നരകത്തിലെ ‘നിസ്സാര’ നാളുകള്‍

നരകത്തിലെ ‘നിസ്സാര’ നാളുകള്‍

ജൂതന്മാരില്‍ ചിലരെങ്കിലും സ്വന്തം പ്രവൃത്തികളില്‍ അപാകമുണ്ടെന്ന് അറിയുന്നവരായിരുന്നു. നരകം താണ്ടേണ്ടിവരും എന്നവര്‍ക്കറിയാമായിരുന്നു. പ്രവാചകന്മാരെ തള്ളിയതും കൊന്നതും വേദഗ്രന്ഥങ്ങള്‍ മാറ്റിത്തിരുത്തിയതുമൊക്കെ മനസിലുണ്ട്. എന്നിട്ടും അവര്‍ പശ്ചാതപിച്ചില്ല. നരകത്തില്‍ പോവേണ്ടിവരും. പക്ഷേ അതു വെറും എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം- ഇതായിരുന്നു അവരുടെ ഊഹം. അവര്‍ പരസ്പരം പറഞ്ഞു: നരകം ഞങ്ങളെ സ്പര്‍ശിക്കുകയാണെങ്കില്‍ തന്നെ ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും. ‘നബിയേ ചോദിക്കുക: അല്ലാഹുവുമായി വല്ല കരാറും നിങ്ങളുണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു കരാര്‍ ലംഘിക്കുകയില്ല. അതല്ല അല്ലാഹുവിന്റെ പേരില്‍ ഇല്ലാത്തത് പറയുകയാണോ നിങ്ങള്‍?'(സൂറത്തുല്‍ ബഖറ, എണ്‍പതാം സൂക്തത്തില്‍നിന്ന്).

മാനസാന്തരമുണ്ടായേക്കാവുന്ന സാഹചര്യമാണിത്. പക്ഷേ നന്നാവാന്‍ പിശാച് അനുവദിക്കില്ല. അവരവരുടെ പ്രവൃത്തികള്‍ ഭംഗിയാക്കി കാണിച്ചുകൊടുക്കും. പുതിയ ന്യായങ്ങള്‍ നല്‍കും. ഒഴികഴിവുകള്‍ ഉപദേശിക്കും.
ഇവിടെ കിട്ടുന്നതെന്തും ഉപയോഗിച്ചോളൂ. സുഖിച്ചോളൂ. ഇനി നരകത്തില്‍ പോകേണ്ടി വന്നാലും അത് ചില്ലറ ദിവസങ്ങളല്ലേ ഉള്ളൂ. കുറഞ്ഞ ദിവസത്തെ ബുദ്ധിമുട്ടിനെ പേടിച്ച് നീണ്ടകാലം ബുദ്ധിമുട്ടേണ്ട ആവശ്യമുണ്ടോ? ഇങ്ങനെ പോകുന്നു പൈശാചിക പ്രേരണകള്‍.

സൂക്തത്തിലെ ‘മസ്സ്’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ലഘുസ്പര്‍ശം എന്നാണതിന്റെ പ്രധാന താല്പര്യം. സ്വന്തം പ്രവൃത്തികളെ സാധൂകരിച്ച് ദുന്‍യാവിന്റെ അലച്ചകളോട് ചേരാനുള്ള വാസന ആ വാക്കില്‍ കാണാം.

‘ഏതാനും ദിവസം’ എന്നാല്‍ പത്തുദിവസത്തില്‍ താഴെ എന്ന് ഒരു വ്യാഖ്യാനം. ജൂതന്മാര്‍ ഇപ്രകാരം പറയുമായിരുന്നത്രെ: ദുനിയാവിന്റെ ആയുസ്സ് ഏഴായിരം വര്‍ഷമാണ്. ആയിരം വര്‍ഷത്തിന് ഒരു ദിവസം എന്ന കണക്കിലേ(അങ്ങനെ ഏഴുദിവസം) അല്ലാഹു ശിക്ഷിക്കുകയുള്ളൂ. ഏഴുദിവസം പശുക്കുട്ടിയെ ആരാധിച്ചതിനാല്‍ ഏഴുദിവസം മാത്രമേ നരകത്തില്‍ കിടക്കേണ്ടിവരൂ എന്ന് അഭിപ്രായപ്പെട്ടവരുണ്ട്(തഫ്‌സീര്‍ റാസി).

