ചരിത്രം മെയ് 23 ന് അവസാനിക്കുന്ന കലണ്ടറല്ല

ചരിത്രം മെയ് 23 ന് അവസാനിക്കുന്ന കലണ്ടറല്ല

ദിഗ്‌വിജയ് സിംഗായിരുന്നു ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. പത്ത് വര്‍ഷം മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിന്റെ പ്രതാപകാലമുഖം. ഭോപ്പാല്‍ ഉറച്ച ബി.ജെ.പി മണ്ഡലമാണ്. അറുപത് ശതമാനത്തിന് മേല്‍ വോട്ടുണ്ട് ബി.ജെ.പിക്ക് ആ മണ്ഡലത്തില്‍. സുശീല്‍ ചന്ദ്രവര്‍മയും ഉമാഭാരതിയുമൊക്കെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ച് കയറിയ മണ്ഡലം. ഇക്കുറി മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ദിഗ്‌വിജയ് സിംഗെന്ന കരുത്തനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. തീവ്രഹിന്ദുത്വയെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണെങ്കിലും തോല്‍പിച്ചതിന്റെ തിളക്കവുമുണ്ട് കോണ്‍ഗ്രസിന്. 165 സീറ്റുമായി ഭരണം കയ്യാളിയിരുന്ന ബി.ജെ.പിയെ 109 സീറ്റില്‍ ഒതുക്കിയതാണല്ലോ? വെറും 58-ല്‍ നിന്ന് കോണ്‍ഗ്രസ് 114 സീറ്റിലേക്ക് കുതിച്ചതുമാണല്ലോ? നരേന്ദ്രമോഡി സര്‍ക്കാറിന്റെ അടിത്തറ ഇളകുന്നു എന്ന വന്‍ പ്രതീതി സൃഷ്ടിക്കാന്‍ കാരണമായതുമാണല്ലോ? അതേ. അപ്പോള്‍ ഭോപ്പാല്‍ പിടിക്കുക അസാധ്യമല്ല.

അതിനാണ് ദിഗ്‌വിജയ് സിംഗിനെ കളത്തിലിറക്കിയത്. ആരായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. പ്രഗ്യാസിംഗ് താക്കൂര്‍. മാലേഗാവ് സ്‌ഫോടനം മറക്കരുതല്ലോ? അതിതീവ്ര ഹിന്ദുത്വയുടെ അപ്പോസ്തല. രാജ്യവ്യാപകമായി കടുത്ത എതിര്‍പ്പുയര്‍ന്ന സ്ഥാനാര്‍ഥിത്വം. മതേതര ചേരി ഒന്നടങ്കം നടുക്കം പ്രകടിപ്പിച്ച സ്ഥാനാര്‍ഥിത്വം. മഹാത്മാഗാന്ധിയല്ല ഗോഡ്‌സേയാണ് മഹാനെന്ന് പച്ചക്ക് പറയാന്‍ മടിക്കാത്ത പ്രഗ്യ. നരേന്ദ്ര മോഡി മാപ്പ് നല്‍കാന്‍ വിസമ്മതിച്ച പ്രഗ്യ.ദിഗ്‌വിജയും പ്രഗ്യയും മത്സരിക്കുന്നു. പ്രഗ്യ വര്‍ഗീയതയുടെ പരമപദമാണ്. വിശ്വാസവും വര്‍ഗീയതയും മാത്രമായിരുന്നു അവരുടെ പ്രചാരണ തന്ത്രം. അപ്പോള്‍ ഹിന്ദുത്വക്കെതിരെ നാടുണര്‍ത്താന്‍ കച്ചകെട്ടിയ കോണ്‍ഗ്രസ് എന്തുചെയ്യണമായിരുന്നു? സംശയമില്ല. ഭോപ്പാലിലെ മനുഷ്യരോട് രാജ്യം കടന്നുപോകുന്ന കഠിനകാലങ്ങളെക്കുറിച്ച് പറയണം. ദിഗ്‌വിജയ് സിംഗിന്റെ പരിണിത പ്രജ്ഞയെയും പ്രഗ്യാ സിംഗിന്റെ വിഷം ചീറ്റുന്ന നാവാട്ടങ്ങളെയും താരതമ്യം ചെയ്യാന്‍ പറയണം. മതാതീതമായി മനുഷ്യര്‍ ഒന്നിക്കേണ്ടതിന്റെ ചരിത്രപരമായ ആവശ്യകത ചൂണ്ടിക്കാട്ടണം. ഭോപ്പാലിന്റെ സമകാല അവസ്ഥകള്‍ക്ക് കോണ്‍ഗ്രസ് മുന്നോട്ടുവെക്കാന്‍ പോകുന്ന പരിഹാരങ്ങള്‍ ഒന്നൊന്നായി പറയണം. പറഞ്ഞോ? ഇല്ല. പകരം ചെയ്തത് എന്താണ്?

