവിഭാഗങ്ങളും സാമൂഹിക ഔന്നത്യത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മനുസ്മൃതി വിഭാവന ചെയ്യുന്ന ചാതുര്‍വര്‍ണ്യ രാഷ്ട്രീയവ്യവസ്ഥ അകന്നുമാറുമെന്ന് ഇക്കൂട്ടര്‍ ഭയപ്പെടുന്നു. ആ ഭീതിയാണ് കീഴാളവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് സാക്ഷാത്കരിക്കുന്ന ധൈഷണികവും രാഷ്ട്രീയവുമായ സകല ഉണര്‍വുകളെയും മുളയില്‍ തന്നെ നുള്ളിക്കളയുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനും ഭരണത്തിനുമെതിരെ എവിടെയൊക്കെ എതിര്‍പ്പ് മുളപൊട്ടിയോ അവിടെയെല്ലാം രാജ്യേദ്രാഹത്തിന്റെ ദണ്ഡ് ആയുധമാക്കി എത്ര ലോലമായ മറുശബ്ദവും അടിച്ചമര്‍ത്തുകയോ ചവിട്ടിയരക്കുകയോ ചെയ്യുന്ന കാഴ്ച അംബേദ്കറുടെ പ്രവചനങ്ങളെ സാര്‍ത്ഥകമാക്കുന്നു. കീഴാളന്റെ ഉയിര്‍ത്തെഴുന്നേല്‍പ് സവര്‍ണമതം നിലനില്‍ക്കുന്ന കാലത്തോളം സാധ്യമല്ലെന്ന് ചുരുക്കം.

എല്ലാറ്റിനുമൊടുവില്‍ ആനന്ദ് തെല്‍തുംഡെയും
കീഴാളശബ്ദത്തെ അതിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് തന്നെ തടുത്തുനിറുത്തുക എന്ന ഭരണകൂടതന്ത്രം പുറത്തെടുത്തപ്പോള്‍ എല്ലാറ്റിനുമൊടുവില്‍ ഹിന്ദുത്വയുടെ അധികാരപ്രഹരമേറ്റത് ലോകപ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനും ബുദ്ധിജീവിയുമായ ആനന്ദ് തെല്‍തുംബ്‌ഡെക്ക് ആണ്. ബി.ആര്‍. അംബേദ്കറുടെ ചെറുമകള്‍ രമാബായിയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. ഈ ധിഷണാശാലിയുടെ എണ്ണമറ്റ കൃതികള്‍ ലോകസര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ട്. ചാതുര്‍വര്‍ണവ്യവസ്ഥിതിയെ കുറിച്ച് ശക്തമായ വിമര്‍ശനം അഴിച്ചുവിട്ട് ഇവിടുത്തെ രാഷ്ട്രീയക്രമം മാറ്റിയെഴുതാന്‍ ആഹ്വാനം ചെയ്യുന്ന ഇദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും സവര്‍ണരുടെ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. ഹിന്ദുത്വ കശ്മലന്മാര്‍ തരവും സന്ദര്‍ഭവും ഒത്തുവരുമ്പോഴെല്ലാം വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ട് ആനന്ദിനെ കഴുമരത്തിലേറ്റാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ തക്കം പാര്‍ത്തുകഴിയുമ്പോഴാണ് 2018ജനുവരി ഒന്നിന് പൂണയിലെ ഭീമ കൊറേഗാവില്‍ ആംഗ്ലോമറാത്ത യുദ്ധത്തിന്റെ 200ാം വാര്‍ഷികം മോഡിസര്‍ക്കാറിന്റെ വര്‍ഗീയ, ജാതീയ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭൂമികയാക്കി മാറ്റിയെടുക്കാന്‍ എല്‍ഗാര്‍ പരിഷത്ത് പദ്ധതി ആവിഷ്‌കരിച്ചത്. 1818ല്‍ നടന്ന ഒരു ചരിത്രസംഭവത്തെ മുന്നില്‍വെച്ച് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജാതീയവും വര്‍ഗീയവുമായ നയനിലപാടുകള്‍ക്കെതിരെ കീഴാളവര്‍ഗത്തെ സംഘടിപ്പിക്കാനുള്ള ആ നീക്കം കാലോചിതമായ കാല്‍വെപ്പാകുമെന്ന് പഠിപ്പിച്ചത് സുപ്രീംകോടതി മുന്‍ ജഡ്ജി പി.