പുതിയ സഹസ്രാബ്ദത്തിലേക്കുള്ള കാഴ്ചപ്പാടുകള്‍

പുതിയ സഹസ്രാബ്ദത്തിലേക്കുള്ള കാഴ്ചപ്പാടുകള്‍

ഇസ്‌ലാമും പുതിയ സഹസ്രാബ്ദവും എന്ന വിഷയം പറയുന്നതിനു മുമ്പ് രണ്ടുകാര്യങ്ങള്‍ ഓര്‍മിച്ചു വെക്കണം. ഒന്ന്, ഈ സഹസ്രാബ്ദം നമ്മുടെ സഹസ്രാബ്ദമല്ല. മിക്ക മുസ്‌ലിം രാഷ്ട്രങ്ങളും പിന്തുടരുന്നത് പോപ്പ് ഗ്രിഗറി രൂപകല്പന ചെയ്ത ക്രിസ്തീയ കലണ്ടറാണ്. പ്രതിലോമകരമായ പാശ്ചാത്യ സ്വാധീനത്തിന്റെ ഒരു ഉദാഹരണമാണിത്. രണ്ടാമത്തേത്, ഭാവിയെക്കുറിച്ച് വിശ്വസനീയമായി സംസാരിക്കാനുള്ള നമ്മുടെ ദീര്‍ഘവീക്ഷണ സാമര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. ഈ ലേഖനത്തിന്റെ അന്വേഷണ വിഷയവുമതാണ്.

അദൃശ്യ കാര്യമായതിനാല്‍ (ഗൈബ്) മതാനുസാരിയായി ഭാവിയെ അനുമാനിക്കാനാവുമോ എന്ന മതപരമായ ചോദ്യം ഇവിടെ ചര്‍ച്ചക്കെടുക്കണം. അല്ലാഹുവിന് മാത്രമാണ് ഗൈബറിയാനാവുക. അവന്റെ ഉദ്ദേശ്യമില്ലെങ്കില്‍ മനുഷ്യരാശിക്ക് രണ്ടായിരമാണ്ടിലേക്ക് കടക്കാനാവില്ല. പ്രപഞ്ചത്തെ തകര്‍ത്തെറിയാന്‍ അവന് എപ്പോഴുമാവും. ഒരുപക്ഷേ, ഖിയാമത്തുനാള്‍ നാളെ തന്നെ സംഭവിച്ചേക്കാം. ഇസ്‌ലാമിക ചരിത്രത്തില്‍ ഖിയാമത്തുനാളിനെ(അന്ത്യനാള്‍) കുറിച്ചുള്ള ആലോചനകള്‍ (Apocalyptic Expectations) പുതിയതൊന്നുമല്ല. ഇസ്‌ലാമിന്റെ മില്ലേനിയം തികഞ്ഞപ്പോഴും അത്തരം ചര്‍ച്ചകള്‍ സജീവമായിരുന്നു. ഹിജ്‌റ ആയിരം പിറക്കാനടുത്തപ്പോള്‍ ലോകാവസാനമായി തുടങ്ങിയിട്ടുണ്ടെന്ന് വാദിച്ച മുസ്‌ലിം സുഹൃത്തുക്കളെ തിരുത്തിയ പണ്ഡിതനാണ് ഇമാം സുയൂഥി(റ). മുത്തുനബിയുടെ ഉമ്മത്തിന്റെ കാലഗണന പരാമര്‍ശിക്കുന്ന ഹദീസുകളെ സസൂക്ഷ്മം പഠിച്ച്, വിലയിരുത്തി ലോകാവസാന ഭീതിയെ ഇല്ലാതാക്കുവാനാണ് ഇമാം ശ്രമിച്ചത്. ഇവ്വിഷയകമായി രചിച്ച കുതിയാണ് അല്‍കശ്ഫ് അന്‍ മുജാവസാതി ഹാദിഹില്‍ ഉമ്മത്തില്‍ അലിഫ്. ഹിജ്‌റ ഒന്നാം സഹസ്രാബ്ദം മാനുഷികചരിത്രത്തിന്റെ അവസാനമാണ് എന്ന വാദത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല. എങ്കിലും ലഭ്യമായ ഹദീസുകളെ അവലംബമാക്കി ഈസാനബിയുടെ പുനരവതരണത്തെയും ദജ്ജാലിന്റെ വരവിനെയും അറിയിക്കുന്ന സൂചനകള്‍ പതിനഞ്ചാം നൂറ്റാണ്ടോടു കൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുമെന്ന് സുയൂഥി ഇമാം പറഞ്ഞുവയക്കുന്നുണ്ട്.
