ഇനിയുമവര്‍ വിശ്വസിക്കുമെന്നാണോ?

ഇനിയുമവര്‍ വിശ്വസിക്കുമെന്നാണോ?

തിരുദൂതന്മാരിലെ മുന്‍കാലക്കാരുടെ തന്നിഷ്ടവും പിന്‍ഗാമികളുടെ അനുഭവങ്ങളും തിരിച്ചടികളും പില്‍കാലക്കാരില്‍ വീണ്ടുവിചാരമുണ്ടാക്കിയില്ല. അനുസ്യൂതമായി മുഹമ്മദീയ സമൂഹത്തിലും ഉമ്മത്തുദ്ദഅ്‌വയായി (മതബോധനം എത്തിയ വിഭാഗം) അവര്‍ തുടര്‍ന്നു. മൂസ നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള സന്ദേശവാഹകരെ അംഗീകരിക്കാനും പിന്തുടരാനും തയാറാകാതെ നല്ലൊരു ഭാഗവും മാറിനിന്നു.

മാനുഷിക ചിന്തകളിലേക്ക് വരാം. ഒരു പ്രയാസമുണ്ടായെന്ന് സങ്കല്‍പിക്കുക. വലിയ ഒരു വിഷമം. വഴികളേറെ താണ്ടിയിട്ടും പല വാതിലുകളില്‍ മുട്ടിയിട്ടും പിരഹാരമുണ്ടാകുന്നില്ല. പലരെയും സമീപീച്ചു. അവരെല്ലാം കൈമലര്‍ത്തി. ഈ ദുരിതത്തിന് പരിഹാരമില്ലെന്ന് മനസും ശരീരവും ഒരുപോലെ പറയുന്നു. ക്ഷീണിക്കുന്നു. കുഴഞ്ഞുവീഴുന്നു. എല്ലാ വഴികളുമടഞ്ഞെന്ന് നിരാശനാകുന്നു. പെട്ടെന്ന് അവിചാരിതമായി ആശ്വാസത്തിന്റെ കരങ്ങള്‍ നീണ്ടുവരുന്നു. ചേര്‍ത്തുപിടിക്കുന്നു. കൈയിലൊരു പണക്കിഴിയും സമ്മാനിച്ച് തിരിച്ചുപോകുന്നു. എണ്ണിനോക്കുമ്പോള്‍ തന്റെ ആവശ്യം കഴിഞ്ഞ് അത്രതന്നെ പണം ബാക്കിയിരിക്കുന്നു. ആനന്ദാതിരേകത്താല്‍ തുള്ളിച്ചാടുന്നു. ഗുരുതരമായൊരു വൈഷമ്യത്തില്‍നിന്ന് തന്നെ കരകയറ്റിയയാളെ ‘മനുഷ്യനായി’ പിറന്നവര്‍ക്ക് മറക്കാന്‍ കഴിയുമോ? അയാള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ വരെ തയാറാകും ചിലപ്പോള്‍. ജൂതന്‍മാര്‍ അങ്ങനെയായിരുന്നോ? എത്രയെത്ര പ്രതിസന്ധികളാണ് ഇസ്‌റയേല്യരുടെ പൂര്‍വ തലമുറക്ക് സംഭവിച്ചത്. അതിനൊക്കെയും പരിഹാരവും പാരിതോഷികവും അല്ലാഹു മൂസാനബിയിലൂടെ(അ) നല്‍കുകയും ചെയ്തു. ഫിര്‍ഔനില്‍നിന്ന് മോചിപ്പിച്ചത്, അവരില്‍നിന്ന് പ്രവാചകന്മാരെയും രാജാക്കന്മാരെയും കൊണ്ടുവന്നത്, സമുദ്രം പിളര്‍ന്ന് അവരെ രക്ഷിക്കുകയും ശത്രുക്കളെ മുക്കിക്കൊല്ലുകയും ചെയ്തത്, ഭൂമിയില്‍ അധികാരം നല്‍കിയത്, വേദഗ്രന്ഥങ്ങളാല്‍ അവര്‍ക്ക് സന്മാര്‍ഗവും വെളിച്ചവും കാണിച്ചത്, പശുപൂജകര്‍ക്കും കരാര്‍ ലംഘകര്‍ക്കും മാപ്പ് നല്‍കിയത്, അഭയാര്‍ത്ഥികളായി അലഞ്ഞവര്‍ക്ക് മഴമേഘങ്ങളെ കൊണ്ട് തണലിട്ടത്, മന്നും സല്‍വയും നിത്യമായി ഇറക്കിക്കൊടുത്തത്, പാറപൊട്ടിച്ച് ശുദ്ധജലം നല്‍കിയത്, വിശുദ്ധ ഗേഹത്തിലെത്തിച്ചത് തുടങ്ങി എത്രയെത്ര അനുഗ്രഹങ്ങളാണ് ഔദാര്യമായി അല്ലാഹു ബനൂ ഇസ്‌റയേല്യര്‍ക്ക് നല്‍കിയത്. അത്യാര്‍ത്തിയോടെ ആവോളം ആസ്വദിക്കുമെങ്കിലും അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതില്‍ അവര്‍ കുറ്റകരമായ വീഴ്ച വരുത്തി. പിന്‍ഗാമികളും അതേ നിലപാട് തുടര്‍ന്നു. സ്വന്തം ഗുണങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി ദൈവിക നിര്‍ദേങ്ങള്‍ ‘യെസ്’ മൂളുകയും തിരിഞ്ഞുനിന്ന് തള്ളിപ്പറയുകയും ചെയ്യുന്നവര്‍. സത്യമതത്തെ മനസിലാക്കാനുള്ള മുഴുവന്‍ തെളിവുകളും എത്തിയിട്ടും വിശ്വാസികളായി നടിച്ച് അവിശ്വാസത്തെ മുറുകെ പിടിച്ചവര്‍. തങ്ങള്‍ക്ക് അറിവുള്ള വിഷയത്തില്‍ പോലും നിഷേധാത്മക നിലപാട് കൈകൊണ്ടവര്‍. അവര്‍ ഇനിയും വിശ്വസിക്കുമെന്നാണോ? സര്‍വാനുഗ്രഹിയായ രക്ഷിതാവിലേക്ക് ഖേദിച്ചു മടങ്ങുമെന്നാണോ? ഖുര്‍ആന്‍ തര്യപ്പെടുത്തുന്നതിങ്ങനെയാണ്? ‘നിങ്ങള്‍ക്കുവേണ്ടി ഈ ജനം വിശ്വസിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനം കേട്ടു മനസിലാക്കിയിട്ടും ബോധപൂര്‍വം മാറ്റിപ്പറയുന്നു'(സൂറതുല്‍ ബഖറ 75ാം സൂക്തസാരത്തില്‍നിന്ന്).
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login