എന്തുകൊണ്ടാണ് മൗദൂദിയുടെ ഭാര്യയെ പഠിക്കേണ്ടിവരുന്നത്?

എന്തുകൊണ്ടാണ് മൗദൂദിയുടെ ഭാര്യയെ പഠിക്കേണ്ടിവരുന്നത്?

Islamism and Democracy in India: The Transformation of Jamaate Islami ഇര്‍ഫാന്‍ അഹ്മദിന്റെ പുസ്തകമാണ്. അതിന്റെ 54, 55 പേജുകളില്‍ ഇര്‍ഫാന്‍ അഹ്മദ് മൗദൂദിയുടെ ഭാര്യയെക്കുറിച്ച് വളരെ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. കേവലമൊരു സ്ത്രീ എന്നതിലുപരി മതരാഷ്ട്രവാദത്തിന് സൈദ്ധാന്തിക രൂപം നല്‍കിയ ഒരാളെന്ന നിലയില്‍ ആ ഭാഗങ്ങള്‍ വളരെ പ്രസക്തമാണ്. സമാധാനം, രാജ്യസ്‌നേഹം, ബഹുസ്വരത തുടങ്ങിയ എല്ലാ നല്ല ആശയങ്ങളെയും പാശ്ചാത്യരുടെ അക്കൗണ്ടില്‍ ചേര്‍ത്ത് പുതിയൊരു ഇസ്‌ലാമിനെയും നവ മുസ്‌ലിംകളെയും വിഭാവനം ചെയ്യാനിറങ്ങിയ മൗദൂദിയുടെ ഭാര്യ അന്നത്തെ കാലത്തെ സാക്ഷാല്‍ പാശ്ചാത്യവത്കൃത പെണ്ണായിരുന്നുവെന്ന് ഇര്‍ഫാന്‍ അഹ്മദ്. മദ്ഹബുകളെ അംഗീകരിക്കാത്ത പുതിയൊരു ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിക്കുവേണ്ടി ഇറങ്ങിത്തിരിച്ച മൗദൂദി കല്യാണം കഴിച്ചത് അറിയപ്പെട്ട പലിശവ്യാപാരിയുടെ മകളെയായിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ സഹോദരനുപോലും കടുത്ത അമര്‍ഷമുണ്ടായിരുന്നു. പര്‍ദയെക്കുറിച്ച് ഒരു പുസ്തകം തന്നെയെഴുതിയ മൗദൂദിയുടെ ഭാര്യ മഹ്മൂദ ബീഗം പര്‍ദ ധരിച്ചതേയില്ല. സ്വന്തം സൈക്കിളോടിച്ചായിരുന്നു യാത്ര. മൗദൂദി പറയുന്ന മര്യാദയൊന്നും ഭാര്യക്ക് പിടിച്ചില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസവും ഔദ്യോഗിക വിദ്യാഭ്യാസവും നരകത്തിന്റെ പഠിപ്പാക്കി മുസ്‌ലിം സമൂഹത്തെ പിറകോട്ട് നയിച്ചു. മൗദൂദി കല്യാണം കഴിച്ചപ്പോള്‍ എല്ലാ തത്വങ്ങളും മറന്നു; പരിഷ്‌കാരിപ്പെണ്ണിനെ വരിച്ചു. ക്വീന്‍ മെറി സ്‌കൂളില്‍നിന്നും പഠിച്ചിറങ്ങിയ ഇംഗ്ലീഷ് അറിയുന്ന ഒരു പെണ്ണുതന്നെ മൗദൂദിക്ക് വേണമായിരുന്നു. മൗദൂദിക്കൊപ്പം കാലങ്ങള്‍ താമസിച്ച മന്‍സൂര്‍ നുഅ്മാനി അദ്ദേഹത്തെ കയ്യൊഴിഞ്ഞത് ഭാര്യയോടുള്ള അദ്ദേഹത്തിന്റെ ഈ അയഞ്ഞ സമീപനത്തില്‍ മനം നൊന്തായിരുന്നുവെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ മൗദൂദി ഭാര്യയെ കയ്യൊഴിയുകയോ ഭാര്യയുടെ ചെയ്തികളില്‍ കുണ്ഠിതപ്പെടുകയോ ക്ഷമാപണം നടത്തുകയോ ചെയ്തില്ല.
