ഇത് പൊയ്‌വെടിയല്ല, കാരണം

ഇത് പൊയ്‌വെടിയല്ല, കാരണം

ചരിത്രസംഭവങ്ങളും വ്യക്തികളും രണ്ടുതവണ ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് ഹെഗലാണ്. എല്ലായ്‌പ്പോഴും എന്നപോലെ കാള്‍മാര്‍ക്‌സ് അതിനെ തിരുത്തി. ഒന്നാം തവണ ദുരന്തമായും രണ്ടാം തവണ പ്രഹസനമായുമാണ് ചരിത്രം ആവര്‍ത്തിക്കുക എന്ന് ലൂയി ബോണപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമെയറില്‍ മാര്‍ക്‌സ് എഴുതി.

മഹത്തായ മരണാനന്തരജീവിതം സിദ്ധിച്ച ധൈഷണികനാണ് മാര്‍ക്‌സ്. ലോകത്തിന്റെ സമസ്ത ചിന്താധാരകളെയും പലരൂപത്തില്‍ മാര്‍ക്‌സ് സ്വാധീനിക്കുന്നു. മാര്‍ക്‌സിന്റെ ഭൂതങ്ങള്‍ എന്ന് ദെറിദ. മാര്‍ക്‌സ് ജീവിതാന്ത്യം വരെ എഴുതിച്ചെറുത്ത മുതലാളിത്തം പോലും പ്രതിസന്ധിഘട്ടങ്ങളില്‍ മാര്‍ക്‌സിനെ അവര്‍ക്കുവേണ്ടി വായിച്ചെടുക്കുന്നു. സമാനമോ അതിലധികമോ ആണ് മാര്‍ക്‌സിസം അതിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷണങ്ങള്‍ തുടങ്ങിയ കാലത്ത് ഇന്ത്യയില്‍ സാമ്രാജ്യത്വ വിരുദ്ധ സമരം നയിച്ച മഹാത്മാഗാന്ധിയുടെ ജീവിതവും. ജീവിച്ചിരുന്ന കാലത്തെക്കാള്‍ ജീവിച്ചിരിക്കാത്ത ഗാന്ധിക്കാണ് പ്രഹരശേഷി. അതുകൊണ്ടാണ് ദുരന്തമായി സംഭവിച്ച നാഥുറാം ഗോഡ്‌സേ, പൂജാ ശകുന്‍ പാണ്ഡേമാരിലൂടെ പ്രഹസനമായി ആവര്‍ത്തിക്കുന്നത്. ഗാന്ധിജിയെ നാഥുറാം ഗോഡ്‌സേ വെടിവെച്ചുകൊന്നതിന്റെ എഴുപത്തിയൊന്നാം ഓര്‍മദിവസത്തില്‍, മുമ്പ് പലയിടത്തും ചെയ്തിരുന്നപോലെ, ഗാന്ധിയുടെ രൂപത്തില്‍ വെടിവെച്ച് ഉന്മാദിച്ച പൂജാ ശകുന്‍ പാണ്ഡേ എന്ന ഹിന്ദുമഹാസഭാ നേതാവ് പക്ഷേ, ചരിത്രത്തിന്റെ കോമാളിവേഷത്തിലുള്ള ആവര്‍ത്തനം മാത്രമല്ല. കാരണമുണ്ട്.

ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമാണ് അടുത്ത ഒക്‌ടോബര്‍ രണ്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ബി.ജെ.പി സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം മാത്രമായി സര്‍ക്കാര്‍ വിലാസം ആഘോഷങ്ങള്‍ ഒതുങ്ങിയെങ്കിലും രാജ്യം ഗാന്ധിയിലേക്ക് കൂടുതല്‍ കൂടുതല്‍ സഞ്ചരിച്ചെത്തി. സര്‍വകലാശാലകളില്‍ മുതല്‍ പണിയിടങ്ങളില്‍ വരെ പലതരത്തില്‍ ഗാന്ധി വായനകള്‍ നടന്നു; നടക്കുന്നു. ഗാന്ധിയുടെ പൈതൃകം രാഷ്ട്രീയ മൂലധനമാക്കി ഇന്നും തുടരുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെ പക്ഷേ, വലിയൊരു മറവിക്ക് ചുക്കാന്‍ പിടിക്കുന്ന കാഴ്ച കണ്ടു. അത് മറ്റൊന്നുമല്ല; ഗാന്ധിയെ കൊന്നതാണെന്നും കൊന്നത് ഒരു ഹിന്ദുമതഭ്രാന്തനല്ല, മറിച്ച് തെളിഞ്ഞ ബുദ്ധിയും ചിന്താശേഷിയുമുണ്ടായിരുന്ന, ഹിന്ദുപക്ഷ പത്രം നടത്തിയിരുന്ന, വിദ്യാസമ്പന്നനായിരുന്ന നാഥുറാം ഗോഡ്‌സേ ആണെന്നും ആ കൊലപാതകം ക്ഷിപ്രകോപത്തിന്റെ പ്രകാശനമായിരുന്നില്ല; മറിച്ച് ആസൂത്രിതമായ പദ്ധതിയായിരുന്നു എന്നുമുള്ള മറക്കരുതാത്ത ഓര്‍മയെ നാം മറന്നുകളഞ്ഞു. ആരാണ് ഗാന്ധി എന്ന് പേര്‍ത്തും പേര്‍ത്തും സംസാരിക്കുന്നവര്‍, ഗാന്ധിയിലേക്ക് മടങ്ങൂ എന്ന് നിരന്തരം ഉദ്‌ബോദിപ്പിക്കുന്നവര്‍, ആരായിരുന്നു ഗോഡ്‌സേ എന്ന് പറയാതിരുന്നു. പറഞ്ഞപ്പോഴൊക്കെ ഗോഡ്‌സേ മതഭ്രാന്തനായ, മതവിശ്വാസത്തിന്റെ അസഹ്യമായ തള്ളിച്ചയുള്ള ഒരു വ്യക്തി മാത്രമായി മാറി. വ്യക്തിയില്‍ നിന്ന് അയാളുടെ ചരിത്രത്തെ ഇളക്കിമാറ്റിയാല്‍ ഗാന്ധിയും ഗോഡ്‌സേയും നമ്മളുമെല്ലാം വെറും മനുഷ്യര്‍ മാത്രമാണല്ലോ? ഗാന്ധിയെ ചരിത്രത്തില്‍ നിര്‍ത്തി വായിച്ചവര്‍, ആ ചരിത്രത്തിന്റെ അറ്റങ്ങളിലേക്ക് സാഹസികമായി സഞ്ചരിച്ചവര്‍, ഗാന്ധിയിലെ ആദ്യകാല നിലപാടുകളെ ഇഴകീറിയെടുത്തവര്‍ ഗോഡ്‌സേയിലേക്ക് തെല്ലും സഞ്ചരിച്ചില്ല. ഗാന്ധിയെത്തിരക്കി ദക്ഷിണാഫ്രിക്കയിലേക്ക് പോയവര്‍ ഒരിക്കലും ഗോഡ്‌സെയെ തിരക്കി വെറും എണ്‍പതുകൊല്ലം മുന്‍പുള്ള പൂനെയിലേക്ക് പോയില്ല.
