പോരാട്ടം ഹിന്ദുത്വയും മൃദുഹിന്ദുത്വയും തമ്മില്‍ മുസ്‌ലിംകള്‍ മാറിനില്‍ക്കണം

പോരാട്ടം ഹിന്ദുത്വയും മൃദുഹിന്ദുത്വയും തമ്മില്‍ മുസ്‌ലിംകള്‍ മാറിനില്‍ക്കണം

ഉജ്ജയിനിയില്‍ രാം ഘട്ടിന്റെ കല്‍പ്പടവിലിരിക്കുമ്പോഴാണ് ഒരു വയോധികന്‍ അടുത്തുവന്നത്. കാഴ്ചയില്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലെ തോന്നിച്ചു. സൗമ്യന്‍.
‘തെക്കുനിന്നാണോ?’ അയാള്‍ ചോദിച്ചു.
‘അതേ, കേരളം.’
‘കേരളത്തില്‍ മുസല്‍മാന്‍മാര്‍ കൂടുതലാണെന്നു പറയുന്നത് ശരിയാണോ?’ അയാള്‍ ശബ്ദം താഴ്ത്തി.
‘മധ്യപ്രദേശുമായി നോക്കുമ്പോള്‍ കൂടുതലാണ്.’
‘അതല്ല. അവിടെ മുസ്‌ലിംകള്‍ ഹിന്ദുക്കളെക്കാള്‍ കൂടുതലായി എന്നു കേട്ടല്ലോ.’
‘ഏയ് അവിടത്തെ ജനസംഖ്യയില്‍ 25 ശതമാനമാണ് മുസ്‌ലിംകള്‍. 60 ശതമാനത്തോളം ഹിന്ദുക്കളാണ്.’
‘ഞാന്‍ കേട്ടത് അങ്ങനെയല്ല, ഹിന്ദു ജനസംഖ്യ 40 ശതമാനമായി ചുരുങ്ങിയെന്നും മുസ്‌ലിംകള്‍ 60 ശതമാനമായി കൂടിയെന്നുമാണല്ലോ?’
‘ഒരു മാസം മുമ്പാണ് ഞാന്‍ കേരളത്തില്‍നിന്നു വന്നത്, അതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല.’
‘അതല്ല, എന്റെയടുത്ത് അതിന്റെ വീഡിയോ ഉണ്ട്’, അയാള്‍ വാട്‌സാപ്പില്‍ പരതാന്‍ തുടങ്ങി.
‘നോക്കൂ, ഇത്തരം വിവരങ്ങള്‍ക്ക് വാട്‌സാപ്പിനെയല്ല ആശ്രയിക്കേണ്ടത്, ഗൂഗിളില്‍ കേരള ഡെമോഗ്രാഫിക്‌സ് എന്നു സെര്‍ച്ച് ചെയ്താല്‍ മതി.’
ഒന്നുകൂടി ഉറപ്പിക്കാന്‍ ഞാന്‍ ഫോണില്‍ ഗൂഗിളെടുത്തു.
‘ഞാനൊരു ചായ വാങ്ങി വരാം’, അയാള്‍ നദിയോരത്തെ തട്ടുകടയിലേക്കു നീങ്ങി.
അയാള്‍ ചായ വാങ്ങുമ്പോഴേക്ക് ഞാന്‍ കേരളത്തിലെ ജനസംഖ്യാനുപാതത്തിന്റെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവെച്ചു. ഇനിയയാള്‍ക്ക് എന്താണ് പറയാനുള്ളതെന്നു നോക്കാമല്ലോ.
ഡിസ്‌പോസിബിള്‍ ഗ്ലാസില്‍, കട്ടിങ് എന്നു വിളിക്കുന്ന അരച്ചായയുമായി അയാള്‍ ക്ഷിപ്രാ നദിയിലെ തടയണയിലൂടെ കുളിക്കടവിന്റെ മറുകരയിലേക്കു നടന്നു. ഫോണില്‍ വിവരശേഖരവുമായി നിന്ന എന്നെ ഒന്നു നോക്കിയതുപോലുമില്ല.
മധ്യപ്രദേശില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പു നടക്കുന്ന ദിവസമായിരുന്നു അത്. അഞ്ചെട്ടു ദിവസം ഗ്രാമങ്ങളില്‍ ചുറ്റിനടന്ന ശേഷമാണ് ഉജ്ജയിനിയിലെത്തിയത്. യാത്രയില്‍ കണ്ട കര്‍ഷകരും ആദിവാസികളും യുവാക്കളുമെല്ലാം രോഷാകുലരായിരുന്നു. പതിനഞ്ചു വര്‍ഷമായി ഭരണത്തിലുള്ള ബി.ജെ.പി. സര്‍ക്കാറിനെതിരായ വികാരമാണ് എല്ലാവരും പ്രകടിപ്പിച്ചത്. എന്നിട്ടും പ്രതിപക്ഷ കോണ്‍ഗ്രസിന്റെ ജയം ഒട്ടും എളുപ്പമായിരുന്നില്ല. അതെന്തുകൊണ്ടെന്ന് മനസിലാക്കിത്തന്നു ഈ വയോധികന്‍.
സംഘപരിവാറിനും അതിന്റെ നിഴല്‍ സംഘടനകള്‍ക്കും ഏറ്റവുമധികം വേരോട്ടമുള്ള സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും അവര്‍ ഹിന്ദുത്വ കാര്യപരിപാടിയുമായി അടുപ്പിച്ചിരിക്കുന്നു. ഭരണകൂടവും സംഘപരിവാര്‍ ശൃംഖലയും തമ്മിലുള്ള വേര്‍തിരിവ് തീരെ നേര്‍ത്തതായിരുന്നു, ശിവരാജ് സിങ് ചൗഹാന്റെ ഭരണകാലത്ത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ കാര്യമായുണ്ടാകാറില്ലെങ്കിലും വിദ്വേഷ പ്രചാരണത്തിന് ഒരു കുറവുമില്ല.

ഇക്കഴിഞ്ഞ നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ശതമാനത്തില്‍ താഴെയായിരുന്നിട്ടും കോണ്‍ഗ്രസിന് എതിരാളിയേക്കാള്‍ അഞ്ചു സീറ്റ് കൂടുതല്‍ കിട്ടി. കേവല ഭൂരിപക്ഷം ഇല്ലായിരുന്നെങ്കിലും നാലു സ്വതന്ത്രരുടെയും രണ്ടു ബി.എസ്.പി. എം.എല്‍.എമാരുടെയും ഒരു എസ്.പി. എം.എല്‍.എയുടെയും പിന്തുണയോടെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് മുഖ്യമന്ത്രിയായി.
കോണ്‍ഗ്രസ് അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞാണ് പിന്നീട് മധ്യപ്രദേശില്‍ പോയത്. വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഭോപ്പാലില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷപൂര്‍വം വന്ദേമാതര മാര്‍ച്ച് നടക്കുന്നു. അനാഥഗോക്കളെ പരിപാലിക്കാന്‍ സംസ്ഥാനമെമ്പാടും ഗോശാലകള്‍ തുറക്കുന്നു. ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വേതനം ആയിരം രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തിക്കഴിഞ്ഞു. സ്വന്തമായി ഗോശാലകളുള്ള ക്ഷേത്രങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മീയകാര്യങ്ങള്‍ക്കായി പ്രത്യേക മന്ത്രിയുണ്ട്. പുണ്യനദിയായ നര്‍മദയെ സംരക്ഷിക്കുന്നതിനു രൂപവത്കരിച്ച ട്രസ്റ്റിന്റെ അധ്യക്ഷനായി നിയമിതനായത് ഇടക്കാലത്ത് ബി.ജെ.പിയുമായി പിണങ്ങിയ കമ്പ്യൂട്ടര്‍ ബാബയെന്ന ആള്‍ദൈവമാണ്.

