ഇസ്‌ലാമോഫോബിയയുടെ ദേശീയതാ പരിസരം

ഇസ്‌ലാമോഫോബിയയുടെ ദേശീയതാ പരിസരം

ആയുധങ്ങളേക്കാള്‍ ആശയങ്ങള്‍ക്ക് പ്രഹരശേഷി വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ഒരു ജനവിഭാഗത്തെ നശിപ്പിക്കാന്‍ പഴയപോലെ ലിറ്റില്‍ ബോയിയുടെയോ ഫാറ്റ്മാനിന്റെയോ അതല്ലെങ്കില്‍ ഒരു വലിയ സായുധ സൈന്യത്തിന്റെയോ ഒരാവശ്യവും ഇന്നില്ല. അവര്‍ക്കെതിരെയുള്ള ഒരു ആശയമോ പരികല്‍പനയോ നിര്‍മിക്കുകയും അതിനു പ്രചാരം നല്‍കുകയും മാത്രം ചെയ്താല്‍ തന്നെ ഒരു സമൂഹത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ലോകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇസ്‌ലാമോഫോബിയ എന്ന സാമൂഹികശാസ്ത്ര പരികല്പന ഏതൊക്കെ വിധത്തിലാണ് മുസ്‌ലിം സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വാക്കിന് ഇത്രമേല്‍ പ്രഹരശേഷിയുള്ളതു കൊണ്ടുതന്നെയാണ് ടെക്‌നോളജിയെക്കാള്‍ അപകടകരമാണ് ടെര്‍മിനോളജി എന്ന് പ്രശസ്ത ചിന്തകനായ എഡ്വേര്‍ഡ് സൈദ് പറഞ്ഞത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ട ഇസ്‌ലാമോഫോബിയ എന്ന വാക്ക് ബ്രിട്ടണിലെ റണ്ണിമീഡ് എന്ന ഇടതുപക്ഷ തിങ്ക് ടാങ്കിന്റെ കഹെമാീുവീയശമ: മ രവമഹഹലിഴല ളീൃ മഹഹ എന്ന റിപ്പോര്‍ട്ടിലൂടെയാണ് 1997-ല്‍ വീണ്ടും ലോക ശ്രദ്ധയിലേക്ക് വരുന്നത്. 9/11 സംഭവത്തിനുശേഷം ആഗോള രാഷ്ട്രീയ ചര്‍ച്ചകളില്‍ വലിയ രീതിയില്‍ തന്നെ സ്വാധീനം ചെലുത്താന്‍ ഈ പരികല്‍പനക്ക് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല മുസ്ലിം സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ള ഒരു പരികല്‍പനയായി ഇത് മാറിയിട്ടുമുണ്ട്. ലോക ജനതയെ ഇസ്‌ലാമിനെതിരെ തിരിക്കാനും തീവ്രമായ ആശയങ്ങളുള്ള മതമാണ് ഇസ്‌ലാം എന്ന് സ്ഥാപിച്ചെടുക്കാനും ഇതിനു ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.

ഈയൊരു പരികല്‍പനയുടെ ഉത്ഭവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയ ഒരു തെറ്റായ പ്രയോഗം ആണെന്നും അത് ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങളെ തടയുന്നു എന്നും, എന്തിന് മുസ്‌ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ കരുതിക്കൂട്ടി പാശ്ചാത്യലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച ഒരു പദമാണ് ഇതെന്ന് വരെയുള്ള ഉള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ഇസ്‌ലാമിനെതിരെയുള്ള അക്രമങ്ങളെ ന്യായീകരിക്കാനും മാധ്യമങ്ങളുടെ സഹായത്തോടെ പാശ്ചാത്യലോകം ഉണ്ടാക്കിയെടുത്ത ഒരു ആശയമാണ് എന്നും അഭിപ്രായം ഉണ്ട്. ഈയൊരു പരികല്പനയെ ഗുണാത്മകമായും ഋണാത്മകമായും സമീപിക്കുന്നവര്‍ ഉണ്ട്. ഗുണാത്മകമായി സമീപിക്കുന്നവരുടെ അഭിപ്രായത്തില്‍ ഇസ്‌ലാമിന്റെ സമഗ്ര സ്വഭാവവും അതിന്റെ സൈദ്ധാന്തികമായ ശേഷിയുമാണ് ഇതില്‍ പ്രകടമാകുന്നത്. അതിനാല്‍ ഇസ്‌ലാമിനെക്കുറിച്ച് ഭീതി ജനിപ്പിക്കപ്പെടുന്നത് ഒരു തരത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് അനുകൂലമാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കാനുള്ള ത്വര ജനങ്ങളില്‍ ഉണര്‍ത്തുകയും അതിലൂടെ അവര്‍ക്ക് യഥാര്‍ത്ഥ ഇസ്ലാമിക മൂല്യങ്ങളെ മനസിലാക്കാനും ഉള്‍കൊള്ളാനുമുള്ള അവസരം ഒരുങ്ങുകയും ചെയ്യുന്നു എന്നാണ് ഇക്കൂട്ടരുടെ നിരീക്ഷണം. ഇസ്‌ലാമോഫോബിയ അതിന്റെ ഏറ്റവും തീവ്രതയില്‍ നിലനില്‍ക്കുന്ന പാശ്ചാത്യലോകത്ത് തന്നെ ഇസ്ലാമാശ്ലേഷണ സംഭവങ്ങള്‍ നിത്യമായിക്കൊണ്ടിരിക്കുകയാണല്ലോ?

