മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

മുറിവുണങ്ങാത്ത രാജ്യത്തോട് അന്ന് നെഹ്‌റു പറഞ്ഞത്

‘ഇന്ത്യന്‍ മുസ്‌ലിം’ എക്കാലത്തും വലിയൊരു പാഠമാണ്; ആഗോള ഇസ്‌ലാമിന്. ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന് നടുവില്‍ സ്വന്തം സ്വത്വവും വിശ്വാസപ്രമാണവും മുറുകെ പിടിച്ച്, മറ്റേത് പൗരനെയും പോലെ ജീവിച്ചുമരിക്കുന്ന അവന്റെ അതിജീവനതന്ത്രം വലിയ ഗവേഷണങ്ങള്‍ക്കും സാമൂഹിക ശാസ്ത്രജ്ഞരുടെ ആഴത്തിലുള്ള പഠനങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ഫലം മേയ് 23ന് പുറത്തുവന്ന ശേഷം മാധ്യമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ചര്‍ച്ചകളുടെ ഊന്നല്‍ രണ്ടു വിഷയങ്ങളിലാണ്. ഒന്ന്, ഒരു ബഹുസ്വരസമൂഹത്തിന്റെ ഭരണഘടനാ അടിത്തറയായ മതേതരത്വത്തിന്റെ ഭാവി, മാറിയ രാഷ്ട്രീയകാലാവസ്ഥയില്‍ സുരക്ഷിതമാണോ? സെക്കുലര്‍ പാതയിലൂടെ രാജ്യത്തിന് ഇനിയും സഞ്ചരിക്കാന്‍ സാധിക്കുമെന്ന് വല്ല പ്രതീക്ഷയും വെച്ചുപുലര്‍ത്തുന്നതില്‍ വല്ല അര്‍ഥവുമുണ്ടോ? മതേതരത്വത്തിനു പകലറുതി സംഭവിച്ചുകഴിഞ്ഞെന്നും ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞെന്നും ചരിത്രകാരനും രാഷ്ട്രീയനിരീക്ഷകനുമായ രാമചന്ദ്രഗുഹയെ പോലുള്ളവര്‍ വിധി എഴുതിക്കഴിഞ്ഞിരിക്കയാണ്. എന്നല്ല, 20കോടിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ ഭാവിയെ കുറിച്ച് പല കോണുകളില്‍നിന്നും ഭയാശങ്കകള്‍ ഉയരുന്നുണ്ട്. മാറിയ കാലാവസ്ഥയില്‍, മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമൊക്കെ ഏത് ദിശയിലൂടെയാണ് സഞ്ചരിക്കേണ്ടത് എന്ന് ഉപദേശിക്കുന്ന എണ്ണമറ്റ നിര്‍ദേശങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കയാണ്.

2014ല്‍ നരേന്ദ്രമോഡി ആദ്യമായി രാജ്യാധികാരം പിടിച്ചടക്കിയപ്പോള്‍, അതൊരു ആകസ്മിക രാഷ്ട്രീയ മാറ്റമായി കണ്ടവര്‍, വന്‍ഭൂരിപക്ഷത്തോടെയുള്ള രണ്ടാംവരവിനെ കടുത്ത ഉത്ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. സ്വാതന്ത്ര്യാനന്തരം, കഴിഞ്ഞ എഴുപത് വര്‍ഷത്തെ ജീവിതാനുഭവങ്ങളിലൂടെ, നാം പോഷിപ്പിച്ചെടുത്ത ഇന്ത്യ എന്ന ആശയം തത്വത്തില്‍ രാജ്യം നിരാകരിച്ചുകഴിഞ്ഞുവെന്നും വി.ഡി. സവര്‍ക്കറും ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറും വിഭാവന ചെയ്ത ഹിന്ദുത്വ സിദ്ധാന്തത്തിലേക്ക് ഭൂരിപക്ഷസമൂഹത്തിലെ ഭൂരിപക്ഷം പേരും ചിന്താപരമായി മാറിക്കഴിഞ്ഞുവെന്നുമാണ് രാമചന്ദ്രഗുഹയെ പോലുള്ളവര്‍ വേദനയോടെ എടുത്തുകാണിക്കുന്നത്. നമ്മുടെ മതേതരസംവിധാനത്തിന് ഇതുവരെ ഗ്യാരന്റി പ്രഖ്യാപിച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി എന്ന ഞെട്ടിപ്പിക്കുന്ന വിലയിരുത്തല്‍ അതിശയോക്തിപരമല്ല. വിഖ്യാത രാഷ്ട്രീയ ചിന്തകന്‍ സ്റ്റീവന്‍ വില്‍ക്കിന്‍സണ്‍ 2008ല്‍ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം’കളെ കുറിച്ച് എഴുതിയ പ്രബന്ധത്തില്‍ ഇന്ത്യ ഹിന്ദുരാജ്യമായി പരിവര്‍ത്തിതമാകാനും മുസ്‌ലിംകള്‍ ശാശ്വതമായി രണ്ടാം കിട പൗരന്മാരായി