ആമിര്‍ ഒരാളല്ല;ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്

ആമിര്‍ ഒരാളല്ല;ഇരുട്ടറയില്‍ ആയിരങ്ങളിനിയുമുണ്ട്

മൂന്നാം സെമസ്റ്ററിലെ ഡോക്യുമെന്ററി നിര്‍മാണത്തിനു വേണ്ടി വിഷയങ്ങള്‍ തിരയുന്നതിനിടക്ക് ഗ്രൂപ്പംഗമായിരുന്ന മെഹ്‌വഷാണ് മുഹമ്മദ് ആമിര്‍ ഖാനെക്കുറിച്ച് ആദ്യം പറയുന്നത്. എന്‍ ഡി ടി വിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കാലത്ത് ഇങ്ങനെ ഒരു സ്റ്റോറിയുമായി ബന്ധപ്പെട്ട ഓര്‍മയില്‍ നിന്നാണ് മെഹ്‌വഷ് അത് കണ്ടെത്തിയത്. തീവ്രവാദക്കേസില്‍ ജയിലില്‍ പോയ ഒരു നിരപരാധിയുടെ കഥ എന്നൊക്കെ പറഞ്ഞുചെന്നാല്‍ ഇത്തരം സെന്‍സേഷണല്‍ വിഷയങ്ങളോട് പൊതുവെ വിമുഖത കാണിക്കാറുള്ള ഡിപ്പാര്‍ട്ടുമെന്റില്‍ എളുപ്പമത് തള്ളിപ്പോകുമെന്ന ധാരണയുണ്ടായിരുന്നു ഞങ്ങള്‍ക്ക്.

അതുകൊണ്ടുതന്നെ ജയിലില്‍ പോയ ആമിറിനുവേണ്ടി കാത്തിരുന്ന ആലിയ എന്ന പെണ്‍കുട്ടിയുടെ പ്രണയത്തെക്കുറിച്ച് പറയാമെന്നും ഈ വിഷയത്തെ അങ്ങനെ അവതരിപ്പിക്കാമെന്നും ഞങ്ങള്‍ കണക്കുകൂട്ടി. ആമിറിനെ പോലെ നൂറുകണക്കിന് നിരപരാധികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കുവേണ്ടി ഇത് ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കുമെന്ന് ഗ്രൂപ്പിലെ ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയിലും മറ്റും രാംലീലാ ആഘോഷങ്ങള്‍ക്ക് അലങ്കാരങ്ങളും രൂപങ്ങളും ഉണ്ടാക്കുന്ന മഥുരയിലെ മുസ്‌ലിം കുടുംബങ്ങളെ കുറിച്ചാകാം ഡോക്യുമെന്ററിയെന്ന് ചിന്തിക്കുകയായിരുന്നു ഗ്രൂപ്പിലെ മറ്റുള്ളവര്‍. എങ്കില്‍പിന്നെ രണ്ടിന്റെയും സിനോപ്‌സിസ് കൊടുക്കാമെന്നും ഫാക്കല്‍ട്ടി തിരഞ്ഞെടുക്കട്ടെ എന്നും ഞങ്ങള്‍ തീരുമാനിച്ചു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആമിറിന്റെ കഥ പറയാമെന്നായി. ആമിറിനെ കുറിച്ച് വേറെയും ഡോക്യുമെന്ററികള്‍ വന്നിട്ടുള്ളതിനാല്‍ ആമിറിന്റെ ഭാര്യയായ ആലിയയുടെ പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിലൂടെ വേണം ഇത് അവതരിപ്പിക്കാന്‍ എന്നിടത്തായിരുന്നു ഞങ്ങള്‍ നേരത്തെ കണക്കൂകൂട്ടിയതുപോലെ തന്നെ ഫാക്കല്‍ട്ടി ചര്‍ച്ചയവസാനിപ്പിച്ചത്.