എന്തിനാണ് മൗദൂദിയുടെ ഭാര്യയുടെ കഥ പറയുന്നത്? സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണങ്ങള്‍ നടത്തിയപ്പോള്‍ രണ്ടുതരം വാദഗതികളാണ് പ്രധാനമായും മുഴച്ചുനിന്നത്. ഇവ തീര്‍ത്തും മധ്യകാല ഇസ്‌ലാമിന്റെ സ്വഭാവത്തെ കുറിക്കുന്നുവെന്നു ഇസ്‌ലാം വിരോധികള്‍ വാദിച്ചപ്പോള്‍ ‘ദി ഗാര്‍ഡിയന്‍’ അടക്കം പല പത്രങ്ങളും അറിയപ്പെട്ട ബുദ്ധിജീവികളും ഇവയെല്ലാം ഇസ്‌ലാമിനകത്ത് കടന്നുവന്ന പാശ്ചാത്യന്‍ ചിന്താഗതികളുടെ ഫലമായിരുന്നുവെന്നും വാദിച്ചു. അറബ് ലോകത്തും ഇന്ത്യ ഉപഭൂഖണ്ഡത്തിലും ഐസിസ്, അല്‍ ഖാഇദ തുടങ്ങിയ മുഴുവന്‍ ഭീകരതക്കും ആശയാടിത്തറ പാകിയ മൗദൂദി- ഖുതുബ് ദ്വയത്തിന് ഇസ്‌ലാമിനകത്ത് രാഷ്ട്രീയ ഭ്രാന്ത് കുത്തിക്കയറ്റാന്‍ പ്രചോദനമായത് പാശ്ചാത്യ സ്വാധീനമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ഔദ്യോഗിക മദ്‌റസ വിദ്യാഭ്യാസം പിതാവിന്റെ മരണം നിമിത്തം നിര്‍ത്തിവെച്ച മൗദൂദിക്ക് കണക്കില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തതുകൊണ്ട് സ്‌കൂളും നിര്‍ത്തേണ്ടിവന്നു. പില്‍കാലത്ത് മൗദൂദി തന്നെ ഈ വിഷയം പലയാവര്‍ത്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മൗദൂദിയാണ് പിന്നീട് ഇസ്‌ലാം മതത്തെത്തന്നെ തിരുത്താനൊരുങ്ങിയത് എന്നതുകൊണ്ടാണ് നിഷ്പക്ഷ എഴുത്തുകാരും ബുദ്ധിജീവികളും അയാളുടെ ഉള്ളില്‍ പ്രവര്‍ത്തിച്ച ചോദനകളെയും നിമിത്തങ്ങളെയും അന്വേഷിക്കാന്‍ തുനിയുന്നത്. മതം പഠിക്കാത്തൊരാള്‍ പിന്നീട് മതത്തിന്റെ ആധികാരിക വക്താവാകാന്‍ ശ്രമിക്കുക മാത്രമല്ല ചെയ്തത്. മറ്റാര്‍ക്കും ഞാന്‍ പറഞ്ഞത് മനസിലായിട്ടില്ലെന്നുകൂടി പറയുന്നു.

കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ഇദ്ദേഹത്തെ മതം പഠിപ്പിച്ചതും മതത്തെ പുനര്‍വായന നടത്താന്‍ പ്രേരിപ്പിച്ചതുമായ ഉറവിടങ്ങള്‍ വളരെ പ്രസക്തമാണ്. ഇവിടേയ്ക്കാണ് ഇര്‍ഫാന്‍ അഹ്മദ് അടക്കമുള്ള എഴുത്തുകാര്‍ നമ്മെ കൊണ്ടുപോകുന്നത്. ഹെഗല്‍, റൂസ്സോ, കാറല്‍ മാര്‍ക്‌സ് തുടങ്ങിയ പാശ്ചാത്യന്‍ ചിന്തകരാല്‍ അതിശക്തമായി സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നു മൗദൂദിയെന്ന് ഇവരെല്ലാവരും പറയുന്നു. മാര്‍ക്‌സിന്റെയും ഹെഗലിന്റെയും അതേവാദങ്ങളെ മൗദൂദി ഇസ്‌ലാമിന്റെ കെട്ടിനകത്തേക്ക് മാറ്റിപ്പണിതു. അക്ഷരാഭ്യാസം മാത്രമുള്ള ഒരാള്‍ക്ക് വായനയിലൂടെ മാത്രം കിട്ടിയ വിവരങ്ങളെ വക്രീകരിക്കാന്‍ കഴിയുന്നതിന്റെ പരമാവധിയായിരുന്നു ഇവയെല്ലാം. ഞാനീപ്പറയുന്നതെല്ലാം മുമ്പ് ഒരാളും പറഞ്ഞിട്ടില്ലെന്ന് പറയുന്ന മൗദൂദിയോട് അരുമ ശിഷ്യന്‍ മന്‍സൂര്‍ നുഅ്മാനി ‘ആരും തന്നെ?’ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. അതെ എന്ന് മറുപടിപറഞ്ഞ അദ്ദേഹം ഇബ്‌നു തൈമിയ്യ അല്‍പം പറയാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായിരുന്നില്ലെന്നു പ്രതിവചിക്കുന്നു. മൗദൂദി ഇതെല്ലാം ആദ്യം പറയാന്‍ ഒരു കാരണമുണ്ടായിരുന്നു: യൂറോപ്പില്‍ തന്നെ ദേശം, ദേശീയത, രാഷ്ട്ര സങ്കല്‍പങ്ങള്‍ ഉയര്‍ന്നുവന്ന സമയമായിരുന്നു അക്കാലഘട്ടം. യൂറോപ് നാടുകളില്‍ രാഷ്ട്രീയ ജാഗരണങ്ങള്‍ നടക്കുകയും സ്വാതന്ത്ര്യം, സ്റ്റേറ്റ് തുടങ്ങിയ സംജ്ഞകള്‍ക്കു ആ കാലത്താണ് പ്രചുരപ്രചാരം ലഭിക്കുകയും ചെയ്തു. ഇന്ത്യയില്‍ പോലും സ്വരാജ്, മുസ്‌ലിം രാഷ്ട്രം തുടങ്ങിയ ആവശ്യങ്ങള്‍ അക്കാലഘട്ടങ്ങളിലാണ് ഉദയം ചെയ്തത്. സ്വാഭാവികമായും മൗദൂദിയും ഈ ആശയങ്ങളില്‍ കെട്ടിക്കിടന്നു. രാഷ്ട്രമാണ് എല്ലാമെന്നും രാഷ്ട്രീയമാണ് ജീവവായുവെന്നും അദ്ദേഹത്തിനും തോന്നിക്കാണും. ഇതദ്ദേഹം തര്‍ജുമാനുല്‍ ഖുര്‍ആനില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്: ‘ഇപ്പോള്‍ രാഷ്ട്രത്തിന്റെ കര്‍മസ്ഥലം മതത്തെക്കാള്‍ അതിവിശാലമാണ്. ഏതുവസ്ത്രം ധരിക്കണം, ധരിക്കേണ്ടതില്ല; എന്ത് പഠിക്കണം, പഠിപ്പിക്കണം, ഏതുഭാഷ സംസാരിക്കണം, സ്വീകരിക്കണം തുടങ്ങിയവയെല്ലാം തീരുമാനിക്കുന്നത് രാഷ്ട്രമാണിപ്പോള്‍.” ഈ വിചാരഗതിയില്‍നിന്നുമാണ് മുസ്‌ലിം ലോകം കേട്ട് പരിചയം പോലുമില്ലാത്ത രാഷ്ട്ര സങ്കല്‍പങ്ങള്‍ ജനിക്കുന്നത്. സ്വന്തമായി രാഷ്ട്രമില്ലാത്തതുകൊണ്ട് നബിയുടെ(സ) മക്കാജീവിതം പൂര്‍ണമായില്ലെന്ന് വരെ മൗദൂദിസ്റ്റുകള്‍ക്ക് പറയേണ്ടിവന്നു. ഇതുകൊണ്ടുതന്നെയാവാം മൗദൂദിയെ പരാമര്‍ശിച്ച ഒട്ടുമിക്ക ചരിത്രകാരന്മാര്‍ക്കും അയാളെ മത നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിലുപരി രാഷ്ട്രീയ സൈദ്ധാന്തികന്‍ എന്ന് വിശേഷിപ്പിക്കേണ്ടിവന്നതും.

