തൊള്ളായിരത്തി എഴുപതല്ല രണ്ടായിരത്തി പത്തൊമ്പത്

തൊള്ളായിരത്തി എഴുപതല്ല രണ്ടായിരത്തി പത്തൊമ്പത്

വിദ്യാര്‍ത്ഥികളെ കുറിച്ച് പറഞ്ഞ് തുടങ്ങാമെന്ന് തോന്നുന്നു. അരാഷ്ട്രീയതയും ഗാംഗിസവും ആഘോഷത്തിമര്‍പ്പും വര്‍ധിച്ചുവരുന്നു. റേവ് പാര്‍ട്ടികളും ലഹരിയും സാര്‍വത്രികമായിരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടം തിരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നു. ഇങ്ങനെയൊരു കാലത്ത് കാമ്പസ് ആക്ടിവിസത്തെ എങ്ങനെയാണ് കാണുന്നത്?
സി കെ റാശിദ് ബുഖാരി: വിദ്യാര്‍ത്ഥികളെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആദ്യമേ പറയാനുള്ളത്. അവര്‍ കുറേക്കൂടി ക്രിയാത്മകമായും ധിഷണാപരമായും ആലോചിക്കുന്നവരാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ചയും അത് നല്‍കിയ അനന്തസാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തുന്നു. അവരോട് സംസാരിക്കാനും അവരുടെ കഴിവുകളെ ശരിയായി പ്രയോഗിക്കാനും സമൂഹത്തിനു സാധിക്കാതെ പോകുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലെല്ലാം അവര്‍ക്ക് നിലപാടുണ്ട്, ബോധ്യങ്ങളുണ്ട്. ആ നിലപാടുകളോട് സംവദിക്കാതെ, അവരുടെ ക്രയശേഷിയെ പരിഗണിക്കാതെ അവരെ കുറ്റപ്പെടുത്തുന്നതിലാണ് പലര്‍ക്കും താത്പര്യം.

എ മുഹമ്മദ് അശ്ഹര്‍: വിദ്യാര്‍ത്ഥികള്‍ സ്വന്തത്തിലേക്ക് ഉള്‍വലിയുന്നു എന്ന് സമൂഹം പരാതിപ്പെടുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകുന്ന കാര്യം, ഉള്‍വലിയുന്നത് വിദ്യാര്‍ത്ഥികളല്ല സമൂഹമാണ് എന്നതാണ്. പുതുതലമുറയുടെ നന്‍മകള്‍ കണ്ടില്ലെന്നു നടിച്ച്, അവരുടെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും കണ്ണും കാതും തുറന്നുവെക്കുന്ന പ്രവണതയാണ് ആദ്യം തിരുത്തപ്പെടേണ്ടത്. കൂടെനിന്നില്ലെങ്കിലും ഗാലറിയിലിരുന്ന് കല്ലെറിയാതിരിക്കാനുള്ള സൗമനസ്യമെങ്കിലും പുതുതലമുറ അര്‍ഹിക്കുന്നു. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പേരില്‍ എസ് എസ് എഫ് മുമ്പൊരു കാമ്പയിന്‍ നടത്തിയിരുന്നു. ന്യൂജെന്‍ നന്മകളെയാണ് എസ് എസ് എഫ് ആ കാമ്പയിനില്‍ ഉയര്‍ത്തിക്കാട്ടിയത്. അവര്‍ക്ക് പിഴവുകള്‍ സംഭവിക്കുമ്പോള്‍ കൂടെ നിന്ന് തിരുത്തുകയും അവരുടെ നന്മകളെ മനം നിറഞ്ഞഭിനന്ദിക്കുകയും ചെയ്തു കൂടിയാണ് എസ് എസ് എഫ് പുതുതലമുറയെ ചേര്‍ത്തുനിര്‍ത്തിയത്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഹോസ്റ്റല്‍ മുറികള്‍ ദുരിതബാധിതര്‍ക്ക് വേണ്ടി തുറന്നുകൊടുക്കുകയും അവരുടെ കണ്ണീരൊപ്പാന്‍ കൈത്താങ്ങാവുകയും ചെയ്ത വിദ്യാര്‍ത്ഥി നന്മകള്‍ നമുക്ക് കാണാതിരിക്കാനാകുമോ?