ഒരു പ്രവചനമായിട്ട് ഈ ലേഖനത്തെ മനസിലാക്കരുത്. പകരം ലഭ്യമായ വിവരങ്ങളെ അവലംബമാക്കിയുള്ള ചില കണക്കുകൂട്ടലുകളാണീ കുറിപ്പ്. പ്രകൃതി ദുരന്തത്തിലൂടെയോ സംഹാര യുദ്ധങ്ങളിലൂടെയോ ലോകചരിത്രത്തെ ഒന്നടങ്കം മാറ്റിമറിക്കാനുള്ള പ്രാപ്തി അല്ലാഹുവിനുണ്ട്. എന്തെങ്കിലും നന്മക്കുവേണ്ടി ചരിത്രത്തെ അവസാനിപ്പിക്കുകയും ചെയ്യാം. വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കില്‍ എന്റെ നിരീക്ഷണങ്ങളെല്ലാം അസ്ഥാനത്തായി പോകും. ഒരര്‍ത്ഥത്തില്‍, മാറ്റമില്ലാതെ കുറച്ചുവര്‍ഷം അനുസ്യൂതം പ്രവഹിക്കാന്‍ സാധ്യതയുള്ള വര്‍ത്തമാന പ്രവണത (Present) യാണ് എന്റെ ലേഖനവിഷയം.
എന്തുകൊണ്ടാണ് ഇത്തരം പ്രവണതകളെ കുറിച്ചുള്ള ആലോചനകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത്? ഇരുപതാംനൂറ്റാണ്ട് കൊണ്ടുവന്ന മാറ്റങ്ങളോട് മുസ്‌ലിംകളുടെ പ്രതികരണം അത്ര ശുഭകരമായിരുന്നില്ലെന്ന ബോധ്യമാണ് ഇതിന്റെ മുഖ്യകാരണം. ഏതൊക്കെ മാറ്റമാണ് അനുപേക്ഷണീയം, ഏതൊക്കെയാണ് പ്രതിരോധിക്കപ്പെടേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രിന്റിംഗിന്റെ പേരില്‍ മുസ്‌ലിം ബൗദ്ധികലോകത്ത് നടന്ന സംവാദങ്ങള്‍ പരിശോധിക്കാം. പതിനെട്ടാം നൂറ്റാണ്ടുവരെ പണ്ഡിതന്മാര്‍ അഭിലഷണീയമായി കണ്ടിരുന്നില്ല. പരമ്പരാഗത കാലിഗ്രാഫിയും ബൈന്‍ഡിംഗും ഉപയോഗിച്ച് സാവധാനം, അവധാനതയോടെ നിര്‍മ്മിച്ചെടുക്കുന്ന കൃതികള്‍ക്ക്( പ്രത്യേകിച്ചും മതപരമായ വിഷയങ്ങള്‍ പരാമര്‍ശിക്കുന്നത്) ഏറെ പവിത്രത നല്‍കിയ കാലമായിരുന്നുവത്. പുതിയ രൂപത്തിലുള്ള പ്രിന്റിംഗ് കിതാബുകള്‍ ഇസ്‌ലാമിക ജ്ഞാനസമ്പാദന രീതിയുടെ മൂല്യം കുറയ്ക്കുകയും ആശയങ്ങള്‍ മനപ്പാഠമാക്കി വെക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് പണ്ഡിതന്മാര്‍ കരുതിയിരുന്നു. കൂടാതെ, അല്ലാഹുവിന്റെയും മറ്റു മഹത്തുക്കളുടെയും നാമമുള്‍ക്കൊണ്ട പേജുകള്‍ക്ക് മീതെ സ്റ്റാമ്പ് ചെയ്ത് അമര്‍ത്തുന്നത് കിതാബിനെ അനാദരിക്കലാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു.

ഇത്തരം ചിന്തകള്‍ക്കൊക്കെ ഒരു തീര്‍പ്പുണ്ടാവുന്നത് ഇബ്രാഹിം മുതഫരിക്ക(Ibrahim Muteferrika) എന്ന ഹംഗേറിയന്‍ പുതുമുസ്‌ലിമിന്റെ ഇടപെടലോടെയാണ്. ഒട്ടോമന്‍ ഖലീഫമാരുടെ അനുമതിയോടെ 1720 ല്‍ ഇസ്‌ലാമിലെ പ്രഥമ പ്രിന്റിംഗ് പ്രസ് ഇസ്താംബുളില്‍ അദ്ദേഹം സ്ഥാപിച്ചു. മതഗ്രന്ഥങ്ങള്‍ക്ക് പുറമെ, ശാസ്ത്രീയ വിഷയങ്ങള്‍ അച്ചടിക്കുകയും ചെയ്തു. ‘രിസാലേ ഇസ്‌ലാമിയ്യ’ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം തന്റെ മതപരിവര്‍ത്തന സാഹചര്യവും മതകീയ വിശ്വാസവും വിവരിക്കുന്നുണ്ട്. ഉസൂലില്‍ ഹികം ഫീ നിളാമില്‍ ഉമ്മ് എന്ന മറ്റൊരു ഗ്രന്ഥം ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഭരണപരമായ പിന്നോക്കാവസ്ഥയെ തുറന്നുകാട്ടുന്നതാണ്. മുസ്‌ലിം രാഷ്ട്രങ്ങളുടെ അതിജീവനത്തിന് യൂറോപ്പില്‍നിന്ന് സൈനിക സങ്കേതങ്ങളോടൊപ്പം ശാസ്ത്രീയ അറിവുകളും ഭരണനിര്‍വഹണ രീതികളും കടമെടുക്കണമെന്ന് ഒട്ടോമന്‍ ഭരണാധികാരികളെ അദ്ദേഹം ബോധ്യപ്പെടുത്തി. യൂറോപ്യന്‍ നാഗരികതയുടെ ഉദയം മുന്നില്‍ കണ്ട് അദ്ദേഹം നല്‍കിയ മുന്നറിയിപ്പുകളെ അംഗീകരിച്ചാണ്, ഇസ്‌ലാമിന്റെ മൗലികസ്വത്വത്തെ സംരക്ഷിച്ചുനിര്‍ത്തിയുള്ള ആധുനികവല്‍കരണത്തിന് ഓട്ടോമന്‍ സാമ്രാജ്യം മുന്നിട്ടിറങ്ങിയത്.

കാലഘട്ടത്തിന്റെ ആഗോളസ്പന്ദനത്തെപ്പറ്റി അവബോധമില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് നഷ്ടക്കച്ചവടമായിരിക്കുമെന്ന ദു:ഖസത്യത്തിലേക്കാണ് ഇബ്രാഹിം മുതഫരിക്കയുടെ ജീവിതം വിരല്‍ചൂണ്ടുന്നത്. ‘എന്റെ തന്നെ മുസ്‌ലിം അനുഭവ പരിസരത്ത് നിന്ന് നോക്കുമ്പോള്‍, താല്‍കാലികമായ രാഷ്ട്രീയ കലഹങ്ങള്‍ക്ക് ചുറ്റുമാണ് നമ്മുടെ ചിന്ത ചുറ്റിത്തിരിയുന്നത്. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് വളമിട്ട് കൊടുക്കുന്ന പ്രവണതകള്‍ നമ്മുടെ മനസിലേക്കേ കടന്നുവരാറില്ല. ഈ അജ്ഞത കാണുമ്പോള്‍ വല്ലാത്ത ആശ്ചര്യം. ആധുനിക സങ്കല്‍പങ്ങളുമായി എത്ര മുസ്‌ലിം നേതാക്കന്മാര്‍ക്ക് ഇടപെടാനാകും? ഘടനാവാദം ( structuralism), ഉത്തരാധുനികത ( post modernism) യഥാര്‍ത്ഥവാദം ( realism), വിശകലനാത്മക ഫിലോസഫി (analytical philosophy), നിരൂപക സിദ്ധാന്തം (critical theory) തുടങ്ങിയ സങ്കല്‍പ്പങ്ങളെ എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും അവര്‍ക്ക് സാധിക്കില്ല. ഇവയ്ക്കു പകരം, അന്താരാഷ്ട്ര സിയോണിസ്റ്റ് ഗൂഢാലോചന, ബഹായിസം, നവ കുരിശ് അധിനിവേശം എന്നിങ്ങനെയുള്ള സ്ഥിരം ഭാവനാത്മകമായ കുറെ ക്ലീഷേക്കു ചുറ്റും അവരുടെ ചിന്ത ചിതറിക്കിടക്കുകയാണ്. ആധുനികലോകത്തെ ഇസ്‌ലാമികരാഷ്ട്ര സംവിധാനത്തിന്റെ മുന്നുപാധിയായി ( Pre – Condition) മനസിലാക്കാത്തതിനാലാണ് ഇസ്‌ലാമിക് മൂവ്‌മെന്റുകള്‍ പരാജയപ്പെട്ടു പോകുന്നത്.’

