മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

ഡയഗ്നോസ് വാല്യൂസ് ആന്‍ഡ് ഡിസൈന്‍ എത്തിക്‌സ്, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മിറ്റില്‍ ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്. വളരെ ശ്രദ്ധേയമാണിത്. ഡയഗ്നോസ് വാല്യൂസ്: മൂല്യങ്ങളെ പരിശോധിക്കുക, ഡിസൈന്‍ എത്തിക്‌സ്: സദാചാരപെരുമാറ്റങ്ങള്‍, സദ്‌രീതികള്‍  വിഭാവന ചെയ്യുക. ഈ സവിശേഷമായ മുദ്രാവാക്യം ഏറ്റെടുത്ത് ഉദ്ഘാടനത്തില്‍ ചര്‍ച്ചക്കെടുക്കുന്നത് ‘എന്താണ് ദേശം’ എന്ന സങ്കല്പത്തെയാണ്. ഈ വിശാലമായ രണ്ട് പരിപ്രേക്ഷ്യത്തില്‍ നിന്ന് ഇതിനെ നോക്കിക്കാണുമ്പോള്‍ മൂല്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയും സദ്‌രീതിയുടെ രൂപവത്കരണത്തിന് വഴിയൊരുക്കുകയുമാണ് രാഷ്ട്ര സങ്കല്പം.

ദേശം എന്നൊരാശയം എങ്ങനെ നിര്‍വചിക്കാനാവും? അതിനെ നിര്‍വചിക്കുന്നത് പ്രയാസകരമാണ്. ഹെന്റി മില്ലര്‍ എന്ന പ്രശസ്തനായ അമേരിക്കന്‍ സാഹിത്യകാരനുണ്ട്. ഇംഗ്ലീഷ് ഭാഷയെ മാറ്റിമറിച്ചുവെന്ന് എല്ലാവരും പ്രശംസിച്ചിരുന്ന ഒരാള്‍. അദ്ദേഹത്തോട് ചോദിച്ചു. ‘എന്താണ് ദേശം?’
അദ്ദേഹം പറഞ്ഞു: ‘ഞാനൊരു ദേശാഭിമാനിയാണ്. ന്യൂകാലിഫോര്‍ണിയയിലെ പതിമൂന്നാം വാര്‍ഡാണ് എന്റെ അഭിമാനം. അതാണ് എന്റെ ദേശം. അവിടെയാണ് ഞാന്‍ വളര്‍ന്നത്.’
നമ്മുടെയുള്ളിലും ഈ സങ്കല്പമുണ്ട്. ജനിച്ച സ്ഥലം, ജനിച്ച മണ്ണ്, ജനിച്ച തെരുവ്, വളര്‍ന്ന മണ്ണ് അതിനോടുള്ള പ്രത്യേകമായ പ്രതിബദ്ധത എല്ലാവര്‍ക്കുമുണ്ടാകും. ദേശ സ്‌നേഹം, ഒരു പ്രത്യേക ദേശസ്വത്വ ബോധം നമുക്കുണ്ടാവും.
ദേശം അനിര്‍വചനീയമാണ്. ഹെന്റിയുടെ വാക്കും ഐന്‍സ്റ്റീനിന്റെ ‘ഞാന്‍ വിശ്വപൗരനാണ് ജര്‍മനിയുടേതല്ല, അമേരിക്കയുടേതല്ല’ എന്നതും ഒരേവീക്ഷണങ്ങളാണ്. ഇന്ത്യ എന്ന് നമ്മള്‍ വിളിക്കുന്ന ദേശത്തിന്റെ, മനുഷ്യരായ നമ്മുടെ പൗരത്വത്തിന്റെ സവിശേഷമായ ഒരു ഭാഗത്തെ കുറിച്ച് മാത്രമാണ് ഞാന്‍ പ്രതിപാദിക്കുന്നത്.

