കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം

പൗരാണിക ഇറാനിലെ ആര്യഭാഷയായിരുന്ന സെങ്ങും ഇന്ത്യയിലെ സംസ്‌കൃതവും തമ്മില്‍ സാമ്യമുണ്ട്. ഇന്ന് ഇറാന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് പണ്ടു വസിച്ചിരുന്നവരുടെ പുണ്യഗ്രന്ഥമായ ‘അവസ്ത’യിലും ഇന്ത്യക്കാരുടെ വേദങ്ങളിലും ഒരേ ദേവന്മാരെപ്പറ്റി പറയുന്നുമുണ്ട്. മധ്യപൂര്‍വേഷ്യയില്‍ നിന്ന് ദക്ഷിണേഷ്യയിലേക്ക് കുടിയേറിയ ആര്യന്മാരാണ് സംസ്‌കൃതത്തെയും വേദങ്ങളെയും ഇവിടെയെത്തിച്ചതെന്നതിന് പുരാവസ്തു, ഭാഷാ ശാസ്ത്ര തെളിവുകള്‍ പലതുമുണ്ട്. എങ്കിലും ആര്യന്മാരുടെ അധിനിവേശം ഒരു കെട്ടുകഥയാണെന്ന വാദത്തിന് കുറച്ചുകാലമായി ശക്തിയേറി വരികയാണ്. അതിന് ഒരേയൊരു കാരണമേയുള്ളൂ. സംസ്‌കൃതം ആര്യന്മാര്‍ കൊണ്ടുവന്നതാണെന്ന് സമ്മതിച്ചാല്‍ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ ഭാരതീയ പൈതൃകം ഇറക്കുമതിയാണെന്നുകൂടി സമ്മതിക്കേണ്ടിവരുമെന്ന് ചിലര്‍ ഭയക്കുന്നു.
ആര്യന്മാരുടെ അധിനിവേശം ഒരു വസ്തുതയാണെന്നും എന്നാല്‍ ഇന്ത്യയുടെ പൈതൃകം ഇറക്കുമതി ചെയ്യപ്പെട്ടതാണെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും ആധുനിക ഗവേഷണഫലങ്ങളുടെ പിന്‍ബലത്തോടെ സമര്‍ഥിക്കുകയാണ് ഏര്‍ളി ഇന്ത്യന്‍സ് (Early Indians: The Story of Our Ancestors and Where We Came From) എന്ന പുസ്തകത്തില്‍ ടോണി ജോസഫ്. ഭാരതീയ പൈതൃകമെന്നു പറഞ്ഞാല്‍ അത് സംസ്‌കൃതത്തിന്റെയോ ആര്യന്മാരുടെയോ വൈദിക പൈതൃകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്നത്തെ ഇന്ത്യന്‍ ജനതയുടെ പാരമ്പര്യഘടനയെ ഒരു പിസ്സ(pizza)യായി സങ്കല്‍പിച്ചാല്‍ അതില്‍ വെണ്ണയോ സോസോ ആയി വരുന്ന ഒരു പാളി മാത്രമാണ് ആര്യന്മാരെന്ന് ടോണി ജോസഫ് പറയുന്നു. ആര്യന്മാരുടെ വരവിനു മുമ്പേ ഇവിടെയുള്ളവരാണ് അതിന്റെ അടിത്തറ. ആര്യ പൈതൃകം എന്നു പറയുന്നതുപോലും ഇറക്കുമതി ചെയ്യപ്പെട്ടതല്ല. കുടിയേറിവന്നവരും അതിനു മുമ്പേ ഇവിടെയുണ്ടായിരുന്നവരും തമ്മിലുള്ള സമ്മേളനത്തില്‍ നിന്നാണ് അതിന്റെ പിറവി. അതിനു മുമ്പേയുള്ളവര്‍ എന്നു പറഞ്ഞാല്‍ നേരത്തേ കുടിയേറിയവരുടെ പിന്‍മുറക്കാര്‍ എന്നേ അര്‍ഥമുള്ളൂ. ‘ജാതി, മത, വംശ ഭാഷാ വൈവിധ്യവുമായി ഇന്നിവിടെ കഴിയുന്ന നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. നമ്മളെല്ലാം കുടിയേറി വന്നവരുമാണ് ‘, അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്‍ഡോ- യൂറോപ്യന്‍ ഭാഷകള്‍ സംസാരിച്ച്, യൂറേഷ്യയിലെ പുല്‍മേടുകളില്‍ നാടോടികളായി കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ അവര്‍ തന്നെ വിശേഷിപ്പിച്ചിരുന്ന പേരാണ് ആര്യന്മാര്‍ എന്നത്. ബി.സി. 2000നും ബി.സി. 1000നും ഇടയിലാണ് അവര്‍ അവരുടെ ഭാഷയുമായി ഇന്നത്തെ ഉത്തരേന്ത്യയിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യാചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ വരവോടെയാണെന്നാണ് മോഹന്‍ജെദാരോയും ഹാരപ്പയും കണ്ടെത്തുന്നതു വരെയും കരുതിയിരുന്നത്. എന്നാല്‍ അതിലും വളരെ പഴക്കമുള്ളതാണ് ഇന്ത്യാ ചരിത്രമെന്ന് ഇപ്പോള്‍ നമുക്കറിയാം. ഇന്ത്യന്‍ സംസ്‌കാരം ആര്യ സംസ്‌കാരമല്ല. അതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ഹാരപ്പ-മോഹന്‍ജെദാരോ സംസ്‌കാരങ്ങളാണ് അതിന് അടിസ്ഥാനമിട്ടത്. സിന്ധൂനദീതട തീരത്തു നടന്ന ഉത്ഖനനങ്ങള്‍ ഈ വസ്തുത വിളിച്ചോതുന്നുണ്ട്.

