‘തൗഹീദ്’ ഭൂരിപക്ഷ മുസ്‌ലിംകളുടെ ജീവനെടുക്കുമ്പോള്‍

‘തൗഹീദ്’ ഭൂരിപക്ഷ മുസ്‌ലിംകളുടെ ജീവനെടുക്കുമ്പോള്‍

2018 ഏപ്രില്‍ 19ന് ന്യൂയോര്‍ക് ടൈംസിന്റെ ഓണ്‍ലൈന്‍ പതിപ്പ് അക്കാലത്ത് ഐസിസില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂഹുദൈഫ എന്ന ചെറുപ്പക്കാരനുമായി നടത്തിയ നീണ്ട സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ആദ്യമായി ചേരുമ്പോള്‍ തന്നെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്നു ഇയാള്‍ നിഷ്‌കളങ്കമായി വെളിപ്പെടുത്തുന്നുണ്ട്. ഒന്ന്, തൗഹീദുല്‍ ഹാകിമിയ്യ. രണ്ട്, കുഫ്ര്‍. മൂന്ന്, അല്‍വലാ വല്‍ബറാ അഥവാ യഥാര്‍ത്ഥ മുസ്‌ലിംകളെ (വഹാബിസത്തെ അംഗീകരിക്കുന്നവരെ എന്നര്‍ത്ഥം) മാത്രമേ സുഹൃത്തായി സ്വീകരിക്കാവൂ.

ഇത് വഹാബിസത്തിന്റെ അല്ലെങ്കില്‍ ഐസിസിന്റെ മാത്രം പ്രത്യേകതയല്ലെന്നാണ് ചരിത്രവും വര്‍ത്തമാനവും. മുസ്‌ലിം സമൂഹത്തിന്നിടയില്‍ ആവിര്‍ഭവിച്ച മുഴുവന്‍ തീവ്രവാദി പ്രസ്ഥാനങ്ങളും തൗഹീദിനെയാണ് ആക്രമണങ്ങള്‍ക്ക് സാധൂകരണമായി ഉപയോഗിച്ചത്. മൂന്നാം ഖലീഫ ഉസ്മാന്റെ(റ) കൊലപാതകത്തെ ന്യായീകരിച്ചതും അലിയുടെ(റ) കാലഘട്ടത്തിലും തുടര്‍ന്നുമുണ്ടായ മുഴുവന്‍ രക്തരൂഷിത കലാപങ്ങള്‍ക്കുമെല്ലാം ന്യായങ്ങളായി നിരത്തിയത് തൗഹീദും ശിര്‍ക്കും പോലുള്ള അതിശക്തമായ മതസംജ്ഞകള്‍ തന്നെ. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം മാത്രമെന്നാണ് ഖവാരിജുകള്‍ പറഞ്ഞത്. അലിയെ(റ) താഴെയിറക്കാനായി നിര്‍മിച്ചെടുത്ത രാഷ്ട്രീയ പ്രേരിതമായ സിദ്ധാന്തമായിരുന്നു ഇത്. മനുഷ്യന്റെ/ സൃഷ്ടിയുടെ ഭരണമംഗീകരിക്കുന്നത് തൗഹീദിന് വിരുദ്ധമാണെന്ന് ഇത്തരക്കാര്‍ വാദിച്ചു. ദൈവേതര ഭരണത്തിന് വഴിപ്പെടുന്നവരെ മുശ്‌രികുകളും കൊല്ലപ്പെടേണ്ടവരുമായി വിധിയെഴുതി. പതിനെട്ടാം നൂറ്റാണ്ടില്‍ രംഗത്തുവന്ന ഇബ്‌നു അബ്ദുല്‍വഹാബും പതിനായിരങ്ങളെ കൊന്നൊടുക്കാന്‍ ന്യായം പറഞ്ഞത് തൗഹീദും ദൈവപ്രീതിയുമായിരുന്നു. സഊദി അറേബ്യയുടെ ഭരണം പിടിച്ചടക്കാനും നേതൃനിരയിലേക്ക് ഉയര്‍ന്നുവരാനും തന്നെ അംഗീകരിക്കാത്തവരെയെല്ലാം തൗഹീദിന്റെ വിധ്വംസകരായി ചിത്രീകരിക്കാന്‍ ഈ ‘പരിഷ്‌കര്‍ത്താവ്’ ഉത്സാഹിച്ചു.
