പഠിച്ചുവളരുന്ന ഒരിന്ത്യയാണ് സ്വപ്നം

പഠിച്ചുവളരുന്ന ഒരിന്ത്യയാണ് സ്വപ്നം

? എസ് എസ് എഫിന്റെ പ്രധാന പ്രവര്‍ത്തന മേഖല കേരളമായിരുന്നെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പലവിധേനയും അതിന്റെ സാന്നിധ്യം കണ്ടു തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യം എം എസ് ഒ ആയിരുന്നു. ശേഷം എസ് എസ് എഫ് എന്ന പേരില്‍ തന്നെ കേന്ദ്ര സര്‍വകലാശാലകളിലും മര്‍കസിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളോട് അനുബന്ധിച്ചും പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. ഏകദേശം സംസ്ഥാനങ്ങളിലൊക്കെ സജീവ പ്രവര്‍ത്തനത്തിന് വേണ്ട സംഘടനാ സംവിധാനം തയാറായി കഴിഞ്ഞു. എസ് എസ് എഫ് നാളിതുവരെ കേരളത്തില്‍ സാധ്യമാക്കിയ ഒരു മുന്നേറ്റം ഇനി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും കാണാനാവുമോ? ദേശീയ സ്വപ്‌നം എന്താണ്?

ശൗകത് നഈമി: മുസ്‌ലികള്‍ക്കിടയില്‍ പ്രാദേശിക വൈവിധ്യങ്ങളെ ഉള്‍കൊണ്ടു തന്നെയുള്ള വിശാലമായ ഒരു നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തണം. വ്യത്യസ്ത കഴിവുകളും മൂലധനവുമുള്ള മിടുക്കരായ ഒരുതലമുറ ഇന്ത്യയുടെ എല്ലാ ഭാഗത്തു ഉണ്ടാകണം. അവര്‍ സമുദായത്തിന്റെ അവശതകളെ പരിഹരിക്കാനും ശോഭനമായ ഭാവി ഉറപ്പുവരുത്താന്‍ ത്രാണിയുള്ളവരുമായിരിക്കണം. ദേശീയോദ്ഗ്രഥനം ഊന്നിക്കൊണ്ടുള്ള, മാന്യമായ പ്രാതിനിധ്യം നേടിയെടുത്തുകൊണ്ടുള്ള ഒരു അഭിമാനകരമായ മുന്നേറ്റമാണത്. അത് സമഗ്ര വികസനവും വളര്‍ച്ചയുമുള്ള ഒരു സാമൂഹിക സാഹചര്യമാണ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

ഫാറൂഖ് നഈമി: മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇടങ്ങളിലെല്ലാം എസ് എസ് എഫ് കൊണ്ടുവരിക എന്നതാണ് പ്രഥമ ഘട്ടം. എങ്കിലേ സംഘടനാപരമായ മുന്നേറ്റം താഴെത്തട്ടില്‍ നിന്ന് സാധ്യമാകൂ. മറ്റൊന്ന് സമാന്തരമായി അക്ഷരാഭ്യാസത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുകയാണ്. അത് ജാതി മത ഭേദമന്യേ പ്രസ്ഥാനം സാധ്യമാക്കി കൊണ്ടിരിക്കുന്നതും കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുമായ കാര്യമാണ്. ദേശീയോദ്ഗ്രഥനവും സഹിഷ്ണുതാപരമായ സാമൂഹിക സഹവര്‍ത്തിത്വവും സാധ്യമാക്കുന്ന ഒരു തലമുറയാണ് നമ്മുടെ സ്വപ്‌നം.

മതകലാലയങ്ങള്‍ അനിവാര്യമായതുപോലെ സെക്കുലര്‍ കലാലയങ്ങളും ഇന്നത്തെ ഒരു അത്യാവശ്യമാണ്. എല്ലാ മതക്കാരും ഒരുമിച്ചു വളരുന്ന ഒരു ക്ലാസ് മുറി ഇന്ത്യയുടെ മതനിരപേക്ഷ, പരസ്പര ബഹുമാന, പൗര ബോധത്തെ ഉത്തേജിപ്പിക്കും; തീര്‍ച്ച. എപിജെ അബ്ദുള്‍കലാം പറയുന്ന അദ്ദേഹത്തിന്റെ പ്രൈമറി സ്‌കൂള്‍ അനുഭവം എത്ര മനോഹരമാണ്. അത് നമുക്ക് നഷ്ടപ്പെട്ടുകൂടാ. ദക്ഷിണകേരളത്തിലെ അത്തരം കലാലയ അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ച ഒരനുഭവം മുന്‍നിര്‍ത്തി പറയട്ടെ, പൊതുവിദ്യാഭ്യാസ രംഗത്തുള്ള ഇത്തരം കലാലയങ്ങള്‍ നമുക്ക് കേരളത്തിലും പുറത്തും പ്രോത്സാവഹിപ്പിക്കണം. അല്ലാതെ ഓരോ മത സംഘടനകളും ഓരോ മാനേജ്മെന്റിന് കീഴില്‍ പൊതുവിദ്യാഭ്യാസം കൂടി മതകീയ വത്കരിക്കുന്നതോടെ ഇന്ത്യന്‍ സാമൂഹിക സാഹചര്യം പരസ്പര തെറ്റിദ്ധാരണകളുടേതായി മാറും. പരസ്പരം അറിയാനും ഇടപഴകാനുമുള്ള നിഷ്‌കളങ്കമായ ഇടങ്ങളായി സ്‌കൂളനുഭവങ്ങള്‍ നമുക്ക് വേണം.

