കക്ഷിരാഷ്ട്രീയര്‍ക്കും അരാഷ്ട്രീയര്‍ക്കുമിടയിലെ കാമ്പസ് ആര്‍ത്തനാദങ്ങള്‍

കക്ഷിരാഷ്ട്രീയര്‍ക്കും അരാഷ്ട്രീയര്‍ക്കുമിടയിലെ കാമ്പസ് ആര്‍ത്തനാദങ്ങള്‍

സോഫി മഗ്ദലീന ഷോള്‍ എന്ന പെണ്‍കുട്ടിയെ ഇപ്പോള്‍ അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. മറവി ചിലപ്പോള്‍ ചരിത്രത്തോട് ചെയ്യുന്ന ആഴമേറിയ കുറ്റകൃത്യമാണെന്ന് പറയാറുണ്ട്. സോഫി ഷോള്‍ മറവിയിലേക്ക് പോകുന്നത് പ്രതിരോധത്തിന്റെ ചരിത്രത്തോട് ചെയ്യുന്ന വലിയ കുറ്റകൃത്യമാണ്. പ്രത്യേകിച്ചും വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരുങ്ങുമ്പോള്‍.
ജര്‍മനിയിലെ ഫോര്‍ചന്‍ബര്‍ഗില്‍ 1921-ലാണ് സോഫിയുടെ ജനനം. മുപ്പതുകളിലായിരുന്നു അവളുടെ സ്‌കൂള്‍ പഠനം. ചിത്രകാരിയായിരുന്നു. 1942-ല്‍ സോഫി മ്യുണിക് സര്‍വകലാശാലയില്‍ ചേര്‍ന്നു. ജീവശാസ്ത്രവും തത്വചിന്തയുമായിരുന്നു പഠനവിഷയങ്ങള്‍. നാല്‍പതുകള്‍ നിങ്ങള്‍ക്കറിയുന്നപോലെ ജര്‍മനി കലുഷിതമാണ്. ഉഗ്രാധിപതിയായി ഹിറ്റ്‌ലര്‍ വാഴുന്നു. പ്രതിശബ്ദങ്ങള്‍ അപ്രത്യക്ഷമാവുന്നു. എതിര്‍പ്പ് എന്ന വാക്കിന്റെ ആന്തല്‍ പോലും നിങ്ങളെ കൊലക്കൂട്ടിലേക്ക് നയിക്കും. ഗില്ലറ്റിന്‍ ഒരു അനുഷ്ഠാനവും തല ഛേദിക്കപ്പെട്ടവരുടെ പിടച്ചില്‍ ആനന്ദവുമായി കരുതിയ നിഷ്ഠൂരഭരണകൂടം അതിന്റെ സര്‍വസംഹാരങ്ങളും പുറത്തെടുക്കുന്ന കാലം. പ്രതിരോധം എന്ന പദം ജര്‍മനിയില്‍ ആത്മഹത്യ ചെയ്തു എന്ന് കവികള്‍. സര്‍വകലാശാലകള്‍ മുഴുവന്‍ ഹിറ്റ്‌ലര്‍ പടയുടെ നോട്ടത്തിനും പിന്തുടരലുകള്‍ക്കും കീഴെയാണ്. മനുഷ്യന്‍ എന്ന വാക്കിന് ഭയം എന്ന പര്യായം അരക്കിട്ടുറപ്പിച്ച കാലം. അക്കാലത്താണ് സോഫി ഷോള്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ എത്തുന്നത്. സോഫിയുടെ സഹോദരന്‍ ഹന്‍സ് ഷോള്‍ മ്യൂണികിലുണ്ടായിരുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ നാസിവിരുദ്ധ പ്രകമ്പനങ്ങളുടെ ഊര്‍ജകേന്ദ്രമായിരുന്നു അക്കാലത്ത് ഹന്‍സ് ഷോള്‍. സോഫിയും ഹന്‍സിനൊപ്പം ചേരുകയാണ്. ഐതിഹാസികമായ ഒരു സമരജീവിതം പിറക്കുകയാണ്. ഹന്‍സ് പ്രഭവകേന്ദ്രമായ ഒരു മുന്നേറ്റം മ്യൂണികില്‍ നിന്ന് പുറപ്പെടുന്നു. വൈറ്റ് റോസ് മൂവ്‌മെന്റ് എന്ന് ചരിത്രം വിളിക്കുന്ന നാസിവിരുദ്ധ ധൈഷണിക മുന്നേറ്റം. സോഫി അതിന്റെ ചാലക ശക്തിയായി. മ്യൂണികിലെയും മറ്റ് സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് രഹസ്യ ലഘുലേഖകള്‍ പ്രവഹിച്ചു. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാന്തസിനെക്കുറിച്ചുമുള്ള സൈദ്ധാന്തിക വിചാരങ്ങളായിരുന്നു ആ ലഘുലേഖകളുടെ മേല്‍ത്തട്ട്. നാസിജര്‍മനിക്കും അതിന്റെ ഭയാനകനായ ഫ്യൂറര്‍ക്കുമെതിരായ കുറ്റവിചാരണയായിരുന്നു അതിന്റെ അടിയൊഴുക്ക്. ജര്‍മന്‍ പൊതുമണ്ഡലത്തിലാകെ പ്രതിരോധത്തിന്റെ സാധ്യതകളെ ആ ലഘുലേഖകള്‍ പറത്തിവിട്ടു. വൈറ്റ് റോസ് പ്രസ്ഥാനത്തിന്റെ മുഖമായി സോഫി ഷോള്‍.