ഇബ്‌നു അബ്ദുല്‍വഹാബിന്റെ ആദ്യ രചന തന്നെ ‘അത്തൗഹീദ്’ ആയിരുന്നു. ഒരു നാടിനെ തല്ലിത്തകര്‍ക്കാനും ഭരണം അട്ടിമറിക്കാനും ഈ പുസ്തകത്തിലെ പുതിയ തൗഹീദിന് സാധിച്ചു. മുസ്‌ലിം സമൂഹം കണ്ട ഏറ്റവും വലിയ ആഭ്യന്തര കൊലപാതകങ്ങള്‍ക്കും ചരിത്രശേഷിപ്പുകളുടെ കൂട്ടനശീകരണത്തിനും ഈ തൗഹീദ് പുസ്തകം വഴിവെച്ചു. നൂറ്റാണ്ടുകളായി ഭീകരതക്ക് മാനിഫെസ്റ്റോയായി വര്‍ത്തിക്കുന്നതും മുസ്‌ലിം സമൂഹം ഇന്നും തൗഹീദ്/ ശിര്‍ക് ദ്വന്ദം തിരിഞ്ഞ് തലതല്ലിക്കീറുന്നതും ഈയൊരു രചനയുടെ പിന്‍ബലത്തില്‍ തന്നെ. ലോകമുസ്‌ലിംകള്‍ക്കൊരു ഖലീഫ വേണമെന്ന് ശഠിച്ച ഇബ്‌നു അബ്ദുല്‍വഹാബ് പക്ഷേ അക്കാലഘട്ടത്തിലെ മുസ്‌ലിം ഖിലാഫത്തിനെ/ തുര്‍ക്കിയിലെ ഖലീഫയെ അംഗീകരിക്കാന്‍ തയാറായതുമില്ല. കാരണം വ്യക്തമാണ്. തന്റെ രാഷ്ട്രീയ ഇംഗിതം ഇതിലൂടെ പ്രാപ്തമാവില്ല. മുസ്‌ലിം ലോകത്തിന്റെ സിരാകേന്ദ്രങ്ങളായ മക്കയിലും മദീനയിലും രാഷ്ട്രീയാധീശത്വം ലഭിക്കുകവഴി മുസ്‌ലിം ലോകം മൊത്തം തന്റെ കാല്‍ക്കീഴില്‍ വരുമെന്ന് വിചാരിച്ച വഹാബിന്റെ ആഗ്രഹങ്ങള്‍ പൂവണിഞ്ഞില്ലെങ്കിലും സമൂഹത്തെ നെടുകെ പിളര്‍ക്കാന്‍ കഴിഞ്ഞു.
From Paper State to Caliphate: The Ideology of the Islamic State എന്ന 48 പേജുകളുള്ള അനാലിറ്റിക്കല്‍ പേപ്പറില്‍ Cole Bunzel ഐസിസ് ഭീകരവാദികള്‍ വഹാബിയന്‍ തൗഹീദിനെ ഉപയോഗപ്പെടുത്തിയ വിധം വിശദീകരിക്കുന്നുണ്ട്. 2006ല്‍ രൂപീകൃതമായ ഐസിസ് നീണ്ട എട്ടുവര്‍ഷക്കാലം സിറിയയിലും ഇറാഖിലും ഖിലാഫതല്ല പ്രസംഗിച്ചതും പ്രചരിപ്പിച്ചതും. ഇബ്‌നു അബ്ദുല്‍വഹാബിന്റെ അത്തൗഹീദ് എന്ന പുസ്തകമായിരുന്നു. തദടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്ക് കണ്ടെത്തുകയും അതിന്റെ ശിക്ഷ നടപ്പിലാക്കുകയുമായിരുന്നു. ഐസിസ് ആദ്യകാലത്ത് ലക്ഷ്യമായി പരിചയപ്പെടുത്തിയത് തൗഹീദിന്റെ സംസ്ഥാപനമായിരുന്നുവെന്ന് സഊദി വിചക്ഷണനായ ഫുആദ് ഇബ്‌റാഹിം വെളിപ്പെടുത്തുന്നുണ്ട്. Cole Bunzel തന്നെ തന്റെ പേപ്പറിന്റെ ഒമ്പതുമുതല്‍ പതിനൊന്നുവരെയുള്ള പേജുകള്‍ വഹാബും തൗഹീദും ഐസിസിന് എത്രമാത്രം