സുഹൈറുദ്ദീന്‍ നൂറാനി: ഉത്തരേന്ത്യയിലെ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളെ കുറിച്ച്പറയുമ്പോള്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരാള്‍ ശാഹുല്‍ഹമീദ് ബാഖവി ശാന്തപുരമാണ്. മുന്‍ മാതൃകകളില്ലാതിരുന്ന കാലത്താണ് അദ്ദേഹം എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പ്രവര്‍ത്തിക്കുന്നത്. മദ്‌റസ സംവിധാനം പരിചയപ്പെടുത്തുന്നതും, ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ അടുത്തറിയുന്നതും നമുക്കുള്ള വഴികള്‍ തുറക്കുന്നതും അദ്ദേഹത്തിന്റെ ഒറ്റക്കുള്ള പ്രയാണങ്ങളാണ്. ഉസ്താദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ ശ്രമങ്ങളും എടുത്തു പറയാനുണ്ട്. അദ്ദേഹം ശ്രമിച്ചത് ഇതെല്ലാം സംഘടിതമാക്കുന്നതിനായിരുന്നു. ഉത്തരേന്ത്യയുടെ മുസ്‌ലിം പ്രതാപത്തെ തിരിച്ചു കൊണ്ടുവരാനും സമുദായത്തെ കൈപിടിച്ചുയര്‍ത്താനും പ്രാപ്തിയുള്ള സന്നദ്ധരായ ഒരു വലിയസംഘത്തെ നിര്‍മിക്കാന്‍ പിന്നീട് നമ്മുടെ സ്ഥാപനങ്ങള്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

? കേരളമോഡല്‍ എന്ന സങ്കല്‍പം ശോഭനമാണ്. പക്ഷേ, മധ്യകാല ഗരിമയുടെ ഓര്‍മകളില്‍ നിന്ന് ഇനിയും ഇറങ്ങിപ്പോന്നിട്ടില്ലാത്ത ഉത്തരേന്ത്യ ഇതിനു സമ്മതിച്ചു തരുമോ?

ശൗകത് നഈമി: പ്രതാപം നഷ്ടപ്പെട്ടതാണെന്നുള്ള തിരിച്ചറിവെങ്കിലും വേണമല്ലോ. അല്ലാതെ ഗരിമ പറഞ്ഞിരുന്നിട്ടെന്ത് കാര്യം? നിരന്തരമായ വീഴ്ചകളെ കുറിച്ച ഓര്‍മകളുണ്ടാകണം. വീഴ്ചകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും വേണം. എങ്കിലേ ഇനി സമുദായത്തിന് ഒരു ശോഭനമായ ഭാവിയും സുരക്ഷിതമായ അസ്തിത്വവുമുള്ളൂ. കേരളമോഡല്‍ എന്നത് പ്രധാനമായും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ നമ്മുടെ സംസ്ഥാനം പൊതുവിലും മുസ്‌ലിംകള്‍ പ്രത്യേകിച്ചും നേടിയ ഉദ്ബുദ്ധതയും നിരന്തര പരിശ്രമവുമാണ്. അതുമാത്രമല്ല,തനത് പാരമ്പര്യത്തെ നിലനിര്‍ത്തിക്കൊണ്ടുണ്ടാക്കിയ മുന്നേറ്റമാണത്. ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ അവശതകള്‍ക്കുള്ള പരിഹാരം ഇനി അതാണെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ അത് അംഗരീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.

