രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

ലോകത്തേറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്ത്രീകള്‍ക്കെതിരെ സംഘടിതമായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യവും ഇന്ത്യ തന്നെയായിരിക്കും. ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഖാപ്പ് പഞ്ചായത്തുകള്‍ കടുത്ത സ്ത്രീവിരുദ്ധത കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. കുടുംബത്തിലെ പുരുഷന്മാര്‍ ചെയ്യുന്ന കുറ്റത്തിന് വരെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനും മറ്റും ഇരയാക്കാന്‍ വിധിക്കുന്ന പൈശാചികമായ സംഭവങ്ങള്‍ ഈയടുത്ത കാലം വരെ ഇത്തരം നാട്ടുകോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്. ഈ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആസിഡ് അറ്റാക്കുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത്രമേല്‍ മനുഷ്യത്വരഹിതമായ ഒരു കുറ്റകൃത്യം വളരെ വ്യാപകമായി നടക്കുന്നു എന്നത് നടുക്കമുണ്ടാക്കുന്ന വസ്തുതയാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം 250 മുതല്‍ 300 വരെ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇത് ആയിരമെങ്കിലും വരുമെന്നാണ്. മാത്രവുമല്ല ഈ പറഞ്ഞ കണക്കുകള്‍ 2015 മുന്‍നിര്‍ത്തിയുള്ളവയാണ്. നാല് വര്‍ഷത്തിനിപ്പുറവും സ്ത്രീ കൂടുതല്‍ അരക്ഷിതയായതേയുള്ളൂ എന്നതാണല്ലോ വാസ്തവം.
ഇന്ത്യയില്‍ നടക്കുന്ന ആസിഡ് ആക്രമണങ്ങളില്‍ 90% കേസുകളും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ, ജാതി മാറി പ്രണയിച്ചതിന്റെ, സ്ത്രീധനം കുറഞ്ഞുപോയതിന്റെ ഒക്കെയാണ്. സാധാരണ ആക്രമണത്തിന് ഇരയാകുന്നത് 14നും 35നുമിടയിലുള്ള സ്ത്രീകളാണ്. അക്രമികളുടെ പ്രേരണ ദുരഭിമാനമാണ്. ഒരിക്കലും വ്രണപ്പെടാന്‍ പാടില്ലാത്ത അഭിമാനം ആണിന്റേതാണ് എന്നതാണ് സാമൂഹിക ബോധം. ഒരു സ്ത്രീ പ്രണയാഭ്യര്‍ത്ഥന നിരസിക്കുമ്പോഴേക്കും, വിവാഹാഭ്യര്‍ത്ഥനക്ക് മറുപടിയായി താത്പര്യമില്ലെന്ന് പറയുമ്പോഴേക്കും അഭിമാനക്ഷതമുണ്ടായതായി കണക്കാക്കുകയാണ് അക്രമികള്‍. ഒരു സ്ത്രീയുടെ സ്വതന്ത്രമായ തിരെഞ്ഞെടുപ്പിനെയോ തീരുമാനത്തെയോ ഉള്‍കൊള്ളാന്‍ കഴിയാത്ത ആണധികാര മാനസികാവസ്ഥയുടെ കൊടും ക്രൂരമായ പരിണിതിയാണ് ഇത്തരം ആക്രമണങ്ങള്‍.
ആണധികാരം വികൃതമാക്കിയ അത്തരം ജീവിതങ്ങള്‍ ഏറെയാണ്. ഒരിക്കലും പഴയതുപോലെയാകാത്ത വിധം തകര്‍ത്തുകളഞ്ഞ സ്വപ്‌നങ്ങള്‍ അനേകമാണ്. വേദനയുടെയും അപകര്‍ഷതയുടെയും ഏകാന്തതയുടെയും ഇരുളിലേക്ക് എടുത്തെറിയപ്പെട്ട അത്തരം ജീവിതങ്ങള്‍ മരിച്ചു ജീവിക്കുകയാണ് നമുക്കിടയില്‍. അങ്ങനെയുള്ളവരുടെ കഥയാണിത്. കൂട്ടത്തില്‍ ചിലരെങ്കിലും പഴയതിനെക്കാള്‍ ശക്തി കാണിച്ചിട്ടുമുണ്ട്. അക്രമികളെ വീണ്ടും വീണ്ടും തോല്‍ക്കാന്‍ വിടുന്ന ചിലര്‍.

ലളിത ബെന്‍ബന്‍സി 31 വയസ്സ്, മുംബൈ , കാരണം: ദുരഭിമാനം 
വളരെ അന്തര്‍മുഖയായിരുന്നു ലളിത. അടുത്ത് പരിചയമുള്ളവരോട് മാത്രം സംസാരിക്കുന്ന ശീലം. ഉത്തര്‍പ്രദേശിലുള്ള അമ്മയുടെ വീട്ടില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ പോയതായിരുന്നു ലളിത. വിവാഹസത്കാരത്തിനിടെ അവളുടെ ഒരു മാതുലനുമായി ചെറിയൊരു വാക്കേറ്റമുണ്ടായി. അയാള്‍ സത്കാരത്തിനിടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന അയാളുടെ കൂട്ടുകാരിയെ പറ്റിയുള്ള സംസാരമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. അതും താമശ രൂപേണ തുടങ്ങിയ ഒരു സംസാരം. അയാള്‍ ലളിതയോട് ഒരുപാട് തട്ടിക്കയറി. തന്നേക്കാള്‍ പ്രായംകുറഞ്ഞ ഒരു മാതുലന്‍ ഇത്ര രൂക്ഷമായി സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ലളിതയും പതിവില്ലാത്ത വിധം ശബ്ദമുയര്‍ത്തി. തന്റെ കൂട്ടുകാരിയെ ആള്‍ക്കൂട്ടത്തിനിടക്ക് അപമാനിച്ചു എന്നുപറഞ്ഞ് അയാള്‍ ഏറെ കോപാകുലനായിരുന്നു. മിണ്ടാതെ നിന്നില്ലെങ്കില്‍ നിന്റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും എന്നയാള്‍ ആക്രോശിച്ചു. അതവിടെ കഴിഞ്ഞു എന്നാണ് എല്ലാരും കരുതിയത്.

പക്ഷെ, ആ സംഭവം കഴിഞ്ഞ് അഞ്ചു മാസത്തിനു ശേഷം, മറ്റേതോ വിശേഷത്തിന് അമ്മയുടെ വീട്ടില്‍ എത്തിയ ലളിത അമ്മയോടൊപ്പം വയലിലൂടെ നടക്കുകയായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. വയല്‍കറ്റകള്‍ക്കിടയിലൂടെ ഇരുട്ടുള്ള കാറ്റിറങ്ങുന്നു. പെട്ടെന്ന് അവര്‍ നടക്കുന്ന അതേ വരമ്പിന്റെ എതിര്‍വശത്ത് രണ്ട് നിഴലുകള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ക്കു നേരെ വേഗത്തിലടുത്ത ഒരു നിഴല്‍ അവളെ തള്ളിത്താഴെയിട്ടു. ഭയന്നു നിലവിളിക്കുന്ന ലളിതയുടെ അമ്മയുടെ മുന്നില്‍ വെച്ച് മറ്റേ നിഴല്‍ ഒരു കുപ്പിയില്‍ കരുതിയിരുന്ന ചൂടുള്ള ഏതോ ദ്രാവകം അവള്‍ക്കു മീതെ ഒഴിച്ചു. ലളിതയുടെ നിലവിളി വയലുകളെ നീളത്തിലും വീതിയിലും കീറി മുറിച്ചു. മുഖം മൂടി ധരിച്ച ആ മനുഷ്യരില്‍ ഒരാള്‍ അവളുടെ മാതുലനായിരുന്നു എന്ന് ലളിതയുടെ അമ്മ തിരിച്ചറിഞ്ഞു. പക്ഷേ പിടിക്കപ്പെടും മുന്‍പ് അവര്‍ രണ്ടുപേരും എങ്ങോട്ടോ ഓടി മറഞ്ഞു.

