ആ ഈസ്റ്റര്‍ ദിനം നമുക്കേറ്റുവാങ്ങേണ്ടി വന്നതെന്തിന്?

ആ ഈസ്റ്റര്‍ ദിനം നമുക്കേറ്റുവാങ്ങേണ്ടി വന്നതെന്തിന്?

സിറിയന്‍ പണ്ഡിതനായ ശൈഖ് മുഹമ്മദ് അല്‍ യാഖൂബിയുടെ പ്രശസ്തമായ ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു 2015 ല്‍. Refuting isis: A rebuttal of its religious and ideological foundations  എന്ന ശീര്‍ഷകത്തില്‍. അതിലദ്ദേഹം സലഫിസവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ആലോചനകള്‍ക്ക് കൃത്യമായ വിവരണം നല്‍കുന്നു. സലഫിസത്തെ രണ്ടായിട്ടാണ് അദ്ദേഹം പറയുന്നത്. ഒന്ന്: സലഫിസം ഇന്‍ ഡോഗ്മ, രണ്ട്: സലഫിസം ഇന്‍ ഫിഖ്ഹ്. ഒന്നാമത്തേതില്‍ ഇബ്നു തൈമിയ്യയെ അതിന്റെ മുഖ്യ ആശയദാതാവായി കാണുന്നു. രണ്ടാമത്തേതാവട്ടെ, ഇസ്ലാമിലെ മദ്ഹബുകളെ നിരസിച്ചു നടത്തുന്ന സ്വയം വ്യാഖ്യാന ശ്രമങ്ങളേയും, അതിന്റെ പ്രാക്ടീസിംഗിനെയുമാണ്. ലോകത്തെയാകെ ഒരു മാനദണ്ഡവുമില്ലാതെ ഖുര്‍ആനിലേക്കും തിരുചര്യയിലേക്കും ക്ഷണിച്ച് എല്ലാ മദ്ഹബുകളെയും നിരാകരിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഒരു മിശ്രിതമായിട്ടാണ് അദ്ദേഹം ഐസിസ് രുപീകരണത്തെയും അതിന്റെ പ്രത്യശാസ്ത്രത്തെയും വിശകലനം ചെയ്യുന്നത്. ഖുര്‍ആനെയും ഹദീസിനെയും സ്വയമേയുള്ള വ്യാഖ്യനങ്ങളിലൂടെ വിവരിക്കുകയും, അഗാധ പാണ്ഡിത്യമുള്ളവരെയും പ്രവാചകര്‍ മുതല്‍ വികസിച്ചുവന്ന ജ്ഞാനശാസ്ത്രത്തിന്റെ തുടര്‍ച്ചകളില്‍ എത്തിയവരുമായ ഇമാം ഗസ്സാലിയോ ഇമാം നവവിയോ ഒന്നും അവകാശപ്പെടാത്ത മുജ്തഹിദ് പട്ടം സ്വയം എടുത്തണിയുകയും, അതനുസരിച്ചു മതവ്യാഖ്യാനം നടത്തി എല്ലാതരം ഭീകരതയും നടപ്പാക്കുകയും അതിന് തിയോളജിക്കല്‍ അംഗീകാരം നിര്‍മിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
രണ്ടു തരത്തിലാണ് ഐസിസ് നിര്‍മാണത്തിലേക്കുള്ള സലഫിസത്തിന്റെ പ്രവര്‍ത്തന രീതി വിപുലപ്പെടുന്നത്. ഒന്നാമതായി പരമ്പരാഗത ഇസ്ലാമിക കാഴ്ചപ്പാടുകളെ പാര്‍ശ്വവത്കരിക്കുന്നു. രണ്ടാമതായി ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ടാക്കി പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് ഇസ്ലാം രാഷ്ട്രീയ രൂപമായി നിലനില്‍ക്കണം എന്നത് സലഫിസത്തിന്റെ മുഖ്യ അജണ്ടയായി മാറുന്നത്? അതിനായി അവര്‍ പയറ്റിയ രീതികളുടെ രക്തപങ്കിലമായ കാഴ്ചകളും വര്‍ത്തമാനകാലത്ത് ശ്രീലങ്കയിലെ ചാവേറാക്രമണം വരെയെത്തിയ ഹിംസയുടെയും വെറുപ്പിന്റെയും ആവിഷ്‌കാരങ്ങളും നാം പരിശോധിക്കേണ്ടതുണ്ട്.
