നൂലറ്റുവീണ ജീവിതം

നൂലറ്റുവീണ ജീവിതം

കശ്മീര്‍ മലകളിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന മധ്യവയസ്‌കയായ വിധവയാണ് ഷമീം. അവളുടെ വീട്ടില്‍ നിന്നും അത്രയകലെയല്ല ഝലം നദി ഒഴുകുന്നത്. കൂടുതല്‍ ഹതാശമായ രാത്രികളില്‍- ഷമീമിന്റെ ചെറിയ വീട്ടിലിരുന്നു സംസാരിക്കുമ്പോള്‍ അവളെന്നോടു തുറന്നു പറഞ്ഞു- അവള്‍ ദേഹത്ത് കല്ലുകള്‍ കെട്ടുകയും നദിയിലേക്ക് ചാടാന്‍ ആലോചിക്കുകയും ചെയ്യും. അവള്‍ വിശ്രമവും ആശ്വാസവും അത്രയേറെ ആഗ്രഹിച്ചു. ഝലത്തിന്റെ അടിത്തട്ടില്‍ മാത്രമാണ് അതെല്ലാം കിട്ടുകയെന്ന് അവള്‍ക്കു തോന്നി. പക്ഷേ, ഓരോ തവണയും മനസും ഉടലും അസ്ഥിരമായ, കൗമാരപ്രായക്കാരനായ മകനെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ പുറകോട്ടു വലിച്ചു.

പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യദശകത്തിന്റെ പകുതിയില്‍, കശ്മീര്‍ താഴ്‌വരയെ ഇളക്കിമറിച്ച അക്രമാസക്തമായ കലാപങ്ങളുടെ അഗ്നിജ്വാലകള്‍ ഏതാണ്ട് നിശ്ചലമായി. അപ്പോള്‍ ഞാന്‍ ഏതാനും ആഴ്ചകള്‍ അവിടത്തെ കുടുംബങ്ങളുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ ചെലവഴിച്ചു. എല്ലായിടത്തും കൊടിയ ദുഃഖമാണ് ഞാന്‍ അഭിമുഖീകരിച്ചത്. എന്നാല്‍ ഞാന്‍ കേട്ട മര്‍മ്മഭേദകമായ കഥകളില്‍ ഷമീമിന്റേതു പോലെ അങ്ങേയറ്റത്തെ നിരാശയുടെ തീവ്രവേദനയുണ്ടാക്കുന്ന മറ്റൊന്നുമുണ്ടായിരുന്നില്ല.

ഫാര്‍മസിസ്റ്റായ ഭര്‍ത്താവ്, തന്‍വീര്‍ മുഹമ്മദ,് 1989ല്‍ തന്നെ ഭീകരപ്രവര്‍ത്തനത്തില്‍ പെട്ട കാര്യം ഷമീം ആദ്യമൊന്നും സംശയിച്ചതു പോലുമില്ല. അല്ലെങ്കില്‍ അതറിയാമായിരുന്ന അവള്‍ ആത്മവഞ്ചന നടത്തുകയായിരുന്നു. രാത്രി അയാള്‍ കിടക്കയില്‍ നിന്ന് അപ്രത്യക്ഷനാകാറുണ്ട്. ദൂരെയുള്ള രോഗികളെ പരിചരിക്കാന്‍ പോയതാണെന്നാണ് അയാള്‍ അവളോടു പറയാറുള്ളത്. അയാള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് മരുന്നു കടകളുണ്ടായിരുന്നു. മരുന്നു നല്‍കാന്‍ മാത്രമല്ല, ചെറിയ രോഗങ്ങള്‍ക്ക് ചികിത്സിക്കാനും രോഗികള്‍ അയാളെ വിളിക്കാറുണ്ട്. ദിവസങ്ങളോളം അയാള്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വൈദ്യസഹായിയായി തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്വങ്ങളാണ് തന്റെ അസാന്നിധ്യത്തിനു കാരണമെന്നും അയാള്‍ പറഞ്ഞു.