തരം താഴ്ത്തപ്പെടാനുമുള്ള സാധ്യത നിരാകരിക്കാന്‍ ധൈര്യം കാണിച്ചത് എന്തുമാത്രം പ്രകോപനങ്ങളും പ്രലോഭനങ്ങളുമുണ്ടായാലും ചില അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് ഇന്ത്യന്‍ ജനത പൂര്‍ണമായും വ്യതിചലിക്കില്ല എന്ന കണക്കുകൂട്ടലിന്റെ പുറത്തായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. മതേതരത്വം, ബഹുസ്വരത എന്നിത്യാദി സംജ്ഞകള്‍ കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷസമുദായത്തിലെ ഭൂരിപക്ഷത്തിന് ഓക്കാനും വരുന്ന അവസ്ഥയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. ഭരണഘടനയില്‍ എഴുതിവെക്കപ്പെട്ടിട്ടുണ്ടെങ്കിലും സെക്കുലറിസം എന്ന പദം ഇന്ന് രാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് ആരും വലിച്ചിഴച്ചുകൊണ്ടുവരാറില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോഡി തന്നെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധിച്ചില്ലേ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരു പാര്‍ട്ടിയും ഒരു നേതാവും സെക്കുലറിസം എന്ന് വാക്ക് ഉരിയാടിയില്ലല്ലോ എന്ന്. എഴുത്തുകാരനും ചിന്തകനുമായ ആനന്ദ്, ഇന്ത്യയുടെ രാഷ്ട്രീയ പരിണാമദശകളെ ആഴത്തില്‍ അപഗ്രഥിച്ച് എത്തിച്ചേരുന്ന ഞെട്ടിക്കുന്ന നിഗമനം ഇതാണ്: ”മുസ്‌ലിം ലീഗിന്റെ മതരാഷ്ട്രവാദത്തിന് സമാന്തരമായി തൊള്ളായിരത്തി ഇരുപതുകളില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുന്നോട്ടുവെച്ചതും സാമാന്യജനത അവഗണിച്ചതുമായ ഫാഷിസ്റ്റ് സ്റ്റേറ്റിന്റെ വികൃതരൂപം, പിന്‍വാതിലൂടെയല്ല, മുന്‍വാതിലിലൂടെ തന്നെ കടന്നുവന്നിരിക്കുന്നു” . എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന ചോദ്യത്തിന് ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും നമുക്ക് പറ്റിയ പാളിച്ചകളെ കുറിച്ചാണ് അദ്ദേഹം രോഷം കൊള്ളുന്നത്. മുഹമ്മദലി ജിന്ന മുസ്‌ലിംകളുടെ പേരില്‍ പാകിസ്താന്‍ നേടിയെടുത്ത് രാജ്യം വിഭജിച്ച് പോയപ്പോള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന് എളുപ്പമായിരുന്നു ഇന്ത്യയെ ഒരു ഹിന്ദുരാജ്യമായി മാറ്റിയെടുക്കാന്‍. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ പോലുള്ളവര്‍ അങ്ങനെയൊരു സ്വപ്‌നം കൊണ്ടുനടക്കുന്നുണ്ടായിരുന്നു. പക്ഷേ, നെഹ്‌റു ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറാനുള്ള സാധ്യത മുന്നില്‍ കണ്ട് എതിര്‍പ്പിന്റെ പ്രതിരോധ കവചം തീര്‍ത്തു. അതിനു വേണ്ടി വാദിക്കുന്നവരെ ശക്തമായി നേരിട്ടു. അതിനായി രാഷ്ട്രീയ നിലപാടുകളെടുത്തേക്കാമെന്ന് അദ്ദേഹത്തിന് തോന്നിയ വ്യക്തി കോണ്‍ഗ്രസ് പ്രസിഡന്റാവുന്നത് പോലും അദ്ദേഹം ആദര്‍ശപോരാട്ടത്തിലൂടെ തടഞ്ഞുനിര്‍ത്തി. അങ്ങനെയാണ് , തനി ഹിന്ദുയാഥാസ്ഥിതികനും വര്‍ഗീയവാദിയും ‘താടിക്കാരനുമായ’ പുരുഷോത്തംദാസ് ടാണ്ടന്‍ 1950ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നെഹ്‌റു എതിര്‍ത്തതും അദ്ദേഹത്തെ കൊണ്ട് രാജിവെപ്പിച്ചതും. വിഭജനത്തിന്റെ മുറിപ്പാടുകളില്‍നിന്ന് ചോര കിനിഞ്ഞിറങ്ങിയ അഭിശപ്തമായ ആ കാലസന്ധിയില്‍ , 1947 ഒക്ടോബറില്‍, മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ മുസ്‌ലിംകളോട് എന്തു നിലപാടാണ് രാജ്യം സ്വീകരിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് നെഹ്‌റു എഴുതി:

കേന്ദ്രഗവണ്‍മെന്റ് മുസ്‌ലിംകളോട് പ്രീണനയ നയം സ്വീകരിക്കുകയാണെന്നും ഏതോ തരത്തില്‍ അവരുടെ മുന്നില്‍ ദുര്‍ബലമാവുകയാണെന്നുമുള്ള തോന്നല്‍ രാജ്യത്ത് പൊതുവായുണ്ട് എന്ന കാര്യം എനിക്കറിയാം. സംശയമില്ല, ഈ ചിന്ത ശുദ്ധഭോഷ്‌ക്കാണ്. പ്രീണനത്തിന്റെയോ ദൗര്‍ബല്യത്തിന്റെയോ ചോദ്യം തന്നെ ഉദിക്കുന്നില്ല. വലിയ അംഗസംഖ്യയുള്ള ഒരു മുസ്‌ലിം ന്യൂനപക്ഷമാണ് നമുക്കുള്ളത്. മറ്റെവിടുത്തേക്കെങ്കിലും പോകണമെന്ന് ആഗ്രഹിച്ചാല്‍ പോലും പോകാന്‍ സാധിക്കാത്തവരാണവര്‍. അവര്‍ ഇന്ത്യയില്‍ തന്നെയാണ് ജീവിക്കേണ്ടത്. വാദപ്രതിവാദത്തിന് ഇടമില്ലാത്ത വിധം ഇത് ഒരടിസ്ഥാന വസ്തുതയാണ്. പാകിസ്താനില്‍നിന്ന് എന്തു പ്രകോപനങ്ങളുണ്ടായാലും അവിടുത്തെ മുസ്‌ലിമിതര വിഭാഗങ്ങള്‍ക്ക് എത്രമാത്രം അപമാനവും ഭീതിയും നേരിടേണ്ടിവന്നാലും ഇവിടുത്തെ ന്യൂനപക്ഷങ്ങളെ പരിഷ്‌കൃതരീതിയില്‍ തന്നെ പരിഗണിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യരാജ്യത്തിലെ പൗരന്മാര്‍ക്ക് ലഭിക്കേണ്ട എല്ലാ സംരക്ഷണവും അവകാശങ്ങളും അവര്‍ക്ക് നമ്മള്‍ നല്‍കണ്ടേതുണ്ട്’. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുള്ള സെക്കുലര്‍ മാനിഫെസ്റ്റോയാണ് നെഹ്‌റു മുഖ്യമന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിച്ചത്. ബഹുസ്വര സമൂഹത്തില്‍ മതേതര മൂല്യങ്ങള്‍ എങ്ങനെ നട്ടുനനച്ചുവളര്‍ത്തണമെന്ന് പഠിപ്പിക്കുകയായിരുന്നു ആ ക്രാന്തദര്‍ശി? ഗാന്ധിജിയും മുസ്‌ലിംകള്‍ക്ക് ഉറപ്പുനല്‍കി, അന്തസ്സാര്‍ന്ന അസ്തിത്വം ഉറപ്പുനല്‍കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ട് എന്ന്. നീതിപൂര്‍വവും മാന്യവുമായ സമീപനം ഉണ്ടായാലേ നിങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറേണ്ടതുള്ളൂവെന്ന് ഉപദേശിച്ച മഹാത്മജി, ഏതെങ്കിലും വിഭാഗത്തിന്റെ കോലായില്‍ ഞരങ്ങിജീവിക്കേണ്ടവരല്ല നിങ്ങളെന്ന് പലവട്ടം മുസ്‌ലിംകളെ ഓര്‍മപ്പെടുത്തി. ഈ മഹാരഥന്മാരുടെ ഉജ്വല ശബ്ദങ്ങള്‍ക്ക് മുന്നില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെയുമൊക്കെ വര്‍ഗീയ ഗീര്‍വാണങ്ങള്‍ മുങ്ങിപ്പോയി. അങ്ങനെ ജനാധിപത്യമാര്‍ഗത്തിലൂടെ നിശ്ശബ്ദമാക്കിയ കോലാഹലങ്ങളാണ് മാറ്റത്തിന്റെ പടഹധ്വനിയായി ഇപ്പോള്‍ രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും ദിഗന്തങ്ങള്‍ ഭേദിക്കുമാറ് പ്രതിധ്വനിക്കുന്നത്. നാമിതുവരെ താലോലിച്ച ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ അസ്തമയവും ഹിന്ദുത്വ എന്ന വിപദ്കരമായ സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണവും സംഗമിക്കുന്ന ഈ നാല്‍ക്കവല ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഋതുപ്പകര്‍ച്ചയുടെ കാലസന്ധി തന്നെ.

