ഹിന്ദു ദേശീയത ഇങ്ങനെയൊക്കെയാണ് ഇന്ത്യയെ മാറ്റുന്നത്

ഹിന്ദു ദേശീയത ഇങ്ങനെയൊക്കെയാണ് ഇന്ത്യയെ മാറ്റുന്നത്

ഇസ്രയേലി രാഷ്ട്രീയ നിരീക്ഷകനായ സമി സ്മൂഹ 2002ല്‍ വംശീയജനാധിപത്യത്തിന്റെ മാതൃക: ജൂതജനാധിപത്യരാജ്യമെന്ന നിലയില്‍ ഇസ്രയേല്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തില്‍ സ്മൂഹ വംശീയതയിലധിഷ്ഠിതമായ ജനാധിപത്യത്തെ, വിശാലമെങ്കിലും കൃത്യമായ മാനദണ്ഡങ്ങളാല്‍ നിര്‍വചിച്ചിട്ടുണ്ട്. അത് ആദ്യമായി വംശീയ ദേശീയതയുടെ ഉല്പന്നമാണ്. അധീശത്വവും വംശീയ അഹന്തയും ധ്വനിപ്പിക്കുന്ന ഭൂരിപക്ഷപ്രത്യയശാസ്ത്രമാണത്. വംശീയ രാഷ്ട്രത്തിന്റെ അതിജീവനത്തിനും അഖണ്ഠതയ്ക്കും ഭീഷണിയായി സങ്കല്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ തള്ളിക്കളയലും ഒഴിവാക്കലും ഈ സ്വത്വത്തിന്റെ ഭാഗമാണ്. പല രാജ്യങ്ങളും വംശീയ ജനാധിപത്യത്തിന്റെ പാതയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇത്തരം രാഷ്ട്രീയ വ്യവസ്ഥയുടെ മാതൃക ഇസ്രയേല്‍ തന്നെയാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വംശീയ ഇസ്രയേല്‍സ്വത്വത്തെയും പാര്‍ലമെന്ററി സംവിധാനത്തേയും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് ആ രാഷ്ട്രം. ദേശരാഷ്ട്രത്തിന്റെ ജൂതസ്വഭാവവും ന്യൂനപക്ഷങ്ങളുടെ (പ്രത്യേകിച്ചും ഫലസ്തീനികളുടെ) അവകാശങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങളുമാണ് ഈ നാണയത്തിന്റെ രണ്ടു വശങ്ങള്‍.

വംശീയ ജനാധിപത്യം രണ്ടു തട്ടുകളുള്ള പൗരത്വത്തെ സൂചിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷവംശീയത നിയമപരമായതും അല്ലാത്തതുമായ കൂടുതല്‍ അവകാശങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ കുറച്ചും. രാഷ്ട്രം ജൂതമതത്തെ അംഗീകരിക്കുന്നതു കൊണ്ടാണ് ഇസ്രയേലില്‍ ജൂതന്മാര്‍ക്ക് കൂടുതല്‍ അവകാശങ്ങളുള്ളത്. അതുകൊണ്ടു തന്നെ രാഷ്ട്രചിഹ്നങ്ങളെല്ലാം ജൂതവല്ക്കരിക്കപ്പെട്ടതാണ്. ഇസ്രയേലിന്റെ സ്ഥാനപ്പേരും കലണ്ടറും ആരാധനാ ദിവസങ്ങളും ആരാധനാസ്ഥലങ്ങളും വീരനായകന്മാരും പതാകയും ചിഹ്നവും ദേശീയഗാനവും സ്ഥലപ്പേരുകളും ആഘോഷങ്ങളുമെല്ലാം ജൂതമതത്തിലധിഷ്ഠിതമാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള വിവേചനത്തിലധികവും രഹസ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. ആനുകൂല്യങ്ങളുടെ വിതരണത്തിന് സൈനികസേവനം വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ജൂതന്മാരാണ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നത്. അറബികളാകട്ടെ സൈന്യത്തില്‍ വളരെക്കുറവാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന ആനുകൂല്യങ്ങളിലും ധനസഹായങ്ങളിലും അന്യായമായ വിവേചനങ്ങളുണ്ട്. മുസ്‌ലിംകള്‍ രാഷ്ട്രത്തോട് കൂറില്ലാത്തവരാണെന്ന പ്രചരണം ഈ വിവേചനങ്ങള്‍ക്ക് സാധുത നല്‍കുകയും ചെയ്യുന്നു. അവരുടെ ജനസംഖ്യയിലെ വര്‍ധനവ് രാഷ്ട്രസുരക്ഷയ്ക്കു തന്നെ ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നതും ഇതേ ലക്ഷ്യത്തോടു കൂടിത്തന്നെ.

