എരിഞ്ഞുതീരുകയാണോ വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം?

എരിഞ്ഞുതീരുകയാണോ വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം?

വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം. മൂന്ന് പതിറ്റാണ്ടിലേറെ പ്രായമുള്ള മാധ്യമം ദിനപത്രത്തെയും കോഴിക്കോട് നഗരപ്രാന്തത്തിലുള്ള വെള്ളിമാട്കുന്നിലെ മാധ്യമ സംരംഭങ്ങളെയും വിശേഷിപ്പിക്കാന്‍ മാധ്യമവും ജമാഅത്തെ ഇസ്‌ലാമിയും പലപ്പോഴും ഉപയോഗിക്കുന്ന ഒരു രൂപകം. ആ പേരില്‍ ഒരു പുസ്തകം തന്നെയുണ്ട്. വി.കെ ഹംസ അബ്ബാസാണ് രചയിതാവ്. 1987 മുതലുള്ള മാധ്യമത്തിന്റെ കഥയുടെ ഒരു തലം ആ പുസ്തകത്തിലുണ്ട്. വേറെ തലങ്ങള്‍ വാമൊഴിയായി ചരിത്രത്തിലുമുണ്ട്.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കൊടുമ്പിരിക്കാലത്ത്, നാല്‍പതുകളുടെ തുടക്കത്തില്‍ ദേശീയത എന്ന സങ്കല്‍പനത്തോട് പാടേ ഇടഞ്ഞ്, സ്വന്തം നിലയില്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ച്, ദീന്‍ എന്ന മൗലിക സങ്കല്‍പത്തിന് രാഷ്ട്രീയമായ അര്‍ത്ഥം പരികല്‍പിച്ച്, അബുല്‍ അഅ്‌ലാ മൗദൂദി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തിന്റെ സംഘടനാരൂപമായി പിറവിയെടുത്ത ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമ പരീക്ഷണമാണ് മാധ്യമം. കാല്‍നൂറ്റാണ്ടെങ്കിലുമായി കേരളത്തിന്റെ മാധ്യമാന്തരീക്ഷത്തിലും നാനാവിധമായ സാമൂഹിക സന്നാഹങ്ങളിലും ചെറുതല്ലാത്ത പങ്ക് വഹിച്ച് മാധ്യമം നിലകൊള്ളുന്നു; ആ പങ്കിന്റെ നടുമുറി എന്തെന്ന് വഴിയേ പറയാം. പ്രവാസലോകത്ത് മാധ്യമത്തിന് ഗള്‍ഫ് മാധ്യമം എന്ന മറ്റൊരു പതിപ്പുണ്ട്. അത് വി. കെ. ഹംസ അബ്ബാസിന്റെ പരമാധികാര റിപ്പബ്ലിക്കാണ്; വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം എന്ന പുസ്തകം എഴുതിയ അതേ ഹംസ അബ്ബാസ്.

കര്‍ശനമായ സംഘടനാ സംവിധാനമുണ്ട് ജമാഅത്തെ ഇസ്‌ലാമിക്ക്. സ്റ്റാലിനിസ്റ്റ്-ലെനിനിസ്റ്റ് സംഘാടനങ്ങളുടെ ചട്ടക്കൂട്. സംഘടനയിലെ അംഗത്വം വെറുതേ ലഭിക്കില്ല. അനുഭാവികളായി പൊതുമണ്ഡലത്തില്‍ ദൃശ്യപ്പെടുത്തുന്നവരെ പോലും സൂക്ഷ്മമായി പരിശോധിക്കും. ലെനിനിസ്റ്റ് ഗൂഢത എന്ന് കമ്യൂണിസ്റ്റ് വിമര്‍ശകര്‍ പരിഹസിക്കുന്ന അയവില്ലാത്ത അംഗ തിരഞ്ഞെടുപ്പാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ബലവും; ബലക്കേടും. അന്തിമലക്ഷ്യം വിപ്ലവമായതിനാലാണ് ഇന്ത്യയിലുള്‍പ്പടെ ലെനിനിസ്റ്റ് സംഘടനകള്‍ അംഗത്വത്തിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിപ്ലവത്തിലേക്കുള്ള പാതയില്‍ ഛിദ്രങ്ങള്‍ പാടില്ല. അതിനാല്‍ ആറ്റിയെടുത്ത്, കുറുക്കിയെടുത്ത് മാത്രമേ സി.പി.എം ഉള്‍പ്പെടെയുള്ള ലെനിനിസ്റ്റ് പാര്‍ട്ടികള്‍ അംഗത്വവും എന്തിന് അനുഭാവിത്വം പോലും അനുവദിക്കുകയുള്ളൂ. ആ ഘട്ടത്തിലേക്കുള്ള യാത്രയില്‍ ഒരാള്‍ നിശ്ചയമായും സംഘടനയോടുള്ള വിധേയത്വത്തിലേക്ക് പരിവര്‍ത്തിച്ചിരിക്കും.

