ബില്‍ക്കീസ് ബാനു: കൂരിരുട്ടിനു ശേഷവും വെളിച്ചമുണ്ട്

ബില്‍ക്കീസ് ബാനു: കൂരിരുട്ടിനു ശേഷവും വെളിച്ചമുണ്ട്

ശത്രുക്കളാല്‍ കളങ്കപ്പെട്ട ശരീരവുമായി ജീവിക്കുന്നതില്‍ എന്തര്‍ഥം എന്ന പതറിയ മനസിന്റെ ചോദ്യം നിരന്തരം വേട്ടയാടപ്പെട്ടപ്പോഴും പിടിച്ചുനില്‍ക്കാന്‍ കാട്ടിയ നിശ്ചയദാര്‍ഢ്യമാണ് ‘പ്രതികാരമല്ല, നീതിയാണ് എന്റെ അന്തിമ ലക്ഷ്യം’ എന്ന് 130കോടി ജനങ്ങളുടെ മുന്നില്‍ ആര്‍ജവത്തോടെ വിളിച്ചു പറയാന്‍ ബില്‍ക്കീസ് ബാനുവിന് അവസരം നല്‍കിയത്. അതല്ലായിരുന്നുവെങ്കില്‍ ഭരണഘടനയില്‍ എഴുതിവെച്ച മതേതര ജനാധിപത്യ വ്യവസ്ഥയുടെ അവസാനത്തെ അര്‍ഥം മുഖംനോക്കാതെ നീതി നടപ്പിലാക്കുക എന്നതാണെന്ന് തെളിയിക്കാനുള്ള സന്ദര്‍ഭം ആ ഹതഭാഗ്യക്ക് കൈമോശം വരുമായിരുന്നു. ജീവിതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെ, ജനാധിപത്യ മാര്‍ഗത്തിലൂടെ, നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഒരുപോലെ മുഖം കാട്ടിയ പോരാട്ടത്തിലൂടെ അവര്‍ നേരിട്ടപ്പോള്‍ ലോകത്തിന് വലിയൊരു തത്വം പഠിപ്പിച്ചുകൊടുക്കാന്‍ അവര്‍ക്ക് അവസരമൊത്തുവന്നു. മൂന്നര വയസുള്ള മകളെയും പ്രായമായ ഉമ്മ ഹലീമയെയുമടക്കം കുടുംബത്തിലെ 14അംഗങ്ങളെ കൂട്ടബലാല്‍സംഗത്തിന്നിരയാക്കിയ ശേഷം നിഷ്ഠൂരം അറുകൊല ചെയ്യപ്പെടുന്നത് കണ്ടിരിക്കേണ്ടിവന്ന ദുര്‍വിധി അവര്‍ക്കുണ്ടായി. അഞ്ചുമാസം ഗര്‍ഭിണിയായ തന്നെ കൂട്ടബലാല്‍സംഗം ചെയ്ത ശക്തരായ നരാധമന്മാരോടാണ് അവര്‍ നിയമയുദ്ധത്തിലേര്‍പ്പെട്ടതെന്ന് മറക്കരുത്. അതില്‍ വിജയിക്കുമ്പോള്‍ പ്രതികാരം ചെയ്യാന്‍ തനിക്ക് ആഗ്രഹമില്ലെന്നും നിയമത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് തന്റെ ജീവിതനിയോഗമെന്നും അവര്‍ വിളിച്ചുപറഞ്ഞു. ഹിന്ദുത്വഫാഷിസം ചവച്ചുതുപ്പിയ ദുര്‍ബലയായ മുസ്‌ലിം സ്ത്രീ എന്നൊരു കേവലപ്രതീകത്തിനപ്പുറം അന്ധകാര നിബിഢമായ വര്‍ത്തമാനകാല ഇന്ത്യക്ക് വെളിച്ചം കാട്ടിക്കൊടുക്കുന്ന ഒരു കൊച്ചു മണ്‍ചെരാതായി അവര്‍ പൊതുഇടങ്ങളില്‍ ജ്വലിക്കുകയാണ്. ഇരുട്ടില്‍ തപ്പുന്ന ഇന്ത്യക്ക് മഹത്തായൊരു പാഠമായിക്കൊണ്ട്.