നരേന്ദ്രമോഡിയുടെ കീഴില്‍ ഇന്ത്യ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ മാതൃകയുടെ നേര്‍ക്കാണ് നടന്നിട്ടുള്ളത്. ഇസ്രയേലിന്റെ മാതൃകയുമായി ഇന്ത്യന്‍ മാതൃകക്കുള്ള പ്രധാന വ്യത്യാസം വന്‍ നിയമ പരിഷ്‌കാരങ്ങളൊന്നും തന്നെ ഇക്കാര്യത്തില്‍ നടന്നിട്ടില്ല എന്നതാണ്. ഭരണഘടനയില്‍ ഇപ്പോഴും മതേതതത്വത്തിന്റെയും ബഹുമുഖസംസ്‌കാരങ്ങളുടെയും തുല്യമായ പൗരാവകാശങ്ങളുടെയും ആദര്‍ശങ്ങളുണ്ട്. വംശീയ ജനാധിപത്യത്തിന്റെ പ്രത്യക്ഷലക്ഷണങ്ങള്‍ അസന്നിഹിതമാണെങ്കിലും നിഗൂഢമായ ഭാവങ്ങള്‍ സര്‍വവ്യാപിയാണ്. നിയമനിര്‍മ്മാണസഭകളില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞതും ഹിന്ദു ദേശീയതയുടെ സാംസ്‌കാരിക പൊലീസുചമയലും ഇതിന് ഉദാഹരണങ്ങളാണ്. അതെല്ലാം പലപ്പോഴും നിയമപാലകരുടെ സഹായത്തോടെയുമാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രധാന ഇരകള്‍ മുസ്‌ലിംകളാണ്. അവരാണ് ഹിന്ദു ദേശീയതയുടെ പരമ്പരാഗതശത്രുക്കള്‍.
1947 മുതല്‍ മുസ്‌ലിംകള്‍ ഇന്ത്യയിലെ ചില സംവിധാനങ്ങളില്‍ നിന്ന് പുറത്താണ്. അതുകൊണ്ടാണ് രാഷ്ട്രീയചിന്തകനായ ഗുര്‍ഹര്‍പാല്‍ സിംഗ് ഇന്ത്യ തുടക്കം മുതലേ വംശീയജനാധിപത്യമാണെന്ന് നിരീക്ഷിച്ചത്. പക്ഷേ ഈ നിരീക്ഷണം പട്ടാളത്തെയും ഭരണസംവിധാനത്തെയും പൊലീസിനെയും കുറിച്ചു മാത്രമായിരുന്നു പ്രസക്തമായിരുന്നത്. നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം 1980 കള്‍ വരെ വ്യാപകമായ പ്രാദേശിക വ്യത്യാസങ്ങള്‍ മറി കടന്നും വര്‍ധിക്കുകയാണുണ്ടായത്. 1950 കളില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ മുസ്‌ലിം ഉദ്യോഗസ്ഥന്മാരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു. ജനസംഖ്യയിലുള്ള മുസ്‌ലിംകളുടെ പങ്ക് 2011ഓടെ 14.25 ആയപ്പോള്‍ പൊലീസ് സര്‍വീസിലെ മുസ്‌ലിംകളുടെ ശതമാനം മൂന്നായിച്ചുരുങ്ങി. ജമ്മുകശ്മീരിനെ കണക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ അത് 2.5 ശതമാനമായി ചുരുങ്ങുകയും ചെയ്തു.