ഫാറൂഖ് നഈമി: കേരളമോഡല്‍ എന്നത് കൊട്ടിഘോഷിക്കോണ്ടതില്ല. കേരളത്തിലെ സാഹചര്യം വൈജ്ഞാനിക സംവാദ പരിസരങ്ങളിലൂടെ രൂപപ്പെട്ടതാണ്. അതുപോലെ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ നമ്മുടെ ഈ പ്രബോധന ജാഗരണങ്ങള്‍ സാധ്യമാക്കുമ്പോള്‍ അത് കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക ഘടനയുടെ പര്യായമാകും. എന്നല്ല, ചിലപ്പോള്‍ കേരളമോഡലിനെക്കാള്‍ ഫലപ്രാപ്തിയുള്ള മറ്റൊരു മാതൃക രൂപപ്പെട്ടേക്കാം. ഒരു അദ്ധ്യാത്മിക ഗുരുവും അതിനെ ചുറ്റിപ്പറ്റിയുള്ള ആചാര അനുഷ്ഠാനങ്ങളുമാണ് ഉത്തരേന്ത്യയിലെ ഘടനയും പ്രബോധന രീതിയും. അതക്കാലത്ത് ശരിയായിരുന്നു എന്ന് കരുതാം. മഹത്തുക്കളായ വ്യക്തിത്വങ്ങളുടെ പ്രസക്തമായ സാന്നിധ്യം തന്നെ കാരണം. എന്നാലിപ്പോള്‍ ഒരു സംഘടിത വൈജ്ഞാനിക ഘടന രൂപപ്പെടുത്തിയെടുത്താല്‍ വ്യക്തികളുടെ അഭാവത്തിലും ആ ഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കും. അത് സാമൂഹികമായ ഒരു വിപുലീകരണവും മുന്നേറ്റവും സാധ്യമാക്കും. ഇത് നമ്മുടെ കേരളസംവിധാനത്തിന്റെ പകര്‍പ്പായിരിക്കും. വാഗ്വാദങ്ങള്‍ക്കോ താന്‍പോരിമക്കോ അവസരം കൊടുക്കുന്ന ഒരു സാഹചര്യവും ഉണ്ടാക്കാന്‍ നമുക്ക് താല്പര്യമില്ല.

സുഹൈറുദ്ദീന്‍ നൂറാനി: സംഘടിതമായ വിദ്യാഭ്യാസ ആരോഗ്യ മുന്നേറ്റങ്ങള്‍ക്കും സാമൂഹ്യ ഘടനക്കും നാം പൊതുവെ കേരളമോഡല്‍ എന്ന് പറയാറുണ്ടെങ്കിലും നമ്മളിവിടെ സംഘടനാ തലത്തില്‍ നടപ്പിലാക്കുമെന്ന് പറയുന്ന കേരള മോഡല്‍ മുസ്‌ലിംകളുടെ സാമൂഹ്യ സംവിധാനത്തിന്റെ ഒരു പകര്‍പ്പാണ്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ മുസ്‌ലിം സംഘടനകള്‍ സാധ്യമാക്കിയ ഒന്ന്. അത് എല്ലായിടത്തുമുള്ള മുസ്‌ലിംകള്‍ക്കും ഉണ്ടാകേണ്ടതാണ്. ഒരുകാലത്ത് ഉത്തരേന്ത്യയിലും അതുണ്ടായിരുന്നു. കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക കേന്ദ്രങ്ങളെപ്പോലെ അനേകം സ്ഥാപനങ്ങള്‍ ഉത്തരേന്ത്യയിലും ഉണ്ടായിട്ടുണ്ട്. സഫ്ദര്‍ജങ് മദ്രസ, ഖുതുബ് മിനാറിന്റെ സമീപമുള്ള മദ്രസകള്‍, ഇപ്പോള്‍ ന്യൂ ഡല്‍ഹിയിലുള്ള ആംഗ്ലോ അറബിക് സ്‌കൂള്‍ തുടങ്ങി ധാരാളം സ്ഥാപനങ്ങള്‍ മുന്‍പുണ്ടായിരുന്നു. ഇന്നും ലഖ്നോവിലും മറ്റു പലയിടങ്ങളുമുള്ള അനേകം വിജ്ഞാന കേന്ദ്രങ്ങള്‍ നമുക്ക് കാണാം. കേരളം അക്കാര്യത്തില്‍ മുന്‍പന്തിയിലാണ് എന്ന നിലക്കും, നമ്മുടെ പ്രസ്ഥാനത്തിന്റെ പ്രധാനമായ ഊര്‍ജം അവിടുന്ന് ആയതിനാലും അങ്ങനെ പറയുന്നെന്നേയുള്ളൂ. മാത്രവുമല്ല, കേരളമോഡല്‍ എന്നനിലക്ക് ഈ മുന്നേറ്റത്തെ ഇവിടെ പരിചയപ്പെടുത്തണം എന്നും എനിക്കഭിപ്രായമില്ല. കേരളത്തിലെ സംഘടനാ സംവിധാനങ്ങളെ കുറിച്ച് പറഞ്ഞാല്‍ അതിനു ത്വരീഖത്ത് വൃത്താന്തങ്ങളുടെ ഘടനയോട് നല്ല ബന്ധമുണ്ട്. അതൊക്കെ ഇവിടെയും ഉണ്ടായിരുന്നു. ഇവിടെ കൈമോശം വന്നത് അല്ലെങ്കില്‍ കൈ വിട്ടുപോയത് തിരികെ കൊണ്ടുവരാനുള്ള യജ്ഞമാണ് ഇത്.