ആളുകള്‍ ഓടിക്കൂടും മുന്‍പ് അവളുടെ കണ്‍പോളകളും ചുണ്ടുകളും ഇല്ലാതായി. ചെവികളും മൂക്കും ഉരുകിത്തീര്‍ന്നു. ആ ദ്രാവകം വീണിടത്തൊക്കെ കനലൊഴുകുംപോലെ വേദനയുണ്ടായി. അവള്‍ക്ക് സ്വബോധമൊന്നും നഷ്ടപെട്ടില്ല. പക്ഷെ, എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനോ ഓര്‍ത്തെടുക്കാനോ അവള്‍ക്കാവുന്നുണ്ടായിരുന്നില്ല. അവള്‍ക്ക് ചുറ്റും വേദനയുടെ ഉഷ്ണം മാത്രം.
ലളിതയുടെ ചികിത്സ ആ കൊച്ചുഗ്രാമത്തിലെ ചെറിയ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. രണ്ടു മാസം അവളവിടെ കിടന്നു. അവിടുത്തെ ചെറിയ സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള ചികത്സക്ക് പോലും ലളിതയുടെ അച്ഛന് വകയുണ്ടായിരുന്നില്ല. മുംബൈയിലെ ഒരു പെട്രോള്‍പമ്പിലെ അറ്റന്‍ഡറായിരുന്ന ലളിതയുടെ അച്ഛന്റെ ആകെ വരുമാനം നാലായിരത്തി അഞ്ഞൂറ് രൂപയായിരുന്നു. വീട്ടുവാടകയും നിത്യചെലവുകളും കഴിച്ചാല്‍ പിന്നെ മിച്ചം വെക്കാന്‍ ഒന്നുമില്ലാത്ത അയാള്‍ മകളുടെ വേദന ശമിപ്പിക്കാന്‍ ഒന്നും ചെയ്യാനാവാതെ തളര്‍ന്നു. രണ്ടു മാസത്തെ ചികിത്സക്ക് ശേഷം ലളിതയെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ടുപോരേണ്ടി വന്നു. അവളുടെ മുറിവുകള്‍ പോലും ശരിക്കും ഉണങ്ങിയിരുന്നില്ല. പിന്നീട് മുത്തശ്ശിയുടെ വീട്ടില്‍ വേദനയും തിന്ന് കുറെ നാള്‍. അങ്ങനെയിരിക്കെയാണ്, മുംബൈ കേന്ദ്രമായ ഒരു എന്‍ ജി ഒ ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളായവരുടെ ചികിത്സക്ക് വേണ്ടി പണം സ്വരൂപിച്ചു കൊടുക്കുന്നുണ്ടെന്ന് ലളിതയുടെ ഒരു ബന്ധു അവളോട് പറയുന്നത്. അങ്ങനെ അവള്‍ മുംബൈയിലേക്ക് തിരിച്ചു. അവിടെ ചികിത്സയും ആരംഭിച്ചു. ലളിതയുടെ മുഖം ഏതെങ്കിലും തരത്തില്‍ ഒന്ന് ശരിയാക്കാന്‍ തന്നെ ഇരുപത്തിയൊന്ന് സര്‍ജറികളെങ്കിലും കുറഞ്ഞത് വേണമെന്ന് അവളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

അന്‍മോള്‍ റോഡ്രിഗസ്; കുറ്റം: പെണ്ണായി പിറന്നു
രണ്ട് മാസം പ്രായമുള്ളപ്പോള്‍ സ്വന്തം അച്ഛനാണ് അന്‍മോളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. അന്‍മോള്‍ക്ക് അവളുടെ അമ്മ മുലകൊടുക്കുന്ന നേരത്താണ് അവളുടെ അച്ഛന്‍ ഒരു കാന്‍ നിറയെ ആസിഡ് അവര്‍ക്ക് രണ്ടാള്‍ക്കും മുകളിലൂടെ ഒഴിച്ചത്. ദേഹത്ത് വീഴുന്ന ചുടുദ്രാവകം കുഞ്ഞിന്റെ ദേഹത്ത് ആകാതിരിക്കാന്‍ ആ അമ്മ കഴിവതും ശ്രമിച്ചു. തന്റെ കയ്യിലിരുന്നു ഓമനപ്പൈതല്‍ ഉരുകിയൊലിക്കുന്നത് കണ്ട അവര്‍ വാവിട്ടു കരഞ്ഞു. വീണിടത്ത് നിന്നെഴുന്നേല്‍ക്കാന്‍ പോലും ആകാതെ അവര്‍ തളരുകയായിരുന്നു. ആ ക്രൂരനാകട്ടെ അവരെ രണ്ടുപേരെയും വീട്ടിനകത്ത് പൂട്ടിയിട്ട് എങ്ങോട്ടോ പോയി. പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതായിരുന്നു അന്‍മോളുടെ അമ്മ ചെയ്ത തെറ്റ്. പെണ്ണായി ജനിച്ചത് അന്‍മോളുടെയും.

ഏതോ ഭാഗ്യത്തിന് അവരുടെ നിലവിളി അയല്പക്കത്തുള്ളവര്‍ കേട്ടു. അവര്‍ ഓടിവന്ന് അന്‍മോളെയും അമ്മയെയും ആശുപത്രിയിലെത്തിച്ചു. അന്‍മോളുടെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. അമ്മയുടെ പരിക്കുകള്‍ ഏറെ സാരമായിരുന്നതിനാല്‍ അവര്‍ അതിജീവിച്ചില്ല. ഉരുകിയൊലിച്ച, പാതി വെന്ത ഒരു കുഞ്ഞിനെ തനിച്ചാക്കി അവര്‍ മരിച്ചു. പോകാന്‍ ഒട്ടുമേ മനസില്ലാതെ ആ അമ്മയുടെ ആത്മാവ് തന്റെ കുഞ്ഞിന്റെ ആശുപത്രിക്കിടക്കയില്‍ തങ്ങിനിന്നു. അന്‍മോളെ ഇനിയെന്തു ചെയ്യണമെന്നാലോചിച്ച് അവിടുത്തെ നല്ലവരായ ഡോക്ടര്‍മാരോ നഴ്സുമാരോ സമയം കളഞ്ഞില്ല. അവര്‍ അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തന്നെ ശഠിച്ചു. അതിക്രൂരമായ ആ ആക്രമണത്തിനിടയ്ക്കും തന്റെ കുഞ്ഞിനെ പരമാവധി രക്ഷിക്കാന്‍ അവളുടെ അമ്മ ശ്രമിച്ചിരുന്നു. അങ്ങനെയൊരു കുട്ടിയെ മരിക്കാന്‍ വിടുന്നതെങ്ങനെ? അഞ്ചു വര്‍ഷം അന്‍മോള്‍ ആ ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട്,
പിന്നീട് അവര്‍ അന്‍മോളെ മുംബൈയിലെ മാനവ് സേവാ സംഘിന്റെ അനാഥാലയത്തിലാക്കി. അന്‍മോളുടെ ജീവിതം അവിടെയാണ് തുടങ്ങുന്നത്. ആശുപത്രി ചുമരുകള്‍ക്ക് പുറത്തുള്ള ഒരു ലോകത്തേക്ക് അവളെ പറക്കാന്‍ പഠിപ്പിച്ചത് അവിടത്തെ ലോകമായിരുന്നു. തന്നെപ്പോലെയല്ല മറ്റുള്ള കുട്ടികള്‍ എന്ന് മനസിലാക്കിയപ്പോഴും തന്നെ കാണുമ്പോള്‍ മറ്റുള്ളവരുടെ മുഖത്ത് സഹതാപം വരുന്നത് കാണുമ്പോഴും അന്‍മോള്‍ക്ക് വീര്‍പ്പുമുട്ടും. പക്ഷെ, പിന്നീട് അവള്‍ക്കവിടെ കുറെ ഏറെ കൂട്ടുകാരുണ്ടായി. കൂട്ടത്തിലൊരാളെപോലെ തന്നെ ചേര്‍ത്തുനിര്‍ത്തിയ കൂട്ടുകാര്‍.