ഈ അവസ്ഥയാണ് മറ്റേതു സമുദായത്തെക്കാളും മുസ്‌ലിംകളെ പൊലീസിനെ പേടിക്കുന്നവരാക്കുന്നത്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ അറുപത്തിനാലു ശതമാനം മുസ്‌ലിംകളും പൊലീസിനെ ഭയപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് തങ്ങള്‍ക്കെതിരെ വ്യാജ തീവ്രവാദക്കേസുകള്‍ ചമയ്ക്കുമെന്ന് അവര്‍ പേടിക്കുന്നുണ്ട്. നാഷണല്‍ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015 ലെ കണക്കനുസരിച്ച് ജയിലുകളില്‍ വിചാരണ കാത്തു കഴിയുന്ന തടവുകാരില്‍ 21 ശതമാനവും മുസ്‌ലിംകളാണ്. എന്നാല്‍ ശിക്ഷിക്കപ്പെട്ടവരില്‍ 15.8 ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്.
സ്വാതന്ത്ര്യലബ്ധി മുതല്‍ സൈന്യത്തിനുള്ളിലെ അവസ്ഥ ഇതിനേക്കാള്‍ ഗുരുതരമാണ്. വിഭജനത്തോടെ ഏതാണ്ടെല്ലാ മുസ്‌ലിം ഉദ്യോഗസ്ഥന്മാരും പാകിസ്ഥാനിലേക്കു പോയി. സൈന്യത്തിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം 32 ശതമാനത്തില്‍ നിന്ന് വെറും രണ്ടു ശതമാനത്തിലേക്ക് ഇടിഞ്ഞതില്‍ നെഹ്രു തന്നെ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ആ അവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കാത്തതിനെ വിമര്‍ശിച്ച് നെഹ്രു വിവിധ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

സൈന്യത്തില്‍ കേണലുമാര്‍ തുടങ്ങി മുകളിലേക്കുള്ള പദവികളില്‍ മുസ്‌ലിംകള്‍ ഒരു ശതമാനം പോലുമില്ല. ഇക്കാര്യത്തെ കുറിച്ച് അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തുറന്നടിച്ചു പറഞ്ഞു: ‘എല്ലായ്‌പ്പോഴും സംശയത്തിന്റെ നിഴലിലായതു കൊണ്ടാണ് സായുധസേനയില്‍ മുസ്‌ലിംകളെ ആവശ്യമില്ലാത്തത്. നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും മിക്കവാറും ഇന്ത്യക്കാര്‍ മുസ്‌ലിംകളെ പാക്കിസ്ഥാന്റെ അഞ്ചാംപത്തിയായിട്ടാണ് കാണുന്നത്.’ 1985 ല്‍ നടന്ന ഒരു അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്ത ഏതാണ്ടെല്ലാ ഹിന്ദുക്കളും സായുധസേനയില്‍ മുസ്‌ലിംകളെ ചേരാന്‍ അനുവദിക്കരുതെന്നു വിശ്വസിച്ചു.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും മുസ്‌ലിംകളുടെ പ്രാതിനിധ്യം ആവശ്യത്തില്‍ വളരെ കുറവാണ്. മുസ്‌ലിംകളുടെ അനുപാതം 2006 നും 2016നുമിടയ്ക്ക് 3 ശതമാനത്തില്‍ നിന്ന് 3.3 ശതമാനത്തിലേക്ക് നേരിയതായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മെച്ചപ്പെട്ട അവസ്ഥയേയല്ല. സിവില്‍ സര്‍വീസിലേക്കുള്ള പ്രവേശനപരീക്ഷ ജയിച്ച മുസ്‌ലിംകളുടെ അനുപാതം 2017 ല്‍ 5.1 ആയി വര്‍ധിച്ചെങ്കിലും 2018 ല്‍ 4.5 ആയി ചുരുങ്ങി. അത്തരം പ്രാതിനിധ്യക്കുറവിന്റെ കാരണങ്ങളിലൊന്ന് മുസ്‌ലിംകള്‍ ആ പരീക്ഷ എഴുതാത്തതുമാണ്. ആകെയുള്ള പരീക്ഷാര്‍ത്ഥികളില്‍ എട്ടു ശതമാനം മാത്രമാണ് മൂസ്‌ലിംകളുള്ളത്.
സിവില്‍ സര്‍വീസുകളിലെ മുസ്‌ലിംകളുടെ പ്രാതിനിധ്യം ഒരിക്കലും ഗണ്യമായിരുന്നില്ലെങ്കിലും അടുത്ത വര്‍ഷങ്ങള്‍ വരെ അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം വലുതായിരുന്നു. എന്നാല്‍ 1980 നും 2014 നുമിടയ്ക്ക് ലോകസഭയിലെ മുസ്‌ലിം അംഗങ്ങളുടെ എണ്ണം പാതിയേക്കാളധികം കുറഞ്ഞു. ബിജെപിയുടെ പ്രാതിനിധ്യം പാര്‍ലമെന്റില്‍ വര്‍ധിച്ചെങ്കിലും അവര്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ വിജയസാധ്യത കുറഞ്ഞ ഇടങ്ങളിലല്ലാതെ പരിഗണിക്കാത്തതാണ് ഈ പ്രവണതയുടെ പ്രധാനകാരണങ്ങളിലൊന്ന്.

