ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ഗവണ്‍മെന്റ് ക്ഷേമപദ്ധതി പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യത്തെ കുറിച്ച് ബി.ബി.സി തയാറാക്കിയ റിപ്പോര്‍ട്ട് വളരെ പ്രസക്തമാണ്. ‘ഉജ്ജ്വല യോജന’ പദ്ധതി പ്രകാരം ഗ്രാമീണര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കിയെന്ന വാഗ്ദാനത്തെ ആധികാരികമായി ചോദ്യം ചെയ്യുകയാണ് റിപ്പോര്‍ട്ട്. ഉജ്ജ്വല യോജനയുടെ പരസ്യചിത്രങ്ങളില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഗുഡ്ഡി ദേവി ഇന്നും ചാണകം ഉണക്കി ഇന്ധനമായുപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പ്രധാനമന്ത്രി നേരിട്ട് നല്‍കിയ പദ്ധതിയുടെ ഗുണഭോക്താവാന്‍ ഗുഡ്ഡിക്ക് കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഗവണ്‍മെന്റ് നല്‍കിയെന്നവകാശപ്പെടുന്ന ഗ്യാസ് സിലിണ്ടര്‍ ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രായോഗിക തലത്തില്‍ ഉപകാരപ്പെട്ടോ? പരസ്യവാചകങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ പ്രധാനമന്ത്രി ആരാണെന്നു മനസിലാക്കാന്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നിരവധി വനിതാമാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു പത്രസമ്മേളനം മാത്രം മതി. നരേന്ദ്രമോഡിയും അക്ഷയ് കുമാറും നടത്തിയ ‘അരാഷ്ട്രീയ അഭിമുഖത്തെ’ പരിഹസിച്ചു കൊണ്ട് പത്രസമ്മേളനത്തില്‍ നരേന്ദ്രമോഡിയോട് ചോദിക്കാനുള്ള മൂര്‍ച്ചയേറിയ ചോദ്യങ്ങളുമുണ്ടായിരുന്നു. മോഡിയുടെ വാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ദൂരം ഇതിനുമുമ്പും വെളിപ്പെട്ടതാണ്. കാലങ്ങളായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തോട്ടിപ്പണി എന്ന സാമൂഹിക അസമത്വം നിറഞ്ഞ തൊഴിലിനെ പ്രകീര്‍ത്തിച്ചുകൊണ്ട് തോട്ടിപ്പണിക്കാരുടെ പാദങ്ങള്‍ കഴുകി മോഡി മാധ്യമങ്ങളില്‍ നിറഞ്ഞു. പക്ഷേ നരേന്ദ്രമോഡി കാല്‍ കഴുകിക്കൊടുത്ത തൊഴിലാളികള്‍ക്ക് അടിസ്ഥാന ആവശ്യമായ വേതനം പോലും മുഴുവനായി ലഭിച്ചിട്ടില്ല. 2014ല്‍ നരേന്ദ്രമോഡിയെ വികസന പുരുഷനായി ലോകത്തിനുമുന്നില്‍ കാട്ടികൊടുത്ത ടൈം മാഗസിന്‍ ഭരണകാലാവധി അവസാനിക്കുന്നതിനു മുമ്പേ മോഡി രാജ്യത്തെ വിഭജിക്കുന്നു എന്ന് വിലയിരുത്തിയിരിക്കുകയാണ്. എങ്കില്‍ പോലും യാതൊരു യുക്തിയുമില്ലാതെ ഇന്ത്യ ടി.