ഉത്തരേന്ത്യ സ്വീകരിക്കില്ലേ എന്ന് ചോദിച്ചാല്‍, യു പിയും ബിഹാറും, ഉത്തരാഖണ്ഡും, ഹിമാചലുമൊക്കെയുള്ള ഉത്തരേന്ത്യയും, അതിനപ്പുറം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും, പഞ്ചാബും ഗുജറാത്തും രാജസ്ഥാനുമൊക്കെയുള്ള പശ്ചിമ ഇന്ത്യയുമെല്ലാം എളുപ്പത്തില്‍ സ്വീകരിച്ചിട്ടുണ്ട് എന്നതാണ് അനുഭവം. പതിമൂന്ന് വര്‍ഷത്തോളമായി സംഘടന നല്ല കൃത്യതയുള്ള സംവിധാന സമേതമാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇക്കാലത്തിനിടക്ക് നല്ല വളര്‍ച്ച അടയാളപ്പെടുത്താനായിട്ടുണ്ട്. ഇത് കേരളേതര സമൂഹം ഈ പ്രസ്ഥാനത്തെ അംഗീകരിക്കുന്നു എന്നതിനെ തെളിവാണ്.

? കേരളമോഡല്‍ എന്നത് അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ തന്നെ ഇത് അതേപടി നടപ്പിലാക്കുന്നതും ബുദ്ധിയല്ലല്ലോ. ഭാഷ-വേഷ-ഭൂമിശാസ്ത്ര വൈജാത്യങ്ങളെ എത്രമേല്‍ യാഥാര്‍ത്ഥ്യ ബോധ്യത്തോടെയാണ് ഈ മുന്നേറ്റത്തില്‍ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം പരിഗണിക്കുന്നത്?

ശൗക്കത് നഈമി: പ്രായോഗികമായ ഒരു അവതരണമാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. പ്രാദേശികമായ എല്ലാതരത്തിലുള്ള വ്യതിരിക്തതകളെയും തിരിച്ചറിയാതെ നമുക്ക് ദേശീയ തലത്തില്‍ ഒന്നും നടപ്പിലാക്കാനാവില്ല എന്ന ഉറച്ചബോധ്യം നമുക്ക് നേരത്തേയുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നത്. ഇപ്പോള്‍ കാണുന്ന ഈ മികവ് വര്‍ഷങ്ങളുടെ അടിസ്ഥാന വികസന ശ്രമമാണ്.

ഫാറൂഖ് നഈമി: എല്ലാ നാട്ടിലും തനത് വൈജ്ഞാനിക ജാഗരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഉത്തരേന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. അത് വീണ്ടെടുക്കാനുള്ള ശ്രമവും കൊടുക്കല്‍ വാങ്ങല്‍ എന്ന ഗുണാത്മക ചിന്തയും ഉണ്ടായാല്‍ പിന്നെ അവരുടേത് നമ്മുടേത് എന്ന തരത്തിലുള്ള വേര്‍തിരിവുകള്‍ ഈ മുന്നേറ്റത്തെ ബാധിക്കില്ല. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ അവര്‍ക്ക് പരിചയമുള്ള മത സംവിധാനങ്ങളെയും നേതാക്കളെയും ഒപ്പം ചേര്‍ത്തുകൊണ്ടാണ് സഞ്ചരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സേവന പ്രവര്‍ത്തകരെ അവര്‍ ഉള്‍ക്കൊള്ളുന്നത് നമുക്ക് നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്. മര്‍കസിന്റേതായി, ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെതായി, എസ് ഇന്ത്യ ഫൗണ്ടേഷന്റെതായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സ്വീകാര്യത ഉണ്ടാകുന്നത് അതിനാലാണ്. വെസ്റ്റ് ബംഗാളിലും കാശ്മീരിലുമൊക്കെ നമ്മളത് അനുഭവിക്കുന്നുണ്ട്.

? ഫാറൂഖ് നഈമിയോടാണ് ചോദ്യം, കേരള സംസ്ഥാന അധ്യക്ഷനായിരുന്നല്ലോ ഇതിനു മുന്‍പ്. ദേശീയ തലത്തിലേക്കുള്ള ഈ വരവില്‍ എന്തെല്ലാം നിലപാട് മാറ്റങ്ങളുണ്ടാകും?

