വര്‍ഗീയതയുടെ വിഷപ്പുകയില്‍ പിടഞ്ഞ രാജ്യവും ജനതയും

വര്‍ഗീയതയുടെ വിഷപ്പുകയില്‍ പിടഞ്ഞ രാജ്യവും ജനതയും

യുക്തിയും തന്ത്രങ്ങളും ബോധ്യങ്ങളും പരാജയപ്പെടുന്നിടത്ത് മതത്തെയോ ആത്മീയതയെയോ കൂട്ടുപിടിച്ച് ജനങ്ങളെ വശത്താക്കാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ നിര്‍ണായക ഘട്ടങ്ങളില്‍ പുറത്തെടുത്ത മെയ്‌വഴക്കങ്ങളെ കുറിച്ച് നാസി നേതാവായ ശ്രീഷര്‍ (Streicher ) ന്യൂറംബെര്‍ഗ് വിചാരണയ്ക്കിടയില്‍ അനുസ്മരിക്കുന്നുണ്ട്: ”1922ല്‍ ഞാന്‍ മ്യൂണിച്ചിലേക്ക് പോകുന്നത് ഹിറ്റ്‌ലറുടെ ആദ്യപ്രസംഗം കേള്‍ക്കാനായിരുന്നു. തുടക്കം വളരെ പതുക്കെയായിരുന്നു; ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത സ്വരത്തില്‍. പിന്നീട് ശബ്ദവും വേഗവും അല്‍പം കൂട്ടി. തുടര്‍ന്ന് ഭാഷയും ശൈലിയിലും കടുപ്പിച്ചു. ഒടുവില്‍ പ്രസംഗം ഉച്ചസ്ഥായിയിലെത്തി. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ആ പ്രസംഗത്തിലൂടെ നിര്‍ഗളിച്ച ഊര്‍ജം എന്തിനും മതിയാവുന്നതായിരുന്നു. ഈ മനുഷ്യന്‍ സംസാരിക്കുന്നത് ദൈവത്തിന്റെ വിളികേട്ടാണെന്ന് അവിടെ കൂടിയിരുന്ന ഓരോരുത്തരും ചിന്തിച്ചുപോയിട്ടുണ്ടാവും. ഈശ്വരന്റെ പ്രതിപുരഷനായല്ലേ ഇദ്ദേഹം ജനത്തെ അഭിസംബോധന ചെയ്യുന്നതെന്ന് വരെ ജനസഞ്ചയം സംശയിച്ചു. ‘ഗുരു’വിന്റെ ശിരസ്സിനു മുകളില്‍ അഭൗമികമായ ഒരു പ്രഭാവവലയം രൂപപ്പെടുന്നത് പോലെ. പിന്നീട് എനിക്കു രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. പാതിരാനേരത്ത് ഞാന്‍ കണ്ട ഈ മനുഷ്യനെ സേവിക്കുകയാണ് എന്റെ ജീവിതനിയോഗമെന്ന് തീരുമാനിച്ചു. അങ്ങനെ ഞാന്‍ ഹിറ്റ്‌ലറുടെ അനുയായിയും ആജ്ഞാനുവര്‍ത്തിയുമായി” ഹിറ്റ്‌ലര്‍ അന്ന് പുറത്തെടുത്ത കപട ആത്മീയഭാവങ്ങളാണ് നാഷനല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ (നാസി ) ഒരു പതിറ്റാണ്ട് കൊണ്ട് ജര്‍മനിയുടെ അമരത്ത് എത്തിക്കുന്നത്.

17ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ അധികാരത്തില്‍ തിരിച്ചുകയറുന്നത് ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ട നിമിഷം ഹിറ്റ്‌ലറുടെ ഇന്ത്യനവതാരമായ നരേന്ദ്രമോഡി ആത്മീയതയെ കൂട്ടിനു പിടിക്കുന്നത് കണ്ട് ആരും അദ്ഭുതസ്തബ്ധരായില്ല. അഞ്ചുവര്‍ഷം മുമ്പ് പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷം ആദ്യമായും അവസാനമായും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം മുട്ടി, മുഖം നഷ്ടപ്പെട്ട് പരിഹാസ്യനായ മോഡിയെ പിന്നെ ലോകം കാണുന്നത് സമുദ്രനിരപ്പില്‍നിന്നും 12,000 അടി ഉയരത്തിലുള്ള കേദാര്‍ നാഥിലെ പാറഗുഹയിലാണ്. അതും പൂര്‍ണ സന്ന്യാസ വേഷത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതോടെ, രണ്ടുദിവസത്തെ ഉത്തരാഖണ്ഠ് തീര്‍ഥയാത്രക്ക് പുറപ്പെട്ടത് വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയാണെന്ന് അവിടെനിന്ന് പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും സമര്‍ഥിച്ചു. ആത്മീയസായൂജ്യത്തിനാണ് മോഡി മല കയറിയിരുന്നതെങ്കില്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ചെയ്യുന്നപോലെ, അതീവരഹസ്യമായി അത് പൂര്‍ത്തിയാക്കാമായിരുന്നു. സംഭവിച്ചത് എന്താണെന്ന് ലോകം കണ്ടു. മെയ് 19ന് വാരാണസിയില്‍ തന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന ദിനത്തില്‍, 57ലോക്‌സഭാ സീറ്റിലേക്ക് പോളിങ് നടക്കുന്നതിന്റെ തലേന്നാള്‍, പാറഗുഹക്കുള്ളില്‍ ധ്യാനനിരതനായി കണ്ണടച്ച് കഴിയുന്ന മോഡിയുടെ ചിത്രം നിമിഷാര്‍ധം കൊണ്ട് ലോകമാസകലം എത്തിച്ചത് മതം കാട്ടിയുള്ള പച്ചയായ വോട്ട് പിടുത്തത്തിന്റെ ഭാഗമായിരുന്നു. എല്ലാ രാഷ്ട്രീയ അടവും പയറ്റിയ ശേഷം ‘രാജാവി’ന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രമായിരുന്നു ഈ ആത്മീയ പിത്തലാട്ടം. കേദാര്‍ നാഥും ബദരീനാഥും സന്ദര്‍ശിച്ച്, ‘പഹാഡി’ വേഷത്തില്‍ കേദാര്‍ നാഥ് ക്ഷേത്രത്തെ പല തവണ വലയം ചെയ്തു യഥാര്‍ത്ഥഭക്തനായി രാജ്യത്തിനു മുന്നില്‍ ആത്മീയപ്രഭാവം പ്രദര്‍ശിപ്പിക്കാന്‍ തുനിഞ്ഞ മോഡി ഒരുകാര്യം മനഃപൂര്‍വം വിസ്മരിച്ചു. ജനാധിപത്യ, മതേതരമൂല്യങ്ങള്‍ തൊട്ട് ശപഥം ചെയ്യുന്ന ഒരു ഭരണഘടന വാഴുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താനെന്ന്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് തീര്‍ഥയാത്രക്ക് അനുമതി നല്‍കിയതെന്ന് ഹിന്ദുത്വവക്താക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഉത്തരാഖണ്ഠ് ബി.ജെ.പി പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞത്, ഇത് കേവലം ‘ആത്മീയ തീര്‍ഥയാത്ര’യാണെന്നാണ്. എന്നാല്‍ ക്ഷേത്രനടയില്‍ മീഡിയയോട് സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു, ഇത് കേവലഭൂരിപക്ഷം തികയ്ക്കാനുള്ള നെട്ടോട്ടമാണെന്ന്. ദൈവവിശ്വാസികളെ വശീകരിച്ച് വോട്ട് തട്ടുകയായിരുന്നു ആത്യന്തിക ലക്ഷ്യം. തനിക്കുവേണ്ടി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പ്രാര്‍ഥിച്ചതെന്നുമൊക്കെ പറഞ്ഞതോടെ പകല്‍വെളിച്ചം പോലെ തെളിഞ്ഞു, വ്യക്തമായ രാഷ്ട്രീയ അജണ്ടവെച്ചാണ് മോഡി ‘തീര്‍ഥയാത്ര’ ആസൂത്രണം ചെയ്തതെന്ന്. ഈ ചെയ്തിയിലൂടെ മോഡി ആദരവിനപ്പുറം അപഹാസ്യത ക്ഷണിച്ചുവരുത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ കാപട്യവും രാഷ്ട്രീയ അജണ്ടയും തുറന്നുകാട്ടി. സി.പി.എം ദേശീയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചിട്ടത് ഇങ്ങനെ: Religion is a matter of personal faith and EC has reiterated that it cannot be used for garnering votes. But Modi violates the MCC brazenly with footage of his Kedarnath religious activity over TV channels during silent period before polling. And EC continues to sleep on the job. തീര്‍ത്തും വ്യക്തിപരമാവേണ്ട മതത്തെ, മീഡിയയില്‍ കൂടി പ്രചരിപ്പിക്കുക വഴി മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. പക്ഷേ, എല്ലാം നോക്കിനില്‍ക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ കിടന്നുറങ്ങുകയാണ്. ആ ഗാഢനിദ്ര നല്‍കിയ സുഖത്തിനാണ് മോഡി കമ്മീഷനോട് നന്ദി പ്രകടിപ്പിച്ചത്.

