ഹൂയികള്‍: ചൈനയിലെ മാപ്പിളമാര്‍

ഹൂയികള്‍: ചൈനയിലെ മാപ്പിളമാര്‍

ചൈനയും മലബാറും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് ചൈനയുടെ കര വഴിയുള്ള വ്യാപാരത്തിന്. മധ്യേഷ്യയിലൂടെ പൗരസ്ത്യ ലോകത്തും അവിടെ നിന്ന് യൂറോപ്പിലേക്കും പോവുന്ന സില്‍ക് വ്യാപാര പാതക്ക് ആ പേര് കിട്ടിയത് ചൈനയില്‍ നിന്നുള്ള പട്ടിന്റെ കയറ്റുമതിയില്‍ നിന്നാണ്. (കോഴിക്കോട്ടെ പട്ടുതെരുവ് ചൈനക്കാരുടെ കേന്ദ്രമായിരുന്നു). ബിസി മൂന്നാം നൂറ്റാണ്ടില്‍ ഹാന്‍ രാജവംശത്തിന്റെ കാലത്ത് രൂപപെട്ടതാണത്രേ ഈ പാത. കര മാര്‍ഗമുള്ള വ്യാപാരമാണ് ഇക്കാലത്ത് മുഖ്യആശ്രയം. എന്നാല്‍ സമുദ്രവ്യാപാരം വ്യാപകമായതോടെ ചൈനക്കാര്‍ വളരെ പെട്ടെന്ന് കടലില്‍ ആധിപത്യം സ്ഥാപിച്ചു. സ്വന്തമായി കപ്പലുകള്‍ നിര്‍മിച്ചുകൊണ്ട് അറബികളുമായും പേര്‍ഷ്യക്കാരുമായും റോമക്കാരുമായും അവര്‍ വ്യാപാരരംഗത്ത് മുന്നേറി. ക്രിസ്തുവിന് ശേഷം എട്ടാം നൂറ്റാണ്ടില്‍ തന്നെ ചൈനയും മലബാര്‍ തീരവും തമ്മില്‍ നിരന്തരമായ വ്യാപാരം നടക്കുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ശക്തിയാര്‍ജിച്ച ചൈനയിലെ താങ്ങ് രാജവംശത്തിന് തെക്കന്‍ കൊല്ലവുമായി നല്ല ബന്ധമായിരുന്നു. ചൈനീസ് കച്ചവടക്കപ്പലുകള്‍ ഈ തുറമുഖത്ത് നിറഞ്ഞുനിന്നിരുന്നു. മലബാര്‍ തീരത്തുടനീളം ചൈനീസ് ഉല്‍പന്നങ്ങള്‍ സുലഭമായിരുന്നു. ഇതില്‍ മുഖ്യം കളിമണ്ണ് കൊണ്ടുള്ള പാത്രങ്ങളും പട്ടുമായിരുന്നു. കപ്പല്‍ നിര്‍മാണത്തില്‍ പ്രവീണരായ ചൈനക്കാര്‍ക്ക് ചങ്ക്, ധോ, കാകം തുടങ്ങിയ പേരുകളില്‍ വ്യത്യസ്ത വലിപ്പമുള്ള കപ്പലുകളുണ്ടായിരുന്നു. ചില കപ്പലുകളെ ഖജാനക്കപ്പലുകള്‍ (ഠൃലമൗെൃല ടവശു)െ എന്നാണ് വിളിച്ചിരുന്നത്. അവയുടെ വലിപ്പം കണ്ടാല്‍ ഒരു പട്ടണം തന്നെ സഞ്ചരിക്കുന്നതായി തോന്നുമത്രേ. പതിമൂന്നാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് അവിടത്തെ ചക്രവര്‍ത്തി കുബ്‌ളൈ ഖാന്റെ പ്രതിനിധിയായി സഞ്ചരിച്ച യൂറോപ്യന്‍ മാര്‍കോ പോളോ മലബാറിലെ മിക്ക തുറമുഖങ്ങളിലും ചൈനീസ് കപ്പലുകള്‍ നങ്കൂരമിട്ടിരുന്ന കാര്യം പറയുന്നുണ്ട്. തെക്കന്‍ െൈചനയിലെ മന്‍സി എന്ന പ്രദേശം ഇക്കാലത്ത് മലബാറുമായുള്ള വ്യാപാരത്തില്‍ മികച്ചുനിന്നു.