ഇങ്ങനെയൊക്കെ പറയുമ്പോഴും അരാഷ്ട്രീയത ആപത്കരമായ അളവില്‍ കാമ്പസുകളെ പിടികൂടുന്നത് കാണാതിരുന്നുകൂടാ.
അശ്ഹര്‍: എല്ലാ കാലത്തും ഒരേ മാപിനി ഉപയോഗിച്ച് അളക്കുന്നതിന്റെ പ്രശ്നമാണ്. അറുപതെഴുപതുകളുടെ പകര്‍പ്പ് തന്നെയാകണം 2019 എന്ന് ശഠിക്കുന്നത് ബുദ്ധിശൂന്യമാണ്. അക്കാലത്തെ കാമ്പസുകള്‍ അന്നത്തെ രാഷ്ട്രീയം സംസാരിച്ചു. ഇന്നത്തെ കാമ്പസുകള്‍ ഇപ്പോഴത്തെ രാഷ്ട്രീയം പറയുന്നു. ചുവപ്പു വിപ്ലവത്തോടുള്ള ഭ്രമമായിരുന്നു എഴുപതുകളിലെ ചില കാമ്പസുകളില്‍ പ്രകടമായിരുന്നത്. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഇപ്പോള്‍ ഫാഷിസമാണ് മുഖ്യവിപത്ത്. അത് തിരിച്ചറിഞ്ഞു പ്രതികരിക്കുന്നതില്‍ ഇന്നത്തെ കാമ്പസ് തലമുറ മുന്നില്‍ തന്നെയുണ്ട്. വിശിഷ്യാ ദേശീയ കാമ്പസുകളില്‍ നിന്ന് പ്രതീക്ഷയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്.

അപ്പോള്‍ കേരളത്തിലോ?
അശ്ഹര്‍: കേന്ദ്രസര്‍വകലാശാലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സ്ഥിതി നിരാശാജനകമാണ്. അതിന്റെ പ്രധാനകാരണങ്ങളിലൊന്ന് രാഷ്ട്രീയവിദ്യാര്‍ത്ഥി സംഘടനകളുടെ പിടിപ്പുകേടാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രസക്തമായ ഒരു മുദ്രാവാക്യം മുന്നോട്ടുവെക്കാനോ ഒരു സമരം നടത്തി വിജയിപ്പിക്കാനോ ഈ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആകെ ഉണ്ടായ കുറെ ഒച്ചപ്പാടുകളും അക്രമങ്ങളും മാത്രമാണ്. മാതൃപാര്‍ട്ടികളുടെ കൂലിത്തല്ലുകാരായി വിദ്യാര്‍ത്ഥിസംഘടനകള്‍ മാറിയതിന്റെ ദുരന്തപരിണതിയാണിത്. സര്‍ഗാത്മക അന്തരീക്ഷം രൂപപ്പെടുത്താന്‍ പരിശ്രമിക്കാതെ കാമ്പസുകളെ കൈപിടിയിലൊതുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിലാണ് ഇവര്‍ക്ക് താത്പര്യം. നോക്കൂ, ചില കോളേജുകളില്‍ എസ് എഫ് ഐക്ക് മൃഗീയാധിപത്യമുണ്ട്. അവിടെ മറ്റു സംഘടനകള്‍ ഒരു കൊടി കെട്ടുകയോ പോസ്റ്റര്‍ പതിക്കുകയോ ചെയ്യുന്നത് പോലും അവര്‍ക്ക് അസഹ്യമാണ്. എ ബി വി പിയുടെ കാര്യവും സമാനമാണ്. അതില്‍ അത്ഭുതമില്ല. ഒരു ഫാഷിസ്റ്റ് ഘടന അതിന്റെ ജീനില്‍ തന്നെയുണ്ട്. കെ എസ് യു ആകട്ടെ തികച്ചും നിഷ്‌ക്രിയമാണ്. ദേശീയതലത്തിലും അവരുടെ നില പരിതാപകരമാണ്.
രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ കാലങ്ങളായി സംസാരിക്കുന്നത് ഒരേ ഭാഷയിലാണ്. വിളിക്കുന്നത് ഒരേ മുദ്രാവാക്യമാണ്. വൈകാരികവും പ്രാദേശികവുമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്നതിനപ്പുറം എന്താണ് രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സാമൂഹിക ഇടപെടല്‍? തങ്ങള്‍ക്ക് കയ്യൂക്കുള്ള ഇടങ്ങളില്‍ കോട്ടകള്‍ സ്ഥാപിച്ചോ നീന്തിക്കയറിയ ചോരച്ചാലുകളെ കുറിച്ച് വാചാേടാപങ്ങള്‍ നടത്തിയോ ഇനിയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാമെന്നത് നടക്കില്ല. പുതിയ കാലത്തെ വിദ്യാര്‍ത്ഥികളെ സംബോധന ചെയ്യാന്‍ പുതിയ ഭാഷ കണ്ടെത്തേണ്ടതുണ്ട്. മുഖ്യാധാര സംഘടനകളെ വിദ്യാര്‍ത്ഥികള്‍ കയ്യൊഴിയുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. ആത്മവിമര്‍ശനങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും എല്ലാവരും തയാറാകണം. ഇവിടെയൊരു ബദല്‍ രാഷ്ട്രീയത്തെ മുന്നോട്ട് വെക്കാനാണ് എസ് എസ് എഫ് ശ്രമിക്കുന്നത്.

