നിഖാബ് നിരോധം: എംഇഎസിന് പിഴച്ചതെവിടെ?

നിഖാബ് നിരോധം: എംഇഎസിന് പിഴച്ചതെവിടെ?

ഒരൊറ്റയിരിപ്പിന് 240പുറം വായിച്ചുതീര്‍ത്ത രചനയാണ് എം.ഇ.എസ് സ്ഥാപകന്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനെ കുറിച്ച് പത്‌നി ഫാത്തിമാ ഗഫൂര്‍ എഴുതിയ ഓര്‍മക്കുറിപ്പ് ‘ഓര്‍മയിലെന്നും’. കേരളത്തില്‍ ഒരു മുസ്‌ലിം വനിത ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മകള്‍ വരുംതലമുറക്ക് ഇതുപോലെ കൈമാറിയിട്ടുണ്ടോ എന്ന് സംശയമാണ്. ഡോ.ഗഫൂറിന്റെ സ്വകാര്യ, പൊതു ജീവിതത്തിലൂന്നിയാണ് ഫാത്തിമയുടെ ഓര്‍മകളെങ്കിലും ഒരു കാലഘട്ടത്തിന്റെ ജീവിതവും എം.ഇ.എസ് എന്ന കൂട്ടായ്മയുടെ പിറവിയും വികാസപരിണാമങ്ങളുമെല്ലാം വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാം. വായിച്ചപ്പോള്‍ വന്ന ചില സംശയങ്ങള്‍ക്ക് നിവാരണം കാണാന്‍, ഒരു റമളാനില്‍ മരുമകന്‍ ഡോ. എ. എ അമീന്റെ വസതിയില്‍ കണ്ടുമുട്ടിയ ഫാത്തിമാ ഗഫൂറിനോട് ഞാന്‍ സമയം ചോദിച്ചു. അങ്ങനെയാണ് എറണാകുളം ചങ്ങമ്പുഴ നഗറിലെ വീട്ടില്‍ വെച്ച് ഒരു ദിവസം മുഴുവനും സമയമനുവദിച്ച് അവസരമൊരുക്കിയത്. ‘കൊടുങ്കാറ്റ് ആഞ്ഞടിച്ച കാലം’ എന്ന തലക്കെട്ടോടെ എം.ഇ.എസ് മലബാറില്‍ തുറന്നുവിട്ട മാറ്റത്തെയും ‘സാമുദായിക കലാപ’ത്തെയും അതിനോട് സുന്നി പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടത്തെയും മുസ്‌ലിം ലീഗുമായുള്ള തര്‍ക്കത്തെയുമൊക്കെ കുറിച്ച് എഴുതാനിരിക്കെയാണ് ജോലിയുടെ ഭാഗമായി ഗള്‍ഫിലേക്ക് ചേക്കേറേണ്ടിവന്നത്. ഫാത്തിമ ഗഫൂറിന്റെ നിര്യാണവാര്‍ത്ത കേട്ടപ്പോള്‍ മനസില്‍ വല്ലാത്തൊരു കുറ്റബോധം ഊറിക്കൂടുകയുണ്ടായി; എല്ലാം തുറന്നെഴുതാമെന്ന് അവര്‍ക്കു കൊടുത്ത വാക്ക് പാലിക്കാനായില്ലല്ലോ എന്ന സങ്കടത്തില്‍.