വിപ്ലവാനന്തര ഭരണകൂടത്തിന്റെ താല്‍ക്കാലിക നിഗൂഡതകള്‍ക്ക് ഈ ആറ്റിക്കുറുക്കല്‍ ആവശ്യവുമാണ്. വിപ്ലവം ലക്ഷ്യമല്ലാതായി മാറിക്കഴിഞ്ഞാല്‍ ഇങ്ങനെ കുറുക്കിയെടുക്കപ്പെട്ടവരിലേക്ക് സംഘടന ചുരുങ്ങുകയും അവര്‍ അധികാരിവര്‍ഗമായി മാറുകയും ചെയ്യും എന്നത് നൂറേല്‍ നൂറ് സത്യമായ ലോകപാഠം. അത് മറ്റൊരു വിഷയം. ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ രീതിക്കും അതിന്റെ കേരളപ്പതിപ്പില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള അതിരൂക്ഷമായ ഭൂകമ്പങ്ങള്‍ക്കും ലെനിനിസ്റ്റ് സംഘടനാ സംവിധാനത്തില്‍ വേരുകളും ദൃഷ്ടാന്തങ്ങളുമുണ്ടെന്ന് പറഞ്ഞു എന്നുമാത്രം. വിപ്ലവം ലക്ഷ്യമല്ലാതായാല്‍ വിധ്വംസകമായി തീരും ഈ ആറ്റിക്കുറുക്കല്‍ എന്ന് ചരിത്രത്തില്‍ നോക്കിയാല്‍ തിരിയും.
അങ്ങനെ കര്‍ക്കശമായ സംഘടനാ സംവിധാനവും പലവിധ സന്നാഹങ്ങളുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ കാര്‍മികത്വമാണ് മാധ്യമം പത്രത്തെയും അവരുടെ സമീപകാല പരീക്ഷണമായ മീഡിയ വണ്ണിനെയും സൃഷ്ടിച്ചതും ചലിപ്പിച്ചതും. എല്ലാ ലെനിനിസ്റ്റ് സ്വഭാവമുള്ള സംഘടനകളും നേരിടേണ്ട അനിവാര്യമായ വിധി, പൊടുന്നനെ സംഭവിക്കുന്ന മാരകപ്രഹര ശേഷിയുള്ള പൊട്ടിത്തെറിയാണ്. മതമാണ് ആവരണം എന്നതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ഇത്തരം പൊട്ടിത്തെറികള്‍ സംഭവിക്കാന്‍ സാധ്യത കുറവായിരുന്നു. പക്ഷേ, ശബ്ദരേഖയായും വാദപ്രതിവാദമായും ഇപ്പോള്‍ പുറത്തുവരുന്ന പലതും ഉഗ്രസ്‌ഫോടനത്തിന്റെ പുകപടലങ്ങളാണ്.
