‘രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ, കാരണം’

‘രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ, കാരണം’

‘ബാക്കിയെല്ലാ പുസ്തകങ്ങളും വിറ്റു. വീട്ടില്‍ ഒന്നും സ്ഥലമില്ലാത്തത് കൊണ്ട്, നിങ്ങളുടെ ചന്ദ്രികവരെ. എന്റെ വീട്ടില്‍ സ്ഥലമില്ല, കൊച്ചു കൊച്ചു മുറി. ഞാനെന്തു ചെയ്യും? കുറേ കാലമായി വെച്ചുനോക്കി. വെക്കാന്‍ പറ്റാത്തത് കൊണ്ട് എല്ലാം എടുത്തു വിറ്റു. രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ. കാരണം, അതെനിക്ക് അറിവ് തന്നതാണ്; എന്നെ വളര്‍ത്തിയതാണ്, എനിക്ക് മനസിനൊരു പ്രകാശം തന്നതാണ്. അതുകൊണ്ട് രിസാല മാത്രമേ എന്റെ കയ്യിലുള്ളൂ.’ ഐ.പി.ബി പ്രസിദ്ധീകരിച്ച ‘ആരോടും ചൊല്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങില്‍ (കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാള്‍) അന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ നോക്കി നന്ദിപ്രസംഗത്തില്‍ തോപ്പില്‍ പറഞ്ഞ വാക്കുകളാണിത്. ‘രിസാല’യും മീരാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിയാന്‍ ഈ വാക്കുകള്‍ തന്നെ ധാരാളം.

2019 മെയ് 10, പരിശുദ്ധ റമളാനിലെ അഞ്ചാം നോമ്പ്. പുലര്‍ച്ചെ മൂന്നരക്ക് അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്നൊരു കോള്‍, ഒരു വാട്‌സാപ്പ് മെസേജും. തുറന്നു നോക്കിയപ്പോള്‍ തോപ്പില്‍ മുഹമ്മദ് മീരാന്റെ ഫോട്ടോയും തമിഴിലുള്ള ഒരു കുറിപ്പും. തമിഴ് അറിയില്ലെങ്കിലും അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞെന്ന് എനിക്കു തോന്നി. ഗൂഗിള്‍ ലാംഗ്വേജ് കണ്‍വര്‍ട്ട് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് മാറ്റി നോക്കുമ്പോള്‍ ഊഹം സത്യമാണെന്ന് ഉറപ്പായി. ഫോണില്‍ കണ്ട നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ മൂത്തമകനാണ്. രിസാലയിലെ ശറഫുദ്ദീനാണെന്ന് പറഞ്ഞപ്പോള്‍ ‘നിങ്ങളറിഞ്ഞല്ലോ, ദയവായി എല്ലാവരെയുമൊന്ന് അറിയിക്കണം. കേരളത്തില്‍ ബന്ധപ്പെടാന്‍ കൂടുതല്‍ നമ്പറുകളറിയില്ല’- മകന്‍ പറഞ്ഞു. മിക്ക വാര്‍ത്താമാധ്യമങ്ങളെയും പ്രമുഖ എഴുത്തുകാരെയും രിസാലയില്‍ നിന്നാണ് മരണവാര്‍ത്ത അറിയിച്ചത്. പെരുമ്പടവം, ഒ.വി ഉഷ, വീരാന്‍ കുട്ടി തുടങ്ങി പലരും ആ വലിയ എഴുത്തുകാരനെ അനുസ്മരിച്ചുകൊണ്ട് രിസാലയിലേക്ക് സന്ദേശമയക്കുകയും ചെയ്തു.

രണ്ടാഴ്ചയില്‍ ഒരു തവണയെങ്കിലും അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടും. പക്ഷേ ഇടയ്ക്ക് ചെറിയൊരു ഗ്യാപ്പ് വന്നു. ഒന്നോ രണ്ടോ മാസങ്ങള്‍. രിസാലയിലേക്ക് ഒരു ലേഖനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിക്കാന്‍ ജലീല്‍ കല്ലേങ്ങല്‍പ്പടിയെ ഏല്‍പിച്ചിരുന്നു. ജലീലിനോട് സംസാരിച്ചപ്പോള്‍ ശറഫുദ്ദീനോട് എന്നെ വിളിക്കാന്‍ പറയണം, സുഖമില്ല എന്ന് പറഞ്ഞു. ഉടനെ വിളിച്ചു. അപ്പോഴാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണെന്നറിയുന്നത്. ചികിത്സക്ക് ശേഷം നല്ല സുഖമുണ്ടായിരുന്നു. പിന്നീട് വളരെ സന്തോഷത്തോടെ സംസാരിക്കാറുണ്ടായിരുന്നു. മക്കള്‍ എന്നെ നന്നായി നോക്കുന്നുണ്ടെന്നും പറഞ്ഞു. വീട്ടില്‍ വരാന്‍ പറ്റിയില്ലെങ്കില്‍ അടുത്ത ട്രീറ്റ്‌മെന്റിന് വരുമ്പോള്‍ തിരുവനന്തപുരത്ത് വന്ന് കാണാമെന്ന് പറഞ്ഞെങ്കിലും വാക്ക് പാലിക്കാനായില്ല.

