ഇമാം ഇബ്‌നു ഹജര്‍: മദ്ഹബിലെ മഹാപരിഷ്‌കര്‍ത്താവ്

ഇമാം ഇബ്‌നു ഹജര്‍: മദ്ഹബിലെ മഹാപരിഷ്‌കര്‍ത്താവ്

ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമ ഘട്ടങ്ങള്‍
ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമ ഘട്ടങ്ങളെ ആറായി തിരിക്കാം.
1: മദ്ഹബ് വെളിപ്പെട്ടു തുടങ്ങിയ ഘട്ടം (ഹി.195 – 270: ഇമാം ശാഫിഈയുടെ നേരിട്ടുള്ള ശിഷ്യന്‍മാരില്‍ അവസാനം മരണപ്പെട്ട റബീഉല്‍ മുറാദിയുടെ കാലം വരെ).
2: മദ്ഹബ് ജനങ്ങളില്‍ വേരൂന്നിയ കാലഘട്ടം (270 – 505: ഇമാം ഗസ്സാലിയുടെ വിയോഗം വരെ).
3: മദ്ഹബിന്റെ സംസ്‌കരണ ഘട്ടം (505- 676: ഇമാം നവവിയുടെ(റ) മരണം വരെ).
4: മദ്ഹബിന്റെ രണ്ടാം സംസ്‌കരണ ഘട്ടം (676 1004 – ഇമാം റംലിയുടെ(റ) വിയോഗം വരെ).
5: രണ്ടും മൂന്നും സംസ്‌കരണാനന്തര കാലത്തെ കൃതികളുടെ വ്യാപന-പഠന കാലം (1004 – 1335, ഇമാം അലവിസ്സഖാഫിന്റെ വിയോഗം വരെ).
6: സാധാരണ പ്രസരണ കാലം (1335 മുതല്‍)
മറ്റൊരു രീതിയില്‍ കണക്കാക്കിയാല്‍ ഇങ്ങനെ ഏഴു ഘട്ടങ്ങള്‍ കാണാം;
1: 186 – 204 ഹിജ്‌റാബ്ദം(മദ്ഹബിന്റെ ക്രോഡീകരണഘട്ടം)
2: 204 – 270 ഹിജ്‌റാബ്ദം (ക്രോഡീകരണാനന്തരം ഇമാം ശാഫിഈയുടെ(റ) ശിഷ്യന്മാരുടെ നേരിട്ടുള്ള പങ്കാളിത്തമുള്ള ഘട്ടം)
3: മദ്ഹബ് പരസ്യമായ ഘട്ടം (270 – 404)
4: ഇറാഖീ- ഖുറാസാനീ എന്നീ ധാരകള്‍ രൂപപ്പെട്ട കാലം (404 – 505)
5: റാഫിഈ – നവവീ(റ) പരിഷ്‌കരണ ഘട്ടം (505 – 676)
6: റാഫിഈ, നവവീ ഗ്രന്ഥങ്ങളുടെ അച്ചുതണ്ടില്‍ കറങ്ങിയ കാലം (676 – 1004)
7: വ്യാഖ്യാന സമാഹാരങ്ങളുടെ കാലം (1004 – 1335 )