1922
നമ്മുടെ പൗരത്വം കടന്നുവന്ന വഴികള്‍ പലതാണ്. ഇന്ത്യയെന്ന ഭൂമിശാസ്ത്രം, ജനാധിപത്യ രാഷ്ട്രം നിര്‍മിക്കപ്പെടും മുമ്പെ ഇന്ത്യന്‍ പൗരത്വം എന്ന വിഷയത്തിലെ ചര്‍ച്ചകള്‍ സജീവമായിരുന്നു. 103 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാഷ്ട്രയിലെ വിനായക് ദാമോദര്‍ സവര്‍ക്കര്‍, അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ഇന്ന് രാജ്യത്ത് വലിയ വേരോട്ടവും സ്വാധീനവുമുണ്ട്. അദ്ദേഹമാണ് 1922 ല്‍ ഹിന്ദുത്വ എന്ന തന്റെ ഫിലോസഫിക്കല്‍ വീക്ഷണം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പൗരത്വത്തെ കുറിച്ച് ആദ്യമായി സംസാരിച്ചത്. ഹിന്ദുത്വ എന്ന പുസ്തകത്തില്‍ അദ്ദേഹം ചോദിക്കുന്നു: ‘ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് മുസ്‌ലിമായവരെ നമുക്ക് തിരിച്ചറിയാനാവുമോ?’ ഈ ചോദ്യം വിശദീകരിച്ച് അദ്ദേഹം ഇന്ത്യന്‍ പൗരനെ നിര്‍വചിക്കുന്നു: ‘ഇന്ത്യന്‍ പൗരന്‍ എന്നു പറയുന്നത് ജനനവും വിശ്വാസവും ഇന്ത്യയില്‍ ഉടലെടുത്തവരെയാണ്.’ ജനിച്ചാല്‍ മാത്രം പോരാ, അവന്റെ വിശ്വാസവും ഇന്ത്യയില്‍ ഉത്ഭവിച്ചതാകണം. അതുകൊണ്ട് ഇന്ത്യയില്‍ ജനിച്ച മുസ്‌ലിംകളും ക്രിസ്ത്യാനികളും പാര്‍സികളും ജൂതരും ബുദ്ധരും ജൈനരും ഇന്ത്യന്‍ പൗരന്മാരല്ലെന്ന വീക്ഷണം സവര്‍ക്കര്‍ 1922ല്‍ മുന്നോട്ടുവെക്കുന്നു. ഇപ്പോള്‍ നമ്മളെ നയിക്കുന്ന ഒരു വ്യക്തി 2022 എന്ന വര്‍ഷത്തെ കുറിച്ച് ഇടയ്ക്കിടെ പറയുന്നു: ‘2022ല്‍ ഇന്ത്യ സ്വര്‍ഗമായി മാറും’ എന്നാണ് അദ്ദേഹം പറയുന്നത്.  എന്താണ് 2022 ന്റെ പ്രസക്തി? 1922 ല്‍ മുന്നോട്ടുവെച്ച ഈ ഹിന്ദുത്വയില്‍ പൗരത്വത്തെ കുറിച്ചുള്ള ഈ വീക്ഷണം അവതരിപ്പിച്ചിട്ട് നൂറ് വര്‍ഷം തികയുകയാണ് 2022ല്‍. നൂറാം വാര്‍ഷികമാഘോഷിക്കുകയാണവര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, അന്ന് സവര്‍ക്കര്‍ പറഞ്ഞത് നമ്മുടെ ദേശീയപൗരത്വത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇതില്‍ ശ്രദ്ധേയമായത്, പുസ്തകമിറങ്ങി ഇരുപത്തഞ്ചു വര്‍ഷം സ്വാതന്ത്ര്യ സമരം നടത്തിയാണ് 1947ല്‍ ഇന്ത്യ സ്വതന്ത്രമാവുന്നത്. ഈ ആശയം മുന്നോട്ടുവെച്ചയാള്‍, സ്വാതന്ത്രത്തിന് വേണ്ടിയുള്ള ചെറിയൊരു സമരത്തിന്റെ പേരില്‍ ബ്രിട്ടനില്‍ അറസ്റ്റു ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തശേഷം 1926ല്‍ നാലുപ്രാവശ്യം ബ്രിട്ടീഷ് ഗവണ്‍മെന്റിന് മാപ്പെഴുതിക്കൊടുത്താണ് പുറത്തുവന്നത്. സ്വാതന്ത്ര്യ സമരത്തോട് ഒരു പ്രതിബദ്ധതയുമില്ലായിരുന്നു അദ്ദേഹത്തിന്.