2009ല്‍ ബിജെപി നാല് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. ഇവരില്‍ ഒരാള്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2014 ല്‍ 428 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഏഴുപേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍. അതായത് രണ്ടു ശതമാനത്തില്‍ താഴെ മാത്രം. അവരിലാരും തന്നെ തിരഞ്ഞെടുക്കപ്പെട്ടില്ല. അങ്ങിനെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭയിലെ ഭരണപാര്‍ട്ടിയില്‍ മുസ്‌ലിം പ്രാതിനിധ്യമുണ്ടായില്ല. ജനസംഖ്യയുടെ പതിനെട്ടു ശതമാനം മുസ്‌ലിംകളായ ഉത്തര്‍പ്രദേശില്‍ എണ്‍പതില്‍ എഴുപത്തിയൊന്നിടത്തും ബിജെപി ജയിച്ചെങ്കിലും ഒരൊറ്റ മുസ്‌ലിം എം പി പോലുമുണ്ടായിരുന്നില്ല. ഉത്തര്‍പ്രേദേശില്‍ 2009ല്‍ ആറു പേരും 2004 ല്‍ പത്തുപേരും മുസ്‌ലിം സമുദായത്തില്‍ നിന്ന് ലോകസഭയിലുണ്ടായിരുന്നു.

മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന ബിജെപിയുടെ തീരുമാനം പാര്‍ട്ടിയെ പൂര്‍ണമായും മുസ്‌ലിം വോട്ടുകളില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഉത്തര്‍പ്രദേശില്‍ 2017 ലെ സംസ്ഥാനതിരഞ്ഞെടുപ്പുകാലത്ത് ഒരു ബിജെപി നേതാവ് പത്രപ്രവര്‍ത്തകനായ പ്രശാന്ത് ഝായോട് പറഞ്ഞു:”എല്ലാവരും മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണ്. ഞങ്ങള്‍ ഹിന്ദുക്കളോട് പറഞ്ഞു-അവര്‍ ഒരുമിച്ചു നില്‍ക്കും. അങ്ങനെയെങ്കില്‍ നമ്മള്‍ എല്ലായ്‌പ്പോഴും വിഭജിച്ചു നില്‌ക്കേണ്ടതുണ്ടോ? ഹിസ്പാനിയക്കാരോ മുസ്‌ലിംകളോ അല്ല അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്നു തീരുമാനിക്കുന്നതെന്ന് ട്രംപ് കാണിച്ചു കൊടുത്തല്ലോ. വെള്ളക്കാരാണ് അതു തീരുമാനിക്കുന്നത്. അതു പോലെ ഉത്തര്‍പ്രദേശ് ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മുസ്‌ലിംകളല്ല,ഹിന്ദുക്കളാണ്. അവര്‍ നമ്മളെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ അവരെയും അവരുടെ പാര്‍ട്ടികളെയും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇതൊരു യുദ്ധമാണ്.”

