ദേശീയ പ്രൊഫ്‌സമ്മിറ്റ്: അറിവനുഭവങ്ങളുടെ ഒത്തിരുപ്പ്

ദേശീയ പ്രൊഫ്‌സമ്മിറ്റ്: അറിവനുഭവങ്ങളുടെ ഒത്തിരുപ്പ്

യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമഘട്ട താഴ്‌വരകള്‍ക്കിടയിലെ ജൈവസമ്പന്നമായ ദേശമാണ് നീലഗിരി. ഹരിതാഭമായ നീലഗിരിക്കുന്നുകള്‍ക്കിടയില്‍ അറിവുല്‍പാദനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന പാടന്തറ മര്‍കസ് കാമ്പസില്‍ ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകളിലെ 2000ത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുകയുണ്ടായി 2019 ഫെബ്രുവരി 8-10 തിയതികളില്‍ പന്ത്രണ്ടാമത് എസ് എസ് എഫ് ദേശീയ പ്രോഫ്‌സമ്മിറ്റില്‍.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ എസ് എസ് എഫ് നടത്തിയ ഉജ്വല മുന്നേറ്റങ്ങളുടെ ഉത്തരമാണ് നീലഗിരിയിലേക്കെത്തിയ 2000ത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍.
പ്രൊഫ്‌സമ്മിറ്റ് 12ാമത് എഡിഷനില്‍ മൂന്ന് വേദികളിലായാണ് സെഷനുകള്‍ ക്രമീകരിച്ചത്. പാം നവ, പാം സഞ്ചാര്‍, പാം ഗീലാന്‍ എന്നിങ്ങനെ ധൈഷണികജീവിതം നയിച്ച പണ്ഡിതപ്രതിഭകളുടെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളുടെ നാമങ്ങളാണ് വേദികള്‍ക്ക് നല്‍കിയത്.
ഫെബ്രുവരി 8ന് പ്രധാനവേദിയായ പാം നവയില്‍ നടന്നത് രണ്ട് പ്രൗഢമായ പ്രഭാഷണങ്ങളാണ്. അനിര്‍വചനീയ പ്രണയസങ്കല്‍പങ്ങളെ അവതരിപ്പിച്ചുകൊണ്ട് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സികെ റാശിദ് ബുഖാരിയും ദേശീയ ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയും സംസാരിച്ചു. പ്രവാചകാനുരാഗത്തിന്റെ സ്‌നേഹശീലുകളാല്‍ ജീവിതത്തെ ക്രമപ്പെടുത്താനുള്ള ആഹ്വാനത്തോടെ ആദ്യദിനത്തിന് സമാപ്തിയായി.

വേദികളുണര്‍ന്ന് രണ്ടാം ദിനം
നീലഗിരിയുടെ തണുത്ത പ്രഭാതാന്തരീക്ഷത്തെ പാരമ്പര്യ ദര്‍സ് ശൈലിയില്‍ ഗഹനമായ ചര്‍ച്ചകളിലൂടെ ചൂടുപിടിപ്പിച്ചു സി.പി ഉബൈദുള്ള സഖാഫി. ഗുരുമുഖങ്ങളില്‍ നിന്നും പാരമ്പര്യശൈലിയില്‍ നേരിട്ട് മതം പഠിക്കാനുള്ള അവസരം കിട്ടിയിട്ടില്ലാത്തവര്‍ക്ക് ഇതൊരു നവ്യാനുഭവമായിമാറി. മതേതരത്വം മത നിരാസമായി വ്യാഖ്യാനിക്കപ്പെടുകയാണ് ഇന്ന് കാമ്പസുകളില്‍. മതജീവിതം കൂടുതല്‍ പ്രയാസമാകുന്ന കാലത്ത് ഇസ്‌ലാമിന്റെ സൗന്ദര്യത്തെ പ്രകാശിപ്പിക്കുകയാണ് പ്രബോധകരുടെ മുന്നിലെ ദൗത്യമെന്ന് വിദ്യാര്‍ത്ഥികളെ തെര്യപ്പെടുത്തിയാണ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി പ്രധാനവേദിയില്‍ പ്രസംഗിച്ചത്. മതത്തെ ജീവിതം കൊണ്ടടയാളപ്പെടുത്തിയവരെ അറിഞ്ഞും അനുഭവിച്ചുമാണ് പോയകാലങ്ങളില്‍ പലരും മതത്തെ മനസിലാക്കിയതും ഉള്‍കൊണ്ടതും. നമ്മളും ആ മാതൃകകളെ പിന്തുടര്‍ന്നുകൊണ്ടുള്ള പ്രബോധന ദൗത്യം ഏറ്റെടുക്കേണ്ടവരാണെന്ന് സഖാഫി സദസ്സിനെ ബോധ്യപ്പെടുത്തി.