അതു മാത്രമല്ല. പശുവിനെ കൊന്നെന്നു പറഞ്ഞ് അഞ്ച് മുസ്‌ലിം യുവാക്കളെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയരക്ഷാ നിയമം (എന്‍.എസ്.എ.) ചുമത്തി ജയിലിലിട്ടത്. സംസ്ഥാനത്ത് 15 വര്‍ഷത്തെ ബി.ജെ.പി. ഭരണകാലത്ത് ഗോവധത്തിന്റെ പേരില്‍ 22 പേര്‍ക്കെതിരെ എന്‍.എസ്.എ. ചുമത്തിയിട്ടുണ്ട്. അധികാരമേറ്റ് രണ്ടു മാസം തികയും മുമ്പ് അഞ്ചുപേര്‍ക്കെതിരെ എന്‍.എസ്.എ. ചുമത്തി ബി.ജെ.പിയെ മറികടക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഹിന്ദുത്വം ജീവിതത്തിന്റെ ഭാഗമായി മാറിയ മധ്യപ്രദേശില്‍ പിടിച്ചുനില്‍ക്കാന്‍ വേറെ വഴിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഹിന്ദുത്വ വിഷയങ്ങളില്‍ ബി.ജെ.പി. മുതലെടുപ്പു നടത്തുന്നതു തടയാന്‍ ഇങ്ങനെയൊരു മുന്‍കരുതല്‍ കൂടിയേ തീരൂ എന്ന് അവര്‍ കരുതുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത്. അവിടത്തെ തിരഞ്ഞെടുപ്പു റാലികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കപ്പെട്ടത് ശിവഭക്തനെന്നാണ്. മുസ്‌ലിംകളുടെ പാര്‍ട്ടിയെന്നാണ് ദിഗ്‌വിജയ് സിങ്ങിന്റെ കാലത്തെ കോണ്‍ഗ്രസിനെ ബി.ജെ.പി. വിമര്‍ശിച്ചിരുന്നത്. അതു മറികടക്കാനുള്ള കുറുക്കുവഴി തേടുകയാണ് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം.

മധ്യപ്രദേശിലെ അഞ്ചു കോടി വോട്ടര്‍മാരില്‍ 38 ലക്ഷത്തോളം മുസ്‌ലിംകളുണ്ട്. ജനസംഖ്യയുടെ 6.57 ശതമാനം. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷക്കാലമായി ഒരൊറ്റ മുസ്‌ലിം പ്രതിനിധി മാത്രമാണ് നിയമസഭയിലുണ്ടായിരുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ 15 മുതല്‍ 20 വരെ എം.എല്‍.എമാര്‍ ഉണ്ടാവേണ്ട സ്ഥാനത്താണിത്. സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിലും മുസ്‌ലിം പ്രാതിനിധ്യമില്ല. ബി.ജെ.പിയില്‍ മാത്രമല്ല, കമല്‍നാഥിന്റെ കോണ്‍ഗ്രസിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ഒറ്റയാള്‍ക്കുപോലും പ്രധാന സംഘടനാചുമതലകള്‍ നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാലു മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സരിച്ചത്. അതില്‍ രണ്ടു പേര്‍ ജയിച്ചു. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് സംസ്ഥാനത്ത് ഒന്നിലധികം മുസ്‌ലിം എം.എല്‍.എമാരുണ്ടാകുന്നത്.
തൊട്ടിപ്പുറത്ത് മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനം നിലവില്‍ വന്ന ശേഷം ഇവിടെനിന്ന് ലോക്‌സഭയില്‍ എത്തിയ 566 പേരില്‍ മുസ്‌ലിംകളുടെ എണ്ണം 14 മാത്രം. സംസ്ഥാന ജനസംഖ്യയില്‍ 11.56 ശതമാനം മുസ്‌ലിംകളാണെങ്കിലും ലോക്‌സഭയിലെ ശരാശരി പ്രാതിനിധ്യം 2.47 ശതമാനത്തില്‍ ഒതുങ്ങുന്നു. 2004നു ശേഷം മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരാള്‍പോലും ലോക്‌സഭയിലെത്തിയിട്ടില്ല. അവസാനം ജയിച്ച കോണ്‍ഗ്രസ് നേതാവ് എ.ആര്‍. ആന്തുലേയുടെ മകന്‍ കഴിഞ്ഞ ദിവസം ശിവസേനയില്‍ ചേരുകയും ചെയ്തു.