ഇമാം റാഫിഈ(റ), ഇമാം നവവി(റ) എന്നീ രണ്ടു പരിഷ്‌കര്‍ത്താക്കളുടെ ത്യാഗപൂര്‍ണമായ പഠനസപര്യയുടെയും, പൂര്‍വീകരായ ശാഫിഈ സഹയാത്രികരുടെ ഗ്രന്ഥക്കടലുകളിലൂളിയിട്ട് മുത്തും പവിഴവും തിരഞ്ഞെടുത്തു കോര്‍ത്തിണക്കിയ രചനാവിസ്മയങ്ങളുടെയും വിസ്തൃത ലോകത്തേക്കാണ് ഇബ്‌നു ഹജറും റംലിയും കടന്നു വരുന്നത്. ശൈഖൈനി (റാഫിഈ, നവവീ) കയ്യൊപ്പുവെച്ച കര്‍മശാസ്ത്ര വിധികള്‍ക്ക് നിഷേധം പാടില്ലാത്ത വിധം, നിശിത നിരൂപണത്തിന്റെ ആള്‍രൂപമായ ഇമാം ഇസ്‌നവിയുടെയും (വഫാത് ഹി.772) സമശീര്‍ഷരുടെയും നിരൂപണാഗ്‌നി അതിജീവിച്ച് കരുത്താര്‍ജിച്ച കനക കൂമ്പാരങ്ങളില്‍ നിന്ന് മദ്ഹബിനോടിണങ്ങിച്ചേര്‍ന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു ഇബ്‌നു ഹജര്‍- റംലി ദ്വയങ്ങളുടെ ധര്‍മം.
ഇമാം റാഫിഈ – നവവീ ദ്വയം കൃത്യമായി തീര്‍പ്പുകല്‍പിച്ചിട്ടില്ലാത്ത നിരവധി പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ ഇബ്‌നു ഹജര്‍, റംലി തുടങ്ങിയ അഇമ്മതുകള്‍ക്ക് ആശ്രയമായി അദ്‌റഈ കൃത്യമായി കൂട്ടിരുന്നിട്ടുണ്ട്.
ഹിജ്‌റാബ്ദം 708 ല്‍ ജനിച്ചു 783 ല്‍ വഫാതായ ഇമാം അദ്‌റഈ, ശിഷ്യന്‍ ഇമാം ബദറുദ്ദീനുസ്സര്‍കശീ(745 794) എന്നീ രണ്ടു പ്രതിഭാധനരായ പണ്ഡിതരുടെ പര്യവേക്ഷണങ്ങള്‍ കൊണ്ട് ശാഫിഈ മദ്ഹബ് ഏറെ വികാസം പ്രാപിച്ച ഭൂമികയിലാണ് ഇബ്‌നു ഹജറും റംലിയും വിളവെടുക്കുന്നത്.സിറിയ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഇമാമുകളുടെ പട്ടികയിലേക്ക് തന്റെ പേരും തുന്നിച്ചേര്‍ക്കുന്ന വിധമായിരുന്നു ഇമാം അദ്‌റഈയുടെ വൈജ്ഞാനിക സംഭാവനകള്‍. ഇമാം നവവിയെന്ന പരിഷ്‌കര്‍ത്താവിന്റെ രണ്ടു പ്രധാന ഗ്രന്ഥങ്ങളും ആഴത്തില്‍ അപഗ്രഥിച്ച്, ശാഫിഈ അടിസ്ഥാന തത്ത്വങ്ങളുടെ പരിധിയില്‍ നിന്നു നടത്തിയ പര്യവേക്ഷണങ്ങള്‍ മദ്ഹബിന് ചില്ലറയൊന്നുമല്ല നേട്ടങ്ങളുണ്ടാക്കിയത്. മിന്‍ഹാജിന് എഴുതിയ രണ്ടു ശര്‍ഹുകള്‍ക്കു (ഖൂത്വുല്‍ മുഹ്താജ്, ഗുന്‍യതുല്‍ മുഹ്താജ്) പുറമെ തന്റെ മാസ്റ്റര്‍ പീസായ, റൗളയുടെ ഹാശിയ (അത്തവസ്സ്വുതു വല്‍ഫത്ഹ്) അടക്കം അദ്‌റഈ രചനകള്‍ പണ്ഡിതലോകത്ത് വിസ്മയമാണ്. പാണ്ഡിത്യത്തിന്റെ ഗരിമയിലും മദ്ഹബില്‍ സ്വത്വം സംരക്ഷിക്കുന്നതിലും പില്‍ക്കാല ഇമാമുകള്‍ക്ക് ഏറെ മാതൃകയായിരുന്നു അദ്‌റഈ.
പ്രതിഭാശാലികളായ അദ്‌റഈ, ഇസ്‌നവീ(വ.ഹി.772) ഇബ്‌നുല്‍ ഇമാദ്(808), സിറാജുദ്ദീനുല്‍ ബുല്‍ഖീനീ(804) എന്നീ ഗുരുശ്രേഷ്ഠരുടെ റൗളയുടെ ഹാശിയകള്‍ ആധാരമാക്കി ഇമാം ബദറുദ്ദീനുസ്സര്‍കശീ(റ) തയാറാക്കിയ അല്‍ ഖാദിമു ലിര്‍റൗള; എന്ന വിജ്ഞാനകോശവും ഇബ്‌നു ഹജര്‍ -റംലി അടക്കമുള്ള പിന്‍തലമുറക്ക് ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് വന്ന ഇമാം ഇബ്‌നുല്‍ മുഖ്‌രി (വ.ഹി.837), ഖാളീ മുസജ്ജദ് (930) എന്നീ പണ്ഡിതരുടെ യഥാക്രമം, അല്‍ഇര്‍ശാദ്, അല്‍ഗുബാബ് ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചെഴുതുക വഴി ഇമാം ഇബ്‌നു ഹജറും ഗുബാബിന് ഭാഗികമായി ശര്‍ഹെഴുതി ഇമാം റംലിയും ശാഫിഈ മദ്ഹബിന്റെ മിടിപ്പുകള്‍ അടുത്തറിയുകയായിരുന്നു.