എന്തിന് പോകണം? ആരാണയാള്‍? അയാള്‍ ഗാന്ധി ഘാതകനാണ്. ഞങ്ങള്‍ അയാളെ വെറുക്കുന്നു. അയാളുടെ പേരുപോലും ഞങ്ങള്‍ ഉച്ചരിക്കില്ല. അയാളുടെ ചരിത്രം ചികഞ്ഞിട്ട് എന്തിനാണ്? അയാളില്‍ നിന്ന് ഞങ്ങള്‍ക്കൊന്നും പഠിക്കാനില്ല. ആ ഘാതകന്റെ, ആ മതഭ്രാന്തന്റെ പേരിന്റെ നിഴല്‍ പോലും ഞങ്ങള്‍ വെറുക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കയാള്‍ വെറും ഗോഡ്‌സേയാണ്. എന്തുകൊണ്ട് നിങ്ങള്‍ ഗോഡ്‌സേയിലേക്ക് ചെല്ലുന്നില്ല എന്നചോദ്യങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങള്‍ ഇത്രയേ ഉള്ളൂ. അത്ര നിഷ്‌കളങ്കമല്ല പക്ഷേ, ഈ ഉത്തരങ്ങള്‍. അതിനാല്‍ നമുക്ക് അയാളിലേക്ക് ചെല്ലാം.
ആരായിരുന്നു നാഥുറാം വിനായക് ഗോഡ്‌സേ? എന്തിനായിരുന്നു അയാള്‍ മഹാത്മാഗാന്ധിയെ വധിച്ചത്? ലോകത്തെ അക്ഷരാര്‍ഥത്തില്‍ കാല്‍ക്കീഴിലാക്കിയിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത കൊടും ക്രൂരതയിലേക്ക് അയാള്‍ എങ്ങനെ വന്നെത്തി? എന്ത് ബലങ്ങളാണ് നാഥുറാം ഗോഡ്‌സേയെ ആ ൈപശാചികകൃത്യത്തിന് ധൈര്യപ്പെടുത്തിയത്?.
1914-ല്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധി ഇന്ത്യയിലേക്ക് കപ്പല്‍ കയറുമ്പോള്‍ ഗോഡ്‌സേക്ക് നാല് വയസാണ്. പൂനെ സ്വദേശി. ഒരു സാദാ പോസ്റ്റല്‍ ജീവനക്കാരന്റെ മകന്‍. ബ്രാഹ്മണനാണ്. ഇരുപത് വയസുവരെ ഒരു സാധാരണ വിദ്യാര്‍ഥിയും ഉറച്ച മതവിശ്വാസിയുമായ ഒരു ബ്രാഹ്മണ യുവാവായി അയാള്‍ പൂനെയില്‍ ജീവിച്ചു. ഇതര ജാതികളോട്, പ്രത്യേകിച്ചും ഗുജറാത്തി ബനിയകളോട് വിദ്വേഷസമാനമായ മനോഭാവം പുലര്‍ത്തിയിരുന്ന ബ്രാഹ്മണ കൂട്ടായ്മകളിലെ ഒരു സാധാരണ അംഗമായിരുന്നു അയാള്‍.

1930 ആണ് ഗോഡ്‌യേുടെ ജീവിതത്തില്‍ ഗതിനിര്‍ണായകമാറ്റമുണ്ടാക്കിയ വര്‍ഷം. അയാളുടെ പിതാവിന് രത്‌നഗിരിയിലേക്ക് സ്ഥലംമാറ്റമായി. രത്‌നഗിരിയിലായിരുന്നു അക്കാലത്ത് വി.ഡി. സവര്‍ക്കര്‍. സ്വാതന്ത്ര്യസമരത്തില്‍ സജീവമായിരുന്ന, അക്കാലത്ത് മതേതര നിലപാട് സൂക്ഷിച്ചിരുന്ന, പില്‍ക്കാലത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളില്‍ നിന്ന് വിട്ടുനിന്ന സവര്‍ക്കര്‍. അക്കാലമാകുമ്പോഴേക്കും ഹിന്ദുത്വയുടെ പ്രോല്‍ഘാടകനായി സവര്‍ക്കര്‍ മാറിയിട്ടുണ്ടായിരുന്നു. ഹിന്ദുത്വയെക്കുറിച്ച് മാത്രമാണ് അക്കാലത്ത് സവര്‍ക്കര്‍ സംസാരിച്ചിരുന്നതും എഴുതിയിരുന്നതും. ഇന്ത്യന്‍ ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ഹിന്ദുക്കളാണെന്നും ഹിന്ദുക്കള്‍ മാത്രമാണെന്നും സവര്‍ക്കര്‍ ഉറച്ചുവിശ്വസിച്ചിരുന്നു, പ്രചരിപ്പിച്ചിരുന്നു. രത്‌നഗിരിയില്‍ പിതാവിനെ സന്ദര്‍ശിക്കാനെത്തിയ നാഥുറാം സവര്‍ക്കറെ കണ്ടുമുട്ടുന്നു.