കമീഷന്‍ കണ്ണ് ചിമ്മി, വര്‍ഗീയത നൃത്തമാടി
മതം ഇതുപോലെ ഇറങ്ങിക്കളിച്ച ഒരു തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൊള്ളരുതായ്മയാണ് നരേന്ദ്രമോഡി അമിത് ഷാ, യോഗി, പ്രഗ്യ പ്രഭൃതികള്‍ക്ക് ഇമ്മട്ടില്‍ സങ്കുചിതമായും വര്‍ഗീയമായും സംസാരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവസരമൊരുക്കിക്കൊടുത്തത് . ഏപ്രില്‍ ഒന്നിന് വാര്‍ധയില്‍, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് മോഡി പറഞ്ഞു; ‘ഭൂരിപക്ഷകേന്ദ്രീകൃത പ്രദേശത്തുനിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ഓടിരക്ഷപ്പെടുകയാണ്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള സ്ഥലത്ത് ചെന്ന് അഭയം തേടിയിരിക്കുന്നു.’ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് പൗരന്മാരെ മതത്തിന്റെ പേരില്‍ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വേര്‍തിരിച്ച് രാഷ്ട്രീയ എതിരാളിയെ വര്‍ഗീയമായി അവഹേളിക്കാന്‍ ശ്രമിച്ചത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് മോഡിയുടെ അഭിപ്രായപ്രകടനത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ദര്‍ശിക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, മൂന്നിലൊരംഗം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ഏകകണ്ഠമായി ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ മുതിരുകയും ചെയ്തു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പതനമാണ് , മോഡി, അമിത് ഷാമാര്‍ക്ക് മതം കൊണ്ട് വിശ്വാസികളെ വഞ്ചിക്കാനും വര്‍ഗീയത കൊണ്ട് വോട്ടര്‍മാരുടെ മനസുകളെ മലീമസപ്പെടുത്താനും അവസരമൊരുക്കിക്കൊടുത്തത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചര്‍ച്ചുകളിലും നക്ഷത്രഹോട്ടലുകളിലും വന്‍സ്‌ഫോടന പരമ്പര ഉണ്ടായപ്പോള്‍, മെയ് രണ്ടിനു പ്രധാനമന്ത്രി മോഡി അയോധ്യയില്‍ 2005ല്‍ അവിടെയുണ്ടായ സ്‌ഫോടനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് പറഞ്ഞത്, ഇന്ത്യയില്‍ ഒരു ദുര്‍ബലസര്‍ക്കാര്‍ ഉണ്ടാവാന്‍ വേണ്ടി അയല്‍രാജ്യങ്ങളിലെ ഭീകരഫാക്ടറികള്‍ കാത്തിരിക്കുകയാണെന്നാണ്. ‘ഹിന്ദുഭീകരവാദം’ എന്ന് പറഞ്ഞ് ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുന്നവരെ വോട്ടര്‍മാര്‍ ശിക്ഷിക്കുമെന്ന പരാമര്‍ശത്തിലൂടെ മോഡി ‘സമുദായസ്‌നേഹ’ത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുകയും കോണ്‍ഗ്രസിനെ ശത്രുപക്ഷത്ത് നിറുത്തുകയുമായിരുന്നു. സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ കോടതി വെറുതെവിട്ടത് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം ഭീകരവാദം പോലെ ഹിന്ദുഭീകരവാദവും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുകയാണെന്ന് പരോക്ഷമായി എടുത്തുകാട്ടി ഭൂരിപക്ഷത്തിന്റെ കൈയടി വാങ്ങാന്‍ ശ്രമിച്ചത്. ഹിന്ദുക്കളെ താറടിച്ചുകാണിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് ഇതോടെ പുറത്തായതെന്നാണ് മോഡിയുടെ വാദം. മലേഗാവ് സ്‌ഫോടന കേസുകളിലടക്കം നിരവധി ഭീകരവാദ കേസുകളിലെ മുഖ്യപ്രതിയായ പ്രഗ്യാ സിങ് താക്കൂറിനെ ഭോപ്പാലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി നിറുത്തിയതോടെ കൈമാറിയ സന്ദേശമെന്താണ്? ഗോപാലകൃഷ്ണ ഗാന്ധി ചോദിച്ചത് പോലെ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയായി നിറുത്താന്‍ വേറെ ആളുകളില്ലാത്തത് കൊണ്ടല്ല. മറിച്ച്, പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വം ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന , കടുത്ത വര്‍ഗീയതയിലും മുസ്‌ലിം വിരുദ്ധതയിലും ഊന്നിയ വെറുപ്പിന്റെയും അക്രമത്തിന്റെയും ഒരു രാഷ്ട്രീയത്തെ ദ്യോതിപ്പിക്കുന്നുണ്ട്. മുസ്‌ലിം കൂട്ടക്കുരുതി നടന്ന അഹമ്മദാബാദിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അമിത് ഷാ കാഴ്ചവെക്കുന്ന പ്രതീകാത്മതക്കും ക്ഷേത്രനഗരിയായ വാരാണസിയെ പ്രതിനിധാനം ചെയ്തു മോഡി വിളംബരം ചെയ്യുന്ന മതരാഷ്ട്രീയത്തിനും അപ്പുറത്ത്, ക്രൗര്യവും വൈരവും നിറഞ്ഞൊഴുകുന്ന ഒരു രാഷ്ട്രീയത്തിന്റെ മുഖമാണ് പ്രഗ്യയുടേതെന്നാണ് സാമാന്യജനം അടയാളപ്പെടുത്തിയത്. ഭോപ്പാല്‍ പോലെ, പുരോഗമന, ആധുനിക ജീവിതകാഴ്ചപ്പാടുകളെ താലോലിക്കുന്ന ഒരു നഗരത്തിലേക്ക് അവരെ കൊണ്ടുവരുമ്പോള്‍ അത് പ്രസാരണം ചെയ്യുന്ന സംസ്‌കൃതി ഹിന്ദുത്വക്ക് പ്രിയപ്പെട്ടതാണ്. ഭീകരപ്രവര്‍ത്തനം നടത്തുന്നത് സംഘ്പരിവാറിന്റെ വേണ്ടപ്പെട്ടവരാണെങ്കില്‍ അവരെ രക്ഷിക്കാന്‍ തങ്ങളുണ്ടെന്നും ശിക്ഷിക്കപ്പെടേണ്ട ഭീകരവാദം ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് മാത്രമാണെന്നും പച്ചയായി വിളിച്ചുപറയാനാണ് ഹിന്ദുത്വനേതൃത്വം പ്രജ്ഞയെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്.