നാല്‍പത്തിയേഴില്‍ സ്വാതന്ത്ര്യം നേടി ഒരു ഭരണഘടന നിര്‍മിക്കുന്ന അവസരത്തില്‍ എന്താണ് പൗരത്വ സങ്കല്പം എന്നതില്‍ അംബേദ്കറും നെഹ്‌റുവും ഗാന്ധിജിയും പറഞ്ഞത്, ‘നമ്മുടെ ഭരണഘടന എല്ലാ മതങ്ങളുടെയും ഏറ്റവും സാമൂഹികമായ അംശങ്ങളെ സ്വാംശീകരിക്കുന്നതായിരിക്കണം. അതില്‍ ഹിന്ദുവിന്റെ നീതിയുണ്ടായിരിക്കണം, മുസ്‌ലിംമിന്റെ സാഹോദര്യ മനോഭാവമുണ്ടാവണം, ബുദ്ധന്റെ അഷ്ടപാതകളുടെ സ്വാംശീകരണമുണ്ടാവണം, സമഭാവനയും സാഹോദര്യവുമുണ്ടാവണം.’ അങ്ങനെയാണ് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഭരണഘടന നിര്‍മിക്കുന്നത്. ഭരണഘടന നിര്‍മിച്ച് ഇന്ത്യന്‍ പൗരത്വത്തിന്റെ ഭാഗമെത്തുന്ന സമയത്ത് രേഖപ്പെടുത്തുന്നത്, ‘ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്’ എന്നായിരുന്നു. അവിടെ സവര്‍ക്കറുടെ വീക്ഷണം സ്വീകരിക്കാന്‍ ഒരാളും തയാറായിരുന്നില്ല.

