ആ അറുപത്തിയൊമ്പതു ശതമാനം നിവര്‍ന്നുനില്‍ക്കേണ്ട നേരമാണിത്

ആ അറുപത്തിയൊമ്പതു ശതമാനം നിവര്‍ന്നുനില്‍ക്കേണ്ട നേരമാണിത്

ഭീകരപ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചനക്കേസില്‍ യു എ പി എ പ്രകാരം ഉള്‍പ്പെട്ടിട്ടുള്ള പ്രഗ്യാസിംഗ് ഠാക്കൂറാണ് ബി ജെ പിയുടെ ഭോപാല്‍ ലോകസഭാമണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി. ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ് പ്രഗ്യാസിംഗ്.

പ്രഗ്യാസിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പി പ്രഖ്യാപിക്കുന്നതിനു മുമ്പേ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും അരുണ്‍ ജെയ്റ്റ്‌ലിയും അതിന് വേദിയൊരുക്കിയിരുന്നു. ഇന്ത്യയുടെ പൗരാണിക സംസ്‌കൃതിയെയും ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പടച്ചുണ്ടാക്കിയ വാക്കാണ് ‘ഹിന്ദു ഭീകരവാദ’മെന്ന് അവര്‍ രാജ്യത്തങ്ങോളമിങ്ങോളം പ്രസംഗിച്ചു നടന്നു. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെന്നും അവര്‍ക്ക് ഭീകരവാദികളാകാന്‍ കഴിയില്ലെന്നും മോഡി പറഞ്ഞു.

പ്രഗ്യാസിംഗ് ഠാക്കൂര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് രണ്ടു ദിവസത്തിനു ശേഷം മോഡി തന്റെ പ്രിയപ്പെട്ട ടി വി ചാനലിനോട് ”സാധ്വി അയ്യായിരം വര്‍ഷം പഴക്കമുള്ള സമാധാനപരമായ സംസ്‌കൃതിയെ ഭീകരവാദിയെന്ന് മുദ്രകുത്തിയവരോടുള്ള പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന്” പറഞ്ഞു. ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രഗ്യക്കെതിരെ ആളുകള്‍ ബഹളമുണ്ടാക്കുന്നത് അപലപനീയമാണത്രേ. അമേത്തിയിലെയും (രാഹുല്‍ ഗാന്ധി) റായ്ബറേലിയിലെയും (സോണിയ ഗാന്ധി) സ്ഥാനാര്‍ത്ഥികളും ജാമ്യത്തിലിറങ്ങിയവരാണല്ലോയെന്നും അതിനെക്കുറിച്ച് ആരുമൊന്നും പറയാത്തതെന്തെന്നും മോഡി ചോദിച്ചു.

ആറു പേരെങ്കിലും കൊല്ലപ്പെട്ട 2008 ലെ മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദക്കേസിലാണ് പ്രഗ്യാസിംഗ് പിടിയിലായത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കപ്പടുന്നതു വരെ അവര്‍ എട്ടു വര്‍ഷം ജയിലില്‍ കിടന്നു. ഗാന്ധികുടുംബത്തിലുള്ളവര്‍ക്കെതിരെയുള്ളത് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളാണ്.