റാശിദ് ബുഖാരി: ഒരു എം എല്‍ എ യൂണിയന്‍ ഉദ്ഘാടത്തില്‍ നടത്തിയ പ്രസംഗം ശ്രദ്ധയില്‍പെട്ടു. കുറ്റബോധമില്ലാതെ കുറ്റം ചെയ്യാനുള്ള ഇടമാണ് കാമ്പസ് എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത്തരം വിചാരങ്ങളാണ് കുട്ടികളെയും സ്വാധീനിക്കുന്നത്. അവരെ നല്ല പൗരന്മാരായി രൂപപ്പെടുത്തുന്നതിന് പകരം അവര്‍ക്കിഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുക എന്നിടത്താണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്. തെരുവിലെ ട്രെന്‍ഡിനനുസരിച്ച് കാമ്പസിലെ അജണ്ടകള്‍ ക്രമപ്പെടുത്തുകയാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ആട്ടവും പാട്ടും മാത്രമായി അവ ചുരുങ്ങുന്നു. മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഉത്ഘാടനത്തിന് ക്ഷണിക്കപ്പെട്ടത് പ്രഗല്ഭരായ എഴുത്തുകാരും സാഹിത്യകാരന്മാരുമായിരുന്നു. ബൗദ്ധികമായ ഇടപെടലിന് പ്രാപ്തിയില്ലാത്ത, ഗോഷ്ടികളിലൂടെ മാത്രം പേരെടുത്ത സിനിമ, സീരിയല്‍ താരങ്ങളാണിപ്പോള്‍ യൂണിയന്‍ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടുന്നത്. ധൈഷണിക – വൈജ്ഞാനിക വ്യവഹാരങ്ങള്‍ കേരളത്തിലെ കാമ്പസുകളില്‍ കുറഞ്ഞുവരുന്നു. എസ് എസ് എഫ് പറയുന്നത് ഒഴുക്കിനെതിരെ നീന്താനാണ്. അതാകട്ടെ ശ്രമകരവുമാണ്. പക്ഷെ അത് സാധ്യമാണ്. എസ് എസ് എഫ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും മറ്റൊന്നല്ല.