ജമാഅത്തെ ഇസ്‌ലാമി ഒരു മുസ്‌ലിം സംഘടനയാണ്. അതിനാല്‍ ആ സംഘടനയുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ ആ സംഘടനയുടേതും ഏറിയാല്‍ മുസ്‌ലിമിന്റേതുമായ പ്രശ്‌നമാണ്. ഈ ലേഖകന്‍ മുസ്‌ലിമല്ല. ഒരു ബഹുസ്വര മതേതര സമൂഹത്തില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ സ്വാഭാവികമായും ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് മുസ്‌ലിം വിശ്വാസികള്‍ എന്നുമാത്രമേയുള്ളൂ. ഇടകലര്‍ന്നും ബഹുസ്വരമായും ഇവിടെ ജീവിച്ച, ജീവിക്കുന്ന സമാധാനവാദികളും വിശ്വാസികളുമായ മുസ്‌ലിം സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, എന്നിങ്ങനെ അതിസ്വാഭാവികമായി ഉളവായി വന്ന മുസ്‌ലിം സാഹോദര്യവും കൈമുതലുണ്ട്. അതൊക്കെ പക്ഷേ, ഒരു മുസ്‌ലിം മതസംഘടനയുടെ ആഭ്യന്തര തര്‍ക്കങ്ങളില്‍ അഭിപ്രായം എഴുതാനുള്ള യോഗ്യതയാണോ? അതൊരു കടന്നുകയറ്റമല്ലേ? ചോദ്യം ന്യായമാണ്. ഉത്തരം പക്ഷേ, അനേകം അടരുകളുള്ള ഒന്നാണ്. കാരണം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മുസ്‌ലിം സംഘടനകളില്‍, മുസ്‌ലിം ആത്മീയ പ്രസ്ഥാനങ്ങളില്‍ ഒന്നായി ജമാഅത്തെ ഇസ്‌ലാമിയെ മനസിലാക്കാന്‍ കഴിയില്ല. കാരണം അത് മുസ്‌ലിം ജനതയുടെ വിശ്വാസപരമായ കാര്യങ്ങളിലെ സംഘാടനമായി നിലനില്‍ക്കുന്ന ഒന്നല്ല; മറിച്ച് കൃത്യമായ കക്ഷി രാഷ്ട്രീയ നിലപാടോടെ ഇടതുപക്ഷം ഉള്‍പ്പെടെ വിഹരിക്കുന്ന പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ പണിയെടുക്കുന്ന ഒരു രാഷ്ട്രീയ സംവിധാനമാണ്. ആര്‍.എസ്.എസ് ഒരു ഹിന്ദു ആത്മീയ സംഘടന എന്ന നിലയിലല്ല, ഹിന്ദുത്വയെ പ്രയോഗിക്കുന്ന രാഷ്ട്രീയ സംഘാടനമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയുമല്ലോ? അതുകൊണ്ടാണല്ലോ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കേന്ദ്രമായി അത് മാറുന്നത്. സമാനം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും. അത് തരാതരം പോലെ ഇസ്‌ലാം മതത്തിന്റെ ആത്മീയ വ്യവഹാരങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘടനയാണ്. അവരുടെ വളര്‍ച്ചയും തളര്‍ച്ചയും യോജിപ്പും വിയോജിപ്പും എല്ലാം പൊതുമണ്ഡലത്തെ ബാധിക്കും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്നും പിന്നും നോക്കാതെ കേരളത്തില്‍ യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സംഘടന ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയാണെന്ന് മറക്കരുത്. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രശ്‌നം നിശ്ചയമായും മുസ്‌ലിം പ്രശ്‌നമല്ല. ജമാഅത്തിന്റെ നിലപാടുകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ നൂലിഴകളെ സ്വാധീനിക്കുമെന്നതിനാല്‍ ഏതൊരു ജനാധിപത്യ ജീവിക്കും അതില്‍ അഭിപ്രായമാവാം.
