കശ്മീര്‍ വെല്ലുവിളിയാണ്

കശ്മീര്‍ വെല്ലുവിളിയാണ്

പുല്‍വാമ കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ ഉന്മാദാവസ്ഥകള്‍ക്കും ആക്രോശങ്ങള്‍ക്കുമിടയില്‍ ഏറ്റവും വിവേകമുള്ള രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് രണ്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരാണ്. ‘കശ്മീര്‍ ഒരു തുണ്ട് ഭൂമി മാത്രമല്ലെന്നും അതില്‍ താമസിക്കുന്ന മനുഷ്യരാണെ’ന്നുമുള്ള ഉമര്‍ അബ്ദുല്ലയുടെ മനോവേദന നിറഞ്ഞ അപേക്ഷയെ, അദ്ദേഹം പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെപ്പോലെ സംസാരിക്കുന്നു എന്നു പറഞ്ഞാണ് വിമര്‍ശകര്‍ തള്ളിക്കളഞ്ഞത്. ‘രണ്ടു രാജ്യങ്ങള്‍ക്കും ഇനിയുമൊരു യുദ്ധം താങ്ങാനാകില്ലെ’ ന്ന മെഹബൂബ മുഫ്തിയുടെ തിരിച്ചറിവുള്ള മുന്നറിയിപ്പും ഏറെ വെറുപ്പും വിദ്വേഷവും ക്ഷണിച്ചു വരുത്തി.

സൈനിക സാഹസികതകളെ ന്യായീകരിക്കാനുള്ള പൊതുജനസമ്മര്‍ദമാണ് ദേശീയ നേതാക്കള്‍ തേടുന്നത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ക്ഷേമത്തിനും ഉപഭൂഖണ്ഠത്തിന്റെ സുസ്ഥിരതയ്ക്കും നിര്‍ണായകമായിട്ടുള്ള രണ്ടു ഘടകങ്ങള്‍ക്ക് അടിവരയിടുന്നുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ആര്‍തര്‍ മൂര്‍ ദശകങ്ങള്‍ക്കു മുമ്പേ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”കശ്മീര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാതെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ നല്ല ബന്ധങ്ങളുണ്ടാകില്ല.” കനാല്‍ തര്‍ക്കങ്ങള്‍, അതിര്‍ത്തിത്തര്‍ക്കങ്ങള്‍, വേരു പറിച്ചെടുക്കപ്പെട്ട പൗരന്മാരുടെ പ്രശ്‌നങ്ങള്‍ ഇതെല്ലാം പരിഹരിക്കപ്പെട്ടാലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം നിലനില്‍ക്കും. ഉഭയകക്ഷി വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെട്ടാലും സംഘര്‍ഷം ലഘൂകരിക്കപ്പെടില്ല. കശ്മീരല്ല, അവിടത്തെ ജനങ്ങളാണ് ഭരണകൂടത്തിന്റെ മുന്‍ഗണനയാകേണ്ടത് എന്നതാണ് രണ്ടാമത്തെ ഘടകം. കശ്മീര്‍ പ്രശ്‌നത്തെ ക്രമസമാധാനപ്രശ്‌നമായി മാത്രം പരിഗണിച്ചാല്‍ കശ്മീര്‍ ജനത കൂടുതല്‍ ഒറ്റപ്പെടും. സമരസപ്പെടലിന്റെ സജീവവും ക്രിയാത്മകവുമായ നയമാണ് നമുക്ക് കശ്മീരില്‍ ആവശ്യം.
ഫെബ്രുവരി 14 ലെ കൂട്ടക്കൊലയ്ക്ക് ആരെയാണു കുറ്റപ്പെടുത്തേണ്ടതെന്ന് ഭരണകൂടം തീരുമാനിച്ചാല്‍ മാത്രമേ അത്തരമൊരു നയം ഉരുത്തിരിഞ്ഞു വരികയുള്ളൂ. ജയ്‌ഷെ മുഹമ്മദാണ് കൂട്ടക്കൊലയ്ക്ക് പിന്നിലുള്ളതെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍, ജയ്‌ഷെ മുഹമ്മദ് പാകിസ്ഥാന്‍ സൈന്യത്തിന്റെ സൃഷ്ടിയാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ പുല്‍വാമ കൂട്ടക്കൊല യുദ്ധത്തിന് സമാനമായ പ്രവൃത്തിയാണെന്ന് പറയേണ്ടി വരും. അങ്ങനെയെങ്കില്‍ ന്യൂഡല്‍ഹിക്ക് ശത്രുരാജ്യത്തിനെതിരെ നയതന്ത്രബന്ധങ്ങള്‍ മുറിക്കുക, മിന്നലാക്രമണങ്ങള്‍ നടത്തുക തുടങ്ങിയ നടപടികളിലേക്ക് കടക്കാം.