ഒരു നൂറ്റാണ്ടു കാലം (823927) വൈജ്ഞാനിക തപസ്സിലായി കഴിച്ചു കൂട്ടിയ ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരിയുടെ(റ) ഗുരുമുഖത്തുനിന്ന് നേരിട്ട് മതിവരുവോളം അറിവു നുകരാന്‍ ലഭിച്ച സൗഭാഗ്യമാണ് ആ രണ്ടു സാഗരങ്ങളെ പാകപ്പെടുത്തിയത്. പതിമൂന്നു വയസ് പ്രായമുള്ളപ്പോഴാണ് താന്‍ ശൈഖുല്‍ ഇസ്‌ലാമെന്ന ഗുരുശ്രേഷ്ഠരെ സന്ധിച്ചതെന്ന് ഇബ്‌നു ഹജര്‍(റ) ഓര്‍ക്കുന്നുണ്ട് (അല്‍ഇജാസ. പു.23). ഒരു ഗുരുവിനെ തന്റെ ശിഷ്യന്‍ ആവാഹിക്കുന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് സകരിയ്യല്‍ അന്‍സാരിയും ഇബ്‌നു ഹജറും തമ്മിലുള്ളത്. കാണുമ്പോഴെല്ലാം ഇല്‍മിനായുള്ള പ്രാര്‍ത്ഥന കൊണ്ട് അനുഗ്രഹിക്കാറുള്ള മഹാ ഗുരുവിനെക്കുറിച്ച് ശിഷ്യന്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘അറിവ് ജീവിതത്തില്‍ നിഴലിച്ച പണ്ഡിതരില്‍ എന്റെ ദൃഷ്ടി പതിഞ്ഞതിലേറ്റവും ശ്രേഷ്ഠ വ്യക്തി’ (സബതു ഇബ്‌നു ഹജര്‍ കാണുക).