യുക്തിവാദികളുടെ യുക്തി
മതത്തെ മനുഷ്യ യുക്തികൊണ്ട് വ്യാഖ്യാനിക്കാനും നിര്‍വചിക്കാനും ശ്രമിക്കുന്നതിലെ പാളിച്ചകള്‍ കൃത്യമായ തെളിവുകളുടെ പിന്‍ബലത്തില്‍ സുതാര്യമായി അവതരിപ്പിച്ച ഢകഞഠഡഅഘ ചഛഠഒകചഏചഋടട സെഷന്‍ പുതിയ കാലത്തിന്റെ ആവശ്യമായിരുന്നു. സ്വജീവിതത്തിലെ സന്തോഷങ്ങളോടും ജീവിക്കുന്ന കാലഘട്ടത്തോടും ഉപമിച്ചുകൊണ്ടുള്ള പരിമിതമായ ചിന്തകളെ വെച്ചുകൊണ്ട് വിശാലമായ മതത്തെ യുക്തിഭദ്രമല്ലെന്ന് നിരീക്ഷിക്കുന്നതിലെ വിവരക്കേടുകള്‍ കൃത്യമായി ബോധ്യപ്പെടുത്തുന്നതായിരുന്നു സിബ്ഗത്തുള്ള സഖാഫി നേതൃത്വം കൊടുത്ത യുക്തിവാദം സെഷന്‍. കാമ്പസുകളില്‍ ഉയര്‍ന്നുവരുന്ന മതനിരാസത്തിന്റെ ചുറ്റുപാടുകള്‍ മതചിഹ്നങ്ങളെയും ആചാരങ്ങളെയും പഴഞ്ചനും മാറ്റിനിര്‍ത്തപ്പെടേണ്ടതുമാണെന്ന ട്രന്റ് രൂപപ്പെടുത്തി നിരീശ്വരവാദത്തെ എത്രമാത്രം സ്വീകാര്യമാക്കുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു പ്രൊഫ്‌സമ്മിറ്റ് സദസില്‍നിന്നും ഉയര്‍ന്നുവന്ന ചോദ്യങ്ങളത്രയും. കാമ്പസുകളില്‍ മതേതരത്വത്തെ ദുര്‍വ്യാഖ്യാനിക്കുന്ന യുക്തിവാദികളെയും അവരുടെ അബദ്ധവാദങ്ങളെയും ചോദ്യങ്ങളെയും വിശ്വാസദാര്‍ഢ്യംകൊണ്ട് അതിജയിക്കാനാകും എന്ന ആത്മവിശ്വാസംപകരുന്നതായിരുന്നു ഈ സെഷന്‍.

പുസ്തകവായന
ചരിത്രത്തിലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന ചക്രത്തിന്റെ കണ്ടുപിടുത്തത്തെ നിരീക്ഷിച്ചുകൊണ്ട് ഉംബര്‍ട്ടോ എക്കൊ ഇങ്ങനെ പറയുന്നുണ്ട്: ‘ചില സങ്കേതങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതിന് ശേഷം ഇല്ലാതെയാക്കുക എന്നത് അസാധ്യമാണ്. വേണമെങ്കില്‍ അതിനെ പരിഷ്‌കരിക്കാം എന്നുമാത്രം’. പുസ്തകങ്ങളുടെ കണ്ടെത്തല്‍ അത്തരത്തിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. കാമ്പസിന്റെ വരാന്തകളില്‍ ചിന്തകള്‍ക്ക് മൂര്‍ച്ചകൂട്ടേണ്ട വിദ്യാര്‍ത്ഥികള്‍ നല്ല വായനക്കാരാകണം എന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ പുറത്തിറക്കിയ ലോസ്റ്റ് ഹിസ്റ്ററി, ഇഹ്‌യാ ഉലൂമുദ്ദീന്‍ സംഗ്രഹം, ഇസ്‌ലാം ഭീതി എന്നീ പുസ്തകങ്ങള്‍ പ്രൊഫ്‌സമ്മിറ്റ് വേദികളില്‍ ചര്‍ച്ച ചെയ്തു. എന്‍ മുഹമ്മദ് സ്വാദിഖ്, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, കെ.സി സുബിന്‍ എന്നിവരാണ് പുസ്തക ചര്‍ച്ച നയിച്ചത്. മാധ്യമ ഡസ്‌കുകളിലെ ബഹുസ്വരതയില്ലായ്മ, പ്രത്യക്ഷമായും പരോക്ഷമായും മുഖ്യധാരയില്‍ കാണുന്ന മുസ്‌ലിം അസാന്നിധ്യം, അറിഞ്ഞോ അറിയാതെയോ രൂപപ്പെട്ടുവരുന്ന അപരത്വം, മനപ്പൂര്‍വം നിര്‍മ്മിക്കപ്പെടുന്ന ഇസ്‌ലാം ഭീതി തുടങ്ങിയ വിഷയങ്ങള്‍ വിവിധ പുസ്തകങ്ങളെ മുന്‍നിര്‍ത്തി ചര്‍ച്ചകളിലിടം പിടിച്ചു. മതം ആധുനികതയോട് പുറംതിരിഞ്ഞു നില്‍ക്കുന്നതാണെന്ന ധാരണയെ തിരുത്തുകയായിരുന്നു ഓരോ പുസ്തകവായനയും.