ഇസ്‌ലാമോഫോബിയ എന്ന വാക്കിന്റെ തീവ്രതയും അതിന്റെ അപകടങ്ങളെയും ചൂണ്ടിക്കാണിക്കുന്ന വിഭാഗമാണ് രണ്ടാമത്തേത്. ഇസ്‌ലാമിനെതിരെ ഒരു ഭയം നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് വാസ്തവം. ഇസ്‌ലാമിനെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളില്‍ നിന്നും മുന്‍വിധികളില്‍ നിന്നുമാണ് ഈ ഒരു ഭയം ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഇത്തരം മുന്‍വിധികള്‍ പ്രചരിക്കുന്നതിലൂടെ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ മൂടിവെക്കപ്പെടുകയും ലോക മുസ്ലിംകള്‍ എന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം മുന്‍വിധികള്‍ സൃഷ്ടിക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കമ്പോള സമൂഹത്തിന്റെ ലാഭവര്‍ധനവിന് വേണ്ടി മാധ്യമങ്ങള്‍ ഇസ്‌ലാമോഫോബിയ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതൊരു മുക്കിലും മൂലയിലും നടക്കുന്ന ആക്രമണങ്ങളുടെ പിന്നില്‍ മുസ്‌ലിംകളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടന്നു മണിക്കൂറുകള്‍ക്കകം തന്നെ പല മാധ്യമങ്ങളും അതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പിരടിയില്‍ കെട്ടിവയ്ക്കാന്‍ മത്സരിച്ചത് നമുക്കറിയാം. The islamophobia industry: how the right manufactures fear of Muslims എന്ന പുസ്തകത്തില്‍ നഥാന്‍ ലീന്‍ ഇസ്ലാമോഫോബിയയുടെ ചരക്കുവല്‍കരണത്തെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന രണ്ടു നാമങ്ങളാണ് റോബര്‍ട്ട് സ്‌പെന്‍സറും പമീല ഗെല്ലറും. രണ്ടുപേരും പ്രശസ്തരായ ബ്ലോഗര്‍മാര്‍ ആണ്. തങ്ങളുടെ ലാഭത്തിനുവേണ്ടി ഇവര്‍ ഇസ്‌ലാമിനെതിരെ അകാരണമായ ഭീതി ജനിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമോഫോബിയ എന്ന വിഷം കുത്തിവെക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്ക് മെട്രോയില്‍ ഉടനീളം സ്ഥാപിതമായിരുന്ന മുസ്‌ലിംവിരുദ്ധ പരസ്യങ്ങള്‍ക്ക് പിന്നിലും ഇവര്‍തന്നെ ആയിരുന്നു. എന്തൊക്കെ പറഞ്ഞാലും ഇസ്‌ലാമോഫോബിയ ജനമനസുകളില്‍ ആഴത്തില്‍ വേരുകളാഴ്ത്തി കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും പകുതിയിലധികം ജനങ്ങളും തങ്ങളുടെ രാജ്യത്ത് മുസ്‌ലിംകള്‍ അധികപ്പറ്റാണെന്ന് ചിന്തിക്കുന്നവരാണ്. ഇതുവരെ പുറത്തുവന്ന പല അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. what is islamiphobia and how much is there ? Theorizing and measuring an emerging comparative concepts എന്ന ലേഖനത്തില്‍ എറിക് ബ്ലാക്ക് പറയുന്നതുപോലെ ഇസ്‌ലാമോഫോബിയ പൊതുമണ്ഡലത്തിലും രാഷ്ട്രീയ അക്കാദമിക് വ്യവഹാരങ്ങളിലും അതിന്റെ വേരുകള്‍ ആഴ്ത്തി കഴിഞ്ഞിട്ടുണ്ട്, ഈ ജീവിയെ ഇനി ബോട്ടിലിലേക്ക് തിരിച്ച് നിക്ഷേപിക്കാനാകില്ല.