മൗദൂദിയുടെ വായനകളും ബന്ധങ്ങളുമെല്ലാം ഇത്തരക്കാരോടായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘പുരോഗമനാത്മക’ ചിന്താഗതിക്കാരോട് കൂട്ടുകൂടാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മോസ്‌കോയില്‍ ബോള്‍ഷെവിക് പ്രോപഗണ്ടയുടെ പണിയാളായി പ്രവര്‍ത്തിച്ച, എതിരാളിയെ കൊല്ലാന്‍ ഒരു മടിയും കാണിക്കാത്ത ലെനിന്റെ സഹചാരി അബ്ദുല്‍സത്താര്‍ ഖൈറിയുമായി മൗദൂദി അഗാധ ബന്ധം സൂക്ഷിച്ചിരുന്നു. തികഞ്ഞ പാശ്ചാത്യനായ ഖൈറി ജര്‍മനിയില്‍ നിന്നാണ് വിവാഹം കഴിച്ചത്. നേരത്തെ പറഞ്ഞ ഭാര്യാ കുടുംബമാണ് മൗദൂദിക്ക് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരിലേക്ക് കൂടുതല്‍ അടുപ്പം നല്‍കിയതെന്നും ഇര്‍ഫാന്‍ അഹ്മദ് പറയുന്നു. ഭാര്യാ കുടുംബത്തില്‍ മാര്‍ക്‌സിന്റെ പുസ്തകങ്ങള്‍ ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്തവര്‍ വരെയുണ്ടായിരുന്നു. ഈ സ്വാധീനം തന്നെയാണ് അത്തരമൊരു ഭാര്യയിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചതും. മഹ്‌റൂല്‍ ഖാദിരി എന്ന മൗദൂദിയുടെ അടുത്ത സുഹൃത്ത് അദ്ദേഹത്തെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചപ്പോള്‍ കിടക്കയില്‍ തന്നെ കമ്മ്യൂണിസത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ കനമുള്ള പുസ്തകം കണ്ടത് ഓര്‍ത്തെടുക്കുന്നുണ്ട്. ഒരു പുതിയ വായനയും അദ്ദേഹം ഒഴിവാക്കിയിട്ടില്ലെന്നര്‍ത്ഥം. ഹൈദരാബാദില്‍ മൗദൂദിക്കുണ്ടായിരുന്ന സുഹൃത്തുക്കളും മോഡേണിസ്റ്റുകളായിരുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് എടുത്ത സയ്ദ് അബ്ദുല്‍ലത്തീഫ്, ജോഷ് മലീഹാബാദി തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍ മാത്രം. ഇവരില്‍ പലരും മുസ്‌ലിംകളല്ലെന്നു തുറന്നു പറഞ്ഞവരും ഇസ്‌ലാമിന്റെ കഠിന വിരോധികളുമായിരുന്നുവത്രെ. മൗദൂദിയുടെ പാശ്ചാത്യ ബന്ധം കേവല സൈദ്ധാന്തിക ബന്ധമായിരുന്നില്ലെന്നും മുസ്‌ലിം ഉമ്മത്തിനെ നവ ഉമ്മത്താക്കാന്‍വന്ന അദ്ദേഹം തീര്‍ത്തും പാശ്ചാത്യ കോലമാണ് സ്വീകരിച്ചിരുന്നതെന്നും ഫോട്ടോ സഹിതം പ്രകടമാക്കുന്ന പഠനങ്ങള്‍ ധാരാളമാണ്. 1936 വരെ അദ്ദേഹം ക്ലീന്‍ ഷേവായിരുന്നുവെന്നുകാണാം. ശേഷം ചെറിയൊരു താടി വെക്കാന്‍ ശ്രമിച്ച അദ്ദേഹം അതിനും പാശ്ചാത്യ സ്റ്റൈല്‍ തന്നെയാണ് പിന്തുടര്‍ന്നത്. താടി വെക്കണമെന്നു പറഞ്ഞ പണ്ഡിതരെ അദ്ദേഹം ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുന്നവരായാണ് ചിത്രീകരിച്ചത്. അക്കാലത്തെ ദയൂബന്ദി പണ്ഡിതനായ മന്‍സൂര്‍ നുഅ്മാനി ഈ വസ്തുതയും വിവരിക്കുന്നുണ്ട്. ഭാര്യയുടെ പിടുത്തംവിട്ട ജീവിതം നുഅ്മാനിയെ അലോസരപ്പെടുത്തിയതുപോലെ ഇത്തരം ചേഷ്ടകളും കോലം കെട്ടലുകളും കൂടി അദ്ദേഹത്തെ മൗദൂദിയില്‍നിന്ന് അകറ്റി. മുസ്‌ലിംകളെന്നല്ല, ഇന്ത്യക്കാര്‍ തന്നെ അപൂര്‍വമായി ടൈ കെട്ടി നടന്നിരുന്ന അക്കാലഘട്ടത്തില്‍ മൗദൂദി ടൈ കെട്ടാതെ നടന്നില്ല.