അറബികള്‍ വ്യാപാരരംഗത്ത് സജീവമായപ്പോള്‍ അവരുടെ ഭാഷയും സംസ്‌കാരവും മലബാറിലേത് പോലെ ചൈനയിലേക്കും വ്യാപിപ്പിച്ചിരുന്നു. പ്രധാനമായും പ്രവാചകന്റെ ആഗമത്തോടെ വ്യാപാരികളും പ്രബോധകരും ഇസ്‌ലാമിനെ ചൈനയിലെത്തിച്ചു. മലബാറില്‍ മാപ്പിള എന്ന പോലെ ചൈനയിലെ മുസ്‌ലിംകള്‍ ഹൂയി എന്നറിയപ്പെട്ടിരുന്നു. അവര്‍ അവരുടെ ഭാഷ എഴുതിയിരുന്നത് അറബി ലിപിയിലാണ്. അറബി മലയാളത്തെപ്പോലെ. സിഞ്ചിയാങ്ങില്‍ താമസമാക്കിയ മധ്യേഷ്യക്കാര്‍ അറബി ലിപിയിലുള്ള തുര്‍ക്കുമാനിയാണ് ഉപയോഗിച്ചിരുന്നത്. മതകാര്യങ്ങള്‍ക്കായി ഇന്നും ഈ സമ്പ്രദായം തന്നെയാണ് ചൈനയിലുള്ളത്. ഹൂയികള്‍ ഉപയോഗിക്കുന്ന ലിപിക്ക് സിയാവോജിങ്ങ് (തശമീഴശിഴ/തശമീ’ലൃഷശി) എന്ന് പറയും. നാട്ടുഭാഷ അറബിയിലെഴുതുന്ന രീതിയാണിത്. ഏഴാം നൂറ്റാണ്ടില്‍ താങ്ങ് രാജവംശത്തിന്റെ കാലം തൊട്ട് ചൈനയിലേക്ക് കുടിയേറിയ അറബികളും പേര്‍ഷ്യക്കാരും തുര്‍ക്കുമാനികളും ഉപയോഗിച്ചതും ഇതേ ലിപിയാണ്. ഇവര്‍ പിന്നീട് ഹൂയി സമൂഹത്തിന്റെ ഭാഗമായി. ഇന്നും പരമ്പരാഗതമായി ഇസ്‌ലാമിക പഠനത്തിന് ഈ ലിപി ഉപയോഗിക്കുന്നു. അറബികളും മുസ്‌ലിംകളും തന്നെയാണ് മധ്യകാലത്ത് ചൈനാവ്യാപാരത്തിന്റെ കണ്ണിയായി വര്‍ത്തിച്ചത്. ചൈനക്കാരായ മുസ്‌ലിംകള്‍ അറബികളുമായി ബന്ധം പുലര്‍ത്തുകയും ഇപ്പേരില്‍ ഇസ്‌ലാം മതവും സംസ്‌കാരവും ചൈനക്കാരില്‍ വ്യാപകമാവുകയും ചെയ്തു.

അറബികളും ചൈനയും
പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും തെക്കന്‍ ചൈന കടലിലേക്ക് നേരിട്ടുള്ള കടല്‍ യാത്രകള്‍ നടത്തിയാണ് അറബ് കച്ചവടക്കാര്‍ ചൈനാ കച്ചവടത്തില്‍ മുന്നിട്ട് നിന്നത്. സീന്‍ അഥവാ ചിന്‍ (ചൈന) രൂപീകൃതമായത് 255-309 കാലഘട്ടത്തിലെ സിന്‍ (ഠശെി) രാജവംശത്തില്‍ നിന്നുമാണ്. മസൂദിയുടെ അഭിപ്രായത്തില്‍ ചിന്‍(ചൈന)യെ അല്‍ഹിന്ദുമായി വേര്‍തിരിക്കുന്നത് അല്‍-സബാജ് രാജ്യ (ഇന്തോനേഷ്യന്‍ ദ്വീപ്) മാണ്. മധ്യകാലത്ത് പേര്‍ഷ്യന്‍ ഗള്‍ഫ്, ചൈന എന്നിവയ്ക്കിടയിലുള്ള കടല്‍ മാര്‍ഗ്ഗം അക്കാലത്തെ ഏറ്റവും വലുതും സമ്പന്നവുമായ സാമ്രാജ്യങ്ങളിലൂടെയായിരുന്നു എന്നതും പ്രസ്താവ്യമാണ്. മധ്യകാലത്തെ ഏറ്റവും സജീവമായ വ്യാപാര പാതയായിരുന്നു അത്. സില്‍ക്ക്, കളിമണ്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വിലയേറിയ കല്ലുകള്‍, ലോഹങ്ങള്‍ എന്നിവ ഇവിടെ കൈമാറി. ഈ വഴി പരിഗണിക്കപ്പെട്ടിരുന്നത് ‘സില്‍ക്ക് റൂട്ടി’ ന് പകരമായിട്ടാണ്. പുരാതന ചൈനീസ് ചക്രവര്‍ത്തിമാരുടെ കണ്‍ഫൂഷ്യന്‍ വിശ്വാസം അനുസരിച്ച്, അവര്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശികളാണ്. മധ്യേഷ്യ ഭരിക്കാനുള്ള അധികാരവും അവര്‍ക്കാണ്. അവരെ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കും. ഇത് മറ്റ് രാജ്യങ്ങളിലെ ദൂതന്മാരെ ചൈനയിലേക്ക് കൂടുതലായി ആകര്‍ഷിച്ചു. ഈ അവസരം മുതലെടുത്ത് ഇല്ലാത്ത രാജ്യങ്ങളുടെ പേര് പറഞ്ഞ് പല വ്യാപാരികളും പ്രാതിനിധ്യം ചമഞ്ഞ് ആനുകൂല്യങ്ങള്‍ നേടുമായിരുന്നു.
ചൈനീസ് ഭാഷയില്‍ താ-ഷിഷ് എന്ന വാക്ക് അറബികളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു. പേര്‍ഷ്യന്‍ പദമായ ‘താ-സില’യില്‍ നിന്നാണ് താ-ഷിഷിന്റെ ഉത്ഭവം, ‘തയ്യ് ഗോത്രത്തിലെ വ്യക്തി’ എന്നാണ് താസിലയുടെ അര്‍ഥം. ഡമസ്‌കസിലെ ഉമവി ഖലീഫമാരുടെ കാലത്ത് ഖുറാസാനിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട ചില ശിയാ സമുദായക്കാര്‍ ചൈനയിലെ വലിയ നദികളിലൊന്നില്‍ ഉള്ള ദ്വീപില്‍ താമസിച്ചുവത്രേ. ചൈനീസ് ഭാഷയില്‍ അമീര്‍ അല്‍മുഅ്മിനീന്‍ (ഖലീഫ) എന്ന പദത്തിന് ഹാമി-മോ-മോ-ഇന്‍ എന്നും, ആദ്യത്തെ അബ്ബാസി ഖലീഫ അബുഅബ്ബാസിന് ‘എ-ബോ-ലോ-ബാ’ എന്നും ഖലീഫ ഹാറൂണ്‍ റഷീദിന് ‘എ-ലൂണ്‍’ എന്നും വിളിക്കപ്പെട്ടു. മുസ്‌ലിം സമുദായത്തില്‍ ഉള്ളവരെ ആദ്യം താ-ഷിഹ് എന്നും പിന്നീട് ഹുയി-ഹുയി (മുഹമ്മദീയന്‍) എന്നും വിളിച്ചു. ഏഴാം നൂറ്റാണ്ടില്‍ അറബ് കച്ചവടക്കാര്‍ ചൈനീസ് തീരനഗരങ്ങളായ ക്വാന്‍സൗ (ഝൗമി്വവീൗ), ഗുവാങ്‌ഷൌ (ഏൗമിഴ്വവീൗ) എന്നിവിടങ്ങളില്‍ കുടിയേറ്റം നടത്തി. ചൈനയുടെ വാണിജ്യപ്രാധാന്യം പൗരസ്ത്യലോകത്ത് വ്യാപിച്ചു. 