താരാവതാരകരുടെ അധികാര പരിധികള്‍

താരാവതാരകരുടെ അധികാര പരിധികള്‍

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതക്ക് കാര്യമായ പരിക്ക് സംഭവിച്ചിരിക്കുന്നു. ടി.വി ന്യൂസ് റൂമുകളുടെ അതിപ്രസരവും ക്യാമറകളുമായി എവിടെയും നുഴഞ്ഞു കയറുന്ന പ്രവണതയും ശരിയായ മാധ്യമപ്രവര്‍ത്തനത്തിന് ഉചിതമല്ല. ബീഹാറില്‍ ‘മസ്തിഷ്‌ക പനി’ (Brain Fever) ബാധിച്ചു അനുദിനം ജീവന്‍ നഷ്ടപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍പ്രവര്‍ത്തകര്‍ ഐ.സി.യുവിലേക്ക് അതിക്രമിച്ചു കടക്കുകയാണുണ്ടായത്. എയര്‍ കണ്ടീഷന്‍ണ്ട് ന്യൂസ് റൂമുകളിലെ അട്ടഹാസങ്ങളില്‍ നിന്നും ആജ്തക് അവതാരിക അഞ്ജന ഓം കശ്യാപ് നേരെയിറങ്ങിവന്നത് ബീഹാറില്‍ മരണത്തോട് മല്ലടിച്ചു സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യുവില്‍ കിടക്കുന്ന കുഞ്ഞുങ്ങളുടെ അരികിലേക്കാണ്. രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുന്ന ഡോക്ടറോട് അപക്വമായ രീതിയില്‍ ചോദ്യങ്ങളുയര്‍ത്തി തന്റെ ‘സാഹസിക മാധ്യമപ്രവര്‍ത്തനം’ പ്രയോഗിക്കുകയാണവര്‍. അഞ്ജന ഓം കശ്യാപിന്റെ മാധ്യമ പ്രവര്‍ത്തന രീതി മുമ്പും ഇതുപോലെത്തന്നെയായിരുന്നു. ഇന്ത്യയില്‍ അവരെ പോലുള്ളവരുടെ ഏറ്റുമുട്ടല്‍ മാധ്യമപ്രവര്‍ത്തനം വര്‍ദ്ധിച്ചുവരുന്നുവെന്നത് മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയാണ്. ബീഹാറിലെ കുട്ടികളുടെ മരണം ഐ.സി.യു റൂമുകളില്‍ ഇടിച്ചുകയറി റിപ്പോര്‍ട്ട് ചെയ്യേണ്ട ബ്രേക്കിംഗ് ന്യൂസല്ല. പകരം സംസ്ഥാനത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി ഭക്ഷ്യസുരക്ഷാ മേഖലയിലേക്കെത്തി നില്‍ക്കേണ്ട അന്വേഷണമായാണ് അത് സാധ്യമാവേണ്ടത്. അതില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും പദ്ധതികള്‍ നടപ്പിലാക്കുന്നവരാണ് മറുപടി നല്‍കേണ്ടതും. ബീഹാറിലെ കുഞ്ഞുങ്ങളെ ബാധിച്ച എന്‍സഫലൈറ്റിസ് പോഷകാഹാരക്കുറവ് മൂലമാണെന്ന കാരണം ചെറുതായി പരാമര്‍ശിക്കുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. യഥാര്‍ത്ഥത്തില്‍ ബിഹാറിലെ സാമൂഹിക ആരോഗ്യ രംഗത്ത് അടിയന്തരമായി ഇടപെടല്‍ ആവശ്യമുണ്ടെന്ന കാര്യത്തിലേക്കാണത് വിരല്‍ചൂണ്ടുന്നത്. എന്നാലിവിടെ ക്യാമറകളുടെ ഇരകളാകുന്നത് നിസ്സഹായരായ മാതാപിതാക്കളും കുഞ്ഞുങ്ങളുമാണ്. അഞ്ജനയുടെ റിപ്പോര്‍ട്ട് കാണുന്ന ശരാശരി ഇന്ത്യക്കാരന്‍, സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ സംവിധാനത്തിലെ പിടിപ്പ്‌കേടുകളെ വിമര്‍ശിക്കും, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭിക്കാത്തതോ അതിലേക്ക് നയിച്ച സാമൂഹിക സാമ്പത്തിക അന്തരങ്ങളോ ചര്‍ച്ച ചെയ്യില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി വിഷയങ്ങളില്‍ അനുദിനം ഇടപെടേണ്ടി വരുന്നതുകൊണ്ട് പലപ്പോഴും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുകയും അവരില്‍ നിന്ന് ‘താരപദവി’ മാധ്യമപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് അവതാരകര്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നു. അതുകൊണ്ടുതന്നെ വിഷയങ്ങളില്‍ ആധികാരികമായി അറിവുള്ളയാളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നില്ല. വിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച്, സ്ഥിരീകരിച്ച് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയൊക്കെ ആയിരിക്കണം വാര്‍ത്തകളുടെ നിര്‍മാണം, എന്നാല്‍ അത് അവതാരകന്‍ സൃഷ്ടിച്ചെടുക്കുന്ന മാതൃകകള്‍ എന്നതിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. ഇത്തരം താരതുല്യത പേറുന്ന അവതാരകരുടെ സാന്നിധ്യമാണ് ഇന്ത്യന്‍ ജേണലിസത്തെ കൂടുതല്‍ അപകടപ്പെടുത്താന്‍ പോകുന്നത്. അഞ്ജന ഓം കശ്യാപിന്റെ ധീരതയെ പുകഴ്ത്തുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ ഇന്ത്യയിലുണ്ടെന്നതാണ് വാസ്തവം. ഇത്തരം അവതാരകരുടെ താരപരിവേഷം ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ സൃഷ്ടിച്ചെടുത്ത അധികാര വ്യവസ്ഥിതിയാണ് റിപ്പോര്‍ട്ടര്‍മാരെ കേവലം ബൈറ്റുകള്‍ ശേഖരിക്കാന്‍ മാത്രമുള്ളവരായി ചുരുക്കുന്നത്. അത് ടെലിവിഷന്‍ റിപ്പോര്‍ട്ടുകളുടെ സാരമായ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ദ ഹിന്ദു സോഷ്യല്‍ അഫേഴ്‌സ് എഡിറ്ററായ സമ്പത്ത് ഒരു ലേഖനത്തില്‍ പ്രതിപാദിച്ചതു പോലെ മാധ്യമപ്രവര്‍ത്തനമെന്ന തൊഴില്‍ എല്ലാ അര്‍ത്ഥത്തിലും നിര്‍ജ്ജീവമാവുകയാണ്. മാധ്യമസ്ഥാപനങ്ങളില്‍ നിരന്തരമായി കൂട്ടപ്പിരിച്ചുവിടലുകള്‍ നടക്കുമ്പോള്‍ അവയെ നിശബ്ദമാക്കാനോ കണ്ടില്ലെന്ന് നടിക്കാനോ മാധ്യമലോകത്തിന് കഴിയുന്നുണ്ട്.