പ്രിയമായിരുന്നുവെന്ന് തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആദ്യകാല നേതാക്കളായ അബൂ ഉമര്‍ അല്‍ബഗ്ദാദി, അബൂ ഹംസ അല്‍മുഹാജിര്‍ തുടങ്ങിയവര്‍ പൂര്‍ണമായും സലഫി ആശയഗതിക്കാരായിരുന്നു. വഹാബി അടിസ്ഥാനാശായങ്ങളാണ് അവര്‍ വിശ്വസിച്ചുപോന്നത്. നിലവില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഔദ്യോഗിക പ്രഭാഷകനായ അബൂമുഹമ്മദ് അല്‍അദ്‌നാനിയും ഇബ്‌നു അബ്ദുല്‍വഹാബിനെയാണ് ജിഹാദികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത്. വഹാബി ആശയങ്ങള്‍ പരസ്യപ്പെടുത്തി ഓടുന്ന വാനുകള്‍ സിറിയയുടെ ഗ്രാമപ്രദേശങ്ങളില്‍ കാണാം. അല്ലാഹുവിന്റെ വിധിവിലക്കുകളെ മാത്രമേ അംഗീകരിക്കാവൂ എന്നും അതിനു വഴങ്ങാത്തവരെയെല്ലാം നിരുപാധികം കൊല്ലണമെന്നും ഭൂരിഭാഗം ജിഹാദികളും വിശ്വസിച്ചു. പ്രാചീന സലഫി ആശയങ്ങളായിരുന്നു ഇതിന്നവര്‍ക്ക് പ്രചോദനം. മുസ്‌ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികളെയെല്ലാം അവിശ്വാസികളും വഞ്ചകരും കള്ളന്മാരുമാക്കിയ ഐ എസ് സ്ഥാപകന്‍ ബഗ്ദാദി മുസ്‌ലിം രാഷ്ട്രീയങ്ങളുമായി യുദ്ധം ചെയ്യല്‍ കുരിശുയുദ്ധത്തെക്കാളും പുണ്യമായികണ്ടു. വഹാബി ആശയപ്രകാരം ശിര്‍ക്ക് എവിടെ കണ്ടാലും ജിഹാദ് ചെയ്യാം. ഇതുതന്നെയാണ് ഐ എസ് ചിന്താധാരയും. ബഗ്ദാദിയുടെ 2007ലെ പ്രഭാഷണത്തില്‍ ശിര്‍ക്ക് ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതുവരെ യുദ്ധം ചെയ്യണമെന്ന ആഹ്വാനം നല്‍കുന്നു. അവിശ്വാസം ചാര്‍ത്തി മുസ്‌ലിംകളെ തലവെട്ടുന്നതും കൊന്നൊടുക്കുന്നതും മറ്റൊരു തീവ്രവാദ ഗ്രൂപ്പായ അല്‍ഖാഇദയുടെ ആചാര്യന്മാര്‍ക്ക് ഇഷ്ടമില്ലെങ്കിലും ഐ എസ് അത് സ്വീകരിച്ചത് സ്വന്തമായി ചില സലഫി വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചാണ്. ബിന്‍ അലി എന്ന പണ്ഡിതനാണ് ഇത്തരം ക്രൂരതകള്‍ക്ക് ഫത്‌വ നല്‍കുന്നത്. അല്‍ഖാഇദാ പണ്ഡിതന്മാരുടെ എതിര്‍പ്പിനെ ഇയാള്‍ ഉപമിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെ വഹാബി ചിന്തകളെ എതിര്‍ത്ത പണ്ഡിതരോടായിരുന്നു. അഥവാ ഇത്തരം ക്രൂരതകള്‍ വഹാബിസത്തിന്റെ അനിവാര്യതയായി അദ്ദേഹം കണ്ടു.