വിയിലെ രജത് ശര്‍മയെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ അസംബന്ധം നിറഞ്ഞ ചോദ്യങ്ങളുമായി നരേന്ദ്രമോഡിയെ ആഘോഷിക്കുന്നു. മാലേഗാവ് സ്‌ഫോടനത്തിലെ പ്രതി പ്രഗ്യാ സിങ് ഠാക്കൂറിന് ചാനലുകള്‍ നല്‍കുന്ന മശൃ ശോല, മാധ്യമങ്ങള്‍ വാര്‍ത്തകളെ സൂക്ഷ്മമായി സമീപിക്കാത്തതിന്റെ തെളിവാണ്. തീവ്രവാദകുറ്റം നേരിട്ടുകൊണ്ടിരിക്കുന്ന ഈ തീവ്രഹിന്ദുത്വവാദിക്ക് ലഭിക്കുന്ന നാലിലൊന്നു മാധ്യമശ്രദ്ധപോലും മധ്യപ്രദേശിലെ ദേവാസ് മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന പ്രഹ്ലാദ് സിങ് തീപാനിയക്ക് ലഭിച്ചിട്ടില്ല. തീപാനിയയെ പരാമര്‍ശിക്കാന്‍ കാരണമുണ്ട്. വെറുപ്പിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും പേരില്‍ ഊറ്റം കൊള്ളുന്ന ഈ ജനാധിപത്യസംവിധാനത്തില്‍, മഹാകവി കബീര്‍ദാസിന്റെ മതങ്ങള്‍ക്കതീതമാവണം മാനവസ്‌നേഹം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് തീപാനിയ. പക്ഷേ അദ്ദേഹത്തിന്റെ റാലികള്‍ക്കൊന്നും മതിയായ രീതിയില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടം കിട്ടുന്നില്ല. ഇന്ത്യയെന്ന സങ്കല്‍പ്പം സകല ചിന്താധാരകളെയും ഉള്‍ക്കൊള്ളാന്‍ കഴിയും വിധമുള്ളതാണെന്ന് പറയുന്ന ആശയങ്ങളെയും, അത്തരം രാഷ്ട്രീയത്തെയും അഭിസംബോധന ചെയ്യാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. ഓരോ മിനുറ്റിലും ഭോപ്പാലില്‍ എത്തിനോക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ തീപാനിയയെ കുറിച്ചും സംസാരിക്കുന്നത് നല്ലതാണ്.

സുനൈനയെ കൊണ്ടുവന്ന പ്രണോയ് റോയ്
തിരഞ്ഞെടുപ്പുകാല വാര്‍ത്തകള്‍ രാഷ്ട്രീയ നേതാക്കന്മാര്‍ തമ്മിലുള്ള വാഗ്വാദങ്ങളായി ചുരുങ്ങിപ്പോകുന്ന ഈ ദൃശ്യമാധ്യമ കാലത്ത്, ടെലിവിഷന്‍ റിപ്പോര്‍ട്ടിന് പുതിയ മാനങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് എന്‍ ഡി ടി വിയുടെ റിപ്പോര്‍ട്ട്. എന്‍ ഡി ടി വി എഡിറ്റര്‍ പ്രണോയ് റോയ് യു.പിയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ചെയ്ത ഒരു റിപ്പോര്‍ട്ട് വളരെയധികം സാമൂഹികപ്രസക്തിയുള്ളതാണ്. പ്രണോയ് റോയ്ക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരമായിരുന്നു സുനൈന എന്ന 14 വയസ്സുകാരി പെണ്‍കുട്ടി. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സമ്പദ്ഘടനയെ പറ്റി തന്റെ ജീവിതപരിസരങ്ങളിലൂടെ നേടിയ അറിവുകള്‍ വെച്ച് അവര്‍ പ്രണോയ് റോയ്ക്ക് മുന്നില്‍ നിന്നു. നഗരത്തില്‍നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഉപകരണങ്ങളുമായി യു.പിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പഠിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒട്ടുംതന്നെ പതറാതെ സംസാരിക്കാന്‍ സുനൈനക്ക് കഴിഞ്ഞു. റിപ്പോര്‍ട്ട് നിരവധി കാരണങ്ങളാല്‍ പ്രസക്തിയുള്ളതാണ്. ഇന്ത്യന്‍ ടി.