കേരളീയ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച എം.ഇ.എസിനു എന്തുകൊണ്ട് അവരുടെ ഹൃദയം കവരാനും വിശ്വാസ്യത ആര്‍ജിക്കാനും സാധിച്ചില്ല എന്ന ചോദ്യം പലപ്പോഴും അന്തരാളത്തില്‍ കലപില കൂട്ടിയിട്ടുണ്ട്. അങ്ങ് കൊടുങ്ങല്ലൂരില്‍നിന്ന് വന്ന ഡോ. ഗഫൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജോലി ചെയ്തു സ്വസ്ഥം ഗൃഹഭരണവുമായി പോകുന്നതിനു പകരം സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് ‘നവോത്ഥാന’ത്തിനായി രംഗത്തിറങ്ങിയത് മുസ്‌ലിം ലീഗിലെ രണ്ടാം നിരയില്‍പെട്ട ചില നേതാക്കള്‍ക്ക് രസിച്ചില്ലെന്നും അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ നടക്കാതെ പോകുമെന്ന് കണ്ടപ്പോള്‍ സുന്നികളിലെ പ്രബല വിഭാഗത്തെ കൂട്ടുപിടിച്ച് ആഭ്യന്തര യുദ്ധത്തിന് ഇറങ്ങുകയാണുണ്ടായതെന്നുമുള്ള ഒരു സിദ്ധാന്തമണ് ഫാത്തിമ ഗഫൂര്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചത്. ഇനി അവര്‍ തന്നെ സംസാരിക്കട്ടെ:

”1964ല്‍ എം.ഇ. എസ് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ 1969വരെയുള്ള അഞ്ചുകൊല്ലക്കാലം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപെട്ട മുസ്‌ലിം നേതാക്കള്‍ എം.ഇ.എസിന്റെ വേദിയില്‍ സമ്മേളിച്ചു. സമുദായത്തെ വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ചുയര്‍ത്തണമെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. എം.ഇ.എസിന്റെ വളര്‍ച്ചക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് മുസ്‌ലിം ലീഗായിരുന്നു. അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, യു.എ ബീരാന്‍, പി. സീതിഹാജി, ഉമര്‍ ബാഫഖിതങ്ങള്‍ തുടങ്ങിയ നേതാക്കളുടെ സഹായവും സഹകരണവും പ്രോല്‍സാഹനവും എം.ഇ.എസിന്റെ വളര്‍ച്ചയെ കുറച്ചൊന്നുമല്ല തുണച്ചത്. മുസ്‌ലിം ലീഗിലെ ചില വ്യക്തികള്‍ ഇതിന് വിരുദ്ധമായ ചിന്താഗതിയുള്ളവരായിരുന്നു. എം.ഇ.എസിനെയും മുസ്‌ലിം ലീഗിനെയും തമ്മില്‍ തെറ്റിച്ചില്ലെങ്കില്‍ ചൂഷണത്തിനുള്ള അവസരം നഷ്ടപ്പെട്ടുപോകും എന്ന് അവര്‍ മനസിലാക്കി. അവരുടെ നിരന്തരമായ ഉപജാപപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. അത് അവസാനം പരസ്യമായ വെല്ലുവിളിയും പ്രസ്താവനാ യുദ്ധങ്ങളും ആരോപണപ്രത്യാരോപണങ്ങളുമായി വളര്‍ന്നു. 1969ല്‍ എം.ഇ.എസ് ലേഡീസ് വിങ് കോഴിക്കോട്ട് രൂപം കൊണ്ടതോടെ യാഥാസ്ഥിതികന്മാര്‍ക്ക് അത് നല്ല ഒരിരയായിത്തീര്‍ന്നു. അടുക്കളയ്ക്ക് പുറത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു പ്രവര്‍ത്തനമുണ്ടാകുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം സ്ത്രീകളാണ് യാഥാസ്ഥിതിക പൗരോഹിത്യവര്‍ഗത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത ചൂഷണത്തിന് ഏറ്റവും കൂടുതല്‍ വിധേയരായിരുന്നത്. ആ ചൂഷണത്തില്‍നിന്നും അടിമത്തത്തില്‍നിന്നും അവരെ മോചിപ്പിക്കാനുള്ള എം.