രാഷ്ട്രീയ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും തൗഹീദും ശിര്‍ക്കും ഇത്രമാത്രം പ്രിയതരമാകുന്നതിനൊരു കാരണമുണ്ട്. ഇവരുടെ പ്രധാന കയ്യാളുകള്‍ മനസ്സമാധാനം നഷ്ടപ്പെട്ട തൊഴിലില്ലാത്ത ഒരുകൂട്ടം യുവാക്കളാണ്. മുസ്‌ലിം സമൂഹം കാലാകാലങ്ങളായി മനസ്സമാധാനത്തിനും സാമൂഹികൈക്യത്തിനും സ്വത്വാവിഷ്‌കാരത്തിനും ഉപയോഗപ്പെടുത്തിയിരുന്ന മജ്‌ലിസുകളെയും മഹദ്‌സന്നിധികളെയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളെയും ശിര്‍ക്കിന്റെ ഗണത്തില്‍പെടുത്തി നശിപ്പിച്ചാല്‍ മാത്രം മനസ്സമാധാനം കിട്ടുന്ന ഒരു വിഭാഗമാക്കി ഈ തൊഴിലില്ലാ പടയെ അവര്‍ വളര്‍ത്തി. കായികാഭ്യാസങ്ങളിലൂടെ ഇവരുടെ ചോരത്തിളപ്പേറ്റി. തൊഴിലില്ലാ പടക്ക് ജിഹാദ് ഒരു തൊഴിലും ആശ്വാസവുമായി വര്‍ത്തിച്ചു. ഇബ്‌നു അബ്ദുല്‍വഹാബ് സഊദി അറേബ്യയിലും അബൂബക്കര്‍ ബഗ്ദാദി ഇറാഖിലും ആദ്യം ചെയ്തത് മഖ്ബറകള്‍ പൊളിച്ചുമാറ്റുകയായിരുന്നുവല്ലോ. കോടിക്കണക്കിനാളുകളുടെ ആത്മീയശാന്തി തല്ലിക്കെടുത്തല്‍ തന്നെയായിരുന്നു ലക്ഷ്യം.

ഇബ്‌നു അബ്ദുല്‍വഹാബിന്റെ തൗഹീദിനെയും ശിര്‍ക്കിനെയും അതേപോലെ പകര്‍ത്തി അതിന്ന് രാഷ്ട്രീയ- സൈദ്ധാന്തിക നിറം പകര്‍ന്ന മൗദൂദി അതിലേക്ക് തൗഹീദുല്‍ ഹാകിമിയ്യ കൂടി ഉള്‍പ്പെടുത്തി. കണ്ടും കേട്ടും പരിചയമില്ലാത്ത കാര്യങ്ങളെ ശിര്‍ക്കിന്റെ ഗണത്തിലുള്‍പ്പെടുത്തിയ അദ്ദേഹം വഹാബികളെക്കാളും ശിര്‍ക്കിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. അതിലൂടെ കരിമ്പട്ടികയില്‍ ചേര്‍ക്കേണ്ട മുശ്‌രിക്കുകളുടെ എണ്ണം കൂട്ടി. സെക്കുലര്‍ ഗവണ്‍മെന്റിനു വഴിപ്പെടുന്നവരെ ശിര്‍ക്കിന്റെ ഗണത്തില്‍പെടുത്തിയ അദ്ദേഹം ലോകത്ത് ശരിയായ മുസ്‌ലിമിനെ കാണാന്‍ പ്രയാസപ്പെട്ടു. ‘താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെട്ടതാണ് ബിംബങ്ങള്‍, ദൈവേതര ഭരണകൂടങ്ങള്‍, അദൈവിക കോടതികള്‍, നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ'(ഇസ്‌ലാമിലെ ഇബാദത്ത്, ടി മുഹമ്മദ് സാഹിബ്, പേജ് 67. 1979).

അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ദീന്‍ എന്നാല്‍ സ്‌റ്റേറ്റ് ആണെന്ന് വരെ പറയേണ്ട സാഹചര്യമുണ്ടായി. ബാങ്കുവിളി അദ്ദേഹത്തിന് പട്ടാളക്കാരെ വിളിക്കുന്നതുപോലെ തോന്നി. ജുമുഅ പരേഡും നിസ്‌കാരം പട്ടാള ട്രൈനിംഗുമായി മാത്രമേ അദ്ദേഹത്തിന് തോന്നിയുള്ളൂ. ഇതൊരു മനശാസ്ത്രപരമായ പ്രശ്‌നമാകാം.
കേരളത്തിലെ മൗദൂദികള്‍ക്ക് മറ്റൊരു തൗഹീദാണെന്ന് നിനക്കുക വയ്യ. കാരണം ജമാഅത്തില്‍ ചേര്‍ന്നപ്പോള്‍ ഉള്ള സര്‍ക്കാര്‍ ജോലി തന്നെ രാജിവെച്ച ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതുന്നത് ശ്രദ്ധേയമാണ്: ”നമ്മുടെ നാട് അംഗീകരിച്ച രാഷ്ട്രീയവ്യവസ്ഥയില്‍ നിയമനമിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്. അഥവാ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്. അതിനാല്‍ ഇവിടെ നിലനില്‍ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്. അഥവാ ജാഹിലിയ്യത്താണ്”(പ്രബോധനം- 2006 മെയ് 20, പേജ് 29). മറ്റൊരു വാചകം ഇങ്ങനെയാണ്: ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കുകീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു(ജ:ഇ 27 വര്‍ഷം/ ഇലക്ഷന്‍ പ്രശ്‌നം).
ഉറുദു ഭാഷയറിയുന്ന മൗദൂദിയിലൂടെ മാത്രമേ തങ്ങളുടെ തൗഹീദും ജിഹാദീ ചിന്തകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വേരോടുകയുള്ളൂവെന്ന വിചാരം സഊദി വഹാബിസത്തിനും ഭരണകൂടത്തിനും ഉണ്ടായിരുന്നു. മതരാഷ്ട്രവാദവുമായി വന്ന മൗദൂദി അങ്ങനെയാണ് സഊദിയുടെ കണ്ണിലുണ്ണിയായി മാറുന്നത്. പണവും അധികാരവും സഊദിയില്‍നിന്നും കിട്ടുമെന്ന് കണ്ടതോടെ അഫ്ഗാന്‍ യുദ്ധത്തിലടക്കം മൗദൂദിസ്റ്റുകള്‍ ഇടപെട്ടു. മൗദൂദിയുടെ ‘വീക്‌നെസ്’ ശരിക്കും മനസിലാക്കിയ സഊദി അറേബ്യ മൗദൂദിക്ക് കിംഗ് ഫൈസല്‍ അവാര്‍ഡും സമ്മാനിച്ചു. അദ്ദേഹത്തിന്റെ അസിസ്റ്റന്റിനും അതേവര്‍ഷം തന്നെയാണ് ഇതേ അവാര്‍ഡ് നല്‍കുന്നതെന്ന് ഓര്‍ക്കുക. തുടര്‍ന്നങ്ങോട്ടാണ് മൗദൂദിക്ക് ഇബ്‌നു അബ്ദുല്‍വഹാബിന്റെ ഭീകര തൗഹീദ് തന്റെ കൂടി തൗഹീദാകുന്നത്. ഈ തൗഹീദുകളൊക്കെ ശിര്‍ക്കിന്റെ വ്യാപ്തി വര്‍ധിപ്പിച്ച് ഭൂരിപക്ഷം മുസ്‌ലിംകളെയും മുശ്‌രിക്കുകളാക്കുകയും അവരുടെ രക്തത്തിന്റെയും അഭിമാനത്തിന്റെയും പവിത്രത പുരോഹിതന്മാര്‍ പിന്‍വലിക്കുകയും ചെയ്തു. അതിനാല്‍ സാധ്യമായ ഏതുവഴിക്കും അവരെ ഇല്ലതാക്കാം. Cole Bunzel വിശദീകരിച്ചതുപോലെ കൊല്ലാനും കൊലവിളിക്കാനും ഈ സിദ്ധാന്തം എമ്പാടും മതിയായിരുന്നു.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login