സ്‌ക്രോള്‍ ഇന്‍ ഈയിടെ 28 ഓളം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുകയുണ്ടായി. ചലംഹെമൗിറൃ്യ മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായത്. സന്തുലിതമായ ഒരു ന്യൂസ് റൂം ചുറ്റുപാട് അന്യമായിക്കൊണ്ടിരിക്കുകയാണ്. ന്യൂസ്‌റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കനിവാര്യമായ നിയന്ത്രണ സംവിധാനങ്ങള്‍ (Regulations) ഇല്ല എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. വാര്‍ത്തയുടെ തിരഞ്ഞെടുപ്പിലും മുന്‍ഗണനയിലും വന്ന മാറ്റങ്ങളും ന്യൂസ്‌റൂമുകളുടെ സ്വഭാവത്തെ ദ്രുതഗതിയില്‍ മാറ്റുന്നു. അതൊരു ജനാധിപത്യപരമായ മാറ്റമല്ല മറിച്ച് കുത്തക മുതലാളിത്തത്തിന്റെയും ഭരണകൂടത്തിന്റെയും നിഷ്‌കര്‍ഷതക്ക് മുന്നില്‍ കൂടുതല്‍ അനുസരണയുള്ളവരായി തീരുന്നു എന്നതാണ്.

വീണ്ടും കാലിത്തീറ്റ കുംഭകോണം
ലോകമെമ്പാടും നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? വിവിധ സംസ്ഥാനങ്ങളിലായി കടുത്ത വരള്‍ച്ച രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നീതി അയോഗ് കണക്കുപ്രകാരം കോടിക്കണക്കിനു ജനങ്ങള്‍ ഇന്ത്യയില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ പോകുന്നു. ഇത്തരമൊരു പ്രതിസന്ധിയെ മാധ്യമങ്ങള്‍ ഏറെ ഗൗരവത്തോടുകൂടി സമീപിക്കേണ്ടിയിരിക്കുന്നു. ഹഫിംഗ്ടണ്‍ പോസ്റ്റ് എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ നിന്ന് ബി.ജെ.പിയും ശിവസേനയും നടത്തിയ കാലിത്തീറ്റ അഴിമതി തുറന്നുകാട്ടുന്നു. കാലിത്തീറ്റ അഴിമതിയെന്നത് ലാലുപ്രസാദ് യാദവിനുള്ള സമവാക്യമായി തീര്‍പ്പുകല്‍പ്പിച്ച ഇന്ത്യന്‍ മാധ്യമങ്ങളില്‍ മിക്കതിനും മഹാരാഷ്ട്രയിലെ അഴിമതിയെ കണ്ടെത്താനായില്ല. ഹഫിംഗ്ടണ്‍ പോസ്റ്റ് ന്റെ അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച നിരവധി ക്യാമ്പുകളില്‍ സൗജന്യ കാലിത്തീറ്റ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ക്യാമ്പുകളിലേക്ക് കാലിത്തീറ്റ നല്‍കാന്‍ എന്‍.ജി.ഒകളുടെ സഹായവും തേടി. എന്നാല്‍ പ്രദേശത്തെ ബി.ജെ.പി ശിവസേന പ്രവര്‍ത്തകര്‍ കാലിത്തീറ്റ വിതരണത്തില്‍ വലിയ പാളിച്ചകള്‍ വരുത്തുകയും 7 മുതല്‍ 14 ലക്ഷം രൂപയുടെ അഴിമതി ഓരോ ദിവസങ്ങളിലായി നടത്തപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം ജനങ്ങള്‍ വലിയൊരു ദുരിതക്കെടുതിയില്‍ നിന്നും അതിജീവനം നടത്താന്‍ പ്രയാസപ്പെടുമ്പോള്‍ അവിടെയും അഴിമതി നടത്തുകയാണ് ബി.ജെ.പി ശിവസേന നേതൃത്വം എന്നതാണ്. പശു സംരക്ഷണം ദേശീയ അജണ്ടയാക്കി മാറ്റിയ ആദര്‍ശത്തെ പിന്താങ്ങുന്നവരാണ് മഹാരാഷ്ട്രയിലെ ദരിദ്ര കര്‍ഷകരുടെ ജീവിതമാര്‍ഗത്തെയും പിഴിഞ്ഞ് ജീവിക്കുന്നത്. എന്‍.ജി.ഒകളാണെന്ന വ്യാജേന ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന നിരവധി ക്യാമ്പുകളിലാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് അഴിമതി നടക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍ മുഖ്യധാരാ ചാനലുകള്‍ക്ക് യോഗ ദിനത്തിലെ സംഭവവികാസങ്ങളും ഇന്ത്യന്‍ സൈനിക വിഭാഗത്തില്‍പ്പെട്ട പട്ടികള്‍ യോഗ ചെയ്യുന്നതുമാണ് വാര്‍ത്താപ്രാധാന്യമുള്ള കാര്യങ്ങള്‍.

