പരസ്യക്കാര്‍ക്ക് പ്രയോജനപ്പെട്ട പദ്ധതികള്‍

പരസ്യക്കാര്‍ക്ക് പ്രയോജനപ്പെട്ട പദ്ധതികള്‍

വാഗ്വാദങ്ങളില്‍ അടിസ്ഥാനപരമായ വസ്തുതകളെ ആശ്രയിക്കുകയെന്നത് മാധ്യമപ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് മലയാളത്തിലെ വാര്‍ത്താചാനലുകള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഗതിവിഗതികളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മുന്നോട്ട് വെക്കുന്ന വിവരങ്ങളുടെ (റമമേ) ഉറവിടത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ജനവികാരത്തെ കുറിച്ച് തങ്ങള്‍ക്ക് തോന്നുന്നതെന്തും വിളിച്ചു പറയുന്നത് തിരഞ്ഞെടുപ്പുകാലത്ത് ഒഴിവാക്കുന്നതാവും നല്ലത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നായ ഏഷ്യാനെറ്റ് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ സോണിയാ ഗാന്ധിക്കെതിരെ ജനവികാരമുണ്ടെന്നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പില്‍ വരുത്തിയ സംസ്ഥാനം ഉത്തര്‍പ്രദേശാണെന്നും അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി നടപ്പിലാക്കിയ പ്രധാന പദ്ധതികളെ കുറിച്ച് പറയുമ്പോള്‍, ‘ഉജ്ജ്വല’ ഗ്രാമീണര്‍ക്ക് എല്‍.പി.ജി ലഭ്യമാക്കുകയെന്ന പദ്ധതി മോഡി സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലൊന്നുമായിരുന്നില്ല. ‘രാജീവ് ഗാന്ധി ഗ്രാമീണ്‍ വിതര്‍ക്ക് യോജന’ എന്ന പേരില്‍ യു.പി.എ ഗവണ്‍മെന്റ് നടപ്പില്‍ വരുത്താന്‍ ശ്രമിച്ച പദ്ധതി തന്നെയാണിത്. പറഞ്ഞുവരുന്നത് ഇതാണ്: മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇതുവരെ ഭരിച്ച സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെയും അവ എത്രത്തോളം ഫലപ്രദമായിരുന്നുവെന്നൊക്കെ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഉദാഹരണമായി മോഡി സര്‍ക്കാരിന്റെ മറ്റൊരു പ്രധാന പദ്ധതിയായിരുന്നു ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’. ഇന്ത്യയിലെ ലിംഗ അസമത്വത്തിനെതിരെ ബി.ജെ.പി പോരാടുന്നുവെന്ന രീതിയില്‍ അവതരിപ്പിക്കുകയും, പദ്ധതിക്കനുവദിച്ച ധനത്തിന്റെ മുഖ്യപങ്കും പദ്ധതിയുടെ പ്രചാരണ പരസ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഫലത്തെ കുറിച്ച് പഠിക്കാന്‍ ദി കാരവന്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെടുന്നത് 56 ശതമാനത്തോളം ധനം പ്രചാരണത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയെന്നാണ്. ഒരുപക്ഷേ സര്‍ക്കാരിന്റെ മികച്ച പുരോഗമനപരമായ സാമൂഹ്യ ഇടപെടലായി ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയെ ഉയര്‍ത്തികാട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തമായ ക്രമങ്ങളോ ബോധവത്കരണങ്ങളോ ഇല്ലാതിരിക്കുകയും, പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ട അടിസ്ഥാന ആവശ്യങ്ങളായ ശൗചാലയ സംവിധാനം, യാത്രാസൗകര്യം എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പദ്ധതി പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല പലയിടങ്ങളിലും അവബോധ പരിപാടികള്‍ കേക്ക് മുറിച്ചു കൊണ്ടും കല്ല്യാണ ക്ഷണക്കത്തുകളില്‍ പരസ്യം നല്‍കിയുമാണ് നടത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരിപാടികളും പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കാന്‍ തക്ക പ്രേരകശക്തിയൊന്നുമായില്ല. അതോടൊപ്പം പദ്ധതിക്കുവേണ്ടി സ്വാംശീകരിച്ച ധനം എന്തുകൊണ്ട് പ്രായോഗികതലത്തില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന ചോദ്യത്തിന് പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറുപടിയില്ല. കാര്യക്ഷമമായ ധനവിനിയോഗം ഈ ഗ്രാമങ്ങളിലൊന്നും നടന്നിട്ടില്ല. കൂടാതെ പദ്ധതി നിലവില്‍ വന്നതിനു ശേഷം വിവിധ എന്‍ ജി ഒകള്‍ നടത്തിയ സര്‍വേ പ്രകാരം പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് ഒഴിഞ്ഞു പോകുന്ന നിരക്കില്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2015 ഓഗസ്റ്റില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഝാര്‍ഖണ്ഡിലെ സാരേയ്കേല കര്‍സവാന്‍ ജില്ലയിലെ സ്‌കൂളില്‍ നിന്ന് 200 പെണ്‍കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. മറ്റൊരു എന്‍ ജി ഒ റിപ്പോര്‍ട്ട് പ്രകാരം 66.4% സ്‌കൂളില്‍ മാത്രമാണ് ഉപയോഗക്ഷമമായ ശൗചാലയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഉപരിപ്ലവമായി സംസാരിക്കാന്‍ എളുപ്പമാണ് പക്ഷേ അടിസ്ഥാന ആവശ്യങ്ങളായ ശൗചാലയ സംവിധാനം ഇല്ലാതിരിക്കുന്നത് കുട്ടികള്‍ വെള്ളം കുടിക്കുന്നത് കുറക്കാനുള്ള കാരണം പോലുമാകാറുണ്ട്. പെണ്‍കുട്ടികളുടെ ജീവശാസ്ത്രപരമായുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെ കുറിച്ച് പോലും ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയില്‍ പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മനോഹരമായ ടി.വി പരസ്യങ്ങളിലും, മെട്രോ സിറ്റികളിലെ വലിയ ബോര്‍ഡുകളിലും ഒതുങ്ങുകയാണ് ചെയ്തത്.

നരേന്ദ്രമോഡിയുടെ മറ്റൊരു പദ്ധതിയായ കിസാന്‍ കല്യാണ്‍ നികുതിയെ കുറിച്ച് ‘ദി വയര്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വളരെ പ്രസക്തമാണ്. വിവരാവകാശ നിയമമുപയോഗിച്ച് അറിയാന്‍ സാധിച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ടിലൂടെ ലഭ്യമാവുന്നത്. കാര്‍ഷികരംഗത്തെ മെച്ചപ്പെടുത്താനും കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുമാണെന്ന ഉദ്ദേശ്യത്തോടുകൂടി നടത്തിയ കിസാന്‍ കല്യാണ്‍ നികുതി പിരിവ്, പദ്ധതി നിര്‍ത്തലാക്കിയതിന് ശേഷവും തുടര്‍ന്നുവെന്ന ഗുരുതരമായ പ്രശ്‌നമാണ് ദി വയര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ലഭിച്ചത്. ധനകാര്യ മന്ത്രി ശിവ് പ്രതാപ് ശുക്ല രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ കിസാന്‍ കല്യാണ്‍ നികുതിയും, സ്വച്ഛ് ഭാരത് അഭിയാനും 2017 ജൂലൈ ഒന്നാം തീയതി മുതല്‍ നിര്‍ത്തലാക്കിയ പദ്ധതികളാണെന്ന് പറഞ്ഞു. പക്ഷേ ഇരു പദ്ധതികള്‍ക്കും വേണ്ടി നിര്‍ത്തലാക്കിയതിനു ശേഷവും ധനസമാഹരണം നടന്നിട്ടുണ്ട്. നികുതിയുടെ പേരില്‍ നിലവിലില്ലാത്ത പദ്ധതികള്‍ക്ക് വേണ്ടി പണം സ്വരൂപിക്കുകയെന്ന ഗൗരവമായ കാര്യത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ചര്‍ച്ചകള്‍ ഉണ്ടായില്ല. കിസാന്‍ കല്യാണ്‍ നികുതിയുടെ പണം പ്രധാനമന്ത്രി ‘ഫസല്‍ ബീമ യോജന’യില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന വാദവും തെറ്റാണ്. പണം കൊണ്ടു കര്‍ഷകര്‍ക്ക് എന്തു നല്‍കി എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ ഉത്തരം വിവരാവകാശ മറുപടിക്ക് സാധിച്ചിട്ടില്ല. അപൂര്‍ണ്ണവും അവ്യക്തവുമായ മറുപടികള്‍ തന്നെയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ബി.ജെ.പിയുടെ നയങ്ങളും അവയുടെ പ്രായോഗികതലവും ബഹുദൂരമാണ്. നദി സംരക്ഷണത്തിനായി ലോകത്താദ്യമായി പ്രത്യേക മന്ത്രാലയം അനുവദിച്ച രാജ്യം ഇന്ത്യയാകണം. ഗംഗാനദിയുടെ ശുചീകരണം രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു. പരിസ്ഥിതി പ്രശ്‌നമെന്നതിലുപരി മതപരമായ സാധ്യതകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ബി.ജെ.പി പ്രചാരണ വേദികളില്‍ മാതാ ഗംഗാ എന്ന അഭിസംബോധന ചെയ്യാറുള്ളത്. എന്നാല്‍ പുണ്യനദിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുവെന്നത് വ്യക്തമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഗംഗാനദിയുടെ സംരക്ഷണം ആദ്യമായി മുന്നോട്ടുവെക്കുന്നത് ബി.ജെ.പി അല്ല. ഗംഗാനദിയെ മലിന വിമുക്തമാക്കണമെന്ന ആവശ്യവുമായി സത്യാഗ്രഹ സമരങ്ങള്‍ വരെ നടന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു നദി സംരക്ഷണത്തിനായി സമരം ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തകന്‍ എയിംസില്‍ വെച്ച് അപ്രത്യക്ഷനായത്. ദുരൂഹമായ രീതിയിലാണ് സന്ത് ഗോപാല്‍ ദാസിന്റെ തിരിച്ചുവരവ്. സത്യാഗ്രഹമിരുന്ന സന്ത് ഗോപാല്‍ ഉന്നയിച്ച ആരോപണങ്ങളും പ്രസക്തിയേറിയതായിരുന്നു. ഗംഗാ സംരക്ഷണത്തെ കുറിച്ച് പറയുന്ന ബിജെ.പി തന്നെ ആക്രമിച്ചു എന്നായിരുന്നു ഗോപാല്‍ ദാസിന്റെ ആരോപണം. കാണാതായി 133ഓളം ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന അദ്ദേഹം ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ എയിംസില്‍ വെച്ച് തന്നെ അപായപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നുവെന്ന് പറഞ്ഞു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗംഗാ നദിയുടെ ശുചീകരണത്തിന് വേണ്ടിയുള്ള 80% ധനവും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മോഡി ഗവണ്മെന്റിന്റെ സ്‌കീമുകളെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുമ്പോള്‍ ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കേണ്ടതുണ്ട്. ഏറ്റവും മികച്ച രീതിയില്‍ പദ്ധതികളെ അവതരിപ്പിക്കുകയും അവയിലൂടെ ജനപ്രീതി നേടിയെടുക്കുകയെന്നതിലുപരി കാതലായ മാറ്റങ്ങളൊന്നും ഇന്ത്യയുടെ സാമൂഹിക രംഗത്ത് ബി.