വി കളിലെ പതിവ് ബഹളങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചുവെന്നതാണ് പ്രധാന കാരണം. സുനൈന റാവത്ത് ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ഗഞ്ചുകാരിയാണ്. 14 കാരിയായ സുനൈനക്ക് വോട്ടവകാശമായിട്ടില്ല. പക്ഷേ ഈ തിരഞ്ഞെടുപ്പിലെ ചൂടുപിടിച്ച ചര്‍ച്ചാ വിഷയങ്ങളിലൊക്കെ സുനൈനക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അത് തൊഴില്‍ മണ്ഡലമായാലും, ഉജ്ജ്വല യോജനയായാലും, കര്‍ഷകരുടെ ജീവിത പ്രതിസന്ധിയാണെങ്കിലും സുനൈനക്ക് എല്ലാറ്റിലും തന്റേതായ അഭിപ്രായങ്ങളുണ്ട്. തങ്ങള്‍ക്ക് എപ്പോഴാണ് നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചതെന്നും എപ്പോഴാണ് പട്ടിണിയുടെ തീവ്രത കൂടുതല്‍ അറിയേണ്ടി വന്നതെന്നും ഈ ദളിത് പെണ്‍കുട്ടിക്കറിയാം. വീട്ടിലെ മുതിര്‍ന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന പ്രണോയ് റോയ്‌യോട് സ്വമേധയാ തന്റെ വീട്ടിലും ഗ്രാമത്തിലുമുള്ള വെല്ലുവിളികളെക്കുറിച്ച് സുനൈന സംസാരിക്കാന്‍ തുടങ്ങി. അതീവ സൂക്ഷ്മതയോടെ, പറയുന്ന കാര്യങ്ങളില്‍ വ്യക്തതയോടെയുള്ള സുനൈനയുടെ സംസാരം പ്രണോയ് റോയ്‌യെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തം. പിതാവിന്റെ കൃഷിയിടത്തില്‍ സഹായിക്കാറുള്ള സുനൈന റാവത്തിന് കാര്‍ഷിക പ്രതിസന്ധികളെക്കുറിച്ചും നല്ല ധാരണയുണ്ട്. വിളവു ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല വിളവുണ്ടെങ്കില്‍ തന്നെ അതിന്റെ പകുതി പങ്ക് ഭൂവുടമക്ക് നല്‍കേണ്ടി വരുമെന്നും സുനൈന പറയുന്നുണ്ട്. ഉജ്ജ്വല യോജനയെ കുറിച്ച് ചോദിച്ചപ്പോള്‍ വീടിനകത്തു കയറി കാലിയായ സിലിണ്ടര്‍ പൊക്കിയെടുത്തു കൊണ്ടാണ് പ്രതികരിച്ചത്. ഇതു നിറച്ച് കൊണ്ടുവരാന്‍ തക്ക പണമോ തൊഴിലോ പിതാവിനില്ലെന്നും ആ പെണ്‍കുട്ടി പറയുന്നു. ഒരു കിലോമീറ്ററോളം ദൂരം സുനൈനക്കൊപ്പം നടന്നു കൊണ്ടാണ് അവരുടെ കൃഷിയിടത്തിലേക്ക് പ്രണോയ് റോയ് എത്തുന്നത്. വഴിയില്‍ വെച്ച് തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും സുനൈന സംസാരിച്ചു. ഡോക്ടര്‍ ആകാനാണ് ആഗ്രഹമെന്നും പറഞ്ഞു. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഗ്രാമത്തിലെ മിക്കവരും രോഗികളാണ്, അവരെ സൗജന്യമായി ചിലവില്ലാതെ ശുശ്രൂഷിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞു. തനിക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലെ പോരായ്മകളെ കുറിച്ചും നല്ല ബോധ്യമുണ്ട്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്വകാര്യ സ്‌കൂളുകളിലേതുപോലെയുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കില്ല, സ്വകാര്യ വിദ്യാഭ്യാസത്തിന് നല്ല ചെലവുണ്ടെന്നും പറഞ്ഞു. ഇന്ത്യയിലെ സാമൂഹിക ജീവിതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഉണ്ണുന്നതും ഉടുക്കുന്നതും തൊട്ട് വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ തുടങ്ങുന്നതാണെന്ന് വ്യക്തമായി പറഞ്ഞു. തന്റെ പ്രയാസങ്ങളെക്കുറിച്ച് സംവദിക്കുമ്പോഴും സുനൈന ഹതാശയല്ല. ജീവിതത്തില്‍ എന്തൊക്കെയോ നേടാന്‍ കഴിയുമെന്ന പ്രത്യാശ ആ ബാലികയുടെ കണ്ണുകളിലുണ്ട്. അതുകൊണ്ടുതന്നെയാണ് ചഉഠഢ #റീരീേൃൗെിമശിമ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാഭ്യാസ ചെലവിനായുള്ള ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. സുനൈനയുടെ കഥ 30 മിനിറ്റുകളോളം ദൈര്‍ഘ്യമുള്ളതായിരുന്നു. അത് എന്‍ ഡി ടി വി പല സമയങ്ങളിലായി സംപ്രേക്ഷണം ചെയ്തു. ടെലിവിഷനില്‍ പരസ്പരം വെറുപ്പുകള്‍ വമിപ്പിക്കുന്ന പാനല്‍ ചര്‍ച്ചകള്‍ക്കപ്പുറം യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം എങ്ങനെയൊക്കെയാകണമെന്ന് ഈ റിപ്പോര്‍ട്ട് തെളിയിക്കുന്നു. സുനൈനയുടെ വാക്കുകളെ പിന്തുടരാനും, അവയ്ക്ക് ഇടം നല്‍കാനും തീരുമാനമെടുത്ത പ്രണോയ് റോയ്‌യിലെ മാധ്യമ പ്രവര്‍ത്തകനും ഈ തിരഞ്ഞെടുപ്പിലെ വാര്‍ത്താവിശേഷങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു.

മേന ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ലോകത്തെ പത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മാധ്യമപ്രവര്‍ത്തനത്തിന് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ മുന്‍നിരയിലാണ് അഫ്ഗാനിസ്ഥാന്‍. വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തക മേന മംഗള്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ലോകത്തിനോട് പറഞ്ഞു. ടാക്‌സി കാത്തുനില്‍ക്കെ മെയ് 11ന് കാബൂളില്‍ വച്ചാണ് മേന കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു ദശാബ്ദത്തോളം അഫ്ഗാനിസ്ഥാനിലെ മാധ്യമരംഗത്ത് തൊഴില്‍ ചെയ്തുകൊണ്ടിരുന്ന വ്യക്തിയാണ് മേന. അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശവുമായിരുന്നു മേനയുടെ പോരാട്ടത്തിലെ പ്രധാന ആവശ്യങ്ങള്‍. അഫ്ഗാനിലെ സ്ത്രീ ജീവിതത്തെ കുറിച്ച് നിരന്തരം എഴുതിയ മേന നിര്‍ബന്ധിത വിവാഹങ്ങളുടെ കടുത്ത വിമര്‍ശകയുമായിരുന്നു. മേനയുടെ മരണത്തിനുത്തരവാദികള്‍ വ്യക്തമല്ലെങ്കിലും അഫ്ഗാനിസ്ഥാന്‍ പോലൊരു പുരുഷാധിപത്യ രാജ്യത്ത് ലിംഗ നീതിക്കായി നിരന്തരം ഇടപെടലുകള്‍ നടത്തുകയെന്നത് ജീവന് ഭീഷണിയുണ്ടായേക്കാവുന്ന ഉദ്യമമാണ്. മേനയുടെ മരണം അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍രംഗത്തെ ഭയാനകമായ വെല്ലിവിളികളെയാണ് സൂചിപ്പിക്കുന്നത്.

