മൗദൂദികള്‍ക്കറിയുമോ ഹിന്ദുരാജ്യഭക്തി ആരുടെ കിരീടമാണെന്ന്?

മൗദൂദികള്‍ക്കറിയുമോ ഹിന്ദുരാജ്യഭക്തി ആരുടെ കിരീടമാണെന്ന്?

1953 ല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആക്രമണപരമ്പരകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മുനീര്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി 1954 ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 397 പേജുകളുള്ള റിപ്പോര്‍ട്ട് പലകാരണങ്ങളാല്‍ ഇന്നും പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ 228 ാം പേജില്‍ കമ്മിറ്റി അംഗങ്ങള്‍ അബുല്‍ അഅ്‌ലാ മൗദൂദിയോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഉദ്ധരിക്കുന്നുണ്ട്: ‘I should have no objection even if the Muslims of India are treated in that form of Government as Shudras and malaises and Manu’s laws are applied to them, depriving them of all share in the government and the rights of a citizen’ ‘ (ഇന്ത്യയില്‍ അത്തരം (ഹിന്ദു) സര്‍ക്കാര്‍ വരികയും മുസ്‌ലിംകളെ മൊത്തം ശൂദ്രരും മ്ലേച്ഛരുമാക്കുന്നതും അവര്‍ക്കിടയില്‍ മനുവിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതും എനിക്ക് വിരോധമില്ല. ഭരണകൂടത്തില്‍ അര്‍ഹമായ പരിഗണ നല്‍കാതെ അവഗണിക്കുന്നതോ സാധാരണ പൗരന്റെ അവകാശങ്ങള്‍ തടയുന്നതോ എനിക്ക് വിരോധമില്ല.)

ഇതിവിടെ ഉദ്ധരിക്കാന്‍ ചില കാരണങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങള്‍ മുസ്‌ലിം ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന സംഭവവികാസങ്ങളുടേതായിരുന്നു. ഒന്ന്; കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരോധനം. രണ്ട്; സുന്നി സമൂഹത്തിന്റെ നേതാവായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായുള്ള തിരഞ്ഞെടുപ്പ്. തങ്ങളുടെ നേതാക്കന്മാര്‍ പണിപ്പെട്ടു നിര്‍മിച്ചുണ്ടാക്കി കഴുത്തില്‍ ചാര്‍ത്തിയ മുള്‍മാല അന്യന്റെ കഴുത്തിലേക്ക് വലിച്ചെറിഞ്ഞു തടിതപ്പാനാണ് പക്ഷേ ജമാഅത്തെ ഇസ്‌ലാമി ഈയവസരം വിനിയോഗിച്ചത്. കാശ്മീരിലെ ജമാഅത്തുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ല; ഗ്രാന്‍ഡ് മുഫ്തി പദവി മോഡിയെ സേവിക്കാനുള്ള ഒരു എളുപ്പവഴിയായി വ്യാഖ്യാനിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനെയും ഹിന്ദു ഭീകരരെയും സേവിക്കല്‍ ആരുടെ അജണ്ടയായിരുന്നുവെന്നു വ്യക്തമാക്കുന്ന വരികളാണ് മുനീര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കശ്മീര്‍ ജമാഅത്തിലേക്കു പിന്നീട് വരാം.
ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം നിഷേധിച്ചതാണ് ജമാഅത്തെ ഇസ്‌ലാമി. മൗദൂദി എഴുതി: ‘സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നു, ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം, അസത്യത്തിനുള്ള അടിമത്തം അപ്പോഴും നിലനില്‍ക്കുന്നു. ഏതു മുസ്ലിമാണ് ഇതിന് സ്വാതന്ത്ര്യം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97, 98). ‘ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ സമരം ഹറാമാണ് എന്നത് ഖണ്ഡിതമാണ്. മാത്രമല്ല, ഈ നീക്കത്തെ മൂകമായി നോക്കി നില്‍ക്കുകയെന്നതും ഹറാമിന്റെ ഗണത്തില്‍ വരും’ (തഹ്രീകേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).

