ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

ജീവിതങ്ങള്‍ കാക്കും പെര്‍ഫ്യൂഷനിസ്റ്റ്

363/2017 എന്ന കാറ്റഗറി നമ്പറില്‍ കേരള പി.എസ്.സി. രണ്ടു വര്‍ഷം മുമ്പൊരു തൊഴില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികയുടെ പേര്: പെര്‍ഫ്യൂഷനിസ്റ്റ്. ശമ്പളം: 29,200- 62,400 രൂപ. കേരള ആരോഗ്യസര്‍വകലാശാലയോ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനമോ നല്‍കിയ ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇങ്ങനെയൊരു വിജ്ഞാപനം കണ്ടപ്പോഴാവും പെര്‍ഫ്യൂഷനിസ്റ്റ് എന്ന ഉദ്യോഗമുണ്ടെന്ന കാര്യം തന്നെ പലരുമറിയുന്നത്. ഇതാദ്യമായാണ് പി.എസ്.സി. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എല്ലാ ആശുപത്രികളിലും പെര്‍ഫ്യൂഷനിസ്റ്റ് തസ്തിക നിലവില്‍ വരാത്തതിനാല്‍ ആദ്യലിസ്റ്റില്‍ നിന്ന് നിയമനം കുറവാണ്. പക്ഷേ വരും വര്‍ഷങ്ങളില്‍ അതായിരിക്കില്ല സ്ഥിതിയെന്നുറപ്പ്. മറ്റ് പല പാരാമെഡിക്കല്‍ വിഭാഗങ്ങളെക്കാള്‍ പെര്‍ഫ്യൂഷന് തൊഴില്‍ സാധ്യത കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരാണീ പെര്‍ഫ്യൂഷനിസ്റ്റ്?
പെര്‍ഫ്യൂഷനിസ്റ്റ് ആരെന്നറിയും മുമ്പേ മനുഷ്യശരീരത്തിന്റെ ചില പ്രത്യേക സാഹചര്യങ്ങളും അപ്പോള്‍ നമ്മളെ സഹായിക്കാനെത്തുന്ന യന്ത്രങ്ങളെക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്. ബൈപാസ് സര്‍ജറി എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല. ഹൃദയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണത്.