കമ്പ്യൂട്ടര്‍ സ്വാമി എന്ന ഒരു വിദ്വാനുണ്ട് മധ്യപ്രദേശില്‍. നല്ല ഒന്നാം ക്ലാസ് ഹിന്ദുത്വവാദി. മനുഷ്യരുടെ ബാക്കിനില്‍ക്കുന്ന ബോധം കെടുത്തലും അന്ധവിശ്വാസത്തെ അരിയിട്ട് വാഴിക്കലുമാണ് പണി. ആ കമ്പ്യൂട്ടര്‍ സ്വാമിയാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രചാരണ കാംപയിനുകള്‍ ഹോമപൂജാദികള്‍ ആഘോഷമായി നടത്തി ആരംഭിച്ചത്. സ്വാമിക്ക് പിന്നില്‍ കൈകൂപ്പി കണ്ണടച്ചിരിക്കുന്ന ദിഗ്‌വിജയ്‌ന്റെ ചിത്രം മാധ്യമങ്ങള്‍ ആഘോഷിച്ചു. തീര്‍ന്നില്ല. താനൊരു കറകളഞ്ഞ ഹിന്ദുവാണെന്ന് ഏതാണ്ടെല്ലാ പ്രസംഗങ്ങളിലും ദിഗ്‌വിജയ് ആവര്‍ത്തിച്ചു. വീട്ടിലെ അമ്പലങ്ങളുടെയും കെടാവിളക്കുകളുടെയും എണ്ണം എടുത്തുപറഞ്ഞു. പ്രഗ്യ എന്ന രാഷ്ട്രീയത്തിലെ ഇളമുറയെ നേരിടാന്‍ ദിഗ്‌വിജയ് എന്ന മുതിര്‍ന്ന പൊളിറ്റീഷ്യന്‍ പ്രയോഗിച്ചത് പ്രഗ്യയുടെ അതേ ആയുധത്തെ. പ്രഗ്യയും പ്രഗ്യയുടെ പാര്‍ട്ടിയും ചേര്‍ന്ന് അമ്പേ പിളര്‍ത്തിക്കളഞ്ഞ ഒരു സമൂഹത്തെ ഒന്നിപ്പിച്ച് വോട്ട് കൊയ്യാനല്ല, മറിച്ച് ആ പിളര്‍പ്പില്‍ നിന്ന് കുതിച്ച ചോരയില്‍ മുന്തിയ പങ്ക് തേടാനാണ് ദിഗ്‌വിജയ് തീരുമാനിച്ചത്. കോണ്‍ഗ്രസ് തീരുമാനിച്ചത്, ഫലം വന്നപ്പോള്‍ എന്തുണ്ടായി? ആകെ പോള്‍ ചെയ്ത വോട്ടിന്റെ 61.54 ശതമാനം നേടി പ്രഗ്യ എന്ന പുതുമുഖം ദിഗ്‌വിജയിനെ തറപറ്റിച്ചു.