ഇസ്‌ലാമോഫോബിയ കുറിച്ചുള്ള ചര്‍ച്ച ഇന്ന് ഏറ്റവും പ്രസക്തമാകുന്നത് കുടിയേറ്റവുമായി ഉള്ള അതിന്റെ ബന്ധത്തിലാണ്. അനേകായിരം ഭവനരഹിതരെയും അഭയാര്‍ഥികളെയും അത് സൃഷ്ടിച്ചു എന്നതിലാണ്. പണ്ടുകാലം മുതല്‍ക്കേ പാശ്ചാത്യലോകത്ത് അന്തര്‍ലീനമായി കിടന്നിരുന്ന ഇസ്‌ലാം വിരുദ്ധതയും മുസ്‌ലിംകളോടുള്ള വിദ്വേഷവും ഇസ്‌ലാമോഫോബിയ എന്ന രൂപത്തില്‍ പുറത്തുവരാന്‍ കാരണം ഒരു തരത്തില്‍ മുസ്‌ലിംകളായ കുടിയേറ്റക്കാര്‍ തന്നെ ആയിരുന്നു. തങ്ങളുടെ രാജ്യത്ത് തങ്ങളെക്കാള്‍ കൂടുതല്‍ ജനസംഖ്യ കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ ആകുമോ എന്ന തലിീുവീയശമി ഭയത്തില്‍ നിന്നാണ് ഇസ്ലാമോഫോബിയയുടെ ആദ്യരൂപം ഉടലെടുക്കുന്നത്. ഈയടുത്ത് ശ്രീലങ്കയില്‍ ചാവേറാക്രമണമുണ്ടായി. അതേത്തുടര്‍ന്ന് ആയിരക്കണക്കിന് മുസ്‌ലിംകളാണ് ഭവനരഹിതരായത്. അതിലധികവും സ്വദേശങ്ങളിലെ കഷ്ടതകളും അക്രമങ്ങളും ചെറുക്കാന്‍ കഴിയാതെ നാടും വീടും ഉപേക്ഷിച്ച ഇറാനികളും അഫ്ഗാനികളും പാകിസ്ഥാനികളും ആയിരുന്നു. ഇസ്‌ലാമോഫോബിയയോടൊപ്പം ദേശീയതാവാദം കൂടി അലിഞ്ഞു ചേരുമ്പോള്‍ അഭയാര്‍ഥികളുടെ അവസ്ഥ വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്ന രീതിയില്‍ മാറുകയാണ്.

സ്വന്തം ദേശത്തോടുള്ള ഒരു വ്യക്തിയുടെ അമിതമായ അഭിലാഷവും സ്‌നേഹവും കാരണമാണ് അഭയാര്‍ഥികള്‍ ദുരിതമനുഭവിക്കുന്നത് എന്ന് സെയ്ദ് നിരീക്ഷിച്ചത് വെറുതെയല്ല.
ദേശീയത എന്ന സങ്കല്‍പം ‘നമ്മള്‍ ‘ ‘അന്യര്‍’ എന്ന ചിന്തയില്‍ ഉറച്ചതാണ്. ഒരു രാഷ്ട്രത്തിനകത്ത് ഐക്യം ദൃഢീകരിക്കാനും അതോടൊപ്പം ബാഹ്യമായവയെ പുറന്തള്ളാനും അന്യവല്‍കരിക്കാനും അത് നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു’. വാസ്തവത്തില്‍ ദേശീയതയ്ക്കും അന്യവത്കരണത്തിനുമിടയില്‍ പുകയുകയാണ് അഭയാര്‍ത്ഥി ജീവിതം. അവരനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധി ചെറുതല്ല. ശ്രീലങ്കയില്‍ ആക്രമണത്തിനിരയായ അഹമ്മദ് പറയുന്നു: ‘പാകിസ്ഥാനില്‍ മുസ്‌ലിംകള്‍ അല്ല എന്ന് പറഞ്ഞാണ് ഞങ്ങളെ ആക്രമിച്ചത് ശ്രീലങ്കയില്‍ ആവട്ടെ മുസ്ലിംകളാണെന്ന പേരില്‍ ഞങ്ങള്‍ ആക്രമിക്കപ്പെടുന്നു’. യഥാര്‍ത്ഥത്തില്‍ ഈ വിവേചനം മതപരം എന്നതിനപ്പുറം രാഷ്ട്രീയം ആണ്.