മോഡിയുടെയും ബി ജെ പിയുടെയും കണ്ണില്‍ ഒരു ഹിന്ദുവിന് ഭീകരവാദിയാകാനാകില്ല. പ്രഗ്യാസിംഗിനെതിരെയുള്ള കേസില്‍ യാതൊരു കഴമ്പുമില്ലെന്നാണ് അതിന്റെ അര്‍ത്ഥം. സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ബി ജെ പി തന്നെ പൂര്‍ണമായും കുറ്റവിമുക്തയാക്കിയെന്ന് പ്രഗ്യാസിംഗും പ്രഖ്യാപിച്ചു.
ഭരണഘടനയെയോ രാജ്യത്തെ നിയമത്തെയോ ബി ജെ പിയോ മോഡിയോ വകവെക്കുന്നില്ലെന്നതിന്റെ സൂചനയാണ് പ്രഗ്യാസിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ബി ജെ പിയുടെയും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും ആത്യന്തികമായ രാഷ്ട്രീയ ലക്ഷ്യം, നമ്മുടെ ഭരണഘടന നിര്‍വചിക്കുന്ന രാഷ്ട്രത്തിന് കടകവിരുദ്ധമാണ്. ബി ജെ പിയുടെ ദേശസ്‌നേഹം ഇന്ത്യക്കു വേണ്ടിയുള്ളതല്ല, ഭൂരിപക്ഷ ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയുള്ളതാണ്.
ഇന്ത്യയുടെ വിശാലമായ ഭരണഘടനാരൂപകല്പനയില്‍ നാനാതരത്തിലുള്ള, പരസ്പരം യോജിക്കുക പോലും ചെയ്യാത്ത പ്രത്യയശാസ്ത്രങ്ങള്‍ക്കു പോലും ഇടമുണ്ട്. ഭരണഘടനയിലെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരായ ശക്തികള്‍ക്കു മുമ്പില്‍ കോട്ടകെട്ടുന്ന നിയന്ത്രണങ്ങളും സമീകരണങ്ങളും അതിനുള്ളില്‍ തന്നെയുണ്ട്. അധികാരത്തിലേക്കുള്ള ബി ജെ പിയുടെ പതിഞ്ഞ വളര്‍ച്ചയും ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനവും ആ നിയന്ത്രണങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. റിപ്പബ്ലിക്കിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ ബി ജെ പി ആഞ്ഞു ചവിട്ടിയപ്പോഴും ആ പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ പോലും അതിന്റെ ആത്യന്തികമായ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് ശൂഭാപ്തി വിശ്വാസമുള്ളവരായിരുന്നു. നമ്മുടെ നാനാത്വസ്വഭാവമുള്ള റിപ്പബ്ലിക്കിനെ ഭൂരിപക്ഷവോട്ടിലൂന്നിയ ഒന്നാക്കാനുള്ള ജനാധിപത്യപരമായ മാറ്റം സാധ്യമാക്കുന്ന സ്വാധീനമണ്ഡലത്തെ മെനഞ്ഞെടുക്കുന്ന നയമാണ് ഹിന്ദു ഏകീകരണശ്രമങ്ങളെന്ന് കുറച്ചു പേരെങ്കിലും അന്നേ തിരിച്ചറിഞ്ഞിരുന്നു. ബി ജെ പിക്ക് മേലുള്ള ഏക നിയന്ത്രണം പരിമിതമായ അധികാരമാണെന്നും.

എല്‍ കെ അദ്വാനിയുടെ രഥയാത്രയാണ് ആ പ്രക്രിയ ഗൗരവത്തോടെ തുടങ്ങിയത്. ഹിന്ദിപ്രദേശങ്ങളിലൂടെയുള്ള ആ യാത്ര ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹേ എന്നും മന്ദിര്‍ യഹി ബനായേംഗേ എന്നുമുള്ള ആര്‍ എസ് എസ് ആക്രോശങ്ങളെ ഇന്ത്യയുടെ തെരുവുകളിലെത്തിച്ചു. അതിനു ശേഷം സാമുദായികസംഘര്‍ഷങ്ങളിലുണ്ടായ വര്‍ധനവ് ആ തന്ത്രങ്ങളുടെ പ്രധാനപ്പെട്ട ഭാഗമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയിലൂടെ അത് ഉച്ചസ്ഥായിയിലെത്തി.

ഹിന്ദു ഹൃദയങ്ങളിലെ സമ്രാട്ട് എന്ന് സ്വയം പേരു ചൊല്ലി വിളിക്കുന്ന പുത്തന്‍ തലമുറ നേതാവ് നരേന്ദ്ര മോഡിയുടെ ഉദയം ബി ജെ പി-ആര്‍ എസ് എസ് അജണ്ടയെ മുന്നോട്ടു കൊണ്ടുപോകാനുള്ള രാഷ്ട്രീയ അധികാരം നേടിയെടുക്കുകയും ജനാധിപത്യ സ്ഥാപനങ്ങളെ പാര്‍ട്ടിയുടെ വാല്യക്കാരാക്കി മാറ്റുകയും ചെയ്തു.
പതിനഞ്ചു വര്‍ഷത്തെ മുഖ്യമന്ത്രിവാഴ്ച്ചക്കിടയില്‍ മോഡി വ്യവസായ സൗഹൃദം പുലര്‍ത്തുന്നതും വികസനത്തില്‍ വിരലൂന്നിയതുമായ ‘ഗുജറാത്ത് മാതൃക’ എന്ന മിത്ത് സൃഷ്ടിച്ചു. സാമൂഹ്യ വികസന സൂചികകള്‍ മറിച്ചാണു പറഞ്ഞെതെങ്കിലും, പല സംസ്ഥാനങ്ങളും നിക്ഷേപത്തിലും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിലും ഗുജറാത്തിനെ പിന്നിലാക്കിയെങ്കിലും ആ മിത്ത് പ്രചരിപ്പിക്കപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കെതിരെ പരോക്ഷമായ ആക്രമണമെന്ന മാര്‍ഗം മോഡി മിനുക്കിയെടുത്തു. പൊതുവിടങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ അപ്രത്യക്ഷമാകുന്നതും അവര്‍ക്ക് തല കുനിച്ചു മാത്രം ജീവിക്കാന്‍ കഴിയുന്നതുമായ മാതൃകയായിരുന്നു ഗുജറാത്തിന്റേത്.

