ദുരൂഹതയുടെ അഞ്ചുവര്‍ഷങ്ങള്‍

ദുരൂഹതയുടെ അഞ്ചുവര്‍ഷങ്ങള്‍

മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് 2014 മാര്‍ച്ച് എട്ടിനാണ് എം.എച്ച്. 370 യാത്രാവിമാനം പറന്നുയര്‍ന്നത്. അഞ്ചര മണിക്കൂര്‍ സഞ്ചരിച്ച് ചൈനയിലെ ബെയ്ജിങ്ങില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം അവിടെയെത്തിയില്ല. അഞ്ചു വര്‍ഷം കഴിഞ്ഞു; ശതകോടികള്‍ ചെലവിട്ട് ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച്, കാടും കടലും അരിച്ചുപെറുക്കി പലവട്ടം തിരഞ്ഞു. എന്നിട്ടും ആ വിമാനം എവിടേക്കാണു പോയതെന്ന് കണ്ടെത്താനായില്ല. അതിലുണ്ടായിരുന്ന 239പേര്‍ക്ക് എന്തു സംഭവിച്ചെന്ന് മനസിലാക്കാനുമായില്ല.

ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യയാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്. 370 വിമാനത്തിന്റെ തിരോധാനം. ചരിത്രത്തില്‍, ഏറ്റവുമധികം പണം ചെലവിട്ട്, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഏറ്റവും കൂടുതല്‍ രാഷ്ട്രങ്ങള്‍ പങ്കെടുത്തു നടത്തിയ തിരച്ചിലുകളാണ് എവിടെയുമെത്താതെ അവസാനിപ്പിക്കേണ്ടിവന്നത്. വിമാനത്തിനു തീപിടിച്ചതാവാം, ഭീകരര്‍ റാഞ്ചിയതാവാം, കടലില്‍ വിമാനമിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തതാവാം എന്നു തുടങ്ങി, അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയതാവാം, തമോഗര്‍ത്തം വിഴുങ്ങിയതാവാം എന്നുവരെ പലരും പല രീതിയില്‍ പല കഥകള്‍ പടച്ചുവിട്ടു എന്നല്ലാതെ കൃത്യമായൊരു ഉത്തരത്തിലെത്താന്‍ ആര്‍ക്കുമായില്ല.
എം.എച്ച് 370ന്റെ തിരോധാനത്തിനു പിന്നിലെ രഹസ്യങ്ങളിലേക്കു വെളിച്ചംവീശുന്നത് എന്ന് അവകാശപ്പെട്ടുകൊണ്ട് ഇതിനകം എഴുപതോളം പുസ്തകങ്ങളിറങ്ങിയിട്ടുണ്ട്. പ്രശസ്ത ചാനലുകളില്‍ പലവട്ടം ഡോക്യുമെന്ററികള്‍ വന്നു. രഹസ്യം കണ്ടെത്തിയെന്ന അവകാശവാദത്തോടെ ഗുഢാലോചനാ സിദ്ധാന്തങ്ങള്‍ പടച്ചുവിട്ടു എന്നല്ലാതെ അവയൊന്നും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമേകിയില്ല. മലേഷ്യന്‍ ഗതാഗത മന്ത്രാലയം 2018 ജൂലൈയില്‍ 1500 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും വ്യക്തമായ നിഗമനത്തിലെത്താന്‍ അതിനും കഴിഞ്ഞില്ല.

ബോയിങ് 777 വിമാനം അപ്രത്യക്ഷമായ ദിവസം കാലാവസ്ഥ അത്ര മോശമായിരുന്നില്ല. അപകടസൂചനയൊന്നും കിട്ടിയിരുന്നില്ല. ആകാശത്ത് തീഗോളം കണ്ടതായി ആരും പറഞ്ഞില്ല. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം ക്വലാലംപൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ‘ഗുഡ്‌നൈറ്റ്’ പറഞ്ഞ വിമാനം അല്‍പം കഴിഞ്ഞ് തൊട്ടടുത്ത് വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയിലുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ‘ഹായ്’ പറയേണ്ടതായിരുന്നു. അതുണ്ടായില്ല. പിന്നെ, ആ വിമാനത്തെപ്പറ്റി ഒരു വിവരവും കിട്ടിയില്ല. റഡാറുകളോ ഉപഗ്രഹങ്ങളോ അതിന്റെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയില്ല.