ചുറ്റുപാടുകളെ അറിയുക
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്രാഹിം മുതഫരിക പ്രവര്‍ത്തിച്ചതുപോലെ, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലം പാലിക്കാതെ, വേണ്ടവിധം താദാത്മ്യപ്പെടുന്ന വിഷയത്തില്‍ നാം അതീവ ജാഗ്രത പുലര്‍ത്തണം. ബെല്‍ഫാസ്റ്റില്‍ ( Belfast) മസ്ജിദ് കാണാവുന്നത് പോലെ മക്കയില്‍ മക്‌ഡൊണാള്‍ഡിന്റെ സ്ഥാപനം കാണാനാവുന്ന തരത്തില്‍ ഒറ്റലോകത്തിനും ഏകസംസ്‌കാരത്തിനും ( Mono Culture) പ്രാമുഖ്യമുള്ള കാലമാണിത്. ഒരുപക്ഷേ നമ്മുടെ വിശ്വാസത്തിലും കാഴ്ചപ്പാടിലും നമുക്ക് ആത്മവിശ്വാസം ഉണ്ടായേക്കാം. എന്നാല്‍ യുവതലമുറയില്‍ പെട്ട മുസ്‌ലിംകളുടെ അവസ്ഥ അങ്ങനെയാണോ? വെസ്റ്റിനെ പിടിച്ചുകുലുക്കിയ ഉത്തരാധുനികതാവാദവും ഘടനാനന്തര സിദ്ധാന്തങ്ങളുമാണ് അവരുടെ മസ്തിഷ്‌കങ്ങളെ മഥിച്ചുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറിന്റെ ആശയോപാധികള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മുസ്‌ലിം നേതാക്കളോട് പറയുമ്പോള്‍ അവര്‍ക്ക് അതിന് സാധിക്കാതെ വരുന്നു. അങ്ങനെ യുവതലമുറയുടെ ജീവിതം സംശയത്താല്‍ ദുരൂഹമായിത്തീരുന്നു. ഇസ്‌ലാമിന്റെ സാര്‍വ കാലികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബുദ്ധിശൂന്യമായവരേ മുസ്‌ലിം ആയി അവശേഷിക്കുകയുള്ളൂവെന്ന് സ്പഷ്ടം. അതിനാല്‍ നമുക്ക് ചുറ്റുമുള്ള പ്രക്രിയകളെ മനസിലാക്കല്‍ നമ്മുടെ ബാധ്യതയാണ് (ഫര്‍ള്). നിലവിലുള്ള പ്രവണതകളില്‍ സുപ്രധാനമായ മൂന്ന് കാര്യങ്ങളാണ് ഇവിടെ വിഷയീഭവിക്കുന്നത്; ജനസംഖ്യ, മതകീയ സാഹചര്യം, പരിസ്ഥിതി.