കര്‍ക്കശമായ സംഘടനാ സംവിധാനത്തെക്കുറിച്ചാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. ഭരണപരമായ ലക്ഷ്യങ്ങളാണ് ആ കര്‍ക്കശതയുടെ അടിവേര് എന്നതില്‍ സംശയം വേണ്ട. സംഘടനാ സ്വരൂപങ്ങളെക്കുറിച്ചുള്ള സാമൂഹിക ചിന്തകളില്‍ അതിന് ധാരാളം തെളിവുണ്ട്. ഇസ്‌ലാം എന്നത് കേവലം ഒരു രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനം മാത്രമാണെന്ന് ചുരുക്കിക്കെട്ടിയാണ് ജമാഅത്തിന്റെ പിറവി. ആത്മീയ സംസ്‌കരണം എന്ന ലക്ഷ്യം തമസ്‌കരിക്കപ്പെട്ടു. ഒരു മുസ്‌ലിമിന്റെ ഒന്നാമത്തെ ദൗത്യം ഇസ്‌ലാമിക ഭരണ സംസ്ഥാപനമാണെന്ന തികഞ്ഞ രാഷ്ട്രീയവാദമാണ് അതിന്റെ അടിത്തറ. സംഘം ചേര്‍ന്നുള്ള നമസ്‌കാരം ഭരണകൂടം സ്ഥാപിക്കാനുള്ള ഡ്രസ് റിഹേഴ്‌സലാണെന്ന് പറഞ്ഞുവെച്ചതും മറ്റാരുമല്ല. ഇന്ത്യന്‍ ജനാധിപത്യത്തെയും അതിന്റെ ആണിക്കല്ലായ സെക്യുലറിസത്തെയും മുച്ചൂടും എതിര്‍ത്തുകൊണ്ടുള്ള, അടിമവേല എന്ന സിദ്ധാന്തം അവതരിപ്പിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കല്‍ മതവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള അവരുടെ ആദ്യകാല നില ഇന്ത്യന്‍ മുസ്‌ലിമിന് ഏല്‍പിച്ച കനത്ത ആഘാതങ്ങള്‍ മുസ്‌ലിം സമുദായം പേര്‍ത്തും പേര്‍ത്തും ചര്‍ച്ച ചെയ്യട്ടെ. ജമാഅത്തെ ഇസ്‌ലാമി കടുത്ത ആഭ്യന്തരത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന സൂചനകള്‍ ശബ്ദരേഖയായി പുറത്ത് പ്രചരിക്കുന്ന ഈ കാലത്ത് ആ സംവാദം നടക്കേണ്ടതുണ്ട്. ഇന്ത്യന്‍ മുസ്‌ലിമിനെ അന്യവല്‍കരിക്കുന്നതില്‍, സംഘപരിവാരത്തിന്റെ മുസ്‌ലിം വിദ്വേഷത്തിന് ചൂട്ട് കത്തിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി വഹിച്ച പങ്ക് എന്ത് എന്ന് ഇസ്‌ലാം എന്ന ആശയത്തെയും പ്രയോഗത്തെയും മുന്നില്‍ വെച്ച് വിശ്വാസി മുസ്‌ലിംകള്‍ ചര്‍ച്ച ചെയ്യട്ടേ. ജമാഅത്തെ ഇസ്‌ലാമിക്ക് ബീജാവാപം ചെയ്ത മൗദൂദിയുടെ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തത്തിന് തീവ്രവാദവുമായുള്ള ബന്ധവും തീവ്രവാദം കോടാനുകോടി വിശ്വാസി മുസ്‌ലിമിന് ലോകമെമ്പാടും ഏല്‍പിച്ച ആഘാതവും വിശ്വാസി മുസ്‌ലിംകള്‍ ചര്‍ച്ച ചെയ്യട്ടെ. സമ്പൂര്‍ണമായ തകര്‍ച്ചക്ക് മുമ്പാകട്ടെ സര്‍വ വിചാരണയും. ഈ ലേഖനത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം ആ വഴിക്കല്ല. മറിച്ച് കേരളത്തിന്റെ സെക്യുലര്‍ രാഷ്ട്രീയ മണ്ഡലത്തിലെ ജമാഅത്ത് ഇടപെടലുകളുടെ ആഘാതത്തിലൂടെയാണ്.