ദേശീയത എന്നത് സങ്കുചിതവും മാനവവിരുദ്ധവുമായ ഒരു സങ്കല്പമാണ്. കാരണം സഹജീവികള്‍ക്ക് നേരെയുള്ള ആക്രമണത്തെ പോലും അത് ന്യായമായി ചിത്രീകരിക്കുന്നു. ദേശസ്‌നേഹത്തിന്റെ പേരില്‍ സ്വന്തം സഹോദരനെ കൊല ചെയ്യുന്നത് നന്മയാണെന്ന് അത് തീര്‍ച്ചപ്പെടുത്തും. രണ്ടു നൂറ്റാണ്ടുകാലം ബ്രിട്ടീഷുകാര്‍ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് പോരാടിയവരെ, വര്‍ണ വര്‍ഗ വിവേചനമില്ലാതെ ഒറ്റക്കെട്ടായി നിന്നവരെ പരസ്പരം പോരടിക്കുന്ന, കൊല ചെയ്യിപ്പിക്കുന്ന സമൂഹം ആക്കിമാറ്റിയ സങ്കുചിത ആശയമാണ് ദേശീയത. തങ്ങള്‍ മാത്രമാണ് ശരി എന്നും മറ്റുള്ളവര്‍ എല്ലാം തങ്ങളെക്കാള്‍ അധമരാണ് എന്നുമുള്ള ഒരു ധ്വനി ദേശീയതക്കുണ്ട്. ഈയൊരു ബോധത്തില്‍ നിന്നാണ് അത് കുടിയേറ്റത്തെ തടുക്കുന്നതും അതിന്റെ പരിണിതഫലങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നതും. എന്നാല്‍ ഇത് തീര്‍ത്തും അബദ്ധജടിലമാണ്. താഴ്ന്ന സംസ്‌കാരം, ഉയര്‍ന്ന സംസ്‌കാരം എന്നിങ്ങനെ രണ്ടുതരം സംസ്‌കാരങ്ങള്‍ ഇല്ല. എല്ലാ സംസ്‌കാരത്തിനും അതിന്റേതായ തനിമയും സൗന്ദര്യവും മൂല്യങ്ങളുമുണ്ട്. ഏത് സംസ്‌കാരത്തെയും അടുത്തറിയുമ്പോഴാണ് അത് ബോധ്യപ്പെടുക. എന്നാല്‍ ദേശീയതയില്‍ അടിയുറച്ച ഒരു സമൂഹത്തിന് ഈ അലിഞ്ഞുചേരല്‍ അസാധ്യമാണ്. Reflection on exile എന്ന ലേഖനത്തില്‍ എഡ്വാര്‍ഡ് സൈദ് ദേശീയതയുടെയും കുടിയേറ്റത്തിന്റെയും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ദേശീയത എന്നത് കുടിയേറ്റത്തെ അത്രമേല്‍ ചെറുക്കുന്നുണ്ടെങ്കിലും അവ പരസ്പരം ആശ്രിതമാണ്. സൈദ് പറയുന്നു: ”ഹെഗലിന്റെ അടിമ-ഉടമ ബന്ധം പോലെ പരസ്പരം ശത്രുക്കളാണ് എങ്കിലും ഇവര്‍ പരസ്പരം ആശ്രിതരുമാണ്. കാരണം എല്ലാ ദേശീയതകളുടെയും അടിസ്ഥാന രൂപങ്ങള്‍ ഉടലെടുക്കുന്നത് കുടിയേറ്റത്തിലൂടെയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യം, ജര്‍മനിയുടെയും ഇറ്റലിയുടെയും ഏകീകരണം, അള്‍ജീരിയയുടെ സ്വാതന്ത്ര്യം എന്നിവയക്കായുള്ള പോരാട്ടങ്ങള്‍ മുഴുവന്‍ നടത്തിയത് തങ്ങളുടെ ഇടങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടവരായിരുന്നു.”

