അത്ര വിദഗ്ധമായാണ് അവര്‍ സംഘ്പരിവാറുമായി സഖ്യപ്പെടുന്നത്

അത്ര വിദഗ്ധമായാണ് അവര്‍ സംഘ്പരിവാറുമായി സഖ്യപ്പെടുന്നത്

മുഹമ്മദലി ജിന്നയില്‍ നിന്ന് മൗലാന അബുല്‍കലാം ആസാദിനെ കുറച്ചാല്‍ ഫലം എന്തായിരിക്കും? വിചിത്രമെന്നും വിഡ്ഡിത്തമെന്നും തോന്നാവുന്ന ഒരു ചോദ്യമാണ്. ചരിത്രത്തില്‍ ഒരേകാലത്ത് പ്രവര്‍ത്തിച്ച, ഇന്ത്യാ ചരിത്രത്തെ ഒരേ കാലത്ത് രണ്ട് വിധത്തില്‍ സ്വാധീനിച്ച രണ്ട് മനുഷ്യരെ ഗണിതത്തിലേക്ക് കൂട്ടിവെക്കുന്നത് ലോജിക്കല്ല. പക്ഷേ, ചരിത്രം ചിലപ്പോള്‍ ലോജിക്കല്‍ അല്ലാത്ത ഭാവനകളിലേക്ക് നിങ്ങളെ ക്ഷണിക്കും? അതുകൊണ്ട് ആ കുറക്കല്‍ ഭാവനാപരമായി ഒരു അസാധ്യത അല്ല. ഇരുവരിലേക്കും വരാം. നിശ്ചയമായും ഫലം നെഗറ്റീവാണ്. നാല്‍പതില്‍ നിന്ന് നൂറ് കുറക്കുംപോലെ ഒന്ന്. ചരിത്രപരമായി മുന്തിയ ഒന്നില്‍ നിന്ന് അത്ര മുന്തിയതായിരുന്നില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞ ഒന്നിനെ കുറച്ചാല്‍ യുക്തിബോധം പറയുക ഫലം നെഗറ്റീവ് ആണെന്നാണ്. അതെ. മുഹമ്മദലി ജിന്നയില്‍ നിന്ന് മൗലാന അബുല്‍കലാം ആസാദിനെ കുറച്ചതിന്റെ രാഷ്ട്രപ്പേരാണ് പാകിസ്താന്‍. ജിന്നക്ക് മുന്നില്‍ ആസാദ് തമസ്‌കരിക്കപ്പെട്ടതിന്റെ ഫലമായുണ്ടായ നെഗറ്റീവിറ്റിയാല്‍, വിരുദ്ധോര്‍ജത്താല്‍ പൊള്ളിപ്പോയ ഒരു ജനതയുടെ പേരാണ് ഇന്ത്യന്‍ മുസ്‌ലിം.