കേരളീയ മുസ്‌ലിംകളില്‍ നന്നേ ചെറിയ വിഭാഗത്തിന്റെ പിന്‍ബലമേ ജമാഅത്തെ ഇസ്‌ലാമിക്കുള്ളൂ. വിശ്വാസി മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നതില്‍ അംഗബലത്തിലും കര്‍മബലത്തിലും ശക്തമായ മറ്റ് സാന്നിധ്യങ്ങള്‍ നിലവിലുണ്ട്. പക്ഷേ, അവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു പൊതുപദവി പ്രച്ഛന്ന വേഷങ്ങളിലൂടെ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍ജിച്ചിട്ടുണ്ട് എന്നത് അവിതര്‍ക്കമാണ്. മറ്റു സംഘടനകള്‍ക്ക് പ്രച്ഛന്ന രൂപങ്ങളില്ല, അഥവാ പ്രച്ഛന്നത മതവിരുദ്ധമാണ് എന്ന ശക്തമായ തോന്നല്‍ അവക്കുണ്ട് എന്നതാണ് ജമാഅത്തിന്റെ പ്രച്ഛന്ന രൂപങ്ങള്‍ക്ക് ലഭിച്ച പൊതുപദവിയുടെ കാരണം. വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രമെന്ന് രൂപകം ചമച്ച മാധ്യമം ദിനപത്രവും വാരികയും ഒരു പ്രച്ഛന്ന രൂപമായിരുന്നു. സംസ്ഥാനത്ത് എമ്പാടും ഇരകളുടെ മുന്‍കൈയില്‍ പൊട്ടിപ്പുറപ്പെട്ട ഭൂസമരങ്ങളിലേക്കും ദളിത് മുന്നേറ്റങ്ങളിലേക്കും ജമാഅത്തെ ഇസ്‌ലാമിക്ക് വഴി വെട്ടിയത് മാധ്യമമാണ്. കമ്യൂണിസ്റ്റ് യുവജന സംഘടനകളുടെയും നക്‌സല്‍ പ്രസ്ഥാനങ്ങളുടെയും പോസ്റ്റര്‍ ഭാഷയിലേക്കും പ്രവര്‍ത്തന രീതികളിലേക്കും തങ്ങളുടെ യുവാക്കളെ പരിവര്‍ത്തിപ്പിച്ച് അവതരിപ്പിച്ച സോളിഡാരിറ്റി മറ്റൊരു പ്രച്ഛന്ന വേഷമായിരുന്നു. ബൈനറികളില്‍ അഭിരമിച്ചും ‘അപ്പോള്‍ അതോ?’ എന്ന സംഘപരിവാര്‍ വിതണ്ഡവാദത്തെ തര്‍ക്കയുക്തിയാക്കിയും സംവാദങ്ങളിലേക്ക് ജമാഅത്തെ ഇസ്‌ലാമി അതിന്റെ അനുഭാവികളെ അഴിച്ചുവിട്ടു. അംഗങ്ങള്‍ സുരക്ഷിതമായ അകലം പാലിച്ച് സര്‍വതും നിരീക്ഷിച്ചു. പുരക്കുമേല്‍ ചായുമെന്നായപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സോളിഡാരിറ്റിയെ പൊതുമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമാക്കിയ ജാലവിദ്യയും കേരളം കണ്ടു. ഈ ഫാന്‍സി ഡ്രസുകള്‍ നടത്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ചമയം നല്‍കിയത് 1987-ല്‍ പിറവിയെടുത്ത മാധ്യമമാണ്.

അതിസൂക്ഷ്മവും ബുദ്ധിപരവുമായിരുന്നു ആദ്യകാല മാധ്യമത്തിന്റെ തുടക്കവും വളര്‍ച്ചയും. നവോത്ഥാന കേരളത്തിന്റെ ഉജ്വല പിന്തുടര്‍ച്ചയായ പി.കെ ബാലകൃഷ്ണന്റെ പത്രാധിപത്യം മുതല്‍ അത് തുടങ്ങുന്നു. തൊണ്ണൂറുകളുടെ അവസാനമാകുമ്പോഴേക്കും മിടുക്കരായ പത്രപ്രവര്‍ത്തകരാല്‍ അത് സമ്പന്നമാകുന്നു. ഇസ്‌ലാമിന് വേണ്ടി, ദീനിനുവേണ്ടി സ്ഥാപിതമായ, അതിന് വേണ്ടിയെന്ന് ആണയിട്ട് സ്വരുക്കൂട്ടിയ മൂലധനമാണ് മാധ്യമത്തിന്റേത്. സെക്യുലറിസത്തിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന, മതരാഷ്ട്രവാദിയായ മൗദൂദിയില്‍ ആശയാഭയമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പത്രത്തില്‍ തങ്ങളെന്തിന് പണിയെടുക്കണം എന്ന സ്വാഭാവികമായ ചിന്ത സെക്യുലര്‍-ഇടത് മനുഷ്യരില്‍ ഉയരാത്ത വിധം ശക്തമായിരുന്നു മാധ്യമത്തിന്റെ പ്രച്ഛന്നവേഷം. കുടുംബവാഴ്ചയിലും നവമൂലധനത്തിന്റെ പുളപ്പിലും അഭിരമിച്ച് പോയ മുഖ്യമാധ്യമങ്ങളില്‍ ഇടം കിട്ടാത്ത സര്‍വപ്രശ്‌നങ്ങളെയും അത്യാവേശത്തോടെ മാധ്യമം സംബോധന ചെയ്തു. മൂലധനം ആരുടെത് എന്നതിനേക്കാള്‍ ഇടം ആണ് പ്രധാനം എന്ന തീര്‍പ്പിലേക്ക് സെക്യുലര്‍-ഇടത് മനുഷ്യര്‍ എത്തിച്ചേര്‍ന്നു. അടിത്തട്ട് പ്രശ്‌നങ്ങളോട് ആഭിമുഖ്യമുള്ള പത്രപ്രവര്‍ത്തകര്‍ അവരുടെ പ്രതിഭയുടെ അണക്കെട്ട് തന്നെ വെള്ളിമാട്കുന്നിലേക്ക് തുറന്നുവിട്ടു. സി. രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരനെ ദീര്‍ഘകാലം പത്രാധിപരായി ഉപയോഗിച്ചിടത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ നിശിത ബുദ്ധിയുണ്ട്. കാല്‍നൂറ്റാണ്ടിലെ മാധ്യമത്തിന്റെ പത്രപ്രവര്‍ത്തക ചരിത്രം പരിശോധിച്ചാല്‍ മികച്ച മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമത്തെ മുന്നോട്ട് നയിച്ച പ്രതിഭകളില്‍, ഡസ്‌കുകളിലും ബ്യൂറോകളിലും ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്ന അത്രപോലും ജമാഅത്തെ ഇസ്‌ലാമിക്കാരില്ല എന്നു കാണാം. തികഞ്ഞ സെക്യുലറുകളുടെ മുന്‍കൈയിലായിരുന്നു വളര്‍ച്ച അത്രയും. ഇന്ന് കേരളത്തിന്റെ മാധ്യമ ലോകത്തെമ്പാടും നിറഞ്ഞ് നില്‍ക്കുന്ന പേരുകളുടെ ഈറ്റില്ലം മാധ്യമമാണ്.