വീണ്ടും വീണ്ടും അയാള്‍ സവര്‍ക്കറിലേക്കെത്തുന്നു. സവര്‍ക്കറുടെ അടുത്ത അനുയായിത്വം അയാള്‍ സ്വീകരിക്കുന്നു. മുപ്പതുകളിലും നാല്‍പതുകളിലും ഹിന്ദുത്വയുടെ സജീവ പ്രചാരക സ്ഥാനത്ത് ഗോഡ്‌സേയുണ്ട്. അയാള്‍ ഹിന്ദുയുവാക്കള്‍ക്ക് വേണ്ടി റൈഫിള്‍ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നുണ്ട്. ഒരു ദിനപ്പത്രം പോലും നടത്തുന്നുണ്ട്. അക്കാലത്ത് മഹാരാഷ്ട്രയില്‍ ഏറെ ആരാധകരുണ്ടായിരുന്ന ഒരു ഹിന്ദു നേതാവായിരുന്നു നാഥുറാം വിനായക് ഗോഡ്‌സേ. ഇടക്കാലത്ത് അയാള്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലും അംഗമായി. താമസിയാതെ അംഗത്വം ഉപേക്ഷിച്ചു. സവര്‍ക്കര്‍ അക്കാലത്ത് മുംബെയില്‍ എത്തുന്നുണ്ട്. ഗോഡ്‌സേ സവര്‍ക്കറുടെ സ്ഥിരം സന്ദര്‍ശകനായി മാറി. ഹിന്ദുമഹാസഭ അക്കാലത്ത് അതിശക്തമായിരുന്നു. ഗാന്ധിയുടെയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനം ശക്തമായിരുന്ന കാലമാണത്. ദേശീയപ്രസ്ഥാനത്തിന്റേയും കോണ്‍ഗ്രസിന്റേയും എതിര്‍പക്ഷത്തായിരുന്നു ഹിന്ദുമഹാസഭ. അവര്‍ സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കായിരുന്നില്ല.
1938-ഫെബ്രുവരിയില്‍ ഗോഡ്‌സേ സവര്‍ക്കര്‍ക്ക് എഴുതിയ നീണ്ട കത്ത് രാമചന്ദ്ര ഗുഹ ഉദ്ധരിക്കുന്നുണ്ട്; അദ്ദേഹത്തിന്റെ ഗാന്ധി എന്ന പുസ്തകത്തില്‍. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ചെറുക്കുന്നതിനുള്ള നീണ്ട രൂപരേഖയായിരുന്നു ആ കത്ത്. വരികള്‍ വായിക്കുമ്പോള്‍ ഊന്നണം; കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ചെറുക്കുക എന്ന് തന്നെയാണ് ഗോഡ്‌സേ എഴുതിയത്. അതും ഹിന്ദുമഹാസഭ എങ്ങനെ ചെറുക്കണം എന്നാണ് ഗോഡ്‌സേ എഴുതിയത്. ഹിന്ദുമഹാസഭ അക്കാലത്ത് ഒരു ബ്രാഹ്മിണ്‍ സഭ ആയിരുന്നല്ലോ? മഹാസഭയെ ശക്തിപ്പെടുത്താന്‍ ഗോഡ്‌സേ നിര്‍ദേശിച്ചത് അബ്രാഹ്മണരെയും പിന്നോക്കവിഭാഗക്കാരെയും മഹാസഭയുടെ നേതൃത്വത്തില്‍ അവരോധിക്കണം എന്നാണ്. അത്തരം ഒരു നീക്കത്തെ രാഷ്ട്രീയതന്ത്രമായാണ് ഗോഡ്‌സേ അവതരിപ്പിക്കുന്നത്. ദിനപത്രങ്ങളും പ്രഭാഷണങ്ങളും വഴി മഹാസഭയെ ശക്തിപ്പെടുത്തണം എന്നും ആ രൂപരേഖയിലുണ്ട്. പൂനെയിലെ ഹിന്ദുമഹാസഭക്കാര്‍ക്കിടയില്‍ കടുത്ത അപകര്‍ഷതാബോധം പടര്‍ന്നിരിക്കുന്നുവെന്നും അത് മാറ്റണമെന്നും ഗോഡ്‌സേ സവര്‍ക്കറോട് ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെപ്പോലെ മൂര്‍ത്തമായ ഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് അപകര്‍ഷതക്ക് കാരണം. ഗാന്ധിയുടെ പാര്‍ട്ടിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനും ആ നീണ്ട കത്ത് ആഹ്വാനം ചെയ്യുന്നു. നെഹ്‌റുവിനെപ്പോലെ ഹിന്ദുമഹാസഭയുടെ പ്രസിഡന്റിന് പ്രശസ്തി ലഭിക്കുന്നില്ല എന്ന വിമര്‍ശനത്തോടെയാണ് ഗോഡ്‌സേ ഉപസംഹരിക്കുന്നത്.

1941-നും 44 നുമിടക്ക് നിരവധി കത്തുകള്‍ ഗോഡ്‌സേ സവര്‍ക്കര്‍ക്ക് കൈമാറുന്നുണ്ട്. സവര്‍ക്കറെ ഗാന്ധിയുടെ എതിരാളിയായാണ് ഗോഡ്‌സേ സങ്കല്‍പിച്ചിരുന്നത്. ഹിന്ദുക്കളുടെ വാഗ്ദത്ത നായകനാണ് സവര്‍ക്കര്‍ എന്ന് ഗോഡ്‌സേ വിശേഷിപ്പിക്കുന്നു. 1946-47 കാലത്ത് മറാത്തി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന അഗ്രാണി മാസികക്ക് സവര്‍ക്കര്‍ അക്കാലത്തെ വലിയ തുകയായ 15000 രൂപ സഹായധനം നല്‍കിയതായി ഗുഹ എഴുതുന്നുണ്ട്. അഗ്രാണിയുടെ അക്കാലത്തെ പത്രാധിപര്‍ നാഥുറാം വിനായക് ഗോഡ്‌സേ ആയിരുന്നു. നാരായണ്‍ ആപ്‌തേ ആയിരുന്നു ഗോഡ്‌സേയുടെ വലംകൈ. കടുത്ത മുസ്‌ലിം വിരുദ്ധത ആയിരുന്നു അഗ്രാണിയുടെ പ്രത്യേകത. മുസ്‌ലിം ഗുണ്ടകള്‍ എന്നുമാത്രമേ അവര്‍ മുസ്‌ലിംകളെപ്പറ്റി അച്ചടിക്കുമായിരുന്നുള്ളൂ. മുസ്‌ലിം ഗുണ്ടകള്‍ ഹിന്ദുക്കളുടെ ചോരചിന്തുന്നു എന്ന വിധം ലേഖനങ്ങള്‍. മുസ്‌ലിം ലീഗ് നേതാക്കളെ ചെങ്കിസ്ഖാനോടും മറ്റും ഉപമിക്കുന്ന കടുത്ത ലേഖനങ്ങള്‍ നിര്‍ബാധം പ്രസിദ്ധീകരിച്ചു. നെഹ്‌റുവും ഗാന്ധിയും ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ല എന്ന് നിരന്തരം കുറ്റപ്പെടുത്തി. ശിവജിയുടെയും റാണാപ്രതാപിന്റെയും രക്തരൂക്ഷിതമായ സമരപാത പിന്തുടരാന്‍ അഗ്രാണി ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. എല്ലാ ലക്കങ്ങളിലും ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളാണ് അഗ്രാണിയിലൂടെ ഗോഡ്‌സേ അഴിച്ചുവിട്ടത്.