‘നാല്‍പതു ദിവസമാണ് നരകത്തില്‍ കിടക്കേണ്ടിവരിക’ എന്നും പറഞ്ഞവരുണ്ട്. കാരണം പശുക്കുട്ടിയെ ആരാധിച്ചത് നാല്‍പത് ദിവസമാണത്രെ.
ഇതെല്ലാം ജൂതന്മാരുടെ വ്യാമോഹങ്ങളായിരുന്നു. സ്വപ്രവൃത്തികളില്‍ വിശ്വാസമില്ലാത്തിനാല്‍, പ്രവാചകശ്രേണിയെ നിസ്സാരപ്പെടുത്തിയതിനാല്‍ ചിലര്‍ക്കെങ്കിലും ഉള്‍ഭയമുണ്ടായിരുന്നു. ഇനിയെങ്ങാനും മുസ്‌ലിംകള്‍ പറയുന്നത് പോലെ ‘അവിശ്വാസികള്‍ക്ക് നാശവും നരകവു’മുണ്ടെന്ന പ്രഖ്യാപനത്തില്‍ പെട്ടുപോവുമോ എന്ന പേടിയുമുണ്ടായിരുന്നു. അതുംകൂടി ഇല്ലാതാക്കാനാണ് പിശാച് ‘ദിവസക്കുറവി’ന്റെ പുതിയ വാഗ്ദാനവുമായി അവരെ തെറ്റില്‍തന്നെ നിര്‍ത്തുന്നത്.
ഇത് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ടോ? എന്ന ചോദ്യം തന്നെ ഇല്ല എന്നുത്തരം തരുന്നതാണ്(ഇസ്തിഫ്ഹാം ഇന്‍കാരി). കരാര്‍ പാലിക്കുന്നവനാണ് അല്ലാഹു. പക്ഷേ അവിശ്വാസികള്‍ക്ക് നരകത്തില്‍ ‘ദിവസക്കുറവി’ന്റെ വാഗ്ദാനം അവന്‍ നല്‍കിയിട്ടില്ല.

‘ദിവസക്കുറവ്’- അത് കെട്ടിച്ചമച്ചവര്‍ക്കറിയാം, തങ്ങള്‍ ഒപ്പിച്ച പണിയാണിതെന്ന്. പക്ഷേ ഏറ്റുപാടുന്നവര്‍ക്കതറിയില്ല. ‘ഉമ്മിയ്യീ’ങ്ങളും ഇതേ വാക്ക് പറഞ്ഞുനടന്നു; നരകത്തില്‍ ദിവസക്കുറവുണ്ടെന്ന്. അവരോടാണ് ഖുര്‍ആന്‍ ചോദിക്കുന്നത്. ‘നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിവില്ലാത്തത് പറയുകയാണോ?’ ആ ചോദ്യം തന്നെ അവരുടെ കേട്ട് പറയലിനെ പുറത്തുചാടിക്കുന്നുണ്ട്. പറഞ്ഞുണ്ടാക്കിയവര്‍ക്ക് ആദ്യമേ തന്നെ അറിയാമല്ലോ; ഇത് തങ്ങളുടെ സൃഷ്ടിയാണെന്ന്. പിന്നെയവരോട് അങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല താനും.

കേവല ദിനങ്ങള്‍ മാത്രമേ ശിക്ഷയുള്ളൂവെങ്കില്‍ കൂടുതല്‍ കിട്ടുന്നത് ആസ്വദിക്കുകയാണ് വേണ്ടതെന്ന് പിശാച് അവരെ ബോധിപ്പിച്ചു. പൗരോഹിത്യത്തെ ചുമലിലേറ്റി നടന്നവര്‍ അവരുടെ വാക്കുകളെ വേദവാക്കുകളായി പരിഗണിച്ച് ദുനിയാവില്‍ ആര്‍ഭാടമായി നടന്നു. സത്യമതത്തെ ദൂരേക്കെറിഞ്ഞ് ദുര്‍ബോധനങ്ങളില്‍ ഉറച്ചുനിന്നു. ഇനി ശിക്ഷിച്ചാല്‍ തന്നെ ദിവസങ്ങള്‍ മാത്രമേയുള്ളൂ. അത് സഹിച്ചാല്‍ പിന്നെ പ്രശ്‌നമില്ലല്ലോ? കാര്യം അങ്ങനെയായിരുന്നില്ലതാനും.
ഒരു പ്രവാചകന്റെയും സമൂഹക്കാര്‍ക്ക് തങ്ങളുടെ സമൂഹത്തിലെ നിഷേധികളെ കുറഞ്ഞ കാലം നരകത്തിലിട്ട ശേഷം മോചിപ്പിക്കാമെന്ന ഒരു കരാറും അല്ലാഹു നല്‍കിയിട്ടില്ല. സത്യനിഷേധത്തിന് വന്‍ശിക്ഷയാണുണ്ടാവുക. വിവേചനപരമായ ശിക്ഷാരീതിയല്ല. നീതിയുടെ താല്‍പര്യവുമതല്ല. പ്രത്യുത, നിഷേധികള്‍ക്ക് കഠിന കഠോര ശിക്ഷയുണ്ടാവും. വിശ്വാസികള്‍ക്ക് നിതാന്ത സ്വര്‍ഗവും.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login