ഉമ്മാക്ക് മരുന്ന് വാങ്ങാനിറങ്ങിയ രാത്രി
പ്രമുഖ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ ‘അമന്‍ ബിറാദിരി’ ട്രസ്റ്റില്‍ ജോലി ചെയ്യുകയാണ് ആമിര്‍ ഇപ്പോള്‍. ഗവേഷണങ്ങള്‍ക്കായി ആമിറിനെ കുറിച്ചുവന്ന വാര്‍ത്തകളും ഡോക്യുമെന്ററികളും അവലംബിച്ചിരുന്നു. തുടര്‍ന്ന് ആമിറിനെ നേരിട്ടു കണ്ട് പ്രാഥമിക വിവരശേഖരണം നടത്താമെന്ന് തീരുമാനിച്ചു. അങ്ങനെ ഹൗസ്ഖാസിലുള്ള അമന്‍ ബിറാദിരിയുടെ ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ ആമിര്‍ ഞങ്ങളോട് സംസാരിച്ചുതുടങ്ങി.

1998 ഫെബ്രുവരി 20ന് രാത്രി ഉമ്മാക്ക് മരുന്നുവാങ്ങാന്‍ റോഡിലേക്കിറങ്ങിയതായിരുന്നു പതിനെട്ട് വയസുകാരനായ ആമിര്‍. പെട്ടെന്ന് ഒരു വാഹനം ആമിറിന്റെ അരികില്‍ വന്നുനിന്നു. തീരെ കണ്ടു പരിചയമില്ലാത്ത കുറച്ചാളുകള്‍ അതില്‍നിന്നിറങ്ങി. ഒന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ അവര്‍ ആമിറിനെ ബലമായി വണ്ടിയിലേക്ക് വലിച്ചിട്ടു. തുടര്‍ന്ന് ബോധം പോകുംവരെ മര്‍ദിച്ചു. കണ്ണുതുറക്കുമ്പോള്‍ ഇരുട്ടുമാത്രം. പേടിപ്പെടുത്തുന്ന കുറെ നിഴലുകള്‍ ചുറ്റിലും ഇഴയുന്നു. ശ്വാസം മുട്ടാന്‍ തുടങ്ങി. ആര്‍ത്തുകരയണമെന്നുണ്ടായിരുന്നു. പക്ഷേ കരച്ചില്‍ വന്നില്ല. എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. കുറെ നേരത്തേക്ക് ആരും വന്നില്ല. വെളിച്ചം പോലും കണ്ടില്ല. ദാഹിച്ച് വീണ്ടും തളര്‍ന്നുപോയപ്പോള്‍ മുറിക്കകത്ത് വെളിച്ചം വീണു. അപ്പോഴാണ് ആമിര്‍ അത് ശ്രദ്ധിച്ചത്. അതൊരു ജയിലാണ്. തനിക്ക് ചുറ്റും യൂണിഫോമിലും മഫ്തിയിലുമായി കുറെ പൊലീസുകാരുണ്ട്. അവരിലൊരാള്‍ ആമിറിനെ വെള്ളം കുടിപ്പിച്ചു. ഒരു കസേരയില്‍ പിടിച്ചിരുത്തി. എന്നെ ആരോ തട്ടിക്കൊണ്ടുപോയി, സാര്‍. ഞാനിതെവിടെയാണ്? എന്റെ അമ്മക്ക് മരുന്നുവാങ്ങിക്കൊടുക്കണം. ആമിര്‍ നിലവിട്ട് കരയാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ അവനെ വീണ്ടും മര്‍ദിച്ചു.

തനിക്ക് ചുറ്റും പൊലീസുകാരെ കണ്ടപ്പോള്‍, ഒരുവേള പേടിയൊക്കെ മാറിയതായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോന്നവരുടെ കൈയില്‍നിന്നും മോചിപ്പിക്കപ്പെട്ടതായിരിക്കുമെന്നൊക്കെ ആമിര്‍ കരുതിയിരുന്നു. പക്ഷേ വൈകാതെ തന്നെ ആ ധാരണ മാറി. പൊലീസ് തന്നെയാണ് ആ കാറില്‍ വന്നിറങ്ങിയവരെന്ന് ആമിറിന് മനസിലായി. പക്ഷേ എന്തിന് എന്ന് മാത്രം മനസിലായില്ല.