കോണ്‍ഗ്രസ് എങ്ങനെ നിലം പൊത്തി എന്ന ചര്‍ച്ചകളാണ് ചുറ്റും കൂലംകഷമായി നടക്കുന്നത് എന്ന് അറിയാമല്ലോ? രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു തിരിച്ചുവരവും മാന്യമായ നിലയും കോണ്‍ഗ്രസിനുണ്ടാവും എന്നായിരുന്നല്ലോ നമ്മള്‍ കരുതിയത്. ഇതേ പംക്തിയില്‍ രാജ്യത്തെ രാഹുല്‍ ചലനങ്ങളെ നാം പലവുരു ഇഴകീറിയിരുന്നല്ലോ? അതിലെല്ലാം നമ്മള്‍ എത്തിച്ചേര്‍ന്ന നിഗമനം തീവ്രഹിന്ദുത്വക്കെതിരില്‍ ജനവികാരം ഉയരുമെന്നാണല്ലോ? പാതകളില്‍ പൊടിഞ്ഞ കര്‍ഷകരുടെ ചോര കണക്കുചോദിക്കുമെന്നാണല്ലോ നാം കരുതിയത്. ചരിത്രത്തില്‍ നിന്ന് അത്തരം കണക്കുചോദിക്കലുകളെ ഒന്നൊന്നായി നാം ഓര്‍മിച്ചിരുന്നുവല്ലോ? നോട്ട് നിരോധനം കൊണ്ട് വഴിമുട്ടിയ പാവം മനുഷ്യര്‍ തെരുവിലിറങ്ങി നടത്തിയ വിലാപങ്ങള്‍ സര്‍ക്കാരിനെ വലിച്ചിടാന്‍ തക്ക കരുത്തുള്ളതാണെന്നും നമ്മള്‍ കരുതി. കത്‌വയിലെ പെണ്‍കുട്ടിയുടെ കീറിപ്പറിഞ്ഞ ശരീരം ഭരണത്തെ കത്തിച്ചുകളയുമെന്ന് നമ്മള്‍ കരുതി. ഊതിവീര്‍പ്പിക്കുന്ന ദേശീയത വ്യാജമാണെന്നും അത് ജനത തിരിച്ചറിയുമെന്നും നമ്മള്‍ പ്രവചിച്ചു. ഗുജറാത്തില്‍ ഉയര്‍ന്ന മഹാപ്രതിമ അഹന്തയുടെ അടയാളമായി ജനത കണക്കാക്കുമെന്നും പ്രതികാരം ചെയ്യുമെന്നും നമ്മള്‍ പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയില്‍ അഖിലേഷും മായാവതിയും കോര്‍ത്ത കൈ കരുത്തുകാട്ടുമെന്നും നമ്മള്‍ കരുതി. ആ കൈകോര്‍ക്കലിനോട് മുട്ടുന്യായം പറഞ്ഞ് മുഖം തിരിച്ച കോണ്‍ഗ്രസിന്റേത് താല്‍ക്കാലിക വീഴ്ച മാത്രമാണെന്നും രാഹുല്‍ എന്ന നീതിബോധവും ജനാധിപത്യവുമുള്ള ചെറുപ്പക്കാരന്‍ അത്ഭുതങ്ങള്‍ കാട്ടുമെന്നും നമ്മള്‍ കരുതി. അതിലുപരി നമ്മുടെ കരുതലുകളെല്ലാം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിന്റെയും കരുതലുകളാണെന്നും ജനങ്ങള്‍ക്കിടയിലേക്ക് ആഴത്തിലിറങ്ങി അക്കാര്യങ്ങള്‍ അവര്‍ പറയുന്നുണ്ടെന്നും ജനങ്ങളോട് സത്യത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നുണ്ടെന്നും നാം കരുതി.