ജെ.പി കൊണ്ടുവന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് അവരുടെ പ്രകടനപത്രികയില്‍ വികസനത്തെക്കാള്‍ ഹിന്ദുത്വവാദം മുഴച്ചു നില്‍ക്കുന്നത്. എന്‍ ഡി ടി വിയുടെ പ്രൈം ടൈം ചര്‍ച്ചയില്‍ അവതാരക നിധി റസ്ദാന്‍ ബി.ജെ.പി വക്താവിനോട് പറഞ്ഞ വാചകം വളരെ ശ്രദ്ധേയമാണ്. മോഡിയുടെ 35 തിരഞ്ഞെടുപ്പ് റാലികള്‍ അവലോകനം ചെയ്ത എന്‍ ഡി ടി വി, റാലികളില്‍ 199 തവണ മോഡി സ്വന്തം പേര് പരാമര്‍ശിക്കുകയും 150 തവണ തീവ്രവാദത്തെ കുറിച്ചും 50 തവണ പാകിസ്താനെ കുറിച്ചും സംസാരിച്ചു. എന്നാല്‍ തൊഴില്‍ സാധ്യതകളെ പറ്റിയും വികസനത്തെ പറ്റിയുമൊക്കെ 7 തവണയില്‍ കൂടുതല്‍ പരാമര്‍ശിച്ചിട്ടില്ല. കൃത്യമായി പരിശോധിക്കുകയാണെങ്കില്‍ തന്തപൂര്‍വമുള്ള വാചാടോപം എന്നതിനപ്പുറം നരേന്ദ്രമോഡിയുടെ പ്രസംഗങ്ങളെല്ലാംതന്നെ പൊള്ളയാണ്. അതുകൊണ്ടുതന്നെയാണ് സ്വാഭാവികമായ ഒരു അഭിമുഖ സംഭാഷണത്തിന് തയാറാവാന്‍ മോഡിക്ക് കഴിയാതിരിക്കുന്നതും. ഇവിടെ മോഡിയുടെ ‘ഭരണ മികവിനെ’ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ വിഷയങ്ങളെ സൂക്ഷ്മതയോടെ സമീപിക്കേണ്ടതുണ്ട്.

ജീവനെടുക്കപ്പെട്ട ജേര്‍ണലിസ്റ്റുകള്‍
മെയ് 3 ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം എത്ര മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ തൊഴില്‍ കാരണം അപായപ്പെട്ടുവെന്ന കണക്ക് പരിശോധിച്ചുകൊണ്ട് ആആഇ റിപ്പോര്‍ട്ട് തയാറാക്കി. 95 ഓളം മാധ്യമപ്രവര്‍ത്തകരാണ് തൊഴില്‍ ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത്. 2017 നേക്കാള്‍ 2018ല്‍ മരണ സംഖ്യ ഉയരുകയാണ് ചെയ്തത്. തൊഴില്‍ ചെയ്തതിന്റെ പേരില്‍ തടവില്‍ കഴിയുന്നവരും ചുരുക്കമല്ല. 500 ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് റോഹിങ്ക്യന്‍ വംശഹത്യ റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത റോയിട്ടേഴ്‌സിന്റെ മ്യാന്‍മര്‍ റിപ്പോര്‍ട്ടര്‍മാരെ 2019 മെയില്‍ മോചിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പത്രസ്വാതന്ത്ര്യം ഏറെ സങ്കീര്‍ണമായതും മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണികള്‍ വന്നതും ട്രംപ് ഭരണത്തിന് ശേഷമാണ്. അതോടൊപ്പം തന്നെ സൈബര്‍ ഇടങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകയും ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകയുമായ മരിയ റസ്സ ഇന്നും തടവിലാണ്. രാഷ്ട്രപതി ഞീറൃശഴീ ഊലേൃലേ യുടെ സ്വേച്ഛാധിപത്യത്തെ കുറിച്ചാണ് തന്റെ അറസ്റ്റ് ലോകത്തോട് പറയുന്നതെന്നാണ് അവര്‍ പ്രതികരിച്ചത്. ഫിലിപ്പീന്‍സില്‍ നിയമവിരുദ്ധമായി നടക്കുന്ന പല പ്രശ്‌നങ്ങളിലും ഭരണകൂടത്തിന്റെ പരോക്ഷമായ ഇടപെടലുകളുണ്ടെന്നാണ് മരിയ റസ്സയുടെ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും മരിയ റസ്സ ഇന്നും തടവറയിലാണ്.

നബീല പാനിയത്ത്

You must be logged in to post a comment Login