ഒരു ഭാഗത്ത് മുസ്‌ലിം സ്‌നേഹം പറയുമ്പോള്‍ തന്നെ (ഇത് മുസ്‌ലിംകളെ തീവ്രവാദത്തിലേക്ക് വഴി നടത്താനുള്ള കെണിവലയായിരുന്നു) മറുഭാഗത്ത് ഇന്ത്യ ഹിന്ദുരാജ്യമാക്കുന്നതിന് പൂര്‍ണമായി പിന്തുണക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അത്തരമൊരു നിര്‍ദേശം നല്കാനുള്ള ഉത്സാഹവും അവര്‍ കാണിച്ചു. ആധുനിക മൗദൂദികള്‍ക്ക് ഏറെയൊന്നും അറിയാനിടയില്ലാത്ത ചരിത്രങ്ങളുടെ ഉള്ളറകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഇര്‍ഫാന്‍ അഹ്മദ് എഴുതിയ Islamism and Democracy in India: The Transformation of Jamaate Islami എന്ന പുസ്തകം ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടകളെ പൂര്‍ണമായും വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. മൗദൂദിയുടെ ഹിന്ദു രാഷ്ട്രാഭിനിവേശം, 1947 മെയ് മാസത്തില്‍ പത്താന്‍കോട്ട് മൗദൂദി നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് ഇര്‍ഫാന്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറിലുദിച്ച മതേരത്വ-ജനാധിപത്യ-ദേശീയതയിലധിഷ്ഠിതമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് പകരം ഹിന്ദുക്കള്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഹിന്ദുരാജ്യം സ്ഥാപിക്കണമെന്നാണ് മൗദൂദി ഈ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നത്. ഇതിനു പുരാണങ്ങളും പുണ്യഗ്രന്ഥങ്ങളും പരതാന്‍ ആവശ്യപ്പെട്ട മൗദൂദി ഒരു ആധുനികരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വഴികള്‍ അവയില്‍നിന്നും ലഭിക്കുമെന്നും ഉപദേശിക്കുന്നു. അത്തരമൊരു ഹിന്ദുരാഷ്ട്രത്തില്‍ ഭരണീയരായി താമസിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ശേഷം മൗദൂദിയുടെ ആശ്വസിപ്പിക്കുന്ന വരികള്‍ തന്നെ ഇര്‍ഫാന്‍ അഹ്മദ് ഉദ്ധരിക്കുന്നു: ”ഹിന്ദു ഗ്രന്ഥങ്ങളില്‍ അത്തരം നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ദൈവം നിങ്ങള്‍ക്കത് തന്നിട്ടില്ലെന്നു നിങ്ങള്‍ ധരിക്കേണ്ടതില്ല. വിപ്ലവങ്ങളുടെ കഴിഞ്ഞകാല ചരിത്രങ്ങളില്‍ നിങ്ങള്‍ക്കത് നഷ്ടപ്പെട്ടതായിരിക്കാം.” (പേജ് 79 )
മൗദൂദിയുടെ നാക്കുപിഴയാണിതെന്നു വ്യാഖ്യാനിക്കേണ്ടതില്ല. സ്വാതന്ത്ര്യാനന്തരം മൗദൂദിയുടെ ശിഷ്യന്മാരും ഇതേ ആശയങ്ങളാണ് ന്യൂനപക്ഷമായ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചത്. ഇര്‍ഫാന്‍ അഹ്മദ് തന്നെ തന്റെ പുസ്തകത്തിന്റെ 191-ാം പേജ് മുതല്‍ ഒരു ജനാധിപത്യ-മതനിരപേക്ഷരാഷ്ട്രമായി ഇന്ത്യാരാജ്യം മാറിയതിലുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ അമര്‍ഷവും ഹിന്ദുക്കളോട് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആഹ്വാനവും സഹായ വാഗ്ദാനവും നല്‍കുന്ന സുദീര്‍ഘമായ വിവരങ്ങളും നല്‍കുന്നുണ്ട്. വിഭജനാനന്തര ഇന്ത്യന്‍ ജമാഅത്തിന്റെ അഖിലേന്ത്യ അമീര്‍ അബുല്ലൈസ് ഇസ്‌ലാഹ് നദ്വി 1949 ല്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചത് ഇര്‍ഫാന്‍ അഹ്മദ് എടുത്ത് കാണിക്കുന്നുണ്ട്: ‘ക്യാ ഹിന്ദുസ്ഥാന്‍ ദുന്‍യാകാ രഹ്നമാ ബാന്‍ സക്താ ഹൈ’ എന്ന പേരിലുള്ള ലഖുലേഖയില്‍ മൗദൂദിയുടെ പത്താന്‍കോട്ട് പ്രസംഗത്തിലെ അതേ ആശയങ്ങള്‍ തന്നെയാണ് പകര്‍ത്തിയിട്ടുള്ളത്. ഹിന്ദുക്കളോട് ജനാധിപത്യവും മതേതരത്വവും വലിച്ചെറിയാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖ, പകരം ജമാഅത്ത് വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക രാഷ്ട്രവാദം ഹിന്ദുക്കള്‍ അംഗീകരിക്കാന്‍ തയാറുമല്ലെങ്കില്‍ ഹിന്ദുക്കളുടെ നിയമമനുസരിച്ച് ഒരു മതരാഷ്ട്രം സ്ഥാപിക്കുക, അതിനു ജമാഅത്ത് പിന്തുണയുണ്ടാകുമെന്നു വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ ആദ്യമായി പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ഇതേ അഖിലേന്ത്യാ അമീര്‍ 1950 ല്‍ ഇങ്ങനെ പ്രസംഗിച്ചു: ”ഞാന്‍ വീണ്ടും ഹിന്ദു നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സിദ്ധാന്തങ്ങളും തത്വങ്ങളുമുപയോഗിച്ച്‌കൊണ്ടുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കാന്‍ തന്നെയാണ്. യൂറോപ്പിന്റെ മതനിരപേക്ഷ സംവിധാനത്തെക്കാളും ഞങ്ങള്‍ ഹിന്ദു രാഷ്ട്രമാണ് ഇഷ്ടപ്പെടുന്നത്. ഹിന്ദു സംവിധാനത്തില്‍ ഞങ്ങളെപ്പോലെയുള്ള മുസ്‌ലിംകളെ കൊലചെയ്യുകയാണ് നിയമം അനുശാസിക്കുന്നതെങ്കില്‍ ഞങ്ങള്‍ അതിനും തയാറാണ്” (പേജ് 193).
ഇന്ത്യയിലെ ചില പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞുപോയ ചില അബദ്ധങ്ങളായി ഇതിനെ വ്യാഖ്യാനിക്കുന്നതില്‍ ഒരര്‍ത്ഥവുമിെല്ലന്നു നേരത്തെ പറഞ്ഞ മുനീര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ തെളിവാണ്. മൗദൂദിയോട് ചോദിച്ച ചോദ്യവും ഉത്തരവും നല്‍കിയ അതേ പേജില്‍ തന്നെ പാകിസ്ഥാനിലെ ഉന്നത ജമാഅത്ത് നേതാവായ മിയാന്‍ തുഫൈല്‍ മുഹമ്മദിനോട് കമ്മിറ്റി ചോദിച്ച മൂന്നു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. ഹൃദയം പൊട്ടിയല്ലാതെ ഒരു മനുഷ്യസ്‌നേഹിക്കും വായിക്കാന്‍ കഴിയാത്ത ഭാഗമാണത്. കമ്മിറ്റിയുടെ ചോദ്യം: ലോകത്ത് മുസ്‌ലിം ജനസംഖ്യ എത്രയാണ്? മിയന്റെ മറുപടി: അമ്പതുകോടി. അടുത്ത ചോദ്യം: നിങ്ങള്‍ പറയുന്നതുപോലെ ലോകമുസ്‌ലിം ജനസംഖ്യ 50 കോടിയും പാകിസ്ഥാന്‍, സൗദി അറേബ്യ, യമന്‍, ഇന്തോനേഷ്യ, ഈജിപ്ത്, പേര്‍ഷ്യ, സിറിയ, ലബനാന്‍, ട്രാന്‍സ്‌ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍ അധിവസിക്കുന്ന മുസ്‌ലിംകള്‍ ഇരുപതു കോടിയലധികം ഇല്ലാതിരിക്കുകയും ചെയ്തിരിക്കെ, നിങ്ങള്‍ പറയുന്ന പ്രത്യയശാസ്ത്രമനുസരിച്ച് ബാക്കിവരുന്ന മുപ്പതുകോടി മുസ്‌ലിംകളെ മരംവെട്ടുകാരും വെള്ളംകോരികളുമാക്കില്ലേ? ഉത്തരം: എന്റെ പ്രത്യയശാസ്ത്രം അവരുടെ അവസ്ഥ മാറ്റേണ്ടതില്ല. മൂന്നാമത്തെ ചോദ്യം: മതത്തിന്റെ അടിസ്ഥാനത്തില്‍ ആ മുസ്‌ലിംകള്‍ വിവേചനം നേരിടുകയും അവര്‍ക്ക് പൗരത്വത്തിന്റെ സാധാരണ അവകാശങ്ങള്‍ വരെ നിഷേധിക്കപ്പെടുകയും ചെയ്താല്‍ തന്നെ അവരുടെ അവസ്ഥയില്‍ മാറ്റം വരേണ്ടതില്ലെന്നാണോ താങ്കളുടെ പ്രത്യയശാസ്ത്രം? ഉത്തരം: ‘അതെ’ (പേജ് 228). അവരുടെ മുസ്‌ലിം വിരോധത്തിന്റെ ആഴം ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്.
ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചതുമുതല്‍ നീണ്ട ഒരു ദശാബ്ദത്തിലേറെ കാലം ഹിന്ദുരാഷ്ട്രത്തിനുവേണ്ടി ഒരു നിര്‍മാതാവിനെയും അഖിലേന്ത്യ-ആഗോള നേതാക്കന്മാരെയും കണ്ടെത്തുന്ന സന്ദര്‍ഭത്തിലാണ്, ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഈ പ്രസ്ഥാനം കാണിക്കുന്ന അപകടകരമായ ഹാലിളക്കം വിലയിരുത്തേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്യരുത്, സര്‍ക്കാര്‍ ജോലിയിലോ സര്‍ക്കാര്‍ കുഞ്ചിക സ്ഥാനത്തോ നില്‍ക്കരുത്, നിയമവ്യവസ്ഥയെയും കോടതിയെയും ആശ്രയിക്കരുത് തുടങ്ങിയ ആഹ്വാനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നല്‍കിയത് ഇവിടെ ചേര്‍ത്തുവായിക്കണം. അഖിലേന്ത്യാ അമീര്‍ എഴുതുന്നു: ‘നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തിരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ട് നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതരസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയോ അരുത്. യഥാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത് ‘(പ്രബോധനം 1956 പു 4. ലക്കം 2 ജൂലൈ, പേ 35 മുസ്‌ലിംകളും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും). അബുല്‍ അഅ്ലാ മൗദൂദിയില്‍ നിന്നും കടമെടുത്തായിരുന്നു ഇതെഴുതിയത്. മൗദൂദി തന്നെ എഴുതുന്നു: ‘തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്ലാമിക ഭരണവ്യവസ്ഥക്ക് കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ് സ്ഥാപിക്കാനാണെങ്കില്‍ അത് നമ്മുടെ ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും’ (ചോദ്യോത്തരങ്ങള്‍ പേ 357). പ്രബോധനം പറയുന്നത് ഇങ്ങനെ; അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു (പ്രബോധനം.1970. ജൂലൈ). ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട് രേഖപ്പെടുത്താനോ നിവൃത്തിയില്ല (പ്രബോധനം.1957 നവ.10). ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്ത ഒരൊറ്റസംഭവവുമില്ല. ജമാഅത്തിന്റെ മുഴുവന്‍ ചരിത്രവും ഇതിനു സാക്ഷിയാണ് (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്? എന്തല്ല? പേ. 24). ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട് രേഖപ്പെടുത്താനോ ഒരു മുസ്ലിമിന് നിവൃത്തിയില്ല(പ്രബോധനം1954 നവംബര്‍ 15).