വീട്ടില്‍ നിന്നുമുള്ള ഭര്‍ത്താവിന്റെ വര്‍ധിച്ച അസാന്നിധ്യങ്ങളിലൊന്നില്‍ പട്ടാളക്കാര്‍ വീട്ടിലേക്കിരച്ചു കയറുകയും വീട് അരിച്ചുപെറുക്കുകയും ചെയ്തപ്പോഴാണ് ഞെട്ടലോടെ ഷമീം തന്റെ ഭര്‍ത്താവ് ഭീകരവാദിയായിട്ടുണ്ടാകാമെന്ന് തിരിച്ചറിഞ്ഞത്. തിരിച്ചുവന്നപ്പോള്‍ അവള്‍ ഭര്‍ത്താവിനെ നേരിട്ടു. അയാള്‍ അവളുടെ പേടികളെ സ്ഥിരീകരിക്കുകയും ചെയ്തു. ഷമീം അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ‘തിരിച്ചുവരൂ,’ അവള്‍ പറഞ്ഞു, ‘കുടുംബത്തെ കുറിച്ച് ചിന്തിക്കൂ.’ പക്ഷേ, അയാള്‍ ആ പ്രതിബദ്ധതയില്‍ നിന്ന് പിന്തിരിയാന്‍ വിസമ്മതിച്ചു. അങ്ങനെയാണ് ഷമീം ഉല്‍ക്കട ഭീതിയോടെ ജീവിക്കാന്‍ പഠിച്ചത്. മൂന്നുവര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.
ഒരുദിവസം, തന്റെ ജീവിതം വഴുതിവീണിരിക്കുന്ന ഭീതിദമായ അവസ്ഥയെ കുറിച്ച് തന്‍വീര്‍ മുഹമ്മദ് ഭാര്യയോട് സംസാരിച്ചു. അപ്പോഴേക്കും വിവിധ ഭീകരസംഘടനകള്‍ പരസ്പരം പോരടിക്കുന്ന സംഘങ്ങളായി പൊട്ടിച്ചിതറിയിരുന്നു. കുടിപ്പക വഴക്കുകള്‍ സര്‍വസാധാരണമായിരുന്നു. തന്‍വീര്‍ മുഹമ്മദിന്റെ വിഘടിതസംഘം ന്യൂനപക്ഷമായി തീര്‍ന്നിരുന്നു. തരം കിട്ടിയാല്‍ മറ്റു സംഘങ്ങളിലെ കലാപകാരികള്‍ തന്റെ കഥ കഴിക്കുമെന്ന് അയാള്‍ ഭയന്നു. ഷമീമിന്റെ പിതാവ് ഇന്ത്യന്‍ പട്ടാളത്തില്‍ നിന്നാണ് വിരമിച്ചത്. രണ്ടുപേരും സഹായത്തിന് പിതാവിനെ തേടിച്ചെന്നു. പട്ടാളത്തിനു കീഴടങ്ങുകയും ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നയാളായി മാറുകയുമാണ് ഏകവഴിയെന്ന് അദ്ദേഹം ഉപദേശിച്ചു. അത്തരക്കാരെ ‘ഇക്‌വനി’ (‘സഹോദരന്‍’ എന്ന വിപരീതാര്‍ത്ഥമാണ് ആ വാക്കിനുള്ളത്) എന്നാണു വിളിച്ചിരുന്നത്. കശ്മീരിലെ ജനങ്ങള്‍ ഇക്‌വനികളെ കഠിനമായി, ചിലപ്പോള്‍ പട്ടാളത്തെക്കാള്‍, വെറുത്തു. സുരക്ഷാഭടന്മാരുടെ പിന്‍ബലത്തില്‍ ഇവര്‍ കൂലിപ്പട്ടാളക്കാരെ പോലെ തന്നിഷ്ട പ്രകാരം കൊള്ളയടിക്കുകയും കൊല്ലുകയും സ്വയം നിയമമാകുകയും ചെയ്തു.
പക്ഷേ, പട്ടാളത്തിന്റെ സംരക്ഷണം മാത്രമാണ് തന്‍വീറിന് അതിജീവിക്കാനുള്ള ഏക അവസരമെന്ന് ഷമീമും അവളുടെ പിതാവും വിശ്വസിച്ചു. പിതാവിന്റെ ഉപദേശം കേള്‍ക്കാന്‍ ഷമീം ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. പ്രാദേശിക പട്ടാള ഉദ്യേഗസ്ഥനെ കാണാന്‍ മുന്‍പട്ടാളക്കാരനായ ഭാര്യാപിതാവ് അയാളെ സഹായിച്ചു. തന്‍വീറിന് ആയുധങ്ങളും സുരക്ഷാഭടനെയും കിട്ടി. മറ്റ് ഇക്‌വനികളെപ്പോലെ തന്റെ ഭര്‍ത്താവ് ഗ്രാമവാസികളെ ഉപദ്രവിച്ചില്ലെന്ന് ഷമീം പറഞ്ഞു. അയാള്‍ക്ക് ആത്മരക്ഷ മാത്രമായിരുന്നു ഉദ്ദേശ്യം.