ആരായിരുന്നു ആസാദ്? ദേശീയപ്രസ്ഥാനത്തില്‍ നടുനായകത്വം വഹിച്ച ഇന്ത്യന്‍ മുസ്‌ലിം. ദേശീയപ്രസ്ഥാനത്തിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മൂര്‍ധന്യഘട്ടത്തില്‍, 1940കളില്‍ ആസാദായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍. ഇന്ത്യ ആരുടേതാണ് എന്ന ചോദ്യം ശക്തമായ കാലമായിരുന്നു അത്. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് വിഭജനവാദം ശക്തമാക്കിയ കാലം. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലം ജനസംഖ്യാപരമായും വിഭവാധികാരപരമായും ബഹുസ്വരമാണ്. ഹിന്ദു മുസ്‌ലിം അനുപാതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ജിന്ന വിഭജനത്തിന് ആയുധമാക്കിയതും ഈ ബഹുസ്വരതയാണെന്ന് നിങ്ങള്‍ മറന്നുകൂടാ. ആസാദിലേക്ക് വരാം. സോഷ്യലിസ്റ്റ് കൂടിയായിരുന്നു ആസാദ്. നെഹ്‌റുവിന് സമശീര്‍ഷന്‍. ഇടഞ്ഞുനിന്നിരുന്ന സുഭാഷ് ചന്ദ്രബോസുമായി നാഷണല്‍ കോണ്‍ഗ്രസിന്റെ പാലം ആസാദായിരുന്നു. ഉപ്പുസത്യാഗ്രഹത്തിന്റെ കാലത്ത് രാജ്യത്താകമാനം പ്രകമ്പനം സൃഷ്ടിച്ച ദേശീയനേതാവായിരുന്നു ആസാദ്. ലാഹോര്‍ കോണ്‍ഗ്രസിലായിരുന്നല്ലോ മുസ്‌ലിം ലീഗും ജിന്നയും ദ്വിരാഷ്ട്രവാദത്തിന്റെ മുന്തിയ വെടി ഉതിര്‍ക്കുന്നത്. അതിന് ശേഷം, ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ ഇരുന്ന് ആസാദ് നടത്തിയ വൈകാരികവും തീക്ഷ്ണവുമായ പ്രഭാഷണം സമാപിച്ചത് ഇങ്ങനെയാണ്: ”Full eleven centuries have passed by since then. Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years Islam also has been their religion for a thousand years. Just as a Hindu can say with pride that he is an Indian and follows Hinduism, so also we can say with equal pride that we are Indians and follow Islam. I shall enlarge this orbit still further. The Indian Christian is equally entitled to say with pride that he is an Indian and is following a religion of India, namely Christianity.” ഏതാനും ആയിരം വര്‍ഷങ്ങളായി ഹിന്ദുയിസം- ശ്രദ്ധിക്കണം, അന്ന് സവര്‍ക്കറും ശിഷ്യന്‍ ഗോഡ്‌സെയും ചേര്‍ന്ന് പ്രചരിപ്പിച്ചിരുന്ന, സവര്‍ക്കറാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഹിന്ദുത്വ എന്നല്ല, ഹിന്ദുയിസം എന്നാണ് ആസാദ് പറയുന്നത്- ഇവിടത്തെ ജനങ്ങളുടെ മതമാണെങ്കില്‍ ആയിരം വര്‍ഷം തന്നെയായി ഇസ്‌ലാമും ഇവിടത്തെ മതമാണ്. ഹിന്ദുയിസം പോലെ ഇസ്‌ലാമിനും ഇവിടെ മഹത്തായ അവകാശമുണ്ട് എന്ന്. തീര്‍ന്നില്ല. മനുഷ്യവംശങ്ങളുടെ മഹാപ്രവാഹങ്ങള്‍ക്ക് ആതിഥ്യമരുളിയ മണ്ണാണ് ഈ രാജ്യം. അനേകമനേകം സാര്‍ഥവാഹകസംഘങ്ങള്‍ ഈ മണ്ണില്‍ അഭയം കണ്ടെത്തി. ആയിരത്തി ഒരുനൂറ് വര്‍ഷങ്ങളുടെ പൊതുചരിത്രമുണ്ട് ഈ മണ്ണിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും. ആ വര്‍ഷങ്ങള്‍ ഈ രാജ്യത്തെ സമൃദ്ധമാക്കി. നമ്മുടെ ഭാഷകള്‍, നമ്മുടെ കവിതകള്‍, നമ്മുടെ സാഹിത്യം അപ്പാടെ, നമ്മുടെ സംസ്‌കാരം, നമ്മുടെ കല, നമ്മുടെ വസ്ത്രങ്ങള്‍, നമ്മുടെ രീതിമര്യാദകള്‍, ദൈനംദിന സംഭവ വികാസങ്ങള്‍ എല്ലാം ഈ പൊതുസംസ്‌കൃതിയുടെ മഹാമുദ്രകളെ ഉള്‍വഹിക്കുന്നുണ്ട്. ഈ ആയിരത്താണ്ടുകളാണ് നമ്മുടെ പൊതുദേശീയതയെ രൂപപ്പെടുത്തിയത്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മളിപ്പോള്‍ ഒരു അവിഭജനീയമായ ഇന്ത്യാ മഹാരാജ്യമാണ്. വിഭജനം സംബന്ധിച്ച മതിഭ്രമങ്ങള്‍ ഈ ഐകമത്യത്തെ ഛിന്നഭിന്നമാക്കും, ഇത്രയുമായിരുന്നു മഹത്തായ ആ അധ്യക്ഷ പ്രസംഗത്തിന്റെ വിരാമവാക്യങ്ങള്‍.