പക്ഷേ, ആ ചാവേര്‍ പോരാളി തദ്ദേശീയനാണെന്നു വന്നാല്‍ അതൊരു ആഭ്യന്തര പ്രശ്‌നമായി ചുരുക്കപ്പെടും. ഒരു രാജ്യത്തിന് അതിനെതിരെത്തന്നെ യുദ്ധം ചെയ്യാനാകുമോ? പ്രത്യേകിച്ചും എതിരാളി സ്വാതന്ത്ര്യപ്പോരാളിയായി വാഴ്ത്തപ്പെടുമ്പോള്‍?

വിഭാഗീയ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന കശ്മീരി നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിച്ചത,് ഇതൊരു ആഭ്യന്തര പ്രശ്‌നമാണെന്ന തോന്നലിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ‘കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി സംഭവിക്കുന്നതിനെതിരെയുള്ള അഹിംസാമാര്‍ഗമെന്ന നിലയില്‍ കശ്മീരിനെയും കശ്മീരികളെയും സാമ്പത്തികമായി ഉപരോധിക്കണ’മെന്ന മേഘാലയ ഗവര്‍ണറുടെ ശുപാര്‍ശ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ആക്രമണം വിഭാഗീയ ചിന്താഗതിയുള്ള കശ്മീരികള്‍ക്കെതിരെ മാത്രമല്ല, എല്ലാ കശ്മീരികള്‍ക്കുമെതിരെയാണെന്നത് ആശങ്കാജനകമാണ്. കശ്മീരികള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന കാര്യം നാം മറന്നു പോകരുതല്ലോ. ഇത് രാഷ്ട്രീയമാണ്, ചരിത്രമല്ല.
പുല്‍വാമ ശൂന്യതയില്‍ നിന്നുണ്ടായതല്ല. നൂറ്റാണ്ടുകള്‍ നീണ്ട പിടിച്ചടക്കലുകളും ഗൂഢാലോചനകളും തോല്‍വികളും ചതികളും പീഡനങ്ങളും അതിനു പുറകിലുണ്ട്. ഗുലാബ് സിംഗ് ‘ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളിലേക്ക് മറ്റേതു ഭരണാധികാരി ചെയ്തതിനേക്കാളും വലിയ പ്രദേശമാണ് കൂട്ടിച്ചേര്‍ത്തതെന്ന്’ കെ എം പണിക്കര്‍ എഴുതിയിട്ടുണ്ട്. തോല്‍പിക്കപ്പെട്ട സിഖ് സാമ്രാജ്യത്തിന്റേതായിരുന്ന, രാവി നദിക്ക് വടക്കും സിന്ധു നദിക്ക് കിഴക്കുമായി സ്ഥിതി ചെയ്യുന്ന മലകള്‍ നിറഞ്ഞ പ്രദേശത്തിനും അതിന്റെ ആശ്രിതപ്രദേശങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ക്ക് 75 ലക്ഷം സിഖുരൂപയും ‘പന്ത്രണ്ട് പഷ്മിന ആടുകളുടെയും മൂന്നു ജോഡി ഉത്തരീയങ്ങളുടെയും’ പ്രതിവര്‍ഷ കപ്പവും നല്‍കി ഗുലാബ് സിംഗ് ഇന്നത്തെ പ്രശ്‌നങ്ങളുടെ വിത്തുകള്‍ കുഴിച്ചിട്ടു. അത് 1846 ലായിരുന്നു. അഫ്ഗാന്‍ രാജാവായ അഹമ്മദ് ഷാ അബ്ദാലി മുഗള്‍ രാജാക്കന്മാരില്‍ നിന്ന് 1752ല്‍ കശ്മീര്‍ പിടിച്ചെടുത്തിരുന്നു. അബ്ദാലിയുടെ പിന്‍ഗാമികളില്‍ നിന്ന് 1819 ല്‍ താഴ്‌വര രഞ്ജിത്ത് സിംഗ് പിടിച്ചെടുക്കുകയും അതോടെ നാലു നൂറ്റാണ്ടിലധികം നീണ്ട മുസ്‌ലിം ഭരണം അവസാനിക്കുകയും ചെയ്തു. രഞ്ജിത്ത് സിംഗാണ് ഗുലാബ് സിംഗിന്റെ പിതാവിനെ ജമ്മുവിന്റെ ഭരണമേല്‍പിച്ചത്. ഗുലാബ് സിംഗാകട്ടെ ലഡാക്കും ബാള്‍ടിസ്ഥാനും കീഴടക്കുകയും അക്‌സായ് ചിന്‍ പീഠഭൂമി മുഴുവനായോ ഏറിയ പങ്കോ കൈക്കലാക്കുകയും ചെയ്തു.

