നോമ്പുതുറക്കുന്നേരം

നോമ്പുതുറക്കുന്നേരം

നോമ്പുകാരന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് നോമ്പ് തുറയും തുറപ്പിക്കലും തന്നെയാണ്. കാരണം പകല്‍ സമയം പൂര്‍ണമായും ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്ന നോമ്പുകാരന് പകല്‍ അവസാനിക്കുന്നതോടു കൂടി ആവശ്യമായ അളവില്‍ ജലവും ആഹാരവും ലഭിക്കേണ്ടത് പ്രകൃതിപരമായ ഒരാവശ്യവും അത് ലഭ്യമാക്കുന്നത് ഇസ്‌ലാം വളരെ പുണ്യമായി കരുതിയ ഒരാരാധനയുമാണ്. മിതത്വമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് . എല്ലാ മേഖലയിലും മിതാവിഷ്‌കാരങ്ങളും അനുവര്‍ത്തനങ്ങളുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നതും പ്രേരിപ്പിക്കുന്നതും. ആരാധനകളില്‍പോലും മിതത്വം സ്വീകരിക്കാനാണ് നബിയും(സ) ഖുര്‍ആനും നിര്‍ദ്ദേശിച്ചത്. മുസ്‌ലിം സമൂഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചതു തന്നെ ‘മിതത്വം പാലിക്കുന്ന സമൂഹം’ എന്നാണ്. നോമ്പിന്റെ കാര്യങ്ങളും ഈ അടിസ്ഥാന നയത്തില്‍നിന്നും വ്യതിചലിച്ചു പോവരുതെന്നു ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. ശഅ്ബാന്‍ പതിനഞ്ചിനു ശേഷം അകാരണമായി നോമ്പെടുക്കാന്‍ പാടില്ലാത്തതുപോലെ തന്നെ, രാത്രിയിലും നോമ്പുകാരനായി കഴിച്ചുകൂട്ടാനുള്ള ത്വര അമിതമായ ആഭാസം മാത്രമായേ ഇസ്‌ലാം കാണുന്നുള്ളൂ. മഗ്രിബ് വാങ്ക് വിളിച്ചാല്‍/ സൂര്യന്‍ അസ്തമിച്ചാല്‍ ഒരാള്‍ ആഹാരപാനീയങ്ങള്‍ തീരെ ഉപയോഗിച്ചില്ലെങ്കില്‍ പോലും അയാളെ നോമ്പുകാരനെന്നു വിശേഷിപ്പിക്കില്ലെന്നു ഇസ്‌ലാം പറയുന്നു. റമളാനാണെങ്കിലും അല്ലെങ്കിലും രാത്രി നോമ്പെടുക്കാനുള്ളതല്ല. നോമ്പുകാരന്റെ രാത്രിയിലുള്ള പട്ടിണി പുണ്യമേയല്ല. അല്ലാഹുവിനു ഇഷ്ടമില്ലാത്ത പട്ടിണികൂടിയാണത്.