ഇരകളെ ഇന്ധനമാക്കുന്ന കുടില തന്ത്രം
ന്യൂനപക്ഷങ്ങളെയും പ്രാന്തവത്കൃതസമൂഹങ്ങളെയും വിദ്വേഷം കത്തിയാളിക്കാനുള്ള വിറകുകൊള്ളികളായി ഉപയോഗിച്ചാണ് ബി.ജെ.പി നേതാക്കള്‍ ഭൂരിപക്ഷത്തിന്റെ വോട്ട് പിടിക്കാനും അധികാരത്തുടര്‍ച്ച ഉറപ്പുവരുത്താനും മാസങ്ങളോളം തിരഞ്ഞെടുപ്പ് ഗോദ ഉപയോഗപ്പെടുത്തിയത്. തീവ്രവലതുപക്ഷം ലോകത്താകമാനം പ്രയോഗിക്കുന്ന വൃത്തികെട്ട അടവുകള്‍ വലിയ രാഷ്ട്രീയമായി അവതരിപ്പിക്കുന്നത് തൊട്ടുകാണിക്കുന്നതിലാവട്ടെ മീഡിയ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു. ഹിന്ദുത്വ നേതൃത്വത്തിന്റെ വായില്‍നിന്ന് വീഴുന്ന ഓരോ വാചകത്തിന്റെയും മറുതലക്ക് മുസ്‌ലിം അപരനെയോ ശത്രുവിനെയോ ഒരപകടകാരിയെയോ കൊളുത്തിവെക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ മുന്നോട്ടുള്ള ഗമനത്തില്‍ മുഖ്യവൈതരണിയായി നില്‍ക്കുന്നത് ന്യൂനപക്ഷങ്ങളാണെന്നും അവരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ തന്റേടവും ചങ്കൂറ്റവും ചോര്‍ത്തിക്കളഞ്ഞതെന്നും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയെ പോലുള്ളവര്‍ മറയില്ലാതെ തുറന്നുപറഞ്ഞു. മോഡി സര്‍ക്കാര്‍ ചങ്കൂറ്റത്തോടെ ഭീകരവാദികളെ നേരിട്ടതായും അദ്ദേഹം വീരവാദം മുഴക്കി. യു.എസ് നാവിക കപ്പല്‍ ‘സീല്‍’ അബോട്ടാബാദില്‍നിന്ന് ഉസാമാ ബിന്‍ ലാദിനെ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ഇന്ത്യക്കും അത്തരം ഓപ്പറേഷനുകള്‍ സാധ്യമാണ്. ‘നമ്മള്‍ അവരുടെ (ഭീകരവാദികളുടെ) വീടുകളില്‍ കയറി അവരെ ഉന്മൂലനം ചെയ്യും’ എന്ന് മോഡി പറയുമ്പോള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുസ്‌ലിം ഭീകരവാദത്തിന്റേതാണെന്നും അവരെ നേരിടാന്‍ തങ്ങള്‍ക്കേ സാധിക്കൂ എന്നുമുള്ള ഒരു സന്ദേശമാണ് അടിച്ചേല്‍പിക്കുന്നത്. മാര്‍ച്ച് 28ന് പ്രധാനമന്ത്രിയുടെ ഒരു പ്രസംഗത്തില്‍ ഭീകരവാദികളും അവരെ പിന്തുണക്കുന്നവരും താന്‍ തോറ്റുകാണാന്‍ ആഗ്രഹിക്കുകയാണെന്ന് പറയുകയുണ്ടായി. ഒരു പക്ഷത്ത് മോഡിയും മറുപക്ഷത്ത് ഭീകരവാദികളുമാണെന്ന ദ്വന്ദം സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് ചര്‍ച്ച തന്നെ അട്ടിമറിക്കാനും അതിനെ വര്‍ഗീയമയമാക്കാനും ഹിന്ദുത്വവാദികള്‍ നടത്തിയ ഹീനശ്രമങ്ങള്‍ വിജയിച്ചുവെന്ന് തന്നെ വേണം പറയാന്‍. അതിനൊരു മറുമൊഴി വല്ല രാഷ്ട്രീയനിരീക്ഷകരില്‍നിന്നോ കോളമിസ്റ്റുകളില്‍നിന്നോ അല്ലാതെ, രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഉയര്‍ന്നുവരാതിരുന്നത് വലിയ രാഷ്ട്രീയ പരാജയമായി. അടിസ്ഥാനരഹിതമായ ഒരാശയം ദൃഢവത്കരിക്കരിക്കപ്പെട്ടത് വോട്ടര്‍മാരുടെ മനോഘടനയെ പിടിച്ചുലച്ചു. ലോകത്ത് രണ്ടു രാജ്യങ്ങളേ ഇതിനു മുമ്പ് യോദ്ധാക്കളുടെ ജീവനു പകരം വീട്ടിയിട്ടുള്ളൂ. അമേരിക്കയും ഇസ്രയേലും . ഇപ്പോള്‍ ഇന്ത്യയും അക്കൂട്ടത്തില്‍ ചേര്‍ന്നിരിക്കുന്നുവെന്ന പ്രഖ്യാപനത്തോടെ അമിത് ഷാ, വാഷിങ്ടണ്‍ – തെല്‍അവീവ്- ന്യൂഡല്‍ഹി അച്ചുതണ്ട് യാഥാര്‍ത്ഥ്യമായതിന്റെ ഹര്‍ഷോന്മാദം പ്രകടിപ്പിച്ചപ്പോള്‍ പലര്‍ക്കും അതിലടങ്ങിയ രാഷ്ട്രീയം വായിച്ചെടുക്കാനായില്ല. ഈ രാജ്യങ്ങളെല്ലാം മുസ്‌ലിംകളെ പ്രഖ്യാപിത ശത്രുക്കളായി കാണുന്നവരാണെന്ന് ലോകത്തിനറിയാം.