മതസംഘടനകള്‍ അരാഷ്ട്രീയത വളര്‍ത്തുന്നു എന്നൊരാക്ഷേപമുണ്ട്. കാമ്പസ് തലമുറയെ രാഷ്ട്രീയബോധ്യമുള്ളവരാക്കി തീര്‍ക്കാന്‍ എസ് എസ് എഫിന് കഴിയുന്നുണ്ടോ?
റാശിദ് ബുഖാരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ കൊടി പിടിക്കുന്നതാണോ രാഷ്ട്രീയം? ആ കൊടി പിടിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു വിദ്യാര്‍ത്ഥിസംഘടന രാഷ്ട്രീയസംഘടനയാകുമോ? ഉള്ളടക്കത്തിലും പ്രയോഗത്തിലും എത്രത്തോളം രാഷ്ട്രീയമാകാന്‍ കഴിയുന്നുണ്ട് കേരളത്തിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക്? എസ് എസ് എഫ് ഒരു പാര്‍ട്ടിയുടെയും കൊടിക്കീഴില്‍ നില്‍ക്കാതെ തന്നെ രാഷ്ട്രീയം പറയുന്നു. നമ്മുടെ കാലത്തിന്റെ ആസുരതകള്‍ തിരിച്ചറിഞ്ഞ് ക്രിയാത്മക/ സര്‍ഗാത്മക പ്രതിപക്ഷമാകാന്‍ എസ് എസ് എഫിന് കഴിയുന്നുണ്ട്. മുനയുള്ള മുദ്രാവാക്യങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള ചിന്തകളിലാണ് എസ് എസ് എഫ് പുതുകാലത്തിന്റെ രാഷ്ട്രീയം കാണുന്നത്.

ജെ എന്‍ യു വിദ്യാര്‍ത്ഥിയൂണിയന്‍ നേതാക്കള്‍ക്കെതിരെ പഴയൊരുകേസില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയത് ഈയടുത്ത് വാര്‍ത്തയായി. എസ് എസ് എഫ് എങ്ങനെ പ്രതികരിക്കുന്നു?
അശ്ഹര്‍ : ജനാധിപത്യമാര്‍ഗങ്ങളിലുള്ള സമരം പോലും, താത്പര്യങ്ങള്‍ക്കെതിരാണ് എന്നതുകൊണ്ട് മാത്രം രാജ്യദ്രോഹമായി ചിത്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിമര്‍ശനങ്ങളെ അടിച്ചൊതുക്കുന്ന, പ്രതികരിക്കുന്നവരുടെ ജീവനെടുക്കുന്ന ഫാഷിസ്റ്റ് രീതിയാണിത്. നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുമ്പില്‍ തോറ്റുകൊടുക്കില്ലെന്ന് തീരുമാനിക്കുക. ഇന്ത്യയുടെ യഥാര്‍ത്ഥ പ്രതിപക്ഷം കാമ്പസുകളാണെന്ന് രാജ്യംഭരിക്കുന്നവര്‍ ഇതിനകം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അവിടെ നിന്നുണ്ടാകുന്ന ശബ്ദങ്ങള്‍ ഇല്ലാതാക്കേണ്ടത് അവരുടെ ആവശ്യമാണ്. ആ വഴിയിലുള്ള പ്രതികാര നടപടിയാണ് ജെ എന്‍ യുവില്‍ കണ്ടത്.

