നമുക്കീ അഡ്ജസ്റ്റ്‌മെന്റ് മദ്‌റസകള്‍ വേണ്ടെന്നുവച്ചാലോ?

നമുക്കീ അഡ്ജസ്റ്റ്‌മെന്റ് മദ്‌റസകള്‍ വേണ്ടെന്നുവച്ചാലോ?

‘രാവിലെ 7 മുതല്‍ 9 വരെയാണ് മദ്‌റസാ സമയം. എന്നാല്‍ 8 മണി ആയാല്‍ ഉസ്താദ് വായനശാലയിലിരുന്ന് പത്രം വായിക്കുന്നുണ്ടാവും.’ കുറേ നാളായി അവിടെയും ഇവിടെയും പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നം അവസാനം മദ്‌റസ കമ്മിറ്റിയില്‍ അജണ്ടയായിരിക്കുന്നു. പലരും വളരെ വൈകാരികമായാണ് സംസാരിച്ചത്. വലിയ ബഹളം തന്നെയുണ്ടായി. അവസാനം ഉസ്താദിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തി. ആ ചര്‍ച്ച തല്‍കാലം അവസാനിപ്പിച്ചു.
മീറ്റിംഗില്‍ ചുമതലപ്പെടുത്തിയത് പ്രകാരം രണ്ടുപേര്‍ ഉസ്താദിനെ കണ്ടു. കാര്യങ്ങള്‍ അതരിപ്പിച്ചു. അദ്ദേഹം അവരുടെ മുഖത്തുനോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം ശാന്തനായി പറഞ്ഞു: ‘ബുദ്ധിമുട്ടില്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരും എട്ടുമണിയാകുമ്പോള്‍ മദ്‌റസയിലേക്കൊന്നുവരുമോ? അപ്പോള്‍ സംസാരിക്കാം.’ അവര്‍ സമ്മതിച്ചു.

കൃത്യം എട്ടുമണിക്ക് കമ്മിറ്റി പ്രതിനിധികള്‍ മദ്‌റസയിലെത്തി. ഉസ്താദ് ക്ലാസില്‍ തന്നെയിരിപ്പുണ്ട്. അദ്ദേഹം അവരെ ക്ലാസിലേക്ക് സ്വാഗതം ചെയ്തു. ‘ഇന്നെന്താ ലീവാണോ, കുട്ടികളെയൊന്നും കാണാത്തത്?’ ആഗതര്‍ ഉസ്താദിനോട് ചോദിച്ചു. ‘അല്ല, ഇന്ന് ലീവൊന്നുമല്ല.’

‘പിന്നെ?’ അവര്‍ ഉസ്താദിനെ ചോദ്യഭാവത്തില്‍ നോക്കി.
‘അതുതന്നെയാണ് കമ്മിറ്റിക്ക് തരാനുള്ള മറുപടി. എന്റെ ക്ലാസിലെ കുട്ടികളെല്ലാം ചുറ്റുവട്ടത്തെ വിവിധ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഏഴര മണിമുതല്‍ വിവിധ സ്‌കൂളുകളുടെ ബസ്സുകള്‍ വന്നുതുടങ്ങും. ഓരോരുത്തരായി ഇറങ്ങും. എട്ടുമണിയായാല്‍ ക്ലാസൊഴിയും. പിന്നെ ഞാനെന്താണ് ചെയ്യേണ്ടത്?’
മിഴിച്ചുനില്‍ക്കുന്ന കമ്മിറ്റി പ്രതിനിധികളെ നോക്കി ഉസ്താദ് തുടര്‍ന്നു: ”ഏഴുമണിക്കാണ് ക്ലാസ് തുടങ്ങുന്നത്. എല്ലാവരും എത്തിത്തീരാന്‍ ഏഴേകാലെങ്കിലുമാകും. വൈകിയതിന് ചീത്തപറയാന്‍ പറ്റുമോ? ഇല്ല. ‘ചെറിയ കുട്ടികളല്ലേ, എഴുന്നേറ്റ് ഒരുങ്ങി ആകണ്ടേ’ എന്ന് പറഞ്ഞ് രക്ഷിതാക്കളെത്തും. ഏഴരക്ക് ആദ്യസംഘം മദ്‌റസ വിടും. എല്ലാവരെയും ഒരുമിച്ച് ക്ലാസില്‍ കിട്ടുന്ന പരമാവധി സമയം 15 മിനിറ്റ്. എപ്പോള്‍ പഠിപ്പിക്കും. ആരെ പഠിപ്പിക്കും? സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനസമയം പരിഷ്‌കരിക്കാനുള്ള ആലോചന വന്നപ്പോഴേക്ക് പ്രതിഷേധിച്ച നമുക്കൊന്നുമെന്താ നമ്മുടെ സ്വന്തം മാനേജ്‌മെന്റ് സ്‌കൂളുകളോട് ഈ വിഷയത്തില്‍ ഒന്നും പറയാനാകാത്തത്?”