മൂന്നു ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ഉദ്ഭവിച്ചെന്നു കരുതുന്ന ആധുനിക മനുഷ്യന്‍ 65,000 വര്‍ഷം മുമ്പെങ്കിലും ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇന്നത്തെ ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗത്തും അവര്‍ വ്യാപരിച്ചു. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് ബി.സി. 5500 മുതല്‍ 1900 വരെയായിരുന്നു ഹാരപ്പന്‍ സംസ്‌കൃതിയുടെ കാലം. ഹാരപ്പന്‍ നാഗരികതയുടെ തകര്‍ച്ചയോടെ മറ്റിടങ്ങളിലേക്ക് കുടിയേറിയവരാണ് ആര്യന്മാര്‍ എത്തുന്നതിനു മുമ്പേ എത്തി ഇന്ത്യയില്‍ ജനപഥങ്ങള്‍ക്ക് തുടക്കമിട്ടത്.

ആദ്യം ഇന്നത്തെ പഞ്ചാബിന്റെ സ്ഥാനത്ത് പാര്‍പ്പുറപ്പിച്ച ആര്യന്‍മാര്‍ ക്രമേണ, ഇന്നത്തെ ഡല്‍ഹിക്കു തൊട്ട് വടക്കുള്ള പ്രദേശത്തേക്കു നീങ്ങിയെന്നാണ് കരുതുന്നത്. ഇവിടെ വെച്ചാണ് വേദങ്ങള്‍ എന്ന് അറിയപ്പെടുന്ന സ്തോത്രഗീതങ്ങളുടെ പിറവി. പിന്നീടവര്‍ കുറേക്കൂടി വടക്ക് ഗംഗാ താഴ്‌വരയിലേക്കു നീങ്ങി. കന്നുകാലികള്‍ക്കുള്ള മേച്ചില്‍ സ്ഥാനമന്വേഷിച്ചു കൊണ്ടു സദാ സഞ്ചാരികളായി കഴിഞ്ഞതിനാല്‍ ഏതെങ്കിലുമൊരു സ്ഥലത്തു സ്ഥിരം പാര്‍പ്പുകാരായി ജീവിച്ച് സ്വന്തമായി ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് ഹാരപ്പന്‍ ജനപഥംപോലെ ആര്യപഥങ്ങള്‍ ഉദ്ഖനനം വഴി കണ്ടെത്താന്‍ എളുപ്പമല്ല. ആര്യന്മാരുടെ വരവ് കെട്ടുകഥയാണെന്നു പറയുന്നവര്‍ക്ക് സഹായമാകുന്നത് ഉദ്ഖനനത്തെളിവുകളുടെ അപര്യാപ്തതയാണ്.