ബി സാവന്തും ബോംബെ ഹൈകോടതി മുന്‍ ജഡ്ജി ബി.ജി കോല്‍ശെ പാട്ടീലുമാണെത്ര. ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിക്കാനുള്ള ആലോചനായോഗത്തിലേക്ക് താനും ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും യോഗത്തില്‍ പങ്കെടുക്കുകയോ ജനുവരി ഒന്നിന്റെ പരിപാടിയില്‍ എത്തിപ്പെടുകയോ ഉണ്ടായില്ലെന്ന് ആനന്ദ് തെല്‍തുംബ്‌ഡെ സാക്ഷ്യപ്പെടുത്തുന്നു. സംഘാടകസമിതി കണ്‍വീനര്‍മാരില്‍ ഒരാളായി പേര് ചേര്‍ത്തത് ഭീമ കൊറേഗാവ് സംഭവത്തിന്റെ ചരിത്രപ്രാധാന്യം മനസിലാക്കിയാണെന്നും അദ്ദേഹം എഴുതിയ തുറന്ന കത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. കൊടുംമര്‍ദകരായ പേഷ്വമാരുടെ പതനവും അവര്‍ക്കെതിരെ പോരാടിയ മഹര്‍ യോദ്ധാക്കളുടെ രക്തസാക്ഷിത്വവും വിസ്മരിക്കാനാവാത്ത സംഭവമാണ്. ബ്രാഹ്മണാധിപത്യത്തിനെതിരായ അന്നത്തെ പോരാട്ടത്തിന് വര്‍ത്തമാനകാല രാഷ്ട്രീയകാലാവസ്ഥയില്‍ വലിയ പ്രസക്തിയുണ്ട്. എല്‍ഗാര്‍ പരിഷത്ത് ദളിത് സമൂഹവുമായി കൈകോര്‍ത്തത് ഹിന്ദുത്വശക്തിക്കളെ രോഷാകുലരാക്കിയപ്പോള്‍ അക്രമം അഴിച്ചുവിട്ടത് അവര്‍ തന്നെയാണ്. റാലിക്കായി ദളിതര്‍ സമ്മേളിച്ചപ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കല്ലെറിയുകയും കണ്ണില്‍കണ്ടവരെ മുഴുവന്‍ അക്രമിക്കുകയും ചെയ്തു. പൊലീസിന്റെ ഇടപെടലില്‍ ക്ഷതമേറ്റത് ദളിതര്‍ക്കാണ്. ആര്‍.എസ്.എസ് നിയോഗിച്ച ഗുണ്ടകളായിരുന്നു അനിഷ്ടസംഭവങ്ങള്‍ക്കു പിന്നില്‍. പക്ഷേ, ഇതിന്റെ പേരില്‍ ‘അര്‍ബണ്‍ നക്‌സലുകള്‍’ എന്ന് പേരിട്ട് ഇടതു ബുദ്ധിജീവികളെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്തു രാജ്യദ്രോഹകുറ്റം ചുമത്താനും പ്രധാനമന്ത്രി നരേന്ദമോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേസെടുക്കാനും ഭരണകൂടം ശ്രമങ്ങളാരംഭിച്ചപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത് പല കാരണങ്ങളാലാണ്. പി വരവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, ഗൗതം നാവ്‌ലാഖ, വ്യത്യസ്ത കര്‍മഭൂമികയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ ഒന്നിപ്പിക്കുന്ന ഘടകം, കീഴാളര്‍ക്കും അധഃസ്ഥിതവര്‍ഗങ്ങള്‍ക്കും വേണ്ടി പോരാടുകയും, അടിച്ചമര്‍ത്തപ്പെടുന്ന ജനതക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു എന്നതാണ്. രാജ്യത്തുടനീളം ദളിത് ആക്ടിവിസ്റ്റുകള്‍ക്ക് നേരെ തുടങ്ങിവെച്ച അടിച്ചമര്‍ത്തല്‍ നയം തന്നെയാണ് ഭീമ കൊറേഗാവിലെ സംഭവവികാസത്തിന്റെ പേരില്‍ സ്വീകരിച്ച ഭരണകൂട നടപടികള്‍.