ഫാറൂഖ് നഈമി: കേരളത്തില്‍ വ്യവസ്ഥാപിതമായ ഘടനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആഭ്യന്തരവികാസത്തിനും നിലവിലുള്ള സംവിധാനങ്ങളെ ഊര്‍ജിതപ്പെടുത്തുന്നതിനും അനുബന്ധമായ തലങ്ങളെ വികസിപ്പിച്ചുകൊണ്ടുവരേണ്ടതിനുമുള്ള ദൗത്യമാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. കേരളത്തിലെ നമ്മുടെ സംഘടനയുടെ ഒരു പൊതുവികാസത്തിന്റെ കാലം കഴിഞ്ഞു എന്ന് തന്നെ വേണമെങ്കില്‍ നമുക്ക് പറയാം. ഇനി ഇവിടെ നടക്കേണ്ടത് ഒരു ആഭ്യന്തര വിപുലീകരണമാണ്. അതുകൊണ്ടാണ് എസ് എസ് എഫിന്റെ ഒരു യൂണിറ്റ് എന്നതില്‍ നിന്ന് മാറി ഓരോ താളത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ ഇടപെടുന്ന ഓരോ മേഖലയിലും സമാന്തരമായി യൂണിറ്റ് സംവിധാനങ്ങളും മേല്‍ഘടക സംവിധാനങ്ങളും രൂപീകൃതമായത്. കാമ്പസ് യൂണിറ്റുകള്‍, ഹയര്‍ സെക്കണ്ടറി യൂണിറ്റുകള്‍, ദഅ്‌വ യൂണിറ്റുകള്‍ എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളായി. ഇതില്‍ നിന്നു വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ അവിടുത്തെ ജീവിത രീതികളോടും സാമൂഹിക പരിസരങ്ങളോടുമൊക്കെ ചേര്‍ന്ന് നിന്നുകൊണ്ട് കൃത്യമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. ചിലയിടങ്ങളില്‍ എസ് എസ് എഫിന്റെ ആദ്യകാല രൂപമായ പ്രാദേശിക യൂണിറ്റ് ഘടകം എന്ന സംവിധാനം നമുക്ക് ഉപയോഗിക്കേണ്ടി വരും. ചില സ്ഥലത്ത് ആത്മീയ സദസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സംഘടനാ ബോധവത്കരണം രൂപപ്പെടുത്തേണ്ടി വരും. വിപുലമായ വൈജ്ഞാനിക പരിസരങ്ങളുള്ള കേരളത്തിലെ രീതിയല്ല ഖാന്‍ഖാഹുകളിലൂടെ വികസിച്ചുവന്ന ഒരു ഇസ്ലാമിക സാമൂഹിക ഘടനയില്‍ നമുക്ക് നിര്‍വഹിക്കാനുള്ളത്.

? കേരളത്തില്‍ ഒരുപാട് മുസ്‌ലിം സംഘടനകളുണ്ട്. ഉത്തരേന്ത്യയിലുമതേ. എന്നാല്‍ പ്രകടമായ ഒരു വ്യത്യാസം കേരളത്തില്‍ ഒരു നിലക്ക് അല്ലെങ്കില്‍ മറ്റൊരു നിലക്ക് മുസ്‌ലിം സംഘടനകള്‍ സമുദായത്തെ വളര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. സങ്കുചിതമായ താല്പര്യങ്ങള്‍ നമുക്കുണ്ടാക്കുന്ന ക്ഷീണം മാറ്റിവെച്ചാല്‍ സമുദായത്തിന് നേട്ടമാണ് ഇത്രയുമധികം സ്ഥാപനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായ സംഘടനകള്‍. എന്നാല്‍ ഇവിടുത്തെ സ്ഥിതി കഷ്ടമാണ്. മതഭ്രഷ്ടുകള്‍ക്ക് മത്സരിക്കുകയാണ് സംഘടനകള്‍. എങ്ങനെ ഏകോപനമുണ്ടാകും? നമ്മുടെ വഴി എങ്ങനെ തുറന്നുകിട്ടാനാണ്.

ശൗകത് നഈമി: പൂര്‍ണമായ ഒരു ഏകോപനം സാധ്യമല്ല. അത് പ്രായോഗികമല്ല എന്നതാണ് കാര്യം. എന്നാല്‍ നല്ല ഗൈഡന്‍സ് കൊടുത്താല്‍ മികവോടെ പ്രവര്‍ത്തിക്കാനും നല്ല റിസള്‍ട്ട് ഉണ്ടാക്കാനും സാധിക്കുന്ന അനേകം സംഘടനകളും നേതാക്കളും ഇവിടെ ഉണ്ട്. പലപ്പോഴും നമുക്കത് അനുഭവമുള്ളതുമാണ്. കാഴ്ചപ്പാടുകള്‍ വിശാലമാകാന്‍ അവരെ സഹായിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, എല്ലാത്തിനുമുപരി നമ്മുടെ സ്ഥാപനങ്ങളില്‍ പഠിച്ചുവളരുന്ന പുതിയ തലമുറയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. നല്ല കെല്‍പുള്ള നേതാക്കള്‍ അവരില്‍ നിന്നുടലെടുക്കും. അവര്‍ ഈ പ്രസ്ഥാനത്തെ അനേകദൂരം മുന്നോട്ടുകൊണ്ടുപോവുകയും അഭിമാനകരമായ നിലയുണ്ടാക്കുകയും ചെയ്യും.