എല്ലാവരും കീശയിലെ കുഞ്ഞുഫോണില്‍ ജി.പി.എസ് എന്ന ഉപഗ്രഹ സാങ്കേതിക വിദ്യയുമായി നടക്കുന്ന കാലത്ത്, കാറുകളിലെല്ലാം വഴി പറഞ്ഞുതരുന്ന നാവിഗേഷന്‍ സോഫ്റ്റ്‌വെയറുള്ള കാലത്ത്, വിവരചോരണങ്ങളിലൂടെ രാഷ്ട്രത്തിന്റെയും വ്യക്തികളുടെയും സ്വകാര്യത ഭീഷണി നേരിടുന്ന കാലത്ത്, കോടിക്കണക്കിനു രൂപ ചെലവിട്ടുണ്ടാക്കിയ പടുകൂറ്റന്‍ അത്യാധുനിക യാത്രാ വിമാനം എവിടെപ്പോയെന്നു മനസിലാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടായിരിക്കും? കടുകു ചോരുന്നത് അറിയാം, ആന ചോരുന്നതു അറിയില്ല എന്നു പറഞ്ഞാല്‍?

ക്യാപ്റ്റന്റെ കടുംകൈ?
വിമാനം തകര്‍ന്നുവീണിട്ടുണ്ടാവാമെന്നു കരുതുന്ന മേഖലയില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വിശദമായ തിരച്ചില്‍ നടത്തിയത്. ലോകരാഷ്ട്രങ്ങള്‍ ഔദ്യോഗികമായി നടത്തിയ തിരച്ചില്‍ നിര്‍ത്തിയതിനു ശേഷം ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന സ്വകാര്യ സംരംഭം 2018ല്‍ പുതിയൊരു അന്വേഷണത്തിന് തുടക്കം കുറിച്ചു. വിമാനം കണ്ടെത്തിയാല്‍ മാത്രം പ്രതിഫലം നല്‍കിയാല്‍ മതി എന്ന കരാറിലായിരുന്നു ഈ ദൗത്യം. ആറുമാസത്തിനു ശേഷം അതും ലക്ഷ്യം കാണാതെ നിര്‍ത്തി. 2015ലും 2016ലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ആഫ്രിക്കന്‍ തീരത്ത് ഒഴുകിയെത്തിയ ചില അവശിഷ്ടങ്ങള്‍ ഈ വിമാനത്തിന്റേതായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന ഭാഗങ്ങളോ മൃതദേഹങ്ങളോ കണ്ടെത്താന്‍ ആര്‍ക്കുമായില്ല.
നിശ്ചിത പാതയില്‍ നിന്ന് വഴുതിമാറി എം.എച്ച് 370 പടിഞ്ഞാറേക്ക് സഞ്ചരിക്കുന്നത് ചില സൈനിക റഡാറുകള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തെവിടെയോ അത് തകര്‍ന്നുവീണെന്നാണ് ഇമ്മര്‍സാറ്റ് ഉപഗ്രഹവുമായി വിമാനം നടത്തിയ ആശയവിനിമയത്തില്‍ നിന്നു ലഭിക്കുന്ന സൂചന. ഓസ്‌ട്രേലിയക്കു സമീപമാണ് വിമാനം തകര്‍ന്നുവീണതെന്നും സമുദ്രത്തിലെ ഒഴുക്ക് അവശിഷ്ടങ്ങളെ ആഫ്രിക്കന്‍ തീരത്ത് എത്തിച്ചു എന്നുമാണ് കരുതപ്പെടുന്നത്. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് എത്രയോ മാറിയാണ് ഇത്. എന്തിനത് അങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയില്ല.