ജീവിതവുമായി തന്‍വീര്‍ മുഹമ്മദ് കെട്ടിയിട്ട നേരിയ നാട താമസിയാതെ പൊട്ടിപ്പോയി. 1995ലെ ഒരു രാത്രി ഭീകരസംഘം തന്‍വീര്‍ മുഹമ്മദിനെ വീട്ടില്‍ കയറി ആക്രമിച്ചു. നാലു മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ വെടിയുണ്ടകളുംഗ്രനേഡുകളും വര്‍ഷിക്കപ്പെട്ടു. തന്‍വീര്‍ മുഹമ്മദ് തിരിച്ചും ആക്രമിക്കുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ അയാളുടെ ഇളയ മകള്‍ കൊല്ലപ്പെട്ടു. ഷമീമിന്റെ ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്ന മറ്റു നാല് ഇക്‌വനികളും ഭീകരരരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി. തന്‍വീറിന്റെ മൂത്ത മകന് മാരകമായി മുറിവേറ്റു. ദുഃഖാര്‍ത്തനും ചകിതനുമെങ്കിലും അയാള്‍ പൊട്ടിക്കൊണ്ടേയിരിക്കുന്ന ജീവിതനാടകള്‍ മുറുകെപ്പിടിച്ചു. പക്ഷേ, ഒരു വര്‍ഷത്തിനു ശേഷം തോട്ടത്തിലൂടെ നടക്കുമ്പോള്‍ വീണ്ടും അയാള്‍ക്കു നേരെ ആക്രമണമുണ്ടായി. സുരക്ഷാഭടന്‍ കൊല്ലപ്പെട്ടു. തന്‍വീറിന്റെ കാലില്‍ നിരവധി വെടിയുണ്ടകള്‍ കയറി.
ഹതാശയും വ്യഗ്ര മനസ്‌കയുമായ ഷമീം പട്ടാളത്തിന്റെ സഹായത്തോടെ അയാളെ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, മൂന്നു ശസ്ത്രക്രിയകള്‍ക്കു ശേഷം, കാലു മുറിച്ചു മാറ്റാതെ രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ‘ഞാനെന്റെ ഭര്‍ത്താവിനെ ഏറെ സ്‌നേഹിച്ചു,’ ഷമീം എന്നോട് പറഞ്ഞു. ‘അദ്ദേഹത്തെ വിധിക്കു വിട്ടുകൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു,’ അവള്‍ ഡോക്ടര്‍മാരുടെ ഉപദേശം തള്ളിക്കളയുകയും തമീമിനെ പോലെ കീഴടങ്ങിയ സഹപ്രവര്‍ത്തകരോടും പട്ടാളത്തിനോടും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരാരും തന്നെ അതിനു തയാറായില്ല. അവള്‍ കൃഷിഭൂമി വില്‍ക്കുകയും ആ പണം കൊണ്ട് നീണ്ടുനിന്ന ചികിത്സക്കായി തമീമിനെ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയും ചെയ്തു. അവള്‍ ഏഴു ലക്ഷത്തോളം രൂപ ചെലവാക്കി ഭര്‍ത്താവിന്റെ കാല്‍ രക്ഷിച്ചെടുത്തു.