എ.ഡി 12631328 കാലത്തു ജീവിച്ച ഇബ്‌നു തൈമിയ്യയുടെ വാദങ്ങള്‍ പുനരാവിഷ്‌കക്കപ്പെട്ടതിന്റെ ഫലമായിട്ടായിരുന്നു പതിനെട്ടാം നൂറ്റാണ്ടില്‍ സലഫിസം സഊദി അറേബ്യയില്‍ അധികാരം നേടുന്നത്. 17031792 വരെ ജീവിച്ച മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് ആണ് ഈ രാഷ്ട്രീയ പ്രവേശത്തിനുള്ള തുടക്കമിടുന്നത്. ഇബ്നു തൈമിയ്യയാല്‍ സ്വാധീനിക്കപ്പെട്ട അബ്ദുല്‍ വഹാബ്, മുസ്‌ലിംകള്‍ അന്ധതയിലും അജ്ഞതയിലുമാണ് ജീവിക്കുന്നത് എന്ന വാദമുയര്‍ത്തി. അജ്ഞതയെ മാറ്റാന്‍ തൗഹീദിലേക്കു ക്ഷണിക്കുകയാണ് എന്ന പ്രതീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ ഭാഗമായി മനുഷ്യനും അല്ലാഹുവിനും ഇടയില്‍ വസീല- ഇന്റര്‍മീഡിയേഷന്‍- ആവശ്യമില്ല എന്നൊരു വാദം ഉന്നയിച്ചു . ഇബ്‌നു അബ്ദുല്‍ വഹാബ് ആവിഷ്‌കരിച്ച തൗഹീദ് തുടരാത്തവരെയൊക്കെ അദ്ദേഹം മുശ്‌രിക് – ബഹു ദൈവാരാധകനായും മത നിഷേധിയായും വിധി കല്പിച്ച് കൈകാര്യം ചെയ്യുന്ന രീതി നടപ്പിലാക്കി.

ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചില ഗുരുക്കന്മാര്‍ ഇബ്‌നു തൈമിയ്യയാല്‍ സ്വാധീനിക്കപ്പെട്ടവര്‍ ആയിരുന്നു. അതില്‍ ഒരാളാണ് നജ്ദിലെ അബ്ദുല്ലാഹി ഇബ്‌നു ഇബ്രാഹീമു നജ്ദി. ബസറയിലും മദീനയിലും മക്കയിലും ഒക്കെയായി പലരില്‍ നിന്നല്ലാം ജ്ഞാനാര്‍ജ്ജനം നടത്തിയ അദ്ദേഹത്തിന് പക്ഷേ, ഉത്തമനായ ആത്മീയ ഗുരുവിനെ കിട്ടിയില്ല. തന്റെ ചിന്തകളെ മറ്റെന്തിനെക്കാളും മുകളില്‍ പ്രതിഷ്ഠിക്കുന്ന നിലയിലായിരുന്നു വഹാബ്. അവയാവട്ടെ, ഇസ്‌ലാമിലെ വ്യവസ്ഥാപിത വഴികളായ നാല് മദ്ഹബുകളെ നിരാകരിക്കുന്നവയും ആധ്യാത്മിക ഇസ്ലാമിനെ ഭര്‍ത്സിക്കുന്നതുമായിരുന്നു.