1943-ഫെബ്രുവരി പതിനെട്ടിന് സോഫിയും ഹന്‍സും മാക്‌സിമില്ല്യണ്‍സ് കാമ്പസില്‍ നിന്ന് പിടിക്കപ്പെട്ടു. വൈറ്റ്‌റോസിലെ അംഗങ്ങളായ മുഴുവന്‍ വിദ്യാര്‍ഥികളും ഗെസ്റ്റപ്പോയുടെ പിടിയിലായി. അതീവ ഹ്രസ്വമായ വിചാരണക്കൊടുവില്‍, ആയിരങ്ങളെ കൊന്നുതള്ളിയെന്ന് നാസി വാഴ്ത്തുകള്‍ക്ക് അര്‍ഹനായ ജോന്‍ റീഷേയുടെ മുന്നിലേക്ക് അവര്‍ നയിക്കപ്പെട്ടു. ഫെബ്രുവരി 22-ന് സോഫിയെയും ഹന്‍സിനെയും ഹിറ്റ്‌ലറുടെ ജര്‍മനി ഗില്ലറ്റിന് വിധേയരാക്കി. ശിരച്ഛേദം ചെയ്തു. ലോകവിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ ഏറ്റവും സാഹസികയായ പെണ്‍കുട്ടി ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരനായ ഭരണാധികാരിയാല്‍ കൊല്ലപ്പെട്ടു. “Es lebe die Freiheit!” (Long live freedom!) എന്നതായിരുന്നു അവരുടെ അന്ത്യമൊഴികള്‍. ഫെബ്രുവരി അതിമഹത്തായ ഒരു വിദ്യാര്‍ഥി പ്രതിരോധത്തിന്റെ ഓര്‍മ മാസമാണ്.
വിദ്യാര്‍ഥിമുന്നേറ്റവും ജനാധിപത്യവും എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി അമ്പതുകളിലും അറുപതുകളിലും പുറത്തുവന്ന അന്വേഷണങ്ങള്‍ പലവട്ടം പരാമര്‍ശിക്കുന്ന ഒന്നാണ് ജര്‍മനിയിലെ വൈറ്റ് റോസ് മൂവ്‌മെന്റ്. പഠിക്കുക പോരാടുക എന്ന, പില്‍ക്കാലത്ത് ബാനര്‍ ക്ലീഷേ ആയിത്തീര്‍ന്ന, വിദ്യാര്‍ഥിരാഷ്ട്രീയം സംബന്ധിച്ച ആപ്തവാക്യങ്ങളില്‍ ഒന്നിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരമായാണ് വൈറ്റ് റോസ് മുന്നേറ്റം വാഴ്ത്തപ്പെട്ടത്. പ്രതിരോധങ്ങള്‍ക്ക് ആശയാടിത്തറ സൃഷ്ടിക്കുക, പൊതുസമൂഹത്തെ പ്രചോദിപ്പിക്കുക, കലാശാലകളിലും ക്ലാസ് മുറികളിലും ഉരുവപ്പെടുന്ന ജ്ഞാനത്തെ സമൂഹത്തിന്റെ പലതട്ടുകളിലേക്ക് പ്രതിരോധാത്മകമായി വിന്യസിക്കുക, അതുവഴി പഠനത്തെ, പഠനത്തിലൂടെ ആര്‍ജിക്കുന്ന അറിവിനെ സാമൂഹ്യനിര്‍മിതിയുടെ അടിപ്പടവാക്കി പരിവര്‍ത്തിപ്പിക്കുക തുടങ്ങി വിദ്യാര്‍ഥിരാഷ്ട്രീയം എത്തിപ്പെടേണ്ട ഏറ്റവും മഹിതമായ തലത്തെ പ്രകാശിപ്പിക്കുകയായിരുന്നു അല്‍പായുസ്സായിരുന്ന ആ മുന്നേറ്റം.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പില്‍ക്കാലത്ത് ഉരുവം കൊണ്ട വലിയ പ്രക്ഷോഭങ്ങളുടെ അടിത്തട്ടില്‍ പ്രത്യക്ഷമായും പരോക്ഷമായും നിങ്ങള്‍ക്ക് വൈറ്റ് റോസിന്റെ പ്രകമ്പനങ്ങളെ കണ്ടെടുക്കാം. 2011-ലെ ചിലിയന്‍ വസന്തത്തെ ഓര്‍മിക്കുക. അടിമുടി തരിപ്പണമായിരുന്ന ചിലിയന്‍ വിദ്യാഭ്യാസ മേഖലയെ മുന്‍നിര്‍ത്തി ഉയര്‍ന്നുവന്ന ബഹുവിധമായ മുന്നേറ്റങ്ങളുടെ സര്‍വനാമമാണ് ചിലിയന്‍ വസന്തം. കാമില വലേജോ എന്ന തീപ്പൊരി പെണ്‍കുട്ടിയായിരുന്നു ആ മുന്നേറ്റത്തിന്റെ ഉജ്ജ്വല മുഖങ്ങളില്‍ ഒന്ന്. കാമിലയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന അഹിംസാത്മക സമരങ്ങള്‍ ഇക്കണോമിസ്റ്റ് ഉള്‍പ്പടെയുള്ള ലോകമാധ്യമങ്ങള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസ മേഖലയിലേക്ക് പൊതു ഫണ്ടിംഗ് എന്ന പ്രത്യക്ഷ മുദ്രാവാക്യത്തിനപ്പുറത്തേക്ക് ചിലിയന്‍ വ്യവസ്ഥിതിയിലെ അസമത്വങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി ചെറുത്തുനില്‍പായി ആ പ്രക്ഷോഭങ്ങള്‍ മാറി. അടിത്തട്ടിലെ അഴിച്ചുപണിക്ക് ഭരണകൂടം സന്നദ്ധമായി. ഒരു വിദ്യാഭ്യാസപ്രമേയത്തെ സാമൂഹികമാറ്റത്തിനുള്ള ആഹ്വാനമായി ചിലിയന്‍ വസന്തം മാറ്റിത്തീര്‍ത്തു. കാമ്പസുകളില്‍ തരംഗമായി മാറിയ മുദ്രാവാക്യങ്ങളോട് മുഖംതിരിക്കാന്‍ തുടക്കത്തില്‍ സെബാസ്റ്റ്യന്‍ പിനേറയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിച്ചുവെങ്കിലും കാമിലയും സംഘവും ചിലിയന്‍ ജനതയ്ക്കിടയില്‍ നേടിയ സ്വീകാര്യത ഭരണകൂടത്തെ പരിഭ്രാന്തമാക്കി. ഒടുവില്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ക്ക് ഭരണകൂടം വഴങ്ങി. പൊതുവിദ്യാഭ്യാസം എന്ന ജനാധിപത്യത്തിലേക്ക് ചിലി എത്തി. ഒരു വിദ്യാര്‍ഥിസമരം അതിന്റെ ആശയപരവും പ്രവൃത്തിപരവുമായ ആര്‍ജവം കൊണ്ട് പൊതുസമരമായി മാറുന്നതിന്റെ വലിയ ഉദാഹരണമായി മാറി ചിലിയന്‍ വസന്തം. 1960-കളില്‍ അമേരിക്കയിലുണ്ടായ വിയറ്റ്‌നാം യുദ്ധവിരുദ്ധ വിദ്യാര്‍ഥിമുന്നേറ്റത്തിനും സമാനമായ ചരിത്രമാണുള്ളത്. കാമ്പസുകളില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് യുദ്ധം എന്ന പ്രയോഗത്തിന്റെ മനുഷ്യവിരുദ്ധതയെ തുറന്നുകാട്ടാന്‍ പോന്ന ആശയാടിത്തറ ഉണ്ടായിരുന്നു. അധിനിവേശം എത്രമേല്‍ സമൂഹവിരുദ്ധമാണ് എന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഭരണകൂടത്തെ പഠിപ്പിച്ചു. യുദ്ധവെറിയും അഹന്തയും മൂത്ത അമേരിക്കന്‍ ഭരണകൂടം ആ മുന്നേറ്റത്തെ ചോരയില്‍ മുക്കാന്‍ കിണഞ്ഞു ശ്രമിച്ചു. തോക്കിനുമുന്നില്‍ വാക്കുകള്‍ ജയിച്ച കാലമാണ് പിന്നെ പിറന്നത്. 1970-ല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പുണ്ടായി. അലിസണ്‍ േ്രകാസ് എന്ന പെണ്‍കുട്ടി ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.WHO KILLED ALLISON, WHY, WHAT HAD SHE DONE എന്ന ചോദ്യം പലരൂപങ്ങളില്‍ അലയടിച്ചു. വിഖ്യാത റഷ്യന്‍ കവി യെവ്തുഷെങ്കോയുടെ പൂക്കളും വെടിയുണ്ടകളും എന്ന കവിത അലിസണിന്റെ മരണത്തെ ജ്വലിപ്പിച്ചു.

“Of course:
Bullets don’t like people
who love flowers,
They’re jealous ladies, bullets,
short on kindness.
Allison Krause, nineteen years old,
you’re dead
for loving flowers.”

ആ ജ്വലനമാണ് 1973-ല്‍ അമേരിക്കയെ വിയറ്റ്‌നാമില്‍ തോല്‍പിച്ചത്. യുദ്ധം നിര്‍ത്താനും പിന്‍വലിയാനുമുള്ള നിക്‌സന്റെ തീരുമാനത്തെ പ്രചോദിപ്പിച്ചത് ആ വിദ്യാര്‍ഥി പ്രക്ഷോഭമാണ്.