നമുക്ക് ആഴത്തില്‍ തെറ്റിപ്പോയി എന്നാണ് ദിഗ്‌വിജയ് സിംഗിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തെളിവ് തരുന്നത്. എല്ലാ കുറ്റകൃത്യങ്ങളും തെളിവിന്റെ ഏതെങ്കിലും കണികകളെ കൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിക്കും. കോണ്‍ഗ്രസ് ഉപേക്ഷിച്ച തെളിവാണ് ഭോപ്പാല്‍. അഥവാ ഉഗ്രമായ ഒരു വിജയത്തിലേക്ക് ഒരു പരാജിത സര്‍ക്കാര്‍ അവരോധിക്കപ്പെട്ടത് എങ്ങനെ എന്നതിന്റെ സാക്ഷിമൊഴിയാണ് ഭോപ്പാല്‍. രാജ്യം കടന്നുപോയ കഠിനകാലങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും വിളിച്ചുപറയുകയും ചെയ്ത മനുഷ്യരുടെ വാക്കുകളെ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു എന്ന് മാത്രമല്ല, ആ മനുഷ്യരും സംഘങ്ങളും അരുത് എന്ന് പറഞ്ഞതൊക്കെ പ്രതിപക്ഷം ജനങ്ങളോട് ചെയ്യുകയും ചെയ്തു. ഭോപ്പാലില്‍ കണ്ടത് അതിന്റെ ഒരു സാമ്പിളാണ്.

പകരം ഭരണകക്ഷിയോ? നമുക്ക് അറിയും പോലെ ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സുസംഘടിതമായ ഒരു രാഷ്ട്രീയ സംഘടനയാണ്. നമുക്ക് മുന്നില്‍ ദൃശ്യതയുള്ള ആ സംവിധാനം കഴിഞ്ഞ അഞ്ചുവര്‍ഷമായി കഠിനമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകുന്നുണ്ട്. ചെന്നുകയറാന്‍ കഴിയാത്ത ഇടങ്ങളില്‍ ഒരു അധിനിവേശ സേനയുടെ ശരീരഭാഷയുമായി കടന്നുചെല്ലുന്നുണ്ട്. ത്രിപുര പോലുള്ള കമ്യൂണിസ്റ്റ് കോട്ടയെ കൃത്യമായി പിളര്‍ത്തിയെടുക്കുന്നുണ്ട്. എല്ലാറ്റിനും പിന്നില്‍ അദൃശ്യമായി, അതിശക്തമായി ആര്‍.എസ.്എസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേഡര്‍ സംഘടനയുണ്ട്. വാസ്തവത്തില്‍ നാം ഇനിയും മനസിലാക്കേണ്ട ഒരു കാര്യം ബി.ജെ.പി എന്ന വലിയ രാഷ്ട്രീയ പാര്‍ട്ടി ആര്‍.എസ്.എസ് എന്ന, അദൃശ്യമായിരിക്കാന്‍ അപാരമായ കരുത്തുള്ള ഒരു മിലിട്ടന്റ് സംഘടനയുടെ നിഴലാണ് എന്നാണ്. മനസിലാക്കിയിട്ടില്ല എന്നല്ല, വേണ്ടത്ര മനസിലാക്കിയിട്ടില്ല എന്നാണ് പറഞ്ഞത്. നിഴലിനോടാണ് പോരാടുന്നതെന്ന് മനസിലാക്കിയാല്‍ നിഴലിനെ മാത്രം ചെറുക്കുന്നതില്‍ അര്‍ഥമില്ല എന്ന് മനസിലാവും. അപ്പോള്‍ ഇരട്ടപ്രഹരം വേണ്ടിവരും. നിഴലിനോടുള്ള യുദ്ധങ്ങള്‍ ജയിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസും മഹാസഖ്യവും നിഴലിനോട് യുദ്ധം ചെയ്യുകയും നിഴലുടമയോട് സന്ധിയാവുകയും ചെയ്തു.