ഇ.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നതാണ് ലേഡീസ് വിങ്ങിന്റെ പ്രവര്‍ത്തനമെന്ന് മനസിലാക്കിയവര്‍, എം.ഇ.എസിന്റെയും ലേഡീസ് വിങ്ങിന്റെയും നേരെ അയഥാര്‍ത്ഥമായ ആരോപണം അഴിച്ചുവിട്ടു. മതത്തിന്റെ പേരിലായിരുന്നുവത്രെ എതിര്‍പ്പ്. മുസ്‌ലിം സ്ത്രീകളെ അര്‍ധനഗ്‌നകളാക്കി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നു എന്നുവരെ ആക്ഷേപിക്കാനുള്ള ‘മാന്യത’ നമ്മുടെ പണ്ഡിതന്മാര്‍ക്കുണ്ടായി. സ്ത്രീകള്‍ സാരി ധരിക്കുക എന്നുപറഞ്ഞാല്‍ അര്‍ധനഗ്‌നകളായി നടക്കുക എന്നായിരുന്നു അവരുടെ വ്യാഖ്യാനം. എന്തായാലും അവരുടെ ആരോപണം വിലപ്പോയില്ല. യാഥാസ്ഥിതികന്മാര്‍ നേരിട്ടു എതിര്‍ത്തുതോല്‍പിക്കാന്‍ കഴിയാതെ പിന്തിരിഞ്ഞെങ്കിലും മുസ്‌ലിം ലീഗിനെയും എം.ഇ.എസിനെയും തമ്മില്‍ തെറ്റിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. …എം.ഇ.എസ് പ്രവര്‍ത്തകരുടെയും സമ്മേളനങ്ങളുടെയും നേരെ കയ്യേറ്റങ്ങളുണ്ടായി. 1970ല്‍ ഫറോക്കില്‍വെച്ച് നടത്തിയ അഖിലേന്ത്യാ എം.ഇ.എസ് കോണ്‍ഫറന്‍സില്‍ അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടായി. വാഹന ജാഥ ഫറോക്ക് പേട്ടയിലെത്തിയപ്പോള്‍ ജാഥയെ അക്രമിക്കാന്‍ ഒരുങ്ങിനിന്നവര്‍ ജാഥാംഗങ്ങളുടെ തലയില്‍ കാര്‍ക്കിച്ചുതുപ്പി. ഇതിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഗഫൂര്‍ സാഹിബ് പറഞ്ഞു; ” തങ്ങളോ സി.എച്ചോ ഇതിനു സമ്മതിക്കുകയില്ല. ചില ഛോട്ടാ നേതാക്കന്മാര്‍ ആ വലിയ മനുഷ്യരെ കരിതേച്ചുകാണിക്കാന്‍ വേണ്ടി ചെയ്ത പണിയാണ്” (ഓര്‍മയിലെന്നും. പേജ് 163 65 ).

അപക്വമായ ചുവടുവെപ്പുകള്‍
മേലുദ്ധരിച്ച നിരീക്ഷണങ്ങളും സംഭവവികാസങ്ങളും അര്‍ധസത്യം മാത്രമാണ്. ആ കാലഘട്ടത്തിന്റെ രാഗദ്വേഷങ്ങള്‍ തൊട്ടറിഞ്ഞവര്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് കൊടുങ്ങല്ലൂരില്‍നിന്ന് കോഴിക്കോട്ട് വന്ന ഡോ. ഗഫൂര്‍ അടക്കമുള്ള നേതാക്കള്‍ തുടങ്ങിവെച്ച ഉദ്യമങ്ങള്‍ സമുദായം കഷ്ടപ്പെട്ട് നേടിയ എല്ലാ നേട്ടങ്ങളെയും ചവിട്ടിത്താഴ്ത്തി. മലബാര്‍ മുഴുവനും കൂരിരുട്ടിലാണെന്ന മട്ടില്‍ ‘വിപ്ലവത്തിന്’ തുടക്കം കുറിച്ചതാണ് സുന്നിവിഭാഗം ഇടഞ്ഞു നില്‍ക്കാന്‍ ഇടയായത്. ‘ഐക്യസംഘ’ത്തിന്റെ പ്രേതം ഇവരെ സദാ പിന്തുടരുന്നുണ്ടായിരുന്നു. സ്ത്രീകളെ തെരുവിലിറക്കിയാലേ വിപ്ലവം പൂര്‍ത്തിയാവൂ എന്ന തെറ്റിദ്ധാരണയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികളാണ് ‘യാഥാസ്ഥിതികര്‍’ എന്ന് ഭര്‍ത്സിക്കുന്ന സുന്നി പണ്ഡിതന്മാരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു സമ്മേളനത്തില്‍ ‘എം.ഇ.എസ് വരുന്നതിനു മുമ്പ്, എം.ഇ.