പറഞ്ഞുവന്നത് വിദ്യാര്‍ഥി രാഷ്ട്രീയം എന്ന പ്രമേയത്തെക്കുറിച്ചാണ്. സോഫിയും കാമിലയും അലിസണുമെല്ലാം മറന്നുപോകരുതാത്ത പേരുകളായതിനാല്‍ വിശദീകരിച്ചുവെന്നേയുള്ളൂ. പക്ഷേ, ആ വിശദീകരണത്തിലുടനീളം നമ്മള്‍ പ്രശ്‌നവല്‍കരിച്ച ഒന്നിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. സംഭവ ബഹുലമായ ചരിത്രസന്ദര്‍ഭങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സംഭവിക്കാവുന്ന ഒരപകടം അത് സംഭവത്തെ മാത്രം കാണുകയും ആ സംഭവത്തിന്റെ അടിവേരുകളായ ആശയങ്ങളെ കാണാതിരിക്കയും ചെയ്യും എന്നതാണ്.
നമ്മള്‍ കണ്ട ഈ പ്രക്ഷോഭങ്ങളുടെ, അല്ലെങ്കില്‍ വിസ്താരഭയത്താല്‍ പറയാതെപോയ വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ അടിസ്ഥാനധാര എന്തായിരുന്നു? എഴുപതുകളുടെ മധ്യത്തില്‍ ആഫ്രിക്കയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഉയര്‍ന്ന വര്‍ണവെറിക്കെതിരായ പോരാട്ടവും ചൈനയിലെ സമഗ്രാധിപത്യമായി മാറിയ കമ്യൂണിസ്റ്റ് റെജിമെന്റിനെതിരെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ജീവന്‍ വെടിഞ്ഞ വിദ്യാര്‍ഥികളും പുറപ്പെടുവിച്ച രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവം എന്തായിരുന്നു? നിശ്ചയമായും അത് വിദ്യാഭ്യാസം എന്ന പ്രമേയത്തിന്റെ പൊതുവല്‍കരണമായിരുന്നു. സാമൂഹികമായ ചലനങ്ങളെ നിയന്ത്രിക്കുന്ന ബലങ്ങള്‍ സംബന്ധിച്ച് അക്കാദമികമായി ആര്‍ജിക്കുന്ന അറിവുകള്‍ പ്രയോഗിക്കലായിരുന്നു. അധിനിവേശം, സമഗ്രാധിപത്യം, ഫാഷിസം, സ്വാതന്ത്ര്യം തുടങ്ങിയ പ്രമേയങ്ങളിലേക്കുള്ള ൈവജ്ഞാനികതയുടെ ഇടപെടലുകളായിരുന്നു. വിശദമായി പറഞ്ഞാല്‍ ഒരു പൊതുവിഷയത്തെ, അതിന്റെ സമഗ്രമായ തലങ്ങളെ, അതിനെ നിയന്ത്രിക്കുന്ന ബലങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുക വിദ്യാര്‍ഥികള്‍ക്കാണ്. പ്രശ്‌നങ്ങളെയല്ല, അതിന്റെ കാരണങ്ങളെ, ആ കാരണങ്ങളുടെ അടിത്തട്ടിനെ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കാരണം ജ്ഞാനവുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് വിദ്യാര്‍ഥികള്‍. ഒരു തൊഴിലാളി സംഘടന അതിന്റെ മുന്നില്‍ ദൃശ്യമാകുന്ന അനീതിയെ സമീപിക്കുന്നതുപോലെ, ചൂഷണത്തെ മനസിലാക്കുന്നതുപോലെ അല്ല വിദ്യാര്‍ഥികള്‍ ഒരു വിദ്യാഭ്യാസ പ്രശ്‌നത്തെ മനസിലാക്കുക, അല്ലെങ്കില്‍ മനസിലാക്കേണ്ടത്. ആ പ്രശ്‌നം രൂപപ്പെടുന്ന സാമൂഹിക സന്ദര്‍ഭത്തെ ചരിത്രപരമായും ൈസദ്ധാന്തികമായും അവര്‍ക്ക് മനസിലാക്കാന്‍ കഴിയണം; അവര്‍ ശരിയായ അര്‍ഥത്തില്‍ വിദ്യാര്‍ഥികളാണെങ്കില്‍. മനസിലാക്കുക എന്നത് നിര്‍ണായകമായ ഒരു ഘട്ടമാണ്. സൂക്ഷ്മാര്‍ഥത്തില്‍ മനസിലാക്കിയ ഒരു വസ്തുതയെ മാത്രമേ ആഴത്തില്‍ വിശദീകരിക്കാന്‍ കഴിയൂ. സമഗ്രതലസ്പര്‍ശിയായ വിശദീകരണങ്ങള്‍ക്ക് അതിവേഗത്തില്‍ പിന്തുണ ലഭിക്കും. ലോകചരിത്രത്തില്‍ നാം അഭിമുഖീകരിച്ച മുഴുവന്‍ വിദ്യാര്‍ഥി പോരാട്ടങ്ങളിലും ഈ മനസിലാക്കലിന്റെ തലം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് വിദ്യാഭ്യാസമേഖലയിലെ പണം ചെലവഴിക്കലില്‍ നിന്ന് നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു എന്ന പ്രമേയത്തെ ഒരു പൊതുപ്രശ്‌നമായും സര്‍ക്കാറിന്റെ സ്വഭാവമാറ്റമായും അവതരിപ്പിക്കാന്‍ ചിലിയിലെ കാമിലക്കും സംഘത്തിനും കഴിഞ്ഞത്. ഈ പ്രക്ഷോഭങ്ങളില്‍ തെളിയുന്ന മറ്റൊരു പാഠം മൂര്‍ത്തമായ സാഹചര്യങ്ങളില്‍ നിന്നാണ് അവ രൂപപ്പെട്ടത് എന്നാണ്. പ്രശ്‌നങ്ങളില്‍ നിന്ന് സംഘാടനം ഉണ്ടാകുന്നു. യുദ്ധം വിയറ്റ്‌നാമിലെ വിദ്യാര്‍ഥികളെ കൊല്ലുന്നു എന്ന അവബോധമാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ ആദ്യം രൂപപ്പെട്ടത്. നാസിസം ജര്‍മനിയെ മുച്ചൂടും വിഴുങ്ങുന്നു എന്ന ബോധമാണ് സോഫിക്കും ഹന്‍സിനും സംഘത്തിനും ആദ്യമുണ്ടാകുന്നത്. ആ ബോധമാണ് പ്രതിഷേധമായി മാറുന്നത്. ആ പ്രതിഷേധമാണ് സംഘടനാരൂപം ആര്‍ജിക്കുന്നത്.
