തുറന്ന ജയിലിലെ തടവുകാരാണ് മുസ്‌ലിം വോട്ടര്‍മാര്‍

തുറന്ന ജയിലിലെ തടവുകാരാണ് മുസ്‌ലിം വോട്ടര്‍മാര്‍

”ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും. മുസ്‌ലിംകളുടെ കൂടി പിന്തുണയോടെ ജയിക്കണം. ഇല്ലെങ്കില്‍ എനിക്ക് തൃപ്തിയാവില്ല. മുസ്‌ലിംകളുടെ പിന്തുണയില്ലാതെയാണ് ഞാന്‍ ജയിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ പിന്നെ പന്തിയല്ലാതാകും. ഏതെങ്കിലും ഒരു മുസ്‌ലിം ജോലിക്കോ മറ്റോ സമീപിച്ചാല്‍, അവനങ്ങനെ നടക്കട്ടെ എന്ന് വിചാരിക്കും. അതെനിക്കൊരു പ്രശ്‌നമേ ആകില്ല. എല്ലാം ഒരു വിലപേശലാണ്, അല്ലേ? നമ്മളാരും മഹാത്മാഗാന്ധിയുടെ മക്കളല്ലല്ലോ! എല്ലാവരും വോട്ട് ചെയ്തു, എന്നിട്ടും തിരഞ്ഞെടുപ്പില്‍ തോറ്റുവെന്ന് ഇനി പറയാനാകില്ല. ഇക്കാര്യം എല്ലാവരോടും പറയണം. മുസ്‌ലിംകളുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ജയിക്കും”

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാഗാന്ധിയുടെ വാക്കുകളാണിത്. സുല്‍ത്താന്‍പൂരില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭീഷണിയുടെ മുനയുള്ള മനേകയുടെ പ്രസംഗം. 1991, 96, 98 വര്‍ഷങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയിച്ച മണ്ഡലമാണ് സുല്‍ത്താന്‍പൂര്‍. 1999ലും 2004ലും ബി എസ് പി വിജയിച്ച മണ്ഡലം 2009ല്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. 2014ല്‍ മനേകയുടെ മകന്‍ വരുണ്‍ ഗാന്ധി ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് വലിയ വിജയം നേടി. കഴിഞ്ഞ തവണ പിലിഭിത്തില്‍ നിന്ന് വിജയിച്ച മനേക ഇക്കുറി മണ്ഡലം മാറി സുല്‍ത്താന്‍പൂരിലെത്തിയിരിക്കുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 17 ശതമാനം മുസ്‌ലിംകളാണ്.
2014ലെ തിരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധി വിജയിച്ചുവെങ്കിലും അന്ന് സമാജ്‌വാദിക്കും ബി എസ് പിക്കും കിട്ടിയ വോട്ടുകള്‍ കൂട്ടിയാല്‍ വരുണിന് കിട്ടിയതിനെക്കാള്‍ അധികം വരും. 2019ല്‍ എസ് പി പിന്തുണയുള്ള ബി എസ് പി സ്ഥാനാര്‍ത്ഥി, ചന്ദ്രഭന്ദ്ര സിംഗിനെ നേരിടുമ്പോള്‍ മനേകയ്ക്ക് സുല്‍ത്താന്‍പൂരില്‍ വിജയം എളുപ്പമല്ലെന്ന് ചുരുക്കം. 2009ല്‍ ഇവിടെ വിജയിച്ച സഞ്ജയ് സിംഗാണ് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ചെറുതല്ലാത്ത സ്വാധീനമുള്ള സഞ്ജയ് സിംഗ്, എസ് പി – ബി എസ് പി സഖ്യത്തിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് തന്റെ വിജയം ഉറപ്പാണെന്ന് അവകാശപ്പെട്ട് വോട്ടര്‍മാരായ മുസ്‌ലിംകളെ മനേക ഭീഷണിപ്പെടുത്തുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരും അല്ലാത്തവരുമായ ബി ജെ പി – സംഘപരിവാര നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ത്തുന്ന ഭീഷണികള്‍ കണക്കിലെടുത്താല്‍ മനേകയുടേത് താരതമ്യേന ലഘുവാണ്. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്തവര്‍, താന്‍ ജയിച്ചതിന് ശേഷം സഹായാഭ്യര്‍ത്ഥനയുമായി വന്നിട്ട് കാര്യമില്ലെന്ന അര്‍ത്ഥം മാത്രമേ ഒറ്റ നോട്ടത്തിലുള്ളൂ. ബി ജെ പിയുടെ തീവ്രഹിന്ദുത്വ അജണ്ടകളോട് വലിയ വിയോജിപ്പുള്ള മുസ്‌ലിംകള്‍ തനിക്ക് വോട്ട് ചെയ്യാനിടയില്ലെന്ന് തിരിച്ചറിയുന്ന സ്ഥാനാര്‍ത്ഥി ഭീഷണിയിലൂടെ വോട്ട് ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. മനേക തിരഞ്ഞെടുക്കപ്പെട്ടാല്‍, എതിര്‍സ്ഥാനാര്‍ത്ഥിക്ക് ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ഇതൊരു കാരണവുമാണ്.