ഫാഷിസത്തോട് കലഹിച്ച് ഉദ്ഘാടനവേദി

രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ സവര്‍ക്കറിന്റെ ഹിന്ദുത്വ അജണ്ടകളുമായി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രൊഫ്‌സമ്മിറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടെയും ഏറ്റവും നല്ല ആശയതലങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ഒരു പ്രത്യയശാസ്ത്രത്തെ മാത്രം ഭരണഘടനയുടെ ആശയമാക്കി വ്യാഖ്യാനിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. പൗരജീവിതത്തിനുമേല്‍ നിരന്തരമായ കടന്നുകയറ്റങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. അസമിലെ പൗരത്വ പ്രതിസന്ധി ഏറെ ഗൗരവത്തോടെ വേണം മതേതര കക്ഷികള്‍ നിരീക്ഷിക്കാന്‍. പ്രത്യക്ഷമായോ പരോക്ഷമായോ പാര്‍ശ്വവത്കരിക്കപ്പെടാന്‍ ആരെയും വിട്ടുകൊടുക്കില്ലെന്ന് പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ധാര്‍മിക സദാചാര സങ്കല്‍പങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മൂല്യങ്ങളെ കൃത്യമായി നിര്‍ണയിച്ചുകൊണ്ടും ഇത്തരം സംഗമങ്ങള്‍ ഒരുക്കുന്നത് എന്തുകൊണ്ടും പ്രതീക്ഷാവഹമാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുറശീദ് നരിക്കോട്, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, ശൗകത്ത് നഈമി, ഡോ. നൂറുദ്ദീന്‍ റാസി തുടങ്ങിയവരുടെ സെഷനുകള്‍ പ്രൊഫ്‌സമ്മിറ്റ് പ്രതിനിധികള്‍ എന്നും ഓര്‍മ്മിക്കുന്നതായിരുന്നു. ആഴത്തിലുള്ള അറിവുകളെ ലളിതമായി അവതരിപ്പിക്കുന്നതിലും കാമ്പസിനകത്തും പുറത്തും നിര്‍വഹിക്കപ്പെടേണ്ട പ്രബോധന ദൗത്യത്തെക്കുറിച്ചും, തിന്മകള്‍ പൂക്കുന്നകാലത്തെ മതത്തിന്റെ സാധ്യതകള്‍ വര്‍ധിച്ചുവരുന്നതിനെക്കുറിച്ചുമെല്ലാം വിവിധ സെഷനുകളില്‍ പ്രൗഢമായ അവതരണങ്ങള്‍ നടന്നു.