ഇബ്‌നു ഹജറില്‍ ഹൈതമി (ഹി.909- 974)
ഹിജ്‌റ വര്‍ഷം 909ല്‍ ഈജിപ്തിലെ അബുല്‍ ഹൈതം എന്ന പ്രദേശത്താണ് ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദ് ഇബ്‌നു ബദ്‌റുദ്ദീന്‍ എന്ന ഇബ്‌നു ഹജറിന്റെ(റ) ജനനം. അനാവശ്യമായ കാര്യങ്ങളില്‍ നിന്നും അകന്നു മൗനം ഉപാസനയായി സ്വീകരിച്ച പിതൃപരമ്പരയിലെ ഏതോ ഒരു കണ്ണിയുടെ അലങ്കാരമാണ് ‘ഇബ്‌നു ഹജര്‍’ എന്ന വിശേഷണ ലബ്ധി.
ജാമിഉല്‍ അസ്ഹറിലെ അഗ്രകേസരികളായ അധ്യാപകരില്‍ നിന്ന് അറിവന്വേഷണത്തിന്റെ ലഹരി കയറിയ ഇമാം നാല്‍പതാം വയസില്‍ ജീവിതം മക്കയുടെ പരിശുദ്ധ ഭൂമിയിലേക്ക് പറിച്ചു നട്ടു. ശിഷ്ടകാലം (നാല്‍പ്പത്തി നാല് വര്‍ഷം) മുഴുവന്‍ വിശുദ്ധ ഗേഹത്തിനു ചാരെ അധ്യാപനവും ഗ്രന്ഥ രചനകളുമായി ചെലവഴിച്ചു. സ്വൂഫി ലോകത്തെ നിറ വെളിച്ചമായിരുന്ന ഹാരിസുല്‍ മുഹാസിബീ(റ)(ഹി.243) സ്വപ്‌നത്തില്‍ വന്നു നിര്‍ദേശിച്ചതിന്റെ വെളിച്ചത്തിലാണ് ഇമാം ഗ്രന്ഥരചനക്ക് തുനിയുന്നത്. തന്റെ അമൂല്യ ഗ്രന്ഥങ്ങള്‍ പിന്‍തലമുറയ്ക്ക് വഴിവെട്ടമായി മാറുമെന്നതിനുള്ള സൂചനകള്‍ വേറെയും സ്വപ്‌ന ദര്‍ശനമായുണ്ടായിട്ടുണ്ട് (ഫതാവല്‍ കുബ്‌റായുടെ ആമുഖം പു.3, ശദറാതു ദ്ദഹബ് 10/542, നഫാഇസുദ്ദുറര്‍(കയ്യെഴുത്തു പ്രതി.പു.2. കാണുക)

ലോകഭൂപടം ആ ജ്ഞാനമുറ്റത്തേക്ക്
പരിശുദ്ധമായ മക്കയില്‍ നാലു പതിറ്റാണ്ടിലേറെ സ്ഥിരതാമസക്കാരനായതോടെ ഇമാമിന്റെ ശ്രുതി ലോകമാകെ പരന്നു.വിശുദ്ധ ദീനിന്റെ പ്രഭ പരന്ന നാടുകളിലെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും വ്യാപിച്ചു. പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുമ്പോള്‍ ഇബ്‌നു ഹജറിനെ സമീപിച്ചവര്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല; പൂ ചോദിച്ചവര്‍ക്ക് പൂങ്കാവനം എന്ന രീതിയില്‍ ഗ്രന്ഥം തന്നെ എഴുതി ക്കൊടുത്തു ഇമാം. യമനില്‍ കഞ്ചാവും വിവിധ തരം പാന്‍മസാലകളും വ്യാപകമായപ്പോള്‍ എഴുതിയ ഗ്രന്ഥമാണ് ‘തഹ്ദീറുസ്സിഖാത്’ കൈക്കൂലി പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു കൈപുസ്തകം രചിച്ചു; ‘ഈളാഹുല്‍ അഹ്കാം…’, അധികാരികളുടെ അനീതിക്കെതിരെ ‘ജംറുല്‍ ഗളാ ലിമന്‍ തവല്ലല്‍ ഖളാ’ പിറന്നു.

