ആന്തരിക വൈരുധ്യങ്ങളില്‍ അടിപതറുകയാണ് ഇടതുപക്ഷം

ആന്തരിക വൈരുധ്യങ്ങളില്‍ അടിപതറുകയാണ് ഇടതുപക്ഷം

2019 ലെ ലോകസഭാതിരഞ്ഞെടുപ്പ് വ്യത്യസ്തമായ തിരഞ്ഞെടുപ്പു യുദ്ധമായി ചരിത്രത്തില്‍ ഇടംനേടുമെങ്കിലും, കമ്യൂണിസ്റ്റു പ്രസ്ഥാനം ഇന്ത്യയില്‍ പിറവിയെടുത്ത് ഒരു നൂറ്റാണ്ടിനു ശേഷം കടുത്ത അസ്തിത്വപ്രതിസന്ധി നേരിടുകയാണ് എന്ന കാര്യം നിഷേധിക്കാനാകില്ല. കേരളത്തിലായാലും ബംഗാളിലായാലും ത്രിപുരയിലായാലും ബെഗുസരയിലായാലും ഇടതുപക്ഷം ബിജെപിയുടെ മുമ്പിലല്ല, മതേതരപാര്‍ട്ടികളുടെ മുമ്പില്‍ തോറ്റുപോയേക്കാം. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട നേരമാണിത്.

നേപ്പാളില്‍ ഇടതുപക്ഷം തിരിച്ചുവന്നിട്ടുണ്ട്, പതിനാറു മാസം മുമ്പ് അവര്‍ അധികാരം പിടിച്ചെടുത്തല്ലോ. മെക്‌സിക്കോയിലും അവര്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് തിരഞ്ഞെടുപ്പു വിജയം നേടി. ഇതെല്ലാം സംഭവിച്ചത് റഷ്യയുടെ പതനത്തിന് കാല്‍നൂറ്റാണ്ടു ശേഷമാണ്. ചൈനയാകട്ടെ പേരില്‍ മാത്രമാണിപ്പോള്‍ കമ്യൂണിസ്റ്റ്. കാസ്‌ട്രോയ്ക്കു ശേഷമുള്ള ക്യൂബയാകട്ടെ തികച്ചും വ്യത്യസ്തമായ രാജ്യമാണ്.
കേരളത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഒരു സ്വാധീനശക്തി തന്നെയാണ്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മാത്രം ശക്തവുമാണ്. കേരളത്തില്‍ കാവിപ്പാര്‍ട്ടി ദുര്‍ബലമാണ്. പക്ഷേ ബംഗാളില്‍ കഴിഞ്ഞ തവണ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മുന്നണിയുണ്ടാക്കുന്നതിന്റെ സാധ്യതയെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അത്തരം സംവിധാനങ്ങളൊന്നും തന്നെയുണ്ടായില്ല. മതേതരപാര്‍ട്ടികളുമായി മുന്നണിയുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ചെറുത്തുതോല്‍പിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ പൊതുവില്‍ അംഗീകരിക്കുന്നുണ്ട്.

ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റു സര്‍ക്കാര്‍ 1957 ല്‍ അധികാരത്തിലേറിയത് കേരളത്തിലാണ്. ഇഎംഎസ് ആയിരുന്നു ആദ്യത്തെ മുഖ്യമന്ത്രി. എന്നാല്‍ കാര്യങ്ങള്‍ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ മികച്ചതല്ല. ഇടതുപക്ഷത്തിന് ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടു എന്നു മാത്രമല്ല, ആ രണ്ടു സംസ്ഥാനങ്ങളിലും അവര്‍ ഏറെക്കുറെ രാഷ്ട്രീയമായി അപ്രസക്തമാകുകയും ചെയ്തു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശായയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍പ്രസിഡന്റ് കനയ്യകുമാര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് പ്രത്യാശയുടെ നേരിയ നാളം നീട്ടിയിരുന്നു. പക്ഷേ ബെഗുസരായ് പോലെ സങ്കീര്‍ണമായ ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം കനയ്യ തീരെ ചെറുപ്പവും തുടക്കക്കാരനുമാണ്. രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യദശയില്‍ തന്നെ അത്രയും പരുക്കന്‍ മത്സരത്തിന് അയാളെ എറിഞ്ഞു കൊടുത്ത സിപിഐയുടെ അവിവേകത്തെക്കുറിച്ച് നിരവധി ഇടതുപക്ഷക്കാര്‍ തന്നെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ സാധ്യമല്ലെങ്കില്‍ പോലും ബംഗാളിലും ബെഗുസരായിലും ഒരു മുന്നണി കെട്ടിപ്പടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടതെന്തേയെന്നാണ് എല്ലാവരും ചോദിക്കുന്നത്.
ഇക്കാര്യത്തില്‍ ബംഗാളില്‍ കോണ്‍ഗ്രസിനെയും ബിഹാറില്‍ രാഷ്ട്രീയ ജനതാദളിനെയും കുറ്റപ്പെടുത്തി ഇടതുപക്ഷത്തിന് രക്ഷപ്പെടാനാകില്ല. ആദ്യം മുതലേ ബിഹാറില്‍ സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യങ്ങളാണ് കമ്യൂണിസ്റ്റുകാര്‍ മുമ്പോട്ടു വെച്ചത്. ബിഹാര്‍ നിയമസഭയില്‍ സാന്നിധ്യമില്ലാതിരുന്നിട്ടു കൂടി സിപിഐ മഹാസഖ്യത്തില്‍ ആറ് ലോകസഭാസീറ്റുകള്‍ ആവശ്യപ്പെട്ടു.