അര്‍ഥം നഷ്ടപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങള്‍
ഭൂരിപക്ഷം ആഗ്രഹിക്കുന്നത് ജനാധിപത്യ, മതേതര സംവിധാനമല്ല, മറിച്ച് ഹിന്ദുത്വ വിഭാവന ചെയ്യുന്ന സവര്‍ണമേല്‍ക്കോയ്മയും പൗരന്മാരുടെ തരംതിരിവുമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 303 ബി.ജെ.പി എംപിമാരില്‍ ഒരു മുസ്‌ലിം പോലുമില്ല എന്ന ജനാധിപത്യത്തിന്റെ മറവിലെ ക്രൂരകൃത്യം വോട്ടിനുവേണ്ടി ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശ്രയിക്കുന്നത് കൊണ്ട് മുസ്‌ലിം പൗരന്മാരെ എഴുതിത്തള്ളാന്‍ ആരും മുന്നോട്ടുവരില്ല എന്ന സിദ്ധാന്തത്തെയാണ് എഴുതിത്തള്ളിയത്. 436സീറ്റിലാണ് ബി.ജെ.പി മല്‍സരിച്ചത്. ആറ് മുസ്‌ലിംകളെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ( ജമ്മു-കശ്മീരില്‍ 3, പശ്ചിമ ബംഗാളില്‍ 2, ലക്ഷദ്വീപ് -1) ജയിക്കാന്‍ സാധ്യതയുള്ള ഒരു സീറ്റില്‍ പോലും ന്യൂനപക്ഷാംഗത്തെ നിറുത്തിയില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് ( എന്‍.ഡി.എ) മൊത്തം 353സീറ്റ് ലോക്‌സഭയില്‍ നേടാനായെങ്കിലും പേരിന് ഒരു മുസ്‌ലിം പ്രതിനിധിയാണുള്ളത്: രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയിലെ മഹബൂബ് അലി കെയ്‌സര്‍. 15ശതമാനം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം 4.7 ശതമാനമെങ്കിലും എത്തിയത് ശുഷ്‌ക്കമായ മതേതര പ്രതിപക്ഷം 25 അംഗങ്ങളെ തെരഞ്ഞെടുത്തത് കൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം സമൂഹത്തെ രാജ്യം ഭരിക്കുന്ന ബി.ജെ.പി ഇമ്മട്ടില്‍ ജനാധിപത്യപരമായി അപരവത്കരിച്ചപ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടുന്നുപോലുമില്ല എന്നാലോചിക്കുമ്പോഴാണ് ബഹുസ്വരതയുടെ വിശ്വാസപ്രമാണത്തെ ഏത് അപാരഗര്‍ത്തത്തിലാണ് വലിച്ചെറിഞ്ഞത് എന്ന ഭീകരസത്യം അഭിമുഖീകരിക്കേണ്ടിവരുന്നത്. 2014ല്‍ സമാനമായ സംഭവഗതിയെ നേരിടേണ്ടിവന്നപ്പോള്‍ ആകസ്മികം എന്ന് കരുതിയിടത്താണ് ഇത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് സമര്‍ഥിക്കപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ കയറിപ്പറ്റാന്‍ സൗഭാഗ്യം ലഭിച്ച മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്ന ശിയ നേതാവിന്റെ ചരിത്രപരമായ ജീവിത ദൗത്യത്തെ കൃത്യമായി അടയാളപ്പെടുത്തേണ്ടത് ഇവിടെയാണ്.