മഹാരാജാസ് കോളേജിലെ അഭിമന്യു വധം കേരളത്തില്‍ അത്യസാധാരണമായ ചില ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കാമ്പസുകളിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും മതസംഘടനകളുടെ കടന്നുകയറ്റവും ചര്‍ച്ചക്ക് വിഷയങ്ങളായി. മതസംഘടനകളുടെ കാമ്പസ് സാന്നിധ്യം സംശയാസ്പദമാകാനും അഭിമന്യുവധം കാരണമായി. കാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് മേല്‍ക്കൈ നേടാവുന്ന എന്ത് സാഹചര്യമാണ് കേരളത്തിലെ കാമ്പസുകളിലുള്ളത്?
റാശിദ് ബുഖാരി: അഭിമന്യുവിന്റെ കൊലപാതകത്തിന് മതത്തിന്റെ മുഖം നല്‍കാന്‍ ശ്രമമുണ്ടായി എന്നത് ശരിയാണ്. അതിനര്‍ത്ഥം കുറ്റാരോപിതരായ ആ സംഘടനയ്ക്ക് കാമ്പസുകളില്‍ മേല്‍ക്കൈ ഉണ്ട് എന്നല്ല. അവര്‍ എല്ലായിടത്തും സ്വീകരിക്കപ്പെടുന്ന സാഹചര്യവുമില്ല. അതൊരു മതസംഘടനയല്ല. പ്രശ്നങ്ങളില്‍ നിന്ന് തടിയൂരാന്‍ അവര്‍ മതത്തെ ദുരുപയോഗിക്കുകയാണ്. അതിനെതിരെ സമുദായ നേതൃത്വം ശക്തമായി തന്നെ പ്രതികരിച്ചിട്ടുമുണ്ട്. സംഘടനാപരമായ തര്‍ക്കങ്ങളുടെ ഇരയാണ് അഭിമന്യു. ആ കൊലയിലേക്ക് ചിലര്‍ മതത്തെ വലിച്ചിഴച്ചതാണ്, തികച്ചും ദുഷ്ടലാക്കോടെ. ജീവനെടുത്തും കൈവെട്ടിയും വിപ്ലവം തീര്‍ക്കാമെന്ന വ്യാമോഹമാണ് അവരെ നയിക്കുന്നത്.
അതിന്റെ പേരില്‍ മതാടിത്തറയുള്ള മുഴുവന്‍ സംഘടനകളുടെയും പ്രവര്‍ത്തനം കാമ്പസുകളില്‍ നിരോധിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല. മതം വിശ്വാസികളോട് മാത്രമല്ല സംസാരിക്കുന്നത്, മുഴുവന്‍ ജനങ്ങളോടുമാണ്. മതം ഗുണകാംക്ഷയാണ്, അതില്‍ നിന്ന് ആരും പുറത്തല്ല. മതവും വര്‍ഗീയതയും രണ്ടായി കാണണം. എസ് എസ് എഫിന് മതപരമായ പ്രതിബദ്ധതയുണ്ട്, വര്‍ഗീയമായ ലക്ഷ്യങ്ങള്‍ ഒന്നുമേയില്ല. ഇസ്‌ലാമില്‍ മനുഷ്യാവകാശമുണ്ട്. പാരിസ്ഥിതിക കാഴ്ചപ്പാടുണ്ട്. മനുഷ്യേതര ജീവികളോടുള്ള ബാധ്യതകളുണ്ട്. ആ നൈതികതയെ പ്രകാശിപ്പിക്കുകയാണ് എസ് എസ് എഫ് ചെയ്യുന്നത്. സാമൂഹിക സേവനം ഒരു മതപക്ഷ ആശയമായിരിക്കുമ്പോള്‍ തന്നെ ഇക്കാലത്ത് അതിനു വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. വിദ്യാര്‍ത്ഥികളില്‍ സേവന മനസ് രൂപപ്പെടുത്തുന്നതിനായി എസ് എസ് എഫ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. മതബോധം രാഷ്ട്രസേവനത്തിലെ അധികമൂല്യമായി കാണുന്ന സംഘടനയാണ് എസ് എസ് എഫ്. മതം സ്വകാര്യത ആയല്ല, സമൂഹത്തിലേക്ക് പ്രസരിക്കേണ്ട മൂല്യവും നന്‍മയും ആയാണ് എസ് എസ് എഫ് കരുതുന്നത്.
അശ്ഹര്‍: അഭിമന്യു വധാനന്തര ചര്‍ച്ചകളോട് ചേര്‍ത്ത് പറയേണ്ട ചില കാര്യങ്ങളുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസുകളില്‍ സ്വീകരിക്കുന്ന ഫാഷിസ്റ്റ് സമീപനങ്ങളും ചര്‍ച്ചയാവണം. തങ്ങള്‍ക്കാധിപത്യമുള്ള കാമ്പസിലെ എല്ലാ എതിര്‍ ശബ്ദങ്ങളെയും നിശബ്ദമാക്കുന്ന രീതി മാറണം. എസ് എഫ് ഐ തന്നെയാണ് ഈ രീതി സ്വീകരിക്കുന്നവരില്‍ മുന്നില്‍. സംവാദങ്ങള്‍ക്ക് പോലും ഇടം നല്‍കാതെ നിലഭദ്രമാക്കാമെന്ന ധാരണകള്‍ തകരുക തന്നെ ചെയ്യും. അതോടൊപ്പം അപകടരമായ ആശയങ്ങള്‍ മതത്തിന്റെ പേരില്‍ അവതരിപ്പിക്കുന്ന കാമ്പസ് ഫ്രണ്ടും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് ഇല്ലാതാക്കുന്നത് കാമ്പസിനകത്തെ ജനാധിപത്യ സാധ്യതകളെയാണ്. ജനാധിപത്യപരമായ എല്ലാ വ്യവഹാരങ്ങള്‍ക്കും അവസരം നല്‍കി മുന്നോട്ടുപോകാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്.