കപട സൂഫിസം സംഗീതവും വിനോദോപകരണങ്ങളും അലങ്കാരമാക്കിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ‘കശ്ശുര്‍റആ’ഉം അറബി വംശജരോട് ചിലര്‍ക്ക് പുച്ഛം തോന്നിത്തുടങ്ങിയപ്പോള്‍ മബ്‌ലഗുല്‍ അര്‍ബും പിറവിയെടുത്തു.
തിരുനബിയുടെ(സ്വ) നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൂന്നു മഹദ്ഗ്രന്ഥങ്ങളാണ് അല്ലാമാ എഴുതിയത്. മൗലിദാഘോഷത്തിന്റെ പ്രാമാണികതയും തിരുജന്മനേരത്തുണ്ടായ അദ്ഭുതകഥകളും കേന്ദ്രപ്രമേയമായ ഉപര്യുക്ത ഗ്രന്ഥങ്ങളില്‍ ഏറ്റവും ഗഹനമായതില്‍ മൗലിദു ദിവസങ്ങളില്‍ നടന്നിരുന്ന ചില അനാചാരങ്ങള്‍ക്കെതിരായി ഒരു അധ്യായം തന്നെ എഴുതി. പുണ്യ കര്‍മങ്ങളുടെ നിറംകെടുത്തുന്ന അന്യസ്ത്രീ പുരുഷ സങ്കലനവും ദര്‍ശനവും, അന്യമതസ്ഥരുടെ ആചാരങ്ങളോടുള്ള താദാത്മ്യവും തുടങ്ങിയ അരുതായ്മകളെ പണ്ഡിതര്‍ പിഴുതെറിയേണ്ടതെങ്ങനെയെന്ന് ഇബ്‌നു ഹജര്‍ വരച്ചുകാണിക്കുകയായിരുന്നു.

സത്യമതത്തിന്റെ അന്തസത്തയ്ക്ക് മങ്ങലേല്‍പിക്കാനുള്ള ഏതു ശ്രമവും എഴുതിത്തോല്‍പ്പിക്കാനുള്ള കഴിവ് ലോകശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.
മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും നല്ല മതഭക്തനും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായിരുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയെ (വ.ഹി.962) അല്ലാമ ഇബ്‌നു ഹജര്‍ പുകഴ്ത്തിയതു കാണാം. ഇന്ത്യയില്‍ ഇസ്‌ലാമിലെ ചില പിഴച്ച കക്ഷികള്‍ വ്യാപകമായി മുആവിയയെ(റ) ചിത്രവധം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ പരിഹാരമായി മികച്ചൊരു കൃതി വേണമെന്ന ഹുമയൂണ്‍ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയാണ് തന്റെ ‘തത്ഹീറുല്‍ ജിനാനി വല്ലിസാന്‍ അന്‍ ഥല്‍ബി മുആവിയതുബ്‌നു സുഫ്‌യാന്‍’ എന്ന ഗ്രന്ഥം. ഇക്കാര്യം ഇബ്‌നു ഹജര്‍ ഗ്രന്ഥത്തിന്റെ ആമുഖക്കുറിപ്പില്‍ (പു.30) പറയുന്നുണ്ട്.

ഗ്രന്ഥമോഷണം, നശിപ്പിക്കല്‍ പരീക്ഷണ കാലം
എല്ലാ പണ്ഡിതരുടേതുമെന്ന പോലെ ഇമാം ഇബ്‌നു ഹജറിനും അസൂയാലുക്കളെ നേരിടേണ്ടിവന്നു. ഇബ്‌നുല്‍ മുഖ്‌രിയുടെ(റ) ‘റൗള്’ എന്ന ഗ്രന്ഥം സംഗ്രഹിച്ച് ഇബ്‌നു ഹജര്‍ (റ) ഹി. 934ല്‍ ഒരു ഗ്രന്ഥമെഴുതി. റൗളിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും ഇമാം ഖമൂലിയുടെ(റ) ജവാഹിര്‍, ഇര്‍ദബീലിയുടെ അന്‍വാര്‍, മിന്‍ഹാജിന്റെ ഒട്ടനവധി ശര്‍ഹുകള്‍ തുടങ്ങിയ ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയ മികച്ചൊരു ഗ്രന്ഥമാണിത്.