ജനസംഖ്യയും വിപ്ലവ ബോധവും
ആദ്യമായി ജനസംഖ്യയെക്കുറിച്ച് പറയാം. ജനസംഖ്യാ പ്രവണതയെ വിലയിരുത്തുന്ന അനേകം റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. പ്രകൃതിദുരന്തങ്ങളോ പകര്‍ച്ചവ്യാധികളോ ഇല്ലെങ്കില്‍ ഇത്തരം കണക്കുകൂട്ടലുകളെ അവലംബിക്കാവുന്നതുമാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഡി ബാരറ്റിന്റെ (D. Barret) വേള്‍ഡ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ ജനസംഖ്യാവിതരണത്തെ അവലോകനം ചെയ്യുന്നുണ്ട്. ‘1900 ല്‍ ലോകജനസംഖ്യയുടെ 24. 9% പാശ്ചാത്യ ക്രിസ്തീയരും 12. 4 % മുസ്‌ലികളുമായിരുന്നു. 1980ലെത്തിയപ്പോള്‍ ഇത് യഥാക്രമം 30% ഉം 16. 5% ആയിത്തീര്‍ന്നു. രണ്ടായിരത്തില്‍ എത്തിയപ്പോള്‍ ഇത് 29. 9, 19. 2 ശതമാനമായി മാറുകയുണ്ടായി. മറ്റുമതങ്ങളുടെ വളര്‍ച്ചാനിരക്കിലാവട്ടെ ഗണ്യമായ വര്‍ധനവ് സംഭവിച്ചിട്ടില്ല. അതേസമയം, 1970 മുതല്‍ നിരീശ്വരവാദികളുടെ എണ്ണം ക്രമേണ കുറഞ്ഞു വരികയാണുണ്ടായത്’. വളരെ പ്രസക്തമായ കണക്കുകളാണിവ. മുസ്‌ലിം ജനസംഖ്യയുടെ ശതമാനം ഈ നൂറ്റാണ്ടുകാലത്തിനുള്ളിലും കുതിച്ചുചാടുമെന്നുറപ്പാണ്. മതപരിവര്‍ത്തനത്തെക്കാളും പ്രത്യുല്പാദന രംഗത്തെ വര്‍ധനവാണ് മാറ്റം ത്വരിതഗതിയിലാക്കുന്നത്. അത്യന്തം ഇസ്‌ലാമോഫോബിക് ആയ സാമുവല്‍ ഹണ്ടിങ്ങ്ടണിന്റെ (Samuel p Huntington) നാഗരികതയുടെ സംഘട്ടനം (clash of Civilization) എന്ന പുസ്തകത്തിന്റെ പ്രവചനമിങ്ങനെ: ‘1980 ലോകജനതയുടെ 30 ശതമാനം ഉണ്ടായിരുന്ന ക്രിസ്തീയ മതത്തിന്റെ ജനസംഖ്യാനിരക്ക് ഇപ്പോള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നല്ല, 2025ടെ അവര്‍ ലോകജനസംഖ്യയുടെ ഏകദേശം 25 ശതമാനമായി ചുരുങ്ങാനും സാധ്യതയുണ്ട്. എന്നാല്‍ ഉയര്‍ന്ന ജനസംഖ്യ വളര്‍ച്ചാനിരക്കിന്റെ ഫലമായി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോക ജനസംഖ്യയുടെ ഇരുപത് ശതമാനവും മുസ്‌ലിംകളായിരിക്കും. ക്രൈസ്തവ ജനസംഖ്യയെ മറികടന്ന് 2025 ല്‍ ലോക ജനസംഖ്യയുടെ ഏകദേശം 30 ശതമാനം മുസ്‌ലിംകള്‍ കയ്യടക്കി വെക്കാനുള്ള സാധ്യത അതിവിദൂരത്തൊന്നുമല്ല’.