എസ് വന്നതിനു ശേഷം’ എന്ന തലക്കെട്ടില്‍ രണ്ടു സ്ത്രീകളെ, ഒരാളെ ബുര്‍ഖ ധരിപ്പിച്ചും മറ്റെയാളെ സാരിയുടുപ്പിച്ചും പ്രദര്‍ശിപ്പിച്ചത് തങ്ങളെ പരിഹസിക്കാനാണെന്ന് സുന്നികള്‍ക്ക് തോന്നി. വിഷയം സമസ്തയുടെ നേതൃയോഗത്തില്‍ ചര്‍ച്ചയായി. സമസ്തയുടെ നേതാവ് കൂടിയായ അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍ക്ക് എം.ഇ.എസിനെ തള്ളിപ്പറയുന്ന, ആ സംഘടനയുമായി മുസ്‌ലിം ലീഗ് ബന്ധം വിച്ഛേദിക്കമെന്നാവശ്യപ്പെടുന്ന പ്രമേയം അംഗീകരിക്കേണ്ടിവന്നു. സാമൂഹികമാറ്റത്തെ കുറിച്ചുള്ള തെറ്റായ, അപക്വമായ കാഴ്ചപ്പാടുകളാണ് വിഷയം വഷളാക്കിയത്. തിരുകൊച്ചിയില്‍നിന്ന് വ്യത്യസ്തമായ സാമൂഹിക, മത അന്തരീക്ഷമാണ് മലബാറിലേതെന്ന് മനസിലാക്കാനുള്ള പ്രാഥമിക ജ്ഞാനം ഇല്ലാതെ പോയതാണ് എം.ഇ.എസിനെ വെട്ടിലാക്കിയത്. ഇസ്‌ലാമിനെ വ്യാഖ്യാനിക്കാനും സ്വയം ഫത്‌വ ഇറക്കാനും ‘ഭൗതിക പണ്ഡിതന്മാര്‍’ നടത്തിയ വിവേകശൂന്യമായ നടപടി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, സുന്നികളെ ആശ്രയിക്കുന്ന മുസ്‌ലിം ലീഗിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ലായിരുന്നു. ആ കാലഘട്ടത്തെ അപഗ്രഥിച്ച ചരിത്രകാരന്മാരും പണ്ഡിതന്മാരും വസ്തുനിഷ്ഠമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മലബാറിന്റെ മതനിഷ്ഠമായ ജീവിതപശ്ചാത്തലത്തെ കുറിച്ച് എം.ഇ.എസിന് മനസിലാക്കാന്‍ സാധിക്കാത്തതാണ് കുഴപ്പങ്ങള്‍ക്ക് വഴിവെച്ചതെന്ന് റോളണ്ട് ഇ. മില്ലര്‍ ‘മാപ്പിള മുസ്‌ലിംസ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്. സകാതിനെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടും സി.എന്‍. അഹ്മദ് മൗലവിയുടെ നവീന ആശയങ്ങളെ ആസ്പദമാക്കിയുള്ള പുതിയ വ്യാഖ്യാനങ്ങളും കടന്നല്‍കൂടിന് കല്ലെറിയുന്ന അവസ്ഥാവിശേഷം സംജാതമാക്കി. ഒടുവില്‍ അപക്വമായ ചുവടുവെപ്പുകളില്‍നിന്ന് പിന്തിരിയേണ്ടിവന്നത് എം.ഇ.എസിന് തന്നെയാണ്. ആ കാലഘട്ടം തുറന്നുവിട്ട ഉപരിപ്ലവമായ പരിഷ്‌കരണ ത്വരയുടെ സൃഷ്ടിയായ ‘മോഡേണ്‍ ഏജ് സൊസൈറ്റി’യുടെ ഇമാമായി നിന്നത് ചേകന്നൂര്‍ മൗലവിയാണെന്ന സത്യം ഡോ. ഫസല്‍ ഗഫൂര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. സൊസൈറ്റിയുടെ മുന്‍പന്തിയിലുണ്ടായിരുന്ന പ്രൊഫ. കെ.എം ബഹാവുദ്ദീനെ ഞങ്ങള്‍ പിന്നീട് കണ്ടത് അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രോ വൈസ്ചാന്‍സലറായാണ്. കാമ്പസില്‍ സംഘടിപ്പിക്കപ്പെട്ട ഒരു മിലാദുന്നബി ആഘോഷത്തില്‍, മറ്റുള്ളവരോടൊപ്പം ‘യാ നബീ സലാം അലൈകും യാ റസൂല്‍ സലാം അലൈകും’ എന്ന് നിന്നിടത്തുനിന്ന് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞും ചെരിഞ്ഞും ചൊല്ലുന്നത് കണ്ട് അദ്ഭുതത്തോടെ ഞങ്ങള്‍ ചോദിച്ചു; ബഹാവുദ്ദീന്‍ സാര്‍ മൗലൂദ് ചൊല്ലുകയോ? ‘ഇവിടെ ഇതെല്ലാം ആവശ്യമാണ്’ എന്നായിരുന്നു മറുപടി.