2001ല്‍ തളിപ്പറമ്പില്‍ നടന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഉദ്ഘാടകന്‍ തോപ്പില്‍ മുഹമ്മദ് മീരാനായിരുന്നു. അന്നുമുതലാണ് രിസാലയും മീരാനും കൂടുതല്‍ അടുക്കുന്നത്. പിന്നീട് എസ്.എസ്.എഫിന്റെയും രിസാലയുടെയും മിക്ക സാംസ്‌കാരിക പരിപാടികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന എസ്.എസ്.എഫ് സാഹിത്യോത്സവ് അവാര്‍ഡ് 2014ല്‍ തോപ്പില്‍ മുഹമ്മദ് മീരാനായിരുന്നു ലഭിച്ചത്. തുടര്‍ന്ന് എല്ലാ അവാര്‍ഡ് ജൂറിയിലും അംഗമായിരുന്നു. ആയിടെ കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ വെച്ചു നടന്ന ഒരു മീലാദ് പരിപാടിയില്‍ ഉസ്താദ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരോടൊപ്പം അദ്ദേഹവും പങ്കെടുത്തു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ എന്നോട് പറഞ്ഞു: ‘ഞങ്ങളുടെ നാട്ടിലെ മൗലവിമാര്‍ക്ക് മൗലിദോതാന്‍ അറിയില്ല. അവര്‍ സിനിമാപാട്ടിന്റെ ശൈലിയില്‍ പാടും. ഇത് എന്തൊരു നല്ല സദസ്, എന്തൊരാത്മീയ നിര്‍വൃതി. ഉസ്താദുമായി നേരില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ആ വലിയ മനുഷ്യനെ അടുത്തറിയാനായി’ എന്നും പറഞ്ഞു. മലബാറിലേക്ക് മിക്ക പരിപാടികള്‍ക്ക് വരുമ്പോഴും രിസാലയില്‍ വിളിച്ചു പറയും. സംഘാടകരെ പരിചയമില്ലെങ്കില്‍ അന്വേഷിക്കും. കാലിന്റെ വേദന ഉള്ളതിനാല്‍ നടക്കാന്‍ പ്രയാസമുണ്ട് എന്നൊക്കെ പറയും. ഭാര്യ പലപ്പോഴും കൂടെയുണ്ടാവും. പലപ്പോഴും റെയില്‍വേ സ്‌റ്റേഷനിലേക്കും തിരിച്ചും രിസാലയിലെ ജീവനക്കാരാണ് കൊണ്ടുചെന്നാക്കാറുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പത്രസ്ഥാപനം തിരൂരില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തി. കോഴിക്കോട് ഒരു സൗകര്യവുമില്ലാത്ത റൂമിലായിരുന്നു താമസിക്കാന്‍ ഇടം കിട്ടിയത്. എന്നെ വിളിച്ചു. ‘വയ്യ, ഒന്ന് വരാമോ’ എന്നു ചോദിച്ചു. ഒരു യാത്രയിലായിരുന്നു. രാത്രി പത്തുമണിക്ക് റൂമില്‍ ചെന്നു. സംസാരിച്ചു. ആഗ്രഹം പോലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി തീവണ്ടി കയറ്റിയ ശേഷം തിരിച്ചുപോന്നു.
വിനയാന്വിതനായിരുന്നു ആ എഴുത്തുകാരന്‍. അദ്ദേഹം തന്നെ പറയാറുണ്ട്: ‘എനിക്ക് വലിയ അക്കാദമിക ഭാഷയൊന്നും വശമില്ല.’ സാധാരണക്കാരന്റെ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. രിസാലയോടുള്ള ബന്ധം അഭിമാനം പോലെ എവിടെയും പറയും. മാധ്യമം ദിനപത്രത്തിന്റെ ഒരു വാര്‍ഷികാഘോഷത്തില്‍ തോപ്പില്‍ മുഖ്യാതിഥിയാണ്. ആ വര്‍ഷത്തെ ഏറ്റവും മികച്ച എഡിറ്റോറിയലിനോ മറ്റോ ഉള്ള അവാര്‍ഡ് കാസിം ഇരിക്കൂറിനായിരുന്നു. അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് അദ്ദേഹം പ്രസംഗിച്ചത് രിസാലയെ കുറിച്ചായിരുന്നു. ‘എനിക്ക് കാസിമിനെ രിസാലയിലൂടെ നല്ല പരിചയമുണ്ട്. ‘വാര്‍ത്തകള്‍ക്കപ്പുറം’ എന്ന കോളവും രിസാലയും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.’ എം.ടിയോടും സച്ചിദാനന്ദനോടും മുകുന്ദനോടുമെല്ലാം അദ്ദേഹം രിസാലയെ കുറിച്ച് പറയും. രിസാലക്ക് വേണ്ടി എം.ടി വാസുദേവന്‍ നായരുമായി ഒരഭിമുഖം രിസാലയും തോപ്പിലും ഏറെ ആഗ്രഹിച്ചതായിരുന്നു. എം.ടി സമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷേ നടന്നില്ല.