ഇതിനെക്കാള്‍ ഭയാനകമാണ് വിദ്യാഭ്യാസത്തില്‍ ജമാഅത്ത് സ്വീകരിച്ച നിലപാട്. ജമാഅത്ത് സ്ഥാപനങ്ങളില്‍ നിന്നല്ലാതെ പഠിക്കുന്നത് ഹറാമാക്കിയ പ്രസ്ഥാനം ഔദ്യോഗിക വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക് പൂര്‍ണമായും വിലക്കി. അലിഗഡ് മുസ്‌ലിം സര്‍വകലാശാല പോലെയുള്ള ഉന്നത കലാലയങ്ങളില്‍ നിന്ന് അനേകം മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പഠനം നിര്‍ബന്ധപൂര്‍വം മുടക്കി. ഇര്‍ഫാന്‍ അഹ്മദ് തന്നെ ഉദാഹരണ സഹിതം ഇത് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ജമാഅത്തുകാര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ നിര്‍മിച്ചുവോ? മുസ്‌ലിംകള്‍ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍ അതൊരിക്കലും ചെയ്യില്ലല്ലോ. ജമാഅത്തിനു ഏറ്റവും കൂടുതല്‍ പുഷ്‌കലതയുണ്ടെന്നു വാദിക്കുന്ന കേരളത്തില്‍പോലും ഇപ്പോഴും വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേയുള്ളൂവെന്നതാണ് സത്യം. ഒ അബ്ദുല്ല തന്നെ ശാന്തപുരം ജമാഅത്ത് കോളജിലെ വിദ്യാര്‍ത്ഥികള്‍ മുഖംമൂടിയണിഞ്ഞു പരീക്ഷ എഴുതാന്‍ പോയ കഥ പറയുന്നുണ്ട്. അന്ന് മുഖം മൂടിയണിഞ്ഞവര്‍ ഇന്ന് രക്ഷപ്പെട്ടുവെന്നും പറയുന്നു. അന്ന് പരീക്ഷയെഴുതിയവരെ അന്നത്തെ സംസ്ഥാന അമീര്‍ വിശേഷിപ്പിച്ചത് കാഷ്ടം തിന്നുന്നവരോടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.
ഇന്ത്യ ഹിന്ദുരാജ്യമാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്ത, ഇന്ത്യയിലെ മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതില്‍ അല്‍പം പോലും വിഷമം തോന്നാത്ത, മുസ്‌ലിംകള്‍ വെള്ളംകോരികളും വിറകുവെട്ടുകാരും മാത്രമായി പരിണമിക്കുന്നതില്‍ ഒരു ഉത്കണ്ഠയും അനുഭവപ്പെടാത്ത, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം, വിദ്യാഭ്യാസം, സര്‍ക്കാര്‍ജോലി, നിയമവ്യവസ്ഥിതി തുടങ്ങിയവ ഹറാമാക്കിയ മൗദൂദിയും സംഘവും ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിലും പരിഹാരങ്ങളിലും ഇടപെടുന്നതിന്റെ രീതിശാസ്ത്രം തന്നെയാണ് പഠിക്കേണ്ടത്. സാക്ഷാല്‍ ഹിന്ദു വര്‍ഗീയവാദികളുടെ അച്ചാരം പറ്റിത്തന്നെയാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നതെന്ന് അപ്പോള്‍ മനസിലാകും.