ഒറ്റനോട്ടത്തില്‍ ലഘുവെന്ന് തോന്നുന്ന ഈ ഭീഷണിക്ക് മറ്റുചില കാരണങ്ങളുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, ഭീഷണിയിലൂടെ വരുതിയില്‍ നിര്‍ത്താവുന്ന അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നതാണ് ഒന്ന്. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിന് ശേഷം ബി ജെ പിയും നരേന്ദ്ര മോഡിയും നേടിയ തുടര്‍ച്ചയായ വലിയ വിജയങ്ങള്‍ക്ക് കാരണം ഹിന്ദു വോട്ടുകളുടെ ഏകീകരണം മാത്രമായിരുന്നില്ല. തങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കാവുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ അഭാവം മൂലം ന്യൂനപക്ഷങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയോ ബി ജെ പിയ്ക്ക് വോട്ടുചെയ്യാന്‍ സന്നദ്ധരാകുകയോ ചെയ്തതുമായിരുന്നു. അത്തരമൊരു അവസ്ഥയിലേക്ക് അവരെ നയിക്കും വിധം ശക്തമായ ഭീതിയുടെ ആവരണം സൃഷ്ടിക്കാന്‍ വംശഹത്യാശ്രമവും അതിന്റെ പേരിലുണ്ടായ കേസുകളെ അട്ടിമറിക്കാന്‍ സംഘടിതമായി നടന്ന നീക്കങ്ങളും കാരണമായി.

ഈ ‘ഗുജറാത്ത് മാതൃക’ രാജ്യത്താകെ പടര്‍ത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സംഘപരിവാരം, ഭരണത്തിന്റെ പിന്തുണയോടെ ശ്രമിച്ചിരുന്നു. ഗോ സംരക്ഷണത്തിന്റെയും കന്നുകാലിക്കടത്തിന്റെയുമൊക്കെ പേരില്‍ തെരുവില്‍ അവര്‍ പലകുറി ആക്രമിക്കപ്പെട്ടു. അധികാരത്തില്‍ നിന്ന്, നിയമനിര്‍മാണസഭകളിലെ പ്രാതിനിധ്യത്തില്‍ നിന്ന് ഒക്കെ ഏറെക്കുറെ ഒഴിവാക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക്, അവരുടെ പരാതികള്‍ ഉന്നയിക്കാന്‍ പോലും വേദികളില്ലാത്ത സ്ഥിതിയായി. അസമിലെ പൗരത്വപരിശോധന പൂര്‍ത്തിയായാല്‍ രാജ്യത്തുനിന്ന് പുറത്താക്കപ്പെടാന്‍ പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഏതാണ്ട് പൂര്‍ണമായും മുസ്‌ലിംകളാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന പ്രഖ്യാപനം (യഥാര്‍ത്ഥത്തില്‍ അതൊരു ഭീഷണിയാണ്) ബി ജെ പിയുടെ അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷാ നടത്തിയിട്ടുമുണ്ട്.

‘പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു’, ‘പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നു,’ ‘പ്രതിപക്ഷ നേതാക്കളുടെ വാക്കുകള്‍ക്ക് പാകിസ്ഥാനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു’ തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതലുള്ള സംഘപരിവാര്‍ നേതാക്കളുടെ പ്രയോഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്‌ലിംകളെയാണ്. പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അത് പാകിസ്ഥാനെ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന് പറയാതെ പറയുകയാണ് അവര്‍. ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അതിന് ‘പ്രതിഫലം’ ഉണ്ടാകുമെന്നും.

പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭീതിയുടെ തടവറയൊരുക്കുന്ന, അക്രമോത്സുകമായ, കൊടുംക്രൂരതകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ മടിയില്ലാത്ത ഭൂരിപക്ഷ വര്‍ഗീയതയുടെ സംഘാടകര്‍ക്ക് മുന്നില്‍ നിശ്ശബ്ദരാകുകയോ അവര്‍ക്ക് വഴങ്ങിക്കൊടുക്കുകയോ ചെയ്യാന്‍ ന്യൂനപക്ഷം നിര്‍ബന്ധിതമാകുന്ന സാഹചര്യത്തെ കാണാതിരുന്നുകൂടാ. ആ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് മനേകാ ഗാന്ധിയുടെ പ്രത്യക്ഷത്തില്‍ ലഘുവെന്ന് തോന്നിപ്പിക്കുന്ന ഭീഷണി. യാദൃച്ഛികമായി ഇത് പുറത്തുവരികയും നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ബന്ധിതമാകുകയും ചെയ്തുവെന്ന് മാത്രം. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളും ഇതര നേതാക്കളും ഇതേ തന്ത്രം പ്രയോഗിക്കുന്നുണ്ടാകണം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രവും വിഭജനാനന്തരമുണ്ടായ വര്‍ഗീയ കലാപങ്ങളും ഇന്ത്യന്‍ യൂണിയനിലെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ യൂണിയനില്‍ തുടരാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ അവരുടേത് മാത്രമായ ‘കോളനി’കളുടെ സുരക്ഷിതത്വത്തിലേക്ക് നീങ്ങി. സ്വതന്ത്ര ഇന്ത്യയില്‍ സംഘപരിവാര സംഘടനകള്‍ ആസൂത്രണം ചെയ്ത വര്‍ഗീയ കലാപങ്ങള്‍ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഈ അവസ്ഥ ചൂഷണം ചെയ്യാന്‍, ഇതിനകം തര്‍ക്ക വിധേയമായിട്ടുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ സാന്നിധ്യം വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് തുറന്ന അവസരം നല്‍കുകയും ചെയ്യുന്നു. പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് ഒരു മണ്ഡലത്തില്‍ പോള്‍ ചെയ്യുന്ന വോട്ടുകളാകെ കൂട്ടിച്ചേര്‍ത്താണ് എണ്ണിയിരുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും പ്രദേശത്തെ വോട്ടിംഗ് രീതി മനസിലാക്കുക പ്രയാസമായിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഓരോ ബുത്തിലെയും വോട്ടര്‍മാര്‍ ഏത് വിധത്തിലാണ് തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചത് എന്ന് കൃത്യമായി മനസിലാക്കാനാകും. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള പ്രദേശത്ത് ആര്‍ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത് എന്ന് മനസിലാക്കാന്‍ ബി ജെ പിയുടെ ഏജന്റുമാര്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് ചുരുക്കം. ‘നിങ്ങളുടെ വോട്ട് കൂടി കിട്ടി വേണം എനിക്ക് ജയിക്കാന്‍’ എന്ന് മനേകാ ഗാന്ധി പറയുമ്പോള്‍ ‘നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടെണ്ണുമ്പോള്‍ ഞങ്ങള്‍ നോക്കിവെക്കുമെന്ന്’ കൂടിയാണ് അര്‍ത്ഥമാക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടര്‍മാരെ തന്നെ ‘ഹാക്ക്’ ചെയ്യുകയാണ് ഇതിലൂടെ ബി ജെ പിയും അതിന്റെ നേതാക്കളും.