കോണ്‍ഗ്രസിനെ തോല്‍പിച്ചത് പക്ഷേ, അത് മാത്രമല്ല. രാഹുല്‍ ഒറ്റക്കായതുമല്ല. മറിച്ച്, കോണ്‍ഗ്രസിനെ തോല്‍പിച്ചതും ബി.ജെ.പിയെ അതിശക്തമായി അവരോധിച്ചതും ഇവിടത്തെ രാഷ്ട്രീയം പറഞ്ഞിരുന്ന മനുഷ്യരും മാധ്യമങ്ങളും കൂടിയാണ്. അവരുടെ എല്ലാ വിശകലനങ്ങളും, ഈ പംക്തിയിലേതടക്കം പലപ്പോഴും ദയനീയമായി ഉപരിപ്ലവമായി. ഉദാഹരണമാണ് കര്‍ഷക പ്രതിരോധം. ജീവിതം ഭയാനകമായി വഴിമുട്ടിയപ്പോഴാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. മനുഷ്യര്‍ മഹാപ്രവാഹമായി. ലോകം മുഴുവന്‍ കണ്ണുകൂര്‍പ്പിച്ച ചിത്രങ്ങള്‍ ആ മഹാസമരത്തിന്റെ അടയാളമായി. ന്യൂസ് റൂമുകളും വിശകലന കേന്ദ്രങ്ങളും ബുദ്ധിജീവികളും ജാഗരൂകരായി. കേന്ദ്രസര്‍ക്കാരിന്റെ അടിവേരിളകുന്നു എന്ന പ്രതീതി ഉണ്ടായി. സമരം കഴിഞ്ഞു. മാധ്യമങ്ങള്‍ മറ്റ് വാര്‍ത്തകളിലേക്ക് ചേക്കേറി. തിരിച്ച് നാടുകളിലേക്ക് പോയ കര്‍ഷകര്‍ പിന്നീട് എന്തുചെയ്യുന്നു എന്ന് ആരും പരിശോധിച്ചില്ല. പക്ഷേ, സംഘപരിവാര്‍ അവരിലേക്ക് ചെന്നു. അവരുടെ രോഷം വോട്ടാവരുത് എന്ന് കരുതിത്തന്നെ ചെന്നു. പാവം മനുഷ്യരാണ്. വഴിമുട്ടിയ ജീവിതം ഒന്ന് മാത്രമാണ് അവരെ തെരുവിലിറക്കിയത്. ചെറിയ ചില ഗിമ്മിക്കുകളും കൈത്താങ്ങുകളും അവരെ കൃഷിയിടത്തേക്കും ജാതിയും മതവുമുള്ള വീട്ടകങ്ങളിലേക്കും മടക്കി അയക്കുമെന്ന് സംഘപരിവാര്‍ മനസിലാക്കി. അല്ല, നിങ്ങളുടെ പ്രശ്‌നം അങ്ങനെയല്ല പരിഹരിക്കേണ്ടത് എന്ന് അവരോട് പറയാന്‍ പ്രതിപക്ഷം ചെന്നതുമില്ല.
ബി.ജെ.പി വെറുതെ ചെല്ലുകയായിരുന്നില്ല. കിസാന്‍ സമ്മാനുമായി ചെല്ലുകയായിരുന്നു. ഒരു ഗതിയുമില്ലാത്ത മനുഷ്യര്‍ക്ക് 2000 രൂപ വലുതാണല്ലോ? ഫലം എന്തായിരുന്നു? ആ രോഷം ശമിപ്പിക്കപ്പെട്ടു. ഉദാഹരണങ്ങള്‍ നോക്കാം. മഹാരാഷ്ട്രയിലെ ദിന്‍ഡോറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. പ്രദേശമാകെ കര്‍ഷകരോഷത്താല്‍ കലുഷിതമായിരുന്നു. ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ഡലം. സി.പി.എമ്മിന് ഒരു ലക്ഷം വോട്ടുണ്ട് അവിടെ. ഇത്തവണ ദിന്‍ഡോര്‍ തിരഞ്ഞെടുത്തത് ബി.ജെ.പിയുടെ ഡോ. ഭാരതി പ്രവീണ്‍ പവാറിനെയാണ്. എന്‍.സി.പിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഭാരതി തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പാണ് അതിനാടകീയമായി ബി.ജെ.പിയില്‍ എത്തിയത്. അതൊന്നും ദരിദ്രകര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ദിന്‍ഡോറിന് പ്രശ്‌നമായില്ല. 49.9 ശതമാനം വോട്ട് നല്‍കിയാണ് കര്‍ഷകര്‍ ദിന്‍ഡോറില്‍ ഭാരതിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞില്ല. മധ്യപ്രദേശിലെ മാന്‍ഡ്‌സോറിനെ ഓര്‍മയില്ലേ? കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവെച്ച മാന്‍ഡ് സോര്‍. മാന്‍ഡ് സോര്‍ ബി.ജെ.പിയുടെ സുധീര്‍ ഗുപ്ത നിലനിര്‍ത്തി.