മറുവശത്ത് മറ്റൊരു പ്രസംഗം കൂടി ചരിത്രത്തിലുണ്ട്. അത് മുഹമ്മദലി ജിന്നയുടേതാണ്. 1940-ല്‍ തന്നെയാണ് അതും സംഭവിക്കുന്നത്. അന്ന് മുസ്‌ലിം ലീഗ് അധ്യക്ഷനായിരുന്നു ജിന്ന. അധ്യക്ഷപ്രസംഗം ഇങ്ങനെയായിരുന്നു: ”ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് മതദര്‍ശനങ്ങളില്‍ പെട്ടവരാണ്. രണ്ട് സാമൂഹ്യരീതികള്‍ പിന്‍പറ്റുന്നവരാണ്, രണ്ട് ആചാരങ്ങള്‍ പിന്‍പറ്റുന്നവരാണ്. രണ്ടുതരം സാഹിത്യങ്ങളെ അവലംബിക്കുന്നവരാണ്. അവര്‍ പരസ്പരം വിവാഹം ചെയ്യുന്നില്ല. കൂടിക്കലരുന്നില്ല. അവരുടേത് രണ്ടുതരം നാഗരികതകളാണ്. അതും വിരുദ്ധമായ, സംഘര്‍ഷാത്മകമായ നാഗരികതകള്‍. ജീവിതത്തെക്കുറിച്ചുള്ള അവരുടെ സങ്കല്‍പനങ്ങളും വ്യത്യസ്തമാണ്. അതിനാല്‍ ഇന്ത്യന്‍ പ്രശ്‌നമെന്നത് ഒരു സാമുദായിക പ്രശ്‌നമല്ല, അന്താരാഷ്ട്ര മാനങ്ങളുള്ള പ്രശ്‌നമാണ്. അതിനെ ആ രീതിയില്‍ നാം കൈകാര്യം ചെയ്യണം. ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന ഒരു പൊതുദേശീയത ഒരു അബദ്ധസങ്കല്‍പനമാണ്. ആ സങ്കല്‍പനം പരിധികള്‍ ലംഘിച്ചിരിക്കുന്നു. അതാണ് മുഴുവന്‍ കുഴപ്പങ്ങളുടെയും കാരണം. വേണ്ട സമയത്ത് നാം ഇടപെട്ടില്ലെങ്കില്‍ തകര്‍ച്ചയാവും ഫലം.”

രണ്ട് പ്രസംഗങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. ഈ ലേഖനം ഇനി സംസാരിക്കാന്‍ പോകുന്ന പ്രമേയങ്ങളിലേക്കുള്ള ഒരു ദീര്‍ഘപ്രവേശികയാണ് ഈ പ്രഭാഷണങ്ങള്‍. അപകടകരമാം വിധം തീവ്രമായ ഒരു ഹിന്ദുദേശീയത സൃഷ്ടിക്കപ്പെടുകയും അധികാരം ആര്‍ജിക്കുകയും ആ ഹിന്ദുദേശീയതയുടെ പിന്നിലൂടെ ഫാഷിസം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പിടിമുറുക്കുകയും ചെയ്ത, മുസ്‌ലിം ഒരു അപരദേശീയതയായി പ്രതിഷ്ഠിക്കപ്പെടുകയും മുഖ്യദേശീയതയായി ഹിന്ദുത്വ മാറിത്തീരുകയും ചെയ്ത കാലത്തിരുന്നാണ് നാം രണ്ട് ചരിത്ര പുരുഷന്‍മാരുടെ വാക്കുകള്‍ ഓര്‍ക്കുന്നത്. മാത്രവുമല്ല മുഖ്യദേശീയതയുടെ ഭാഗമാണ് ഞങ്ങളെന്ന് തെളിയിക്കാന്‍ മുസ്‌ലിം മനുഷ്യര്‍ ഓരോ ദിവസവും തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരികയും തീവ്രദേശീയതയുടെ പെരുംകടലില്‍ കൈകാലിട്ടടിക്കുകയും ചെയ്യുന്ന കാലവുമാണിത്. അപരദേശീയതയിലേക്ക് വലിച്ചെറിയപ്പെട്ടതിനാല്‍ ദേശത്തെക്കുറിച്ച് ആസാദിനെപ്പോലെ ആര്‍ജവത്തോടെ ഭയരഹിതമായി സംസാരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിം ഭയപ്പെടേണ്ടിവരുന്ന കാലം കൂടിയാണിത്. ആ ഭയങ്ങളുടെ അടിവേരുകള്‍ ചരിത്രത്തിലാണ് ആഴ്ന്നുനില്‍ക്കുന്നത്. ആ ചരിത്രത്തിലാണ് ആസാദും ജിന്നയും നടത്തിയ ഈ പ്രഭാഷണങ്ങള്‍ നാം വായിക്കുന്നത്. വ്യാഖ്യാനങ്ങളില്ലാതെ ഉള്ളില്‍ പ്രവേശിക്കുന്ന ഈ രണ്ടുതരം സമീപനങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ആദ്യവരിയില്‍ നാം പറഞ്ഞ കുറക്കല്‍ നടത്തുന്നത്.

എന്തുനേടി എന്നതാണ് ചരിത്രസന്ദര്‍ഭങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഉയരുന്ന, ഉയരേണ്ട പരമപ്രധാനമായ ചോദ്യം. വിഭജനം ഒഴിവാക്കാന്‍ ഗാന്ധി മുന്നോട്ടുവെച്ച നാനാവിധ നിര്‍ദേശങ്ങളെ ജിന്ന നിരാകരിക്കുന്നുണ്ട്. നിശ്ചയമായും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും നിരാകരിക്കുന്നുണ്ട്. ജിന്നയെ പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു അതിലൊന്ന്. ഒറ്റ ദേശീയത എന്ന സങ്കല്‍പനത്തോട് തുടക്കം മുതലേ ഇടഞ്ഞ ജിന്ന ഒരു നിര്‍ദേശത്തെയും വകവെച്ചില്ല. മുസ്‌ലിം അഭിവൃദ്ധിക്കും സ്വത്വസംരക്ഷണത്തിനും ജിന്നക്ക് മുന്നില്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; പാകിസ്ഥാന്‍! ചരിത്രത്തെ ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടമായി ചുരുക്കികെട്ടുകയല്ല. തീര്‍ച്ചയായും അന്നത്തെ ലോകരാഷ്ട്രീയം മുതല്‍ ബ്രിട്ടന്റെ സാമ്രാജ്യത്വ താല്‍പര്യം ഉള്‍പ്പടെ ജിന്നയുടെ വാദത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ അടിയൊഴുക്കുകളിലെ ഹിന്ദു മേല്‍ക്കൈ ഉള്‍പ്പടെ ചെറുതല്ലാതെ കാരണമായിട്ടുണ്ട്. പക്ഷേ, ആസാദ് ഉള്‍പ്പടെയുള്ള ഒരു മഹാധാരയുടെ സാന്നിധ്യത്തെ, ആശയത്തെ ജിന്ന കണക്കിലെടുത്തില്ല. വിഭജനം സംഭവിച്ചു. എന്നിട്ടോ?

ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് കുതിച്ചുവന്ന് കണക്ക് നോക്കണം. ഒരു ദേശരാഷ്ട്രത്തെ അളക്കാന്‍ മാനകങ്ങള്‍ ഏറെയുണ്ട്. അതിലൊന്ന് ഒരു രാഷ്ട്രീയ സമൂഹമെന്ന നിലയില്‍ ആ ദേശരാഷ്ട്രം എത്തി നില്‍ക്കുന്ന ഇടമാണ്. സൗത്ത് ഏഷ്യയിലെ മുസ്‌ലിം രാഷ്ട്രം എന്ന പദവിയിലേക്കാണ് വിഭജനാനന്തരം പാകിസ്താന്‍ പിറക്കുന്നത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ ലിയാഖത്ത് അലിഖാന്‍ ആയിരുന്നു ആദ്യ പ്രധാനമന്ത്രി. ജിന്ന ഗവര്‍ണര്‍ ജനറല്‍. വിഭജനത്തിന്റെ കൊടും മുറിവുകള്‍ വൃണമായി മാറിയ നാളുകള്‍. ഇന്ത്യക്കും വ്യത്യസ്തമായിരുന്നില്ല അവസ്ഥ. അമ്പതുകളോടെ ഇന്ത്യ ആ മുറിവുകളില്‍ നിന്ന് പുറത്തുവന്നു. പഞ്ചവത്സര പദ്ധതികള്‍ വന്നു. റിപ്പബ്ലിക്കായി. ജനാധിപത്യം തളിര്‍ത്തു. പാകിസ്താനിലോ? മതത്തിന്റെ പേരിലുള്ള ആഭ്യന്തര കലഹങ്ങളിലേക്ക് ആ രാജ്യം കൂപ്പുകുത്തി. പടിഞ്ഞാറന്‍ പാകിസ്താനില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടന്നു. ജിന്ന പറഞ്ഞ മുസ്‌ലിംസ്വത്വം, ജിന്ന വിഭജനത്തിനായി മുന്നോട്ടുവെച്ച മുസ്‌ലിംസ്വത്വം ഏകമായ ഒന്നായിരുന്നില്ല പാകിസ്താനില്‍. അഥവാ ഏകമായ ഒന്നായിരിക്കാന്‍ അതിനെ പലതരം ശക്തികള്‍ അനുവദിച്ചില്ല. പടിഞ്ഞാറന്‍ പാകിസ്താനിലെ മുസ്‌ലിംകള്‍ക്ക് കിഴക്കന്‍ പാകിസ്താനികള്‍ക്ക് ഏകോദര സഹോദരര്‍ ആയിരുന്നില്ല. കലാപം പടര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ടുകള്‍ പിന്നിട്ടിട്ടും പാകിസ്താന്‍ ഭരണകൂടത്തിന് പരിഹരിക്കാന്‍ സാധിക്കാത്ത ഭിന്നത. 1950-ല്‍ ഇന്ത്യ റിപ്പബ്ലിക് ആവുമ്പോള്‍ പാകിസ്താനില്‍ ആദ്യത്തെ പട്ടാള അട്ടിമറിക്കുള്ള കളങ്ങളാണ് ഒരുക്കപ്പെട്ടിരുന്നത്. 1947-ല്‍ കശ്മീരിനെച്ചൊല്ലി ഇന്ത്യയുമായുള്ള കൊമ്പുകോര്‍ക്കല്‍ സായുധമായി തുടങ്ങിയതോടെ ദേശീയ വരുമാനത്തിന്റെ സിംഹഭാഗം തങ്ങള്‍ക്ക് വാസ്തവത്തില്‍ അവകാശമില്ലാത്ത ഒരു ഭൂമികയുടെ പേരില്‍ ചെലവഴിക്കേണ്ടി വന്നു എന്നും അറിയുക. 1951-ല്‍ ആദ്യ പ്രധാനമന്ത്രി കൊല്ലപ്പെടുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ നീണ്ടകാലങ്ങളെയാണ് ആ കൊലപാതകം തുറന്നിട്ടത്. ഈ അനിശ്ചിതത്വങ്ങള്‍ സമ്മാനിച്ചതോ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയും. പാകിസ്താന്റെ വികസന സങ്കല്‍പനങ്ങള്‍ തുടക്കം മുതലേ പാളി. പ്രതിശീര്‍ഷ വരുമാനം നിലം പൊത്തി. എവിടെ മുഹമ്മദലി ജിന്ന അവിഭക്ത മുസല്‍മാന് വാഗ്ദാനം ചെയ്ത ആ സ്വപ്‌ന ഭൂമിക? വിഭജിച്ച് വിളിച്ചുകൊണ്ടുപോയ ആ മുസല്‍മാന്‍മാരോട് നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എവിടെ അവരുടെ അടിസ്ഥാന ജീവിതോപാധികള്‍? എവിടെ ആഗോള പൗരസമൂഹത്തില്‍ അവരുടെ പരിഷ്‌കൃതാന്തസ്സ്?