വിശദീകരണം തൃപ്തികരമായി. കമ്മിറ്റിക്കാര്‍ മടങ്ങി. അടുത്ത മീറ്റിംഗിലും ചര്‍ച്ചയുണ്ടാകും. എന്നാല്‍ കഴിഞ്ഞ മീറ്റിംഗിലെ ആത്ര പുകിലുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം വിശദീകരണം നല്‍കേണ്ട പലരും അവിടെത്തന്നെയിരിപ്പുണ്ടാകും.
* * *
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. മദ്‌റസയില്‍ വരാത്ത കുട്ടികളുടെ ലിസ്റ്റ് ശേഖരിച്ച് കമ്മിറ്റി മീറ്റിംഗില്‍ ചര്‍ച്ചക്ക് വെച്ചു ജനറല്‍ സെക്രട്ടറി. പത്തുപതിനേഴ് പേരുണ്ട്. മീറ്റിംഗില്‍ വിഷയം ചര്‍ച്ച ചെയ്തു. അവരെ മദ്‌റസയിലെത്തിക്കാന്‍ രക്ഷിതാക്കളെ നേരില്‍ കാണാന്‍ കമ്മിറ്റി പ്രതിനിധികളെ ചുമതലപ്പെടുത്തി. അവര്‍ ഓരോ രക്ഷിതാവിനെയും കണ്ടു. എല്ലാവര്‍ക്കും കൃത്യമായ മറുപടിയുണ്ടായിരുന്നു. സ്‌കൂളില്‍ മോറല്‍ ക്ലാസുണ്ട്. മദ്‌റസയില്‍ പഠിപ്പിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് അവിടെയും പഠിപ്പിക്കുന്നത്. പിന്നെയെന്തിനാ ഒന്നുതന്നെ വീണ്ടും വീണ്ടും പഠിപ്പിച്ച് കുട്ടികളെ പാടുപെടുത്തുന്നത്. കമ്മിറ്റിക്ക് വരുമാനം കുറയുമെന്നാണെങ്കില്‍ സംഭാവന ആയിരമോ രണ്ടായിരമോ തരാം. കുട്ടികളെ വെറുതെ പ്രയാസപ്പെടുത്തരുത്.