ഇന്നവള്‍ ഫാഷന്‍ രംഗത്തേക്ക് വന്നു. സൗന്ദര്യത്തെ പറ്റിയുള്ള ധാരണകളുടെ പൊളിച്ചെഴുത്താണ് അന്‍മോള്‍ നടത്തിയത്. ഒരു പെണ്ണിന്റേതായി പുറമെ കാണുന്ന ശരീര ലാവണ്യമേ ഉള്ളൂ എന്ന് കരുതിയ ലോകത്തിനു മുന്നിലാണ് അവളിന്ന് ഒരുങ്ങിവന്നു നില്‍ക്കുന്നത്. സൗന്ദര്യം, മനക്കരുത്തിലും ബുദ്ധിയിലും കഠിനാധ്വാനത്തിലുമാണെന്ന് കുറെ വല്ലാതെ പുരോഗമിച്ച ലോകത്തോട് തിരുത്തി വായിക്കാന്‍ അവള്‍ പറയുന്നു. ആസിഡ് ഒഴിച്ച് വികൃതപ്പെടുത്തിയാല്‍ തീരാവുന്നതേയുള്ളൂ ഒരു സ്ത്രീയുടെ ജീവിതമെന്നു കരുതിയ ക്രൂരന്മാര്‍ക്കുള്ള മറുപടി കൂടിയാണ് തന്റെ ഫാഷന്‍ ലോകമെന്ന് അന്‍മോള്‍ പറയുന്നു.

ആരതി താക്കൂര്‍, 25 മുംബൈ; കാരണം: വിവാഹഭ്യര്‍ഥന നിരസിച്ചു
ഒരു ഐ ടി പ്രൊഫഷണലായിരുന്നു ആരതി താക്കൂര്‍. അമ്മയും ചെറിയ സഹോദരിയും മാത്രമുള്ള കുടുംബമായിരുന്നു അവളുടെ ലോകം. അച്ഛന്‍ പോയതില്‍ പിന്നെ രണ്ടു പെണ്‍മക്കളെയും കൂട്ടി ജീവിക്കാന്‍ കുറെ കഷ്ടപെട്ടിട്ടുണ്ടായിരുന്നു അവളുടെ അമ്മ. അമ്മയുടെയും അനിയത്തിയുടെയും സന്തോഷത്തില്‍ കവിഞ്ഞ് ഒന്നും ആലോചിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല അവള്‍. അതിനിടക്കാണ് അവള്‍ താമസിച്ചിരുന്ന വീട്ടുടമസ്ഥയുടെ മകന്‍ അവളോട് വിവാഹഭ്യര്‍ഥന നടത്തുന്നത്. അവളത് സ്‌നേഹത്തോടെ നിരസിച്ചു. പക്ഷേ, അവന്‍ അവളെ പോകാന്‍ അനുവദിക്കുമായിരുന്നില്ല. വീണ്ടും രണ്ടുതവണ അവളെ ഇതേ കാര്യം പറഞ്ഞ് അയാള്‍ സമീപിച്ചു. അയാളുടെ അമ്മയെ കാര്യം ധരിപ്പിക്കാമെന്ന് കരുതിയപ്പോഴാണ് ഇതവരുംകൂടി അറിഞ്ഞുകൊണ്ടുള്ളതാണെന്ന് ആരതിക്ക് മനസിലായത്.
മൂന്നാമത്തെ തവണ അവളയാളുടെ വിവാഹഭ്യര്‍ഥന നിരസിച്ചതിന് ശേഷം ഒന്നും പഴയതുപോലെയായില്ല. അവള്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ഒരപരിചിതന്‍ അവളുടെ മുഖത്ത് കുത്തി. പതിനാറ് തുന്നലുകള്‍ വേണ്ടി വന്നു അവളുടെ മുഖത്ത് അന്ന്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും അതൊരു മോഷണ ശ്രമമാണെന്ന് പറഞ്ഞു പോലീസ് അതവഗണിച്ചു. അങ്ങനെ അവള്‍ ആ വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് താമസവും മാറ്റി. പിന്നീട് ഒരു സബ്വേയില്‍ വെച്ച് ആരതി അവളുടെ അമ്മയ്ക്കും അനുജത്തിക്കുമൊപ്പം നടന്നുപോകവേ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചു. പുതിയിടത്തേക്ക് താന്‍ താമസം മാറിയത് തന്റെ പഴയ വീട്ടുടമസ്ഥക്കല്ലാതെ മറ്റാര്‍ക്കുമറിയില്ലായിരുന്നു. അതോടെ ആരതിക്ക് അവരെയും മകനെയും നല്ല സംശയമുണ്ടായിരുന്നു.