പക്ഷേ അവര്‍ ദൂരെയായിരുന്നപ്പോഴും എതിര്‍സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക തുടര്‍ന്നു. ഷമീമിന്റെ പിതാവും സഹോദരനും അവരുടെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടു.

1998ല്‍ ഷമീം ഊന്നുവടി കുത്തി നടക്കുന്ന തന്‍വീറിനോടൊപ്പം അവരുടെ ഗ്രാമത്തില്‍ മടങ്ങിയെത്തി. അയാള്‍ എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ടുള്ള ഒരു പരസ്യം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഭീകരവാദവുമായോ പട്ടാളവുമായോ ഉള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു കഴിഞ്ഞെന്ന് അയാള്‍ എല്ലാവരെയും അറിയിച്ചു. ജീവിക്കാന്‍ മറ്റൊരവസരത്തിന് അയാള്‍ യാചിച്ചു.

പക്ഷേ, ആ യാചന ഫലവത്തായില്ല. ഒരു രാത്രിയില്‍, അപ്പോഴും ഭീകരപ്രവര്‍ത്തനം നടത്തുന്ന അയാളുടെ മുന്‍ സഹപ്രവര്‍ത്തകര്‍ വീട്ടിലേക്കു വന്നു. തന്‍വീര്‍ അവര്‍ക്ക് ആതിഥേയനായി. അവര്‍ അയാളുടെ ആഹാരം പങ്കിടുകയും തിരിച്ചുപോകുമ്പോള്‍ ശേഷിച്ച കാലിലേക്ക് തുരുതുരാ വെടിവെക്കുകയും ചെയ്തു. അയാളുടെ ജീവിച്ചിരിക്കുന്ന മകള്‍, ഒരു ചെറിയ പെണ്‍കുട്ടി, സംഭവത്തിന് സാക്ഷ്യം വഹിച്ചു. വെടിവെച്ചതിനു ശേഷം മടങ്ങിപ്പോകുന്ന തീവ്രവാദികളെ തന്‍വീര്‍ വാതില്‍പ്പടിയില്‍ നിന്ന് തിരിച്ചുവിളിച്ചത്രേ. അയാള്‍ കുപ്പായത്തിന്റെ കുടുക്കുകള്‍ ഊരുകയും തന്നെ കൊല്ലണമെങ്കില്‍ ഇഞ്ചിഞ്ചായല്ല, ഒരൊറ്റ വെടിയ്ക്ക് തീര്‍ക്കണമെന്ന് അട്ടഹസിക്കുകയും ചെയ്തു. ‘ഞങ്ങള്‍ ഭൂമി വിറ്റും എല്ലാ സമ്പാദ്യവും ചെലവഴിച്ചുമാണ് എന്റെ ഒരു കാല്‍ രക്ഷിച്ചെടുത്തത്. ഇനി എന്റെ കുടുംബം എങ്ങനെയെന്നെ സംരക്ഷിക്കും? നിങ്ങള്‍ എന്നെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍,’ അയാള്‍ കെഞ്ചി,’ എന്റെ ഹൃദയത്തിലേക്ക് വെടിവെക്കുകയെങ്കിലും ചെയ്യൂ.’ അയാളുടെ മുന്‍ സുഹൃത്തുക്കള്‍ കേട്ട ഒരേ ഒരു അപേക്ഷയായിരുന്നു അത്. അവര്‍ അയാളുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. മകള്‍ നോക്കിനില്‍ക്കേ അയാള്‍ നിലത്തേക്കു മരിച്ചുവീണു. അന്നൊരു കുഞ്ഞായിരുന്ന ഇളയമകനും അതേ മുറിയിലുണ്ടായിരുന്നു.
***
കുട്ടികളെ നോക്കാനും വളര്‍ത്താനും ഷമീം മാത്രമായി. വര്‍ഷങ്ങളോളം അവള്‍ മറ്റുള്ളവരുടെ വീടുകളിലും കൃഷിയിടങ്ങളിലും കൂലിയ്ക്ക് ജോലിയെടുത്തു. ചിലപ്പോള്‍ മൂന്നുദിവസത്തിലൊരിക്കല്‍ മാത്രം ആഹാരം കഴിച്ചു. പട്ടാള ഓഫീസര്‍മാരോട് തുടര്‍ച്ചയായി അപേക്ഷിച്ചതിന്റെ ഫലമായി അവസാനം ഷമീമിന് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണായി ജോലി കിട്ടി.