ഇസ്‌ലാമിക നാഗരികതയുടെ ചരിത്രം തേടി
മറവികള്‍ക്കെതിരെ ഓര്‍മകള്‍ നയിക്കുന്ന സമരമാണ് വിപ്ലവം. ജ്ഞാന വിപ്ലവങ്ങളുടെ മറച്ചുവെച്ച ചരിത്രങ്ങള്‍ക്കിടയിലും ജ്വലിച്ചു നിന്ന ഇസ്‌ലാമിന്റെ നാഗരിക കാലഘട്ടത്തെ ഓര്‍മ്മിക്കുന്നതായിരുന്നു പ്രധാനവേദിയില്‍ നടന്ന ഋങഋഞഏഋചഇഋ . ചരിത്രത്താളുകളില്‍ ശാസ്ത്ര, സാങ്കേതിക വൈജ്ഞാനികരംഗത്ത് പ്രതിഭാത്വം തെളിയിച്ചവരുടെ ചരിത്രം ഓര്‍മ്മിക്കുന്നതോടൊപ്പം നഷ്ടപ്പെട്ടുപോയ സുവര്‍ണകാലത്തെ തിരിച്ചുപിടിക്കാന്‍ എസ് എസ് എഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന അടയാളപ്പെടുത്തലായിരുന്നു ഡോ.അബ്ദുസ്സസലീം പി കെ, ഡോ. അഹമ്മദ് ജുനൈദ്, ഡോ. അലി മുഹമ്മദ്, മുഹമ്മദ് നിയാസ് എന്നിവരുടെ സെഷന്‍. ശരിയായ ഗവേഷണത്തിന്റെ രീതിശാസ്ത്രം എങ്ങനെ രൂപപ്പെടുത്തണമെന്നും തിരിച്ചറിവുകളുടെ അറിവിനെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്നുമുള്ള ധൈഷണികമായൊരു ചര്‍ച്ചക്ക് പാം നവ സാക്ഷിയായി.
പ്രൊഫ്‌സമ്മിറ്റിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഏറെ ആസ്വദിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്ത, ഇസ്‌ലാമിന്റെ കര്‍മ്മശാസ്ത്രവീക്ഷണങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ച സെഷന്‍ മൂന്ന് വേദികളില്‍ ഒരേസമയം നടന്നു. വിശ്വാസ കാര്യങ്ങള്‍ക്കൊപ്പം മതത്തില്‍ കര്‍മ്മങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ഇത്. അറിയാന്‍ ആഗ്രഹമുള്ളവരും എന്നാല്‍ അത്തരം അന്വേഷണങ്ങള്‍ക്ക് അവസരം കിട്ടാത്തവരുമായ വിദ്യാര്‍ത്ഥികളാല്‍ മൂന്ന് വേദിയും നിറഞ്ഞുകവിഞ്ഞിരുന്നു. പാം നവയില്‍ ഇബ്രാഹീം സഖാഫി കുമ്മോളി, പാം സഞ്ചാറില്‍ എന്‍ വി അബ്ദുറസാഖ് സഖാഫി, പാം ഗീലാനില്‍ ഇബ്‌റാഹിം ബാഖവി മേല്‍മുറി എന്നിവര്‍ വിഷയത്തെ കുറിച്ചുളള ആമുഖ ഭാഷണവും, കനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരങ്ങളും നല്‍കി. കര്‍മ്മശാസ്ത്രത്തെ അടുത്തറിയേണ്ടതിന്റെ ആവശ്യകതബോധ്യപ്പെടുത്തിയ സെഷന്‍, മതത്തിന്റെ സൂക്ഷ്മമായ തലങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും ഏറെ പ്രയോജനപ്പെട്ടു..
പ്രൊഫ്‌സമ്മിറ്റിന്റെ രണ്ടാംദിനം രാത്രി അവസാനിച്ചത് ഡോ. ജാസിമും സംഘവും നയിച്ച ബുര്‍ദ ആലാപനത്തോടെയാണ്.

അക്കാദമിക ചര്‍ച്ചകള്‍ ചൂടുപിടിച്ച മൂന്നാം ദിനം
പ്രൊഫ്‌സമ്മിറ്റിന്റെ മൂന്നാം ദിനം ഹാമിദലി സഖാഫിയുടെ ദര്‍സോടെ ഉണര്‍ന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചോദ്യചിഹ്നമാണ് ‘കരിയര്‍’ ഒരു ഭാഗത്തും തൊഴിലില്ലായ്മ മറുഭാഗത്തും നില്‍ക്കുന്ന അവസ്ഥ കൃത്യമായ ലക്ഷ്യത്തിലെത്താനുള്ള വഴികാണിക്കേണ്ടതിന്റെ ആവശ്യകതയാണ് മൂന്ന് വേദികളിലായി ക്രമീകരിച്ച കരിയര്‍ ഗൈഡന്‍സിന്റെ നിറഞ്ഞ സദസ്സുകള്‍ ബോധ്യപ്പെടുത്തിയത്. ജമാല്‍ മാളിക്കുന്ന്, ബാബുപ്രദീപ്, അബ്ദുല്‍ റഊഫ് എന്നിവരാണ് വിവിധ വേദികളില്‍ കരിയര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. പഠനത്തില്‍ കുറുക്കുവഴികളില്ലെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം കൃത്യമായ നിരീക്ഷണവും അന്വേഷണത്വരയുമുണ്ടെങ്കില്‍ കാത്തിരിക്കുന്നത് വിശാലമായ അവസരങ്ങളാണെന്ന് അവതാരകര്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളോട് അവര്‍ കൃത്യമായി പ്രതികരിച്ചു.