കാര്യം ലളിതമാണ്. ബി.ജെ.പിയും സംഘപരിവാറും വര്‍ഗീയത പറഞ്ഞു പ്രചരിപ്പിച്ചു ജനങ്ങളെ പിളര്‍ത്തി. അതോടെ രാജ്യത്തെ മുഴുവന്‍ ബി.ജെ.പി ഇതരരും വര്‍ഗീയതയില്‍ ചര്‍ച്ചയെ കെട്ടിയിട്ടു. കോണ്‍ഗ്രസ് ഒരു പടി കടന്ന് കുറേക്കൂടി മുന്തിയ വര്‍ഗീയത കളിച്ചു. പക്ഷേ, ബി.ജെ.പി വര്‍ഗീയതക്കൊപ്പം മറ്റ് പലതും ചെയ്തിരുന്നു. ദ ഹിന്ദുവും ലോക് നീതിയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പറയും പോലെ ബലാക്കോട്ടിനെ കുറിച്ച് മിക്ക ഗ്രാമീണരും കേട്ടിട്ടുണ്ട്. ബലാക്കോട്ടിന് നേതൃത്വം നല്‍കിയ മോഡിയെ അവര്‍ക്കിഷ്ടമാണ്. ആ ഇഷ്ടം സൃഷ്ടിക്കാന്‍ കച്ചകെട്ടിയ ഒരു സംഘടനാ സംവിധാനത്തോടാണ് പ്രതിപക്ഷത്തിന്റെ തട്ടിക്കൂട്ട് മുന്നണി യുദ്ധത്തിനിറങ്ങിയത്. ഭാവിയില്‍ ജയിക്കേണ്ട ഒരു ചതുരംഗത്തിന് അഞ്ചാണ്ട് മുന്നേ കരുനീക്കം തുടങ്ങി ബി.ജെ.പി എന്നത് ആരും കാര്യമായി എടുത്തില്ല.
ആ കരുനീക്കങ്ങള്‍ വിശദീകരിക്കണമെങ്കില്‍ കേരളത്തിലേക്ക് നോക്കിയാല്‍ മതി. എന്തുകൊണ്ട് കേരളത്തില്‍ ബി.ജെ.പി കൊടും വളര്‍ച്ച നേടുന്നില്ല എന്ന് തര്‍ക്കിക്കുമ്പോഴൊക്കെ നവോത്ഥാനം മുതല്‍ നാരായണ ഗുരു വരെയാണ് നമ്മുടെ മറുപടി. അതില്‍ വസ്തുത ഉണ്ട് താനും. പക്ഷേ, എത്ര കൃത്യമായാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തില്‍ ബി.ജെ.പി സ്ഥാനപ്പെട്ടതെന്ന് കാണാതിരുന്നുകൂടാ. സൈബര്‍ ലോകത്തെ സംഘിവല്‍കരണത്തെ ഭയന്ന് പറയാതെ പോയ സത്യങ്ങള്‍ പലതാണ്. പക്ഷേ, പറഞ്ഞേ പറ്റൂ. കൃത്യമായി, ഘടനാപരമായി വളരുന്ന വോട്ട് വിഹിതം ബി.ജെ.പിക്ക് മാത്രമേ ഉള്ളൂ. സംഘപരിവാര്‍ ആസൂത്രിതമായി നടപ്പാക്കിയതാണ് ശബരിമല പദ്ധതി. അത് ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയല്ല. ശബരിമലയില്‍ നിന്ന് തീവ്രഹിന്ദുത്വ നടത്തിയ വിളവെടുപ്പിന്റെ ഫലമാണ് കേരളത്തില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകള്‍. നരേന്ദ്രമോഡി സര്‍ക്കാരിെനതിരില്‍ കടുത്ത പ്രചാരണം നടന്ന കേരളത്തില്‍, കോണ്‍ഗ്രസ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ശബരിമലയല്ലാതെ മറ്റൊരു ഘടകവും ബി.