ഈ മാതൃകയാണ് 2014 ല്‍ മോഡിയെ അധികാരത്തിലെത്തിച്ചത്. ആര്‍ എസ് എസും അനുബന്ധ സംഘടനകളും മോഡിയിലും അദ്ദേഹം മുമ്പോട്ടുവെച്ച മാതൃകയിലും തിരഞ്ഞെടുപ്പെന്ന ഓട്ടമത്സരം ജയിക്കാനുള്ള എളുപ്പവഴി കണ്ടെത്തുകയായിരുന്നു. ആ വാര്‍പ്പുമാതൃകയില്‍ എല്ലാവര്‍ക്കുമുള്ള എന്തെങ്കിലുമുണ്ടായിരുന്നു-തീവ്ര ഹിന്ദുവിനും വൈമനസ്യത്തോടെ പിന്തുണക്കുന്നയാള്‍ക്കും. 2014 ലെ പ്രചാരണത്തിലൂടനീളം മുസ്‌ലിംകള്‍ക്കെതിരെ നടന്ന അധിക്ഷേപങ്ങളിലായിരുന്നു ആദ്യത്തെ കൂട്ടര്‍ക്ക് താല്പര്യമെങ്കില്‍ മോഡിയുടെയും ബി ജെ പിയുടെയും ഊന്നല്‍ വികസനത്തിലാണെന്ന അവകാശവാദത്തിലായിരുന്നു ശേഷിച്ചവരുടെ ആശ. ഗുജറാത്ത് മാതൃകയിലുള്ള വികസനമെന്ന മിത്തിനെ ബി ജെ പി കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ സജീവമായിത്തന്നെ നിലനിര്‍ത്തിയിരുന്നു. അതോടൊപ്പം മുസ്‌ലിംകള്‍ക്കു നേരെയുള്ള സാമുദായിക ലഹളകളും ആക്രമണങ്ങളും നടന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയപാര്‍ട്ടികളെയും പോലും ദേശദ്രോഹികളെന്നും ഭീകരവാദത്തെ പിന്തുണക്കുന്നവരെന്നും മുദ്രകുത്തുന്ന പ്രചാരണങ്ങളും വ്യാജവാര്‍ത്തകളുമുണ്ടായി. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി ആദിത്യനാഥിനെ അരിയിട്ടുവാഴിക്കലും നോട്ടു നിരോധനവും പുറകേ വന്നു.
മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സാമുദായിക അക്രമത്തെ അപലപിക്കാന്‍ വിസമ്മതിക്കുകയും ഇരകളെ കൂടുതല്‍ ദ്രോഹിക്കുകയും ചെയ്തു. അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി. പൊതുസ്ഥലങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ അപ്രത്യക്ഷമാകുന്ന ഗുജറാത്ത് മാതൃകയെ മോഡി ഇതിനിടയിലെല്ലാം പുകഴ്ത്തിക്കൊണ്ടേയിരുന്നു. മുസ്‌ലിം വോട്ടുകള്‍ക്കും വികസനത്തിനുമിടയില്‍ കണക്കു പറഞ്ഞ മനേകാ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രസംഗം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിത്തറ കുഴിക്കുന്ന രാഷ്ട്രീയ അജണ്ടയെ തന്നെയാണ് വെളിപ്പെടുത്തുന്നത്.