വിഭജിത ഇന്ത്യയോടോ? വിഭജനമാണ് ഇന്ത്യന്‍ മുസല്‍മാനെ ആദ്യം അപരരാക്കിയത്. സമ്പന്നമായിരുന്ന അവരുടെ ദേശീയപ്രസ്ഥാന പാരമ്പര്യം ഒറ്റയടിക്ക് റദ്ദായി. അബുല്‍ കലാം ആസാദിന്റെ വഴികള്‍ കരിയിലകള്‍ മൂടി. അവരുടെ മഹാപാരമ്പര്യം പിളര്‍ത്തപ്പെട്ടു. അവിടെ നിന്നും ഇന്ത്യന്‍ മുസല്‍മാന്‍ കുതിച്ചത് ആധുനിക രാഷ്ട്രത്തിന്റെ നിര്‍മാണത്തില്‍ ഇഴചേര്‍ന്നുകൊണ്ടാണ്. സംസ്‌കാരത്തിന്റെ നിരവധിയായ ഇടങ്ങളില്‍ മുദ്രപ്പെടുത്തിക്കൊണ്ടാണ്. ഈ രാഷ്ട്രം ഞങ്ങളുടേതാണ്, നമ്മളാണ് ഈ രാഷ്ട്രം എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടാണ്. ഈ രാഷ്ട്രത്തിന്റെ ആധുനീകരണത്തില്‍ ഇടപെട്ടുകൊണ്ടാണ്. പഠിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടുമാണ്.
കൃത്യമെന്ന് സംശയിക്കാവുന്ന ഇടവേളകളില്‍ മുസ്‌ലിം നാമധാരികളായ ഭീകരര്‍ പക്ഷേ, പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അക്രാമകമായി വളര്‍ന്നുകൊണ്ടിരുന്ന ഹിന്ദു ദേശീയതയെ അത് എപ്പോഴും വിജൃംഭിപ്പിച്ചു. അതിന്റെ കുറ്റഭാരങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ ശിരസ്സില്‍ നിപതിച്ചു. ആ ഭീകരതക്ക് പിന്നില്‍ കശ്മീര്‍ വിഷയത്തിന്റെ കാമ്പ് വിസ്മൃതമായി. കശ്മീരിലെ മുസ്‌ലിം ഉള്‍പ്പടെയുള്ള ജനതക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും ഈ ഭീകരത തടസ്സമായി. പാകിസ്താന്‍ അഴിച്ചുവിട്ട ഈ ഭീകരതയില്‍ നിന്നാണ് ഹിന്ദുത്വ വിളവെടുപ്പ് നടത്തിയത്. അതേ, ദേശീയ പ്രസ്ഥാന കാലത്ത് സവര്‍ക്കറിയന്‍ ഹിന്ദുത്വയുടെ കടന്നുകയറ്റത്തെ പൊതുദേശീയതകൊണ്ട് തടഞ്ഞ ആസാദിയന്‍ വഴികള്‍ അധീരപ്പെട്ടു. സംഘപരിവാര്‍ അവരുടെ മുന്നേറ്റത്തിന് അടിമുടി കടപ്പെട്ടിരിക്കുന്നത് ഇസ്‌ലാമിക നാമധാരികളായ ഭീകരരരോടും അവരെ തീറ്റിപ്പോറ്റി അഴിച്ചുവിട്ട പാകിസ്താനോടുമാണ്.