ബിജെപി ഹിന്ദു വോട്ടുബാങ്കുണ്ടാക്കിയതോടെ മറ്റുള്ള പാര്‍ട്ടികളും മുസ്‌ലിംഭൂരിപക്ഷപ്രദേശങ്ങളിലല്ലാതെ മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥികളാക്കാതെയായി. കോണ്‍ഗ്രസിന്റെ കാര്യത്തിലാണ് ഈ തന്ത്രം ഏറ്റവും സ്പഷ്ടമായത്. മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് മുസ്‌ലിം വോട്ടു നേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നാണ് ബിജെപി നിരന്തരം കുറ്റപ്പെടുത്തിയിരുന്നത്. (എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ മുസ്‌ലിംകള്‍ക്ക് ദുരിതം മാത്രമാണുണ്ടായത്). 2009ല്‍ കോണ്‍ഗ്രസ് 31 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പിന്തുണച്ചത്. അവരില്‍ 11 പേര്‍ മാത്രമാണ് വിജയിച്ചത്. അഞ്ചു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ 462 സ്ഥാനാര്‍ത്ഥികളില്‍ 27 മുസ്‌ലിംകള്‍ മാത്രമാണുണ്ടായിരുന്നത്. അതായത് ആറുശതമാനത്തില്‍ താഴെ. മുസ്‌ലിം ഇതര പാര്‍ട്ടികളില്‍ രാഷ്ട്രീയ ജനതാദളും സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മു മാണ് ജനസഖ്യയിലെ മുസ്‌ലിംപങ്കിനെക്കാള്‍ വലിയ അനുപാതത്തില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. എന്നാല്‍ ഇവരില്‍ പലരും പാര്‍ട്ടി ദുര്‍ബ്ബലമായ പ്രദേശങ്ങളിലാണ് മത്സരിച്ചത്. ലോകസഭയില്‍ ആകെ പ്രതിനിധികളില്‍ നാലു ശതമാനം മാത്രമാണ് മുസ്‌ലിം എം പി മാരുള്ളത്.

ഈ കുറഞ്ഞ പ്രാതിനിധ്യം സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ കാര്യമായിത്തന്നെ പ്രതിഫലിച്ചു. 2014 ലെ മോഡി സര്‍ക്കാരില്‍ രണ്ടേ രണ്ട് മുസ്‌ലിം മന്ത്രിമാര്‍ മാത്രമാണുണ്ടായിരുന്നത്. അവരാകട്ടെ രാജ്യസഭാംഗങ്ങളുമായിരുന്നു. മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത എഴുതി: ‘ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും അധികാരത്തില്‍ നിന്ന് ഇത്രയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ന്യായമായും അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാം.’