ജെ.പിക്ക് ഇല്ലായിരുന്നു. ആ ഘടകത്തിന്റെ ഒറ്റ ബലത്തില്‍ അവര്‍ വോട്ട് ചോദിച്ചു. വോട്ട് കിട്ടി. ഇപ്പോള്‍ അവരുടെ പെട്ടിയിലുള്ള ആ വോട്ടുകള്‍ കേരളത്തിലെ അവരുടെ സ്ഥിരനിക്ഷേപമാണ്. ജയിക്കാന്‍ അതുപോരാ എന്ന് ത്രിപുര പിടിക്കുകയും ബംഗാളില്‍ സി.പി.എമ്മിനെ തുടച്ച് നീക്കി ്രപതിപക്ഷമാവുകയും ചെയ്ത അവര്‍ക്ക് നന്നായറിയാം. ആ ജയിക്കാനുള്ള വോട്ടുകള്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ കയ്യിലാണ്. നിങ്ങള്‍ക്കറിയുന്നത് പോലെ ആ വോട്ടുകള്‍ വലിയ തോതില്‍ ചാഞ്ചാട്ട സ്വഭാവമുള്ളതാണ്. കടുത്ത കക്ഷി രാഷ്ട്രീയമുള്ള പാര്‍ട്ടി വോട്ടുകളല്ല അത്. അതില്‍ ഭൂരിപക്ഷവും സി.പി.എമ്മിനോടുള്ള എതിര്‍പ്പും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ ഉണ്ടാക്കിയേക്കും എന്നുള്ള പ്രതീക്ഷയും നിമിത്തം കടുത്ത കക്ഷിഭേദമില്ലാത്തവര്‍ നല്‍കിയ വോട്ടാണ്. ശബരിമലയിലെ വിശ്വാസപ്രശ്‌നത്തില്‍ കടുത്ത നിലപാടെടുത്ത സി.പി.എമ്മിനോട് ഹിന്ദു ഇതര വിശ്വാസി സമൂഹത്തിന് തോന്നിയ ആശങ്കയും ആ വോട്ടുകള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാ മതസമൂഹവും യുക്തികൊണ്ട് അളക്കാന്‍ സാധിക്കാത്ത, നിയമം കൊണ്ട് തടയാന്‍ സാധിക്കാത്ത പലതരം ആചാരങ്ങളാല്‍ ബന്ധിതമാണ്. അഥവാ അത്തരം ആചാരങ്ങളും ശീലങ്ങളും നമ്മുടെ ജനാധിപത്യ ബഹുസ്വരതയുടെ കാതലാണ്. ആ കാതല്‍ തകരുമെന്ന ഭീതി സി.പി.എമ്മിനെതിരെ വോട്ടായുധമെടുക്കാന്‍ ആ കക്ഷിഭേദരെ പ്രേരിപ്പിച്ചിട്ടുണ്ട്. തരംഗം സൃഷ്ടിക്കാന്‍ ആ വോട്ട് മാത്രം മതി. അവരെ നോട്ടമിട്ടാവും ഇനി സംഘപരിവാര്‍ കളത്തിലിറങ്ങുക. അതിനായി ബി.ജെ.പി സംസ്ഥാന ഘടകത്തെ അടിമുടി മാറ്റിയാലും അത്ഭുതപ്പെടേണ്ട.