മതം ഒരാളുടെ സ്വകാര്യതയാണ് എന്നും അത് തുറന്ന ഇടങ്ങളിലേക്ക് കൊണ്ടുവരേണ്ടതില്ല എന്നും ചിലര്‍ക്ക് വാദമുണ്ട്?
റാശിദ് ബുഖാരി: അതെങ്ങനെ ശരിയാകും? ഒരാളുടെ മതവിശ്വാസത്തിന്റെ ഗുണം സമൂഹവും രാഷ്ട്രവും അനുഭവിക്കുന്നില്ലേ. വ്യക്തി നന്നായാല്‍ സമൂഹം നന്നാകും. നല്ല സമൂഹങ്ങളാണ് ഒരു രാഷ്ട്രത്തിന്റെ സമ്പാദ്യം. ഒരാളുടെ ജീവിതത്തെ നന്മയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മറ്റെന്തിനേക്കാളും പങ്ക് മതത്തിനുണ്ട് എന്നത് വസ്തുതയാണ്. കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍, സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യാന്‍, സഹജീവികളുടെ വേദനകള്‍ അറിയാന്‍, അത് പരിഹരിക്കാന്‍, പരിസ്ഥിതി സംരക്ഷിക്കാന്‍, ജീവന് വിലകല്‍പിക്കാന്‍, ഭൂമി മറ്റു ജീവജാലങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന ബോധമുണ്ടാക്കാന്‍. ഇതെല്ലാം ഉള്‍ചേര്‍ന്നതാണ് ഒരാളുടെ മതജീവിതം. അപ്പോള്‍ പിന്നെങ്ങനെയാണ് മതം സ്വകാര്യമായ ഒരിടപാടാകുന്നത്?

ആവിഷ്‌കാരങ്ങള്‍ക്ക് മതം തടസ്സമാകുന്നുവെന്നാണ്?
റാശിദ് ബുഖാരി : ആവിഷ്‌കാരത്തെ നിര്‍വചിക്കേണ്ടതുണ്ട്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ആവിഷ്‌കാരം എന്ന ധാരണയാണ് പിഴച്ചത്. സാമൂഹിക വ്യവസ്ഥയുടെ താളം തെറ്റിക്കുന്ന ആവിഷ്‌കാരങ്ങള്‍ നിയന്ത്രിക്കപ്പെടണം. ഓരോ രാജ്യത്തിനും സമൂഹത്തിനും ചില വ്യവസ്ഥിതികളുണ്ട്. ആ വ്യവസ്ഥിതിയെ പരിപാലിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെയും കര്‍ത്തവ്യങ്ങള്‍ മറന്ന് പോകരുതെന്നാണ് എസ് എസ് എഫിന് പറയാനുള്ളത്.

അശ്ഹര്‍ : വൈജ്ഞാനിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മതം ചെയ്തിട്ടുള്ളത്. പഠന പര്യവേക്ഷണങ്ങളുടെ അനന്ത സാധ്യതകള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കാവണം. അതിന് മതം ഒരു തടസ്സമാകുന്നില്ല. ആവരെ ആ അര്‍ത്ഥത്തില്‍ മോള്‍ഡ് ചെയ്യാനാണ് എസ് എസ് എഫ് ശ്രമിക്കുന്നത്. അറിവ് നേടിയാണ് കാലത്തെ തിരുത്തേണ്ടത്. കരിക്കുലത്തില്‍ തന്നെ അത്തരം മാറ്റങ്ങള്‍ കൊണ്ടുവരണം.