മതവും വര്‍ഗീയതയും തിമിര്‍ത്താടിയ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയോട് മല്‍സരിച്ചത് ഭൂരിപക്ഷത്തിന്റെ ലോലമായ മതവികാരങ്ങളെ തട്ടിയുണര്‍ത്താനും അതുവഴി വോട്ട് തട്ടിയെടുക്കാനുമാണ്. എന്നാല്‍, മോഡിയും അമിത്ഷായും അവതരിപ്പിക്കുന്ന ഹൈന്ദവ വൈകാരികതയുടെ മുന്നില്‍ കോണ്‍ഗ്രസിന്റെ നാട്യങ്ങള്‍ വിലപ്പോയില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നപ്പോള്‍ തന്നെ വ്യക്തമായി. എന്നാല്‍, ഏറ്റവും ദുഃഖകരവും കയ്‌പേറിയതുമായ വര്‍ത്തമാനം നമ്മെ തേടിയെത്തുന്നത് പശ്ചിമബംഗാളില്‍നിന്നാണ്. 34വര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടര്‍ച്ചയായി ഭരിച്ച, ജ്യോതിബസുവിന്റെ വംഗനാട്ടില്‍ ഹിന്ദുത്വരാഷ്ട്രീയം ഇരച്ചുകയറിയിരിക്കുന്നത്, ചുകപ്പ് മണ്ണില്‍ കാവിവിത്ത് വിതച്ചാണെന്നറിയുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവാം. സംഭവിച്ചത് അതാണ്. 28ശതമാനം വരുന്ന മുസ്‌ലിംകള്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്നപ്പോള്‍, മമത ചെയ്യുന്നത് വലിയ അപരാധമാണെന്ന് ചിത്രീകരിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ നടത്തിയ കാമ്പയിന്‍ വിജയം കണ്ടപ്പോഴാണ് മമതയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സി.പി.എം അണികളും നേതാക്കളും ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറുന്നതെന്ന് രാഷ്ട്രീയഅവലോകനങ്ങള്‍ വിശദീകരിക്കുന്നു. ടി.എം.സി പുറത്തെടുക്കുന്ന ആക്രമണോല്‍സുക രാഷ്ട്രീയത്തെ നേരിടാന്‍ ഇടതുകക്ഷികള്‍ക്ക് ശേഷിയില്ലെന്ന് കണ്ട പുതിയ സഖാക്കള്‍ പോലും ഇന്ന് കാവിധ്വജത്തിനു പിന്നില്‍ അണിനിരന്ന് മതസ്വത്വം തിരഞ്ഞുപോകുന്ന വിചിത്രമായ കാഴ്ച, തീവ്രവലതുപക്ഷം ലോകമാസകലം ജയിച്ചുകയറുന്നതിന്റെ ഒന്നാന്തരം നിദര്‍ശനമായി മാറുന്നുണ്ട്. മതം, വര്‍ഗീയത, വിഭാഗീയ ജ്വരം, തീവ്രവാദം ഇതെല്ലാം ഉന്നങ്ങളാക്കി മാറ്റി രണ്ടുമാസം മോഡിയും സംഘവും നടത്തിയ വിപത്കരമായ തിരഞ്ഞെടുപ്പ് കാമ്പയിന്റെ ഫലശ്രുതിയാണ് രാജ്യം കണ്ടത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login