ഒടുവിലിതാ പുല്‍വാമ. നാല്‍പത് ഇന്ത്യന്‍ സൈനികരെ, ഇന്ത്യന്‍ മനുഷ്യരെ കൊന്നുകളഞ്ഞിരിക്കുന്നു. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകസാമഗ്രികള്‍ നിറച്ച വാഹനം ഒടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയ ആളുടെ പേര് ആദില്‍ അഹമ്മദ് ദാര്‍ എന്നാണ്. സമാധാനകാലത്തെ കൂട്ടക്കൊല. പാകിസ്താന്‍ ദിനപത്രമായ ദ നേഷന്‍ ഒന്നാം പേജില്‍ ആ വാര്‍ത്ത വിന്യസിച്ചിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ വായിക്കാം: ” Freedom fighter launches attack, 44 occupying force killed in IOK”’ ഇന്ത്യ അധിനിവേശ കശ്മീരില്‍ 44 അധിനിവേശ സൈനികരെ സ്വാതന്ത്ര്യപോരാളി കൊലപ്പെടുത്തി എന്ന്. വിശദീകരണങ്ങള്‍ അപ്രസക്തമാക്കി വിളംബരപ്പെടുന്നുണ്ട് ഈ തലക്കെട്ട്.

വിധ്വംസക ദേശീയത അതിന്റെ മൂര്‍ധന്യത്തിലാണ് ഇന്ത്യയില്‍. അപര പദവിയും അരക്ഷിതാവസ്ഥയും ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വടക്ക് കിഴക്കന്‍ ഭൂമികയില്‍ മുസ്‌ലിമിനെ മതപരമായി പിളര്‍ത്തുന്ന പൗരത്വഭേദഗതി ബില്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ബാബരിയുടെ മുറിവിലേക്കുള്ള പുതിയ എണ്ണകള്‍ അടുപ്പത്തുണ്ട്. അക്രാമക ഹിന്ദുത്വയുടെ രാജാധികാരം നീളുന്തോറും ഭയത്തിന്റെയും ഇരുട്ടിന്റെയും നാളുകളാണ്. പക്ഷേ, അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന മാന്ത്രികച്ചെപ്പാണ് ഈ രാജ്യത്തെ ജനാധിപത്യ മനുഷ്യരെ സംബന്ധിച്ച് തിരഞ്ഞെടുപ്പ്. രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാജാധികാരം വെല്ലുവിളിക്കപ്പെടുമ്പോഴെല്ലാം അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങും എന്ന് പറഞ്ഞത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകൂടിയായ ഒ.വി വിജയനാണ്. എത്ര വിദഗ്ധമായാണ് ഭീകരരും അവരെ പിന്തുണക്കുന്ന, സ്വന്തം ജനതയുടെ വിത്തെടുത്ത് അവരെ തീറ്റിപ്പോറ്റുന്ന രാഷ്ട്രവും ചേര്‍ന്ന് സംഘപരിവാറിന് വീണ്ടും കളമൊരുക്കുന്നത്. എത്ര വിദഗ്ധമായാണ് പാകിസ്താന്‍ സംഘപരിവാരത്തിന്റെ താല്‍പര്യങ്ങളുമായി സഖ്യപ്പെടുന്നത്? എത്ര വിദഗ്ധമായാണ് പാകിസ്ഥാന്‍ അവിടത്തെയും ഇവിടത്തെയും മുസ്‌ലിംകളെ ഇരുളിലേക്ക് തള്ളിയിടുന്നത്? അദ്ഭുതമെന്തിന്? ഇരുട്ടിന്റെ, ഇരുട്ടിലെ, ഇരുട്ടിലേക്കുള്ള പ്രവചനമായിരുന്നല്ലോ വിഭജനം?

കെ കെ ജോഷി

You must be logged in to post a comment Login