ചൈന ഇസ്‌ലാമിനെ തുടച്ചുനീക്കുന്നു
ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകളുടെ ജീവിതം ദിവസേന ക്ലേശകരമാവുകയാണ്. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും, പ്രധാനമായി മുസ്‌ലിം രാജ്യങ്ങള്‍ പാലിക്കുന്ന മൗനം ഉയിഗൂര്‍ മുസ്ലിംകളുടെ വേദന പുറംലോകത്ത് നിന്ന് മറച്ചുപിടിക്കുന്നു. ചൈനയിലെ പ്രധാന മുസ്‌ലിം വിഭാഗമായ ഉയിഗൂര്‍ മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിച്ചു ക്രൂരമായ ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കി ചൈന നടത്തുന്ന അധിനിവേശം വിരലിലെണ്ണാവുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. ഇസ്‌ലാമിക ജീവിതത്തിലെ പ്രധാന ഭാഗമായ വ്രതാനുഷ്ടാനത്തിന് പോലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ചൈനയുമായുള്ള ബന്ധത്തിന് വിലക്കേര്‍പ്പെടുത്താന്‍ തുര്‍ക്കി, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ തയാറല്ല. സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടത് തങ്ങളുടെ രാജ്യസുരക്ഷ കണക്കിലെടുത്തുകൊണ്ട് മുസ്‌ലിംകളെ ചോദ്യംചെയ്യാനും തടവിലിടാനുമുള്ള അധികാരം ചൈനക്കുണ്ടെന്നാണ്. ഇസ്‌ലാമിക തീവ്രവാദം എന്ന ആഗോള ചര്‍ച്ച തന്നെയാണ് ഉയിഗൂറുകളെ പീഡിപ്പിക്കാന്‍ ചൈന ഉപയോഗിക്കുന്നത്. ഖുര്‍ആന്‍ പോലും സെന്‍സര്‍ഷിപ്പിന് വിധേയമാക്കി. ആരാധനാലയങ്ങളില്‍ മാവോയുടെ പടങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ചട്ടം കൊണ്ട് വന്നു. ഇങ്ങനെ തുടങ്ങുന്നു ഒരു വിഭാഗത്തിനു മേല്‍ നടത്തുന്ന ആക്രമണം. ശാരീരികമായും മാനസികമായുമുള്ള ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ് ചൈനയിലെ ഓരോ ഉയിഗൂര്‍ വംശജനും. ഉയിഗൂറിന്റെ പ്രവിശ്യയായ ഈസ്റ്റ് തുര്‍ക്കിസ്ഥാനിലെ പള്ളികളെല്ലാം ചൈന ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ദ ഗാര്‍ഡിയന്‍, ടി.ആര്‍.ടി വേള്‍ഡ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു; 31 ഓളം പള്ളികളാണ് നശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ചരിത്രപരമായി പ്രധാനമായ നിരവധി പള്ളികളുമുണ്ട്. ചൈനയില്‍ നിന്നും ഇസ്ലാമിക ചിഹ്നങ്ങളും അവശേഷിപ്പുകളും ഇല്ലായ്മ ചെയ്യുക എന്നതാണീ നീക്കത്തിനു പിന്നില്‍. ലോകരാജ്യങ്ങളില്‍ ഇസ്ലാമോഫോബിയയുടെ ആഴമുള്ള വേരുകള്‍ കമ്മ്യൂണിസ്റ്റ് മണ്ണിലുമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ മൗനം പാലിക്കുമ്പോള്‍ മാധ്യമങ്ങളും അത് പിന്തുടര്‍ന്നാല്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ ചരിത്രത്തില്‍നിന്ന് നിശബ്ദമായി മാഞ്ഞുപോകും. ചൈന നടത്തുന്ന മനുഷ്യാവകാശലംഘനം കഠിനമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.

നബീല പാനിയത്ത്‌

You must be logged in to post a comment Login