പക്ഷേ, ഗ്രാമീണര്‍ അവരെ വഞ്ചകരെന്നു കണക്കാക്കി ബഹിഷ്‌കരിച്ചു. അവളുടെ മൂത്തമകനായ അഫ്താബ് ഒരു ദിവസം സ്‌കൂളില്‍ നിന്നു വരുമ്പോള്‍ അപ്രത്യക്ഷനായി. പതിമൂന്നു വയസായിരുന്നു അവന്. വഞ്ചകന്റെ മകനെന്ന കുത്തുവാക്ക് സഹിക്കാനാകാതെ അവന്‍ തീവ്രവാദികളുടെ കൂടെ ചേരാന്‍ പോയതാണെന്ന് പിന്നീടവള്‍ മനസിലാക്കി. പക്ഷേ, അവന്‍ ചേര്‍ന്ന തീവ്രവാദിസംഘത്തെ പട്ടാളം ആക്രമിക്കുകയും ഏതാണ്ടെല്ലാ തീവ്രവാദികളും കൊല്ലപ്പെടുകയും ചെയ്തു. ശേഷിച്ചവരെയെല്ലാം അവര്‍ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പക്ഷേ, കുട്ടിയായതിനാല്‍ അഫ്താബിനെ അവസാനം വിട്ടയച്ചു. അവന്‍ പേടിക്കുകയും ‘സ്വാതന്ത്ര്യപ്പോരാളി’യായി ഗ്രാമീണര്‍ക്കു മുമ്പില്‍ പ്രായശ്ചിത്തം ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. വീടുവിട്ടുപോയി മൂന്നാഴ്ചക്കു ശേഷം അവന്‍ ഒരു രാത്രി അമ്മയുടെ അടുത്തേക്ക് തിരിച്ചുവന്നു.
ഷമീമിന് തീവ്രവാദികളെ മാത്രമല്ല, തന്നെ വെറുക്കുന്ന ഗ്രാമീണരെയും പട്ടാളത്തെയും പേടിയായി. ഒരിക്കല്‍ പട്ടാളത്തിന്റെ പിടിയില്‍ പെട്ടാല്‍ അവന്‍ എല്ലായ്‌പോഴും അവരുടെ നോട്ടപ്പുള്ളിയായിരിക്കും. കാശ്മീരി പൊലീസിന് അവനെ കൈമാറുകയാണു നല്ലതെന്ന് അവള്‍ക്കു തോന്നി. ‘അവര്‍ നമ്മുടെ ആള്‍ക്കാരെങ്കിലുമാണ്,’ അവള്‍ വിചാരിച്ചു. പൊലീസ് ഏതാനും മാസം പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും തടഞ്ഞുവെച്ചതിനു ശേഷം അവനെ അമ്മയ്ക്ക് തിരികെ നല്‍കി. ആ മാസങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് ഒരിക്കലും അവന്‍ അമ്മയോടു പറഞ്ഞില്ല. പക്ഷേ, അന്നു മുതല്‍ അവന് മനസിനു സുഖമില്ലാതായി. അതൊരിക്കലും സുഖപ്പെട്ടതുമില്ല. അവനെ സുഖപ്പെടുത്താനും ശ്രദ്ധ വ്യതിചലിപ്പിക്കാനുമുള്ള ഹതാശവും മികച്ചതല്ലാത്തതുമായ ശ്രമത്തില്‍ ഷമീം പതിനാലുവയസുള്ള മകന് ഒരു വധുവിനെ കണ്ടെത്തി. മകളെയും കുട്ടിയായിരിക്കുമ്പോഴേ അവള്‍ വിവാഹം കഴിപ്പിച്ചയച്ചു. ഞാന്‍ ഷമീമിനെ കണ്ടപ്പോള്‍ അഫ്താബിന് പത്തൊമ്പതു വയസുണ്ട്. നാലുവയസുള്ള ഒരു കുട്ടിയുടെ പിതാവായിരുന്നു അവന്‍. പക്ഷേ യാതൊന്നും അവന് മനസ്സമാധാനം നല്‍കിയില്ല. അവന്‍ പഠിക്കുകയോ ജോലിക്കു പോകുകയോ ചെയ്തില്ല. അവന്‍ മയക്കുമരുന്നും മദ്യവും ശീലിച്ചു. പലപ്പോഴും അവന്‍ ഉഗ്രകോപത്തിനടിമപ്പെടുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. ഇടയ്ക്കിടെ സുരക്ഷാസേന അവനെ പിടിച്ചു കൊണ്ടുപോകും. അത്തരമൊരു മിന്നല്‍പരിശോധനയ്ക്കു ശേഷം അവന്‍ തിരിച്ചുവന്നത് ഒടിഞ്ഞ കാലുമായാണ്.