അന്നേദിവസം അവരവനെ മര്‍ദിക്കുക മാത്രം ചെയ്തു. എന്തിന് എന്നതിനെ പറ്റി അവരൊന്നും പറഞ്ഞില്ല. പിറ്റേദിവസം തളര്‍ന്നുകിടക്കുന്ന ആമിറിനെ എഴുന്നേല്‍പിച്ചിരുത്തി ഒരു പൊലീസുകാരന്‍ അലറി: ‘എന്തിനാടാ നീ ദില്ലിയില്‍ ബോംബ് വെച്ചത്?’ ‘നീ ഏത് തീവ്രവാദ ഗ്രൂപ്പിലെ അംഗമാണ്?’ ‘നിന്റെ കൂടെ ഇനി എത്ര പേരുണ്ട്?’ അങ്ങനെ നീണ്ടുപോകുന്ന ചോദ്യങ്ങള്‍! പക്ഷേ ആദ്യത്തെ ചോദ്യം തന്നെ ആമിറിന്റെ കണ്ണും കാതും അടപ്പിച്ചിരുന്നു. ഫരീദാബാദടക്കം ഡല്‍ഹിയിലും ചുറ്റുമുള്ള ഇരുപത് ഇടങ്ങളിലും ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നായിരുന്നു ആമിറിന് മേല്‍ ചുമത്തിയ കേസ്. ഒരു പതിനെട്ട് വയസുകാരനെ തളര്‍ത്താന്‍ ഇതില്‍പരം എന്തുവേണം?
തനിക്കൊന്നുമറിയില്ല എന്നും അമ്മക്ക് മരുന്നു വാങ്ങാന്‍പോന്ന തന്നെ എല്ലാവരും തിരയുന്നുണ്ടാകുമെന്നും ദയവായി വിട്ടയക്കണമെന്നും ആമിര്‍ അപേക്ഷിച്ചുകൊണ്ടിരുന്നു. ആമിര്‍ അറസ്റ്റുചെയ്യപ്പെട്ട വിവരം വീട്ടുകാരറിയാന്‍ തന്നെ ദിവസങ്ങളെടുത്തു. കസ്റ്റഡിയിലെടുത്തിട്ടും കേസ് ഫയല്‍ ചെയ്യാനോ സാധാരണ കുറ്റവാളി എന്ന പരിഗണന പ്രകാരമുള്ള അവകാശങ്ങള്‍ അനുവദിക്കാനോ ഡല്‍ഹി പൊലീസ് മുതിര്‍ന്നില്ല. മരുന്നുവാങ്ങാന്‍ പോയ ആമിറിനെയും കാത്ത് മാറാരോഗികളായ ഉമ്മയും ഉപ്പയും കാത്തിരുന്നു.
ജയില്‍ജീവിതം കൊടും പീഡനങ്ങളുടേതായിരുന്നു. കൈകാലുകളിലെ നഖങ്ങള്‍ അവര്‍ വലിച്ചൂരി. വേദന മാത്രം നിറഞ്ഞ ജീവിതം ആമിര്‍ ശീലിച്ചു. ഇനിയൊരു മോചനമുണ്ടാകില്ലെന്ന് ഉറപ്പിച്ച അവസരത്തിലും കുറ്റം ഏറ്റെടുക്കാന്‍ ആമിര്‍ തയാറായില്ല. കൊല്ലുമെന്നായിരുന്നു എന്നും ഭീഷണി. എന്‍കൗണ്ടര്‍ ഡല്‍ഹി പൊലീസിന് അത്ര പ്രയാസമുള്ള കാര്യമല്ലായെന്ന് ആമിറിന് ഇതിനകം മനസിലായിരുന്നു. പക്ഷേ എവിടെനിന്നോ ധൈര്യം വന്നു. മുസ് ലിമായതിന്റെ പേരിലാണ് താനിതനുഭവിക്കുന്നതെങ്കില്‍ അഭിമാനമേ ഉള്ളൂ എന്ന് ആമിര്‍ മനസിനെ പറഞ്ഞു സമാധാനിപ്പിച്ചു. ജയിലിനു പുറത്ത് തന്റെ കേസ് വാദിക്കാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന് ആമിര്‍ കരുതിയിരുന്നില്ല. ആമിറിന്റെ പ്രായത്തെയോ കുറ്റകൃത്യങ്ങളുടെ റിക്കാര്‍ഡുകളിലിതുവരെ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതോ ഒന്നും പരിഗണിച്ചില്ല.