പെനാങ്ങില്‍ നിന്നുള്ള ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷാ ആയിരുന്നു എം.എച്ച് 370ന്റെ മുഖ്യപൈലറ്റ്. സ്വന്തം ജീവിതം അവസാനിപ്പിക്കാനുറപ്പിച്ച ഈ 53കാരന്‍ വിമാനത്തെ വഴിതിരിച്ചുവിട്ട് കടലില്‍ താഴ്ത്തുകയായിരുന്നു എന്നാണ് ഇതേക്കുറിച്ചിറങ്ങിയ മിക്ക പുസ്തകങ്ങളും പറയുന്നത്. പൈലറ്റ് അഹമ്മദ് ഷാ എങ്ങനെയാവും ഇത് ചെയ്തത് എന്നാണ് ജ്യോഫ് ടെയ്‌ലറും ഇവാന്‍ വില്‍സണും ചേര്‍ന്ന് എഴുതിയ ഗുഡ്‌നൈറ്റ് മലേഷ്യന്‍370 (Goodnight Malaysian 370) എന്ന പുസ്തകം വിശദീകരിക്കുന്നത്. എം.എച്ച്. 370 മിസ്റ്ററി സോള്‍വ്ഡ് (MH370: Mystery Solved) എന്ന പുസ്തകത്തില്‍ ലോറി വാന്‍സ് പറയുന്നത് സമുദ്രമധ്യത്തില്‍ പൈലറ്റ് പതുക്കെ വിമാനം ഇറക്കുകയും പൊട്ടിത്തകരാതെ അത് മുങ്ങുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു എന്നാണ്. സമുദ്രാന്തര്‍ഭാഗത്ത് കേടുകൂടാതെയിരിക്കുന്ന വിമാനം കണ്ടെത്താന്‍ എളുപ്പമല്ല.
എന്നാല്‍ ഇങ്ങനെയൊരു കടുംകൈയ്ക്ക് മുതിരാന്‍ ക്യാപ്റ്റന്‍ അഹമ്മദ് ഷായെ പ്രേരിപ്പിക്കുന്ന ഘടകങ്ങളൊന്നും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന പൈലറ്റിന് ജീവിത നൈരാശ്യമുണ്ടായിരുന്നതിന്റെ സൂചനയൊന്നും കിട്ടിയില്ല. അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ചു പറയുന്നു. ക്യാപ്റ്റനെതിരായ ആരോപണം ശരിയല്ലെന്ന് എവിടെ എം.എച്ച് 370 (le vol mh370) എന്ന പുസ്തകമെഴുതിയ പ്രശസ്ത ഫ്രഞ്ച് പത്രപ്രവര്‍ത്തക ഫ്‌ളോറന്‍സ് ഡി ചാങ്ഗി ഉറപ്പിച്ചു പറയുന്നു.