ഫാറൂഖ് നഈമി: കേരളത്തില്‍ മുസ്‌ലിം സംഘടനകളുടെ വൈവിധ്യവും ആധിക്യവും സമുദായത്തിന്റെ വികാസത്തിന് സഹായിച്ചിട്ടുണ്ടെന്നത് ശരിയാണ്. സംഘടനാ ബോധമുണ്ടായിരിക്കുക എന്നത് തന്നെ വലിയ ലാഭമാണല്ലോ. ഉത്തരേന്ത്യയില്‍ സാവധാനത്തിലെങ്കിലും പ്രാസ്ഥാനിക അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതോടെ ഒരു മൗലാനയുടെ ഫത്വയെ മാത്രം ആശ്രയിച്ചുള്ള ജീവിതത്തില്‍ നിന്ന് ഒരുപാട് പണ്ഡിതന്മാരുടെ സംയുക്തമായ, സംഘടിതമായ ഒരു ആലോചനാ വേദിയിലേക്ക് മുസ്‌ലിം പൊതുമനസിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിശാലമായ സാമുദായിക ബോധമില്ലാതെ ഒരു മൗലാനയും അയാളുടെ പരിവാരങ്ങളും എന്ന കുടുസ്സായ സങ്കല്പങ്ങള്‍ ഉള്ളതിനാലാകണം വൈകാരികമായി മാത്രം കാര്യങ്ങളെ കാണുന്നതും മതഭ്രഷ്ട് പോലുള്ള കാര്യങ്ങള്‍ ലാഘവത്തോടെ പ്രയോഗിക്കുന്നതും. എന്നാല്‍ പ്രാസ്ഥാനികമായ ഒരു സംഘടനാ ശീലവും നിര്‍മാണാത്മക രാഷ്ട്രീയ കാഴ്ചപ്പാടും നമുക്ക് ഉത്തരേന്ത്യയില്‍ സാധ്യമാക്കാന്‍ സാധിച്ചാല്‍ മാറ്റമുണ്ടാകും.

? ഇത്തവണത്തെ നേതൃത്വത്തിന് കാണുന്ന ഒരു പ്രത്യേകത രാഷ്ട്രീയമായ ഒരു ബഹുസ്വര പ്രാതിനിധ്യം ഇത് ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്. പ്രത്യേകിച്ചും കാശ്മീരില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍. എന്ത് പറയുന്നു?

ശൗകത് നഈമി: ആദ്യകാലങ്ങളില്‍ എസ് എസ് എഫിന്റെ ദേശീയ ഘടകത്തിലും മലയാളി സാന്നിധ്യം കൂടുതലായിരുന്നു. ക്രമേണ സംഘടന കൂടുതല്‍ സംസ്ഥാങ്ങളിലേക്ക് വളരുന്നതിനൊപ്പം അത് കുറഞ്ഞു. അഥവാ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടായി. ഓരോ തവണയും വ്യത്യസ്ത മേഖലകളിലുള്ള മികവുറ്റ നേതാക്കള്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടാകുന്നു എന്നത് അനവധി ഇടങ്ങളില്‍ സമുദായത്തെ നയിക്കാന്‍ ശക്തിയും വിവേകവുമുള്ള നല്ല തലമുറ സജ്ജമാകുന്നു എന്ന് കൂടിയാണ് കാണിക്കുന്നത്. ഒരു ദേശീയ പ്രസ്ഥാനം എന്ന നിലക്ക് ഇത് കൂടുതല്‍ സാക്ഷാത്കൃതമാക്കും. എങ്കിലും കൃത്യമായ പരിശീലനങ്ങളും സംഘടനാ സംവിധാനങ്ങളോടുള്ള പരിചയവും ഉറപ്പു വരുത്തുകയാണ് പ്രധാനം. അതിനു എത്ര കാത്തിരിക്കേണ്ടി വന്നാലും നമ്മള്‍ ക്ഷമയോടെ അതിനു ശ്രമിക്കും. കേരളത്തില്‍ വിജയിപ്പിച്ചെടുത്ത ഒരു ധാര്‍മിക വിദ്യാര്‍ത്ഥി മുന്നേറ്റം സസൂക്ഷ്മമായി ആത്മാര്‍ത്ഥമായി നടപ്പിലാക്കുകയാണ് നമ്മുടെ ലക്ഷ്യം.