കനയ്യകുമാര്‍ വിജയിച്ചുവെന്നു തന്നെയിരിക്കട്ടെ. രാജ്യത്തിന്റെ ശേഷിച്ച ഭാഗത്ത് കമ്യൂണിസ്റ്റുകള്‍ക്ക് എത്ര സീറ്റുകള്‍ കിട്ടും എന്നതാണ് ചോദ്യം. അവര്‍ക്ക് ഏതാനും സീറ്റുകള്‍ മാത്രമാണു കിട്ടുന്നതെങ്കില്‍ വര്‍ഗീയവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ കനയ്യ ഒറ്റയ്ക്കായിപ്പോകും. പ്രത്യയശാസ്ത്രപരമായ ശാഠ്യങ്ങള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ്.

രണ്ടില്‍ ഒരു ഇന്ത്യക്കാരന്‍ രാത്രിയില്‍ വിശന്നാണുറങ്ങുന്നത്. എന്നു പറഞ്ഞാല്‍ 700 ദശലക്ഷം ഇന്ത്യക്കാര്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നര്‍ത്ഥം. കാര്‍ഷികരംഗത്തെ ദുരിതം പാതി ഇന്ത്യന്‍ജനതയെയും ബാധിച്ചിട്ടുണ്ട്. 1991 മുതലുള്ള സര്‍ക്കാര്‍ നയങ്ങളുടെ ഗുണഫലം അനുഭവിച്ചത് സമൂഹത്തിലെ വളരെചെറിയ വിഭാഗമാണ്. ഇന്ത്യയുടെ സാമൂഹ്യധനത്തിന്റെ 75 ശതമാനവും പത്തു ശതമാനം വരുന്ന ഇന്ത്യക്കാരുടെ കയ്യിലാണ്. കര്‍ഷകരുടെ താല്‍പര്യങ്ങളെക്കാള്‍ വന്‍കിടവ്യവസായികളുടെ താല്പര്യങ്ങള്‍ക്കാണ് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ മുന്‍ഗണന നല്‍കിയത്.

കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും ദളിതരുടെയും ശബ്ദങ്ങള്‍ ഉച്ചത്തിലാക്കുന്നത് ഇടതുപ്രസ്ഥാനങ്ങളാണ്. ഇടതുപക്ഷത്തിന്റെ പഴഞ്ചന്‍ മട്ടിനെക്കുറിച്ചും പ്രാന്തവല്‍കരിക്കപ്പെട്ട സ്ഥാനത്തെക്കുറിച്ചും വിമര്‍ശനങ്ങള്‍ എല്ലായ്‌പ്പോഴുമുണ്ടായിട്ടുണ്ട്. എങ്കിലും 2018ല്‍ അസാധാരണമായ ധൈര്യത്താല്‍ രാഷ്ട്രത്തെ ഞെട്ടിച്ച സാധാരണക്കാരുടെ നൂറുകണക്കിന് പ്രതിഷേധങ്ങളില്‍ ഇടതുപക്ഷം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. 2018 ല്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ലോംഗ് മാര്‍ച്ചാണ് നഗരങ്ങളിലെ വലിയൊരു വിഭാഗം മധ്യവര്‍ഗത്തിന്റെ മനഃസാക്ഷി ഗ്രാമപ്രദേശങ്ങളിലെ ദുരിതങ്ങളുടെ നേര്‍ക്ക് തുറപ്പിച്ചത്. അവരെ കര്‍ഷകര്‍ എന്നു വിളിക്കുന്നതും കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) യുടെ വലിയ സംഘടനായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ പ്രവര്‍ത്തകര്‍ എന്നു വിളിക്കുന്നതും രണ്ടാണ്. കര്‍ഷകര്‍ കാര്‍ഷികക്കെടുതികള്‍ സഹിക്കുന്നത് ഏറെക്കുറെ ഒറ്റപ്പെട്ട വഴിയിലാണ്. ആ ഒറ്റപ്പെടലിന്റെ ഉദാഹരണങ്ങളാണ് കര്‍ഷക ആത്മഹത്യകള്‍. ആ ഒറ്റപ്പെടലിനെ ഏറ്റെടുത്ത് രാഷ്ട്രീയമാക്കുന്നത് സംഘടനകളാണ്.

മുതലാളിത്തത്തിന്റെ കടന്നുകയറ്റങ്ങള്‍ക്കെതിരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ജനകീയ പ്രക്ഷോഭങ്ങളുണ്ടായിട്ടുണ്ട്. ആശ- അംഗന്‍വാടി പ്രവര്‍ത്തകരുടെ പ്രക്ഷോഭമുണ്ടായി, ഡല്‍ഹിയിലേക്ക് കര്‍ഷകപ്രകടനങ്ങളുണ്ടായി, 2019 ജനുവരിയില്‍ പൊതുപണിമുടക്കുകളുണ്ടായി. ഇതെല്ലാം തന്നെ ഇടതുപക്ഷ അനുഭാവികളായ തൊഴിലാളിസംഘടനകളും കര്‍ഷകസംഘടനകളും സംഘടിപ്പിച്ചവയാണ്. അപകടകാരികളായ ഗോസംരക്ഷകരെയും ദുരഭിമാനക്കൊലപാതകികളെയും പൊരുതിത്തോല്‍പിക്കുന്നത് ഇടതുപക്ഷക്കാരാണ്. രാജസ്ഥാനില്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ ആളിപ്പടര്‍ന്നു. മഹാരാഷ്ട്രയിലേക്കും ഡല്‍ഹിയിലേക്കും നടന്ന കര്‍ഷകമാര്‍ച്ചുകളാണ് കര്‍ഷകരുടെ ദുരിതങ്ങളെ മുഖ്യധാരയിലെത്തിച്ചത്. ഇതേത്തുടര്‍ന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടു. എന്നാല്‍ ഈ അനുകൂല അവസരത്തെ സീറ്റുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ അവസ്ഥയാണ്.

നോട്ടു നിരോധനത്തെയും വര്‍ഗീയ കൊലപാതകങ്ങളെയും ബൗദ്ധിക സ്ഥാപനങ്ങളുടെ നിലവാരമിടിയലിനെയും തുടര്‍ന്ന് രാജ്യത്തൊന്നടങ്കമുണ്ടായ ഉന്മേഷക്കുറവിനെ സക്രിയമായി നേരിട്ടത് ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. സംസ്‌കാരത്തിന്റെ കാര്‍ക്കശ്യങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ചെറിയ പ്രവൃത്തികള്‍ക്കായി. സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിച്ചു. ട്രാന്‍സ്‌ജെന്ററുകളുടെ അവകാശങ്ങള്‍ക്ക് ഇടം ലഭിച്ചു. വന്‍പ്രളയ കാലത്തെയും കേരളം അതിജീവിച്ചു. എന്നാല്‍ പ്രളയത്തെപ്പോലും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയമായി കണ്ടു. അതിനെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായിട്ടുണ്ടെന്നതു നേരു തന്നെ. അക്ബര്‍ അലഹബാദി പണ്ടു പാടിയതു പോലെ, വെറും മനുഷ്യരായ നമ്മള്‍ മനുഷ്യരായത് ഏറെ ബുദ്ധിമുട്ടിയാണ്.