സഞ്ജീവ് ഭട്ട് മാധ്യമങ്ങളറിഞ്ഞില്ല!
ഗുജറാത്ത് കലാപത്തില്‍ ഭരണകൂടത്തിനെതിരെ ശബ്ദിച്ച സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന കസ്റ്റഡി മരണത്തെ ചൊല്ലിയാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. വിധിയെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത് ‘ഇന്ത്യന്‍ കലാപത്തിന്റെ വിസില്‍ ബ്ലോവറിന് ജീവപര്യന്തം’ എന്നാണ്. ഹിന്ദി വാര്‍ത്താചാനലുകളില്‍ മിക്കവയും സഞ്ജീവ് ഭട്ടും നരേന്ദ്രമോഡിയും തമ്മിലുള്ള സംഘര്‍ഷത്തെ പരാമര്‍ശിക്കുക കൂടി ചെയ്തില്ല. ഗുജറാത്ത് കലാപത്തില്‍ പൊലീസുകാര്‍ക്ക് ഒത്താശ നല്‍കിയപ്പോള്‍ മോഡിയെ വെല്ലുവിളിച്ച് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് സഞ്ജീവ്. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തുവെന്ന പേരില്‍ പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍. തെരുവുകളില്‍ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ ഡി.ജി വന്‍സാര ആരോപണവിധേയന്‍ മാത്രം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ അധികാരപരിധികളില്‍ പോലും ആശങ്ക സൃഷ്ടിക്കുന്നതാണ് സഞ്ജീവ് ഭട്ടിനെതിരെയുള്ള ശിക്ഷാ വിധി. 2019ലെ തിരിച്ചുവരവില്‍ തങ്ങള്‍ക്ക് സൗകര്യപ്രദമായ ശിക്ഷാവിധികളും കോടതി വിധികളും നടപ്പിലാക്കാന്‍ അമിത് ഷാക്കും മോഡിക്കും കഴിയുന്നു. മാധ്യമങ്ങള്‍ വലിയ ബഹളങ്ങളൊന്നും സൃഷ്ടിക്കുന്നുമില്ല. ഇന്ത്യയിലെ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ വേണ്ടവിധം വാര്‍ത്തയാകുന്നില്ല. ജൂണ്‍ 12ന് മനുഷ്യാവകാശ എന്‍.ജി.ഒ ആയ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കശ്മീരില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടി ഇന്ത്യ ഔദ്യോഗികമായി തടഞ്ഞുവച്ചിരുന്നു. ഭരണകൂടം അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ കണക്കുകള്‍ പുറത്തു വിടാനും ആംനസ്റ്റിയെ അനുവദിച്ചില്ല. അന്താരാഷ്ട്രതലത്തിലുള്ള മനുഷ്യാവകാശ സംഘടനകള്‍ പോലും അക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ ഭാഷാപത്രങ്ങളില്‍ അത് ചര്‍ച്ചാവിഷയങ്ങളാകുന്നില്ല.