പ്രൗഢമായ സമാപനം
രണ്ട് രാപകലുകള്‍ നീലഗിരിയുടെ പച്ചപുതച്ച മടിത്തട്ടില്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പഠനത്തിന്റെയും ജീവിതത്തിന്റെയും ദിശനിര്‍ണയിച്ചുനല്‍കാന്‍ എസ് എസ് എഫിന് സാധിച്ചു. പ്രതിനിധികളുടെ ചിന്തയെ, പഠനത്തെ, സ്വഭാവത്തെ, ലക്ഷ്യത്തെ, അതിലേക്കുള്ള വഴികളെ അഗാധമായി സ്വാധീനിച്ചും ആത്മീയമായി അടയാളപ്പെടാന്‍ അവരെ പ്രചോദിപ്പിച്ചുമാണ് പ്രൊഫ്‌സമ്മിറ്റ് സമാപിച്ചത്. പ്രൊഫ്‌സമ്മിറ്റ് എന്തിന് എന്നതിനുള്ള ഉത്തരമായി മാറുകയായിരുന്നു സമാപന സംഗമം. പ്രൊഫ്‌സമ്മിറ്റിന് പ്രൗഢമായ വേദിയൊരുക്കിയ പാടന്തറ മര്‍കസിന്റെ സാരഥി ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സികെ റാശിദ് ബുഖാരി, സംസ്ഥാന കാമ്പസ് സെക്രട്ടറി ഡോ.ഷമീറലി എന്നിവര്‍ കാമ്പസിനകത്തെ എസ്എസ്എഫിന്റെ ഇടവും മുസ്‌ലിം സ്വത്വത്തെ പ്രകാശനത്തിന്റെ ആവശ്യകതയും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. കാമ്പസിനകത്ത് എസ് എസ് എഫ് എന്നുറക്കെ വിളിക്കാന്‍ മുന്നോട്ടുവന്ന അജ്മലിനെയും കാമ്പസിലെ കൂട്ടുകാര്‍ക്ക് വഴികാട്ടിയായിരുന്ന ഫാഇസിനെയും ഓര്‍മയിലേക്ക് കൊണ്ടുവന്നത് ദീര്‍ഘകാലത്തേക്കുള്ള ഊര്‍ജ്ജമായി മാറും എന്നതില്‍ സംശയമില്ല. മതപഠനവും ഭൗതിക പഠനവും വേറിട്ടുകാണേണ്ട ഒന്നല്ല എന്ന പുതിയൊരു ചിന്തയെ/ ഉണര്‍വിനെ വിദ്യാര്‍ത്ഥികളിലെത്തിക്കുകയായിരുന്നു അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ കാര്യദര്‍ശി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തന്റെ ടെലിഫോണ്‍ സന്ദേശത്തിലൂടെ. ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്.
സംഘാടകരുടെ ആതിഥ്യ മര്യാദയും പ്രൊഫ്‌സമ്മിറ്റിന്റെ കര്‍മ്മസേന പ്രൊഫ്ടീമിന്റെ ത്യാഗപൂര്‍ണമായ സേവനവും സംസ്ഥാന നേതൃത്വവും കാമ്പസ് സിന്‍ഡിക്കേറ്റും നടത്തിയ സംഘാടന മികവും കാലങ്ങള്‍ക്കപ്പുറവും ‘നീലഗിരിയിലെ പ്രൊഫ്‌സമ്മിറ്റ്’ മികച്ച ഓര്‍മയായി നില്‍ക്കാന്‍ പര്യാപ്തമായിരുന്നു. ആരൊക്കെയോ പടച്ചുണ്ടാക്കിയ അജീര്‍ണം ബാധിച്ച ആശയങ്ങളെ ആദര്‍ശങ്ങളാക്കി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍, മതത്തിനകത്തും പറുത്തും നിന്നുകൊണ്ട് പുരോഗമനത്തിന്റെ പുളച്ചില്‍ നടത്തുന്നവര്‍ക്കിടയില്‍, അക്കാദമിക് കാര്യങ്ങളില്‍ ജ്വലിച്ചുനിന്നുകൊണ്ടുതന്നെ ന്മയുടെ വാഹകരാകാന്‍ ഞങ്ങളും ഞങ്ങളുമെന്ന് ഉറക്കെ പ്രഘോഷിക്കാന്‍ തയ്യാറുള്ള രണ്ടായിരത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെയാണ് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് ബാക്കിയാക്കിയത്.

നജ്മുദ്ദീന്‍ സി കെ ഐക്കരപ്പടി

You must be logged in to post a comment Login