ഈ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വ്യക്തം. അമേരിക്കയിലും യൂറോപ്പിലും വൃദ്ധജനവിഭാഗമാണ് കൂടിയ തോതിലുള്ളത്. പ്രായം കൂടിയവരുടെ ജനസംഖ്യാനിരക്ക് ആനുപാതികമായി കുറച്ചുകൊണ്ടുവരലാണ് യഥാര്‍ത്ഥത്തില്‍ ഈ സഹസ്രാബ്ദത്തിന്റെ ലക്ഷ്യം. എഴുപത് വയസിനുശേഷം ശരാശരി ആയുര്‍ദൈര്‍ഘ്യം നിലനിര്‍ത്തുവാനല്ലേ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. ഭീമമായ ചികിത്സാചെലവിനൊപ്പം പ്രായമേറിയ ജനവിഭാഗത്തിന്റെ വളര്‍ച്ച സാമൂഹിക സാമ്പത്തിക മേഖലക്കൊരു വെല്ലുവിളിയാണ്. എന്നാല്‍, വെസ്റ്റിന് സമാന്തരമായല്ല മുസ്‌ലിം ജനസംഖ്യാനിരക്ക്. ഉദാഹരണത്തിന് അള്‍ജീരിയന്‍ ജനസംഖ്യയുടെ പകുതിയിലധികവും ഇരുപത് വയസിനു താഴെയുള്ളവരാണ്. ഇതില്‍ നിന്നേറെ ഭിന്നമല്ല മറ്റു മുസ്‌ലിം രാഷ്ട്രങ്ങളുടെ അവസ്ഥ. കുറച്ചു കണക്കുകള്‍ പരിശോധിക്കാം. 1965-1990 കാലയളവിനിടയില്‍ മൊറോക്കോയിലെ മുസ്‌ലിം ജനസംഖ്യാനിരക്ക് 29. 8 മില്യണില്‍ നിന്ന് 59 മില്യനായി വര്‍ധിച്ചു. ഇതേ വര്‍ഷങ്ങളില്‍ തന്നെ ഈജിപ്തുകാരുടെ ജനസംഖ്യ 29. 4 മില്യനില്‍ നിന്നും 62. 4 മില്യണിലേക്ക് വളര്‍ന്നിട്ടുണ്ട്. താജികിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, എന്നീ മധ്യേഷ്യന്‍ രാഷ്ട്രങ്ങളുടെ 1970 നും 1993-നും ഇടയിലെ വാര്‍ഷിക ജനസംഖ്യവളര്‍ച്ചാനിരക്ക് യഥാക്രമം 2. 9 %, 2. 6%, 2. 5%, 1. 9% എന്ന രൂപത്തിലായിരുന്നു. സോവിയറ്റ് യൂണിയന്റെ ജനസംഖ്യ സന്തുലനത്തില്‍ വമ്പിച്ച മാറ്റമുളവാകുന്നത് 1970കള്‍ക്ക് ശേഷമാണ്. അവിടെ മുസ്‌ലിംകളുടെ എണ്ണം 24 ശതമാനം കൂടിയപ്പോള്‍ 6. 5 ശതമാനം വളര്‍ച്ച മാത്രമാണ് റഷ്യക്കാരിലുണ്ടായത്. സോവിയറ്റ് യൂണിയന്റെ പതനത്തിലേക്കും ജനസംഖ്യ ഭേദം കാരണമായിട്ടുണ്ട്. താത്താറുകളും ബാഷ്‌കീറുകളും മറ്റു കുടിയേറ്റക്കാരായ മുസ്‌ലിംകളും കൂടുതലായി അധിവസിച്ചിരുന്ന പ്രദേശമാണ് റഷ്യ.

മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ പറയത്തക്ക സ്വാധീനമുണ്ടാക്കിയെടുക്കാന്‍ മുസ്‌ലിംകളുടെ കേന്ദ്ര പ്രദേശങ്ങളിലുള്ള വളര്‍ച്ചാനിരക്കിന് കഴിയുമെന്നാണ് ഈ കണക്കുകളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. താന്‍സാനിയ, മാസിഡോണിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ കുറഞ്ഞ കാലപരിധിക്കുള്ളില്‍ തന്നെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാവാനിടയുണ്ട്. 1972ലും 1990 നുമിടയില്‍ യുഎസിലെ മുസ്‌ലിം ജനസംഖ്യ ആറിരട്ടി ആയാണ് വര്‍ധിച്ചത് (പ്രധാനമായും കുടിയേറ്റത്തിലൂടെ). കുടിയേറ്റക്കാരെ അടിച്ചമര്‍ത്തുന്ന രാഷ്ട്രങ്ങളില്‍പോലും വളര്‍ച്ച ശീഘ്രവേഗത്തില്‍ ക്രമപ്രവൃദ്ധമായികൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ ജനിച്ചവരുടെ ഏഴ് ശതമാനവും മുസ്‌ലിംകളായിരുന്നു എന്ന വസ്തുത ചേര്‍ത്ത് വായിക്കുക. കൂടാതെ, മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും രണ്ടാമത്തെ മതവിഭാഗമാണ് ഇസ്‌ലാം.