713 എ.ഡി. മുതല്‍ ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ രാജാക്കന്‍മാര്‍ ചൈനീസ് കൊട്ടാരത്തിലേക്ക് നയതത്രജ്ഞരെ അയച്ചിരുന്നു. ഖാന്‍ഫു (കാന്റണ്‍) കൂടാതെ, അറബികള്‍ക്ക് സെയ്തൂനു (ദമശൗേി)മായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. അതുവഴി അവര്‍ക്ക് ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലെ ഉല്‍പ്പന്നങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരുന്നു. ഓരോ ചൈനീസ് നഗരത്തിലും നാലിലൊന്ന് മുസ്‌ലിംകളാണെന്ന് ഇബ്‌നു ബതൂത പറയുന്നു. ‘അവര്‍ പള്ളികള്‍ പണിയുകയും വെള്ളിയാഴ്ച പ്രാര്‍ഥനകളും മറ്റ് മത പരിപാടികളും നടത്തുകയും ചെയ്തിരുന്നു.’

അറബ് ലോകത്തിനും ചൈനയ്ക്കും ഇടയിലുള്ള ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍ വലുതായിരുന്നു. ഹിമാലയന്‍ മലനിരകള്‍, ഉയര്‍ന്ന പീഠഭൂമിയായ ടിബറ്റ്, കിഴക്കന്‍ തുര്‍കിസ്ഥാന്റെ മരുഭൂമികള്‍ എന്നിവ കരമാര്‍ഗമുള്ള യാത്ര കഠിനമാക്കി. കടല്‍ യാത്രയ്ക്ക് ഇന്ത്യന്‍ ഉപദ്വീപിനെ മുഴുവന്‍ ചുറ്റിയും മലായ്, ഇന്തോനേഷ്യ എന്നീ ദ്വീപുകള്‍ തമ്മിലുള്ള കടലിടുക്കിലൂടെയും നീണ്ട യാത്രകള്‍ ആവശ്യമായി വന്നു. ആറാം നൂറ്റാണ്ടില്‍ സിറിയയിലേക്ക് പട്ടുനൂല്‍ വ്യവസായം എത്തിച്ചത് ചൈനയില്‍ നിന്ന് പുഴു മുട്ടകള്‍ കടത്തിയായിരുന്നെങ്കിലും ചില പ്രത്യേക ചൈനീസ് സില്‍ക്ക് വസ്തുക്കളുടെ ആവശ്യകത പാശ്ചാത്യ വിപണികളില്‍ കൂടി വന്നു. സില്‍ക് കൂടാതെ ചൈനയിലെ കളിമണ്‍ പാത്രങ്ങളും ലോകത്ത് പ്രശസ്തി നേടി. സില്‍ക്ക് കച്ചവടപാത ചൈനയില്‍ നിന്ന് അറേബ്യയിലേക്കുള്ള കച്ചവടം ഏറെക്കുറെ എളുപ്പമാക്കിയിരുന്നു. കുറഞ്ഞ അളവും ഏറെ വിലയുമുള്ള സില്‍ക്ക്, ഗതാഗതത്തിനു യോജിച്ചതാണ്. പെട്ടെന്ന് പൊട്ടുന്നതും സൂക്ഷിക്കാന്‍ വലിയ സ്ഥലവും ആയ കളിമണ്‍ വസ്തുക്കളാവട്ടെ ഗതാഗതത്തിന് അനുയോജ്യവുമല്ലായിരുന്നു. ചൈന, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ ചെങ്കടല്‍, മെഡിറ്ററേനിയന്‍ പ്രദേശങ്ങളുമായി സില്‍ക് പാത സംയോജിപ്പിച്ചു.