പലയിടങ്ങളില്‍ നിന്നായി കിട്ടയ വ്യതിചലിച്ച ചിന്തകളുമായി നാട്ടില്‍ തിരിച്ചെത്തിയ വഹാബ് പലരെയും അതിലേക്കു നയിക്കാന്‍ ശ്രമിച്ചു. ആയിടക്കാണ് നജ്ദിലെ ഉയയ്‌ന പ്രവിശ്യയിലെ ഭരണാധികാരി ഉസ്മാനുബ്നു മുഅമ്മറുമായി അദ്ദേഹം സൗഹൃദത്തില്‍ ആകുന്നത്. ആ സൗഹൃദത്തിലൂടെ തന്റെ ഉള്ളിലെ ചിന്തകളെ പ്രയോഗിക രൂപത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. അതിന്റെ ഭാഗമായി അവിടെ പരിസരത്ത് മറപെട്ട് കിടക്കുന്ന തിരുനബിയുടെ ശിഷ്യനായ സൈദ് ഇബ്‌നു ഖത്താബിന്റെ(റ) ഖബര്‍ ഇവര്‍ നശിപ്പിച്ചു നിരപ്പാക്കി. സലഫിസത്തിന്റെ ആദ്യ കയ്യൊപ്പാണിത്. ഇസ്‌ലാമിനെ പ്രവാചകനില്‍ നിന്ന് പകര്‍ത്തിയ സാത്വിക ശിഷ്യന്റെ ഖബര്‍ ആണ് ആദ്യ ഇര. ഇതിലപ്പുറം മറ്റാര്‍ക്കാണ് സലഫിസത്തിന്റെ മുന്നില്‍ വിലയുണ്ടാവുക? ഈയൊരു സമീപനം തുടര്‍ന്നപ്പോള്‍ സമീപ പ്രവിശ്യകളിലെ ചില ഭരണാധികാരികളുടെ സമ്മര്‍ദ്ധം ശക്തമാവുകയും അവിടം വിടേണ്ടിവരികയും ചെയ്തു.

അപ്പോഴാണ് മറ്റൊരു സഊദി പ്രവിശ്യയായ ദിര്‍ഇയ്യയിലേക്കു പോകുന്നതും അവിടെയുള്ള ഭരണാധികാരി മുഹമ്മദ് ഇബ്‌നു സഊദുമായി സൗഹൃദം സ്ഥാപിക്കുന്നതും. സൗഹൃദം വളര്‍ന്ന് അവര്‍ പല കരാറുകളില്‍ ഏര്‍പ്പെടുന്നു. ദിര്‍ഇയ്യ വിപുലമാക്കാനുള്ള ശ്രമം മുഹമ്മദ് ഇബ്‌നു സഊദ് നടത്തുകയും അതിനുള്ള എല്ലാ പിന്തുണയും അബ്ദുല്‍ വഹാബ് നല്കുകയും ചെയ്തു. അവര്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ മകളെ ഇബ്‌നു സഊദിന് വിവാഹം ചെയ്തുകൊടുത്തു. ആദ്യം നജ്ദ് പിടിച്ചടക്കി. 1765 ല്‍ ഇബ്‌നു സഊദ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ അസീസ് അധികാരത്തില്‍ എത്തി. അദ്ദേഹവും ഇബ്‌നു അബ്ദുല്‍ വഹാബിന്റെ വലയത്തിലായിരുന്നു. ഓരോ സ്ഥലത്തും ഇസ്‌ലാമിക ശരീഅത്ത് സ്ഥാപിക്കുക എന്ന മട്ടില്‍, നില നില്‍ക്കുന്ന എല്ലാ ഇസ്‌ലമിക രീതികളെയും ശിഥിലമാക്കാനാണ് അവര്‍ തുനിഞ്ഞത്.
ഇപ്പോഴത്തെ ഏകീകൃത സഊദി സ്റ്റേറ്റ് രൂപപ്പെടുന്നത് ആ വഹാബിവല്‍കൃതമായ ഇസ്‌ലാമിന്റെ ആവിഷ്‌കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്. പിടിച്ചെടുക്കപ്പെട്ട എല്ലായിടങ്ങളിലും മതപരമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സമ്പൂര്‍ണ്ണ അധികാരം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിന് കൈവന്നു. അതോടെയാണ് സലഫിസത്തിന്റെ രാഷ്ട്രീയ സംസ്ഥാപനം ഏറെക്കുറെ സമഗ്രമാവുന്നത്. 1792 ല്‍ മരണപ്പെടും വരെ സഊദി ഭരണകൂടത്തിന്റെ പ്രധാന ഉപദേശകനായിരുന്നു മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ്. പിന്നീട്, 1805 ല്‍ അധികാരത്തില്‍ വന്ന സഊദ് ഇബ്‌നു അബ്ദുല്‍ അസീസ് മക്കയിലും മദീനയിലും ഉള്ള ചരിത്ര സ്മാരകങ്ങള്‍ നാമാവശേഷമാക്കിയതും അവിടെ കൊള്ള നടത്തിയതും ഇതിന്റെ തുടര്‍ച്ചകളാണ്. സലഫിസത്തിന്റെ ഭീകരമുഖം ലോകത്തിന്റെ പല ഭാഗങ്ങങ്ങളിലേക്കും ആസൂത്രിതമായി പ്രചരിക്കപ്പെടുന്നത് 1970 കാലത്ത് ഗള്‍ഫ് ബൂം എന്ന ഓയില്‍ പ്രൊഡക്ഷന്‍ ആരംഭിച്ചത് മുതലാണ്. സഊദി അറേബ്യ സാമ്പത്തികമായി കരുത്താര്‍ജിക്കുന്നതും അന്നുതൊട്ടാണ്.