ഉത്തര്‍ പ്രദേശില്‍ ഹിന്ദുത്വയുടെ ഇരച്ചുകയറ്റം നേരിടാന്‍ മുസ്‌ലിംകളും യാദവന്മാരും ജാദവരും ബഹുജന്‍ വിഭാഗങ്ങളും കൈകോര്‍ത്തിട്ടും അര്‍ഥവത്തായ ഒരു ഫലവുമുണ്ടായില്ല എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമ്പോള്‍, ജനാധിപത്യ പാതയിലുള്ള വിശ്വാസമാണ് ന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത വിഭാഗത്തിനും നഷ്ടപ്പെടാന്‍ പോകുന്നത്. 1993ല്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും കൈകോര്‍ത്ത ചരിത്രനിമിഷത്തില്‍ ബി.ജെ.പിയുടെ കൈയില്‍നിന്ന് യു.പിയുടെ ഭരണച്ചെങ്കോല്‍ പിടിച്ചുവാങ്ങിയെങ്കില്‍ ഇത്തവണ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘മഹാഘട്ബന്ധന്’ കാര്യമായ ഫലപ്രാപ്തി കൈവരിക്കാനായില്ല. 80ലോക്‌സഭ സീറ്റില്‍ 15എണ്ണത്തില്‍ മാത്രമാണ് മഹാസഖ്യം വിജയിച്ചത്. മുസ്‌ലിംകള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിട്ടും സവര്‍ണനേതൃത്വത്തിന്നായിരുന്നു മേല്‍കൈ. അതോടെ എസ്.പി-ബി.എസ്.പി സഖ്യം പൊളിഞ്ഞുപാളീസായി. 19ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് പോലും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പറ്റാത്ത വിധം ‘പൊളിറ്റിക്കല്‍ എഞ്ചിനിയറിങ്’ വോട്ടിങ് രീതിയെ അട്ടിമറിച്ചിരിക്കുന്നു. പശ്ചിമബംഗാളിലെ ബി.ജെ.പി മുന്നേറ്റം ഞെട്ടിക്കുന്നതോടൊപ്പം അങ്ങേയറ്റം അപകടകരമായ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട് ബംഗനാട്ടിലെ പുതിയ സാമൂഹിക മാറ്റത്തിന്റെ പോക്ക്. 28ശതമാനം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ (യഥാര്‍ഥത്തില്‍ 35ശതമാനത്തോളം വരും എന്നാണ് അനൗപചാരിക കണക്ക് ) രാഷ്ട്രീയപരമായി വരിയുടച്ചിരിക്കയാണ് കാവിരാഷ്ട്രീയം ബംഗാളില്‍. മമത ബാനര്‍ജിക്ക് എതിരെ അവിടെ ഹിന്ദുവികാരം ഇളക്കിവിട്ട് ഞെട്ടിപ്പിക്കും വിധം വോട്ട് സമാഹരിച്ചത് മുസ്‌ലിംകളോട് മമത പ്രീണനം കാട്ടുന്നുവെന്ന ഉമ്മാക്കി കാട്ടിയാണ്. മുസ്‌ലിം പ്രീണനത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടിയത് ഇമാമുമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ക്ഷേത്രപൂജാരികള്‍ക്ക് അതിനേക്കാള്‍ ആകര്‍ഷകമായ ആനുകുല്യങ്ങള്‍ നടപ്പാക്കിയത് തമസ്‌കരിച്ചു എന്ന് മാത്രമല്ല, ഇമാമുമാരുടെ ആനുകൂല്യങ്ങള്‍ കോടതി തടഞ്ഞുവെച്ചത് പ്രചാരണത്തില്‍ തുറന്നുപറഞ്ഞില്ല. മുസ്‌ലിംകള്‍ പിന്തുണക്കുന്ന പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന ലജ്ജാവഹമായ അവസ്ഥയിലേക്ക് ഇടതു പുരോഗമന ചിന്തയുടെ ഈറ്റില്ലമായ വംഗനാട്ടില്‍ കാര്യങ്ങള്‍ വഷളായി എന്നതില്‍നിന്ന് തന്നെ മതത്തിന്റെ പേരിലുള്ള വിഭജനം ആര്‍.എസ്.എസ് എത്ര നിഷ്‌ക്കരുണമായാണ് നടപ്പാക്കിയതെന്ന് വ്യക്തമാവുന്നു.