വിദ്യാഭ്യാസ രീതിശാസ്ത്രങ്ങളില്‍ മാറ്റമുണ്ടാകണമെന്നാണോ?
അശ്ഹര്‍ : തീര്‍ച്ചയായും. സാമൂഹിക അവബോധം നല്‍കുന്ന വിദ്യാഭ്യാസ രീതികള്‍ രൂപപ്പെടണം. കരിക്കുലത്തില്‍ മൂല്യവിചാരങ്ങള്‍ക്ക് കൂടി ഇടമുണ്ടാവണം. ഓരോ കാലത്തും ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രം പോരാ, അത് പ്രയോഗവത്കരിക്കാന്‍ അവസരമൊരുക്കുംകയും വേണം.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം അടിമുടി മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു കുടക്കീഴിലാക്കുന്നു. ഈ മാറ്റങ്ങളെ എസ് എസ് എഫ് എങ്ങനെ കാണുന്നു?
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്ന ഏത് പരിഷ്‌കരണത്തെയും എസ് എസ് എഫ് സ്വാഗതം ചെയ്യുന്നു. അതേസമയം ഭരിക്കുന്നവരുടെ ആശയവും രാഷ്ട്രീയതാല്‍പര്യങ്ങളും ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടക്കാറുണ്ട്. അത്തരം ഒളിഅജണ്ടകള്‍ ഉണ്ടാകാതിരിക്കുക എന്നത് ഏത് പരിഷ്‌കരണത്തിന്റെയും മുന്നുപാധിയായി എസ്.എസ്.എഫ് കരുതുന്നു.

മുസ്‌ലിം ആണ്‍കുട്ടികള്‍ പഠനരംഗത്ത് നിന്ന് പിന്നോട്ടുപോവുന്നു എന്ന ചര്‍ച്ച ഉയര്‍ന്നുവരുന്നുണ്ട്.
അശ്ഹര്‍ : എല്ലാ ആണ്‍കുട്ടികളും എന്ന് പറയുന്നതായിരിക്കും ശരി. പെണ്‍കുട്ടികള്‍ മെറിറ്റോറിയസാണ്. പക്ഷേ ആണ്‍കുട്ടികള്‍ മത്സര പരീക്ഷകളിലും പഠന രംഗത്തും പിന്നോട്ടുപോവുന്നുണ്ട്. ഇതിന് വ്യത്യസ്ത കാരണങ്ങളുണ്ടാവാം. ഒന്നാമത്തേത് അവരുടെ അജണ്ടയില്‍ മാറ്റങ്ങളുണ്ടായി എന്നത് തന്നെയാണ്. സാഹചര്യങ്ങള്‍ അവരെ വ്യത്യസ്തമായ കാര്യങ്ങളിലേക്ക് ചലിപ്പിക്കുന്നു. കുട്ടികള്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളില്ലാതെ പോകുന്നു. അധ്യാപനം കേവലം ജോലിയായി മാത്രം മാറുന്നു. അധ്യാപനം സേവനമായും സമര്‍പ്പണമായും കരുതുന്ന അധ്യാപകരുടെ എണ്ണം തുലോം കുറവാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയായി വേണം കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിശോധിക്കാന്‍. പലകാരണങ്ങളാല്‍ നല്ലൊരു ശതമാനം ആണ്‍കുട്ടികളും പിറകോട്ട് പോകുന്നു എന്നതാണ് സത്യം. ഈയൊരു തിരിച്ചറിവാണ് ചില പദ്ധതികളിലേക്ക് എസ് എസ് എഫിനെ നയിച്ചത്. ഒന്ന് യംഗ് സ്‌കോളര്‍ ഫെല്ലോഷിപ്പ്. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് അഭിരുചിയുള്ള കരിയറില്‍ മുന്നോട്ട് പോകുന്നതിനുള്ള മെന്ററിംഗ്. അതുപോലെ ഗ്രാമങ്ങളില്‍ നടത്തിവരുന്ന പഠനോത്സവം. എല്ലാ കുട്ടികള്‍ക്കും മിനിമം ലെവല്‍ ഓഫ് ലേണിംഗ് എന്നതാണ് പഠനോത്സവത്തിന്റെ താത്പര്യം. ഒപ്പം കരിയര്‍ രംഗത്ത് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും സംഘടന സംവിധാനങ്ങള്‍ ഒരുക്കുന്നു.