പുരാണ ദില്ലിയുടെ നിറപ്പകിട്ടുള്ള തിരക്കുകളിലേക്കിനി മടക്കമുണ്ടാകില്ലെന്ന് ആമിര്‍ കരുതി. ഇരുട്ട് കുത്തിയ ഇടുങ്ങിയ ജയില്‍ മുറികള്‍. കറുത്ത് നരച്ച ചുവരുകള്‍. നിറയെ പട്ടങ്ങളും പറവകളുമുള്ള പുരാണ ദില്ലിയുടെ ആകാശം അവന്‍ സ്വപ്‌നങ്ങളില്‍ പോലും കാണാതായി. തന്റെ ഗല്ലികളിലെ ഇടുങ്ങിയതെങ്കിലും മനോഹരമായ വഴികള്‍ അവന്‍ മറക്കാന്‍ ശ്രമിച്ചു. അവിടുത്തെ രുചികളവന് അന്യമായി. കൂട്ടുകാരും കുടുംബക്കാരും അവനെയും വീട്ടുകാരെയും കൈയൊഴിഞ്ഞുകാണുമെന്ന് അവനറിയാമായിരുന്നു. എത്രപെട്ടെന്നാണ് കാലം ഒരാളെ മറക്കുന്നത്. എത്ര വേഗത്തിലാണ് ആളുകള്‍ ഒരാളെ കുറ്റക്കാരനാക്കുന്നത്. ആമിര്‍ മൗനം ശീലിക്കുകയും ഇരുട്ടിനോട് പൊരുത്തപ്പെടുകയും ചെയ്തു.

ഭയം ഭരിക്കുന്ന ഗല്ലിയില്‍ ഒരു വെള്ളിയാഴ്ച
ആമിറിന്റെ കേസ് വാദിച്ചിരുന്ന ഫിറോസ് ഖാന്‍ ഗാസി പറയുന്നു: ആമിറിന്റെ വീട്ടുകാര്‍ തീര്‍ത്തും നിസ്സഹായരായിരുന്നു. എന്തുചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ ആമിറിന്റെ വാപ്പ വക്കീലിനെ ചെന്നുകണ്ടു. തന്റെ മകനെ ഇങ്ങനെയൊരു കേസില്‍ പൊലീസ് ജയിലിലടച്ചിരിക്കുകയാണ് എന്ന് പറഞ്ഞു. മകന്‍ ചെറുപ്പമാണ്. ഒരു തെറ്റും ചെയ്തിട്ടുണ്ടാകില്ലെന്നുറപ്പുണ്ട്. അയാള്‍ വിതുമ്പി. ഫിറോസ് ഗാസി ഓര്‍ക്കുന്നു: ‘തീവ്രവാദക്കേസില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ പാടില്ലെന്ന തീരുമാനം ഇന്ത്യയുടെ പലഭാഗങ്ങളിലുമുള്ള ബാര്‍ കൗണ്‍സിലുകള്‍ എടുത്തിരുന്നു.’ ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ, എത്രയോ വിപുലമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാഷ്ട്രത്തിന്റെ സ്ഥിതിയാണിത്. അങ്ങേയറ്റം അപകടകരവും അപലപനീയവുമായ മനുഷ്യാവകാശലംഘനം! ഈ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ, ഭരണഘടനയെ അപമാനിക്കല്‍ കൂടിയാണ് ബാര്‍കൗണ്‍സിലുകള്‍ എടുത്ത അത്തരം തീരുമാനങ്ങളിലൂടെ ഉണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒട്ടേറെ ചെറുപ്പക്കാര്‍ അന്യായമായി തുറുങ്കിലടക്കപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ കാരണമായി. പൊലീസും അഭിഭാഷകരും രാഷ്ട്രീയക്കാരും ഒത്തുകളിച്ചു.