മാസ് ഹൈപോക്‌സിയ
വിമാനം റാഞ്ചിയെടുത്ത് ഏതോ അജ്ഞാത ഭൂഭാഗത്തിറക്കിയിട്ടുണ്ടാവാം എന്ന സാധ്യതയാണ് പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടിച്ച പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്ത രണ്ടുപേരിലേക്കാണ് സംശയമുന നീണ്ടത്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടായില്ല. ഇസ്‌ലാമിക തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയി, ഉത്തര കൊറിയ റാഞ്ചിയെടുത്തു, അമേരിക്ക ഇടപെട്ട് ഡീഗോ ഗാര്‍ഷ്യയിലേക്ക് കൊണ്ടുപോയി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരം തട്ടിയെടുക്കപ്പെട്ടു, സൈബര്‍ ആക്രമണം വഴി വിമാനത്തിന്റെ വാര്‍ത്താവിനിമയ ബന്ധം തകര്‍ത്തു തുടങ്ങി തമോഗര്‍ത്തം (black hole) വിമാനത്തെ വലിച്ചെടുത്തു എന്നുവരെ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇറങ്ങി.
ആരോ എന്തോ ഒളിക്കുന്നു (Someone is Hiding Something), എം.എച്ച് 370: രഹസ്യ രേഖകള്‍ ( MH370 the Secret Files), ഇരുളിലായ എം.എച്ച് 370 (MH370 Lost in the Dark), വിസ്മൃതിയിലേക്ക് ( Oblivion MH370), ജീവിതം എം.എച്ച് 370നു ശേഷം (Life After MH370), എം.എച്ച് 370ന്റെ തകര്‍ച്ച (The Crash of MH370), എം എച്ച് 370 അറിയാം നിങ്ങള്‍ എവിടെയെന്ന് (MH370 We Know Where You Are), ഒരിക്കലുമില്ലാതിരുന്ന വിമാനം(The Plane That Never Was), എം.എച്ച് 370ന്റെ സത്യം (MH370 The Truth), പുടിനും എം.എച്ച് 370ഉം (Putin and MH370), ശൂന്യതയിലേക്ക് (Into Thin Air, Flight 370), നിഗൂഡ വിമാനം (Flight MH370 Mystery Plane) എന്നിങ്ങനെ പല തലക്കെട്ടുകളിലിറങ്ങിയ പുസ്തകങ്ങള്‍ ഈ സാധ്യതകളാണ് പരിശോധിക്കുന്നത്. ഡിസ്‌കവറി ചാനലും (Flight 370: The Missing Linsk) ബി.ബി.സിയും (Where is Flight MH370) സ്മിത്സോണിയന്‍ ചാനലും (Malaysia 370: The Plane That Vanished) തിരോധാനത്തെ ശാസ്ത്രീയമായി വിലയിരുത്തുന്ന ഡോക്യുമെന്ററികള്‍ സംപ്രേഷണം ചെയ്തു.

വിമാനത്തിനുള്ളില്‍ പൊടുന്നനെ ഓക്‌സിജന്റെ അളവ് കുറഞ്ഞതുകൊണ്ട് യാത്രക്കാരും വൈമാനികരും അബോധാവസ്ഥയിലായതാവാം ദുരന്തത്തിന് വഴിവെച്ചതെന്ന സിദ്ധാന്തത്തിനാണ് നിലവില്‍ കൂടുതല്‍ സ്വീകാര്യതയുള്ളത്. മാസ് ഹൈപോക്‌സിയ (mass hypoxia) എന്നാണിത് അറിയപ്പെടുന്നത്. വിമാനത്തിലെ വൈദ്യുതി ബന്ധം യാദൃഛികമായി വിഛേദിക്കപ്പെട്ടതോ ആരോ ബോധപൂര്‍വം ഇടപെട്ടതോ ആവാം അതിനു കാരണം. പൈലറ്റിന് ബോധം നഷ്ടമായതോടെ വിമാനം ഓട്ടോ പൈലറ്റ് സംവിധാനത്തിലൂടെ ഒഴുകിപ്പറന്നു. അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞ വിമാനം ഇന്ധനം തീര്‍ന്നപ്പോള്‍ കടലില്‍ വീണു. മലേഷ്യന്‍ സര്‍ക്കാറും അന്വേഷണവുമായി സഹകരിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ഈയൊരു സാധ്യതക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

അപകടകാരണം എന്തായാലും, ശാസ്ത്ര സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് ഇത്രയും വലിയൊരു വിമാനം കണ്ടെത്താന്‍ കഴിയാത്തതിന് എന്തു ന്യായീകരണമാണുള്ളത്? സാങ്കേതികവിദ്യയുടെ പരിമിതികളിലേക്കാണ് അതു വിരല്‍ചൂണ്ടുന്നത്.