മഹാരാഷ്ട്രയിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും ജയസാധ്യത നിര്‍ണയിക്കാന്‍ മുസ്‌ലിം സമുദായത്തിന് കഴിയും. 14 ശതമാനം മുതല്‍ 25 ശതമാനം വരെ മുസ്‌ലിംകളുള്ള മണ്ഡലങ്ങളാണിത്. ധുലേ മണ്ഡലത്തില്‍ 24 ശതമാനം മുസ്‌ലിംകളുണ്ട്. ഔറംഗാബാദില്‍ 20 ശതമാനം പേരുണ്ട്. മുംബൈയിലെ ആറു മണ്ഡലങ്ങളിലും 18 ശതമാനത്തില്‍ കൂടുതലാണ് മുസ്‌ലിം ജനസംഖ്യ. ഭീവണ്ടി, നാന്ദേഡ്, പര്‍ഭാനി, ലാത്തൂര്‍, അകോള, താനെ മണ്ഡലങ്ങളില്‍ 15 ശതമാനത്തില്‍കൂടുതല്‍ മുസ്‌ലിംകളാണ്. എന്നിട്ടും ഇത്തവണ മഹാരാഷ്ട്രയില്‍ മുഖ്യധാരാ പാര്‍ട്ടികളിലെല്ലാം കൂടി ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ഥിയേ ഉള്ളൂ -അകോളയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഹിദായത്ത് പട്ടേല്‍. വിജയസാധ്യതയുള്ളവരെ കണ്ടെത്താനാവാത്തതുകൊണ്ടാണ് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ കുറയുന്നതെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറയുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം പോലും ലോക്‌സഭയില്‍ എത്തിയില്ല. 18 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനത്തു നിന്ന് അവരുടെ പ്രതിനിധിയായി 2009ല്‍ ആറു പേരും 2004ല്‍ 10 പേരും പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. 2014ല്‍ സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റില്‍ 71 ഉം ലഭിച്ചത് ബി.ജെ.പിക്ക് ആണ് എന്നതുകൊണ്ടാണ് മുസ്‌ലിം പ്രാതിനിധ്യം പൂജ്യമായത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്തിയില്ല. 2012ല്‍ 17 ശതമാനം മുസ്‌ലിം എം.എല്‍.എമാരുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വളര്‍ച്ചയോടെ അത് ആറു ശതമാനമായി കുറഞ്ഞു.

നരേന്ദ്ര മോഡിയുടെ ഗുജറാത്തിലെ മുസ്‌ലിം ജനസംഖ്യ 9.5 ശതമാനമാണ്. എന്നാല്‍ 35 വര്‍ഷമായി അവിടെ നിന്ന് മുസ്‌ലിം സമുദായത്തില്‍പെട്ട ഒരാള്‍ ലോക്‌സഭയിലെത്തിയിട്ട്. 1984ല്‍ അവസാനമായി ജയിച്ചത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ്. 1989ല്‍ വീണ്ടും മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. ഗുജറാത്തില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഇല്ലെന്നു പറഞ്ഞുകൂടാ. 2014ല്‍ ലോക്‌സഭയിലേക്കു മത്സരിച്ച 334 സ്ഥാനാര്‍ഥികളില്‍ 67 പേര്‍ മുസ്‌ലിംകളായിരുന്നു. ഒരാള്‍ കോണ്‍ഗ്രസില്‍ നിന്ന്. ബാക്കിയുള്ളവര്‍ സ്വതന്ത്രരോ സമാജ് വാദി പാര്‍ട്ടി പോലെയുള്ള ചെറുകക്ഷികളുടെ പ്രതിനിധികളോ ആയിരുന്നു. പരാജമയുറപ്പിച്ചാണവര്‍ മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ബി.ജെ.പി. ജയിക്കുന്ന ഈ സംസ്ഥാനത്ത് 2007, 2012, 2017 വര്‍ഷങ്ങളില്‍ ഒരൊറ്റ മുസ്‌ലിമിനെപ്പോലും ആ പാര്‍ട്ടി സ്ഥാനാര്‍ഥികളാക്കിയില്ല.
പാര്‍ലമെന്റില്‍ മുസ്‌ലിം എം.പി.മാരുടെ എണ്ണം കുറയാന്‍ തുടങ്ങിയത് 1980നു ശേഷമാണെന്ന് മജോറിറ്റേറിയന്‍ സ്‌റ്റേറ്റ് (Majoritarian State: How Hindu Nationalism Is Changing India) എന്ന പുസ്തകത്തില്‍ ക്രിസ്റ്റഫര്‍ ജഫ്രിലോട്ട് പറയുന്നു. എതിരാളികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന ബി.ജെ.പിയുടെ പ്രചാരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ മറ്റുള്ളവരും മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ചു. 2009ല്‍ കോണ്‍ഗ്രസ് ഇന്ത്യയിലാകെ 31 മുസ്‌ലിം സ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തിയത്. 2014ല്‍ 27 പേരെ.

രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭരണത്തില്‍ ആനുപാതിക പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് ദ വെര്‍ഡിക്ട് (The Verdict – Decoding India’s Elections) എന്ന പുസ്തകത്തില്‍ തിരഞ്ഞെടുപ്പു വിശകലന വിദഗ്ധരായ പ്രണോയ് റോയിയും ദൊരാബ് സൊപാരിവാലയും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ 1941ലെ സെന്‍സസ് പ്രകാരം 24 ശതമാനം മുസ്‌ലിംകളാണുണ്ടായിരുന്നത്. വിഭജനത്തിനു ശേഷം അത് 10 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ 14 ശതമാനം. എന്നാല്‍ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം ശരാശരി അഞ്ചോ ആറോ ശതമാനമായിരുന്നു. ബി.ജെ.പി.യുടെ വളര്‍ച്ചയോടെ അത് വീണ്ടും താഴേക്ക് പോവുകയാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം തിരഞ്ഞെടുപ്പു നടന്ന 1952ല്‍ നാലു ശതമാനം മാത്രമായിരുന്നു ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം. ഇന്ത്യാ വിഭജനത്തിന്റെയും കലാപങ്ങളുടെയും കാലത്ത് മതധ്രുവീകരണം സ്വാഭാവികമായിരുന്നു. പ്രധാന കക്ഷിയായ കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്‌ലിം പ്രാതിനിധ്യം ഉയര്‍ന്നുവന്നു. 1980ല്‍ അത് ഒമ്പതു ശതമാനത്തിലെത്തി. 2004ല്‍ ഏഴു ശതമാനമുണ്ടായിരുന്നത് പിന്നീട് വീണ്ടും കുറയാന്‍ തുടങ്ങി. ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ച 2014ല്‍ അത് നാലു ശതമാനത്തിലേക്ക് കൂപ്പുകുത്തി. 1977 മുതല്‍ 2002 വരെയുള്ള കാലത്ത് ശരാശരി 35 മുസ്‌ലിം എം.പിമാരുണ്ടായിരുന്നെങ്കില്‍ 2002 മുതല്‍ 2019 വരെയുള്ള കാലത്ത് അത് 29 ആയി കുറഞ്ഞു. ജനസംഖ്യാനുപാതികമായെടുത്താല്‍ 74 പേര്‍ ഉണ്ടാവേണ്ട സ്ഥാനത്താണത്.

ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ആനുപാതികമായി ഏറ്റവും കൂടുതല്‍ മുസ്‌ലിംകളെ നിര്‍ത്തിയ മതനിരപേക്ഷ കക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയാണ്(17%). സമാജ് വാദി പാര്‍ട്ടി(16%)യും തൃണമൂല്‍ കോണ്‍ഗ്രസും(15%) ബി.എസ്.പി(11%)യും സി.പി.എമ്മും(10%) തൊട്ടു താഴെ വരുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അത് ഏഴുശതമാനമാണ്. സ്വാഭാവികമായും ബി.ജെ.പിയാണ് ഏറ്റവും പിന്നില്‍. ഒരു ശതമാനം മാത്രം. 2009ല്‍ ബി.ജെ.പി. നാലു മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി. മൊത്തം സ്ഥാനാര്‍ഥികളുടെ 0.48 ശതമാനം. ജയിച്ചത് ഒരാള്‍ മാത്രം. 2014ല്‍ ഏഴുപേരെ നിര്‍ത്തിയെങ്കിലും ഒരാള്‍പോലും ജയിച്ചില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണം നടത്തുന്ന പാര്‍ട്ടിക്ക് ഒരു മുസ്‌ലിം എം.പി. പോലും ഇല്ലാതിരിക്കുന്നത്. മോഡി സര്‍ക്കാറിലെ രണ്ടു ന്യൂനപക്ഷ മന്ത്രിമാരെ രാജ്യസഭയില്‍നിന്നാണ് എടുത്തത്.