സലഫിസത്തിന്റെ മറ്റൊരു തലത്തെക്കൂടി നാം വിശകലനം ചെയ്യണം. ഇസ്ലാമിക് മോഡേണിസം എന്ന പേരില്‍, പുറത്തുവന്ന ഒരു വകഭേദം കേരളത്തില്‍ സലഫിസം നവോത്ഥാന പ്രസ്ഥാനം എന്ന വിധത്തില്‍ അവതരിക്കപ്പെടാനിടയാക്കിയത് ഈ മുഖം മൂടി ഉള്ളതു കൊണ്ടാണ്. പലവിതാനത്തില്‍ പ്രശംസയോടെ കൊണ്ടുവരപ്പെട്ട, അടയാളപ്പെടുത്തപ്പെട്ട ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും റഷീദ് രിളയും മുന്നോട്ടു വെച്ച സലഫിത്തിന്റെ നവീനമുഖമാണിത്. രക്തരൂക്ഷിത സലഫിസത്തിന്റെ വ്യാജമുഖമാണിത്. മറ്റൊരു മുഖമാണ് അത്. ഹെന്റി ലൂയിസറുടെ ദി മേക്കിങ് ഓഫ് സലഫിസം എന്ന പുസ്തകമുണ്ട്. 2015 ല്‍ പുറത്തിറങ്ങിയത്. ഈ പുസ്തകത്തില്‍ അദ്ദേഹം സലഫിസത്തെ രണ്ടായി തിരിക്കുന്നുണ്ട്. ഒന്ന്; മോഡേണിസ്റ്റ് സലഫിസം, രണ്ട്; പ്യൂരിസ്റ്റ് സലഫിസം. പ്യൂരിസ്റ്റ് സലഫിസത്തില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നത് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള അത്യധികം അക്രമകരമായ സലഫിസത്തെയാണ്. എന്നാല്‍ മറ്റേ ഭാഗത്തെ പരിക്ക് കുറഞ്ഞത് എന്ന നിലയിലുമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ഇവ രണ്ടും ഇസ്ലാമിന്റെ പരമ്പരാഗതവും മൗലികവുമായ ധാരക്ക് മാരകമായ ആഘാതം ഏല്‍പ്പിക്കാന്‍ വന്നതായിരുന്നു എന്ന് നാം മനസിലാക്കണം. ഇസ്‌ലാം പ്രാകൃതമായി ആവിഷ്‌കരിക്കപ്പെടാന്‍ ഇടയാക്കിയതിന്റെ നിമിത്തമാണിത്. അതുവഴി ലോകത്തിന്റെയും സൈ്വരം പോയി. 1838 മുതല്‍ 1897 വരെയാണ് ജമാലുദ്ദീന്‍ അഫ്ഗാനി ജീവിക്കുന്നത്. അദ്ദേഹത്തിന് തന്റെ തോന്നലുകള്‍ പ്രചരിപ്പിക്കാന്‍ പറ്റുന്ന വിധത്തിലുള്ള നിലം, അതിനു മുമ്പേ മരണപ്പെട്ട ഇബ്‌നു അബ്ദുല്‍ വഹാബ് രൂപപ്പെടുത്തിയിട്ടുണ്ടായിരുന്നു. പടിഞ്ഞാറന്‍ ഇമ്പീരിയലിസത്തിനു എതിരെ എന്ന പ്രതീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ രീതികള്‍ ഇസ്ലാമിന്റെ ആത്മസത്ത