1953ലാണ് ഡോക്ടര്‍മാര്‍ ഹൃദയം തുറന്നുളള ശസ്ത്രക്രിയ ചെയ്തുതുടങ്ങിയത്. ഹൃദയത്തിനുള്ളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന്റെ സാധാരണയുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏറ്റവും പ്രധാനം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തവും ഓക്‌സിജനും എത്തിക്കുക എന്നതാണ്. ഈ ആവശ്യത്തില്‍ നിന്നാണ് ‘ഹാര്‍ട്ട് ലങ് മെഷീന്‍’ എന്ന യന്ത്രം പിറവിയെടുക്കുന്നത്. ഈ യന്ത്രമുപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ‘ബൈപാസ് സര്‍ജറി’ എന്നും പേരുവീണു. ശസ്ത്രക്രിയാസമയത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുക്കുന്ന സാങ്കേതികവിദ്യയാണ് കാര്‍ഡിയോ പള്‍മണറി ബൈപാസ് (സി.ബി.പി.). ശരീരമാകെ രക്തവും ഓക്‌സിജനും തുടര്‍ച്ചയായി എത്തുന്നത് ഉറപ്പുവരുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതിനാവശ്യമായ പമ്പാണ് ഹാര്‍ട്ട്‌ലങ് മെഷീന്‍. പമ്പ് പ്രവര്‍ത്തിപ്പിക്കുന്ന ‘ഓപറേറ്ററാണ്’ പെര്‍ഫ്യൂഷനിസ്റ്റ് എന്ന് ലളിതമായി പറയാം. ഈ പ്രക്രിയയില്‍ ശരീരത്തിനു വെളിയിലാണ് രക്തചംക്രമണം നടക്കുന്നത്.
അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് പെര്‍ഫ്യൂഷന്‍ ടെക്‌നോളജി. ഇത്തരം അവസരങ്ങളില്‍ ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ടു യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നവരാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍ അഥവാ കാര്‍ഡിയോ പള്‍മനറി ബൈപാസ് ഡോക്ടര്‍. ഇവരെ ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ സയന്റിസ്റ്റെന്നോ കാര്‍ഡിയോ വാസ്‌കുലര്‍ പെര്‍ഫ്യൂഷനിസ്റ്റ് എന്നോ വിളിക്കാം. കാര്‍ഡിയാക് സര്‍ജന്‍മാര്‍, അനസ്‌തേഷ്യോളജിസ്റ്റുകള്‍, ഫിസിഷ്യന്‍ അസ്സിസ്റ്റന്റുമാര്‍, സര്‍ജിക്കല്‍ ടെക്‌നോളോജിസ്റ്റുമാര്‍, നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന കാര്‍ഡിയോ തൊറാസിക്ക് സര്‍ജിക്കല്‍ ടീമില്‍ ഉള്‍പ്പെട്ടു പ്രവര്‍ത്തിക്കേണ്ടവരാണിവര്‍.
നിശ്ചലമായ ഹൃദയത്തിലാണ് സര്‍ജന്‍ ശസ്ത്രക്രിയ നടത്തുന്നത്. അത് സാധ്യമാകുന്നത് ശസ്ത്രക്രിയ നടക്കുമ്പോള്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള ഹാര്‍ട്ട്‌ലങ്ങ് മെഷീനില്‍ രക്തക്കുഴലുകള്‍ ഘടിപ്പിച്ചു പ്രവര്‍ത്തനം കൃത്രിമമായി നിയന്ത്രിക്കുമ്പോഴാണ്. ശസ്ത്രക്രിയ നടത്തുന്ന സര്‍ജന് സഹായകരമായ മുന്‍കരുതലുകളും ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗിയുടെ ശാരീരികാവസ്ഥ ശ്രദ്ധിക്കുന്നതും യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഇക്കൂട്ടരാണ്. രക്ത സംക്രമണത്തിന്റെ നിയന്ത്രണം, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക തുടങ്ങിയവ പെര്‍ഫ്യൂഷനിസ്റ്റിന്റെ ഉത്തരവാദിത്വമാണ്. ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായാല്‍ കാര്‍ഡിയാക് സര്‍ജന്റെ ഉത്തരവാദിത്തം കഴിയുമെങ്കിലും ശസ്ത്രക്രിയയ്ക്ക് മുമ്പും പിമ്പുമാണ് പെര്‍ഫ്യൂഷനിസ്റ്റിന്റെ ജോലി. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ ശരീരത്തില്‍ ഹാര്‍ട്ട് ലങ് മെഷീന്‍ ഘടിപ്പിച്ച ശേഷം അത് ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പെര്‍ഫ്യൂഷനിസ്റ്റ് ഉറപ്പുവരുത്തണം. ശസ്ത്രക്രിയാ സമയം മുഴുവനും കണ്ണിമ ചിമ്മാതെ രോഗിയുടെ ശാരീകാവസ്ഥകളും മെഷീന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. ശസ്ത്രക്രിയ കഴിഞ്ഞാലും പെര്‍ഫ്യൂഷനിസ്റ്റിന്റെ ജോലി കഴിയുന്നില്ല. രോഗിയുടെ ഹൃദയം സാധാരവണനിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത് വരെ ഹാര്‍ട്ട് ലങ് മെഷീന്റെ പിന്തുണ വേണം.

കൈയില്‍ വേണ്ടതെന്ത്?
വെറുതെ കസേരയിലിരുന്ന് ചെയ്യേണ്ട കാര്യമല്ല പെര്‍ഫ്യൂഷനിസ്റ്റിന്റേത് എന്ന് മനസിലായല്ലോ. അതീവ ഗൗരവവും ശ്രദ്ധയും വേണ്ടൊരു ജോലിയാണിത്. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെടുന്ന വലിയൊരു ടീമിന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ചെയ്യേണ്ട ജോലി. സൂക്ഷ്മദൃഷ്ടി, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, മികച്ച ആശയവിനിമയശേഷി എന്നിവയുണ്ടെന്ന് ബോധ്യമുള്ളവര്‍ മാത്രം ഈ തൊഴില്‍മേഖല തിരഞ്ഞെടുത്താല്‍ മതി. ശസ്ത്രക്രിയാമുറിയില്‍ വച്ച് സര്‍ജന്‍മാര്‍ക്ക് ഓരോ കാര്യവും നിങ്ങളെ വിശദമായി ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് വരില്ല. അത് കണ്ടറിഞ്ഞ് വേണം കാര്യങ്ങള്‍ ചെയ്യാന്‍. എന്നു കരുതി അവരുടെ നിര്‍ദേശമില്ലാതെ എന്തെങ്കിലും ചാടിക്കയറി ചെയ്ത് സ്ഥിതിഗതികള്‍ വഷളാക്കാനും പാടില്ല. ഒരു ചെറിയ പിഴവ് പോലും വലിയ അപകടമുണ്ടാക്കും എന്നത് കൊണ്ട് ഓരോ നീക്കവും ശ്രദ്ധിച്ചുവേണം ചെയ്യാന്‍. കേള്‍ക്കുമ്പോള്‍ അതികഠിനം എന്ന് തോന്നുമെങ്കിലും മതിയായ പരിശീലനവും അനുഭവസമ്പത്തും കൊണ്ട് ഈ ജോലിയില്‍ മുന്നേറാന്‍ സാധിക്കും. ഏറ്റവും പ്രധാനം ഒരു ജീവന്‍ രക്ഷിക്കുന്നതിന്റെ ഭാഗമാവാന്‍ കഴിയും എന്നതാണ്. മറ്റൊരു തൊഴിലിനും ലഭിക്കാത്ത ആത്മസംതൃപ്തി പകരാന്‍ ഒരുപക്ഷേ ഈ ജോലിക്ക് സാധിച്ചേക്കും.