ഈ ആഗോള പരിണാമത്തിന്റെ പ്രസക്തിയെന്താണ്? എന്തെങ്കിലും പരിണിതഫലത്തിന്റെ മുന്നറിയിപ്പാണോ ഇത്? സൗബാന്‍ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇവിടെ പ്രസ്താവ്യം: ‘മുസ്‌ലിംകള്‍ എണ്ണത്തില്‍ കൂടുതലാകുന്ന ഒരു ദിവസമുണ്ടാകും. പക്ഷേ, അന്ന് അവര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മാലിന്യം പോലെയായിരിക്കും’. അംഗബലത്തെ ആശ്രയിക്കുന്നതിനു തുല്യമായി സൈനിക വിജയങ്ങള്‍ ടെക്‌നോളജിയെ ആശ്രയിക്കുന്ന ഈ കാലത്ത് ആളുകളുടെ എണ്ണത്തിന് അധിക പ്രസക്തിയൊന്നുമില്ലെന്നത് വസ്തുതയാണ്. ‘ഏറ്റവും കൂടുതല്‍ സൈനികരുടെ സംഘത്തോടൊപ്പമാണ് ദൈവം’ എന്ന് നെപ്പോളിയന് പറയാമായിരുന്നു. പക്ഷേ ഒരൊറ്റ പുഷ് ബട്ടണ്‍ കൊണ്ട് ഒരായിരം സൈനികരെ നിശ്ശേഷം ഇല്ലാതാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലോകരാജ്യങ്ങളുടെ പക്കലുണ്ട്. ഗള്‍ഫ് യുദ്ധ സമയത്ത് സദ്ദാം ഹുസൈന്റെ ഇടപെടലുകളില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാകും. മുസ്‌ലിം ജനസംഖ്യയുടെ വര്‍ധനവ് ഉപകാരശൂന്യമാണ് എന്നല്ല ഇതിന്റെ വിവക്ഷ. അംഗബലം ഒരു സുരക്ഷാകവചമാണല്ലോ. ജനങ്ങളുടെ മനോധൈര്യവും ഏറെ പ്രധാനപ്പെട്ടതാണ്. അന്തര്‍മുഖരായ വൃദ്ധജനങ്ങള്‍ക്ക് വിപരീതമായി യുവതലമുറയാണ് ഊര്‍ജം പ്രസരിപ്പിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്നത്. യുവജനതയെക്കൊണ്ട് സമ്പന്നമായ മുസ്‌ലിം ലോകത്തിന് മീതെയാണ് പുതിയ സഹസ്രാബ്ദത്തിന്റെ ഉദയം. കൂടാതെ ജനസംഖ്യയിലധികവും നഗരവാസികളും. നാഗരിക പരിതസ്ഥിതികളാണ് എക്കാലത്തും അരക്ഷിതാവസ്ഥക്കും പരിഷ്‌കരണത്തിനും ക്രമക്കേടിനും വികസനത്തിനും മണ്ണൊരുക്കി കൊടുത്തിരുന്നത്. പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണത്തിലേക്ക് യൂറോപ്പിനെ പ്രചോദിപ്പിച്ചത് പതിനാറാം നൂറ്റാണ്ടിലെ ജര്‍മ്മനിയിലുണ്ടായ യുവതലമുറയുടെ ആധിക്യമാണ്. അതുപോലെ തന്നെയാണ് 1930കളില്‍ മധ്യ യൂറോപ്പില്‍ ഫാഷിസം ശക്തിപ്പെട്ടുവന്നതും. 16 -17 നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്ത് നടന്ന ജലാലി കലാപവും മേല്‍ പറഞ്ഞതിനെ സാധൂകരിക്കുന്നുണ്ട്. ഇസ്‌ലാമിക റിവൈവലുകളുടെ അവസ്ഥയും വ്യത്യാസമല്ല. മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് ആദ്യമായി യുവജനതയുടെ ജനസംഖ്യവര്‍ധനവ് സംഭവിച്ചത് ഇറാനിലാണ്(1970 ല്‍ ജനസംഖ്യയുടെ ഏകദേശം 22%). 1979 ല്‍ അവിടെ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇതര രാഷ്ട്രങ്ങളില്‍ പിന്നീടാണ് ആനുപാതിക വളര്‍ച്ച കാണപ്പെടുന്നത്.