നഷ്ടപ്പെടുത്തുന്നവയായിരുന്നു. തുടര്‍ന്ന് വന്ന മുഹമ്മദ് അബ്ദു അഫ്ഗാനിയുടെ വിദ്യാര്‍ത്ഥിയായിരുന്നു. രണ്ടു പേരും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് ശ്രമിച്ചപ്പോള്‍, അഫ്ഗാനിയെ ഈജിപ്ത് സര്‍ക്കാര്‍ ജയിലില്‍ അടക്കുകയും അബ്ദുവിനെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു. അവര്‍ പിന്നീട് ലബനോണിലേക്കും ഫ്രാന്‍സിലേക്കും ഒക്കെ കുടിയേറി. അവിടെയൊക്കെ സലഫിസത്തിന്റെ ശാഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇവരുടെ ചിന്തകളുടെ ഫലമായി തുടര്‍ന്ന് റഷീദ് രിള വരുന്നു (1865 1935) . അദ്ദേഹം സലഫിസത്തിന്റെ പൂര്‍വരൂപത്തിലേക്ക് കൂടുതല്‍ പിന്നാക്കം പോയ സലഫി ആയിരുന്നു. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പല വാദങ്ങളും പ്രചരിപ്പിക്കാന്‍ ആയിരുന്നു, അല്‍ മനാര്‍ എന്ന സലഫി ആശയ സംഗ്രഹം പുറത്തിറക്കിയത്.

ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകള്‍ മുതല്‍ റഷീദ് രിള സഊദിയെ പരസ്യമായി സപ്പോര്‍ട്ട് ചെയ്യുന്നതായി റോള്‍ മേജറിനെപ്പോലുള്ള സലഫി നിരീക്ഷകര്‍ നിരീക്ഷിക്കുന്നുണ്ട്. ആയിരത്തിത്തൊള്ളായിരത്തിന്റെ തുടക്കത്തില്‍ ഈജിപ്തില്‍ അടക്കം സലഫിസം ഭീകരമായി വളരുന്നതിന്റെ ഫലമായി ഇബ്‌നു അബ്ദുല്‍ വഹാബിന്റെ രീതികള്‍ വലിയ തോതില്‍ റഷീദ് രിളയെ സ്വാധീനിച്ചതാണ് കാരണം. സുന്നി പണ്ഡിതര്‍ അവിടെയെല്ലാം പ്രതിരോധം തീര്‍ക്കുന്നു. റഷീദ് രിളയോടെ നേരത്തെ പറഞ്ഞ രണ്ടു രീതികളും (മോഡേണിസ്റ്റ് പ്യൂരിറ്റന്റ് സലഫിസങ്ങള്‍) ഒരേപോലെയാവുന്നുണ്ട്. കേരളത്തില്‍ വക്കം മൗലവിയെ സ്വാധീനിച്ചത് റഷീദ് രിളയുടെ, ഇബ്‌നു അബ്ദുല്‍ വഹാബിന്റെ രീതികളോട് വലിയ ചായ്വ് ഉണ്ടായിരുന്ന സലഫിസമാണ്. വക്കം മൗലവിയുടെ ഒരു പുസ്തകത്തില്‍ എന്തുകൊണ്ട് താന്‍ വഹാബി എന്ന് വിളിക്കപ്പെടുന്നു എന്നത് വിശദീകരിച്ച ശേഷം ഇബ്‌നു അബ്ദുല്‍ വഹാബിന്റെ എല്ലാ ആശയങ്ങളെയും ന്യായീകരിച്ച് എഴുതുന്നുണ്ട്.