പിന്നീടൊരു ദിവസം, ഗോറെഗവണ്‍ റെയില്‍വെസ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍, ഒരപരിചിതന്‍ അവള്‍ക്ക് നേരെ നടന്നടുക്കുന്നത് അവള്‍ ശ്രദ്ധിച്ചു. മുന്‍പ് രണ്ടു തവണ അക്രമിക്കപ്പെട്ടതിന്റെ പരിചയം വെച്ച് തന്റെ നേര്‍ക്ക് വരുന്ന ആളത്ര പന്തിയല്ലെന്ന് അവള്‍ക്ക് തോന്നിയിരുന്നു. അയാള്‍ അടുത്തെത്തിയതും കൈയിലുണ്ടായിരുന്ന ഒരു കുപ്പിയെടുത്ത് അവള്‍ക്ക് നേരെ വീശി. അതില്‍ നിന്ന് ചൂടുള്ള ഒരു ദ്രാവകം അവളുടെ കഴുത്തിലും മാറിലും വീണു. മുഖത്ത് അവിടവിടെയായി തെറിച്ച തുള്ളികള്‍ തൊലിയും ഇറച്ചിയും ചൂഴ്ന്ന് ഇറങ്ങുന്നതുപോലെ അവള്‍ക്ക് തോന്നി. അവള്‍ നിലവിളിച്ചുകൊണ്ട് അടുത്തുണ്ടായിരുന്ന ഒരു പോലീസുകാരന്റെ അടുത്തേക്ക് ഓടിച്ചെന്നു. എന്നെ വീണ്ടുമാരോ ആക്രമിച്ചു എന്നവള്‍ ആര്‍ത്തു കരഞ്ഞു. ആരൊക്കെയോ ചേര്‍ന്ന് അവളെ ആശുപത്രിയിലെത്തിച്ചു. അവളുടെ ഇടത്തെ മാറിലും കഴുത്തിനും സാരമായ പൊള്ളലുണ്ടായിരുന്നു. പിന്നീട് ആ വീട്ടുടമസ്ഥയെയും അവരുടെ മകനെയും വാടക ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മകന്റെ വിവാഹഭ്യര്‍ഥന നിരസിച്ചതിലൂടെ അവനെയും തന്നെയും തന്റെ കുടുംബത്തെ മുഴുവന്‍ അപമാനിച്ച അവള്‍ക്ക് അത് വേണമെന്നാണ് ആ വീട്ടുടമസ്ഥ പോലീസിനോട് പറഞ്ഞത്. അഭിമാനത്തെയും അധികാരത്തെയും പറ്റിയുള്ള ഇത്തരം ക്രൂരമായ വിചാരങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല ഇന്ത്യയില്‍.

ശബാന ഖാത്തൂന്‍ 21 വയസ്സ്, കൊല്‍ക്കത്ത; കുറ്റം: തരം മാറി പ്രണയിച്ചു
2013 ജൂണ്‍ മാസത്തിലായിരുന്നു സംഭവം. ഏറെ കാലത്തെ പ്രണയത്തിനടുവില്‍ ഒരുമിച്ചു ജീവിക്കുന്നതിനെ പറ്റി സംസാരിക്കാന്‍ തന്റെ കൂട്ടുകാരന്റെ വീട്ടുകാരുടെ ക്ഷണം കിട്ടുമ്പോള്‍ ശബാന കരുതിയിരുന്നില്ല അത് തന്റെ ജീവിതം നരകതുല്യമാക്കാനിരിക്കുന്ന ഒന്നാണെന്ന്. അവള്‍ ആ വീട്ടില്‍ ചെന്ന് കയറിയ ഉടനെ അവളുടെ കൂട്ടുകാരന്റെ പിതാവ് അവളെ അസഭ്യവര്‍ഷം കൊണ്ട് പൊതിഞ്ഞു. അവള്‍ക്ക് കരയാന്‍ പോലുമാകാത്ത വിധം ഞെട്ടലായിരുന്നു. അവള്‍ കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി. അവന്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. വിവാഹത്തെ പറ്റി സംസാരിച്ചു തുടങ്ങുമ്പോഴെല്ലാം തീരെ താല്പര്യം കാണിക്കാതിരുന്ന, അവളുടെ വീട്ടുകാരോട് ഇതേപ്പറ്റി സംസാരിക്കാന്‍ പേടിയുണ്ടെന്ന് പറഞ്ഞ അതേ മനുഷ്യന്‍. അവള്‍ക്ക് വെറുപ്പ് പെരുത്തു; ഓക്കാനം വന്നു.
മറുത്തെന്തോ പറഞ്ഞുകൊണ്ട് അവിടെ നിന്നിറങ്ങണമെന്നവള്‍ക്ക് തോന്നി. അപ്പോഴേക്കും പുറകില്‍ നിന്നാരോ അവളെ ശക്തിയായി പ്രഹരിച്ചു. അവള്‍ നിലതെറ്റി വീണു. രണ്ടാള്‍ അവളുടെ കാലുകള്‍ പിടിച്ചുവെച്ചു. രണ്ടാളുകള്‍ അവളുടെ കൈ നിലത്തമര്‍ത്തി ചവുട്ടിനിന്നു. അവന്റെ ഉപ്പ ഒരു വലിയ കാന്‍ കൊണ്ടുവന്നു. അവളുടെ വായതുറന്ന് പിടിച്ച് ആ കാനിലെ ദ്രാവകം ചെരിഞ്ഞു. അതവളുടെ ഉള്ളുരുക്കി. ഒരു ലാവാപ്രവാഹം തന്റെ ഉള്ളില്‍ കുതറിയൊഴുകുന്നതായി ശബാന അറിഞ്ഞു. ഓരോ ഇഞ്ചും ഉരുകിയൊലിക്കുന്നത് അവള്‍ അറിഞ്ഞു. വേദനകൊണ്ട് പുളയുമ്പോഴും അവര്‍ അവളെ അവരുടെ അഭിമാനം ചോദ്യം ചെയ്തുവെന്ന് ആക്ഷേപിച്ചുകൊണ്ടിരുന്നു.

പിന്നീടാണ് ഏറ്റവും ക്രൂരവും ബീഭത്സവുമായ കൃത്യം നടക്കുന്നത്. അത് ആ വീട്ടിലെ സ്ത്രീകളുടെ വകയായിരുന്നു. വെന്തുനീറുന്ന ആ പെണ്‍കുട്ടിയെ അവര്‍ വിവസ്ത്രയാക്കി. അവളുടെ സ്വകാര്യഭാഗങ്ങളില്‍ അവര്‍ ആസിഡ് ഒഴിച്ചു. അവള്‍ അപ്പോഴേക്കും മരണം മുന്നില്‍ കണ്ടിരുന്നു. പക്ഷെ, മരണവും അവളോട് ദയ കാണിച്ചില്ല. അങ്ങനെ ജീവിക്കാന്‍ വിട്ട് മരണം കടന്നു കളഞ്ഞു. ശബാനക്ക് നേരെയുണ്ടായ ഈ കൊടുംക്രൂരത രാജ്യമൊട്ടുക്കും വലിയ ഇളക്കമുണ്ടാക്കി. ആസിഡ് ആക്രമണങ്ങള്‍ക്കെതിരില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളുണ്ടായി.