കാഴ്ചയുടെ പരിമിതി
‘അദ്ഭുതങ്ങള്‍ക്കു കഴിവുള്ളവരാണ് ഇന്നത്തെ ശാസ്ത്രജ്ഞര്‍. ചന്ദ്രനില്‍ ആരെങ്കിലും തീപ്പെട്ടിയുരച്ചാല്‍ ഇവിടെയിരുന്ന് അവരാ നാളം കണ്ടുപിടിക്കും…’ ബില്‍ ബ്രൈസന്റെ എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതി’ങ്’ എന്ന ജനപ്രിയ ശാസ്ത്രഗ്രന്ഥത്തിന്റെ ഒരധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ശാസ്ത്രജ്ഞര്‍ മനസുവെച്ചാല്‍ കാണാന്‍ കഴിയാത്തതായി ഈ പ്രപഞ്ചത്തില്‍ അധികമൊന്നുമുണ്ടാവില്ല എന്നു സൂചിപ്പിക്കുകയായിരുന്നൂ ബ്രൈസണ്‍.
പ്രപഞ്ചത്തിന്റെ കാര്യം വിടാം. ഈ ഭൂമിയില്‍തന്നെ ശാസ്ത്രജ്ഞരുടെ കണ്ണെത്തിയിട്ടില്ലാത്ത, കണ്ണെത്താന്‍ എളുപ്പമല്ലാത്ത എത്രയോ ഇടങ്ങള്‍ ഇനിയുമുണ്ട് എന്നതാണ് വസ്തുത. കാണണമെന്നു തീരുമാനിച്ച് കണ്ണുംനട്ടിരിക്കുന്ന കാര്യങ്ങള്‍ കാണാമെന്നല്ലാതെ, ലോകത്തു നടക്കുന്നതെല്ലാം ഒപ്പിയെടുക്കുന്ന ദൂരദര്‍ശിനികളും ഉപഗ്രഹ സംവിധാനവുമൊന്നും ഇപ്പോഴും നിലവിലില്ല. പോരാത്തതിന് ഉപഗ്രഹ വാര്‍ത്താ വിനിമയവിപ്ലവത്തിന്റെ ഇക്കാലത്തും പഴയ റഡാറും റേഡിയോയും ഉപയോഗിച്ചാണ് വൈമാനികര്‍ ആശയ വിനിമയം നടത്തുന്നത്.
വിമാനത്താവളങ്ങളോടു ചേര്‍ന്നുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളു(എ.ടി.സി)കളാണ് കരയിലിരുന്ന് വിമാന ഗതാഗതം നിയന്ത്രിക്കുന്നത്. വിമാനത്തിന്റെ സ്ഥാനം കണ്ടെത്താന്‍ അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് 1930കളില്‍ കണ്ടുപിടിച്ച റഡാറിന്റെ പരിഷ്‌കൃത രൂപമാണ്. റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള ട്രാന്‍സ്മിറ്ററും ദൂരെയുള്ള വസ്തുവില്‍തട്ടി തിരിച്ചെത്തുന്ന തരംഗങ്ങള്‍ സ്വീകരിക്കാനുള്ള ആന്റിനയുമാണ് റഡാറിലുള്ളത്. ദൂരെയൊരു വിമാനമുണ്ട് എന്നു മാത്രം അറിയിക്കുന്ന പ്രൈമറി റഡാറും അതിന്റെ വിശദാംശങ്ങള്‍കൂടി കൈമാറുന്ന സെക്കന്‍ഡറി റഡാറുമുണ്ട്. രണ്ടാമത്തേതില്‍, റേഡിയോ സിഗ്നല്‍ അയക്കാനുള്ള ഒരു ട്രാന്‍സ്‌പോന്‍ഡര്‍ വിമാനത്തിലുമുണ്ടാകും.
പട്ടാളക്കാരുപയോഗിക്കുന്ന പ്രൈമറി റഡാറുപയോഗിച്ച് ഏതു വിമാനത്തെയും കണ്ടെത്താം. എന്നാല്‍ നമ്മളുമായി സഹകരിക്കുന്ന വിമാനങ്ങളേ സെക്കന്‍ഡറി റഡാറുമായി സംവദിക്കൂ. വിമാന ഗതാഗതം നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സെക്കന്‍ഡറി റഡാറുകളാണ്. റഡാറിന്റെ ഏറ്റവും വലിയ പരിമിതി അതിന്റെ പരിധി ഇരുനൂറോ ഇരുന്നൂറ്റന്‍പതോ കിലോമീറ്റര്‍ മാത്രമാണെന്നതാണ്. മിനിറ്റുകള്‍കൊണ്ട് വിമാനം ഈ പരിധിക്കു പുറത്താവും. പിന്നെ അതിനെ കണ്ടെത്തണമെങ്കില്‍ അടുത്ത എയര്‍ ട്രാഫിക് കണ്‍ട്രോളിലെ, ഒരുപക്ഷേ അടുത്ത രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളിലെ റഡാറിനെ ആശ്രയിക്കണം. വിമാനം മഹാസമുദ്രത്തിനു മുകളിലൂടെയാണു പറക്കുന്നതെങ്കില്‍ അത് എല്ലാ റഡാറിന്റെയും പരിധിക്കും അപ്പുറത്താവും.