നാല്‍പത്തിയേഴാകുമ്പോഴേക്കും ഗോഡ്‌സേയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ പലരൂപത്തില്‍ അക്രാമകമാകുന്നുണ്ട്. ഗാന്ധിയെ ഹിന്ദുത്വയുടെ എതിര്‍പക്ഷത്ത് നിര്‍ത്തുന്ന വിചാരണകള്‍ തുടര്‍ന്നു. ഹിന്ദുമഹാസഭയുടെ പ്രഭാഷണങ്ങളില്‍ അത് നിറഞ്ഞുനിന്നു. ഗാന്ധി ഹിന്ദുക്കളുടെ വളര്‍ച്ചക്കും ഐക്യത്തിനും ഭീഷണിയാണെന്ന ബോധം ഗോഡ്‌സേ പ്രചരിപ്പിച്ചു. സവര്‍ക്കര്‍ക്കുള്ള ദീര്‍ഘമായ കത്തുകളില്‍ കോണ്‍ഗ്രസ്, നെഹ്‌റു, ഗാന്ധി വിരുദ്ധത ഗോഡ്‌സേ പ്രകടിപ്പിച്ചു. ഒരുഘട്ടത്തില്‍ സവര്‍ക്കറെ ഗാന്ധിക്ക് പകരമായി പ്രതിഷ്ഠിക്കാനുള്ള ത്വരപോലും ഗോഡ്‌സേ വെളിപ്പെടുത്തുന്നുണ്ട്.

എന്തിനാണ് ഗോഡ്‌സേയിലേക്ക് നമ്മള്‍ പോയതെന്ന് ഇപ്പോള്‍ തെളിഞ്ഞുകിട്ടി എന്ന് കരുതട്ടെ. ഗോഡ്‌സേ ചരിത്രമില്ലാത്ത ആളല്ല. ഗോഡ്‌സേയുടെ ഗാന്ധിവിരുദ്ധത പെട്ടെന്നുണ്ടായതല്ല. കോണ്‍ഗ്രസ് ചരിത്രകാരന്‍മാര്‍ പറയുന്നതുപോലെ പാകിസ്ഥാന് പണം കൊടുക്കണമെന്ന ഗാന്ധിജിയുടെ വാശി സൃഷ്ടിച്ച പ്രകോപനത്തില്‍ നിന്നല്ല അയാള്‍ വെടി ഉതിര്‍ത്തത്. ഗാന്ധിക്കൊപ്പം വളര്‍ന്ന ഒന്നാണ് ഗോഡ്‌സേ. അഥവാ ഗാന്ധിയുടെ വിപരീതപദമായി വളര്‍ന്ന ഒന്നാണ് ഗോഡ്‌സേ. ഗോഡ്‌സേ വ്യക്തിയല്ല. ഗോഡ്‌സേ എന്നല്ല ചരിത്രത്തില്‍ ഇടപെട്ട ആരും വ്യക്തികള്‍ മാത്രമല്ല. ഗോഡ്‌സേ ചരിത്ര നിര്‍മിതിയാണ്. ഗോഡ്‌സേ ചരിത്രത്തിലെ സവിശേഷ ബലങ്ങളുടെ സൃഷ്ടിയാണ്. ആ ബലങ്ങളുടെ കേന്ദ്രം സവര്‍ക്കറാണ്. സവര്‍ക്കര്‍ ഹിന്ദുത്വയുടെ ആചാര്യനാണ്. സവര്‍ക്കര്‍ പാര്‍ലമെന്റില്‍ തൂങ്ങിയാടുന്ന ചിത്രമാണ്. സവര്‍ക്കറെ ബിംബസ്ഥാനത്ത് കരുതുന്ന രണ്ടു കക്ഷികളില്‍ ഒന്ന് ബി.ജെ.പിയാണ്. മറ്റൊന്ന് ഹിന്ദുമഹാസഭയാണ്.