ബില്‍ക്കീസ് ബാനു സ്വതന്ത്ര്യ ഇന്ത്യകണ്ട ധീരയായ വനിതയാണ്! വര്‍ഗീയഫാഷിസ്റ്റുകളാല്‍ വേട്ടയാടപ്പെടുന്ന മുസ്‌ലിം മങ്കമാരുടെ അപൂര്‍വമായൊരു പ്രതിനിധി. ഗോധ്ര തീവണ്ടിദുരന്തത്തിന്റെ കരിമ്പുക മറയാക്കി, മുസ്‌ലിംകള്‍ക്കെതിരെ ഏകപക്ഷീയമായി യുദ്ധത്തിനിറങ്ങിയ ഹിന്ദുത്വകാപാലികരുടെ ക്രൗര്യം ലോകത്തോട് വിളിച്ചുപറയാന്‍ പടച്ചതമ്പുരാന്‍ ബാക്കിവെച്ച ഒരു സ്ത്രീജന്മമാണ് ബില്‍ക്കീസ്. 2002 മാര്‍ച്ച് 3ന് ദാഹോദ് ജില്ലയിലെ ചപ്പര്‍വാദ ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡരികിലേക്ക് ബില്‍ക്കീസ് എന്ന 19കാരി വലിച്ചെറിയപ്പെടുമ്പോള്‍ അവരെ കൂട്ടബലാല്‍സംഗം ചെയ്ത് ശവരൂപത്തിലാക്കിയ ആര്‍.എസ്.എസുകാര്‍ കരുതിയത് കഥ അവിടെ അവസാനിച്ചുവെന്നായിരുന്നു. സംഘ്പരിവാര്‍ ഗുണ്ടകളില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമിതാണെന്ന് കരുതി, ആദിവാസികളുടെ വേഷത്തിലാണ് ബില്‍ക്കീസും കുടുംബവും ഒരു ട്രക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതും മറുഭാഗത്ത്‌നിന്ന് വര്‍ഗീയകശ്മലന്മാര്‍ ആയുധവുമായി വരുന്നത് കണ്ട് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചതും. സ്വന്തം ഗ്രാമത്തില്‍ അതുവരെ ഒരുമിച്ച് ജീവിച്ച മനുഷ്യര്‍ തന്നെയാണ് തങ്ങള്‍ തിരിച്ചറിയപ്പെട്ടപ്പോള്‍ ഒരു കുടുംബത്തിന്റെ അന്ത്യം കുറിക്കാന്‍ കഠാരയും ത്രിശൂലവുമായി എത്തിയതെന്ന ഭീകരസത്യം നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി വാണ ഒരു കാലഘട്ടത്തിന്റെ നടുക്കുന്ന സാമൂഹ്യാവസ്ഥയാണ് നമ്മുടെ മുന്നില്‍ തുറന്നുകാട്ടിത്തന്നത്. തങ്ങള്‍ ഒരിക്കലും നിയമത്തിനു മുന്നില്‍ ഹാജരാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഇല്ല എന്ന് അക്രമികള്‍ കണക്കുകൂട്ടി. കാരണം, ഭരണകൂടത്തിന്റെ ഒത്താശയിലും ആശീര്‍വാദത്തിലുമാണ് കൊലയാളികള്‍ നേരത്തെ ആസൂത്രണം ചെയ്ത വംശഹത്യാ പദ്ധതി നടപ്പാക്കിയിരുന്നത്. മോഡിയും ഇന്ന് പാര്‍ട്ടിയുടെ അമരത്ത് വാഴുന്ന അമിത് ഷായും ഒത്തൊരുമിച്ച് വിഭാവന ചെയ്ത മുസ്‌ലിംവിരുദ്ധ കലാപത്തിന്റെ എണ്ണപ്പെട്ട ക്രൂരതകളിലൊന്നാണ് ബില്‍ക്കീസ് ബാനുവിന്റെ ജീവിതദുരന്തം. കലാപം കിനാവ് കണ്ട് പതിറ്റാണ്ടുകള്‍ തള്ളിനീക്കിയ ആര്‍.എസ്.എസുകാരെയോ ഒടുവില്‍ കൈവന്ന അവസരത്തില്‍ അത് നടപ്പാക്കാന്‍ രംഗസജ്ജീകരണമൊരുക്കിയ മോഡി- അമിത് ഷാ പ്രഭൃതികളെയോ സ്പര്‍ശിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് സാധിച്ചില്ല എന്ന പോരായ്മ കേസിന്റെ ബാക്കിപത്രത്തില്‍ നിര്‍ലജ്ജമായി കിടപ്പുണ്ട്. ഗുജറാത്തില്‍ നടമാടിയ മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടായിരത്തിലേറെ കേസുകളില്‍ ബില്‍ക്കീസ് ബാനുവിന്റേത് ഇത്രമാത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയത് ഭരണകൂട ഭീകരതയും മനുഷ്യവകാശവും നേരിട്ട് പോരടിക്കുകയും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ആധാരശിലകളെ പിടിച്ചുകുലുക്കുകയും ചെയ്തതു കൊണ്ടാണ്. ഒരു ആദിവാസി സ്ത്രീയും അവരുടെ കുടുംബവുമാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ പൂര്‍ണനഗ്‌നയായി കിടന്ന ബില്‍ക്കീസ് ബാനുവിന്റെ ശരീരം മറച്ച്, ആശുപത്രിയിലെത്തിച്ചതെന്ന സത്യം അധഃസ്ഥിതരുടെ ഐക്യദാര്‍ഢ്യത്തിന്റെ സൂചന കൂടിയാണ്. 12 കുറ്റവാളികളെ ബില്‍ക്കീസ് ബാനു കോടതിയില്‍ തിരിച്ചറിഞ്ഞു. 20 ദിവസം തുടര്‍ച്ചയായി ബില്‍ക്കീസിനെ എതിര്‍വിസ്താരം ചെയ്തു. 72 പ്രോസിക്യൂഷന്‍ സാക്ഷികളെ അതിനിടയില്‍ കോടതിയില്‍ ഹാജരാക്കി. 302, 306 വകുപ്പ് അനുസരിച്ച് 12പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിവിധിച്ചു.

കോടതിവിധിക്കപ്പുറം
ഒരുഭാഗത്ത് രാഷ്ട്രീയ, ഭരണകൂട സംവിധാനങ്ങള്‍ രാജ്യത്തിന്റെ മതേതരത്വത്തെയും പാരസ്പര്യത്തെയും വെല്ലുവിളിച്ച് മുന്നോട്ടുപോയപ്പോള്‍ ചില ജനാധിപത്യസ്ഥാപനങ്ങള്‍ നീതിയുടെ പക്ഷത്ത്, ആടിയുലഞ്ഞാണെങ്കിലും നിലകൊണ്ടു എന്നതിനാല്‍ മാത്രമാണ് ബില്‍ക്കീസ് ബാനുവിന് അല്‍പം നീതി കിട്ടി എന്ന തോന്നലുണ്ടാക്കിയത്. 50ലക്ഷം രൂപയും ജോലിയും താമസിക്കാന്‍ വീടും നല്‍കണമെന്നാണ് പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നത്. അവരെയും കുടുംബത്തെയും രക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഗുജറാത്ത് സര്‍ക്കാര്‍ ആ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാണ് ഈ നഷ്ടപരിഹാരം. താനും ഒരു പൗരയാണ് എന്ന് അവരെ ബോധ്യപ്പെടുത്തിയതോടെ ഭരണഘടന ഇവിടെ വാഴുന്നുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. ഗോള്‍വാള്‍ക്കറും സവര്‍ക്കറും ഉദ്‌ഘോഷിച്ചത് പോലെ ഇന്നാട്ടില്‍ മുസ്‌ലിംകള്‍ പൂര്‍ണാവകാശം നിഷേധിക്കപ്പെടുന്ന, രണ്ടാം കിട പൗരന്മാരല്ല എന്ന് സുപ്രീംകോടതി ഈ വിധിയിലൂടെ രാജ്യത്തെ ഓര്‍മപ്പെടുത്തിയിരിക്കയാണ്. മോഡി ഭരിച്ച കാലഘട്ടത്തിലെ ഗുജറാത്തിലെ കോടതി ചെയ്തത് ഇതായിരുന്നില്ല. ഗുജറാത്ത് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നീട്ടിക്കൊടുത്തപ്പോള്‍ അവര്‍ അത് സ്വീകരിച്ചില്ല. തുച്ഛമായ അഞ്ചുലക്ഷത്തിന്റെ വിലയേ തന്റെ അന്തസിനുള്ളൂവെന്ന അന്നാട്ടിലെ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് ആ നിരാസത്തിലൂടെ ബില്‍ക്കീസ് സമര്‍ഥിച്ചു. ഗുജറാത്തിലെ പൊലീസിനോ സര്‍ക്കാര്‍ അധികൃതര്‍ക്കോ ഒരു കുടുംബത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ പുറപ്പെട്ട കശ്മലന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. കേസ് തേച്ചുമാച്ചുകളയാന്‍ മോഡി സര്‍ക്കാര്‍ തുടക്കം തൊട്ട് ശ്രമിച്ചു. എഫ്.