സമാനമായ ഒരു പ്രതിഷേധം ഇന്ത്യന്‍ സാഹചര്യത്തില്‍ സംഭവിച്ചതും നാം ഓര്‍മിക്കേണ്ടതുണ്ട്. ജാദവ്പുര്‍ സര്‍വകലാശാലയില്‍ നിന്ന് 2014 സെപ്തംബറില്‍ പുറപ്പെട്ട Hok Kolorob പ്രക്ഷോഭമാണത്. ഇന്ത്യന്‍ വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍ക്ക് നമുക്കറിയുന്നപോലെ അതിതീവ്രമായ ഒരു മുന്‍കാല ചരിത്രം അവകാശപ്പെടാനില്ല. കാരണം ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയസ്വഭാവമാണ്. കൊളോണിയലിസം ഇന്ത്യയെ സംബന്ധിച്ച് വലിയ തോതില്‍ ഒരു വിദ്യാര്‍ഥി അനുഭവമായി മാറിയിരുന്നില്ല. മറ്റൊരര്‍ഥത്തില്‍ കൊളോണിയലിസം വാഗ്ദാനം ചെയ്ത ഭദ്രലോകത്ത് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിസമൂഹം അഭിരമിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍ ഉപേക്ഷിച്ച വലിയ ഒരു വിഭാഗത്തെ റദ്ദ് ചെയ്യുകയല്ല ഈ വാദം. മറിച്ച് കൊളോണിയലിസത്തിനെതിരെ വിദ്യാര്‍ഥി മുന്‍ൈകയില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടില്ല എന്ന വസ്തുതയെ ചൂണ്ടിക്കാട്ടുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ ബംഗാളില്‍ ഉണ്ടായ വിദ്യാര്‍ഥി ഉണര്‍വിനെ വിസ്മരിക്കുന്നുമില്ല. അത് പക്ഷേ, പില്‍ക്കാല ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ചില കൊടുക്കല്‍വാങ്ങലുകള്‍ മാത്രമായിരുന്നു. സുരേന്ദ്രനാഥ ബാനര്‍ജിയുടെ പരിശ്രമങ്ങള്‍ ഉദാഹരണം. സൈമണ്‍ കമ്മീഷനെതിരെ ബംഗാളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയ വസ്തുതയും ചരിത്രത്തിലുണ്ട്. അത് പക്ഷേ ഉള്‍വഹിക്കുന്നത് മറ്റൊരു ധാരയെ ആണ്. Hok Kolorob വ്യത്യസ്തമായ ഒന്നായിരുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്ന്. കൊല്‍കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ഥിനി അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പടെ മാര്‍ഗമാക്കി ആയിരക്കണക്കിന് കുട്ടികള്‍ തെരുവിലിറങ്ങി. സ്ത്രീ അവകാശം എന്ന പ്രമേയത്തെ ആവിഷ്‌കരിച്ച വന്‍പ്രക്ഷോഭമായി അത് മാറി. ബംഗാള്‍ സര്‍ക്കാര്‍ വിദ്യാര്‍ഥിശക്തിക്ക് മുന്നില്‍ അക്ഷരാര്‍ഥത്തില്‍ പകച്ചു. Hok Kolorob നെക്കുറിച്ചുള്ള പഠനങ്ങള്‍ വിദ്യാര്‍ഥി സംഘാടനം സംബന്ധിച്ച പരമ്പരാഗത ഇന്ത്യന്‍ സങ്കല്‍പത്തെ അമ്പരപ്പിക്കുന്നുണ്ട്. കാരണം അത് ഒരു നിയതമായ സംഘടനാ സംവിധാനത്തിന്റെ ആവിഷ്‌കാരമായിരുന്നില്ല എന്നതാണ്. കനയ്യകുമാറിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി മുന്നേറ്റവും അതുപോലെ ഒന്നാണ്. ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സ്വഭാവം തുറന്നുകാട്ടാനുള്ള ശ്രമം വ്യാപകമായി നടന്നു. നിര്‍ഭാഗ്യവശാല്‍ തുടര്‍ച്ചകള്‍ ഉണ്ടായില്ല.