ഒന്നും പറയാനില്ലാതെ തിരിച്ചിറങ്ങിയ കമ്മിറ്റിക്കാര്‍ക്കോ ‘അഭിമാനപൂര്‍വം’ കാര്യമവതരിപ്പിച്ച രക്ഷിതാവിനോ അറിയില്ല മദ്‌റസാ പഠനം ഗൗരവത്തോടെ കാണുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തുലോം വിരളമാണെന്നും പലര്‍ക്കുമത് വിദ്യാഭ്യാസ കച്ചവടത്തില്‍ ലാഭമുണ്ടാക്കാനുള്ള ഒരു പരസ്യവാചകം മാത്രമാണെന്നും.
* * *
മോളെ എല്‍ കെ ജിയില്‍ ചേര്‍ത്താനൊരുങ്ങിയപ്പോള്‍ ഉമ്മയും ഉപ്പയുമൊക്കെ ഉപദേശിച്ചതാണ്, മതപഠനം തുടങ്ങുന്നതിന് മുമ്പ് കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കേണ്ട എന്ന്. എന്നാല്‍ മുസ്‌ലിം മാനേജ്‌മെന്റാണ് സ്‌കൂള്‍ നടത്തുന്നത്, മതപഠനത്തിനും പിരിയഡുകളുണ്ടാകും എന്ന് ഉറപ്പാക്കിയശേഷമാണ് അഡ്മിഷനെടുത്തത്. ഇപ്പോള്‍ മൂന്ന് മാസമായി ക്ലാസ് തുടങ്ങിയിട്ട്. പല പാട്ടുകളും പഠിച്ചുവന്നു പാടും. ഇസ്‌ലാമിക പാഠങ്ങളുള്ള ഒരു പാട്ടു ഇതുവരെ പാടിക്കേട്ടില്ല. ഒരുദിവസം ഞാന്‍ മോളെ അരികില്‍ വിളിച്ചു. സ്‌കൂളില്‍നിന്ന് പഠിച്ച ഒരു പാട്ടുപാടാന്‍ പറഞ്ഞു. ‘റൈന്‍ റൈന്‍ ഗോ എവേ, കം എഗൈന്‍ അനതര്‍ ഡേ…’ വേറെ ഒന്ന് ‘കാക്കേ കാക്കേ കൂടെവിടെ?’ വേറെ ‘അയ്യപ്പന്റമ്മാ നെയ്യപ്പം ചുട്ടു…
‘പറയൂ പറയൂ കുട്ടികളെ… എന്ന പാട്ട് പാട് മോളെ’- ഞാന്‍ പറഞ്ഞു.
‘അതേതാ പാട്ട്, എനിക്കറിയൂല.’ അവളുടെ മറുപടി. ‘അല്ലാഹ് അല്ലാഹ് അല്ലാഹു… എന്നതോ?’
‘ഈ ഇപ്പച്ചിക്കൊന്നും അറിയൂല, അതൊന്നും ഞങ്ങളെ സ്‌കൂളില്‍ പഠിപ്പിക്കൂല.’
ഞാന്‍ നിരാശനായി.
അവസാനം അവരുടെ ടൈംടേബിള്‍ നോക്കി. ചില ദിവസങ്ങളിലെല്ലാം മോറല്‍ പിരിയഡുകളുണ്ട്. അവിടെ എന്താ പഠിപ്പിക്കുന്നത് എന്നന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘മോറല്‍ എന്നാല്‍ പി ടിയാണ്. എന്നും കളിക്കാന്‍ പോകാം. ശരിക്കും വണ്ടി മാമനാണ് മോറലില്‍ വരേണ്ടത്. മാമന് എപ്പോഴും ഓരോന്ന് വാങ്ങാന്‍ പോകാനുണ്ടാകും. അപ്പോള്‍ മിസ്സ് വന്ന് ഞങ്ങളെ കളിക്കാന്‍ വിടും.’
ഞാന്‍ വിശദമായി അന്വേഷിച്ചു. മോറല്‍ അധ്യാപകന്‍ കം ഡ്രൈവര്‍ എന്നാണ് പോസ്റ്റിംഗ്. എപ്പോഴും ഓഫീസിലെ കാര്യങ്ങളുമായി അദ്ദേഹം തിരക്കിലാണ്. എപ്പോഴെങ്കിലും ഒഴിവുണ്ടായാല്‍ അദ്ദേഹം ക്ലാസിലെത്തണമെന്ന് മാനേജ്‌മെന്റിന് അത്ര വലിയ നിര്‍ബന്ധമില്ല. അദ്ദേഹത്തിന് തീരെയുമില്ല. അബദ്ധം പിണഞ്ഞിരിക്കുന്നു. ഇനി ഇടക്കാലത്ത് എന്തുചെയ്യും. വണ്ടിമാമന്‍ ഉസ്താദായി ക്ലാസില്‍ വരുന്ന കാലം അടുത്തൊന്നുമുണ്ടാകില്ലെന്ന് എനിക്ക് ബോധ്യമായി. തല്‍കാലം ആരോടും അതേക്കുറിച്ചൊന്നും പറഞ്ഞില്ല. ഉപ്പയും ഉമ്മയുമറിഞ്ഞാല്‍ നന്നായി കേള്‍ക്കും, ഉറപ്പ്.