അതായത് കേരളത്തിലെ തീവ്രവര്‍ഗീയ മനസുകളെ ശബരിമല മുന്‍നിര്‍ത്തി സംഘപരിവാര്‍ ധ്രുവീകരിച്ച് കഴിഞ്ഞു. ബാക്കിയുള്ള, ഇപ്പോഴത്തെ കേരള തരംഗത്തിന് കാരണക്കാരായ, കഠിനമായ കക്ഷിഭേദം ഇല്ലാത്തവരെ പലതരം പദ്ധതികളിലൂടെ അവര്‍ പര്‍ച്ചേസ് ചെയ്യാന്‍ ശ്രമിക്കും. കൂടുതലും മധ്യവര്‍ഗമാണ്. ത്രിപുരയിലും ബംഗാളിലും തുടര്‍ന്ന വിട്ടുവീഴ്ചയില്ലായ്മയുടെ അതേ നിലയാണ് സി.പി.എം സ്വീകരിക്കുന്നതെങ്കില്‍ അവര്‍ക്ക് വഴി എളുപ്പമാകും. വ്യക്തി പ്രഭാവത്തെ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയം, അതും ഭൂരിപക്ഷ മതത്തെ പ്രയോഗിക്കുന്ന രാഷ്ട്രീയം കളം പിടിക്കാനിറങ്ങിയാല്‍ കളി അത്ര നിസ്സാരമാവില്ല. പക്ഷേ, കഴിഞ്ഞ അഞ്ചാണ്ടില്‍ ബി.ജെ.പി സംഘടനാസംവിധാനത്തെ ചലിപ്പിച്ചതുപോലെ താഴേത്തട്ടില്‍ നിന്ന് സംഘടനകള്‍ ചലിച്ചു തുടങ്ങുകയും അടിസ്ഥാന പ്രശ്‌നങ്ങളെ മനസിലാക്കി കൊടുക്കുകയും ചെയ്താല്‍ ഇപ്പോഴത്തെ പ്രഭാവം അഞ്ചുകൊല്ലം കൊണ്ട് ചാമ്പലാവും. കാരണം ഭരിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും കോര്‍പറേറ്റുകളുടെ പിടിയിലാണ് ഭരണമെന്നും നമുക്കറിയാം. അതേ കോര്‍പറേറ്റുകള്‍ ഇടയാന്‍ അധികം കാരണങ്ങളും വേണ്ട. ദേശീയതയും യുദ്ധവീര്യവും കൊണ്ട് ഒരു ഭരണകൂടവും ചിരകാലം വാഴില്ല. പക്ഷേ, അതിന് തക്ക സംഘടനാശേഷിയും നേതൃപാടവവും ആര്‍ക്കുണ്ട് എന്നതാണ് ചോദ്യം.
ഒരു കാര്യം ഉറപ്പാണ്: തോല്‍വി ചരിത്രത്തിന്റെ അന്ത്യമാണെന്ന് കരുതേണ്ടതില്ല; കോണ്‍ഗ്രസും ആരും തന്നെയും. മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച പ്രഗ്യയെ നിന്നനില്‍പില്‍ ബി.ജെ.പിക്ക് തിരുത്തിക്കേണ്ടി വന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ അല്‍പം പോറലുണ്ടെങ്കിലും ( പോറല്‍ എല്ലാ സാമ്രാജ്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.) നാട്ടിലുണ്ട്. സുപ്രീംകോടതി ഇടിച്ചുനിരത്തും വരെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം ( ബേസിക് സ്ട്രക്ചര്‍) മാറ്റാന്‍ കഴിയില്ല. സംശയമുള്ളവര്‍ക്ക് കേശവാനന്ദ ഭാരതി കേസ് വായിച്ച് നോക്കാം. 540 സീറ്റ് നേടി അധികാരത്തില്‍ വന്നാലും ഭരണഘടനയുടെ അടിസ്ഥാന ശില എന്ന് പരിഗണിക്കുന്ന ഒന്നും തൊടാന്‍ കഴിയില്ല. ജുഡീഷ്യറിയുടെ സ്വതന്ത്രത ഭരണഘടനയുടെ അടിസ്ഥാന ശിലയാണ്. അതിനാല്‍ സമരങ്ങള്‍ തുടരുക തന്നെ ചെയ്യും. ലോകചരിത്രത്തില്‍ എമ്പാടും ഇത്തരം പരിതാവസ്ഥകളിലൂടെ എല്ലാ രാഷ്ട്രങ്ങളും കടന്നുപോയിട്ടുണ്ട്. അവിടെയൊക്കെ തിരുത്തപ്പെട്ടിട്ടുണ്ട്. ചരിത്രം മെയ് 23 ന് അവസാനിക്കുന്ന കലണ്ടറല്ല.

കെ കെ ജോഷി

You must be logged in to post a comment Login