ഉത്തരേന്ത്യയിലെ മുസ്‌ലിംകളില്‍ രണ്ടു പ്രബല വിഭാഗങ്ങളാണുള്ളത്. ദയൂബന്ദികളും ബറേല്‍വികളും. ഇതില്‍ ഇന്നത്തെ ദയൂബന്ദികള്‍ കേരളത്തിലെ സമസ്തയുമായി പൊരുത്തപ്പെടാനാവാത്തവരും ബറേല്‍വികള്‍ സമസ്തയുടെ ആദര്‍ശവുമായി പൊരുത്തപ്പെടുന്നവരുമാണ്. ഈ രണ്ടു വിഭാഗങ്ങളില്‍ ജനസംഖ്യനുപാതികമായി പരിശോധിച്ചാല്‍ ഏറ്റവും കൂടുതലുള്ളത് ബറേല്‍വികളാണെങ്കിലും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരാണവര്‍. എണ്ണത്തില്‍ കുറവായ ദയൂബന്ദികളാണ് മുന്‍പന്തിയിലെന്നര്‍ത്ഥം. ഉത്തരേന്ത്യയിലെ മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതിന്റെ ഏറ്റവും വിശാലമായ താല്പര്യം ബറേല്‍വികളുടെ വിദ്യാഭ്യാസ-സാമ്പത്തിക പശ്ചാത്തലം വികസിപ്പിക്കുക എന്നുതന്നെയാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തോളമായി ബറേല്‍വി പണ്ഡിതരുമായി ആത്മബന്ധം പുലര്‍ത്തുന്ന ഉസ്താദ് കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാരെ അവര്‍ തങ്ങളുടെ മതനേതാവായി അംഗീകരിച്ചതില്‍ ജമാഅത്തുകാര്‍ക്കുള്ള വിഷമം എന്തായിരിക്കും? കേരള മോഡല്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഉത്തരേന്ത്യന്‍ സുന്നികള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും സാധ്യമാകുമോ എന്ന ആശങ്കയല്ലാതെ ജമാഅത്തുകാര്‍ക്ക് മറ്റൊന്നും ആശങ്കപ്പെടാനുണ്ടാവില്ല. മൗദൂദിയുടെ സ്വപ്‌നം പൂവണിയിക്കാന്‍ കേരളത്തിലെ മുസ്‌ലിംകളെ ശൂദ്രന്മാരും വെള്ളംകോരികളുമാക്കാന്‍ ജമാഅത്ത് എല്ലാ അടവും പയറ്റിയെങ്കിലും ശക്തമായ മതനേതൃത്വം കാരണം അതിന് സാധിച്ചില്ല. ഇനി ഉത്തരേന്ത്യയിലേക്ക് കൂടി ഈ കേരള മോഡല്‍ വ്യാപിക്കുന്നുവല്ലോയെന്ന വിഷമം ഹിന്ദുരാജ്യത്തിനു വേണ്ടി മുറവിളികൂട്ടിയവര്‍ക്ക് സഹിക്കാനാകുമോ? സമുദായ പുരോഗതിക്കുവേണ്ടി പ്രധാനമന്ത്രിയെ കാണുമ്പോഴും മന്ത്രിമാരെ കാണുമ്പോഴും മറ്റാര്‍ക്കുമില്ലാത്ത ഒരു അലോസരം ഈ ‘ഹിന്ദു രാജ്യ പ്രജകള്‍ക്ക്’ അനുഭവപെടുന്നത് ഈ കണ്ണിലൂടെ മാത്രം കണ്ടാല്‍ മതി. പക്ഷേ മതേതര ഇന്ത്യ എന്നും ഇവരെ തള്ളിയിട്ടേയുള്ളൂ; ഇനിയും തള്ളുക തന്നെ ചെയ്യും.
ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി

(അടുത്ത ലക്കം: ഇന്ത്യന്‍ മൗദൂദികള്‍ക്ക് കശ്മീരില്‍നിന്ന് പിന്‍വലിയാനാകുമോ?)

You must be logged in to post a comment Login