സമാനമാണ് ജെ.എന്‍.യു സമരത്തിന്റെ അടിസ്ഥാന കാരണം പോലുമായ രോഹിത് വെമുലയുടെ ആത്മഹത്യ ഉയര്‍ത്തിയ വന്‍ പ്രക്ഷോഭം. ആഹ്വാനങ്ങളില്ലാതെ കുട്ടികള്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങി. ഇന്ത്യന്‍ ഭരണകൂടത്തിന്റെ മര്‍ദക സ്വഭാവവും ജാതിയും കുട്ടികള്‍ പ്രശ്‌നവല്‍കരിച്ചു. നാം ഉപസംഹാരമായി എത്തിച്ചേരുന്ന കാരണങ്ങളാല്‍ ആ പ്രക്ഷോഭം അന്തിമ വിജയം കണ്ടില്ല. ഒരു പക്ഷേ, ഇന്ത്യന്‍ പൊളിറ്റിയെ അടിമുടി മാറ്റിയെഴുതാന്‍ പര്യാപ്തമായിരുന്നു വെമുലയുടെ മരണവും തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി മുന്നേറ്റവും. പക്ഷേ അടിച്ചമര്‍ത്തലുകളൊന്നും കൂടാതെ ആ മുന്നേറ്റം സ്വയം അടിഞ്ഞമര്‍ന്നു.

എന്തുകൊണ്ടാണത്? അലിസണ്‍ ക്രോസിന്റെ കൊലപാതകത്തെക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുണ്ടായിരുന്നു രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന്. കാരണം അത് നൂറ്റാണ്ടുകളായി ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ അടിഞ്ഞുകൂടി വേരുറച്ച, ബ്രിട്ടീഷ് കൊളോണിയലിസത്താല്‍ പരിപാലിക്കപ്പെട്ട, നെഹ്‌റുവിയന്‍ ഭദ്രലോകത്താല്‍ ഒട്ടൊക്കെ മൂടിവെക്കപ്പെട്ട, സംഘപരിവാര്‍ കാലത്ത് പൊട്ടിയൊലിച്ച, വര്‍ണവെറിയോളം ഭീഷണമായ, ക്രൂരവും അപഹാസ്യവുമായ ജാതീയതയുടെ വിധ്വംസകതയെ പ്രശ്‌നവല്‍കരിച്ചു. ജന്മമാണ് കുറ്റം എന്ന് ആധുനിക ലോകത്തെ മിടുക്കനായ വിദ്യാര്‍ഥി ആത്മഹത്യാകുറിപ്പെഴുതി. ഈ രാജ്യത്തെ ഇളക്കിമറിക്കാന്‍ പോന്ന സമരോര്‍ജമുണ്ടായിരുന്നു രോഹിതിന്റെ ആത്മഹത്യക്ക്. എന്നാല്‍ ആ പ്രക്ഷോഭം നിലച്ചു. ൈഹദരാബാദ് കാമ്പസില്‍ പോലും ഒരു നേര്‍ത്ത മാറ്റം സംഭവിച്ചില്ല. രോഹിതിനെ കൊന്ന ജാതി കാമ്പസുകളില്‍ നിന്ന് കാമ്പസുകളിലേക്ക് പടര്‍ന്നു കൊണ്ടേയിരിക്കുന്നു. രോഹിത് വെമുല മുന്നേറ്റത്തിന്റെ പരാജയത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അടിപ്പടവുകളിലെ ദൗര്‍ബല്യങ്ങള്‍ തെളിഞ്ഞുകാണാം. സംഘടനാബാഹ്യമായി ഉയര്‍ന്നുവരുന്ന ഒന്നിനെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സങ്കുചിതവും ഭാവിസ്ഥാനമോഹപരവുമാണ് ഇന്ത്യന്‍ മുഖ്യധാരാ വിദ്യാര്‍ഥി രാഷ്ട്രീയ സംഘാടനങ്ങളുടെ അടിത്തറ. അത് പേരില്‍ വിപ്ലവമുള്ള സംഘടനയാണെങ്കിലും അല്ലെങ്കിലും.