ഐ.ആര്‍ പോലും തയാറാക്കാന്‍ കൂട്ടാക്കിയില്ല. അവസാനം പുറത്തുവന്ന എഫ്.ഐ.ആറില്‍ ബില്‍ക്കീസ് പേരെടുത്തുപറഞ്ഞ പ്രതികളുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. ഒരുവര്‍ഷത്തിനു ശേഷം എഫ്.ഐ.ആര്‍ തള്ളുന്നത് വസ്തുതകളിലെ ‘പൊരുത്തക്കേട്’ ചൂണ്ടിക്കാട്ടിയാണ്. ബില്‍ക്കീസ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയാണ് അതോടെ. അവര്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവാന്‍ ഹാരിഷ് സാല്‍വെയെ മനുഷ്യവാകാശകമീഷന്‍ ചുമതലപ്പെടുത്തി. കേസ് പുനരാരംഭിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് സി.ബി.ഐ യെ ചുമതലപ്പെടുത്തണമെന്നും കുറ്റകരമായ അനാസ്ഥ കാണിച്ച ഗുജറാത്ത് പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരില്‍നിന്ന് തനിക്ക് നഷ്ടപരിഹാരം വാങ്ങിത്തരണമെന്നുമായിരുന്നു അവരുടെ ആവശ്യം. സുപ്രീംകോടതി ഇടപെട്ടതോടെ സിബിഐ 12 പേരെ അറസ്റ്റ് ചെയ്തു. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നതായും ഗുജറാത്ത് പൊലീസ് അതില്‍ ഭാഗവാക്കായതായും സി.ബി.ഐ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ആറ് പോലിസ് ഓഫീസറും രണ്ടു സര്‍ക്കാര്‍ ഡോക്ടര്‍മാരുമടക്കം 20 പേര്‍ക്ക് എതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മോഡി സര്‍ക്കാരിലുള്ള അവിശ്വാസം തുറന്നുപറഞ്ഞുകൊണ്ട് സുപ്രീംകോടതി കേസ് മുംബൈ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 12പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തെറ്റായി എഫ്.ഐ.ആര്‍ തയാറാക്കിയതിന് ഒരു പൊലീസുകാരന്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് ഡോക്ടര്‍മാരടക്കം ഏഴുപേരെ കോടതി വെറുതെവിട്ടു. പ്രതികളില്‍ 11പേര്‍ മുംബൈ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. മുംബൈ ഹൈകോടതിയുടെ അന്തിമ വിധിയില്‍ 19പേരെ ശിക്ഷിച്ചു. 11പേരുടെ ജീവപര്യന്തം ശരിവെച്ച ഹൈകോടതി തെളിവുകള്‍ നശിപ്പിക്കാന്‍ കുട്ടുനിന്നതിനു അഞ്ചു പൊലീസ് ഓഫീസര്‍മാരും രണ്ടു ഡോക്ടര്‍മാരും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് വിധിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചുലക്ഷത്തിന്റെ നഷ്ടപരിഹാരം നിരാകരിച്ചതിനാല്‍ കൂടുതല്‍ ആവശ്യപ്പെട്ട് ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ആ കേസിലാണ് കഴിഞ്ഞദിവസം പരമോന്നത നീതിപീഠം അവര്‍ക്ക് ആശ്വാസം നല്‍കുന്ന വിധി പുറപ്പെടുവിച്ചത്.