കരിനിയമമായ യു.എ.പി.എ ചുമത്തിയാണ് ആനന്ദ് തെല്‍തുംബ്‌ഡെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ അംബേദ്കര്‍ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ കൂട്ടായ്മയും ഈ ക്രൂരതക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കെട്ടിച്ചമച്ച ‘തെളിവുകള്‍’ നിരത്തിയാണ് ആനന്ദിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ‘Comrade Anand’ ന് അയച്ച കത്തുകള്‍ എന്ന് പറഞ്ഞ് ഏതാനും വ്യാജഎഴുത്തുകള്‍ എടുത്തുകാട്ടിയാണ് അക്രമങ്ങള്‍ക്കും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനക്കും പിറകില്‍ ആനന്ദും മറ്റു ദളിത് നായകരും ഉണ്ടെന്ന് പൊലീസ് കള്ളം പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തും പുറത്തും ആഞ്ഞടിക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ദളിതു നേതാക്കള്‍ക്കും എതിരായ മഹരാഷ്ട്ര സര്‍ക്കാറിന്റെ നീക്കം മോഡിസര്‍ക്കാറിന്റെ ആശീര്‍വാദത്തോടെയാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നും ദളിത് നേതാവും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്‌നേഷ് മേവാനിയെ പോലുള്ളവര്‍ തുറന്നുകാട്ടുന്നുണ്ട്. ഭരണപരാജയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിട്ട്, സവര്‍ണരെ കീഴാളവര്‍ഗത്തിന്റെ ശത്രുപക്ഷത്ത് നിറുത്തുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷക്ക് കനത്ത വെല്ലുവിളി ഉയരുന്നുണ്ട് എന്ന് കാണിച്ച് ഭ്രാന്തമായ ദേശീയവികാരം ഉണര്‍ത്തിവിടാനും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വേണ്ടി ആസൂത്രണം ചെയ്ത നാടകങ്ങളാണിത്. ദളിതുകള്‍ക്കും മറ്റു കീഴാളജാതിക്കാര്‍ക്കും വേണ്ടി വാദിക്കാന്‍ ആരുമുണ്ടാവരുതെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. പല കോണുകളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ദളിത് ശബ്ദത്തെ അതിന്റെ ഉറവിടത്തില്‍വെച്ച് തന്നെ അടിച്ചമര്‍ത്തുകയും ചാതുര്‍വര്‍ണ്യ സാമൂഹിക ക്രമത്തിന് പുറത്ത് നിലക്കുനിറുത്തുകയും ചെയ്യുന്നത്, ഇഗാലിറ്റേറിയന്‍ സൊസൈറ്റി വിഭാവന ചെയ്യുന്ന ഭരണഘടന തട്ടിമാറ്റി തല്‍സ്ഥാനത്ത് മനുസ്മൃതി പ്രതിഷ്ഠിക്കാനാണ്. ഗോത്രവര്‍ഗത്തിനും കീഴാളജാതിക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ശബ്ദങ്ങള്‍ കോര്‍പറേറ്റ്, മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നതിനാല്‍, ഭരണകൂടത്തിന്റെ ഒത്താശയോടെ ജീവിതപുറമ്പോക്കില്‍ കഴിയുന്നവരില്‍ ഭീതിയും ആശങ്കകളും കുത്തിനിറക്കാന്‍ അവര്‍ക്കുവേണ്ടി വാദിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നത് സര്‍ക്കാര്‍ നയമായി മാറി.