* * *
ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിവസങ്ങളാണ് ആ സ്‌കൂളില്‍. മധ്യവേനലവധി, ഓണം, ക്രിസ്മസ്, ഹര്‍ത്താല്‍, മറ്റു പൊതു അവധികളെല്ലാം അതില്‍നിന്നും വരവുവെക്കണം. അപ്പോള്‍ ഒരു വര്‍ഷം എത്ര വര്‍ക്കിംഗ് ഡേ ഉണ്ടാകും. പിന്നെ പരീക്ഷാകാലം, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, സയന്‍സ് ഫെസ്റ്റ് തുടങ്ങി പ്രവൃത്തി ദിവസമെങ്കിലും ക്ലാസുകളില്ലാത്ത ദിനങ്ങള്‍ വേറെയുമുണ്ട്. അതിനൊന്നും ഞാനെതിരല്ല. പഠനവും കളിയും പാട്ടും പരീക്ഷണവുമെല്ലാം ഉണ്ടാവുമ്പോഴേ കുട്ടികള്‍ തെളിഞ്ഞുവരികയുള്ളൂ.
പറഞ്ഞുവരുന്നത് അതല്ല. ഈ ഷെഡ്യൂളിനിടക്ക് നടക്കുന്ന മദ്‌റസയുടെ പേര് പറഞ്ഞ് നാട്ടിലെ മദ്‌റസയില്‍ പോകാതിരിക്കുന്ന കുട്ടികളെ കുറിച്ചാണ്. സ്‌കൂള്‍ ടൈംടേബിള്‍ നോക്കി. ഉച്ചക്ക് ശേഷമുള്ള പിരിയഡുകളാണ് മോറലിനുള്ളത്. ഓരോ പിരിയഡിന്റെയും ദൈര്‍ഘ്യം 40 മിനിറ്റ്. മൂന്ന് ദിവസം രണ്ട് പിരിയഡും രണ്ട് ദിവസം ഓരോ പിരിയഡുമാണ് മതപഠനത്തിന് മാറ്റിവെച്ചിരിക്കുന്നത്. അതായത് അഞ്ചുദിവസവും പ്രവര്‍ത്തിച്ചാല്‍ 320 മിനിറ്റ്.
* * *
സദുദ്ദേശ്യപൂര്‍വമാണ് മുസ്‌ലിം മാനേജ്‌മെന്റ് ഇംഗ്ലീഷ് സ്‌കൂളുകള്‍ ആരംഭിച്ചതും അവിടെ മതപഠനം ഉള്‍കൊള്ളിച്ചതും. എന്നാല്‍ പലയിടത്തും വെളുക്കാന്‍ തേച്ചത് പാണ്ടായ പ്രതീതിയാണ്. ആ പേരില്‍ റഗുലര്‍ മദ്‌റസകള്‍ ഒഴിവാക്കുന്നു പല രക്ഷിതാക്കളും. വരുന്നവര്‍ തന്നെ നേരത്തെ പോകുന്നു. പഠിക്കാനുള്ള സമയം നന്നേ ചുരുക്കം. പിന്നെ അതിന്റെ റിസള്‍ട്ടിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് എവിടെയാണ് പ്രസക്തി.
നമുക്ക് ഈ സ്‌കൂളുകളിലെ മദ്‌റസാ പഠനം വേണ്ടെന്ന് വെച്ചാലോ? അപ്പോള്‍ ഒമ്പതുമണിക്ക് തുടങ്ങുന്ന സ്‌കൂളുകള്‍ പത്തുമണിക്ക് തുടങ്ങിയാല്‍ മതി. അങ്ങനെയാവുമ്പോള്‍ ബസ്സ് നേരത്തെ വന്ന് മദ്‌റസ ക്ലാസുകള്‍ അലങ്കോലമാക്കില്ല. ആ പേരില്‍ റഗുലര്‍ മദ്‌റസ വേണ്ടെന്ന് പറയുന്ന സാഹചര്യമുണ്ടാവില്ല. ഹര്‍ത്താലിനും ഓണത്തിനും ക്രിസ്മസിനും വിഷുവിനുമെല്ലാം നമുക്ക് കുട്ടികളെ മദ്‌റസയില്‍ പറഞ്ഞയക്കുകയും ചെയ്യാം.

എം ടി ശിഹാബുദ്ദീന്‍ സഖാഫി

You must be logged in to post a comment Login