മധ്യകാലത്ത് അറേബ്യന്‍ വ്യാപാരികളാണ് ചൈനീസ് ചരക്കുകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പരിചയപ്പെടുത്തിയതും പ്രൗഢിയുടെ പ്രതീകമാക്കിയതും. ചൈനയില്‍ കളിമണ്‍ പാത്രങ്ങള്‍ മണ്‍പാത്രങ്ങള്‍ പോലെതന്നെ വിലകുറഞ്ഞതായിരുന്നു, അവ വ്യാപകമായി ഉപയോഗിച്ചിരുന്നത് സാധാരണക്കാരാണ് എന്ന് ഇബ്‌നു ബതൂത പറയുന്നു. വിദേശ വ്യാപാരത്തിലൂടെയാണ് അതിന് മൂല്യം കൂടിയത്. ചൈനീസ് കപ്പലുകള്‍ ആദ്യകാല നൂറ്റാണ്ടുകളില്‍ ദക്ഷിണ ചൈന സമുദ്രം വരെ പരിമിതമായിരുന്നു. താങ് കാലഘട്ടത്തില്‍ (618-907) ചൈനക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് യാത്രകള്‍ നടത്തിത്തുടങ്ങി. ഇത്തരം അപൂര്‍വ യാത്രകളുടെ പടിഞ്ഞാറന്‍ പരിധി മലബാര്‍ ആയിരുന്നു. മലബാര്‍ മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വരെയുള്ള തീരദേശ പാതയെ കുറിച്ച് ചൈനക്കാര്‍ക്ക് അറിയാമായിരുന്നെങ്കിലും മണ്‍സൂണ്‍ കാറ്റുകളെ കുറിച്ചും മഴയെ കുറിച്ചും അവര്‍ അജ്ഞരായിരുന്നു. എന്നാല്‍ സുങ് രാജവംശ (960-1280)ക്കാലത്ത് ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങള്‍ മുതല്‍ കിഴക്കന്‍ ആഫ്രിക്ക വരെ ചൈനക്കാര്‍ക്ക് സുപരിചിതമായി. 1000 എ.ഡിക്ക് മുമ്പ്, അറബി സാഹിത്യത്തിലൂടെ മാത്രമാണ് ചൈനക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ കുറിച്ചറിഞ്ഞത്. ചൈനീസ് കൃതികള്‍ വരുന്നത് അതിനുശേഷമാണ്. ആനക്കൊമ്പ്, അത്തര്‍, കുന്തിരിക്കം എന്നിവ ചൈനയിലെത്തിയത് ദക്ഷിണ അറേബ്യയും കിഴക്കന്‍ ആഫ്രിക്കയും വഴിയാണ്. സിറിയന്‍ ഗ്ലാസ് വെയര്‍, മെഡിറ്ററേനിയന്‍ പവിഴം, പേര്‍ഷ്യയിലെ മുത്ത്, തുണിത്തരങ്ങള്‍ എന്നിവയാണ് ഈ കാലയളവില്‍ ചൈനയിലേക്കുള്ള ഇറക്കുമതി ഇനങ്ങള്‍.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login