ഹാരപ്പന്‍ സംസ്‌കാരത്തെപ്പോലെ വാസസ്ഥലം കുഴിച്ചെടുത്തതിനെ അടിസ്ഥാനമാക്കിയല്ല, നരവംശശാസ്ത്രവും ഭാഷാശാസ്ത്രവും ആധാരമാക്കിയാണ് ആര്യന്മാരുടെ വ്യാപനത്തിന് ചരിത്രകാരന്മാര്‍ തെളിവു കണ്ടെത്തിയിരുന്നത്. നരവംശശാസ്ത്രത്തിന് ജനിതക ശാസ്ത്രം സഹായവുമായെത്തുന്നത് അടുത്തകാലത്താണ്. മനുഷ്യന്റെ പാരമ്പര്യ ഘടകങ്ങളുടെ പരിശോധനയ്ക്ക് പൈതൃക നിര്‍ണയത്തില്‍ സുപ്രധാന പങ്കുണ്ട്. പാരമ്പര്യ ഘടകമായ ഡി.എന്‍.എയിലെ വൈ ക്രോമസോമുകളുടെയും മൈറ്റോകോണ്‍ട്രിയല്‍ ഡി.എന്‍.എയുടെയും പരിശോധനയിലൂടെ അടുത്ത കാലത്ത് ഈ രംഗത്തുണ്ടായ സുപ്രധാന ഗവേഷണഫലങ്ങളെ ആധാരമാക്കിയാണ് ടോണി ജോസഫ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

ഒരു പ്രദേശത്ത് പലകാലങ്ങളില്‍ ജീവിച്ചവരുടെ ജനിതകഘടന താരതമ്യം ചെയ്തും ഒരേ കാലത്ത് പല സ്ഥലങ്ങളില്‍ ജീവിക്കുന്നവരുടെ ജനിതക ഘടന താരത്യം ചെയ്തും പ്രാചീനകാലത്തെ കുടിയേറ്റങ്ങളെക്കുറിച്ച് ഏറെക്കുറെ കൃത്യമായ ധാരണയിലെത്താം. ചിലര്‍ പ്രചരിപ്പിക്കുംപോലെ ഇവിടത്തെ സംസ്‌കൃതവുമായി ഇന്ത്യക്കാര്‍ യൂറോപ്പിലേക്കു പോയി ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ പ്രചരിപ്പിക്കുകയായിരുന്നില്ലെന്ന് ജനിതക രേഖകളില്‍ നിന്നു വ്യക്തമാണെന്ന് ടോണി ജോസഫ് പറയുന്നു. വ്യത്യസ്ത കാലങ്ങളിലായി ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുമായി ആര്യന്‍മാര്‍ ഇന്ത്യയിലേക്കും യൂറോപ്പിലേക്കും കുടിയേറുകയായിരുന്നു.
ജനിതകഘടകങ്ങളുടെ പരിശോധനയിലൂടെ ഇന്ത്യക്കാരുടെ മുതുമുത്തച്ഛന്മാരെ രണ്ടായി തിരിക്കാമെന്ന് ടോണി ജോസഫ് വ്യക്തമാക്കുന്നു. പൗരാണിക ഉത്തരേന്ത്യക്കാരും (ANI – Ancestral North Indian). പൗരാണിക ദക്ഷിണേന്ത്യക്കാരും (ASI – Ancestral South Indian) ഇന്ത്യയിലെത്തിയ ആര്യന്മാരും അതിനു മുമ്പ് ഇവിടെയുണ്ടായിരുന്നവരും തമ്മിലുള്ള സമ്മേളനത്തില്‍നിന്നാണ് പൗരാണിക ഉത്തരേന്ത്യക്കാരുടെ ജനനം. ആര്യന്മാരുടെ വരവിന് മുമ്പേ ഇവിടെയുണ്ടായിരുന്നവരും അവരുടെ വരവോടെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്തവരുമാണ് പൗരാണിക ദക്ഷിണേന്ത്യക്കാര്‍. ഉത്തരേന്ത്യയില്‍ ഇന്നുള്ളവരുടെ പൈതൃക ഘടനയ്ക്ക് യൂറേഷ്യയില്‍ നിന്നുള്ളവരുടെ ജനിതക ഘടനയുമായി സാമ്യം കൂടുതലുണ്ട്. വൈദികവൃത്തിയിലേര്‍പ്പെട്ട് മറ്റുള്ളവരുമായി ഇടകലരാതെ സൂക്ഷിക്കുന്ന ചില സവര്‍ണ വിഭാഗങ്ങളില്‍ ഇതിന്റെ അനുപാതം വളരെ കൂടുതലുമാണ്.

ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിച്ചത് ഒറ്റയടിക്കല്ല. ഗണങ്ങളായി കുറേ നൂറ്റാണ്ടുകളോളം അവരുടെ വരവ് തുടര്‍ന്നുകൊണ്ടിരുന്നു. ബി.സി. 2000 മുതല്‍ ആയിരം കൊല്ലക്കാലമെങ്കിലും അനുസ്യൂതമായി പല ജനസമൂഹങ്ങള്‍ ഇന്ത്യയില്‍ കടന്നുവന്നു. ആര്യന്മാരും അവര്‍ക്കു മുമ്പേ ഇവിടെ താമസിച്ചിരുന്നവരും തമ്മില്‍ സംഘര്‍ഷങ്ങളും സമ്മേളനങ്ങളുമുണ്ടായി. പല കാലങ്ങളില്‍ പല പ്രദേശങ്ങളില്‍ വന്ന ആര്യന്മാര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. അതിന്റെയൊക്കെ പരിണതഫലമായി ഏറെ വൈകി ഉടലെടുത്തതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ. വംശശുദ്ധിയെക്കുറിച്ചൊക്കെ അഹങ്കരിക്കുന്നവരുണ്ടെങ്കിലും ആദിവാസികള്‍ മുതല്‍ പുരോഹിത വര്‍ഗം വരെ ഇന്ത്യയില്‍ ഇന്നുള്ള എല്ലാവരും പല തരത്തില്‍ കലര്‍പ്പുകള്‍ക്ക് വിധേയരായവരാണെന്ന് ജനിതക പരിശോധനാ ഫലം ഉദ്ധരിച്ച് ടോണി ജോസഫ് വ്യക്തമാക്കുന്നു. ‘എല്ലാവരും ഇന്ത്യക്കാരാണ്. എല്ലാവരും കുടിയേറ്റക്കാരുമാണ്.’
ഏറ്റവും പുതിയ കണ്ടെത്തലുകളെ ആധാരമാക്കി ഇത്തരമൊരു പുസ്തകമെഴുതിയ ടോണി ജോസഫ് ശാസ്ത്രജ്ഞനോ ചരിത്രകാരനോ അല്ലെന്നതാണ് ശ്രദ്ധേയം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഇക്കണോമിക് ടൈംസ് ദിനപത്രങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്ന ടോണി ജോസഫ് ബിസിനസ് വേള്‍ഡിന്റെ പത്രാധിപരായിരുന്നു. നരവംശ ശാസ്ത്ര പഠനം ഇഷ്ടവിഷയമായെടുത്ത ടോണി ജോസഫ് ഈ രംഗത്തെ ഗവേഷണ പ്രബന്ധങ്ങള്‍ അധാരമാക്കിയും പ്രമുഖ ചരിത്രകാരന്മാരുമായും ശാസ്ത്രജ്ഞരുമായും അഭിമുഖ സംഭാഷണങ്ങള്‍ നടത്തിയുമാണ് ഈ പുസ്തകത്തിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്.

വി.ടി. സന്തോഷ്‌

You must be logged in to post a comment Login