മുസ്‌ലിംകളുടെ മുന്നിലെ വഴി
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് , വിശിഷ്യാ മുസ്‌ലിംകള്‍ക്ക് , ലഭിച്ചുകൊണ്ടിരിക്കുന്ന ഉപദേശങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സംഗതി, ഹിന്ദുത്വയുടെ ഇരച്ചുകയറ്റത്തില്‍ നഷ്ടപ്പെട്ട ജനാധിപത്യ-മതേതര മൂല്യങ്ങളും പാരസ്പര്യത്തിന്റെ ജീവിതമാതൃകകളും തിരിച്ചുപിടിക്കുന്നതിന് എന്തുചെയ്യണമെന്ന് മാര്‍ഗദര്‍ശനം നല്‍കുന്നതിനു പകരം, മാറിയ രാഷ്ട്രീയ-ഭരണ കാലാവസ്ഥക്കനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാന്‍ പരിശീലിക്കണമെന്ന താക്കീതാണ് പലര്‍ക്കും കൈമാറാനുള്ളത് എന്നതാണ്. അതോടൊപ്പം തന്നെ, പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മേയ് 25ന് , പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ ‘നയപ്രഖ്യാപന’ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മൊഴിഞ്ഞ ചില പരാമര്‍ശങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി, ഇനി ഒന്നും പേടിക്കാനില്ല എന്ന് ആശ്വസിപ്പിക്കുന്ന ചിലരെയും നമുക്ക് കാണാം. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച നമുക്കിനി എല്ലാവരുടെയും ‘വിശ്വാസം പിടിച്ചുപറ്റാന്‍’ യത്‌നിക്കേണ്ടതുണ്ട് എന്നാണ് മോഡി ഓര്‍മപ്പെടുത്തിയത്. പ്രതിപക്ഷത്താല്‍ ‘വഞ്ചിക്കപ്പെട്ട ‘ ന്യൂനപക്ഷത്തെ കുറിച്ചാണ് മോഡി കണ്ണീര്‍പൊഴിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ സദാ ഭീതിയില്‍നിര്‍ത്തി വഞ്ചിക്കുകയാണ്. ഇത്തരം വഞ്ചനക്ക് അറുതിയുണ്ടാവണം. ന്യൂനപക്ഷങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കാതെ സദാ പേടിപ്പിച്ച് തങ്ങളോടൊപ്പം നിറുത്തുന്ന വഞ്ചനാപരമായ സമീപനത്തിനു അറുതിവരുത്താനുള്ള മോഡിയുടെ ആഹ്വാനം സത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമായും കാപട്യത്തിന്റെ പ്രസ്താവമായും മാത്രമേ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് വിലയിരുത്താനാവൂ. ‘സബ്കാ സാത്, സബ്കാ വികാസ് എന്നതിനൊപ്പം സബ്കാ വിശ്വാസ്’ എന്നു കൂടി കൂട്ടിച്ചേര്‍ത്തു പുതിയൊരു പ്രവര്‍ത്തനസംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരുവാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കൊള്ളാം. പക്ഷേ, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേന്ദ്രഭരണമാവട്ടെ, അതിനു മുമ്പ് മുഖ്യമന്ത്രിയായിരിക്കെ കാഴ്ച വെച്ച ‘ഗുജറാത്ത് മോഡലാവട്ടെ, മോഡിയുടെ മേല്‍പറഞ്ഞ പ്രസ്താവം വസ്തുതകള്‍ക്ക് നിരക്കുന്നതോ സത്യസന്ധമോ അല്ലെന്ന് ഓര്‍മപ്പെടുത്തുന്നു. ഹിന്ദുത്വ ഭരണം പുറത്തെടുത്ത കിരാതവാഴ്ചകളാണ് ന്യൂനപക്ഷങ്ങളെ ഭയവിഹ്വലരാക്കിയത്. തീവ്രഹിന്ദുത്വക്ക് കൊടിപിടിക്കുന്ന മോഡി ഭരണമാണ് ന്യൂനപക്ഷങ്ങളെ അന്യവത്കരിക്കരിച്ചതും പല നഗരങ്ങളിലും പട്ടണങ്ങളിലും അവരെ ഗെറ്റോകളിലേക്ക് തള്ളിവിട്ടതും. അതിന്റെ മുന്തിയ ഉദാഹരണമാണ് ഗുജറാത്തിലെ മുസ്‌ലിംകളുടെ അവസ്ഥ. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളാണ് വര്‍ത്തമാനവ്യവഹാരങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിറഞ്ഞുനിന്നത്. ആള്‍ക്കൂട്ട കൊല അടക്കം എണ്ണമറ്റ അക്രമസംഭവങ്ങളുണ്ടായി. അതിനെ ന്യായീകരിക്കുന്ന തരത്തിലാണ് തലപ്പത്തിരിക്കുന്നവര്‍ പെരുമാറിയത്. പ്രധാനമന്ത്രിയടക്കം ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവര്‍ മൗനം ദീക്ഷിച്ചു. വരുംനാളുകളില്‍ മോഡിയില്‍നിന്ന് ന്യൂനപക്ഷങ്ങളോട് അനുഭാവ പൂര്‍ണമായ, മറ്റൊരു സമീപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വല്ല ന്യായവുമുണ്ടോ?
പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ പ്രസംഗം കേട്ട് ആവേശഭരിതരായാവണം, ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ വിചക്ഷണവും പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന 19 പ്രമുഖര്‍ ഒരു തുറന്ന കത്തിലൂടെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കമാല്‍ ഫാറൂഖി, ജംഇയ്യത്തുല്‍ ഉലമ നേതാവ് മഹ്മൂദ് നദ്‌വി, ഡല്‍ഹി മൈനോരിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ തുടങ്ങിയവരാണ് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്നോട്ടുവന്നത്. എന്നാല്‍, ഈ കത്തിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നപ്പോഴേക്കും പ്രശസ്ത നടിയും ആക്ടിവിസ്റ്റുമായ ശബ്‌നം ഹാശ്മി രംഗത്തുവന്നു. നിങ്ങള്‍ എന്നെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് അവര്‍ വെട്ടിത്തുറന്നു പറഞ്ഞു. എന്തുകൊണ്ട് കത്തിന്റെ ഉള്ളടക്കത്തോട് യോജിക്കുന്നില്ല എന്നതിന് അക്കമിട്ട് ന്യായങ്ങള്‍ നിരത്തുന്നുണ്ട് അവര്‍. തെരുവുകളില്‍ വെച്ച് ഗുണ്ടകള്‍ നിരപരാധികളായ മുസ്‌ലിംകളെയും ദലിതുകളെയും അക്രമിച്ചതിനെ കുറിച്ചോ സ്ത്രീകളെ ബലാംല്‍സംഗം ചെയ്തതിനെ കുറിച്ചോ കത്തില്‍ പറയുന്നില്ല എന്ന് തുടങ്ങി ഏറ്റവുമൊടുവില്‍ കാര്‍ഗില്‍ പോരാളിയായ സനാഉല്ല എന്ന പട്ടാള ഉദ്യോഗസ്ഥനെ നിയമവിരുദ്ധ കുടിയേറ്റക്കാരനായി മുദ്രകുത്തി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് തള്ളിയതിനെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

ഏഴെട്ടു നൂറ്റാണ്ടുകാലം തങ്ങളുടെ പൂര്‍വീകര്‍ ഭരിച്ച ഈ രാജ്യത്ത് കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് ഇസ്‌ലാം മത വിശ്വാസികള്‍ അവരുടെ ജീവിതം മുന്നോട്ടുനയിച്ചത്. 1987ല്‍ മുഗിള ഭരണത്തിന് പകലറുതി ഉണ്ടായപ്പോള്‍ ദിശയും വഴിയുമറിയാതെ അവര്‍ കൂരിരുട്ടില്‍ തപ്പി. ഇന്ത്യ ‘ദാറുല്‍ ഹര്‍ബ് ‘ആണോ ( വിശ്വാസപരമായി യുദ്ധം ചെയ്യേണ്ട രാജ്യം ) അല്ലേ എന്ന ചോദ്യമുയര്‍ന്ന ഘട്ടത്തില്‍ വഹാബിസം പിടിപെട്ട ഒരു തലമുറ രണാങ്കണത്തിലിറങ്ങി കുറെ രക്തവും ജീവനും ബലി കൊടുത്തു. വിദ്യാഭ്യാസമാണ് എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി എന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ഉപദേശം കേട്ട് മറ്റൊരു തലമുറ ജീവിതത്തിനു ജ്ഞാനശോഭ നല്‍കാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിനെ ജീവിതം