രിസാലയുമായുള്ള ഈ ആത്മബന്ധത്തിന്റെ കാരണങ്ങള്‍ അദ്ദേഹം തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ”ഞാന്‍ ഓത്തുപള്ളിയില്‍ പോയാണ് ഖുര്‍ആന്‍ പഠിച്ചത്. പക്ഷേ, അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇസ്‌ലാമിനെ അറിഞ്ഞത് രിസാലയിലൂടെയാണ്. എനിക്ക് പക്വത വന്നപ്പോള്‍ കൂടുതല്‍ പഠിക്കണമെന്ന് തോന്നി. എന്റെ നാട്ടില്‍ നല്ല ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ കിട്ടില്ല. തലച്ചുമടുകാര്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന അറബിമലയാളത്തിലുള്ള ചില മാലപ്പാട്ടുകളായിരുന്നു കിട്ടിയത്. അത് വായിക്കാന്‍ കഴിയില്ല.
ഇസ്‌ലാമിനെ കുറിച്ചറിയാനുള്ള ആഗ്രഹം മനസില്‍ കൊണ്ട് നടക്കുമ്പോഴാണ് രിസാലയുമായി അടുക്കാന്‍ കഴിഞ്ഞത്. എനിക്ക് വെളിച്ചം തന്ന പ്രസിദ്ധീകരണമാണ് രിസാല. പലപ്രഭാഷണങ്ങള്‍ക്കും പോകുന്നതിനു മുമ്പ് രിസാലയുടെ വിവിധ ലക്കങ്ങളില്‍ നിന്നാണ് ഞാന്‍ കുറിപ്പുണ്ടാക്കാറുള്ളത്”- രിസാലയുടെ ആയിരാം ലക്കത്തില്‍ അദ്ദേഹം എഴുതി. രിസാലയുടെ തിരുനബിപ്പതിപ്പ്, ഹദീസ് പതിപ്പ്, ഖുര്‍ആന്‍ പതിപ്പ് തുടങ്ങിയവ ഇസ്‌ലാം വിജ്ഞാനകോശമായി നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയും.