രഹസ്യ ബാലറ്റാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ. ജനപ്രാതിനിധ്യ നിയമം അതുറപ്പാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പേപ്പര്‍ ബാലറ്റിന്റെ യുഗം കഴിഞ്ഞതോടെ വോട്ടുകളുടെ രഹസ്യസ്വഭാവം ഏതാണ്ട് ഇല്ലാതായിരിക്കുന്നു. ഒരു പ്രദേശത്തെ ജനത അല്ലെങ്കില്‍ ഒരിടത്ത് തിങ്ങിപ്പാര്‍ക്കുന്ന പ്രത്യേക വിഭാഗം ആര്‍ക്കാണ് വോട്ടുചെയ്തത് എന്ന് മനസിലാക്കി, അവരെ ലക്ഷ്യമിടാനോ പ്രീണിപ്പിക്കാനോ സാധിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇത് മനസിലാക്കി പെരുമാറാന്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ നിര്‍ബന്ധിതമാകുന്നുവെന്നതിന് 2017ല്‍ നടന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം തെളിവാണ്. ഗുജറാത്തില്‍ രണ്ട് ദശകത്തോളം നീണ്ട ബി ജെ പി ഭരണം സ്വാഭാവികമായ വിരുദ്ധ വികാരം സൃഷ്ടിച്ചിരുന്നു. നോട്ട് പിന്‍വലിക്കലും ജി എസ് ടിയുടെ കരുതലില്ലാത്ത നടപ്പാക്കലും കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന പ്രതീതിയാണ് പ്രചാരണത്തിന്റെ അവസാനഘട്ടം വരെയുണ്ടായിരുന്നത്. എന്നിട്ടും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ ചിലതെങ്കിലും വിജയിച്ച് ചെറിയ ഭൂരിപക്ഷത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുന്നതാണ് കണ്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന പ്രതീതി നിലനില്‍ക്കെ, സ്വാഭാവികമായും അവരിലേക്ക് തിരിയേണ്ട മുസ്‌ലിം വോട്ടുകളില്‍ ചെറിയ ഭാഗമെങ്കിലും എന്തുകൊണ്ട് ബി ജെ പിയ്ക്ക് പോയി എന്ന ചോദ്യത്തിന്, കോണ്‍ഗ്രസിന് വോട്ടുചെയ്തുവെന്നത് പുറത്തറിയുന്നതോടെ ഉണ്ടാകാന്‍ ഇടയുള്ള പ്രതികാര നടപടിയെ അവര്‍ ഭയന്നുവെന്നത് മാത്രമാണ് ഉത്തരം.
ഉത്തര്‍പ്രദേശില്‍ വോട്ടര്‍മാരില്‍ 30 ശതമാനമെങ്കിലും മുസ്‌ലിംകളുള്ള 82 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ 62 ഇടത്തും ബി ജെ പിയാണ് വിജയിച്ചത്. എസ് പി – കോണ്‍ഗ്രസ് സഖ്യത്തിനും ബി എസ് പിക്കുമിടയില്‍ മുസ്‌ലിം വോട്ട് ഭിന്നിച്ചതാണ് ബി ജെ പിയുടെ ഈ വിജയത്തിന് കാരണമായി വിശദീകരിക്കപ്പെട്ടത്. മുസ്‌ലിം വോട്ടുകളില്‍ ചെറുതല്ലാത്ത പങ്ക് ബി ജെ പിക്ക് പോയതും ഈ വിജയത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ ബൂത്തുകളിലെ വോട്ടുകള്‍ പൂര്‍ണമായും ബി ജെ പിക്ക് വിരുദ്ധമായാല്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതം തിരിച്ചറിയുന്ന സമുദായാംഗങ്ങള്‍ ബോധപൂര്‍വം ചെയ്തതാകാനേ വഴിയുള്ളൂ.
ജനാധിപത്യ സമ്പ്രദായത്തെ സാധ്യമായ എല്ലാ വഴികളിലൂടെയും അട്ടിമറിക്കാന്‍ സംഘപരിവാരത്തിന് സാധ്യമാകും വിധത്തിലുള്ള പഴുതുകള്‍ വോട്ടിംഗ് സമ്പ്രദായത്തിലുള്‍പ്പെടെ, നിലനില്‍ക്കുന്നുവെന്ന് മനസിലാക്കുമ്പോഴാണ് മനേകാ ഗാന്ധിയുടെ പ്രത്യക്ഷത്തില്‍ ലഘുവെന്ന് തോന്നിക്കുന്ന ഭീഷണിയുടെ യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമാകൂ. ഏതാണ്ടൊരു തുറന്ന ജയിലിന്റെ അവസ്ഥയിലാണ് ഇന്ത്യന്‍ യൂണിയന്‍ ഇന്ന്. ജയിലര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകുന്ന തടവുപുള്ളികളുടെ സ്വാതന്ത്ര്യമേ വലിയൊരു വിഭാഗം ജനങ്ങള്‍ക്കുള്ളൂ.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login