ഫാറൂഖ് നഈമി: കേരളത്തില്‍ പിറവി കൊണ്ട ഒരു സംഘടന പിന്നീട് അയല്‍ സംസ്ഥാനങ്ങളിലേക്കും തുടര്‍ന്ന് രാജ്യത്തെ മറ്റിടങ്ങളിലേക്കും കൈവരിച്ച വളര്‍ച്ചയുടെ തുടര്‍ച്ചയാണ് പുതിയ നേതൃത്വവും. ഇനി ഘട്ടം ഘട്ടമായി കൂടുതല്‍ ആളുകള്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാനാവുമെന്നാണ് ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍ നിര്‍ണായക സംഘടനാ സംവിധാനം അടയാളപ്പെടുത്തിയ ഈ പ്രസ്ഥാനം കണക്കുകൂട്ടുന്നത്. അതിനുപുറമെ വിവിധ സംസ്ഥാനങ്ങളില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്ന പുതുതലമുറ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം കൊടുക്കുന്ന ഈ പ്രസ്ഥാനത്തെ മനസിലാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. അത് പില്‍ക്കാലത്ത് ഈ പ്രസ്ഥാനത്തിന്റെ മുന്നില്‍ നടക്കാനും വിപുലപ്പെടുത്താനും അവര്‍ക്ക് പ്രചോദനമാകുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്.

സുഹൈറുദ്ദീന്‍ നൂറാനി: പ്രാദേശിക വൈജാത്യങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മീഡിയവും സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കുന്ന ഭാഷ പോലും ആ അര്‍ത്ഥത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തിലെയും സാമുദായിക പ്രാതിനിധ്യവും രാഷ്ട്രീയ സാഹചര്യങ്ങളും മുഖവിലക്കെടുത്താണ് എസ് എസ് എഫ് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പിന്നെ നേതൃത്വത്തിലൊക്കെ ഒരു ബാലന്‍സിങ് ഉണ്ടെന്നത് ശരിയാണ്. അത് ആദ്യമേയുണ്ട്. പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ് വളരാനുള്ള വഴി. അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അപ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മിടുക്കരായ നേതാക്കള്‍ ഉണ്ടാകും. പിന്നെ ഉത്തര-ദക്ഷിണ-പശ്ചിമ-പൂര്‍വ ഇന്ത്യകള്‍ എന്ന ഒരു ചിന്ത നമുക്കില്ല. തുടക്ക സമയത്ത് സംഘടനാപരമായ സാങ്കേതികതകള്‍ക്ക് നല്ലത് ഇതായിരിക്കും എന്ന് തോന്നുന്നു.

? കാമ്പസുകളിലെ സ്റ്റേറ്റിന്റെ ഇടപെടല്‍ നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെ അസ്ഥാനത്താക്കുന്നതാണ്. കേരളത്തിലെ കാമ്പസുകളിലെ അക്രമരാഷ്ട്രീയത്തെക്കാള്‍ അപകടമാണ് കേന്ദ്ര സര്‍വകലാശാലകളിലെ സ്റ്റേറ്റിന്റെ കടന്നുകയറ്റം. സംഘപരിവാര്‍ അജണ്ടകളുടെ സ്ഥാപനവത്കൃത നടത്തിപ്പാണ് സര്‍വകലാശാല അധികൃതരും യു ജി സി അടക്കമുള്ള സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. അലിഗഢ് സര്‍വകലാശാലയില്‍ പ്രശ്‌നങ്ങളുണ്ടായികൊണ്ടിരിക്കണമെന്ന് അവര്‍ക്ക് തലപര്യമുണ്ട്. ജാമിയ മില്ലിയക്ക് ഫണ്ടനുവദിക്കുന്നതില്‍ അവര്‍ക്ക് നല്ല അമാന്തമുണ്ട്. മുസ്‌ലിം ചെറുപ്പക്കാരെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമങ്ങളല്ലേ ഇതൊക്കെ? ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കണമെന്നാണ് എസ് എസ് എഫ് കണക്കാക്കുന്നത്?