ദേശസ്‌നേഹികളും ദേശേദ്രാഹികളും
മോഡിസര്‍ക്കാറിനെ വിമര്‍ശിക്കുന്നത് കൊടിയ രാജ്യേദ്രാഹമായി മുദ്ര കുത്താനും ദേശീയതയുടെ മൊത്തകുത്തക തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള സംഘ്പരിവാര്‍ പദ്ധതി അടിയന്താരവസ്ഥയില്‍ ഇന്ദിരാഗാന്ധി പ്രദര്‍ശിപ്പിച്ച ഏകാധിപത്യപ്രവണതയുടെ ഹിന്ദുത്വമാതൃകയാണ്. ബി.ജെ.പി സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതെന്തും രാജ്യേദ്രാഹപരമാണെന്ന് തീര്‍പ്പ് കല്‍പിച്ച്, രാഷ്ട്രീയ എതിരാളികളെ വകവരുത്തുക എന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നടപടികളാണ് മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. വിവിധ മേഖലകളില്‍ ഖ്യാതി നേടിയ അഞ്ച് മഹദ് വ്യക്തിത്വങ്ങളെ കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനും ജയിലിലടക്കാനും നടത്തിയ കുല്‍സിത ശ്രമങ്ങളെ തല്‍ക്കാലത്തേക്ക് തടഞ്ഞത് പരമോന്നത നീതിപീഠമാണ്. റോമില ഥാപ്പറെ പോലെ വിശ്വവിഖ്യാത ചരിത്രകാരിയെ പോലുള്ള ഇടതുചിന്തകരാണ് ആക്ടിവിസ്റ്റുകള്‍ക്ക് വേണ്ടി ന്യായാസനത്തെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എം ഖാന്‍വില്‍ക്കറും ഇവരെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാതെ വീട്ടുതടവിലിടാന്‍ കല്‍പിക്കുകയായിരുന്നു. അറസ്റ്റിലായത് പ്രശസ്തരായ പ്രഫസര്‍മാരും അഭിഭാഷകരും അക്കാദമീഷ്യന്മാരും കവിമാരും ബുദ്ധിജീവികളുമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സര്‍ക്കാരിനെ ഒരു കാര്യം ഓര്‍മിപ്പിച്ചു: ‘Dissent is the safety valves of democracy : if dissent is not allowed; then the pressure cooker may burst’ വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാവാല്‍വാണ്. വിയോജിപ്പ് അനുവദിക്കുന്നില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചേക്കാം’.

ആനന്ദ് തെല്‍തുംബ്‌ഡെക്കെതിരായ നടപടി രാജ്യത്താകമാനം പ്രതിഷേധവും രോഷവും പരത്തിയിട്ടുണ്ട്. രാജ്യേദ്രാഹകുറ്റമാണ് അദ്ദേഹത്തിന്റെമേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഭീകരവാദികളെ കുരുക്കാന്‍ ഉപയോഗിക്കുന്ന യു.എ.പി.എ ചുമത്തിയത് ആസൂത്രിതമായാണ്. കനയ്യ കുമാറിനെതിരെയും രാജ്യേദ്രാഹകുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ആര്‍.എസ്.എസുകാര്‍ മാത്രം രാജ്യസ്‌നേഹികളും അവരെ എതിര്‍ക്കുന്നവരെല്ലാം രാജ്യേദ്രാഹികളുമാണെന്ന ലഘുവായ സൂത്രവാക്യത്തിന്റെ പുറത്താണ് മോഡിയുടെ രാഷ്ട്രീയം മുന്നോട്ടുനീങ്ങുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജ്യേദ്രാഹികളെ പ്രദര്‍ശിപ്പിച്ച് ദേശീയതയുടെ ഭ്രാന്തന്‍ മുദ്രാവാക്യം ഇക്കൂട്ടര്‍ മുഴക്കുമെന്നുറപ്പാണ്. പക്ഷേ, കീഴാളരുടെ ശബ്ദം എന്നെന്നേക്കുമായി അടിച്ചമര്‍ത്താമെന്ന് ഹിന്ദുത്വവാദികള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. നീഗ്രോകളും യഹൂദരും ശാക്തീകരണത്തിന്റെ വഴിയില്‍ നേടിയ മുന്നേറ്റം ഇന്ത്യയിലെ കീഴാളവര്‍ഗത്തിനു മാത്രം നിഷേധിക്കാമെന്ന് കരുതുന്നത് ഭോഷത്തരമാണ്. പുതിയ അരുണോദയം അവരെ കാത്തിരിക്കുന്നുണ്ടെന്നാണ് നഗരഗ്രാമ വ്യത്യാസമില്ലാതെ, ഉണര്‍ന്നുകൊണ്ടിരിക്കുന്ന അധഃസ്ഥിതന്റെ അവസ്ഥ വിളിച്ചുപറയുന്നത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login