ഇടതുപക്ഷത്തിന് ഇന്ത്യയില്‍ ഇത്രയും മൂല്യവത്തായ സ്ഥാനമുണ്ടെങ്കിലും അതിനെ അടിപതറിക്കുന്നത് ആന്തരികമായ വൈരുധ്യങ്ങളാണ്. പുത്തന്‍ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ അതിലൊന്നാണ്. മുമ്പ് ഇന്ത്യയുടെ സുവര്‍ണനഗരിയായിരുന്ന കോലാറില്‍ നിന്ന് ഇന്ന് ആയിരക്കണക്കിന് തൊഴില്‍രഹിതരാണ് ഓരോ ദിവസവും നൂറു കിലോ മീറ്റര്‍ അകലെയുള്ള ബാംഗ്ലൂരിലേക്ക് തൊഴില്‍ തേടിപ്പോകുന്നത്. കൃഷിപ്പണിക്കാരും ഭൂരഹിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അവര്‍ക്കിടയിലുണ്ട്. വരുമാനവും വെള്ളവും മറ്റു പ്രകൃതിവിഭവങ്ങളും നഷ്ടപ്പെട്ട അവര്‍ നഗരത്തിലേക്ക് ചേക്കേറുകയും അടിസ്ഥാനപരമായ ആനുകൂല്യങ്ങളോ മാന്യമായ കൂലിയോ ലഭിക്കാതെ നഗരത്തെ സേവിക്കുകയും ചെയ്യുന്നു. ഇന്ത്യ രൂക്ഷമായ രീതിയില്‍ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് കാര്യമായ നയവൈരുധ്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരളസര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ നിസാന്‍ കമ്പനിക്ക് ഡ്രൈവര്‍മാരില്ലാത്ത കാറുകളെയും ഇലക്ട്രിക്ക് വാഹനങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ആഗോളഹബ് തിരുവനന്തപുരത്ത് നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഇതിന് ഉദാഹരണമാണ്.

ഇന്ത്യയിലെ ഇടതുപക്ഷം വൈരുധ്യങ്ങളുടെ കൂടാരമാണ്. കേരളത്തിലൊഴിച്ച് മറ്റെല്ലായിടത്തു നിന്നും അത് തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. മുപ്പത്തിനാലു വര്‍ഷം നീണ്ടുനിന്ന പശ്ചിമബംഗാളിലെ ഭരണം 2011 ല്‍ അവസാനിച്ചതോടെയാണ് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധികള്‍ രൂക്ഷമായത്. രാജ്യത്തിന്റെ വ്യാവസായിക ഘടനയില്‍ ഉദാരവല്‍കരണം വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെ പോരാടാന്‍ തത്രപ്പെടുകയാണ് ഇടതുപക്ഷത്തിന്റെ തൊഴിലാളി സംഘടനകള്‍.
”ഒരു പുതിയ തൊഴിലാളി വര്‍ഗം പിറന്നു കഴിഞ്ഞിരിക്കുന്നു. തൊഴിലാളികളുടെ ഘടനയിലും സ്വഭാവത്തിലും സംവിധാനത്തിലും വന്ന മാറ്റം ഇടതുപക്ഷം കണക്കിലെടുക്കേണ്ടതുണ്ട് കാലത്തിനനുസരിച്ച് ഇടതുപക്ഷം അതിനെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. എങ്കിലും ദരിദ്രരോടുള്ള പ്രതിജ്ഞാബദ്ധത നിലനില്‍ക്കുകയും വേണം” ബിനോയ് വിശ്വം പറഞ്ഞു.

ഇടതുപക്ഷം മറ്റു പാര്‍ട്ടികളെയും സ്വാധീനിച്ചിട്ടുണ്ട്. മതേതരമായ നിരവധി പാര്‍ട്ടികള്‍-ജനതാദള്‍, രാഷ്ട്രീയ ജനതാദള്‍, ദ്രാവിഡ പാര്‍ട്ടികള്‍- അവയില്‍ ചിലതാണ്. എല്ലായ്‌പോഴും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയുന്ന ഏറെപ്പേരുണ്ടായിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് സമാനമായ ചിന്തകളുള്ളവരും എന്നാല്‍ മറ്റു പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നവരുമായി നിരവധി പേരുണ്ട്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും രാഷ്ട്രീയമായ നഷ്ടം ഇടതുപക്ഷത്തിനാണ്.

നിതീഷ് എം കെ, സുറൂര്‍ അഹ്മദ്‌

You must be logged in to post a comment Login