ബില്‍ക്കീസ് ബാനു കേസ് ഇന്ത്യന്‍ രാഷ്ട്രീയ, നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നത് പല കാരണങ്ങളാലാാണ്. അവര്‍ പൊരുതിയത് കരുത്തരായ ഭരണകൂടത്തിന് എതിരെയാണ്. അതും, അപരാധികളുടെ സംരക്ഷണം ഏറ്റെടുത്ത അപകടകാരികളായ ഒരു കൂട്ടരുടെ സ്വന്തം ഭരണത്തോടാണ് നിയമം കൊണ്ട് അവര്‍ കളിച്ചത്. കോടതിയും പൊലീസും എന്തിനു ഡോക്ടര്‍മാര്‍ പോലും അപരാധികളുടെ പക്ഷത്ത് ചേര്‍ന്ന് നീതി നടപ്പാകരുതെന്ന് ശഠിച്ച ഒരു കാലസന്ധിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ പരമോന്നത നീതിപീഠം വരെ ചെല്ലാന്‍ ആര്‍ജവം കാണിച്ച ബില്‍ക്കീസും അവര്‍ക്ക് സര്‍വവിധ പിന്തുണയും നല്‍കിയ കുറെ നല്ല മനുഷ്യരും ഈ കൂരിരുട്ടില്‍ പ്രതീക്ഷയുടെ പ്രകാശം ചൊരിഞ്ഞവരാണ്.

വിധിക്കുശേഷം ബില്‍ക്കീസ് പറഞ്ഞത്
സുപ്രീംകോടതി വിധി പുറത്തുവന്ന ശേഷം ഭര്‍ത്താവിനും കൊച്ചുമകള്‍ക്കുമൊപ്പം ബില്‍ക്കീസ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയുണ്ടായി. മാധ്യമങ്ങളോട് അവര്‍ സംസാരിച്ചത് പക്വതയാര്‍ന്ന, ഉയര്‍ന്നു ചിന്തിക്കുന്ന ഒരു സ്ത്രീയായാണ്. അനുഭവങ്ങളെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ കണ്ഠമിടറുന്നുണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവ് ഇടയ്ക്കിടെ കണ്ണ് തുടച്ചപ്പോഴും അവര്‍ പതറിയില്ല. കാരണം, തിരച്ചുകിട്ടിയ ജീവിതമാണ് അവരുടേത്. വര്‍ഗീയഫാഷിസത്തോട് പൊരുതിജയിച്ച ജീവിതം. നരേന്ദ്രമോഡിയുടെ വ്യവസ്ഥിതിയെ പരാജയപ്പെടുത്തിയ ജീവിതം. വര്‍ഗീയ കശ്മലന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടാലും വീണ്ടുമൊരിക്കല്‍ ഉയിര്‍പ്പിനു ശേഷിയുണ്ടെന്ന് തെളിയിച്ച ജീവിതം. അതുകൊണ്ട് തന്നെ, പ്രതികാരത്തിന്റെയോ അനുതാപത്തിന്റെയോ ഭാഷയിലല്ല, മറിച്ച് അവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനമൂല്യങ്ങളുടെയും അടിബലത്തിലാണ് തന്റെ കഥ അവര്‍ അവതരിപ്പിച്ചുതീര്‍ത്തത്. ചരിത്രത്തില്‍ തങ്കലിപികളാല്‍ കുറിച്ചിടപ്പെടുന്നതായി അവര്‍ പങ്കുവെച്ച വികാരങ്ങളും വിചാരങ്ങളും: ”ലക്ഷക്കണക്കിന് ചുവടുകളുള്ള ഒരു യാത്രയായിരുന്നു ഈ നിയമപോരാട്ടം. എന്റെയും മകളുടെയും