വിമാന സര്‍വീസുകള്‍ ഉപഗ്രഹ വാര്‍ത്താ വിനിമയ സൗകര്യം ഉപയോഗിക്കുന്നില്ലെങ്കിലും വിമാനത്തിലെ ചില യന്ത്രഭാഗങ്ങളുടെ നിര്‍മാതാക്കള്‍ അതു ചെയ്യുന്നുണ്ട്. എയര്‍ക്രാഫ്റ്റ് കമ്യൂണിക്കേഷന്‍സ് അഡ്രസിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ് സിസ്റ്റം (ACARS) എന്നാണത് അറിയപ്പെടുന്നത്. വിമാന എന്‍ജിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിമാനത്തിലെ കമ്പ്യൂട്ടര്‍ ശേഖരിക്കുന്ന വിവരം ഉപഗ്രഹം വഴി താഴെയുള്ള കമ്പ്യൂട്ടറിനു കൈമാറും. കപ്പലുകളുമായും വിമാനങ്ങളുമായും വാര്‍ത്താവിനിമയം നടത്താനുള്ള ബ്രിട്ടീഷ് കമ്പനിയായ ഇമ്മര്‍സാറ്റ് (കിാമൃമെ)േ ആണ് പ്രധാനമായും ഈ സേവനം നല്‍കുന്നത്. 12 ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഈ സ്വകാര്യസ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കാണാതായ മലേഷ്യന്‍ വിമാനത്തിലും ഈ സംവിധാനം ഉണ്ടായിരുന്നു. എ.ടി.സിയുമായുള്ള ബന്ധം നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്കു ശേഷവും ഇമ്മര്‍സാറ്റ് ഈ വിമാനവുമായി ബന്ധപ്പെടുകയും ചെയ്തു. വിമാനം തകര്‍ന്നുവീണെന്നു കരുതുന്ന സ്ഥലത്തെപ്പറ്റി ഏകദേശ ധാരണയിലെത്തിയത് ഇമ്മര്‍സാറ്റ് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ്.

തുടരുന്ന അന്വേഷണം
റഡാറുകളുടെ പരിധിക്കു പുറത്തുവെച്ച്, കോക്പിറ്റിലെ റേഡിയോ പ്രവര്‍ത്തിക്കാത്ത വേളയില്‍ വിമാനം തകര്‍ന്നുവീണാല്‍ എന്തു ചെയ്യും? അപകട കാരണം കണ്ടെത്താന്‍ പിന്നെ ഒരേയൊരു വഴിയേ ഉള്ളൂ. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തണം. വൈമാനികരുടെ സംഭാഷണം പകര്‍ത്തുന്ന കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും ചേര്‍ന്നതാണ് ബ്ലാക് ബോക്‌സ് എന്നുവിളിക്കുന്ന ഓറഞ്ചു പെട്ടി. വിമാനാപകടങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. മിക്ക അപകടങ്ങളിലും ബ്ലാക് ബോക്‌സ് വീണ്ടെടുക്കാറുണ്ട്. വിമാനംതന്നെ കാണാതായാല്‍, കുഞ്ഞു ബ്ലാക് ബോക്‌സ് എങ്ങനെ കിട്ടാനാണ്?