ഫാറൂഖ് നഈമി: കക്ഷി രാഷ്ട്രീയത്തിന്റെ അക്രമ സംസ്‌കാരങ്ങളെ റദ്ദുചെയ്യുകയാണ് കേരള കാമ്പസുകളില്‍ എസ് എസ് എഫ് ചെയ്തത്. അനിവാര്യമായ പ്രതിരോധങ്ങള്‍ അനുവദനീയമായ നിയമവാഴ്ചക്കകത്ത് നിന്ന് ഉറപ്പുവരുത്താന്‍ നാളിതുവരെ എസ് എസ് എഫ് താല്പര്യമെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിത്വം നിര്‍മാണാത്മകമാകണമെന്ന് എസ് എസ് എഫിന് നിര്‍ബന്ധമുണ്ട്. അരാഷ്ട്രീയത ഭീരുത്വമാണെന്നും എന്നാല്‍ നിര്‍മാണാത്മക രാഷ്ട്രീയമാണ് രാജ്യപുരോഗതിക്ക് അഭികാമ്യമെന്നും എസ് എസ് എഫ് നിരീക്ഷിക്കുന്നു. നവലിബറല്‍ ചിന്താധാരകള്‍ അരക്ഷിതമായ സംവാദ ഇടങ്ങള്‍ക്ക് കൂടുതല്‍ സാധുത നല്‍കുന്നതും നിര്‍മലമായ സംവാദസാഹചര്യങ്ങളെ അസ്ഥാനത്താക്കുന്നതും നാം നിരീക്ഷിക്കുന്നുണ്ട്. തന്നിഷ്ടങ്ങളെ ആഘോഷിക്കുന്നിടത്ത് സാമൂഹിക സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ് നവലിബറല്‍ വിചാരങ്ങള്‍ ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളില്‍ കൃത്യതയുള്ളതും സമഗ്രമായതുമായ ആധ്യാത്മിക ദര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന എസ് എസ് എഫിന്റെ രാഷ്ട്രീയം എല്ലാവിധ ബൗദ്ധിക ഹിംസകളെയും പ്രതിരോധിക്കാനും ജനാധിപത്യ ബോധമുണ്ടാക്കാനും നാളിതുവരെ ശ്രമിച്ചിട്ടുണ്ട്. ദേശീയ കാമ്പസുകളുടെ സാഹചര്യം വേറെയാണ്. കേരളത്തില്‍ സ്റ്റേറ്റ് ഇടപെടുന്നതുപോലെയല്ല കേന്ദ്രത്തിലുള്ളത്. പ്രത്യേകിച്ചും നിലവിലെ സാഹചര്യത്തെ അപലപിക്കുകയാണ് നാം ചെയ്യുന്നത്. കേന്ദ്ര സര്‍വകലാശാലകളും മറ്റു ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് എസ് എസ് എഫ് മാതൃകാപരമായ മുന്നേറ്റം ഉറപ്പുവരുത്തും.

സുഹൈറുദ്ദീന്‍ നൂറാനി: നിലവിലെ ഫാഷിസത്തിന് രാഷ്ട്രീയ സ്വാധീനത്തെക്കാള്‍ നല്ല സാമൂഹിക സ്വാധീനം ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതിനെ ശാശ്വതമെന്നോണം പ്രതിരോധിക്കണമെങ്കില്‍ സമുദായത്തിന് വിദ്യാഭ്യാസപരമായ ശക്തി ഉണ്ടാകണം. അതുമാത്രമേ ആരോഗ്യകരമായ ഒരു സാമൂഹിക ഘടന സാധ്യമാക്കുകയുള്ളൂ. ഏകദേശം ഇരുപതുകോടിയാണ് മുസ്‌ലിം ജനസംഖ്യ. പക്ഷേ, പ്രാതിനിധ്യം എത്രയോ ദുര്‍ബലമാണ്. അത് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മാത്രമല്ല; രാഷ്ട്രീയത്തിലുമതേ. അത് പരിഹരിക്കപ്പെടണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയത്തിലും മുസ്‌ലിം സമുദായത്തെ ധൈഷണികമായി സമീപിക്കുന്ന ആളുകള്‍ വരണം. അതിനു താഴെ തട്ടില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാകണം. അത് ആര് ചെയ്യും? നിലവില്‍ നമ്മളെ പോലെയുള്ള പ്രാസ്ഥാനിക ശ്രമങ്ങളല്ലാതെ ആരും അത് ചെയ്യുന്നില്ല. പേടി വിതച്ചും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയും അപരവത്കരണത്തിലൂടെ ധ്രുവീകരണമുണ്ടാക്കിയും ഈ സമുദായത്തെ എത്ര എളുപ്പത്തിലാണ് ഫാഷിസം ഞെരിച്ചമര്‍ത്തുന്നത്. കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രതിരോധത്തെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്‌റ് ശ്രമങ്ങളെ പ്രതിരോധിക്കാന്‍ എസ് എസ് എഫ് പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ ആത്യന്തികമായി മുസ്‌ലിം വിഷയങ്ങളെ കണക്കിലെടുക്കുന്ന ഒരു രാഷ്ട്രീയ മര്യാദ കൂടി നമ്മള്‍ പ്രതീക്ഷിക്കണ്ടേ? അത് അടിത്തട്ടില്‍ നിന്നുള്ള വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെയാണ് ഉണ്ടാകുന്നത്.

അഭിമുഖം/ ശൗകത് നഈമി അല്‍ബുഖാരി, ഫാറൂഖ് നഈമി അല്‍ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി

You must be logged in to post a comment Login