രണ്ടുവിഭാഗവും തെറ്റുകാരാണ്

രണ്ടുവിഭാഗവും തെറ്റുകാരാണ്

മുന്‍പേ കഴിഞ്ഞുപോയ യഹൂദികളുടെ ദുഷ്ചിന്തകളും സത്യത്തെ ഉള്‍കൊള്ളാത്ത പ്രകൃതവും അതേപടി പകര്‍ത്തിയവരാണ് പിന്‍ഗാമികള്‍. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ഗാമികളായ യഹൂദരുടെ സ്വഭാവവൈകൃതങ്ങള്‍ നാം സൂചിപ്പിച്ചുവല്ലോ, അതിന്റെ ആവര്‍ത്തനങ്ങളാണ് പില്‍കാലത്തുള്ളവരുടെയും സ്വഭാവം. അവരിലാരും ഇസ്‌ലാം സ്വീകരിച്ചില്ല എന്നല്ല, സിംഹഭാഗവും അവിശ്വാസത്തിലുറച്ചു നിന്നു എന്നു മാത്രം. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയ പലരുമുണ്ടായിരുന്നു. പക്ഷേ, അവസരത്തിനനുസരിച്ച് വാക്ക് മാറ്റാന്‍ അവര്‍ക്ക് മടിയോ മനസ്സാക്ഷിക്കുത്തോ ഇല്ലായിരുന്നു. പ്രവാചകരെ(സ) ഖുര്‍ആനിലൂടെ മനസിലാക്കി, കേവല നേട്ടങ്ങളും ഭൗതികലാഭങ്ങളും ആഗ്രഹിക്കാത്തവരാണ് ജൂതരില്‍ നിന്നും ഇസ്‌ലാമിലേക്കു വന്നവര്‍. അവരില്‍ പ്രധാനിയാണ് അബ്ദുല്ലാഹിബ്‌നു സലാം(റ).
പ്രവാചകരെ കുറിച്ച് അബ്ദുല്ലാഹിബ്‌നു സലാമിനോട് ചോദ്യമുന്നയിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: ‘എന്റെ മകനെ തിരിച്ചറിയുന്നതിനെക്കാള്‍ നന്നായി എനിക്ക് തിരിച്ചറിയാനാവുക പ്രവാചകരെയാണ്(സ).’
‘എന്തുകൊണ്ട്?’

‘പ്രവാചകര്‍(സ) അല്ലാഹുവിന്റെ ദൂതനാണെന്നതില്‍ എനിക്കു സംശയമില്ല. അവര്‍ പ്രവാചകനാണെന്നത് മുന്‍കാല വേദങ്ങളും ഖുര്‍ആനും സ്ഥിരപ്പെടുത്തിയതാണ്. പക്ഷേ, എന്റെ മകന്‍ എന്റേതാണെന്നതില്‍ അവന്റെ മാതാവ് പറയുന്നതിനപ്പുറം എനിക്കൊന്നുമറിയില്ലല്ലോ.’

ഈ മറുപടി കേട്ട ഉമറുബ്‌നുല്‍ ഖത്താബ്(റ) അദ്ദേഹത്തിന്റെ തലപിടിച്ചു ചുംബിച്ചു (തഫ്‌സീര്‍ റാസി).

തിരുനബിയുടെ(സ) പ്രവാചകത്വവും ആഗമനവും തൗറാത്തിലും ഇഞ്ചീലിലുമുണ്ട്. അവരുടെ വിശേഷണങ്ങള്‍ കൃത്യമായി മനസിലാക്കാവുന്ന രൂപത്തില്‍ വേദങ്ങള്‍ വിവരിക്കുന്നു. മക്കയില്‍ അറബികള്‍ക്കിടയില്‍ പിറന്ന പ്രവാചകരെ പണ്ടുതന്നെ അവര്‍ക്ക് പരിചിതമായിരുന്നു. സ്ഥാനമോഹവും അധികാരക്കൊതിയും കാരണം പലരുമത് മറച്ചുവെക്കുകയായിരുന്നു. മുന്‍ഗാമികളുടെ ഈ പാതയില്‍ തന്നെ പിന്‍തലമുറക്കാരും തുടര്‍ന്നു. അവരെല്ലാം ഇസ്‌ലാമിലേക്ക് വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന പ്രവാചകരില്‍ ഇത് നിരാശയുണ്ടാക്കി. വല്ലാത്ത മനഃപ്രയാസവും. അതുകൊണ്ടാണ് നാഥന്‍ യഹൂദരുടെ ഈ കഥയെല്ലാം പറഞ്ഞതിന് ശേഷം ചോദിക്കുന്നത്: ‘പ്രവാചകരേ, ഇനിയുമവര്‍ വിശ്വസിക്കുമെന്നാണോ തങ്ങള്‍ കരുതുന്നത്?’.

സൂറതുല്‍ ബഖറ 75 ല്‍ പറയുന്ന ‘അവരില്‍ ഒരുവിഭാഗം ബോധപൂര്‍വം മാറ്റിപ്പറയുന്നു’ എന്ന വാക്യത്തില്‍ ഒരുവിഭാഗം എന്നുദ്ദേശിക്കുന്നത് മൂസാനബിയുടെ(സ) കാലത്തെ വേദപണ്ഡിതരെയാണോ അതല്ല മുഹമ്മദ് നബിയുടെ കാലത്തെ ജൂത പണ്ഡിതരെയാണോ? രണ്ടാമത്തെ കൂട്ടരാണെന്നാണ് പ്രബലാഭിപ്രായം. പ്രവാചകാഗമനത്തെ വേദങ്ങളില്‍ നിന്നു മനസിലാക്കിയിട്ടും സത്യം സ്വീകരിക്കാതെ അധികാര കസേരകളില്‍ ഭദ്രമായി ഇരിക്കുന്ന ചിലരെയാണ് ഉദ്ദേശ്യം.
ഒരുകൂട്ടര്‍ ചെയ്തതെങ്ങനെ എല്ലാവര്‍ക്കും ബാധകമാകും? ഖഫാല്‍ പറയുന്നു: ആ വിഭാഗം മാറ്റിയെഴുതിയ വചനങ്ങളാണ് പില്‍കാലത്തു പഠിപ്പിക്കപ്പെടുക. അവര്‍ അതു വായിച്ച് സത്യമതാണെന്നു മനസിലാക്കുകയും അതുപ്രകാരം വിശ്വസിച്ച് പ്രവാചകരെ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു. ഒരു വിഭാഗം പിഴപ്പിച്ചവര്‍, മറ്റേ വിഭാഗം സത്യമെന്തെന്ന് അന്വേഷിക്കാതെ അവരെ പിന്‍പറ്റിയവര്‍. തത്വത്തില്‍ രണ്ടുവിഭാഗവും തെറ്റുകാര്‍ തന്നെ. ധിക്കാരിയായ പണ്ഡിതന്‍ സന്മാര്‍ഗം പ്രാപിക്കാനാണല്ലോ പാമരന്‍ സന്മാര്‍ഗിയാവുന്നതിനെക്കാള്‍ പ്രയാസം.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login