ധന്യകൃഷ്ണന്‍, 31 വയസ്സ് പുനലൂര്‍, കൊല്ലം; കുറ്റം: സ്ത്രീധനം കുറഞ്ഞു
സ്വന്തം ഭര്‍ത്താവ് തന്നെയാണ് ധന്യയോട് ആ ക്രൂരത ചെയ്തത്. അതും സ്ത്രീധനത്തിന്റെ പേരില്‍. ബിനുകുമാര്‍ ധന്യയെ വിവാഹം കഴിച്ചിട്ട് പത്തു വര്‍ഷമായി. രണ്ട് പെണ്‍കുട്ടികളുമുണ്ട്. സ്ത്രീധനം കുറഞ്ഞു എന്നതിന്റെ പേരില്‍ മിക്ക ദിവസവും ധന്യയെ അയാള്‍ കണ്ണില്‍ച്ചോരയില്ലാത്ത വിധം മര്‍ദ്ദിക്കുമായിരുന്നു. 2017ലെ അവധിക്കാലം മുഴുവന്‍ സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ ധന്യയെ പ്രേരിപ്പിച്ചതും ബിനുകുമാറിന്റെ ഇടതടവില്ലാത്ത മര്‍ദ്ദനങ്ങള്‍ മൂലമായിരുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്ന ജൂണിലെ ആഴ്ച അവള്‍ വീണ്ടും അയാളുടെ വീട്ടിലേക്ക് മടങ്ങി. അന്നുമുതല്‍ അയാളുടെ മര്‍ദ്ദനവും തുടര്‍ന്നു. കൂടുതല്‍ ശക്തിയും ക്രൂരവുമായിരുന്നു ഓരോ ദിവസത്തെയും അനുഭവങ്ങള്‍. ഓരോ രാത്രിയിലും ബിനു അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു.
അവളുടെ രണ്ട് പെണ്‍കുട്ടികളെ ഓര്‍ത്ത് എല്ലാം സഹിക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. അവളെ എല്ലാവരും അങ്ങനെ പറഞ്ഞ് നിര്‍ബന്ധിപ്പിച്ചു എന്നതാണ് നേര്. എപ്പോഴും ‘അഡ്ജസ്റ്റ്’ ചെയ്യേണ്ടത് സ്ത്രീ മാത്രമാണെന്ന സാമാന്യ ബോധം അവളെ എല്ലാം സഹിക്കാന്‍ വിട്ടു. ഒടുവില്‍ എല്ലാം നഷ്ടപ്പെടാനും. ഒരു ദിവസം, അയല്‍പക്കത്തുള്ള ബിനുവിന്റെ സഹോദരന്റെ വീട്ടില്‍ ഉറങ്ങുകയായിരുന്ന ചെറിയ മകളെ കൂട്ടിക്കൊണ്ടുവരുമോയെന്ന് ബിനുവിനോട് ധന്യ ചോദിച്ചു. ‘ഞാന്‍ നിന്റെ വേലക്കാരനാണോടീ തേവിടിച്ചീ’ എന്ന് ചോദിച്ച് അയാള്‍ അവളെ തള്ളി താഴെയിട്ടു. ‘ഞാനിവിടെ അടുക്കളയില്‍ പണിയിലല്ലേ? നേരത്തിന് തിന്നാന്‍ കിട്ടിയില്ലെങ്കിലും എനിക്കല്ലേ കുറ്റം?’ അവള്‍ ചോദിച്ചു. ‘ഞാന്‍ വേലക്കാരിയെ വെക്കാമെടീ. നിന്റെ തന്ത കൊറേ ഇണ്ടാക്കി തന്നിട്ടുണ്ടല്ലോ’ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് നിത്യരോഗിയായ തന്റെ അച്ഛനെ കുറ്റപ്പെടുത്തുന്നത് കേള്‍ക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും. ‘ഇയാളുടെയും മകളല്ലേ, ഒന്നെടുത്തു കൊണ്ടുവരാനല്ലേ പറഞ്ഞൊള്ളൂ.’ അത് പറയുമ്പോഴുണ്ട് അവള്‍ കരയുകയായിരുന്നു. അടുക്കളയില്‍ നിന്നിറങ്ങിപ്പോയ ബിനു തിരിച്ചുവന്നു. ‘ആര്‍ക്കറിയാം, ഇതൊക്കെ എന്റേത് തന്നെയാണോന്ന്?’ അയാള്‍ അവളെ കുറെനേരം തുടര്‍ച്ചയായി മര്‍ദ്ദിച്ചു. പിന്നീട് തറയില്‍ തളര്‍ന്നുകിടക്കുകയായിരുന്ന ധന്യയുടെ ദേഹത്തേക്ക് അയാള്‍ ആസിഡ് എടുത്തൊഴിച്ചു.

പൊള്ളലേറ്റ് നിലവിളിക്കുമ്പോഴും അയാള്‍ അവളെ തൊഴിച്ചും പുലഭ്യം പറഞ്ഞും ദേഷ്യം തീര്‍ത്തു. ആരൊക്കെയോ ഓടിവന്ന് അവളെ ആശുപത്രിയിലെത്തിച്ചു. താലൂക്ക് ആശുപത്രിയിലെ ചികിത്സക്ക് ശേഷം അവളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചെറിയ മകളെ ധന്യയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോന്നു. പക്ഷേ മൂത്ത മകളെ ബിനുകുമാര്‍ വിട്ടുകൊടുത്തില്ല. ഇത്രയും ക്രൂരനായ ഒരാളുടെ അടുത്ത് മകളെ നിര്‍ത്താന്‍ പറ്റില്ലെന്ന് ധന്യ വാശിപിടിച്ചു.