മാര്‍ക്‌സിന്റെ വൈരുധ്യാത്മക ഭൗതികവാദത്തെയും ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദത്തെയും സമര്‍ത്ഥമായി ഇസ്‌ലാമുമായി തുന്നിച്ചേര്‍ക്കാന്‍ മൗദൂദിക്ക് സാധ്യമായത് ഇത്തരം ‘വഴിവിട്ട’ മാര്‍ഗങ്ങളിലൂടെയായിരുന്നു. പക്ഷം, പ്രതിപക്ഷം, വര്‍ഗസമരങ്ങള്‍, അതിജീവന സമരം തുടങ്ങിയ എല്ലാ ചിന്തകളെയും അയാള്‍ ഇസ്‌ലാമിലേക്ക് വലിച്ചിഴച്ചു. താന്‍ പറയുന്നത് അനുസരിക്കാത്തവരെയെല്ലാം ജാഹിലിയ്യത്തെന്ന പ്രതിപക്ഷത്ത് സ്ഥാപിക്കാന്‍ മൗദൂദി തിടുക്കം കാട്ടി. മാര്‍ക്‌സ് മര്‍ദ്ദക സമൂഹം, മര്‍ദ്ദിത സമൂഹം എന്ന് രണ്ടു പക്ഷത്തെ ആവിഷ്‌കരിച്ചപ്പോള്‍ മൗദൂദിക്കത് ഇസ്‌ലാമും ജാഹിലിയ്യത്തുമായിരുന്നു. ഈ രണ്ടുസമൂഹങ്ങളും എക്കാലവും സമരത്തിലേര്‍പ്പെട്ടുവെന്ന് മാര്‍ക്‌സ് വാദിക്കുമ്പോള്‍ മൗദൂദിക്കും ഇതേ വാദമായിരുന്നു. തന്റെ ജിഹാദിസത്തെ ന്യായീകരിക്കാന്‍ ഇസ്‌ലാമും ജാഹിലിയ്യത്തും എന്നും രക്തച്ചൊരിച്ചിലുകള്‍ നടത്തിയിട്ടുണ്ടെന്ന ചരിത്രം അയാള്‍ സൃഷ്ടിച്ചു. ഹെഗലിന്റെ ആശയവാദത്തെ ഇയാള്‍ അനുകരിച്ചത് ഹഖും ബാത്വിലും കൂട്ടിക്കെട്ടിയായിരുന്നു. ഇവയെല്ലാം അര്‍ധ സത്യങ്ങളുമായിരുന്നു. ശത്രുവിനെ സ്വയംനിര്‍മിക്കുകയെന്ന ഫാഷിസ്റ്റു- നാസിസ്റ്റു തന്ത്രവും മൗദൂദി കൈക്കൊണ്ടു. മുസ്സോളിനിയുടെ ആശയങ്ങളില്‍ മൗദൂദി അതീവ ആകൃഷ്ടനായിരുന്നുവെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ നടന്നത് അങ്ങനെയാണ്. മൗദൂദി കരുതിയത് ഒരുപക്ഷേ ഈ സ്വാധീനത്തിന്റെ ദുരന്ത ഫലമായിരിക്കാം.