ഉമറില്‍ (റ) നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ നബി (സ) പറയുന്നു: ‘ഈ ഭാഗത്തുനിന്നും രാത്രി ആഗതമാവുകയും ഈ ഭാഗത്തുകൂടെ പകല്‍ അപ്രത്യക്ഷമാവുകയും സൂര്യന്‍ അസ്തമിക്കുകയും ചെയ്താല്‍ നോമ്പുകാരന്‍ നോമ്പ് തുറന്നവനായി’. ഇമാം ഇബ്‌നുല്‍ അസീര്‍ ഈ ഹദീസ് വിശദീകരിക്കുന്നത്. സമയമായാല്‍ ഭക്ഷണമോ പാനീയമോ ഉപയോഗിച്ചില്ലെങ്കില്‍ പോലും നോമ്പുകാരന്‍ നോമ്പില്ലാത്തവനെപ്പോലെയാണെന്നാണ്. ഇമാം നവവി (റ) ശര്‍ഹ് മുസ്‌ലിമിലും ഈ ആശയമാണ് പങ്കുവെക്കുന്നത്. ഈ സമയമായാല്‍ നോമ്പുകാരന്റെ നോമ്പ് പൂര്‍ണമായി. പിന്നീടാരെയും നോമ്പുകാരായി പരിഗണിക്കുകയുമില്ലെന്നുമാണ് ഇമാം നവവി പറയുന്നത്. പടിഞ്ഞാറും കിഴക്കും ചൂണ്ടി പകല്‍ അപ്രത്യക്ഷമാകുന്നതും രാത്രി ആഗതമാകുന്നതും നബി (സ) വിശദീകരിക്കുന്നത് സൂര്യന്റെ അസ്തമയത്തെ കുറിക്കാന്‍ വേണ്ടിയാണെങ്കിലും നോമ്പ് തുറക്കേണ്ട സമയത്തില്‍ ഒരഭിപ്രായ ഭിന്നതക്കും പ്രസക്തിയില്ലാത്ത വിശദീകരണം കൂടിയാണത്. മുസ്‌ലിം സമൂഹം ഇവ്വിഷയത്തില്‍ ഏകാഭിപ്രായം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
രാത്രിയില്‍ നോമ്പില്ലെന്നു ഉണര്‍ത്തിയ നബി (സ) നോമ്പുതുറ പെട്ടെന്ന് നടത്താനും ആഹ്വാനം ചെയ്തു. സമയമായാല്‍ നോമ്പുതുറക്കാതെ നീട്ടിക്കൊണ്ടുപോവുന്നത് ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അനുഗുണമല്ലെന്നും എല്ലാവിധ ഗുണങ്ങളും നോമ്പുതുറ പെട്ടെന്നാക്കുമ്പോഴാണെന്നും അവിടുന്ന് നിര്‍ദേശിച്ചു. നോമ്പുതുറ പിന്തിപ്പിക്കുന്ന സ്വഭാവം ജൂതന്മാരുടേതാണെന്നുവരെ പറഞ്ഞ പ്രവാചകര്‍ നീട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് ശക്തമായ താക്കീതും നല്‍കി. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ തന്നെ ഇങ്ങനെ കാണാം: ‘നോമ്പുതുറ പെട്ടെന്നാക്കുന്ന കാലത്തോളം ജനങ്ങള്‍ വളരെ വലിയ അനുഗ്രഹത്തിലായിരിക്കും.’ അബൂഹുറൈറ(റ) നബിയില്‍(സ) നിന്നും നിവേദനം ചെയ്യുന്നു: ‘ജനങ്ങള്‍ നോമ്പുതുറ വേഗത്തിലാക്കുന്ന കാലത്തോളം ഇസ്‌ലാം മതം ഇവിടെ പ്രകടമായിത്തന്നെ നിലനില്‍ക്കും. ജൂത ക്രിസ്ത്യാനികളാണ് നോമ്പുതുറയെ പിന്തിപ്പിക്കുന്നത്’ (അബൂദാവൂദ്). ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) പറയുന്നു: ‘ഞങ്ങള്‍ നബിമാരുടെ സമൂഹം നോമ്പുതുറ പെട്ടെന്നാക്കാന്‍ കല്പിക്കപ്പെട്ടവരാണ്. അത്താഴം പിന്തിപ്പിക്കാനും ഞങ്ങളോട് കല്പിച്ചിരിക്കുന്നു’ (ത്വബ്‌റാനി). ഇതേആശയം തന്നെ അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നുണ്ട്: ‘മൂന്നുകാര്യങ്ങള്‍ നുബുവ്വത്തിന്റെ സ്വഭാവത്തില്‍ പെട്ടതാണ്; നോമ്പുതുറ വേഗത്തിലാക്കുക, അത്താഴം പിന്തിപ്പിക്കുക, നിസ്‌കാരത്തില്‍ ഇടതുകയ്യിന്റെ മേല്‍ വലതുകൈ വെക്കുക എന്നിവയാണവ’ (മജ്മഉ സ്സവാഇദ്). മറ്റൊരു ഖുദ്‌സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ‘എന്റെ അടിമകളില്‍ എനിക്കേറ്റവും ഇഷ്ടമുള്ളവര്‍ നോമ്പുതുറ പെട്ടെന്നാക്കുന്നവരാണ്'(തുര്‍മുദി). ഇതേ ആശയത്തില്‍ ഇമാം അഹ്മദും(റ) ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഒരിക്കല്‍ രണ്ടു സ്വഹാബിമാര്‍ ആഇശ ബീവിയോട് ഒരു സംശയം ചോദിച്ചു: ‘നബി(സ)യുടെ സ്വഹാബികളില്‍ പ്രമുഖരായ രണ്ടാളുകള്‍; ഒരാള്‍ നോമ്പുതുറയും മഗ്രിബ് നിസ്‌കാരവും പെട്ടെന്ന് ചെയ്യുന്നു. മറ്റെയാള്‍ രണ്ടും പിന്തിക്കുന്നു. ഏതാണ് അഭികാമ്യം? ആഇശ ബീവി ചോദിച്ചു: ‘ആരാണ് പെട്ടെന്ന് ചെയ്യുന്നയാള്‍?’ അബ്ദുല്ലാഹിബ്‌നു മസ്ഊദ്. ആഇശ ബീവി പറഞ്ഞു: ‘നബി(സ) അപ്രകാരമാണ് ചെയ്തത്’.

ഇത്തരം പരശ്ശതം ഹദീസുകളിലൂടെ നബി (സ) സമൂഹത്തെ നിരന്തരം ഉണര്‍ത്തിയത് നോമ്പുതുറ പെട്ടെന്ന് ആകണമെന്നു തന്നെയാണ്. കാരണം മനുഷ്യന്റെ പ്രകൃതിപരമായ തേട്ടങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന മതമല്ല ഇസ്‌ലാം. മനസ് വിമലീകരിക്കാനും ആരോഗ്യം സംരക്ഷിക്കാനും അനിവാര്യമായ നോമ്പ് മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല നിര്‍ബന്ധമാക്കിയതെന്ന സന്ദേശവും ഇതുവഴി നല്‍കുന്നു. അതുകൊണ്ടു തന്നെയാണ് അത്താഴം നേരത്തെതന്നെ കഴിക്കുന്നതിനെ നബി(സ) നിരുത്സാഹപ്പെടുത്തിയതും. നോമ്പെന്നാല്‍ പട്ടിണിക്കിട്ടു ശരീരത്തെ ക്ഷീണിപ്പിക്കലല്ല എന്ന വ്യക്തമായ സന്ദേശംകൂടി നല്കുന്നുവെന്നര്‍ത്ഥം. നോമ്പുതുറ പുണ്യമായതുപോലെത്തന്നെ നോമ്പുതുറയുടെ സമയവും അതീവ പുണ്യമായി ഇസ്‌ലാം നിജപ്പെടുത്തി. നോമ്പുതുറയുടെ സമയത്ത് നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ നബി (സ) പ്രത്യേകം പ്രാര്‍ത്ഥനകളും പഠിപ്പിച്ചു. ഭക്ഷണപാനീയങ്ങള്‍ മുന്നില്‍കാണുന്ന വിശ്വാസി അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കുന്ന/ സ്മരിക്കേണ്ട സമയമാണത്. കാരണം ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കാനാവില്ലെന്ന വസ്തുത അവനു ബോധ്യപ്പെടുന്നു. ഭക്ഷണവും വെള്ളവും തനിക്കു നല്‍കിയ അല്ലാഹുവോട് അവന്‍ കൂടുതല്‍ കടപ്പെട്ടവനായിത്തീരുന്നു. ഒരിറ്റുവെള്ളത്തിനുപോലും കഷ്ടപ്പെടുന്ന സഹജീവികളെക്കുറിച്ച് അവന്‍ ബോധവാനാകുന്നു. തനിക്കു അത്തരം ഗതി വരാത്തതില്‍ അവന്‍ കൂടുതല്‍ നന്ദിയുള്ളവനാകുന്നു. ഇത്തരം പല കാരണങ്ങളാലും നോമ്പുതുറയുടെ സമയം അല്ലാഹുവിനെക്കുറിച്ചും അവന്റെ അപാരമായ അനുഗ്രഹങ്ങളെക്കുറിച്ചും ചിന്തിക്കുകയും നന്ദിരേഖപ്പെടുത്തുകയും ചെയ്യേണ്ട സന്ദര്‍ഭമാണ്. ഈ ചിന്തയില്‍നിന്നും നന്ദിപ്രകടനത്തില്‍നിന്നും ആത്മാര്‍ത്ഥമായി രൂപപ്പെടുന്ന ഹൃദയത്തില്‍തട്ടിയ പ്രാര്‍ത്ഥന വിശ്വാസികളില്‍നിന്നും അല്ലാഹു സ്വീകരിക്കാതിരിക്കില്ല. അതാണ് ഹദീസുകളൊക്കെ പഠിപ്പിക്കുന്നത്.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ‘മൂന്നാളുകളുടെ പ്രാര്‍ത്ഥന തട്ടിക്കളയില്ല. നീതിമാനായ ഭരണാധികാരി, നോമ്പ് തുറക്കുന്ന നോമ്പുകാരന്‍, അക്രമിക്കപ്പെട്ടവന്‍’ (തുര്‍മുദി). അബ്ദുല്ലാഹിബ്‌നു അംറുബിനുല്‍ ആസ്വില്‍(റ) നിന്നും നിവേദനം ചെയ്ത മറ്റൊരു ഹദീസിലുള്ളത് ഇങ്ങനെയാണ്: ‘തീര്‍ച്ചയായും നോമ്പുകാരന് അദ്ദേഹം നോമ്പുതുറക്കുമ്പോള്‍ പ്രാര്‍ത്ഥനയുണ്ട്. അതൊരിക്കലും തട്ടിക്കളയില്ല'(ഇബ്‌നു മാജ). അബൂ ഉമാമയില്‍ നിന്നും നിവേദനം ചെയ്യുന്ന ഹദീസിലുള്ളത് ‘നിശ്ചയം ഓരോ നോമ്പുതുറയുടെ സമയത്തും അല്ലാഹുവിനു നരകത്തില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന ചിലരുണ്ട്’ എന്നാണ്. അഥവാ നരക മോചനത്തിന് വേണ്ടി അവനോട് ആവശ്യപ്പെടാന്‍ ഏറ്റവും ഉതകുന്ന സമയം അതാണെന്നര്‍ത്ഥം.

എന്നാല്‍ ഇന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രവണത സംസാരപ്രിയമാണ് – പ്രത്യേകിച്ചും കേരളത്തില്‍. ഉത്തരം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയമാണെന്ന ബോധം മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നു. നഷ്ടപ്പെട്ട പല ആചാരങ്ങളും തിരിച്ചുപിടിച്ച മലയാളി ഇവ്വിഷയത്തിലും വീണ്ടുവിചാരം നടത്തി ഈ സമയത്തെ പ്രത്യേകം ഗൗനിക്കേണ്ടതും ബഹളമുക്തമാക്കാന്‍ ശ്രമിക്കേണ്ടതുമാണ്.