ലക്ഷ്മി അഗര്‍വാള്‍, 15 ന്യൂ ഡല്‍ഹി; കാരണം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചു
ഒരു മുപ്പത്തിയൊന്നുകാരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിരയായത്. ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചു വളര്‍ന്നത്. അവള്‍ക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍, 2005ല്‍ ഡല്‍ഹിയിലെ തിരക്കുള്ള ഒരു നിരത്തില്‍ വെച്ച് അവള്‍ ആക്രമിക്കപ്പെട്ടു. സംഗീത പഠന ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന ലക്ഷ്മിയെ അവളെ നിരന്തരം ശല്യം ചെയ്യുമായിരുന്ന ഗുഡ്ഡ എന്നയാളും അയാളുടെ സുഹൃത്ത് നദീമും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആസിഡ് ഒഴിക്കുകയായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ജീവിതത്തിന്റെ എല്ലാ താളവും പൊട്ടി വീണു. അവള്‍ റോഡില്‍ തടഞ്ഞു വീണു. വേദനകൊണ്ട് നിലവിളിക്കുന്ന ലക്ഷ്മിയെ വഴിയാത്രക്കാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചു.
പത്തു വര്‍ഷം വേണ്ടി വന്നു അവളുടെ മുഖം ഇന്ന് കാണുന്നതുപോലെ ആയിക്കിട്ടാന്‍. നിരവധി സര്‍ജറികള്‍ ചെയ്തു. ഓര്‍ക്കുമ്പോഴേക്കും പേശികള്‍ വലിഞ്ഞുമുറുകുമാറ് വേദന ഇക്കാലമത്രയും അവളനുഭവിച്ചു. പലപ്പോഴും അവള്‍ക്ക് മനോനില തെറ്റി. ഇത്രയധികം വേദന അനുഭവിക്കാനുള്ള പ്രായം അവള്‍ക്കായിട്ടില്ലായിരുന്നല്ലോ. പക്ഷെ, ഓരോ തവണ വീഴുമ്പോഴും കൂടുതല്‍ ഊക്കോടെ അവള്‍ സ്വബോധത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെണീറ്റു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അലോക് ഡിക്‌സിത് അവളുടെ ജീവിത പങ്കാളിയുമായി. പക്ഷെ, അവര്‍ ഒരു വൈവാഹിക ജീവിതത്തിന് തയാറായില്ല. തന്നെ സ്വീകരിച്ചത് വലിയൊരു ത്യാഗമാണെന്ന് തോന്നുമ്പോള്‍ എളുപ്പത്തില്‍ അലോക് തന്റെ ജീവിതത്തില്‍ നിന്നിറങ്ങിപ്പോകട്ടെ എന്നവള്‍ തീരുമാനമെടുത്തു.
ഗുഡ്ഡയും നദീമും അറസ്റ്റ് ചെയ്യപ്പെട്ടു. ലക്ഷ്മി ആസിഡ് അറ്റാക്കിനെതിരെ കാമ്പയിന്‍ ആരംഭിച്ചു. StopAcidSaleഎന്ന കാമ്പയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപത്തിയേഴായിരത്തില്‍പരം ആളുകളില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി അവള്‍ അവളുടെ പോരാട്ടം ശക്തിപ്പെടുത്തി. ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിനും ആസിഡ് വില്പന നിയന്ത്രിക്കുന്നതിനും അവള്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് 2014ല്‍ അന്നത്തെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ഒബാമ അവളെ ആദരിച്ചു. ഇത്തവണത്തെ രാജ്യാന്തര സ്ത്രീ ശാക്തീകരണ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി.
2015ല്‍ അലോക് ഡിക്‌സിത്തുമായുള്ള ബന്ധം വഴിപിരിയുന്നതുവരെ ആസിഡ് ആക്രമണത്തിനിരയായവരെ സഹായിക്കുന്നതിനാരംഭിച്ച ചാന്‍വിന്റെ ഡയറക്ടര്‍ ആയിരുന്നു ലക്ഷ്മി. അലോകുമായി അകന്നതോടെ ജീവിതത്തില്‍ വീണ്ടും ഒരുപാട് കഷ്ടപ്പെട്ടു. പക്ഷെ, അവരുടെ മകള്‍ പിഹുവിനൊപ്പം അവള്‍ ജീവിതത്തെ സധൈര്യം നേരിട്ടു. ഇപ്പോള്‍, ലക്ഷ്മി വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയുന്ന ചാപക് എന്ന ചിത്രം ലക്ഷ്മിയുടെ ജീവിതത്തെ പറ്റിയാണ്. ദീപിക പദുക്കോണ്‍ ലക്ഷ്മിയുടെ കഥ അഭ്രപാളിയില്‍ അവതരിപ്പിക്കും.
അനു മുഖര്‍ജി ആക്രമിക്കപ്പെട്ടത് കൂടെ ജോലി ചെയ്യുന്ന മീന ഖാന് അസൂയ മൂത്തപ്പോളാണ്. 14 വയസുള്ളപ്പോള്‍ ഒരു ഡാന്‍സ് ബാറില്‍ നര്‍ത്തകിയായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായതായിരുന്നു അനു മുഖര്‍ജി. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചുപോയ അനുവിന് ആകെയുണ്ടായിരുന്നത് ക്രൂരയായ ഒരു അമ്മായി മാത്രമായിരുന്നു. അവരാണ് ആ ചെറിയ പ്രായത്തില്‍ തന്നെ അനുവിനെ ഡാന്‍സ് ബാറില്‍ ജോലിക്കയച്ചതും. തന്നേക്കാള്‍ നന്നായി നൃത്തം ചെയ്യുമായിരുന്നു അനുവിനോട് അതേ ബാറില്‍ നര്‍ത്തകിയായി ജോലി നോക്കിയിരുന്ന മീന ഖാന് തോന്നിയ അസൂയയാണ് അനുവിന്റെ ജീവിതം പൊള്ളിച്ചത്. മീന ഖാനും അവളുടെ കാമുകനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇന്ന് 34 വയസ്സുണ്ട് അനു മുഖര്‍ജിക്ക്. ഇതിനിടെ 21 ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. ഇപ്പോഴും ചികിത്സകള്‍ എവിടെയും എത്തിയിട്ടില്ല. ചികില്‍സിക്കാന്‍ അവര്‍ക്കിനി കെല്‍പുമില്ല.
വിജി കൊല്ലം, കരുനാഗപ്പള്ളിയില്‍ വെച്ച് സഹപാഠിയുടെ ആക്രമണത്തിരയായതാണ്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. പ്രതി അരുണ്‍ വിജിയുടെ സഹപാഠിയായിരുന്നു. അരുണിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കാരണം. സ്‌കൂള്‍ കാലം മുതല്‍ക്കേ വിജിയെ പ്രണയം പറഞ്ഞു ശല്യം ചെയ്യുമായിരുന്ന അരുണ്‍ ഒടുവില്‍ ഈ കൊടുംക്രൂരതക്ക് മുതിരുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് അയാള്‍ അത് ചെയ്തു. ശരീരത്തിന്റെ മുപ്പത്തിയാറ് ശതമാനവും പൊള്ളിപ്പഴുത്തുപോയി. സഹയാത്രികര്‍ക്കും പരിക്കുകളുണ്ടായി.
ഡല്‍ഹിയിലാണ് സൊണാലി മുഖര്‍ജി ആക്രമിക്കപ്പെട്ട സംഭവം. തന്റെ വീടിനടുത്തുള്ള കൗമാരക്കാരായ കുട്ടികളോടുണ്ടായ ഒരു തര്‍ക്കമാണ് ഒടുവില്‍ ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. റോഡില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളോട് അതുമായി ബന്ധപ്പെട്ട് ഉണ്ടായ സംസാരം കുട്ടികളെ പ്രകോപിപ്പിക്കുകയും ഉറങ്ങിക്കിടക്കുന്ന സൊണാലിക്ക് മേല്‍ ആസിഡ് പ്രയോഗം നടത്താന്‍ അവര്‍ തീരുമാനിക്കുകയുമായിരുന്നു.
കൊച്ചി രാമമംഗലം നെയ്ത്തുശാലപ്പടിയില്‍ പന്ത്രണ്ടു വയസുകാരിക്ക് കാഴ്ച നഷ്ടമായത് അവളുടെ അമ്മയെ ആക്രമിക്കാനുള്ള റെന്നി എന്ന അമ്മയുടെ കാമുകന്റെ തന്നെ ശ്രമത്തിനിടെയാണ്. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മക്കും മകള്‍ക്കും മേലെ അയാള്‍ ആസിഡ് ഒഴിച്ചു. മാരകമായി പരുക്കുകളേറ്റ പെണ്‍കുട്ടിക്ക് കാഴ്ചയും നഷ്ടമായി.