കൊണ്ട് ആവിഷ്‌ക്കരിച്ച് പ്രാതികൂല്യങ്ങളെ അതിജീവിക്കൂ എന്ന് പാരമ്പര്യ ഉലമയും പറഞ്ഞു. തുര്‍ക്കി ഖിലാഫത്തിന്റെ വിപാടനത്തോടെ ഇസ്‌ലാമിക ലോകം അസ്തമിക്കുകയാണെന്ന വിശ്വാസത്തില്‍ ഗാന്ധിജിയുടെ പിന്നില്‍ അണിനിരന്ന ഒരു തലമുറ , ദേശീയവാദികളും വിശ്വാസദാര്‍ഢ്യരുമായി തങ്ങളുടെ കാലഘട്ടത്തോട് സക്രിയമായി സംവദിച്ചു. അധികനാള്‍ കഴിയുന്നതിനു മുമ്പ്, ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ല എന്ന സവര്‍ക്കറുടെയും ലാലാ ലജ്പത് റായിയുടെയും സിദ്ധാന്തങ്ങള്‍ കടംകൊണ്ട ഒരു തലമുറ, വിഭജനത്തിലൂടെ മുസ്‌ലിംകള്‍ക്ക് ഒരു പൂണ്യരാജ്യം കെട്ടിപ്പടുക്കാന്‍ തന്ത്രങ്ങളും പദ്ധതികളും മെനഞ്ഞു. അഞ്ചുലക്ഷം മനുഷ്യരുടെ ജീവനെടുത്ത ആ പരീക്ഷണം നാല് കോടി മുസ്‌ലിംകളെ കോണ്‍ഗ്രസിന്റെയും നെഹ്‌റുവിന്റെയും കൈയിലേല്‍പിച്ച് ചരിത്രത്തെ ഇരുണ്ടയുഗമാക്കി. എന്നിട്ടും ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ജനത , ജാതിമത ചിന്തകള്‍ മറന്ന് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ആ സംസ്‌കാരത്തെയും വിചാരഗതിയെയും സെക്കുലറിസം എന്ന് നാം താലോലിച്ചുവിളിച്ചു. അതല്ല ശരി, ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും മുസ്‌ലിംകളാദി ന്യുനപക്ഷങ്ങള്‍ മറുനാടുകളില്‍നിന്ന് കുടിയേറിയവരാണെന്നും അവരുടെ സിരകളില്‍ ഓടുന്നത് ദേശവിരുദ്ധ രക്തമാണെന്നും ഗോള്‍വാല്‍ക്കറും പിന്‍ഗാമികളും വാദിച്ചു. നെഹ്‌റു അവരെ നിലക്കുനിറുത്തി. നെഹ്‌റുവിന്റെ കൊച്ചുമക്കളുടെ കൈകളിലേക്ക് കോണ്‍ഗ്രസിന്റെ ചെങ്കോല്‍ എത്തിയ കാലത്ത് , മോഡി എന്ന തീവ്രവര്‍ഗീയവാദിയായ ആര്‍.എസ്.എസ് പ്രചാരകന്‍ രാഷ്ട്രഭരണം പിടിച്ചെടുത്തു. ആദ്യം ചാടിപ്പിടിച്ചാണ് അധികാരസോപാനം കൈക്കലാക്കിയതെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനസ്വന്തമാക്കിയ മട്ടാണ്. ഈ ദശാസന്ധിയില്‍ മുസ്‌ലിംകള്‍ എന്തുചെയ്യണം എന്ന് ഉപദേശിക്കാന്‍ മസീഹ പിറവി കൊള്ളുമെന്ന് സമാധാനിച്ചിരുന്നിട്ട് ഫലമില്ല. പ്രശ്‌നത്തിന്റെ ഗൗരവം മാത്രമാണ് ഇവിടെ അവതരിപ്പിച്ചത്. പരിഹാരം നിര്‍ദേശിക്കാന്‍ കൂട്ടമായ പരിചിന്തനമാണ് ആവശ്യം. ചിന്തിക്കുന്ന തലമുറയുടെ മുന്നില്‍ ദൈവം തമ്പുരാന്‍ ഒരു വഴി തുറന്നുകൊടുക്കുമെന്ന് ഉറപ്പ്. അലസതയും നിരാശയും വെടിഞ്ഞ് ചേതനയറ്റ സമൂഹമല്ല ഇതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുന്നിടത്താണ് ഭാവിയുടെ പ്രവിശാലതയുള്ളത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login