ഫിറോസ് ഖാന്‍ ഗാസി കേസ് നടത്താന്‍ തീരുമാനിച്ചതോടെ സഹപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും അമര്‍ഷമുണ്ടായി. ജിഹാദിക്കുവേണ്ടി കേസ് വാദിക്കുന്നവന്‍, ഒറ്റുകാരന്‍ എന്നിങ്ങനെയുള്ള മുറുമുറുപ്പുകളൊക്കെ കേട്ടു. തീസ്ഹസാരി കോടതിയില്‍ വിസ്താരം നടന്നുകൊണ്ടിരിക്കെ ഒരു വെള്ളിയാഴ്ച ആമിറിന്റെ വാപ്പ ഫിറോസ് ഗാസിയെ തന്റെ ഗല്ലിയിലെ പള്ളിയിലേക്ക് നിസ്‌കാരത്തിന് ക്ഷണിച്ചു. ഫിറോസ് ഗാസിതീര്‍ത്തും അതിശയിപ്പിക്കുന്ന സംഗതികളാണ് അവിടെ കണ്ടത്. കഴിഞ്ഞ അമ്പത് വര്‍ഷമായി അവിടുത്തെ താമസക്കാരനായ ആമിറിന്റെ പിതാവിനെ ആരും പരിഗണിക്കുന്നില്ല. നേര്‍ക്കുനേര്‍ മുഖം വന്നാല്‍ തിരിഞ്ഞുപോകുന്നവര്‍, സലാം പറഞ്ഞാല്‍ പോലും മടക്കാത്തവര്‍. ‘കോടതി കുറ്റക്കാരനാക്കും മുമ്പ് നമ്മുടെ ഖൗം തന്നെ ഞങ്ങളെയൊക്കെ കുറ്റക്കാരാക്കിയത് കണ്ടില്ലേ?’ ആമിറിന്റെ ഉപ്പ അത് പറയുമ്പോള്‍ കരയുന്നുണ്ടായിരുന്നെന്ന് വക്കീല്‍ ഓര്‍ത്തെടുക്കുന്നു. ഭയം മുസ്‌ലിംകളെ കീഴടക്കുന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു അത്. സാമൂഹികമായി ഭ്രഷ്ട് കല്‍പിക്കപ്പെടുന്നതോടെ ശരിക്കും ഇരുട്ടിലകപ്പെട്ടുപോകുന്നവരാണ് അധികവും. തീവ്രവാദക്കേസില്‍ തുറുങ്കിലടക്കപ്പെട്ട എത്രപേര്‍ക്ക് ശരിയായ നിയമപരിരക്ഷ കിട്ടിയിട്ടുണ്ട്? ഏകപക്ഷീയമല്ലാത്ത വിചാരണ നടക്കുന്നുണ്ട്. ഒടുവില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്ന കേസുകളില്‍ പോലും പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കാന്‍ പോലും ആളില്ലാതായതിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുന്നവരാണ് അധികവും.
ജയിലില്‍ പിന്നീട് വായനയും പഠനവുമൊക്കെത്തുടങ്ങി. ഡിഗ്രി പഠനം ആരംഭിക്കുന്നതങ്ങനെയാണ്. പക്ഷേ ജയില്‍ വാര്‍ഡന്‍ ഒരു മുരടനായിരുന്നതിനാല്‍ ഡിഗ്രി പഠനം തുടരാനായതുമില്ല. ജയിലില്‍ വെച്ചാണ് ഗാന്ധിയന്‍ ആശയങ്ങളോട് ആമിറിന് താല്‍പര്യമുണ്ടാകുന്നത്. അതുതന്നെയാണ് ജയില്‍ മോചിതനായതിന് ശേഷം ആദ്യം ഗാന്ധി പീസ് ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നതും പിന്നീട് ഗാന്ധിയനായ ഹര്‍ഷ് മന്ദിറിന്റെ കൂടെ ചേര്‍ന്നതും.