ഒരു തുമ്പും തരാതെ വിമാനങ്ങള്‍ അപ്രത്യക്ഷമാകുന്നത് അത്ര അപൂര്‍വമൊന്നുമല്ല. 1948നു ശേഷം 85 വിമാനങ്ങള്‍ ഒരു സൂചനയും തരാതെ അപ്രത്യക്ഷമായെന്ന് ഏവിയേഷന്‍ സേഫ്റ്റി നെറ്റ് വര്‍ക്ക് പറയുന്നു. ഇതില്‍ യാത്ര, ചരക്ക്, സൈനിക വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും ഉള്‍പ്പെടും. കടലിന്റെ അഗാധതയിലോ കാട്ടിലോ മഞ്ഞുമൂടിയ മലനിരകളിലോ വിമാനം തകര്‍ന്നുവീണാല്‍ കണ്ടെത്താന്‍ പ്രയാസമാണ്. 1962ല്‍ ഫ്‌ളൈയിങ് ടൈഗര്‍ കോണ്‍സ്റ്റലേഷന്‍ എന്ന അമേരിക്കന്‍ സൈനിക വിമാനം 92 സൈനികരുമായി ഫിലിപ്പൈന്‍സിലേക്കുള്ള യാത്രക്കിടെ ശാന്ത സമുദ്രത്തില്‍ തകര്‍ന്നു വീണു. 48 വിമാനങ്ങളും എട്ടു കപ്പലുകളുമുപയോഗിച്ച് 1,44,000 ചതുരശ്ര മൈല്‍ പ്രദേശം അരിച്ചു പെറുക്കിയെങ്കിലും പൊടിപോലും കണ്ടെത്താനായില്ല. അതായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചില്‍. അതിനെയാണ് മലേഷ്യന്‍ വിമാനം പിന്നിലാക്കിയത്. ഇതു തിരയുന്നതിനുവേണ്ടി 2017ഓടെത്തന്നെ 15.5 കോടി യു.എസ് ഡോളര്‍ (ഏതാണ്ട് 10,87,22,42,500 രൂപ) ചെലവിട്ടു കഴിഞ്ഞു.

സ്വന്തം സൈനിക വിമാനം കണ്ടെത്താന്‍ അമേരിക്കക്ക് കഴിഞ്ഞില്ലെങ്കില്‍ മലേഷ്യക്ക് അതു കഴിയുമോ? ഇല്ലെന്നാണ് ഈ തിരോധാനത്തെപ്പറ്റി ‘ഫ്‌ളൈറ്റ് 370: എ മിസ്റ്ററി’ എന്ന പുസ്തകമെഴുതിയ നൈഗല്‍ കോതോണ്‍ പറയുന്നത്. ‘എവിടെയാണത് വീണതെന്ന് ആര്‍ക്കുമറിയില്ല. ലോകം മുഴുവന്‍ തിരച്ചില്‍ നടത്താന്‍ നിങ്ങള്‍ക്ക് ആവുകയുമില്ല. പിന്നെങ്ങനെ അതു കണ്ടെത്തും’, അദ്ദേഹം ചോദിക്കുന്നു. ഇനി തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത് എന്നു തന്നെയിരിക്കട്ടെ. ശക്തമായ ഒഴുക്കും ചുഴികളുമുള്ള പ്രദേശമാണത്. ലോകത്തെ ഏറ്റവും വിദൂരമായ ഭൂഭാഗം. ‘അവിടത്തെ സമുദ്രത്തിന്റെ അടിത്തട്ടിനെപ്പറ്റി ചന്ദ്രന്റെ ഉപരിതലത്തെപ്പറ്റിയുള്ളത്ര ധാരണ പോലും നമുക്കില്ല. അതുകൊണ്ടു തന്നെ ആ വിമാനം ഇനി കണ്ടെത്താനാവില്ലെന്നുവേണം കരുതാന്‍’- നൈഗല്‍ കോതോണ്‍ പറയുന്നു. എം.എച്ച് 370ന്റെ തിരോധാനത്തിന് അഞ്ചു വര്‍ഷം തികയുമ്പോള്‍ ഫ്രഞ്ച് പൊലീസിന്റെ ഒരു വിഭാഗം പുതിയൊരു അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇനിയും അന്വേഷണത്തിന് തയാറാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

വി ടി സന്തോഷ്‌

You must be logged in to post a comment Login