ആ അടിപ്പടവുകളെ കൂടുതല്‍ തെളിഞ്ഞുകാണാന്‍ നിങ്ങള്‍ കേരളത്തിലെ കാമ്പസുകളിലേക്ക് കണ്ണോടിച്ചാല്‍ മതി. കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ചരിത്രം സമഗ്രമായി ഇന്ന് വരെ രേഖപ്പെട്ടിട്ടില്ല. കേരളത്തില്‍ ഇന്നോളം ഒരു വിദ്യാര്‍ഥിമുന്നേറ്റം പൊതുവല്‍കരിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന വിദ്യാഭ്യാസ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി എസ്.എഫ്.ഐയും അതിന്റെ മുന്‍രൂപമായ കെ.എസ്.എഫും വളരെ അപുര്‍വം സന്ദര്‍ഭങ്ങളില്‍ കെ.എസ്.യുവും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. അതിലൊന്നുപോലും കേരളീയ പൊതുസമുഹമോ സംഘടനേതര വിദ്യാര്‍ഥികളോ വിദ്യാര്‍ഥി സമൂഹം ആകെയോ ഏറ്റെടുത്തിട്ടില്ല. നിങ്ങള്‍ പ്രീഡിഗ്രി ബോര്‍ഡ് സമരത്തെ ഓര്‍ക്കുക, നിങ്ങള്‍ വിളനിലം സമരത്തെ ഓര്‍ക്കുക, നിങ്ങള്‍ മെഡിക്കല്‍ കോളേജ് സ്വകാര്യവല്‍കരണത്തിനെതിരെ നടന്ന മെഡിക്കോസ് ഉള്‍പ്പടെയുള്ള ചോരവീണ സമരങ്ങളെ ഓര്‍ക്കുക, നിങ്ങള്‍ സ്വാശ്രയ വിരുദ്ധ സമരത്തെ ഓര്‍ക്കുക… എത്ര സമരങ്ങളാണ് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്.ഐയുടെ ക്രെഡിറ്റില്‍ ഉള്ളത്. എത്ര അപഹാസ്യമാണ് ആ സമരങ്ങളുടെയും ആ മുദ്രാവാക്യങ്ങളുടെയും പില്‍ക്കാല നില? എന്തിനെ എതിര്‍ത്തോ, എന്തിനായി വിദ്യാര്‍ഥികളുടെ ചോര വീഴ്ത്തിയോ, എന്തിനായി കാമ്പസുകളെ കലാപപ്പുരകളാക്കിയോ അതിന്റെ എല്ലാം നടത്തിപ്പുകാരായി നാണം കെട്ടു നില്‍ക്കുന്നുണ്ട് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ എസ്.എഫ്.ഐ. നോക്കൂ, വെമുലക്ക് മുന്‍പ് സമാനമാം വിധം ക്രൂരമായ ഒരു ഇന്‍സ്റ്റിറ്റിയുഷണല്‍ മര്‍ഡര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. മറന്നുകൂടാ രജനി എസ്. ആനന്ദിനെ. കേരളം കത്തിയ നാളുകള്‍. എസ്.എഫ്.ഐ അതിന്റെ കേരളീയ സന്ദര്‍ഭത്തില്‍ ഏറ്റെടുത്ത ഉഗ്രന്‍ സമരം. പക്ഷേ, എന്താണുണ്ടായത്. കേരളത്തിന്റെ പൊതുസമൂഹം മുഖം തിരിച്ചുനിന്നു. അവര്‍ എസ്.എഫ്.ഐയെ വിശ്വാസത്തിലെടുത്തില്ല. അത്ര ദാരുണമായ ഒരു മരണത്തെത്തുടര്‍ന്ന് എന്തുകൊണ്ട് കൊല്‍ക്കത്തയില്‍ സംഭവിച്ചതുപോലെയുള്ള ഒരു വന്‍ വിദ്യാര്‍ഥി പ്രക്ഷോഭം, Hok Kolorob പോലെ ഒന്ന്, കേരളത്തില്‍ സ്വമേധയാ ഉണ്ടായില്ല എന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാണ്: അത്തരം പ്രതിഷേധങ്ങള്‍ സ്വത്രന്തചിന്തയുടെ ഉല്‍പന്നങ്ങളാണ്. അത്തരം സ്വതന്ത്രചിന്തകള്‍ ഉണ്ടാകാത്തവിധം കക്ഷിരാഷ്ട്രീയവല്‍കരിക്കപ്പെട്ട ഒന്നാണ് കേരളത്തിലെ വിദ്യാര്‍ഥി രാഷ്്രടീയം. അരാഷ്ട്രീയര്‍ക്കും കക്ഷിരാഷ്ട്രീയര്‍ക്കുമിടയില്‍ വീതം വെക്കപ്പെട്ട ഒന്നാണ് കേരളത്തിലെ കാമ്പസ് രാഷ്ട്രീയം. അത് മുഖ്യധാരയിലെ കക്ഷിരാഷ്ട്രീയത്തിന്റെ നേതൃത്വ പരിശീലന ക്യാമ്പുകളായി മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതൊരു തെറ്റാണ് എന്നല്ല. അത് മാത്രമല്ല ശരി എന്നാണ്. കാരണം ഒരു വിദ്യാര്‍ഥി സംഘടന, അധികാരരാഷ്ട്രീയം കയ്യാളുന്ന ഒരു കക്ഷിയുടെ പോഷക സംഘടനയായി തത്വത്തില്‍ മാറുമ്പോള്‍ നിരവധി വിട്ടുവീഴ്ചകള്‍ക്ക് ബാധ്യസ്ഥമാവും. കാരണം പൊതുരാഷ്ട്രീയത്തില്‍, അധികാരരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ ഉള്‍പ്പെട്ട, അല്ലെങ്കില്‍ അവര്‍ കക്ഷിയായ ഒരു പ്രശ്‌നത്തില്‍ ഇടപെടേണ്ടി വരുമ്പോള്‍ സമര രീതികള്‍ക്ക് ചില വിലക്കുകള്‍ ഉണ്ടാകും. അതിനാലാണ് ജിഷ്ണു പ്രണോയ്‌യുടെ മരണം കേരളത്തിലെ കാമ്പസുകളില്‍ പ്രക്ഷോഭമായി പൊട്ടിത്തെറിക്കാതിരുന്നത്. അതുകൊണ്ടാണ് ആ സമരത്തെ എസ്.എഫ്.ഐക്ക് വഞ്ചിക്കേണ്ടി വന്നത്. അതെ, സമരോര്‍ജത്തിന്റെ ഡൈല്യൂട്ടിംഗ് ഏജന്‍സികളാണ് കേരളത്തിലെ കക്ഷിരാഷ്ട്രീയ ബന്ധിതമായ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും.