എം.ഇ.എസിന്റെ കലഹപ്രിയതയിലേക്കും നവോത്ഥാന പരിശ്രമങ്ങളുടെ ഉപരിപ്ലവതയിലേക്കും വെളിച്ചം വീശാനാണ് ഇത്രയും വിവരിച്ചത്. പിറവിയിലെ പിഴവ് സംഘടനയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. കലാശാലകളില്‍നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരൊക്കെയാണ് അതിന്റെ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍, വാളെടുത്തവരെല്ലാം ‘മുജ്തഹിദിന്റെ’ വേഷത്തില്‍ ഇറങ്ങിയതാണ് കുഴപ്പങ്ങള്‍ക്കെല്ലാം നിദാനം. പൊതുഇടങ്ങളില്‍ മുഖ്യധാരാ ഇസ്‌ലാമിനെയും അതിനു നേതൃത്വം കൊടുക്കുന്നവരെയും ഇകഴ്ത്തിയും അപഹസിച്ചും സ്വയം പുരോഗമന വേഷമണിയുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ‘നിഖാബ്’ സംബന്ധിച്ച ഫസല്‍ ഗഫൂറിന്റെ ഫത്‌വ. എം.ഇ.എസ് നടത്തുന്ന 152 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറക്കുന്ന വേഷങ്ങള്‍ പാടില്ലെന്ന ഏപ്രില്‍ 17ന്റെ ‘ഇന്റേണല്‍ സര്‍ക്കുലര്‍’ അനാവശ്യമായി വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അയച്ച കത്തിന്റെ മര്‍മം ഇതാണ്: ‘എലാമഹല േൌറലിെേ റീി’ േമേേലിറ രഹമലൈ െംലമൃശിഴ മി്യ മേേശൃല വേമ േരീ്‌ലൃ െവേലശൃ ളമരല’. മുഖം മറച്ചുകൊണ്ട് പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറേണ്ടതില്ല എന്ന്. ഈ നിര്‍ദേശത്തിലടങ്ങിയ മതവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ഫാഷിസ്റ്റ് പ്രീണനപരവുമായ വശങ്ങള്‍ ചൂണ്ടിക്കാട്ടി സമസ്ത മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയും ‘പുരോഗമന പ്രസ്ഥാനങ്ങളും’ രംഗത്തുവന്നതോടെ ഫസല്‍ ഗഫൂര്‍, നിരോധനം നിഖാബിന് മാത്രമല്ല, ‘മുഖ്യധാരാ സമൂഹത്തിന് അസ്വീകാര്യമായ വസ്ത്രങ്ങളൊന്നും പാടില്ലെന്നും ജീന്‍സും ലഗിന്‍സും മിനിസ്‌കേര്‍ട്ടും നിരോധനപട്ടികയില്‍ വരുമെന്നും പറഞ്ഞ് മലക്കം മറിച്ചില്‍ നടത്തി (‘സ്‌ക്രോള്‍ ന്യൂസുമായുള്ള അഭിമുഖം കാണുക). ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്. മുഖ്യധാരക്ക് സ്വീകാര്യമായ വേഷം എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത്? അത്തരത്തില്‍ മുഖ്യധാരയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ എം.ഇ.എസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊക്കെ ന്യൂനപക്ഷപദവി നേടിയെടുത്തത്?