പ്രഗ്യാസിംഗ് ഠാക്കൂറിനെ ഭോപാലിലെ സ്ഥാനാര്‍ത്ഥിയാക്കിയത് ബി ജെ പിയുടെ അജണ്ടയോടു ചേര്‍ന്നുപോകുന്ന തീരുമാനമാണ്. വളരെ വ്യക്തമായ സന്ദേശമാണതു നല്കുന്നത്: സംഘ് പരിവാറിന്റെ സംരക്ഷണമുള്ളവര്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ല. മുസ്‌ലിംകളും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഒരിക്കലും ഭീകരവാദത്തിന്റെ ഇരകളല്ല. ഗോസംരക്ഷകരില്‍ നിന്നോ അഭിനവ് ഭാരത് പോലുള്ള തീവ്ര ഹൈന്ദവസംഘടനകളില്‍ നിന്നോ അവര്‍ നേരിടേണ്ടി വരുന്ന ആക്രമണം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിപ്രവര്‍ത്തനം മാത്രമാണ്. 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് ആര്‍ എസ് എസ് ഒരു പ്രമേയം അംഗീകരിച്ചിരുന്നു-”ഭൂരിപക്ഷത്തിന്റെ സൗമനസ്യത്തിലാണ് യഥാര്‍ത്ഥ സുരക്ഷയെന്ന് മുസ്‌ലിംകള്‍ അറിയട്ടെ.” ഇതുതന്നെയാണ് മോഡിയുടെ അഞ്ചു വര്‍ഷങ്ങള്‍ നമ്മളോട് പറഞ്ഞുകൊണ്ടേയിരുന്നത്. പ്രഗ്യാസിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം അതിനെ വീണ്ടും ഉറപ്പിച്ചുപറയുന്നു എന്നേയുള്ളൂ.

തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം. ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി തീവ്രവാദമുഖമുള്ള ഒരാളെ നിര്‍ണായകമായ തിരഞ്ഞെടുപ്പു ഘടകമായി കണക്കാക്കുന്നത് സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തെ പ്രകോപിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അതിനെതിരെ പറയുന്ന വാക്കുകള്‍ നിസ്സംഗരുടെയും പേടിച്ചരണ്ടവരുടെയും മൗനത്തില്‍ മുങ്ങിപ്പോകുകയാണ്.

ഭൂരിപക്ഷത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതു നേരാണോ? 2014 ല്‍ വന്‍ വിജയം നേടിയപ്പോള്‍ പോലും ആകെ വോട്ടുകളില്‍ 31 ശതമാനം മാത്രമാണ് ബി ജെ പി നേടിയത്. വിജയിയുടെ വോട്ടു വിഹിതം നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ അപ്രസക്തമാണല്ലോ. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ശബ്ദമെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി രാജ്യത്തെ മുച്ചൂടും മുടിക്കുന്ന വിഭാഗീയ അജണ്ട പിന്തുടരുമ്പോള്‍ ശ്രദ്ധിക്കുക തന്നെ വേണം. 69 ശതമാനം ഇന്ത്യക്കാരും ബി ജെ പിക്കോ ആര്‍ എസ്എസിനോ വോട്ടു ചെയ്തിട്ടില്ല. മോഡിയും ബി ജെ പിയും നമുക്കെല്ലാവര്‍ക്കും വേണ്ടിയല്ല സംസാരിക്കുന്നതെന്ന് പറയാനുള്ള നേരമാണിത്.
അങ്ങനെ പ്രഖ്യാപിക്കുന്നതിലൂടെ നമ്മളൊരു തിരഞ്ഞെടുപ്പു നടത്തുകയാണ്. എത്രമാത്രം കുറവുകളുള്ളതാണെങ്കിലും ഇന്ത്യയെ നിര്‍വചിക്കുന്ന ബഹുസ്വരതയുടെ ജനാധിപത്യത്തിനും രൂപപ്പെട്ടു കൊണ്ടിരിക്കുന്ന അക്രമാസക്തമായ ഹിന്ദു ഭൂരിപക്ഷരാഷ്ട്രത്തിനുമിടയിലെ തിരഞ്ഞെടുപ്പാണത്. അറ്റകുറ്റപ്പണികളും പുനരുജ്ജീവനവുമാണ് ഒരു വശത്തെങ്കില്‍ മറുവശത്ത് മരണവും സര്‍വനാശവുമാണ്.
തിരഞ്ഞെടുപ്പു ബൂത്തുകളില്‍ മാത്രം ഉപയോഗിക്കേണ്ട ഇച്ഛാശക്തിയല്ല അത്. ഇനി വരുന്ന ദിവസങ്ങളിലും വര്‍ഷങ്ങളിലും ഉപയോഗിക്കേണ്ട സ്വയം നിര്‍ണയാവകാശമാണ്. ബിജെപിക്കെതിരെ വിധിയെഴുതിയ ആ അറുപത്തിയൊമ്പതു ശതമാനം ഇന്ത്യക്കാര്‍ നിവര്‍ന്നു നില്‍ക്കേണ്ട നേരമാണിത്.
അഞ്ജലി മോഡി

You must be logged in to post a comment Login