ജനസംഖ്യയില്‍ പ്രകടമാവുന്ന വേഗത്തിലുള്ള വളര്‍ച്ച പല രാഷ്ട്രങ്ങളുടെയും നിയന്ത്രണാധികാരത്തെ സാരമായി ബാധിക്കാറുണ്ട്. കൈറോയിലെയും അള്‍ജീരിയയിലെയും ഗവണ്‍മെന്റുകള്‍ കലാപരൂക്ഷിതമായ സാഹചര്യങ്ങള്‍ നേരത്തെ അനുഭവിച്ചവരാണ്. പുതിയ സഹസ്രാബ്ദത്തെ സംബന്ധിച്ച് സാധ്യമായ പ്രഥമ സങ്കല്പമാണിത്. പ്രായാധിക്യമേറിയ സ്ഥിര ജനസംഖ്യാനിരക്കിന്റെ ഫലമായി വെസ്റ്റിന്റെ രാഷ്ട്രീയ അവസ്ഥ മന്ദഗതിയിലാവുമ്പോള്‍, ജനസംഖ്യ വിസ്‌ഫോടനവും തുടര്‍ന്നുവരുന്ന വ്യവസ്ഥാപിത ഭരണകൂടത്തിനെതിരെയുള്ള റാഡിക്കലുകളുടെ ഉപരോധ ഇടപെടലുകളുമായി മുസ്‌ലിംലോകം പുതിയ സഹസ്രാബ്ദത്തെ ചലനാത്മകമാക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ജനകീയ വിപ്ലവങ്ങള്‍ക്ക് മുമ്പില്‍ ഭരണകൂടങ്ങള്‍ക്ക് അതിജീവിക്കാനാവുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. പൂര്‍വ്വാധുനികകാലത്ത് കര്‍ഷകര്‍ മനുഷ്യ ശക്തി ഉപയോഗിച്ച് രാജാവിന്റെ സൈന്യത്തെ തുരത്തിയോടിച്ചിരുന്നു. പക്ഷേ ഇന്ന് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ മിലിറ്ററിക്ക് ഉന്നതനിലവാരമുള്ള ടെക്‌നോളജി മാത്രം മതിയാകും. പണം ചെലവഴിച്ചാല്‍ ഏത് വിപ്ലവത്തെയും ചാരമാക്കാം. ചുരുങ്ങിയ വിലയില്‍ ലഭ്യമാവുന്നതിനാല്‍ സബ്‌സിഡി നിരക്കില്‍ മൂന്നാം ലോകത്തെ പടിഞ്ഞാറിന്റെ പിണിയാളുകളിലേക്ക് ടെക്‌നോളജികള്‍ വിതരണം ചെയ്യുന്നുണ്ട്. ടെക്‌നോളജിയുടെ വികാസത്തോടെ ഏതുതരം വിമതസ്വരത്തെയും ( പട്ടാളത്തിന്റെ സഹായമുള്ളതൊഴിച്ച്) ഭരണകൂടങ്ങള്‍ക്ക് നിശബ്ദമാക്കാനാവും. ഇറാനിലെ ഷാഹ് സ്ഥാനഭ്രഷ്ടനായത് തെരുവിലരങ്ങേറിയ പ്രതിഷേധത്തിന്റെ ആര്‍ത്തിരമ്പല്‍ കാരണമായല്ല; സൈന്യം അദ്ദേഹത്തിനെതിരെ നീങ്ങിയത് കൊണ്ടാണ്. എന്നാല്‍, അള്‍ജീരിയയില്‍ സായുധസംഘത്തിന്റെ പിന്തുണയില്ലാതെ ആധുനിക രാഷ്ട്രത്തെ തകര്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് തീവ്രവാദികളെ മുന്നോട്ടുനയിച്ചത്.

മുഹമ്മദ് ഇ കെ നെല്ലിക്കുത്ത്‌

You must be logged in to post a comment Login