ഈ അവസ്ഥയെ സംസ്ഥാനങ്ങളുടെ തലത്തിലും വിശകലനം ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍ ഒരൊറ്റ മുസ്‌ലിം മുഖ്യമന്ത്രി പോലുമില്ല. സംസ്ഥാനനിയമസഭകളിലെയും സര്‍ക്കാരുകളിലെയും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു വരികയാണ്. 2018 ജനുവരിയില്‍ സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 1418 ബിജെപി ക്കാരില്‍ നാലു പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. സംസ്ഥാന ബിജെപി സര്‍ക്കാരുകളില്‍-കൂട്ടുമന്ത്രിസഭകളെ പരിഗണിക്കാതെ-രണ്ടു മുസ്‌ലിംകള്‍ മാത്രമാണുള്ളത്. ഏറെക്കാലമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ്. ഗുജറാത്തില്‍ 2007ലും 2012ലും 2017 ലും ബിജെപി ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തിയില്ല. അടുത്തിടെ ബിജെപി പിടിച്ചെടുത്ത അസമിലാകട്ടെ 61 നിയമസഭാപ്രതിനിധികളില്‍ ഒരാള്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളത്.
അതുവരെ പ്രാദേശിക പാര്‍ട്ടി ഭരിച്ചുകൊണ്ടിരുന്ന ഒരു സംസ്ഥാനം ബിജെപി പിടിച്ചെടുക്കുമ്പോള്‍ മുസ്‌ലിം പ്രതിനിധികളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ ഈ അനുപാതം 2017ല്‍ 17 ശതമാനത്തില്‍ നിന്ന് 6 ശതമാനമായികുറഞ്ഞു. മുസ്‌ലിം പ്രാതിനിധ്യം ഉത്തര്‍പ്രദേശില്‍ ഉറപ്പിച്ചിരുന്നത് സമാജ് വാദി പാര്‍ട്ടിയുടെ വിജയമായിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഭരണക്കൈമാറ്റമുണ്ടാകുമ്പോഴും മുസ്‌ലിം പ്രാതിനിധ്യത്തില്‍ കുറവുണ്ടായിട്ടില്ല. അതിനു കാരണം കോണ്‍ഗ്രസ് ഒരിക്കലും ഏറെ മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാത്തതാണ്. ഹിന്ദു ദേശീയവാദികള്‍ക്ക് പരമ്പരാഗതമായി സ്വാധീനമുള്ള വടക്കേ ഇന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും കോണ്‍ഗ്രസ് മുസ്‌ലിംകളെ മത്സരിപ്പിക്കാറേയില്ല. മഹാരാഷ്ട്രയില്‍ ഏതു പാര്‍ട്ടി ജയിച്ചാലും മുസ്‌ലിംകളുടെ പ്രാതിനിധ്യം അഞ്ചു ശതമാനത്തില്‍ കവിയാറില്ല. സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ക്കുള്ള പങ്കിന്റെ പകുതിയാണിത്. ഗുജറാത്തില്‍ 1990ലും(ബിജെപി അധികാരത്തില്‍ വരുന്നതിനു മുമ്പ്) മുസ്‌ലിം നിയമസഭാപ്രതിനിധികള്‍ ഒരു ശതമാനത്തിലധികമുണ്ടായിരുന്നില്ല. മധ്യപ്രദേശിലും കര്‍ണാടകയിലും ഇതേ അവസ്ഥ തന്നെയാണുള്ളത്. എന്നാല്‍ രാജസ്ഥാനില്‍ 1990കള്‍ മുതല്‍-ഹിന്ദു ദേശീതയ്ക്ക് വളര്‍ച്ചയുണ്ടായിട്ടും- കോണ്‍ഗ്രസ് കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. മുസ്‌ലിം പ്രതിനിധികളുടെ പ്രാതിനിധ്യം വര്‍ധിക്കുന്ന ഒരേയൊരു സംസ്ഥാനം പശ്ചിമബംഗാള്‍ മാത്രമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയമാണ് അതിനു കാരണം.

പൊതുസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും വിവിധ മതവിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആസ്തികള്‍ വാങ്ങിക്കുന്നതില്‍ നിന്നും മുസ്‌ലിംകളെ ഹിന്ദുത്വശക്തികള്‍ തടയുന്നുണ്ട്. ഹിന്ദു ദേശീയവാദികള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് മുസ്‌ലിംകളെ തുടച്ചു മാറ്റാനും അതെല്ലാം അധീശമതത്തിന്റെ സ്ഥലങ്ങളാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പൊലീസില്‍ മുസ്‌ലിം പ്രാതിനിധ്യം കുറവാണെന്നത് ഇക്കാര്യത്തില്‍ ഹിന്ദു ദേശീയവാദികള്‍ക്ക് സഹായകമാണ്. തങ്ങളുടെ പ്രതിനിധികളെ പൊലീസിലേക്ക് കയറ്റാനുള്ള തീവ്രപരിശ്രമത്തിലാണെന്ന് ആര്‍ എസ് എസ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂടാതെ ഹിന്ദു തീവ്രവാദസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്യായമാണെങ്കിലും ഹിന്ദുഭൂരിപക്ഷത്തിന്റെ കണ്ണില്‍ അവര്‍ക്ക് നിയമസാധുതയുണ്ട്. അവര്‍ പൊതുജനപിന്തുണ നേടുകയും എതിരാളികളെ നിര്‍വീര്യരാക്കുകയും ചെയ്യുന്നത് അവര്‍ ഹിന്ദു തീവ്രവാദം പ്രചരിപ്പിക്കുന്നതു കൊണ്ടു മാത്രമല്ല,അവരുടെ സംഘടനാബലവും സമൂഹത്തിനുള്ളിലേക്കുള്ള നുഴഞ്ഞു കയറ്റവും അവരുടെ കയ്യിലുള്ള ആയുധങ്ങളും കാരണമാണ്.