1950 മുതലുള്ള ഓയില്‍ ബൂം വലിയ വികാസം ഉണ്ടാക്കി. അതോടെ എല്ലാവരാലും പുറന്തള്ളപ്പെട്ടു നിന്നിരുന്ന വഹാബിസം പുറംമോടിയണിഞ്ഞ് പല രൂപങ്ങളിലൂടെ ലോകത്തേക്ക് വ്യാപിക്കുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള തീവ്ര സലഫി പ്രചാരണത്തിനായി, വിശേഷിച്ചും രാഷ്ട്രീയ പ്രക്രിയക്ക് വേണ്ടി ഉപയോഗിച്ചതാണു അല്‍ വലാ വാല്‍ ബറാ. സ്വാലിഹ് ഫൗസാനെ പോലുള്ള സലഫി രചയിതാക്കള്‍ ഇതിനെ വിവരിക്കുന്നത് തൗഹീദ് കഴിഞ്ഞാല്‍ മുസ്ലിംകള്‍ രണ്ടാമതായി പഠിക്കേണ്ടതും പിന്‍പറ്റേണ്ടതുമായ സംജ്ഞ എന്ന നിലക്കാണ്. അമുസ്ലിംകളോട് ചിരിക്കരുത് എന്നത് പോലെയുള്ള, വിദ്വേഷ പ്രചാരണം കേരളത്തില്‍ പ്രചരിച്ചത് ഈ സംജ്ഞയെ വിവരിച്ചാണ്. ഇതേ വലാഉം ബറാഉം പറഞ്ഞാണ് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ സഹ്റാന്‍ ഹാഷിമും സലഫി പങ്കാളികളെ ക്ഷണിച്ചിരുന്നത്. ഇക്കാര്യം ഇയാളുടേതായി പുറത്തുവന്ന പ്രസംഗങ്ങളില്‍ വ്യക്തമാണ്.

പലപ്പോഴും ബ്രദര്‍ഹുഡിനെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ആക്കി ലോകത്ത് അവതരിപ്പിക്കുമ്പോള്‍ സലഫികള്‍ മറഞ്ഞു നിന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മീഡിയ അറ്റെന്‍ഷന്‍ അവര്‍ക്കു മേല്‍ ഇല്ലാതെ പോയി. അതോടൊപ്പം ഇവരെ വളര്‍ത്തുന്നതില്‍ പടിഞ്ഞാറിന് വിവിധ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ സലഫി രൂപമായ താലിബാനെ പോറ്റിയത് അമേരിക്കയായിരുന്നുവല്ലോ. ചെച്‌നിയ, അഫ്ഗാന്‍ എന്നിവിടങ്ങളിലൊക്കെ അമേരിക്ക ഇവരെ പ്രയോജനപ്പെടുത്തി. യു.എസ്.എസ്.ആറിനെ തകര്‍ക്കാനുള്ള ടാര്‍ഗറ്റ് കിട്ടിയതോടെ സലഫിസം വലിയ സായുധ മേധാവിത്തത്തിലേക്കു വരികയായിരുന്നു.
വളരെ ശ്രദ്ധേയമായൊരു കാര്യം, ഗ്ലോബല്‍ സലഫിസം ഇസ്‌ലാംസ് ന്യൂ റിലീജിയസ് മൂവ്‌മെന്റ് എന്ന പുസ്തകം എഡിറ്റ് ചെയ്ത റോയല്‍ മെയ്ജര്‍ അതിനെഴുതിയ ആമുഖത്തില്‍ വിവരിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്: 9/ 11 ആക്രമണ ശേഷമാണ് സലഫിസം ഒരു പ്രധാന പ്രശ്നമായി ലോകം ശ്രദ്ധിച്ചത് എന്നതാണ്. അതിനു മുമ്പുള്ള പല സലഫി വായനകളും സൗദി അറേബ്യയുടെ ചരിത്രത്തെ പഠിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഈയൊരു ആനുകൂല്യത്തിലൂടെ, വേഗത്തില്‍ 1990 കളില്‍ വിശേഷിച്ചും ,യൂറോപ്പിലും അമേരിക്കയിലും ഒക്കെ സലഫികള്‍ ഇടം കണ്ടെത്തി എന്നദ്ദേഹം പറയുന്നു.