അതിനാല്‍ മതഭ്രാന്തന്‍ എന്നൊക്കെ വ്യക്തിവല്‍കരിച്ച് അവതരിപ്പിക്കേണ്ടയാളല്ല ഗോഡ്‌സേ. അയാള്‍ ചരിത്രത്തിലൂടെ സഞ്ചരിച്ച് വന്ന ആളാണ് എന്ന് തന്നെ നമ്മള്‍ പറയണം. ആ ചരിത്രത്തിന്റെ ബലം ഹിന്ദുത്വയാണ്. ആ ചരിത്രമാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. ഗോഡ്‌സേ മുതിര്‍ന്ന ഹിന്ദു രാഷ്ട്രീയ നേതാവായിരുന്നു. അയാള്‍ സവര്‍ക്കറുടെ അനുയായി ആയിരുന്നു. ചരിത്രമുള്ള ആളാണ് ഗോഡ്‌സേ. ഗാന്ധിയെ ഇല്ലാതാക്കാന്‍ അയാള്‍ക്ക് കാരണങ്ങളുണ്ടായിരുന്നു. ദേശീയതയുടെ കാരണങ്ങള്‍ ഉണ്ടായിരുന്നു.

അതുകൊണ്ട് പൂജാ ശകുന്‍ പാണ്ഡേ എന്ന വ്യക്തിയുടെ ഭ്രാന്തോ കോമാളിത്തമോ അല്ല ജനുവരി മുപ്പതിന് നടന്നത്. ഗോഡ്‌സേയുടെ തോക്കില്‍ ഉണ്ടനിറച്ച ആ ചരിത്രബലമുണ്ടല്ലോ ആ ബലമാണ് പൂജയുടെയും ബലം. ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിവിരുദ്ധവും കോണ്‍ഗ്രസ് വിരുദ്ധവും സ്വാതന്ത്ര്യസമര വിരുദ്ധവും അതിനാല്‍ തന്നെ ഇന്ത്യാവിരുദ്ധവുമായിരുന്ന ഒരു വികാരത്തിന്റെ പേരാണ് ഹിന്ദുമഹാസഭ. മുസ്‌ലിം വിരുദ്ധതയുടെ പേരാണ് ഹിന്ദുമഹാസഭ. ജാതീയതയുടെ പേരാണ് ഹിന്ദുമഹാസഭ. ്രബാഹ്മണ്യത്തിന്റെ പേരാണ് ഹിന്ദുമഹാസഭ. സവര്‍ക്കറായിരുന്നു അതിന്റെ ആചാര്യന്‍. ഗോഡ്‌സേ ആയിരുന്നു അതിലെ മറ്റൊരാള്‍. ഗാന്ധി മുന്നോട്ടുവെച്ച എല്ലാവരെയും ഉള്‍കൊള്ളുന്ന ദേശീയതയെ റദ്ദാക്കണം എന്നായിരുന്നു; പകരം ഹിന്ദുദേശീയതയെ പ്രതിഷ്ഠിക്കണമെന്ന സവര്‍ക്കറുടെ ആശയത്തിന്റെ സംഘടനാരൂപമായിരുന്നു ഹിന്ദുമഹാസഭ.