ഇപ്പറഞ്ഞതിനര്‍ഥം കാമ്പസുകളില്‍ ഈ സംഘടനകള്‍ വേണ്ടേ വേണ്ട എന്നല്ല. അവരുടെ സംഭാവനകളെ കുറച്ചുകാണുന്നുമില്ല. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെയും രാഷ്ട്രീയ ഹിന്ദുത്വയുടെയും അറവുശാലകളായി കാമ്പസുകള്‍ മാറാതിരിക്കുന്നതിന് പിന്നില്‍ എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് പങ്കുണ്ട്. അത് സമ്മതിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ സര്‍ഗാത്മകതയുടെ എല്ലാ പ്രകാശനങ്ങളെയും മുളയിലേ നുള്ളുന്ന വഞ്ചനയും ആ സംഘങ്ങള്‍ കാമ്പസുകളോട് ചെയ്യുന്നുണ്ട്. സ്വതന്ത്രചിന്തയുടെ കൂമ്പടപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസം എന്ന നിരന്തര പ്രക്രിയയില്‍ സര്‍ഗാത്മകമായി ഇടപെട്ട്, വിദ്യാര്‍ഥികളുടെ സ്വതന്ത്രവും ചടുലവുമായ ചിന്തകളെ സ്വാംശീകരിച്ച്, അതിന്റെ ജനാധിപത്യപരമായ പ്രകാശനങ്ങള്‍ക്ക് അവസരമൊരുക്കി ഇടപെടുന്ന സംഘടനകള്‍ അല്ലാത്തിടത്തോളം വിദ്യാര്‍ഥി സംഘടനകള്‍ക്ക് കാമ്പസുകളില്‍ ഒരു കാര്യവുമില്ല എന്നാണ് നാമിപ്പോള്‍ മനസിലാക്കുന്നത്. വൈറ്റ് റോസ് മൂവ്‌മെന്റിന്റെ ചരിത്രം പറഞ്ഞത് സ്വതന്ത്രമായ ചിന്തകളുടെയും കൂട്ടായ്മകളുടെയും പ്രക്ഷോഭമൂല്യത്തെക്കുറിച്ച് പറയാനാണ്. തികച്ചും അനിവാര്യമായ സാമൂഹിക സന്ദര്‍ഭത്തില്‍ തീവ്രമായി സംഭവിക്കുന്ന ഒന്നാണ് സമരമെന്നും ആഹ്വാനമല്ല പ്രചോദനമാണ് അതിന്റെ അടിവളം എന്നും പറയാനാണ്. അത് തിരിച്ചറിയാത്ത നേതാക്കള്‍ക്കും സംഘടനകള്‍ക്കും കേരളത്തിലെ കാമ്പസുകളില്‍ ഒരു റോളുമില്ലെന്ന് പറയാനാണ്. നേതൃനിര്‍മാണ ഫാക്ടറികളിലെ കൂലിയടിമയുടെ പദവിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ മാറിനില്‍ക്കുന്ന കാലം വരുമെന്ന് മുന്നറിയിപ്പ് നല്‍കാനാണ്.
അതിനാല്‍ എത്തിപ്പെട്ട പതനങ്ങളെ തിരിച്ചറിഞ്ഞും, ലോകചരിത്രത്തിലെ വിദ്യാര്‍ഥിമുന്നേറ്റങ്ങളുടെ ബലങ്ങളെ പഠിച്ചും ഇന്ത്യന്‍ കാമ്പസുകളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ മനസിലാക്കിയും കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ട് പോകേണ്ടതുണ്ട്. എന്തുകൊണ്ട് നമ്മുടെ കാമ്പസുകളില്‍ രാഷ്ട്രീയ നിസംഗത പടരുന്നുവെന്ന് മനസിലാക്കേണ്ടതുണ്ട്. ഇത് രണ്ടും പക്ഷേ, ഇന്നത്തെ സംഘടനാരീതിയില്‍ ഏതെങ്കിലും സംഘടനക്ക് പ്രാപ്യമാണോ എന്ന് വിശദീകരിക്കേണ്ടത് സംഘടനകളാണ്.

കെ കെ ജോഷി

You must be logged in to post a comment Login