എന്തുപഠിക്കണം?
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങള്‍ പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ ബി.എസ്‌സി., എം.എസ്‌സി., ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. പ്ലസ്ടുവിന് സയന്‍സ് എടുത്തുപഠിച്ചവര്‍ക്ക് ബി.എസ് സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജിക്ക് ചേരാം. റെസ്പിറേറ്ററി തെറാപ്പി, മെഡിക്കല്‍ ടെക്‌നോളജി, നഴ്‌സിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദമെടുത്തവര്‍ക്ക് എം.എസ് സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജിക്ക് ചേരാം. കോഴ്‌സ് കഴിഞ്ഞിറ ങ്ങുന്നവര്‍ക്ക് ബോര്‍ഡ് ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ പെര്‍ഫ്യൂഷന്‍ ഇന്ത്യ (ബി.സി.പി.-ഐ) എന്ന സ്ഥാപനമാണ് പെര്‍ഫ്യൂഷനിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.

എവിടെ പഠിക്കാം?
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രാമചന്ദ്ര മെഡിക്കല്‍ കോളജ്, ഹൈദരാബാദിലെ നൈസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയാണ് കേരളത്തിന് പുറത്ത് പെര്‍ഫ്യൂഷനിസ്റ്റ് കോഴ്‌സ് നടത്തുന്ന പ്രമുഖ സ്ഥാപനങ്ങള്‍. ഇവിടെയൊക്കെ ബി.എസ് സി., പി.ജി. ഡിപ്ലോമ കോഴ്‌സുകളാണുള്ളത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മാത്രമാണ് ഈ വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സ് നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളും കോഴിക്കോട് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കെ.എം.സി.ടി. കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്, മലപ്പുറത്തെ മിംസ് കോളജ് ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നീ സ്ഥാപനങ്ങളും പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയില്‍ ബി. എസ്‌സി. കോഴ്‌സ് നടത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് സീറ്റുകളും മറ്റിടങ്ങളില്‍ നാല് വീതം സീറ്റുകളും മാത്രമേയുള്ളൂ. പ്ലസ്ടു സയന്‍സ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ക്ലിനിക്കല്‍ പെര്‍ഫ്യൂഷനില്‍ പി.ജി. ഡിപ്ലോമ കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. സുവോളജി മെയിന്‍ ആയോ സബ്‌സിഡറി ആയോ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 25 വയസ്. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തൊഴിലവസരങ്ങള്‍
ആരോഗ്യമേഖല അനുദിനം വികസിച്ചുവരുന്ന നമ്മുടെ നാട്ടില്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ബൈപാസ് സര്‍ജറികള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അത് യാഥാര്‍ത്ഥ്യമാകുന്നതോടെ പി.എസ്.സി. വഴിയുളള നിയമനങ്ങള്‍ വേഗത്തിലാകും. സ്വകാര്യമേഖലയിലും ധാരാളം ഒഴിവുകള്‍ വരാനുണ്ട്. തുടക്കക്കാര്‍ക്ക് 12,000-15,000 രൂപ മുതല്‍ക്കാണ് ശമ്പളം ലഭിക്കുക. ചുരുങ്ങിയത് 50 സര്‍ജറികളെങ്കിലും പൂര്‍ത്തിയാക്കിയാല്‍ എക്പീരിയന്‍സ്ഡ് പെര്‍ഫ്യൂഷനിസ്റ്റായി പരിഗണിക്കപ്പെടും. അത്തരക്കാര്‍ക്ക് 50,000ത്തിന് മുകളിലായിരിക്കും സ്വകാര്യ ആശുപത്രികളിലെ ശമ്പളം. ഗള്‍ഫ് അടക്കമുള്ള വിദേശരാഷ്ട്രങ്ങളിലും പെര്‍ഫ്യൂഷനിസ്റ്റുകള്‍ക്ക് പ്രിയമേറെയാണ്.

പി.ഡി. സിനില്‍ ദാസ്‌

You must be logged in to post a comment Login