അസം
ഈ കാലത്ത് അസം പൗരത്വ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ ഭരണഘടനയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നമ്മള്‍ പരിശോധിക്കേണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പൗരത്വ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. 1986 ലാണ് പൗരത്വത്തിന്റെ മുകളിലുള്ള സമഭാവന ആദ്യമായി നിരാകരിക്കപ്പെടുന്നത്. രാജീവ് ഗാന്ധിയാണ് അന്നത്തെ ഭരണകര്‍ത്താവ്. അന്നാണ് അസമിലെ പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. രാജീവ് ഗാന്ധി ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അതിന് പരിഹാരം കണ്ടെത്തുകയാണ്. ആ ഭേദഗതി പറയുന്നത്, Every person born in India would be a citizen of India only if either of his/her parents was citizen of India at the time of his/her birth ‘ഇന്ത്യയില്‍ ജനിക്കുന്ന വ്യക്തികളുടെ ജനനസമയത്ത് അവരുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കിലേ അവര്‍ ഇന്ത്യന്‍ പൗരന്മാരാവൂ’ എന്നായിരുന്നു. 86 ല്‍ ഈ ഭേദഗതി നിലവില്‍ വന്നു. അസമിലെ പൗരത്വ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഇത് നിലവില്‍ വന്നത്. പക്ഷേ, പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല, അസമിലെ പൗരത്വപ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയായിരുന്നു.
1998ല്‍ ഭാരതീയ ജനതാപാര്‍ട്ടി അടല്‍ബിഹാരി വാജ്‌പെയിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി. 2003 ല്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ ഈ പൗരത്വ ആശയം ചെറിയൊരു മാറ്റിമറിക്കലിന് വിധേയമാക്കി. മാതാപിതാക്കള്‍ ഇന്ത്യക്കാരായി ജനിക്കണമെന്ന നിയമം മാറ്റി നിശ്ചിത സമയത്തിനു മുമ്പേ ജനിക്കണമെന്ന നിയമമായി. ഇപ്പോള്‍ അസമില്‍ ലക്ഷക്കണക്കിന് ജനങ്ങളെ അവരുടെ അച്ഛനും അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛന്മാരും ഇന്ത്യക്കാരായിട്ടും അവര്‍ പറയപ്പെട്ട നിശ്ചിത കാലഘട്ടത്തിലല്ലെന്ന് വാദിച്ച് ഇന്ത്യക്കാരല്ലെന്ന് മുദ്രകുത്തി ഇന്ത്യക്ക് പുറത്താക്കുന്നു. അസമില്‍ നടപ്പാക്കി, രാജസ്ഥാനിലും മഹാരാഷ്ട്രയിലും നടപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ന്നു. നിങ്ങള്‍ക്കെതിരെയും ഈ ചോദ്യമുയരാന്‍ ഇനി വലിയ താമസമൊന്നും വേണ്ട. ഇന്ത്യയുടെ മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനാണ് അസം പൗരത്വ ബില്‍ വഴിമരുന്നിട്ടത്. ഇതൊരു യാദൃഛികമായ സംഭവമായി ധരിക്കേണ്ടതില്ല. 2015 ല്‍ റാഞ്ചിയില്‍ നടന്ന മുപ്പത്തിയഞ്ച് സംഘ്പരിവാര്‍ സംഘടനകളുടെ സമ്മേളനത്തില്‍ ഒരു കണ്ടെത്തലുണ്ടായി. 2014 ല്‍ അധികാരത്തിലേറിയ നമ്മുടെ നായകന്റെ ഭരണം അത്ര ശക്തിമത്തല്ല. ഭരണം കൊണ്ടുമാത്രം നമുക്കൊന്നും നേടാനാവില്ല. അതുകൊണ്ടു ജനങ്ങളെ വിഘടിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ നമുക്കനിവാര്യമാണ്. അതിന്റെ ഭാഗമാണ് ഈ പൗരത്വ പ്രശ്‌നം. ദേശീയതയും രാജ്യദ്രോഹവും തമ്മിലുള്ള സംഘര്‍ഷം അവര്‍ നിര്‍മിച്ചെടുക്കുകയായിരുന്നു. അതിന്റെ പ്രഥമ ഇരകളായത് ജെ.എന്‍.യുവിലെ കനയ്യകുമാറും ഉമര്‍ ഖാലിദുമായിരുന്നു. തുടര്‍ന്ന് പൂനെയിലെ അര്‍ബണ്‍ നക്‌സല്‍ എന്നുവിളിക്കപ്പെടുന്നവരുമുണ്ട്. ആ പരമ്പര തുടരുകയാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ ഏത് കമ്പ്യൂട്ടറിനകത്തുള്ള ഏതു ഡാറ്റയും പരിശോധിക്കാനുള്ള അവകാശം ഇന്ത്യയിലെ പ്രധാനപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള ഒരു നീക്കം വരുന്നു. ഇതെല്ലാം നമ്മള്‍ മനസിലാക്കിയ, നമുക്ക് ഭരണഘടന ഉറപ്പാക്കുന്ന പൗരത്വം എന്ന ആശയത്തിന് വിരുദ്ധമാണ്. അതിനാല്‍ മൂല്യങ്ങളെ പരിശോധിക്കുകയും പുതിയ സദ്‌രീതികള്‍ക്ക് തയാറെടുക്കുകയും ചെയ്യുന്ന ഈ സമ്മിറ്റ് സമഗ്രമായി ഈ വിഷയം പരിശോധിക്കേണ്ടതുണ്ട്.

വെങ്കിടേശ് രാമകൃഷ്ണന്‍

You must be logged in to post a comment Login