റാശിദ് ബുഖാരി: സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളിലെ മികവ് എടുത്തു പറയേണ്ടതാണ്. മുഖ്യധാരാ പഠനം പോലുമല്ല അവരുടേത്. പാരലല്‍ സംവിധാനങ്ങളിലൂടെ പഠിച്ച് ഈ വിദ്യാര്‍ത്ഥികള്‍ വലിയ ലക്ഷ്യങ്ങളിലെത്തിച്ചേരുന്നുണ്ട്. അതിലെ പ്രധാനപ്പെട്ട ഘടകം അവര്‍ വളരേണ്ടത് സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും സ്വപ്‌നമാണ് എന്നത് കൂടിയാണ്.

ഉന്നത പഠന രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച്?
അശ്ഹര്‍: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥിപ്രവേശം മികവടിസ്ഥാനത്തില്‍ മാറ്റിയത് കൊണ്ട് മാത്രമായില്ല. അക്കാദമിക് രംഗത്തും മാറ്റങ്ങളുണ്ടാകണം. അടിസ്ഥാന സൗകര്യങ്ങളിലും നിലവാരത്തിലും സംസ്ഥാനം കേന്ദ്ര സര്‍വകലാശാലകളോട് കിടപിടിക്കുന്ന കാമ്പസുകള്‍ രൂപകല്‍പന ചെയ്യണം. ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം വിടണമെന്ന ദുര്‍ഗതി തിരുത്തണം. യൂണിവേഴ്‌സിറ്റിയിലെ അധികാര സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ മാത്രം പരിഗണിച്ചല്ലേ. ഇവിടെ നിന്നാണ് മാറ്റമുണ്ടാവേണ്ടത്. രാഷ്ട്രീയ കക്ഷി താത്പര്യങ്ങള്‍ക്കപ്പുറത്ത് അക്കാദമിക് പ്രൊഫൈല്‍ പരിഗണിക്കപ്പെടണം. മോണിറ്ററിംഗും കാര്യക്ഷമമാവണം. പൊതുവിദ്യാഭ്യാസം തകരുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസം തഴച്ചുവളരും. അസമത്വം വര്‍ധിക്കും. ഇപ്പോള്‍ തന്നെ സ്വകാര്യ മേഖലയിലെ പ്രധാന വ്യവസായമായി എന്‍ട്രന്‍സ് കോച്ചിംഗ് മാറുന്നു. നിര്‍ധനരായ കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കര്‍ പിന്തള്ളപ്പെടുന്നു. ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആരംഭിച്ച കോച്ചിംഗ് അത്ര കാര്യക്ഷമമല്ല. ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ എല്ലാവര്‍ക്കും പ്രാപ്യമായ സംവിധാനം സ്‌കൂള്‍ പഠനത്തിന് സമാന്തരമായി ഏര്‍പ്പെടുത്തുകയാണ് വേണ്ടത്.
റാശിദ് ബുഖാരി: ഇവിടെ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കും ചിലത് നിര്‍വഹിക്കാനാകും. എസ് എസ് എഫ് അത്തരം ചില ആലോചനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അഭിരുചി പ്രകാരമുള്ള പഠനത്തിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുകയാണ് പ്രസ്ഥാനം. ഓരോ യൂണിറ്റും വിദ്യാഭ്യാസ വില്ലേജായി മാറുക എന്നത് തന്നെയാണ് എസ് എസ് എഫ് കാണുന്ന സ്വപ്‌നം. ഓരോ പ്രവര്‍ത്തകനിലും ഇടപെടുകയും മാറിയ കാലത്തിന്റെ വ്യവഹാരങ്ങളോട് ചേര്‍ന്ന് ഇസ്‌ലാമിന്റെ പ്രകാശനം സാധ്യമാക്കും വിധത്തില്‍ അവരെ രൂപപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കുകയും ചെയ്യും. നേരത്തെ പറഞ്ഞത് പോലെ മതം വലിയ സാധ്യതയാണ്. അതാണ് എസ് എസ് എഫ് ഉപയോഗപ്പെടുത്തുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള കരുത്തും കരുതലും ഈ കൂട്ടായ്മക്കുണ്ട് എന്നതില്‍ സന്ദേഹമില്ല. എസ് എസ് എഫിന്റെ ചരിത്രവും വര്‍ത്തമാനവും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സി.കെ റാശിദ് ബുഖാരി, എ മുഹമ്മദ് അശ്ഹര്‍

You must be logged in to post a comment Login