ഐസിസ് വിഭാവനം ചെയ്യുന്ന ജിഹാദിസം പാരമ്പര്യ ഇസ്‌ലാം വിഭാവനം ചെയ്തതല്ലെന്നും യൂറോപ്പ് തന്നെയാണ് അതിനുത്തരവാദിയെന്നും വ്യക്തമാക്കിയതിനു ശേഷം ‘ദി ഗാര്‍ഡിയന്‍’ പത്രം പറയുന്ന വരികള്‍ ഇവിടെ ഉദ്ധരിക്കാം: ”മൗദൂദിയുടെ ഇസ്‌ലാമിക സ്റ്റേറ്റ് എന്ന് ആശയം തീര്‍ത്തും യൂറോപ്യന്‍ ചിന്താഗതികളില്‍നിന്നും വിചാരധാരകളില്‍നിന്നും പിറവിയെടുത്തതാണ്. ദൈവത്തിനു മാത്രമേ കീഴൊതുങ്ങാന്‍ പാടുള്ളുവെന്നു സിദ്ധാന്തിച്ച അദ്ദേഹം ദൈവത്തിന്റെ ‘പരമാധികാരം’ വാദിച്ചു. 17 നൂറ്റാണ്ടിനുശേഷം യൂറോപ്പില്‍ ഉദയം ചെയ്ത രാഷ്ട്രീയ പദപ്രയോഗങ്ങള്‍ മൊത്തം അദ്ദേഹം ഇത് സ്ഥാപിക്കാനായി വിനിയോഗിച്ചു. സ്‌റ്റേറ്റും മതവും ഒന്നാണെന്ന് വാദിച്ച അദ്ദേഹത്തിന്റെ വീക്ഷണമനുസരിച്ച് ദൈവം രാഷ്ട്രീയവും രാഷ്ട്രീയം ദൈവവുമാകുന്നു. മൗദൂദി പറഞ്ഞ ‘ദൈവത്തിന്റെ പരമാധികാരം’ പണ്ട് കാലത്ത് ഇസ്‌ലാമില്‍ കണ്ടുവരാത്തതാണ്. അഥവാ സൃഷ്ടികളെ അംഗീകരിക്കുന്ന പ്രവണത അവരില്‍ കണ്ടിരുന്നു.’ ഫ്രഞ്ച് വിപ്ലവത്തില്‍നിന്നും അതിന്റെ നായകരില്‍നിന്നുമാണ് മൗദൂദി ഇത് കടം കൊണ്ടതെന്നാണ് ഗാര്‍ഡിയന്‍ വിശദീകരിക്കുന്നത്.

പാശ്ചാത്യ ഭ്രമം മൗദൂദിയില്‍ മാത്രം ഒതുക്കേണ്ടതില്ലെന്ന നിരീക്ഷണവും ശക്തമാണ്; മൗദൂദിസ്റ്റുകളിലും ഈ ഭ്രാന്തന്‍ അനുകരണം ഒട്ടും കുറവല്ല. ഇഖാമത്തുദ്ദീനിന്നുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയവര്‍ക്ക് ഓരോ ദിവസവും പുതിയ ട്രെന്‍ഡുകള്‍ക്ക് പിന്നില്‍ പായേണ്ടിവരുന്നതും അങ്ങനെയല്ലെങ്കില്‍ പഴഞ്ചനാകുമോ എന്ന ആശങ്കയില്‍ വീഴേണ്ടിവരുന്നതും ഇതുകൊണ്ടാണ്. പൊതുസമൂഹത്തോട് സമരസപ്പെടാനുള്ള ഈ അനിതര സാധാരണമായ ശ്രമങ്ങള്‍ വേട്ടയാടപ്പെടുമെന്ന ഭയംകൊണ്ടുമാത്രമല്ല. ഗുരുവിനെപ്പോലെത്തന്നെ ശിഷ്യന്മാരും പാശ്ചാത്യ മൂല്യങ്ങള്‍ക്ക് വശംവദരായിട്ടുണ്ടെന്ന് ഇതേക്കുറിച്ച് പഠിച്ചവര്‍ നിരീക്ഷിക്കുന്നു. ചുരുക്കത്തില്‍ പാശ്ചാത്യവാദത്തെ അകറ്റിനിര്‍ത്തേണ്ടതാണെന്ന പേരില്‍ പാശ്ചാത്യന്‍ മൂല്യങ്ങളെ ഇസ്‌ലാമിലേക്ക് വലിച്ചിഴച്ച് ലോകത്തൊരു മുസ്‌ലിമും പറയാന്‍ ധൈര്യപ്പെടാത്ത കണ്ടെത്തലുകളാണ് മൗദൂദി നടത്തിയത്. ഇവ മുസ്‌ലിം ലോകത്തിന്റെയും ആഗോളജനതയുടെയും സൈ്വര്യം കെടുത്തിയെന്നുമാത്രമല്ല, ഇസ്‌ലാമിക മൂല്യങ്ങളില്‍ മായം ചേര്‍ത്ത് അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം ഒരാളുടെ പുസ്തകവായനയുടെയും ജീവിത പങ്കാളിയുടെയും പ്രത്യാഘാതമായിരുന്നു.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login