ഇടതുപക്ഷം അഭിസംബോധന ചെയ്യേണ്ട, രാഷ്ട്രീയ പരിഹാരങ്ങള്‍ മാത്രമുള്ള, ദളിത്, ആദിവാസി, ഭൂമി, പരിസ്ഥിതി പ്രശ്‌നങ്ങളിലെ അവസാന വാക്കായി തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യപാദത്തിലും മാധ്യമം മാറി; അതുവഴി ജമാഅത്തെ ഇസ്‌ലാമിയും. പക്ഷേ, ശാശ്വതമായില്ല. ലോകമെമ്പാടും രൂപപ്പെട്ട ഭീകരതാവിരുദ്ധ സംവാദത്തിന്റെ ഭാഗമായ ഇന്റലക്ച്വല്‍ ജിഹാദിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മാധ്യമം പ്രതിസ്ഥാനത്തായി. മൗദൂദിസ്റ്റ് ആശയത്താല്‍ പ്രചോദിതരായ ഒരുപറ്റം നടത്തിയ കടുംകൈയുകള്‍ മൗദൂദിയെ തള്ളിപ്പറയാന്‍ കഴിയാത്ത അവരെ പ്രതിസന്ധിയിലാക്കി. ഇതിനിടെ രാജ്യം സംഘപരിവാരത്തിന്റെ കയ്യിലായി. മതരാഷ്ട്രീയത്തിന്റെ പ്രച്ഛന്നതക്കുള്ളില്‍ നിന്നുകൊണ്ട് ഹിന്ദുത്വയെ വിമര്‍ശിക്കാനോ എതിര്‍ക്കാനോ കഴിയില്ലെന്ന് സെക്യുലര്‍ മനുഷ്യര്‍ മനസിലാക്കി. ഇടതുപക്ഷം; പ്രത്യേകിച്ച് സി.പി.എം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നേര്‍ക്കുനേര്‍ വന്നു. പിണറായി വിജയന്‍ പേര് വെച്ച് ലേഖനമെഴുതി. ”പൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുക; ഇടതുപക്ഷത്തെ ഇകഴ്ത്തി ചിത്രീകരിക്കുക; പിന്നീട് ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൗത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച് ജനകീയ പരിവേഷം ആര്‍ജിക്കുക, ഇത്തരമൊരു ശ്രമമാണ് കേരളത്തില്‍ ജമാഅത്ത് സ്വീകരിച്ചുകാണുന്നത്. ഇടതുപക്ഷ അവബോധം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷപുരോഗമന നാട്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് സ്വീകാര്യത എന്ന ബോധ്യം അവര്‍ക്കുണ്ട്. ഒളിച്ചുകടത്തപ്പെടുന്ന ഈ ഇസ്‌ലാമിക രാഷ്ട്ര അജണ്ടയെയാണ് വലതുപക്ഷ ശക്തികളും യഥാര്‍ത്ഥ വിപ്ലവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ തീവ്രവാദികളും പിന്തുണയ്ക്കുന്നത്” എന്ന കടുത്ത വിമര്‍ശനം ഉന്നയിച്ചു. മാധ്യമത്തില്‍ എഴുതുന്നത് ശരിയോ എന്ന ചിന്ത വ്യാപകമായി. എഴുതില്ല എന്ന നിലപാടുകള്‍ പലരില്‍ നിന്നും ഉയര്‍ന്നു.

ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. എല്ലാ ലെനിനിസ്റ്റ് സംഘാടനങ്ങളെയും കാത്തിരിക്കുന്ന അധികാരഭാരമെന്ന ദുര്‍വിധി ജമാഅത്തിനെയും മാധ്യമത്തെയും പിടികൂടി. വളര്‍ന്നുകഴിഞ്ഞല്ലോ, ഇനി ഞങ്ങളെന്തിന് മാറിനില്‍ക്കണം എന്ന തോന്നല്‍ മാധ്യമത്തിനകത്ത് അതുവരെ പിന്നില്‍ നിന്നവര്‍ക്കുണ്ടായിവന്നു. പുറംലോകത്തിന്റെ ബൗദ്ധികമായ എതിര്‍പ്പ് ശക്തമാവുകയും മുഖംമൂടികള്‍ അഴിയുമെന്ന് ഉറപ്പാവുകയും ചെയ്തപ്പോള്‍ തനിനിറങ്ങള്‍ പുറത്തേക്ക് ചാടി. കഥയിലെ കുറുക്കന് കൂവാതെ വയ്യല്ലോ? പത്രത്തിന്റെ മേല്‍സ്ഥാനങ്ങളിലേക്ക് ജമാഅത്ത് അനുഭാവികളും തീവ്രമതവാദികളും കടന്നുവന്നു. കഴിവ് മാത്രം മാനദണ്ഡമാകേണ്ട എഡിറ്റോറിയല്‍ പദവികള്‍ അങ്ങനെയല്ലാതായി. സംഘപരിവാറിനെ ഓര്‍മിപ്പിക്കുന്ന തര്‍ക്കയുക്തികള്‍ സംവാദങ്ങളായി അച്ചടിക്കപ്പെട്ടു. സെക്യുലര്‍ പക്ഷത്ത് നിന്നിരുന്ന, പ്രതിഭാശാലികളായ മാധ്യമ പ്രവര്‍ത്തകര്‍ പുതിയ വാഴ്ചകളോട് ഇടഞ്ഞ് നിശബ്ദരായി. പലരും പുറത്തേക്ക് പോയി. എഡിറ്റോറിയലും അഡ്മിനിസ്‌ട്രേഷനും വൈരനിരാതനത്തിന്റെയും കാര്യശേഷിയില്ലായ്മയുടെയും കേളീരംഗമായി. സര്‍വ മേഖലയിലെയും തകര്‍ച്ചയായിരുന്നു ഫലം. ചാനല്‍ സംസ്ഥാപനം പോലെ തികച്ചും പ്രൊഫഷണലായ സാമ്പത്തിക ൈവദഗ്ധ്യം വേണ്ടിടത്ത് അതുണ്ടായില്ല. സംഘടനയുടെ ദൃഢതയാല്‍ അതൊന്നും ചോദ്യം ചെയ്യപ്പെട്ടില്ല. പക്ഷേ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാധ്യമം നിലംപൊത്തി. ജീവനക്കാരുടെ ശമ്പളം മുടങ്ങി. സമരത്തിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. അതിനിടെയാണ് പാളയത്തിലെ പട ശബ്ദരേഖയായി പുറത്തുവന്നത്.

അത്ഭുതപ്പെടാന്‍ പക്ഷേ, ഒന്നുമില്ല. തികച്ചും സ്വാഭാവികമായ ഒരു പതനമാണിത്. പ്രച്ഛന്നവേഷം വേദിവിട്ടാല്‍ അഴിച്ച് വെച്ചേ പറ്റൂ. രാഷ്ട്രീയവുമായി മതത്തെ കൂട്ടിക്കെട്ടിയാല്‍ മതം പാട്ടിന് പോവുകയും രാഷ്ട്രീയം നിലനില്‍ക്കുകയും ചെയ്യും. ഫണ്ട് പിരിവിലെ അഴിമതി ഒരു രാഷ്ട്രീയ സംഘടനാ സ്വഭാവമാണ്. അതാണ് ശബ്ദരേഖ നല്‍കുന്ന സൂചന. ബക്കറ്റ് പിരിവ് മതകാര്യമല്ല; രാഷ്ട്രീയ ശീലമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ സംവിധാനത്തെ ഇതുവരെ കാത്തുരക്ഷിച്ച മതം അതിനെ ഉപേക്ഷിച്ചുപോയിരിക്കുന്നു. മാധ്യമത്തെ ഇനി ആരാണ് രക്ഷിക്കുക? അതോ നക്ഷത്രങ്ങളുടെ വിധിയായ എരിഞ്ഞുതീരല്‍ തലക്കെട്ടില്‍ പ്രവചിക്കുകയായിരുന്നോ ഹംസ അബ്ബാസ്?

ബിനോജ് സുകുമാരന്‍

You must be logged in to post a comment Login