എന്റെ കുടുംബത്തിന്റെയും ജീവിതം നശിപ്പച്ചവരെ ശിക്ഷിക്കുക എന്ന ലക്ഷ്യം തേടിയായിരുന്നു ആ യാത്ര. എന്നാല്‍ ഇന്ന്, കുറ്റകരമായ ചെയ്തിയുടെ പേരില്‍ ഭരണഘടനാ തത്ത്വങ്ങളുടെയും ധാര്‍മികനിലപാടിന്റെയും പേരില്‍ ഒരു സംസ്ഥാനസര്‍ക്കാരിനെ ശിക്ഷിച്ചിരിക്കുന്നു. സുപ്രീംകോടതി വിധിയെ ഞാന്‍ കാണുന്നത് പണത്തിന്റെ വിധിയായല്ല. സംസ്ഥാനത്തിനും ഈ രാജ്യത്തെ ഓരോ പൗരനും കോടതി നല്‍കുന്ന താക്കീതാണ് അതിന്റെ അന്തസ്സത്ത. ഒരു ഭരണകൂടത്തെയും മനുഷ്യാവകാശം ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് അത് ഓര്‍മപ്പെടുത്തുന്നു. വിദ്വേഷത്തിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും ഇരകളായ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിനുള്ളള പോരാട്ടത്തിന് എനിക്കു കിട്ടിയ പണത്തിന്റെ ഒരു ഭാഗം ചെലവഴിക്കും. എന്റെ മകള്‍ സ്വാലിഹയുടെ ഓര്‍മകള്‍ ജ്വലിപ്പിക്കാന്‍ ഈ ഹതഭാഗ്യകളുടെ മക്കളുടെ പഠനത്തിനും ഒരു ഭാഗം ചെലവഴിക്കുന്നതാണ്”.

കരഞ്ഞുതീര്‍ത്തു, മൂക്ക് പിഴിഞ്ഞ് നിസ്സഹായതയും അബലതയും ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കാനുള്ളതല്ല ജീവിതമെന്ന് ബില്‍ക്കീസ് ബാനു കാട്ടിത്തന്നു. ഭര്‍ത്താവിനൊപ്പം അവര്‍ ഇക്കുറി വോട്ട് ചെയ്തു. പൗരത്വമാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്നും ഉന്നത നീതിപീഠം താനും മറ്റാരെയും പോലെ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള പൗരയാണെന്ന് പ്രഖ്യാപിച്ചിരിക്കയാണെന്നും ഉശിരോടെ അവര്‍ പറയുമ്പോള്‍ ജയിക്കുന്നത് ബഹുസ്വരത കളിയാടുന്ന, വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരിന്ത്യയെ സ്വപ്‌നം കണ്ട ഇന്ത്യയുടെ ശില്‍പികളാണ്. അവരെ പരാജയപ്പെടുത്താനാണ് മോഡിയും അമിത്ഷായും ഗുജറാത്തിലെ കോടിക്കണക്കിന് വര്‍ഗീയവാദികളും ബില്‍ക്കീസിനെ പിച്ചിച്ചീന്തിയതും അവരുടെ കുടുംബത്തെ കശക്കിയെറിഞ്ഞതും. എന്നിട്ടും നീതി ജയിച്ചെങ്കില്‍ , നമുക്കാശ്വസിക്കാം ഇന്നത്തെ കൂരിരുട്ടിനു ശേഷം തുരങ്കത്തിനപ്പുറത്ത് വെളിച്ചം കാത്തിരിപ്പുണ്ടെന്ന്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login