പിതാവ് കൊല്ലപ്പെടുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ഇളയ മകന്‍ മാത്രമാണ് ഷമീമിനെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ നേര്‍ത്ത ചരട്. ഉള്‍വലിഞ്ഞവനും ഭീരുവും അസ്വസ്ഥനുമായ ഇളയ കുഞ്ഞിലാണ് അവളുടെ അവസാനത്തെ ആശയും സ്വപ്‌നങ്ങളും.

തെരുവുകളിലും ബങ്കറുകളിലും താഴ്‌വരയിലെ ജനതയുടെ ഭാഗധേയങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രങ്ങള്‍ അതിപ്രധാനമായ യുദ്ധങ്ങള്‍ നയിക്കുമ്പോള്‍ ഷമീം അവളുടെ സ്വന്തം വിധി നിര്‍ണയിക്കാനുള്ള ധീരമായ യുദ്ധത്തില്‍ തോറ്റുപോയി. പരിക്കേറ്റ കിളിയെ കാണുമ്പോള്‍ പോലും കണ്ണീര്‍ വാര്‍ത്ത ആ സ്ത്രീ ചുറ്റും മരണം കണ്ടു വിറങ്ങലിച്ചുപോയി. അവള്‍ സാധാരണമായ ജീവിതമാണ് ആഗ്രഹിച്ചത്. സ്‌നേഹമുള്ള ജീവിതപങ്കാളിയെയും. അയാളോടൊത്ത് കുട്ടികളെ വളര്‍ത്താനും സമയമെത്തുമ്പോള്‍ നന്മയും സന്തോഷവുമുള്ള മനുഷ്യരായി അവരെ ലോകത്തേക്ക് തുറന്നുവിടാനും അവള്‍ ആഗ്രഹിച്ചു. ഈ എളിയ അഭിലാഷം പോലും അപ്രാപ്യമായതാണ് അവളുടെ ജന്മനാടിന്റെ ദുരന്തം.

ഹര്‍ഷ് മന്ദര്‍

You must be logged in to post a comment Login