ഉപ്പ മരിച്ചു ഉമ്മ ഒറ്റപ്പെട്ടു
വല്ലപ്പോഴുമൊക്കെ കാണാന്‍ വരുന്ന ഉപ്പ ആമിറിനോട് പറഞ്ഞിരുന്നത്, ജയിലില്‍ ചീത്ത കൂട്ടുകെട്ടിലൊന്നും അകപ്പെടരുതെന്നായിരുന്നു. അതുകൊണ്ട് ജയിലിനകത്ത് ചങ്ങാത്തങ്ങള്‍ ചുരുക്കമേ ഉണ്ടായിരുന്നുള്ളൂ. ദേശദ്രോഹിയെന്നുള്ള അലര്‍ച്ചകളും മര്‍ദനങ്ങളും ഇടയ്ക്കിടെയുണ്ടാകും. അതുകൊണ്ട് സെല്ല് വിട്ട് പുറത്തുവരാനേ താല്‍പര്യമുണ്ടായിരുന്നില്ല.
ഉപ്പ മരിച്ചപ്പോള്‍ പോലും ജയിലില്‍നിന്ന് വിട്ടില്ല. ഉപ്പയുടെ മയ്യിത്ത് കാണാനോ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനോ അനുവാദം കിട്ടിയില്ല. ഇന്നും ഉപ്പയുടെ ഖബര്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഖബര്‍സ്ഥാനില്‍ ചെന്ന് ഏതെങ്കിലുമൊരു ഖബ്‌റിന്റെ അടുത്തുചെന്ന് ഉപ്പാക്കുവേണ്ടി ദുആ ചെയ്യും. ഉപ്പ മരണപ്പെട്ടതിനുശേഷം ഉമ്മ ആകെ ഒറ്റപ്പെട്ടു. ഉമ്മാക്ക് കേസ് നടത്തേണ്ടതിനെ പറ്റിയൊന്നും നിശ്ചയമില്ലായിരുന്നു. പലപ്പോഴും വക്കീല്‍ ഫീസൊന്നും കൊടുക്കാനില്ലായിരുന്നു. വക്കീലന്മാര്‍ക്ക് അത് മനസിലാക്കാനും സാധിച്ചിരുന്നു. അവര്‍ ആ ഉമ്മാനെ കൈവിട്ടില്ല. വാതരോഗിയായ ഉമ്മ കോടതിമുറികള്‍ കയറിയിറങ്ങിയത് ഒരു പതിറ്റാണ്ടിലേറെയാണ്. പടച്ചോന്റെ കോടതിയിലുള്ള വിശ്വാസമാണ് അവരെ നടക്കാന്‍ പ്രേരിപ്പിച്ചത്. മനുഷ്യന്റെ കോടതിയില്‍ തോറ്റാലും പടച്ചോന്റെ കോടതിയുണ്ടല്ലോ എന്ന വിശ്വാസം.

ജയിലിലെ നീണ്ട പതിനാല് വര്‍ഷവും ജീവിക്കണമെന്ന ആശ നിലനിര്‍ത്തിയത് തനിക്കുവേണ്ടി കാത്തിരിക്കുന്ന ജീവിതങ്ങളെ ഓര്‍ത്തിട്ടായിരുന്നു. ഉമ്മയും ആലിയയും നടത്തുന്ന പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും തന്നെ മോചിപ്പിക്കുമെന്ന് ആമിര്‍ വിശ്വസിക്കാന്‍ ശീലിച്ചപ്പോഴേക്കും കേസ് അനുകൂലമാകാന്‍ തുടങ്ങിയിരുന്നു.