ഹി.937 ല്‍ ഹജ്ജിനെത്തിയപ്പോള്‍ കൈയ്യില്‍ ആ കിതാബും കരുതിയിരുന്നു. ഹജ്ജിന് വന്നിട്ട് ഒരു വര്‍ഷം വിശുദ്ധ മക്കയില്‍ കഴിച്ചു കൂട്ടുന്നതിനിടയില്‍ ലഭിച്ച യമനിലെ ചില ഗ്രന്ഥങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി കൂടുതല്‍ ആശയ സമ്പന്നമാക്കി. ബുശ്‌റല്‍ കരീം എന്ന ആ അമൂല്യഗ്രന്ഥം ഏതോ വിജ്ഞാന ദാഹി കണ്ടു തല്‍പരനാവുകയും തിരിച്ചു ഈജിപ്തിലെത്തുമ്പോള്‍ പകര്‍പ്പെടുക്കാന്‍ സമ്മതം വാങ്ങുകയും വലിയ തുക സമ്മാനമായി വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതെല്ലാം നിരീക്ഷിച്ചറിഞ്ഞ ഒരു അസൂയാലു തക്കംപാര്‍ത്തിരുന്നു; യാത്ര കഴിഞ്ഞു ഈജിപ്തിലേക്കെത്തിയപ്പോള്‍ പറഞ്ഞുറപ്പിച്ച പോലെ പകര്‍പ്പെടുക്കാനായി ആ അമൂല്യ ഗ്രന്ഥം ഇമാം പുറത്തെടുത്തു വച്ചു. എന്നിട്ട് ഇമാം മറ്റെന്തോ കാര്യത്തിലേക്കു ശ്രദ്ധതിരിച്ചവേളയില്‍ പരമ ദുഷ്ടന്‍ നിമിഷനേരം കൊണ്ട് ആ ഗ്രന്ഥം നശിപ്പിച്ചു കളഞ്ഞു! (മുഖദ്ദിമതുഫതാവല്‍ കുബ്‌റാ 1/4)

വേറൊരു സംഭവം ഇങ്ങനെ: ഹിജ്‌റാബ്ദം 953. ആര്‍ത്തവത്തിന്റെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ സംബന്ധിച്ചു അമൂല്യമായൊരു ഗ്രന്ഥമെഴുതി, മറ്റൊരു കോപ്പി പോലും എടുക്കാന്‍ സാവകാശം തരാതെ അസൂയക്കാരനായൊരാള്‍ അത് മോഷ്ടിച്ചുകൊണ്ടു പോയി! (ഫതാവല്‍ കുബ്‌റാ 1/98 കാണുക)

ഇനിയുമൊരു സംഭവം: ഇമാം അബൂ ഹനീഫയെ(റ) ക്കുറിച്ച് ഹിജ്‌റാബ്ദം 953 ല്‍ വിശുദ്ധ മക്കയില്‍ വെച്ചു ഒരു കൃതി രചിക്കുകയുണ്ടായി. കോണ്‍സ്റ്റാന്റിനോപ്പിളുകാരനായ ഒരു സ്വൂഫിവര്യന്റെ നിര്‍ദേശപ്രകാരമായിരുന്നു രചന. കൈയ്യെഴുത്ത് പ്രതിയില്‍ നിന്നും ഒരു കോപ്പി പകര്‍ത്തി ആ മഹാനുഭാവന്‍ നാട്ടിലേക്ക് പോയി.കൈയ്യിലുണ്ടായിരുന്ന ഏക കോപ്പി ഒരു ഹനഫീ പണ്ഡിതന്‍ കോപ്പിയെടുക്കാനെന്നു പറഞ്ഞുവാങ്ങി തിരിച്ചു തരാതെ നാടുവിട്ടു! (അല്‍ ഖൈറാതുല്‍ ഹിസാന്‍ ആമുഖം പു.2,3 കാണുക.) ഇവ്വിഷയകമായി ഇമാം മുഹമ്മദ് ശാമീയുടെ(റ) ഒരു ഗ്രന്ഥം കൈയ്യില്‍ കിട്ടിയപ്പോള്‍ സംഗ്രഹിച്ചതാണ് ‘ഖൈറാതുല്‍ ഹിസാന്‍’ എന്ന നിലവിലുള്ള ഗ്രന്ഥം).

(തുടരും)

You must be logged in to post a comment Login