നിയമങ്ങളുണ്ട്; പക്ഷേ…
ആസിഡ് വാങ്ങിയതുമുതല്‍ അത് സൂക്ഷിക്കുമ്പോഴും പ്രയോഗിക്കാന്‍ അവസരം പാര്‍ത്ത് കൊണ്ടുനടക്കുമ്പോഴുമെല്ലാം അത് പ്രയോഗിക്കുമ്പോഴുള്ളതുപോലെ അതിഭീകരമായ ഒരു മനോനിലയാണ് അക്രമികളിലുള്ളത്. ആക്രമണത്തിനായി ആസിഡ് തിരഞ്ഞെടുക്കുന്ന ആക്രമി ഇരയില്‍ ഇതുണ്ടാക്കുന്ന ആഘാതത്തെ പറ്റി പൂര്‍ണ്ണമായും ബോധവാനായിരുന്നു എന്നാണ് മുഴുവന്‍ കേസുകളിലെയും സ്ഥിതി. അതായത് വെറുതെ വേദനിപ്പിക്കുക മാത്രമല്ല, ശരീരം വികൃതമാക്കുക കൂടിയാണ് ലക്ഷ്യം; പ്രത്യേകിച്ചും മുഖം. മുഖത്തിന്റെ രൂപം കെടുത്തി മറ്റൊരു വിവാഹം, ലൈംഗിക ജീവിതം എന്നിങ്ങനെയുള്ള സാധ്യതകളെയെല്ലാം റദ്ദു ചെയ്യുകയാണ് ഓരോ പ്രതിയുടെയും ഉദ്ദേശം. തനിക്ക് വഴങ്ങാത്ത പെണ്ണിന് മറ്റൊരു ജീവിതസാധ്യത തന്നെ നിഷേധിക്കുകയാണ് അവരുടെ ലക്ഷ്യം. കടുത്ത മനോവൈകൃതമാണ് ഇവര്‍ക്കുള്ളത്. ഏതെങ്കിലും തരത്തില്‍ കുറ്റത്തെ ന്യായീകരിക്കുന്ന, ശിക്ഷാ ഇളവ് നേടിക്കൊടുക്കുന്ന മനോവൈകല്യമല്ല ഇത്. മറിച്ച് കൂടുതല്‍ കഠിനമായ ശിക്ഷ ഉറപ്പു വരുത്തേണ്ട സ്ഥിതിയാണ്. ആസിഡ് ആക്രമണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കര്‍ശനമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയേ മാര്‍ഗമുള്ളൂ.
ഏറെ പ്രമാദമായ ഡല്‍ഹി കൂട്ടമാനഭംഗത്തിന് ശേഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങളെ പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ എസ് വര്‍മ്മയുടെ നിര്‍ദേശവും കേട്ടാല്‍ പേടി തോന്നുന്ന നിയമം നടപ്പിലാക്കുക എന്നത് തന്നെയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡ് 326(A), (B) വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. പത്തുവര്‍ഷം കഠിന തടവും, ജാമ്യമില്ലാ വകുപ്പുമായി ഇത് മാറി. പിഴയായി ചുമത്തുന്ന തുക ഇരക്ക് നല്‍കണമെന്നും ഈ വകുപ്പ് പറയുന്നുണ്ട്. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചു ഒരാളെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രതിക്ക് ലഭിക്കുന്ന ശിക്ഷയാണിത്. ആസിഡ് ആക്രമണങ്ങള്‍ കാര്യമായും ഈ വകുപ്പിന് കീഴിലാണ് ഫയല്‍ ചെയ്തു വരുന്നത്. എന്നാല്‍, നിയമങ്ങള്‍ കര്‍ശനമാക്കുന്നുണ്ടെന്ന് പറഞ്ഞാലും വളരെ കുറഞ്ഞ കേസുകളേ നിയമത്തിനു മുന്നില്‍ വരുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. കുടുംബക്കാര്‍ തന്നെയാണ് കുറ്റവാളികളെങ്കില്‍ ഇരകള്‍ എങ്ങോട്ട് പോകാനാണ്? അങ്ങനെയുള്ള കേസുകള്‍ അനവധിയാണ്.

2013ല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിന് കാതലായ ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ആ വര്‍ഷം 89 കേസുകളാണ് റിപ്പോര്‍ട് ചെയ്തതെങ്കില്‍ 2015 ആകുമ്പോഴേക്കും ഇത് 300 കേസുകള്‍ എന്ന തോതിലേക്കുയര്‍ന്നു. ആസിഡ് വില്പനയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യങ്ങളും ഉയര്‍ന്നു. 2005ല്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ ആരംഭിച്ച ടീേുഅരശറടമഹല എന്ന കാമ്പയിന്‍ ഈ വിഷയത്തില്‍ ഏറെ ശ്രദ്ധിക്കപ്പട്ടു. ആസിഡ് വില്പനക്ക് ഇന്ത്യയില്‍ ഏറെ നിയന്ത്രണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും അതൊന്നും തന്നെ പ്രാബല്യത്തിലില്ലായിരുന്നു. ആസിഡ് അങ്ങനെ എല്ലായിടത്തും എപ്പോഴും വില്‍ക്കാന്‍ പറ്റുന്ന വസ്തുവല്ല. മതിയായ ലൈസന്‍സ് ഇല്ലാതെയാണ് ആസിഡ് വില്പന നടത്തുന്നതെങ്കില്‍ അന്‍പതിനായിരം രൂപയാണ് പിഴ. ഈ നിയമങ്ങളൊന്നും ഇപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ടോയ്ലറ്റ് ക്‌ളീനറിന്റെ രൂപത്തില്‍ മുതല്‍ പലവിധം ആസിഡുകള്‍ ഇന്ന് ധാരാളമായി വിപണിയില്‍ ലഭ്യമാണ്. ലിറ്ററിന് മുപ്പതു രൂപമുതല്‍ കുറഞ്ഞ തുക കൊടുത്ത് ആര്‍ക്കും നല്ല വീര്യവും ഗാഢതയുമുള്ള ആസിഡ് വാങ്ങാം എന്നതാണ് നിലവിലെ സ്ഥിതി. ഈ അവസ്ഥക്ക് കാതലായ മാറ്റമുണ്ടായേ തീരൂ.

ഷീറോസ് ഹാങ്ങ്ഔട്ട്
ആഗ്രയിലാണ് ആസിഡ് ആക്രമണത്തിനിരയായവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ കഫെ ആരംഭിക്കുന്നത്. ആസിഡ് ആക്രമണങ്ങള്‍ക്കിരയായവരാണ് പൂര്‍ണമായും ഷീറോസിന്റെ നടത്തിപ്പുകാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വ്യത്യസ്തമായ രീതിയില്‍ നടത്തുന്ന ഒരു ബോധവത്കരണം കൂടിയാണ് ഈ കഫെ. നല്ല പച്ചക്കറി ബിരിയാണിയും പനീര്‍ മസാലയും ഇവിടുത്തെ സ്‌പെഷ്യലാണ്. മനോഹരമായി ഇന്റീരിയര്‍ ചെയ്ത ഷീറോസിനകത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു ഓളം നമുക്കനുഭവിക്കാനാകും. സൗന്ദര്യത്തിന്റെയും സമൂഹമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെയും എല്ലാ വാര്‍പ്പുമാതൃകകളെയും പൊളിച്ചെഴുതുകയാണ് ഈ പോരാളികള്‍ ചെയ്യുന്നത്. സമൂഹ മധ്യത്തില്‍ ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു വരാനുള്ള പ്രചോദനം കൂടിയാണ് ഈ സംരംഭം. ‘HE’ROES എന്നതിന്റെ പെണ്‍പക്ഷമാണ് ‘SHE’ROES എന്നതുകൂടി മനസ്സിലാക്കുമ്പോഴാണ് ഈ കഫെയുടെ സാമൂഹിക ദൗത്യം എത്രമേല്‍ പ്രസക്തമാണ് എന്ന് വ്യക്തമാവുക.

മരിച്ചു ജീവിക്കുന്നവര്‍
വ്യക്തി എന്ന നിലക്കും സാമൂഹികമായും ഇല്ലായ്മ ചെയ്യപ്പെടുന്ന, എന്നാല്‍ ജീവനുണ്ടായതിന്റെ പേരില്‍ ചികിത്സക്കുള്ള പണം പോലും നഷ്ടപരിഹാരമായി ലഭിക്കാത്ത സ്ഥിതിയാണ് നിലവിലെ നിയമം ബാക്കിവെക്കുന്നത്. നഷ്ടപരിഹാരം എന്തു നല്കണമെന്നതിനെ പറ്റി സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും ധാരണയായിട്ടില്ല. ഡല്‍ഹിയിലെ അനു മുഖര്‍ജി എന്ന ആസിഡ് ആക്രമണത്തിന്റെ ഇരക്ക് ഈ കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഇരുപത്തിയൊന്ന് സര്‍ജറികളാണ് കഴിഞ്ഞത്. ആകെ ചെലവായത് ഏകദേശം മുപ്പതു ലക്ഷം രൂപ. സര്‍ക്കാര്‍ നല്‍കിയത് മൂന്നുലക്ഷം മാത്രം. അതായത് ചികിത്സാ ചെലവിന്റെ പത്തിലൊന്ന് മാത്രം. ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ഇത്രയൊക്കെയേ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് അവരോട് സര്‍ക്കാര്‍ വിശദീകരണവും നല്‍കി.