സലഫിസത്തെ സുന്നി ഉലമാക്കള്‍ അതീവ ഗൗരവത്തില്‍ കാണുകയും പ്രവര്‍ത്തനത്തിന്റെ നല്ലൊരു ഊര്‍ജം അതിനെ പ്രതിരോധിക്കാനും വിശ്വാസികളിലേക്കു സലഫി ബാധ ഒരു തരത്തിലും ബാധിക്കാതിരിക്കാനും വിനിയോഗിക്കുകയും ചെയ്തു. കേരളത്തില്‍ സമസ്ത 1926ല്‍ രൂപീകരിക്കുന്നത് തന്നെ സലഫിസത്തെ തടയാനാണല്ലോ. ആ ദൗത്യം നിര്‍വഹിക്കപ്പെട്ടതു കൊണ്ടാണ് രാഷ്ട്രീയപരവും സാമ്പത്തികവുമായ വലിയ സ്വാധീനങ്ങളിലൂടെ മുസ്ലിം ജന സാമാന്യത്തിലേക്കു വരാന്‍ ശ്രമിച്ചിട്ടും; പത്തു ശതമാനം പോലും വിശ്വാസികളെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാതെ വന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സുന്നി പണ്ഡിതരാണ് സലഫിസത്തെ പ്രതിരോധിച്ചത്. എന്നാല്‍, അധികാരപരവും പുരോഗമന വേഷം ധരിച്ചും അത് സ്വയം പുനരവതരിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ ഭരണകൂടങ്ങള്‍ക്ക്, പൊതു സമൂഹത്തിനു ഇവരെ പലയിടങ്ങളിലും യഥാര്‍ത്ഥ സ്വഭാവത്തില്‍ മനസിലാക്കാന്‍ പറ്റിയില്ല.

ശ്രീലങ്കയില്‍ നടന്ന തീവ്ര സലഫികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ ചാവേറാക്രമണത്തെ ഈയൊരു തലത്തില്‍ നാം പരിശോധിക്കണം. സലഫിസം ഉയര്‍ത്തുന്ന തീവ്രതയുടെ പ്രശ്നം ശ്രീലങ്കയില്‍ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ശ്രീലങ്കന്‍ അക്രമികളില്‍ മുഖം വ്യക്തമായ സഹ്റാന്‍ ഹാഷിമിന്റെ പ്രസംഗം പുറത്തുവന്നിട്ടുണ്ട്. സലഫി ആശയത്തിന് ലോകത്ത് ബീജാവാപം നല്‍കിയ ഇബ്‌നു തൈമിയ്യയെ ഉദ്ധരിച്ചാണ് അയാള്‍ സംസാരിക്കുന്നത്; മുസ്ലിം വിശ്വാസികളെ അവിശ്വാസികള്‍ ആണെന്നു പ്രഖ്യാപിച്ചുകൊണ്ട്.
ശ്രീലങ്കയിലെ സലഫി ആക്രമണം ചാവേര്‍ രൂപത്തിലേക്ക് വന്നത് ഇതാദ്യമാണെങ്കില്‍ മഖ്ബറ പൊളിക്കല്‍ പോലുള്ള രീതികള്‍ നേരത്തെത്തന്നെ അവിടെ നടപ്പിലാക്കിയിട്ടുണ്ട്. 2006ല്‍ നടന്ന ഒരു സംഭവം ശ്രീലങ്കയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അന്തര്‍ദ്ദേശീയ രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടാവണം. ലങ്കയിലെ പ്രമുഖ സൂഫി ശൈഖ് ആയ അബ്ദുല്‍ പവിലിയാന്‍ മരണപ്പെട്ടപ്പോള്‍, അദ്ദേഹം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്ന, കാട്ടാങ്കുടി ത്വരീഖത്തുല്‍ മുഫ്‌ലിഹീന്‍ പള്ളിക്ക് സമീപം ജനാസ അടക്കം ചെയ്യാന്‍ വിശ്വാസികള്‍ ശ്രമിച്ചപ്പോള്‍ കനത്ത പ്രതിഷേധവുമായി സലഫികള്‍ രംഗത്ത് വരികയായിരുന്നു. അദ്ദേഹം ജീവിതകാലത്ത് അവിശ്വാസം പ്രചരിപ്പിച്ചുവെന്നും സൂഫിയായ അദ്ദേഹത്തിന്റെ ദര്‍ഗ അവിടെ ഉയര്‍ന്നുവരുമെന്നും അത് ഖുര്‍ആന് വിരുദ്ധമാണ് എന്നും പറഞ്ഞായിരുന്നു സലഫികള്‍ സംഘര്‍ഷം ഉണ്ടാക്കിയത്. ആ പ്രദേശം മൊത്തം ഒരു കലാപത്തിന്റെ രീതിയിലേക്ക് സലഫികള്‍ മാറ്റി. ദിവസങ്ങള്‍ ഹര്‍ത്താല്‍ നടന്നു. പരിസരത്തെ സുന്നി സൂഫി പള്ളികള്‍ക്കു നേരെ ആക്രമണം ഉണ്ടായി. അബ്ദുല്‍ പവിലിയാന്റെ മൂന്നു അനുയായികളുടെ വീടുകള്‍ക്കു തീവെച്ചു. രംഗം ശാന്തമായപ്പോള്‍ ആക്രമികള്‍ അദ്ദേഹത്തിന്റെ ഖബറിടം തകര്‍ത്തു ശരീരം നടുറോഡില്‍ തള്ളി. പോലീസ് കണ്ടെടുത്ത് വീണ്ടും നേരത്തെയുള്ള സ്ഥലത്ത് തന്നെ മറമാടുകയായിരുന്നു.
ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിനെതിരെ ഏറ്റവും ശക്തമായി പ്രചാരണം നടത്തിയത് അവിടെയുള്ള സുന്നി-സൂഫി മുസ്‌ലിംകള്‍ ആയിരുന്നു. കാട്ടാന്‍കുടിയിലെ സുന്നി മുസ്ലിംകള്‍ വ്യവഹരിക്കുന്ന സ്ഥലങ്ങളില്‍ ഇയാള്‍ തീവ്രപ്രചാരണത്തിന് ശ്രമിച്ചപ്പോള്‍ അവരദ്ദേഹത്തെ ബഹിഷ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന്, ഇയാള്‍ അനുയായികളെയും കൂട്ടി റാലികള്‍ നടത്തി. സുന്നി മുസ്‌ലിംകള്‍ അധികമായി അധിവസിക്കുന്ന സ്ഥലങ്ങളിലേക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ പ്രകടനത്തില്‍ നിന്ന് വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തി. 2012ല്‍ ഇയാള്‍ സ്വന്തമായി ഒരു പള്ളിയുണ്ടാക്കി. അപകടം മനസിലാക്കിയ പ്രദേശത്തെ സൂഫി മുസ്ലിംകള്‍ ഇയാള്‍ക്കെതിരെ പൊലീസിനെ സമീപിച്ചു, ആദ്യം ലോക്കല്‍ പൊലീസിനെയും പിന്നീട് മുകള്‍ത്തട്ടിലും. പൊലീസ് പരാതി കാര്യമാക്കിയില്ല. എന്ത് കൊണ്ട് കേസെടുത്തില്ല എന്നതിന്റെ കാരണം ആ സമയത്ത് കാട്ടാങ്കുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന ആര്യബന്ധു, മാധ്യമങ്ങളോടു വെളിപ്പെടുത്തിയത് നാം ഗൗരവത്തോടെ വായിക്കണം. ആര്യബന്ധു പറയുന്നത് കേസെടുക്കാതിരിക്കാന്‍ കാരണം, കേവലം മതമീമാംസ തര്‍ക്കങ്ങള്‍ എന്ന നിലയിലാണ് അതിനെ മനസിലാക്കിയത് എന്നും ഗൗരവത്തില്‍ എടുത്തില്ല എന്നുമാണ്. അഥവാ അപകടകരമായ സലഫീ തീവ്രതയുടെ ആശാനായിരുന്നു സഹ്റാന്‍ ഹാഷിമെന്നും അത് സാമൂഹിക തലത്തില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്നും പൊലീസിന് മനസിലാക്കാന്‍ പറ്റിയില്ല.
കേരളത്തില്‍ നിന്ന് ഐ.എസിലേക്കുള്ള പലായനം നടന്നിട്ടും, സഹ്റാന്‍ ഹാഷിം നടത്തിയ പോലുള്ള വിഷപ്രസംഗങ്ങള്‍ നടന്നിട്ടും ഇപ്പോഴും സലഫിസത്തെ , അതിന്റെ ഭിന്നഭാവങ്ങളെ പലര്‍ക്കും മനസിലാവുന്നില്ല എന്നതാണ് അപകടകരം.

എം ലുഖ്മാന്‍ സഖാഫി

You must be logged in to post a comment Login