ഈ മാറ്റങ്ങളെല്ലാം തന്നെ ഇന്ത്യയെ വംശീയ ജനാധിപത്യത്തിന്റെ പാതയിലൂടെയാണ് നയിക്കുന്നത്. ബിജെപി പ്രതിനിധിയായ സംഗീത് സോം ഇങ്ങനെ പറഞ്ഞു: ‘ഇത് ഹിന്ദുസ്ഥാനാണ്, ഇവിടെ ഏതു പാര്‍ട്ടിയാണു ഭരിക്കുന്നതെന്നത് പ്രസക്തമല്ല. ഒരു ജനാധിപത്യരാജ്യത്തില്‍ കാര്യങ്ങള്‍ നടക്കാനായി വേറെയും മാര്‍ഗങ്ങളുണ്ട്. ഞങ്ങള്‍ ധര്‍ണയും പ്രകടനങ്ങളും നടത്തുമെന്നും അത് ലഹളയ്ക്കു കാരണമാകുമെന്നും പൊലീസിനറിയാം. അവര്‍ ഞങ്ങളോട് സഹകരിക്കാന്‍ നിര്‍ബന്ധിതരാകും.’
ജനാധിപത്യം നിലനിര്‍ത്തുന്നതിലൂടെ രാജ്യത്തിന് അന്തര്‍ദേശീയ തലത്തില്‍ പെരുമ നിലനിര്‍ത്താമല്ലോ. അതുകൊണ്ടു തന്നെ ഭൂരിപക്ഷവാഴ്ചയെ ഹിന്ദു ദേശീയവാദികള്‍ പിന്തുണക്കുന്നുണ്ട്. ആ ഭൂരിപക്ഷം ഹിന്ദുത്വത്തിനു ലഭിച്ചാല്‍ അവര്‍ക്ക് അതില്‍ നിന്നുള്ള ഗുണഫലങ്ങള്‍ അനുഭവിക്കുകയുമാകാം. വംശീയ ജനാധിപത്യത്തിന്റെ ഉപജ്ഞാതാക്കളുടെ നിലപാടു തന്നെയാണിത്.

1995 ല്‍ നടന്ന ഒരു അഭിപ്രായവോട്ടെടുപ്പില്‍ 74.1 ശതമാനം ഇസ്രയേലി ജൂതന്മാരും അവര്‍ക്ക് അറബികളെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ടു. അറബികള്‍ക്ക് വോട്ടവകാശമോ സിവില്‍ സര്‍വീസുകളില്‍ അവസരമോ നല്‍കരുതെന്ന് അവര്‍ വാദിച്ചു. ജൂതരാജ്യത്തില്‍ കൂടുതല്‍ അവകാശധികാരങ്ങള്‍ ജൂതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്ക്! ആഴത്തില്‍ വിഭജിക്കപ്പെട്ട സമൂഹങ്ങളിലെ പ്രത്യേക തരം ജനാധിപത്യമായി മാറാനുള്ള സാധ്യത വംശീയ ജനാധിപത്യത്തിനുണ്ട്. വംശീയമായ തുടച്ചു മാറ്റലിനെക്കാള്‍, തള്ളിപ്പുറത്താക്കലിനെക്കാള്‍, ജനാധിപത്യേതര നടപടികളെക്കാള്‍ മികച്ചതാണ് സംഘര്‍ഷലഘൂകരണത്തിന് ഈ മാതൃക. രണ്ടാം കിടക്കാരായ പൗരന്മാരായി സ്വയം അംഗീകരിക്കാന്‍ ന്യൂനപക്ഷങ്ങളെ ഈ മാതൃക നിര്‍ബന്ധിതരാക്കും. ഇന്ത്യയില്‍ ഈ മാതൃക വ്യാപകമായ ഭരണഘടനാഭേദഗതികള്‍ക്ക് കാരണമാകും. പതിയെ ഹിന്ദുരാഷ്ട്രം ഗൂഢമായി ഇന്ത്യയില്‍ നിലവില്‍ വരും.

(അംഗന പി ചാറ്റര്‍ജി സമാഹരിക്കുന്ന മെജോറിറ്റേറിയന്‍ സ്റ്റേറ്റ്: ഹൗ ഹിന്ദു നാഷണലിസം ഈസ് ചേഞ്ചിംഗ് ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്ന്)

കടപ്പാട്: കാരവന്‍ മാഗസിന്‍

You must be logged in to post a comment Login