പ്രാര്‍ത്ഥനയുമായി ഒരു പെണ്‍നാളം
ട്യൂഷന്‍ ക്ലാസില്‍ പോകുമ്പോഴാണ് ആലിയയെ കണ്ടിരുന്നത്. വീടിന്റെ അടുത്തുള്ള ഗല്ലിയില്‍ തന്നെയായിരുന്നു അവളുടെ വീട്. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങളെപ്പോഴോ മനസിലാക്കി. അവളുടെ മുഖം ജനലുകള്‍ക്കിടയിലൂടെ ഞാന്‍ നോക്കിക്കണ്ടു. കണ്ണുകള്‍കൊണ്ട് മാത്രമുള്ള സംസാരങ്ങളായിരുന്നു ഞങ്ങളുടേത്. ‘എല്ലാ കുത്തുവാക്കുകളും സഹിച്ച് പതിനാല് വര്‍ഷം എനിക്കുവേണ്ടി കാത്തിരിക്കാന്‍ ആലിയയെ പ്രേരിപ്പിച്ച സത്യമാണ് പ്രണയം’, ആമിറിന്റെ കണ്ണുകളില്‍ ഇപ്പോഴും ആ പ്രണയമുണ്ട്. തീവ്രവാദക്കേസില്‍ അകപ്പെട്ട ഒരു മുസ് ലിം തിരിച്ചുവരുമെന്ന് എന്തുപ്രതീക്ഷയാണുണ്ടാവുക? ‘എനിക്ക് തോന്നുന്നു, ഞാന്‍ പുറത്തുവരുമെന്ന് എന്നെക്കാളും എന്റെ അമ്മയെക്കാളും വിശ്വസിച്ചിരുന്നത് ആലിയയായിരിക്കും.’ ആമിര്‍ പറയുന്നു.
ഡോക്യുമെന്ററിക്ക് വേണ്ടി ആലിയയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവരുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച് രണ്ടാം മാസം മരണപ്പെട്ടിട്ട് ആഴ്ചകള്‍ ഒന്നുരണ്ടേ ആകുന്നുണ്ടായിരുന്നുള്ളൂ. ആ വേദനക്കകത്തുനിന്ന് അവരുടെ പ്രണയത്തെക്കുറിച്ച് ചോദിക്കുന്നത് ക്രൂരമാകും. ഞങ്ങളതിന് മുതിര്‍ന്നില്ല. പതിനാല് വര്‍ഷത്തെ ജയില്‍ പുള്ളിയെന്ന ലേബലില്‍ നിന്ന് നമുക്കൊരു സ്വതന്ത്രമായ ജീവിതം വേണമെന്ന് ആലിയ എപ്പോഴും പറയുമത്രെ. ആമിര്‍ ജയിലിലുണ്ടായിരുന്നപ്പോഴൊന്നും ആമിറിനെ പറ്റി ഓര്‍ക്കാത്തവര്‍ ഇപ്പോള്‍ ആമിറിനെ കുറിച്ച് സഹതപിക്കുന്നത് കാണുമ്പോള്‍ ആലിയക്ക് ദേഷ്യം വരും. പതിനാലു വര്‍ഷം ജയിലില്‍ കിടന്ന് നിരപരാധിയെന്ന് പറഞ്ഞ് വിട്ടയച്ച ആമിര്‍, ആ ആമിറിന്റെ ഭാര്യ, ആ ആമിറിന്റെ മകള്‍. ഈ പതിനാലുവര്‍ഷം ഞങ്ങള്‍ക്ക് മറക്കണം എന്ന് ആലിയ പറയുന്നു. പേടികളില്ലാത്ത ലോകത്തെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. ആമിറിനും ആലിയക്കും ഒരു മകളുണ്ട്. അനുഷ്‌ക. അവള്‍ നഴ്‌സറിയില്‍ പോകുന്നു. തീവ്രവാദക്കേസിന്റെ ചാപ്പകുത്തലുകളില്ലാത്ത ഒരു ജീവിതം തന്റെ മക്കള്‍ക്കുണ്ടാകണമെന്ന് ആമിര്‍ ആഗ്രഹിക്കുന്നു.