നോമ്പുതുറ പോലെ വളരെ പ്രധാനപ്പെട്ട ആരാധനയാണ് നോമ്പ് തുറപ്പിക്കുന്നതും. നോമ്പുതുറപ്പിക്കുന്നത് പലകാരങ്ങളാലും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. അന്യന്റെ പട്ടിണിയകറ്റുക എന്ന അടിസ്ഥാന ആവശ്യത്തിന് പുറമെ അത് നോമ്പുകാരനോട് കാണിക്കുന്ന ബഹുമാനം കൂടിയാണ്. അതിനാല്‍ തന്നെ പണക്കാരെപോലും നോമ്പുതുറപ്പിക്കുന്നത് പുണ്യമാണ്. കുടുംബബന്ധം കൂട്ടുക, ജനങ്ങളോട് കാരുണ്യം കാണിക്കുക തുടങ്ങിയ ഒട്ടനവധി മറ്റു ഗുണങ്ങളും നോമ്പുതുറപ്പിക്കുന്നതില്‍ ഒളിഞ്ഞിരിപ്പുണ്ട്. നബി(സ) പറഞ്ഞു ‘ആരെങ്കിലും മറ്റൊരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ അതേകൂലി തുറപ്പിച്ചവനും കിട്ടും. നോമ്പനുഷ്ഠിച്ചവന്റെ പ്രതിഫലത്തില്‍നിന്നും ഒന്നും നഷ്ടപ്പെടില്ല താനും'(തുര്‍മുദി, ഇബ്‌നു മാജ). ഇന്ന് വ്യാപകമായി കണ്ടു വരുന്ന നോമ്പുതുറപ്പിക്കല്‍ ഈ സമൂഹത്തിന്റെ അഭിമാനവും ആഭിജാത്യവുമാണെന്നു വിലയിരുത്താം.
പക്ഷേ നേരത്തെപറഞ്ഞ മിതത്വം സമയത്തില്‍ മാത്രമല്ല പ്രത്യുത വിഭവങ്ങളിലും അനിവാര്യമായിരിക്കുന്നു. നോമ്പുതുറയും തുറപ്പിക്കുന്നതും ധൂര്‍ത്തിന്റെ പ്രകടനമാകുന്ന പ്രവണത ഒരിക്കലും പൊറുക്കാനാവില്ല. ഇസ്‌ലാം ധൂര്‍ത്ത് ഒരിക്കലും അംഗീകരിക്കുന്നുമില്ല. ഈത്തപ്പഴം, അല്ലെങ്കില്‍ കാരക്ക അതുമില്ലെങ്കില്‍ പച്ചവെള്ളം കൊണ്ട് നോമ്പുതുറപ്പിക്കാന്‍ പഠിപ്പിച്ച മതത്തിന്റെ വക്താക്കള്‍ നോമ്പിന്റെ കാരണവും പറഞ്ഞു അമിതമായ രീതിയില്‍ ഭക്ഷണം വിളമ്പി പാഴാക്കുന്ന പ്രവണതക്ക് നിര്‍ബന്ധമായും അറുതിയാവണം. ഒരിക്കലും അത്തരം നോമ്പുതുറക്കല്‍ പുണ്യം നല്‍കുന്ന തുറയായിരിക്കില്ല. പാവപ്പെട്ടവനെ സഹായിക്കേണ്ട, അവശതയനുഭവിക്കുന്നവര്‍ക്ക് തുണയാകേണ്ട, ദരിദ്രര്‍ക്ക് താങ്ങാവേണ്ട മാസം എല്ലാം മറന്നു ഭക്ഷണത്തിനു പിന്നാലെക്കൂടുന്നത് വളരെ ദയനീയവും ലജ്ജാവഹവുമാണ്. മഹല്ലുകള്‍ തോറും ബോധവത്കരണവും ശക്തമായ നിരുത്സാഹപ്പെടുത്തലുകളും ഈ വിഷയത്തില്‍ ഇന്ന് അനിവാര്യമായിരിക്കുന്നു. ഭക്ഷണത്തില്‍ കളയുന്ന പണം ക്രിയാത്മകരൂപത്തില്‍ ചെലവഴിക്കാനുള്ള പദ്ധതികള്‍ ഇനിയും നമ്മുടെ സമൂഹത്തിനു ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഈ റമളാന്‍ അതിനുകൂടിയുള്ള വേദിയാവട്ടെ.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി

You must be logged in to post a comment Login