വിജയിക്കുന്നവര്‍ കുറഞ്ഞെങ്കിലും മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ വര്‍ധനയാണുണ്ടായിട്ടുള്ളതെന്ന് പ്രണോയ് റോയിയും സൊപാരിവാലയും ചൂണ്ടിക്കാണിക്കുന്നു. സ്ഥാനാര്‍ഥികളുടെ എണ്ണം ആദ്യഘട്ടത്തില്‍ മൊത്തം സ്ഥാനാര്‍ഥികളുടെ നാലു ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് ഒമ്പതു ശതമാനമാണ്. എന്നാല്‍ ജയസാധ്യത 53 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. വലിയ പാര്‍ട്ടികളല്ല, അംഗബലം കുറഞ്ഞ പാര്‍ട്ടികളാണ് ന്യൂനപക്ഷ സമുദായാംഗങ്ങളെ കൂടുതലായി നിര്‍ത്തുന്നത് എന്നതാണ് ഇതിന് ഒരു കാരണം. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മിക്ക കക്ഷികളും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതാണ് മറ്റൊരു കാരണം. ഇവിടെ മുസ്‌ലിം വോട്ട് ഭിന്നിക്കുന്നത് കാരണം ഭൂരിപക്ഷ സമുദായത്തിലെ സ്ഥാനാര്‍ഥി ജയിച്ചെന്നും വരാം.

മുസ്‌ലിം ലീഗിനെപ്പോലുള്ള പാര്‍ട്ടികളെ ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കാണ് വിജയസാധ്യത കൂടുതലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിര്‍ത്തിയിട്ടുള്ള മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ 46 ശതമാനം പേര്‍ ജയിച്ചിട്ടുണ്ട്. 44 ശതമാനവുമായി സി.പി.എമ്മാണ് രണ്ടാം സ്ഥാനത്ത്. കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ബി.എസ്.പിയില്‍ വിജയ ശതമാനം അഞ്ചു മാത്രമാണ്. ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്കൊപ്പം കോണ്‍ഗ്രസിലെ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ കുറയുകകൂടി ചെയ്തതാണ് പാര്‍ലമെന്റിലും നിയമസഭകളിലും ന്യൂനപക്ഷ പ്രാതിനിധ്യം കുറയാന്‍ കാരണമായത് എന്നര്‍ത്ഥം.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ തങ്ങള്‍ ഹിന്ദു വിരുദ്ധരായി മുദ്ര കുത്തപ്പെടുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുന്നത് ഭൂരിപക്ഷസമുദായത്തെ പേടിച്ചാണെന്നും കോണ്‍ഗ്രസിനെ മുസ്‌ലിം ലീഗ് എന്ന വൈറസ് ബാധിച്ചിരിക്കുകയാണെന്നും ഉന്നത ബി.ജെ.പി നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുമ്പോള്‍ ആ ഭയത്തിന്റെ ആക്കംകൂടുന്നു. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ മതനിരപേക്ഷത കൊണ്ടു നേരിടുന്നതിനെക്കാള്‍ എളുപ്പം മൃദുഹിന്ദുത്വത്തെ പുണരുന്നതാണെന്ന് അവര്‍ ചിന്തിക്കുന്നു. ദേശീയ രാഷ്ട്രീയം അങ്ങനെ ഹിന്ദുത്വവും മൃദു ഹിന്ദുത്വവും തമ്മിലുള്ള മത്സരമായി മാറുന്നു.

എസ്. കുമാര്‍, ന്യൂഡല്‍ഹി

You must be logged in to post a comment Login