ഇപ്പോഴത്തെ ഇന്ത്യയിലേക്ക് ഒന്ന് നോക്കൂ. അതിന്റെ രാഷ്ട്രീയത്തെ ഒന്ന് നോക്കൂ. ദേശീയതയെ സംബന്ധിച്ച അതിന്റെ കാഴ്ചപ്പാടുകളെ നോക്കൂ. ആ നോട്ടം നിങ്ങളെ പൂജാ ശകുന്‍ പാണ്ഡേയുടെ തോക്കിനെ നിയന്ത്രിക്കുന്ന ബലത്തെ കാണിച്ചുതരും.

ഗാന്ധിക്കെതിരില്‍ അക്രാമകമായി വളര്‍ന്നുവന്ന ഹിന്ദുത്വയെ മനസിലാക്കുന്നതിലും പ്രതിരോധിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഗാന്ധിയെ സംരക്ഷിക്കുന്നതിലും പരാജയപ്പെട്ടു. അതേ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലം ഗാന്ധി വിഭാവനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ദേശീയതയെ പരാജയപ്പെടുത്തി. ഹിന്ദുത്വ പ്രീണനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നടത്തിയ ഓരോശ്രമവും സവര്‍ക്കര്‍ ദേശീയതയുടെ, ഗാന്ധിയെ കൊലപ്പെടുത്തി അത് സ്ഥാപിക്കാന്‍ ഗോഡ്‌സേ തിരഞ്ഞെടുത്ത വഴിയുടെ സാധൂകരണമായിരുന്നു. അധികാരമുറപ്പിക്കാന്‍ സവര്‍ണ ഹിന്ദു ദേശീയതയെ അരിയിട്ട് വാഴിച്ചത് കോണ്‍ഗ്രസായിരുന്നു. ദളിതുകള്‍ ദേശീയതയില്‍ നിന്ന് പുറത്തായത് അക്കാലത്താണ്. കന്‍ഷിറാമും മായാവതിയും ഉണ്ടായത് ആ പുറത്താകലില്‍ നിന്നാണ്. മുസ്‌ലിംകള്‍ അപരരായത് അക്കാലത്താണ്. സംഘപരിവാറുകാര്‍ ബാബരി പള്ളി തകര്‍ത്തത് അക്കാലത്താണ്. കോണ്‍ഗ്രസ് സ്ഥാപിച്ച ഹൈന്ദവ ദേശീയതക്ക് അഥവാ സവര്‍ക്കര്‍ ദേശീയതക്ക് സംഘപരിവാറാണ് കൂടുതല്‍ ചേരുക. അതിനാല്‍ കോണ്‍ഗ്രസ് വാണിരുന്ന മണ്ണെല്ലാം എളുപ്പത്തില്‍ കാവിയായി.

ആ കാവി മണ്ണിന്റെ നായകരൂപം ആരാണ്? നിശ്ചയമായും അത് സവര്‍ക്കറാണ്. അപ്പോള്‍ പ്രതിനായകനോ അത് ഗാന്ധിയാണ്.
അതിനാല്‍ പൂജയുടെ പുതിയ ഗാന്ധിവധം കോണ്‍ഗ്രസില്‍ ഒരു ഞെട്ടലും ഉണ്ടാക്കിയില്ലല്ലോ എന്ന് ഖേദിക്കുന്നവര്‍, കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ പ്രതിഷേധിച്ചില്ലല്ലോ എന്ന് ഖേദിക്കുന്നവര്‍ ചരിത്രം വായിക്കണമെന്നും പഠിക്കണമെന്നും അഭ്യര്‍ഥിക്കുക മാത്രമേ വഴിയുള്ളൂ. ഗാന്ധിയെ പ്രതിനായകനാക്കി വെടിവെച്ചുകൊല്ലുന്ന ഒരു ദേശീയതയാണ് ഇവിടെ വേരുപിടിപ്പിക്കുന്നതെന്ന് നാം മറന്നുപോകാതിരിക്കാന്‍ പൂജ ഒരു നിമിത്തമായെന്നും കരുതാം.

കെ കെ ജോഷി

You must be logged in to post a comment Login