തുടര്‍ച്ചയായ പ്രക്ഷോഭങ്ങളുടെയും ആവശ്യങ്ങളുടെയും ഫലമെന്നോണം 2017ലെ നിയമമനുസരിച്ച് ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ അംഗവൈകല്യമുള്ളവരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവരെ ഇങ്ങനെയൊരു വിഭാഗത്തില്‍പെടുത്തി പരിഗണിച്ചതുകൊണ്ടായില്ല എന്നതാണ് വസ്തുത. കാരണം, കാഴ്ച ശക്തി, കേള്‍വി ശക്തി, സ്പര്‍ശന ശക്തി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ ശേഷി നഷ്ടമാകുന്നതിനു പുറമെ, കുഷ്ഠം, സെറിബ്രല്‍ പ്ലാസി, പേശികളുടെ നാശത്തിനു കാരണമായേക്കാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ അനേകം രോഗങ്ങള്‍ ആസിഡ് ആക്രമണത്തിന് ഇരയായവരില്‍ പൊതുവായി കാണപ്പെടുന്നതായി വൈദ്യരംഗം ചൂണ്ടിക്കാണിക്കുന്നു. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരെ പ്രത്യേകം പരിഗണിക്കാന്‍ നിയമം കൊണ്ടുവരണം.

നഷ്ടപരിഹാരത്തിനൊപ്പം സര്‍ക്കാര്‍ ജോലി കൂടി ഉറപ്പു വരുത്തുന്ന ഈ നിയമത്തിനു സാങ്കേതികമായ തടസ്സങ്ങള്‍ ഇനിയുമേറെയാണ്. അപകടത്തിന് ശേഷം വ്യക്തിക്ക് സംഭവിച്ചേക്കാവുന്ന മാനസികനിലയിലെ പ്രശ്‌നം തുടങ്ങി, ശാരീരിക ക്ഷമതയുടെ അഭാവം അടക്കം, തൊഴിലെടുക്കാനുള്ള വൈദഗ്ധ്യത്തിന്റെ അഭാവം വരെ ഇവിടെ പ്രശ്‌നമാണ്. ഇരകളുടെ വിദ്യാഭ്യാസ യോഗ്യത, അവര്‍ക്കതിനനുസരിച്ചുള്ള തൊഴില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം പോലുള്ള തൊഴിലിനു വേണ്ടി കൊടുത്ത നിബന്ധനയുടെ സാധ്യത എന്നിങ്ങനെ ഇപ്പോഴുള്ള ഈ വിജ്ഞാപനത്തില്‍ അവ്യക്തതകള്‍ ഏറെയാണ്. ഇവ പരിഹരിക്കുന്നതില്‍ സര്‍ക്കാരുകളും ബന്ധപ്പെട്ടവരും തെല്ലും അലംഭാവം കാണിച്ചുകൂടാ.

ബംഗ്ലാദേശ് ഒരു മാതൃകയാണ്
നിയമ പരിപാലനം കര്‍ശനമെങ്കില്‍ ആസിഡ് ആക്രമണങ്ങളടക്കം സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നാണ് ബംഗ്ലാദേശ് നല്‍കുന്ന പാഠം. ഇന്ത്യയെക്കാള്‍ കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രാജ്യാന്തരതലത്തില്‍ തന്നെ പ്രശംസിക്കപ്പെടുന്ന രീതിയിലാണ് ആസിഡ് ആക്രമണങ്ങളെ ബംഗ്ലാദേശ് നിയന്ത്രിച്ചത്. കര്‍ശനമായ നിയമങ്ങള്‍ ആസിഡ് വില്പനയുടെ മേഖലയില്‍ നടപ്പിലാക്കുകയാണ് ചെയ്തത്. ഒരു വ്യാപാരി ആസിഡ് വ്യാപാര ആവശ്യത്തിനായി എടുക്കുന്നതുമുതല്‍ അതിന്റെ സ്റ്റോക്കും ക്രയ വിക്രയ വിവരങ്ങളും കൃത്യമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറണം എന്നാണ് നിയമം. ആസിഡ് ആക്രമണമുണ്ടായാല്‍ മുപ്പത് ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യണം. അന്വേഷണം വൈകുന്നെങ്കില്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കിയാല്‍ പതിനഞ്ചു ദിവസം കൂടി അധികം ലഭിക്കും. കേസന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴച വരുത്തിയെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കുന്നതടക്കം കര്‍ശന നടപടികളെടുക്കും. ഇങ്ങനെ പോകുന്നു ബംഗ്ലാദേശിലെ നിയമങ്ങള്‍. ഇതോടെ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ തന്നെ മൊത്തത്തില്‍ നല്ല കുറവുണ്ടായതായി കാണുന്നു. ഇക്കാര്യത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശ് നമുക്കൊരു നല്ല മാതൃകയാണ്.

***
മനു അശോകന്‍ സംവിധാനം ചെയ്ത് ഈയിടെ പ്രദര്‍ശനത്തിനെത്തിയ ‘ഉയരെ’ എന്ന മലയാള സിനിമ ആസിഡ് ആക്രമണത്തിനിരയായ പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ജീവിതത്തില്‍ തോറ്റുപോകാതിരിക്കാന്‍ ഉറച്ച ഒരു സ്ത്രീയെ അവതരിപ്പിച്ചു എന്നതാണ് പല്ലവിയെ പറ്റി വന്ന ചര്‍ച്ചകളില്‍ അധികവും. പല്ലവിയായി വേഷമിട്ട പാര്‍വതിയുടെ അഭിനയ മികവും അവര്‍ക്കെതിരില്‍ മലയാള സിനിമാ മേഖലയില്‍ നിന്നുണ്ടായ സംഘടിതമായ നീക്കങ്ങളെ പറ്റിയുള്ള ചര്‍ച്ചകളും മുന്‍നിര നായകന്മാരുടെ ഫാന്‍സുകാരില്‍ നിന്ന് പാര്‍വതിക്കുണ്ടായ സൈബര്‍ ആക്രമണങ്ങളുമൊക്കെ ചര്‍ച്ചയായപ്പോഴും സ്ത്രീ സമത്വത്തെ പറ്റിയും സ്ത്രീ പ്രതിനിധാനത്തെ പറ്റിയും നീണ്ട ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ടാകാന്‍തക്ക രാഷ്ട്രീയബോധമുണ്ടെന്ന് പറയപ്പെടുന്ന നമ്മുടെ മലയാളക്കരയില്‍ ഉണ്ടായ ആസിഡ് ആക്രമണങ്ങളെ പറ്റി കാര്യമായ ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്നതാണ് വാസ്തവം. ഇത്രയൊക്കെയേ ഉള്ളൂ നമ്മുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സ്.

ഫീച്ചര്‍/ സുമയ്യ റംല

You must be logged in to post a comment Login