ഇനിയെത്ര ആമിറുമാര്‍
ജീവിത ചുറ്റുപാടുകള്‍ ഇടുങ്ങിയതും ചെറുതുമായതിനാല്‍ നിയമപരിരക്ഷ കിട്ടാതെ പോകുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയാണ് ആമിറിപ്പോള്‍ അമന്‍ ബിറാദിരിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയുടെ ഡയറക്ടറും മുതിര്‍ന്ന അഭിഭാഷകയുമായ സുറൂര്‍ മന്ദിര്‍ പറയുന്നു: ‘ആമിറിപ്പോഴും ചെറുപ്പമാണ്. പോയ വര്‍ഷങ്ങള്‍ തിരിച്ചെടുക്കാനാവില്ലെങ്കിലും ഇനിയൊരു ജീവിതം പടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ യൗവനം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്ന നിരപരാധികള്‍ കുറെയുണ്ട് നമ്മുടെ രാജ്യത്ത്. അവരെയൊക്കെ ഈ സ്റ്റേറ്റ് എങ്ങനെ പുനരധിവസിപ്പിക്കുമെന്നത് നോക്കേണ്ട കാര്യമാണ്. ഒരുപാട് നീണ്ട ജയില്‍വാസത്തിനയച്ചിട്ട് ‘ഹൊ, ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന്’ കൈയൊഴിഞ്ഞാല്‍ തീര്‍ന്നുവെന്നാണ് നമ്മുടെ സര്‍ക്കാറുകള്‍ കാണിച്ചുതരുന്നത്. അത് മാറണം.’
ആമിറിന് ഡല്‍ഹി പൊലീസ് തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിവന്നത് നല്ല കാര്യമാണ്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നേ സാധാരണ ഗതിയില്‍ വിധി ഉണ്ടാകാറുള്ളൂ. എന്നാല്‍ ആമിറിന്റെ കേസില്‍ ഡല്‍ഹി പൊലീസ് കാണിച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഈ ഉത്തരവ്. ഇത് രാജ്യത്തിന്റെ പലഭാഗത്തുമുള്ള, തന്നെപ്പോലെ നിരപരാധിയായിരുന്നിട്ടും ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജയിലില്‍ കഴിയേണ്ടിവന്ന നിരവധി ചെറുപ്പക്കാര്‍ക്കും ലഭിക്കണമെന്ന് ആമിര്‍ പറയുന്നു. എത്ര പണം കിട്ടിയാലും പോയ വര്‍ഷങ്ങള്‍ക്ക് പകരമാവില്ല. പക്ഷേ, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഈ അന്വേഷണ ഏജന്‍സികള്‍ക്കൊക്കെ മനസിലാകണമല്ലോ.
ജയില്‍ മോചിതനായി പുറത്തുവരുമ്പോള്‍ ഡല്‍ഹി ആകെ മാറിയിരുന്നു. കൂറ്റന്‍ കെട്ടിടങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, ഡല്‍ഹി മെട്രോ, മോടി പിടിപ്പിച്ച റോഡുകള്‍. അപരിചിതമായ കാലവും ഇടവും ആമിറിനെ അമ്പരപ്പിച്ചു. ജീവിച്ചുതന്നെ ജയിക്കണമെന്നുള്ളതിനാല്‍ ആമിര്‍ ചുവടുറപ്പിച്ചുനടന്നുതുടങ്ങി. തലയുയര്‍ത്തി, ഭയമൊഴിച്ച് ആര്‍ജവത്തോടെ ആമിര്‍ തന്റെ ജീവിതം തുടരുന്നു.
* * *
വ്യാജ എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ കണക്കുകളും നിയമസഹായം പോലുമനുവദിക്കാതെ യു എ പി എയും മറ്റും ചുമത്തി ജയിലിലടച്ച ചെറുപ്പക്കാരുടെ കണക്കും ഈ രാജ്യത്തിന് അപമാനം മാത്രമാണ്. ഭയം വിതച്ച് ഭയം കൊയ്യുന്ന രാഷ്ട്രനൈതികത ഇന്ത്യന്‍ ഭരണഘടനക്ക് വെല്ലുവിളിയുമാണ്.

എന്‍ എസ് അബ്ദുല്‍ഹമീദ്‌

You must be logged in to post a comment Login