മുഖം മുഴുവന്‍ മൂടി പെണ്‍കുട്ടികള്‍ കാമ്പസുകളില്‍ പോവണമെന്ന് ഇവിടെ ആരും ശഠിച്ചതായി അറിയില്ല. നിഖാബ് ധാരികള്‍ ഇന്ന് പൊതുഇടങ്ങളിലെവിടെയും സ്ഥിരം കാഴ്ചയാണ്. മുഖമറയുടെ മതകീയമാനങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടാവാം കര്‍മശാസ്ത്ര സരണികള്‍ക്കിടയില്‍. അതൊന്നും തന്നെ വിദ്യഭ്യാസ സ്ഥാപനനടത്തിപ്പുകാരനായ ഡോ. ഫസല്‍ ഗഫൂറിന്റെ പ്രവര്‍ത്തന അജണ്ടകളില്‍ കയറിവരേണ്ടതില്ല. എന്നാല്‍ നിഖാബ് നിരോധവുമായി ബന്ധപ്പെട്ട വിവാദം താന്‍ കാര്യമാക്കുന്നില്ലെന്നും ഞങ്ങളുടെ സ്ഥാപനത്തില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യം നടപ്പാക്കുമെന്നും മറ്റാരും അതില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള ഫസല്‍ ഗഫൂറിന്റെ നിലപാട് (സ്‌ക്രോള്‍ ന്യൂസുമായുള്ള അഭിമുഖം) സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്റേതല്ലെന്ന് പറയേണ്ടിവരും.
ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന സെക്കുലര്‍ വ്യവസ്ഥയില്‍ രാഷ്ട്രത്തിന് പ്രത്യേകിച്ച് ഒരു മതത്തോടും മമതയോ വിരോധമോ ഇല്ലെങ്കിലും ഓരോ പൗരനും അവന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. സിക്കുകാര്‍ക്ക് കൃപാണ്‍ ധരിച്ച് എവിടെയും കടന്നുചെല്ലാം. ആര്‍ക്കുമത് തടയാനാവില്ല. കന്യാസ്ത്രീകള്‍ക്ക് അവരുടേതായ സവിശേഷ വേഷവിധാനത്തില്‍ നിഖില ജീവിത തുറകളിലും വ്യാപരിക്കാം. ആ നിലക്ക് മുസ്‌ലിം സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വേഷം ധരിച്ച് തെരുവിലോ കാമ്പസിലോ കടന്നുചെല്ലാം. മുഖംമറച്ച് പോകുമ്പോള്‍ അവര്‍ക്കുണ്ടെന്ന് നാം പറയുന്ന ‘അസൗകര്യങ്ങള്‍’ അതതുഘട്ടങ്ങളില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം. ഇന്ത്യയിലും പുറത്തുമുള്ള വിവധ സര്‍വകലാശാലകളില്‍ ഈ വേഷം ധരിച്ചവരുണ്ട്. വിവിധ തലങ്ങളില്‍ ഉദ്യോഗസ്ഥരായുമുണ്ട്. ഇന്ത്യ പോലൊരു ബഹുസ്വര സമുഹത്തില്‍ അത്തരം വേഷം പൊതുഇടങ്ങളില്‍ ഭാഗവാക്കാകുന്നു എന്നതിനെക്കുറിച്ചും മുഖത്തോട് മുഖം സംവദിച്ച് ബോധ്യപ്പെടേണ്ട സാമൂഹിക സന്ദര്‍ഭങ്ങളിലൊന്നും നിഖാബ് ധാരികളായ അഭ്യസ്തവിദ്യരും പുറകിലല്ല എന്നതുകൂടി അറിയുക. അതേസമയം, നിഖാബ് രീതിയെക്കുറിച്ചും അതിന്റെ നാനാതല സാന്നിധ്യത്തെക്കുറിച്ചും സംവാദമാകാം. അതിനുപകരം ഞങ്ങളുടെ കോളജില്‍ ഞങ്ങള്‍ക്കു ഇഷ്ടമുള്ളത് ഞങ്ങള്‍ നടപ്പാക്കും, ചോദിക്കാന്‍ നിങ്ങളാരാ എന്ന സമീപനം ജനായത്ത വിരുദ്ധവും ധിക്കാരവുമാണ്. ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ ന്യുനപക്ഷങ്ങള്‍ക്ക് വകവെച്ചുതരുന്ന അവകാശങ്ങള്‍ മാനേജ്‌മെന്റുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാനുള്ളതല്ല. പ്രത്യുത, മതേതരജനായത്ത സ്പിരിറ്റ് ഉള്‍ക്കൊണ്ട് പൗരസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും അവ കൊണ്ടുനടക്കാനുമുള്ള സാംസ്‌കാരിക , വിദ്യാഭ്യാസ അവകാശങ്ങളാണ്. 30ാം ഖണ്ഡികയില്‍ പറയുന്ന ‘ീള വേലശൃ രവീശരല’ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത് മാനേജ്‌മെന്റ് കമ്മിറ്റിക്കാര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാപനമല്ല, മറിച്ച് ന്യൂനപക്ഷസമുദായത്തിന് ഹിതകരമായ സ്ഥാപനം എന്ന വിവക്ഷയിലാണ്. അവരുടെ ഭാഷയും സംസ്‌കാരവും പരിലാളിക്കുന്നതിന് ഉപകരിക്കുന്നതാവണമത്. അതല്ലാതെ, പൊതുസമൂഹത്തിന്റെ വിചാരവികാരങ്ങളെ തൃപ്തിപ്പെടുത്താനെന്ന പേരില്‍ ചില സ്വാതന്ത്ര്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകും. 2018 ഡിസംബര്‍ നാലിന് കേരള ഹൈകോടതി പുറപ്പെടുവിച്ച ഒരു വിധി ഡോ. ഫസല്‍ ഗഫൂര്‍ ആയുധമാക്കി എടുത്തിട്ടുണ്ട്. ക്രിസ്ത്യന്‍ ചര്‍ച്ച് മേധാവികള്‍ നടത്തുന്ന ഒരു സ്‌കൂളില്‍ തലമറച്ചുകൊണ്ട് പോകാനുള്ള അവകാശത്തിനായി ഒരു പെണ്‍കുട്ടി നടത്തിയ പോരാട്ടത്തില്‍, കോടതി പറഞ്ഞത് അഡ്മിഷന്‍ പ്രോസ്‌പെക്ടസില്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ വിദ്യാലയ അധികൃതര്‍ക്ക് തങ്ങളുടെ ഡ്രസ് കോഡുമായി മുന്നോട്ടുപോകാമെന്നാണ്. ആ കേസില്‍ തലമറക്കാവുള്ള അവകാശം നിഷേധിച്ച ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെ എം.ഇ.എസ് മാതൃകയാക്കുന്നതിലെ ക്രൂരത കാണാതെപോകരുത്.
എം.ഇ. എസ് സ്ഥാപനങ്ങള്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസസാംസ്‌കാരിക ഉന്നതി ലക്ഷ്യമാക്കിയുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ അവരുടെ സ്വത്വവും സംസ്‌കാരവും ഉയര്‍ത്തിടിക്കുന്നത് പൊതുസമുഹത്തിന് ഹിതകരമാവില്ല എന്ന അപകര്‍ഷതാ കാഴ്ചപ്പാടോടെ കടുത്ത നിലപാടിലേക്ക് ചായുന്നത് അനാവശ്യമായ സെക്കുലര്‍ ഭ്രാന്ത് കൊണ്ടാവാനേ തരമുള്ളൂ. എം.സി ചഗ്ല അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സറ്റിയുടെ ന്യൂനപക്ഷസ്വഭാവം എടുത്തുകളയാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നതും ഹാമിദ് ദല്‍വായി ഇസ്‌ലാമിക ആധാരശിലകളെ തള്ളിപ്പറയാന്‍ മുതിര്‍ന്നതും അള്‍ട്രാസെക്കുലര്‍ ജ്വരം മൂര്‍ഛിച്ചപ്പോഴാണ്. ചരിത്രത്തില്‍ അവരുടെ ഇടം എവിടെയാണെന്ന് ഡോ. ഫസല്‍ ഗഫൂറിനെ ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ!

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login