ഗുലാബ് സിംഗിനെ കശ്മീരിന്റെ മഹാരാജാവാക്കിയ ഉടമ്പടിയില്‍ കശ്മീരികള്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നു എന്ന കാര്യം നാം മറക്കരുത്. അടിച്ചമര്‍ത്തലുകള്‍ ഏറെയുണ്ടായിരുന്ന ദോഗ്ര ഭരണത്തിന്റെ ഓര്‍മകള്‍ കശ്മീരി മുസ്‌ലിംകളുടെ പൊതുബോധത്തില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല എന്നതാണ് വാസ്തവം. ഗുലാബ് സിംഗ് മുസ്‌ലിംകളുടെ കൂട്ടമതംമാറ്റത്തിന് ഉത്തരവിട്ടിരുന്നു. പക്ഷേ, വരാണസിയിലെ പണ്ഡിതന്മാര്‍ അത് ഹിന്ദു പരിശുദ്ധിയില്‍ വെള്ളം ചേര്‍ക്കലാണെന്ന് വിലയിരുത്തുകയാണുണ്ടായത്. പശുവിനെ കൊല്ലുന്നതിനുള്ള ആദ്യകാല ശിക്ഷ മരണമായിരുന്നു. പിന്നീടത് ജീവപര്യന്തമായും പത്തു വര്‍ഷം കഠിനതടവായും കുറഞ്ഞു. ബ്രിട്ടീഷുകാരുടെ സമ്മര്‍ദം മൂലമാണ് പിന്നീടത് ഏഴു വര്‍ഷമാക്കി കുറച്ചത്.

കശ്മീരി പണ്ഡിറ്റുമാര്‍ക്കായിരുന്നു തൊഴിലുകളില്‍ മുന്‍കൈ. ബ്രീട്ടീഷ് ഇന്ത്യയില്‍ കശ്മീരിലും പൊതു ജനപ്രക്ഷോഭങ്ങളുണ്ടായിരുന്നു. പക്ഷേ അത് കോളനിവല്‍ക്കരണത്തിനെതിരെയായിരുന്നില്ല, മുസ്‌ലിംകളുടെ മോചനത്തിനു വേണ്ടിയായിരുന്നു. ‘കശ്മീര്‍ അന്നും ഇന്നും’ എന്ന പുസ്തകമെഴുതിയ ഗവാഷാ നാഥ് കൗള്‍ കശ്മീരിലെ തൊണ്ണൂറു ശതമാനം മുസ്‌ലിം വീടുകളും ഹിന്ദു ഹുണ്ടികക്കാരുടെ കടക്കെണിയിലായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭൂരഹിതരായ കൃഷിപ്പണിക്കാരുടെ അവസ്ഥ ദയനീയമായിരുന്നത്രേ. 1877-79 കാലഘട്ടത്തിലെ ക്ഷാമം നിരവധി മുസ്‌ലിംകളെ കൊന്നൊടുക്കി. എന്നാല്‍ ഒരൊറ്റ ഹിന്ദു പണ്ഡിറ്റു പോലും പട്ടിണിയാല്‍ മരിച്ചില്ല. അന്നത്തെ കശ്മീര്‍ പ്രധാനമന്ത്രിയായിരുന്ന വസീര്‍ പുന്നു കടുത്ത മുസ്‌ലിം വിരുദ്ധനായിരുന്നു.

ഈ ഭൂതകാല പശ്ചാത്തലത്തില്‍, ഇന്ത്യയിലേക്കുള്ള ആദ്യത്തെ അമേരിക്കന്‍ നയതന്ത്രപ്രതിനിധിയായ ഹെന്റി ഗ്രേഡി 1948 ജനുവരിയില്‍ ഇങ്ങനെ മുന്നറിയിപ്പു നല്‍കി. ‘ഇന്ത്യയുടെയും പാകിസ്ഥാന്റെയും വീഴ്ചക്ക് കാരണമായേക്കാവുന്ന വന്‍പ്രശ്‌നങ്ങളിലൊന്നാണ് കശ്മീര്‍.’ എന്നാല്‍ ആഗോള പ്രശസ്തിയുടെ തിളക്കത്തില്‍ ഇന്ത്യ പലപ്പോഴും കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചതാണ് ചരിത്രം. ഇന്ത്യയുടെ അഭിമാനത്തിനേറ്റ ആഘാതമായാണ് നാം പുല്‍വാമ സംഭവത്തെ കാണുന്നത്. കടുത്ത വികാരപ്രകടനങ്ങളെ തടഞ്ഞ് വിവേകത്തോടെ കാര്യങ്ങള്‍ വിലയിരുത്താനാണ് ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. നെഹ്‌റുവിന്റെ നയതന്ത്രജ്ഞതയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയായാണ് ആര്‍തര്‍ മൂര്‍ കശ്മീര്‍ പ്രശ്‌നത്തെ വിലയിരുത്തിയത്. ഇന്നത് നരേന്ദ്രമോഡിയുടെ യാഥാര്‍ത്ഥ്യബോധത്തിനും വലിയ വെല്ലുവിളിയാണ്. കശ്മീരിന് അനുയോജ്യമായ നയങ്ങള്‍ അടിയന്തിരമായി ഇന്ത്യ കണ്ടെത്തേണ്ടതുണ്ട്.

സുനന്ദ കെ. ദത്തറായ്

കടപ്പാട്: ദ ടെലഗ്രാഫ്‌

You must be logged in to post a comment Login