കുടിയേറ്റത്തെ എല്ലാ രാഷ്ട്രങ്ങളും പ്രശ്‌നവല്‍കരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയുടെ ഗതിമാറ്റാന്‍ മാത്രം ശേഷിയുള്ളവരും കുടിയേറ്റക്കാരില്‍ ഉണ്ടാവാറുണ്ട്. ക്രൊയേഷ്യയെ തകര്‍ത്തു ഫ്രാന്‍സ് കഴിഞ്ഞ ലോകകപ്പ് നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഫ്രാന്‍സിലെ കുടിയേറ്റക്കാരുടെ സാന്നിധ്യമായിരുന്നു. ടീമംഗങ്ങളില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയവരുമുണ്ടായിരുന്നു. അതിന്റെ മൂന്നിലൊന്ന് ആവട്ടെ മുസ്‌ലിംകളും. ഇങ്ങനെയൊക്കെയാണെങ്കിലും ശക്തമായ കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും ഇന്നും പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഫ്രാന്‍സ്. ഇതിന്റെ കാരണം ശക്തമായ ദേശീയതാബോധം ആണ്. അതുകൊണ്ടാണ് സംസ്‌കാര ലയനത്തിന്റെ എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്ന വിധം കുടിയേറ്റത്തെ അധമമായി കാണുന്നതും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നതും.
സ്വന്തം ഇടത്തില്‍ നിന്നും മറ്റൊരു ഇടത്തിലേക്ക് വേര് പറിച്ചുനട്ടവരെയൊക്കെ ഒറ്റവാക്കില്‍ കുടിയേറ്റക്കാര്‍ എന്നു പറയുമെങ്കിലും കുടിയേറ്റം, അഭയാര്‍ത്ഥിത്വം, പ്രവാസം എന്നിവയ്ക്കിടയില്‍ നേരിയതും എന്നാല്‍ വ്യക്തവുമായ വിടവ് നിലനില്‍ക്കുന്നുണ്ട്.

പ്രാകൃതശിക്ഷാ രീതിയില്‍ നിന്നാണ് നാടുകടത്തല്‍ ഉടലെടുക്കുന്നത്. ഒരിക്കല്‍ നാടുകടത്തപ്പെടുന്നതോടെ പിന്നെ അവര്‍ സമൂഹഭ്രഷ്ടന്‍ ആയി മുദ്രകുത്തപ്പെടുന്നു. അപമാനത്താല്‍ അവര്‍ ദുരിതജീവിതം നയിക്കുന്നു. അഭയാര്‍ത്ഥി എന്നത് ആധുനിക രാഷ്ട്രങ്ങളുടെ സൃഷ്ടിയാണ്. അടിയന്തരമായി ആഗോള രാഷ്ട്രങ്ങളുടെ സഹായം ആവശ്യമായിട്ടുള്ള പരിഭ്രാന്തരായ ഒരുപറ്റം നിഷ്‌കളങ്ക മനുഷ്യരെയാണ് അത് സൂചിപ്പിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് ഏകാന്തമായോ സമൂഹമായോ മറ്റൊരിടത്തേക്ക് മാറി താമസിക്കാം. എന്നാല്‍ നാടുകടത്തല്‍ ഏകാന്തതയുടെയും നഷ്ടങ്ങളുടെയും തീവ്രമായ അനുഭവങ്ങളാണ് ബാക്കിവയ്ക്കുന്നത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സാമൂഹികപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ സ്വമേധയാ മറ്റൊരു നാട്ടില്‍ ജീവിക്കുന്നവരാണ് പ്രവാസികള്‍. ഒരുപക്ഷേ അവരും ഏകാന്തതയും അപരവല്‍കരണവും അനുഭവിക്കുന്നുണ്ടാകും. എന്നാല്‍ നാടുകടത്തല്‍ തീര്‍ക്കുന്ന സമൂഹ ഭ്രഷ്ടന്‍ എന്ന മുദ്രക്ക് അവര്‍ വിധേയരാക്കപ്പെടുന്നില്ല. ചുരുക്കത്തില്‍ കുടിയേറ്റം എന്നത് ആധുനിക ലോകത്തിന്റെ അനിവാര്യതയില്‍ പെട്ടതാണ്. ഇല്ലാതാകേണ്ടത് കുടിയേറ്റം അല്ല; ലോകരാഷ്ട്രങ്ങളും സമൂഹങ്ങളും അതിനോട് പുലര്‍ത്തുന്ന മനോഭാവം ആണ്. കുടിയേറ്റക്കാരെ പരിമിതിയായി, അധിക ഭാരമായി മാത്രം കാണുന്നതിനപ്പുറം അവരെ മാനവവിഭവശേഷിയായി കാണുകയും ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ ഫ്രാന്‍സ് രചിച്ചതുപോലൊരു ചരിത്രനേട്ടം ഏത് രാഷ്ട്രത്തിനും എത്തിപ്പിടിക്കാവുന്നതേയുള്ളൂ.

നവാല്‍ റഹ്മാന്‍

You must be logged in to post a comment Login