രിസാല ഖുര്‍ആന്‍ പതിപ്പില്‍ ഒരു ലേഖനം ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു. ‘ഞാന്‍ ഖുര്‍ആനിനെ പറ്റി എഴുതണോ? അതെനിക്ക് ഭയമുണ്ട്.’ താങ്കളുടെ അനുഭവങ്ങളെഴുതാമല്ലോ എന്ന് പറഞ്ഞപ്പോള്‍ തയാറായി. ‘കടുകിനുള്ളിലെ മഹാസമുദ്രം’ എന്ന അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പതിപ്പിലെ ലേഖനം വലിയൊരു വിഭാഗം വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചു. പിന്നീട് പല പരിപാടികള്‍ക്ക് ചെല്ലുമ്പോഴും പലരും വന്ന് ആ ലേഖനത്തെ പറ്റി അദ്ദേഹത്തോട് പറയും; താങ്കളുടെ ലേഖനം വായിച്ചതിന് ശേഷം ഞാന്‍ സ്ഥിരമായി ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട് എന്നു കേട്ട് സന്തോഷിച്ച പല അനുഭവങ്ങളും വികാരാധീനനായി അദ്ദേഹം പറയാറുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൊന്നായിരുന്നു ഖുര്‍ആന്റെ ശക്തിയറിഞ്ഞ എന്റെ ഒരു രോഗസന്ദര്‍ഭമെന്ന് തോപ്പില്‍ ഇടയ്ക്കിടെ പറയും. ഒരവസരത്തില്‍ ഒരു കൈയ്യും കാലും തളര്‍ന്ന് കിടപ്പിലായപ്പോള്‍ ഭേദമാകാന്‍ വഴിയൊരുക്കിയത് ഖുര്‍ആന്‍ പാരായണമായിരുന്നു. അക്കാലത്ത് ആറുമാസത്തോളം റഹ്മാന്‍ പേട്ട പള്ളിയില്‍ ഭജനമിരുന്നു ഖുര്‍ആന്‍ ഇടവിടാതെ ഓതിയാണ് ജീവിതത്തിലേക്ക് തിരിച്ചുപോന്നത്. കൂടുതല്‍ പഠിക്കാത്തത് കൊണ്ട് ഖുര്‍ആന്റെ സാരാംശം മൂലഭാഷയില്‍ മനസിലാക്കിയെടുക്കാന്‍ കഴിയുന്നില്ല എന്ന സങ്കടം പലപ്പോഴായി പങ്കുവെച്ചിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിനെ പറ്റി പറയുമ്പോള്‍ വല്ലാത്തൊരാദരവാണ്. ‘ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു’ എന്ന നോവലിലെ നായിക കുഞ്ഞുപാത്തുമ്മ സുഖമില്ലാതെ കിടക്കുന്ന റൂമില്‍ വെളിച്ചമില്ലായിരുന്നു. ജനാല തുറന്നിടാന്‍ നിസാര്‍ അഹമ്മദിന്റെ ബാപ്പ ആവശ്യപ്പെട്ടപ്പോള്‍ ജനാല തുറന്നരംഗം ബഷീര്‍ എഴുതുന്നു. ‘കാറ്റും വെളിച്ചവും അകത്ത് കടക്കുകയാണ്. വെളിച്ചത്തിനെന്തു വെളിച്ചം.’
ഖുര്‍ആനിലെ നൂറുന്‍ അലാ നൂര്‍ എന്ന പ്രയോഗത്തിന്റെ ഭാഷാന്തരമാണ് ‘വെളിച്ചത്തിനെന്തുവെളിച്ചം’. ഒരിക്കല്‍ കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിനെ ജീവിതത്തില്‍ കാണാന്‍ കഴിയാത്തത് വലിയ നഷ്ടമാണെന്ന് പറഞ്ഞു. ‘രിസാല പോലെ ഒരു പ്രസിദ്ധീകരണം അന്ന് അദ്ദേഹത്തിന് കിട്ടിക്കാണില്ലായിരിക്കാം’ എന്ന് പറഞ്ഞ് കുറെ നേരം മൗനമായിരുന്നത് എന്റെ മനസില്‍ പലപ്പോഴും ചോദ്യങ്ങളുയര്‍ത്തി. വിശ്വാസത്തോടും സാഹിത്യത്തോടുമെല്ലാം ഒരേസമയം അദ്ദേഹം നീതി പുലര്‍ത്തി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ചാരുകസേര എഴുതിയ അതേ പേനകൊണ്ട് സദഖത്തുല്ലാഹില്‍ ഖാഹിരിയെന്ന ഗുരുവിനെപ്പറ്റിയും അദ്ദേഹം മനോഹരമായെഴുതി.

‘ഒരു കടലോര ഗ്രാമത്തിന്റെ കഥ’ ജര്‍മന്‍ പണ്ഡിതന്‍ ടോര്‍സന്‍ പാഷര്‍ ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ഒട്ടുമിക്ക പുസ്തകങ്ങളും ഏറെ പ്രശസ്തമാണ്. എന്നിട്ടും ജീവിതത്തില്‍ പലപ്പോഴും വെല്ലുവിളികളായിരുന്നു. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഏറെ പാടുപെട്ടു. വറ്റല്‍ മുളക് കച്ചവടത്തിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പലപ്പോഴും രോഗം വേട്ടയാടി. പതറിയില്ല. പൊരുതി ജീവിച്ചു.
മലയാളത്തിലെ എഴുത്തുകാരോട് അദ്ദേഹത്തിന് എപ്പോഴും ഒരിഷ്ടക്കൂടുതലുണ്ടെന്ന് തോന്നാറുണ്ട്. എം.ടിയെ പറ്റിയും മറ്റും പറയുമ്പോള്‍ ആവേശഭരിതനാവും. കാരശ്ശേരി മാഷ് എപ്പോഴും സംസാരത്തില്‍ കടന്നുവരും. ശിഹാബുദ്ദീന്‍ പൊയ്തുംകടവിനോടും ഒരിഷ്ടക്കൂടുതലുണ്ടെന്ന് തോന്നാറുണ്ട്. അവന്‍ നല്ല പയ്യനാണ്, നല്ല കഥാകൃത്താണെന്ന് എപ്പോഴും പറയും. വലിയ എഴുത്തുകാരനായിട്ടും സാധാരണക്കാരനായി ജീവിച്ച തോപ്പില്‍ മുഹമ്മദ് മീരാന്റെ വിയോഗം രിസാലക്ക് വലിയൊരു നഷ്ടമാണ്. സാഹിത്യ ലോകത്തേക്കുള്ള രിസാലയുടെ പാലമായിരുന്നു. നിത്യശാന്തിയുണ്ടാവട്ടെ ആ നിത്യഹരിത എഴുത്തുകാരന്.

എസ് ശറഫുദ്ദീന്‍

You must be logged in to post a comment Login