ഈജിപ്തില്‍ മരണവാര്‍ത്തക്കും വിലക്ക്
ഈജിപ്തില്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയുടെ മരണത്തെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും കടുത്ത വിലക്കുകളാണ് അബ്ദുല്‍ ഫത്താഹ് സീസിയുടെ പട്ടാളഭരണം മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്. ബി.ബി.സി റിപ്പോര്‍ട്ട് പ്രകാരം അറബിയില്‍ 42 വാക്കുകളില്‍ മാത്രമായി ഒതുങ്ങുന്നതായിരുന്നു മരണത്തെ കുറിച്ച് അവിടുത്തെ ചാനലുകളില്‍ വന്ന വാര്‍ത്ത. വാട്‌സാപ്പ് സന്ദേശമായി ഗവണ്‍മെന്റ് നല്‍കിയ റിപ്പോര്‍ട്ട് മാത്രമാണ് ഒട്ടുമിക്ക വാര്‍ത്ത സ്രോതസ്സുകളും നല്‍കിയത്. ഈജിപ്തിലെ എക്‌സ്ട്രാ ന്യൂസ് ടി.വി അവതാരക മുര്‍സിയുടെ മരണത്തെ കുറിച്ച് ടെലിപ്രോംപ്റ്ററിലൂടെ വായിക്കുന്നതിനിടയില്‍ ‘sent from a samsung device’ എന്ന് പറയുകയുണ്ടായി. തനിക്കു സംഭവിച്ച തെറ്റില്‍ അസ്വസ്ഥയായ റിപ്പോര്‍ട്ടറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. മുര്‍സിക്ക് ഈജിപ്തിന്റെ ജനാധിപത്യ ചരിത്ര പോരാട്ടത്തിലുള്ള പങ്കിനെകുറിച്ച് പത്രങ്ങളില്‍ റിപ്പോര്‍ട്ടുണ്ടാകരുതെന്ന പട്ടാളനിയമമാകണം പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കനത്ത വിലക്കിന് പിന്നില്‍. പത്രങ്ങളില്‍ വാര്‍ത്ത മുന്‍പേജുകളില്‍ ഉണ്ടാവരുതെന്നും ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് പറയുന്നു. Reporters without borders ന്റെ കണക്കുപ്രകാരം 180 രാജ്യങ്ങളില്‍ 168-ാം സ്ഥാനമാണ് ഈജിപ്തിന് പത്രസ്വാതന്ത്ര്യത്തിനുള്ളത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ സഹായിക്കുന്നുവെന്ന ആരോപണവുമായി ഈജിപ്തില്‍ നിരവധി അറസ്റ്റുകളും അതിക്രമങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്നിട്ടുണ്ട്. രാജ്യത്ത് തീവ്രവാദം ഇല്ലായ്മ ചെയ്യുന്നുവെന്ന പേരില്‍ സൗദി, അമേരിക്ക എന്നീ രാജ്യങ്ങളുടെ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന സിസിയുടെ ജനാധിപത്യവിരുദ്ധമായ പട്ടാള ഭരണം ആഗോള മാധ്യമങ്ങളില്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്. രാജ്യത്തിനകത്തെ പത്രമാധ്യമങ്ങള്‍ ഗവണ്‍മെന്റ് സ്രോതസ്സുകളെ ഉദ്ധരിച്ച് സംസാരിക്കാന്‍ മാത്രമുള്ളവരാകുന്നു. മുര്‍സി ഈജിപ്തിന്റെ മുന്‍ പ്രസിഡണ്ടാണെന്ന വസ്തുതയെ കൂടി മറച്ചുവച്ചു കൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ടുകള്‍. കുറ്റാരോപിതന്‍ എന്നാണ് മിക്ക ദേശീയ മാധ്യമങ്ങളും മുര്‍സിയെ വിശേഷിപ്പിച്ചത്. മുര്‍സിയോട് ചെയ്ത മനുഷ്യാവകാശ ലംഘനത്തെ കുറിച്ചോ അറബ് വസന്തത്തില്‍ മുര്‍സിയുടെ പങ്കിനെക്കുറിച്ചോ പരാമര്‍ശങ്ങളില്ല. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് മുര്‍സിയെ അടയാളപ്പെടുത്തിയതെന്നതിനെ കുറിച്ച് അല്‍ജസീറ ഒരു വിശകലന റിപ്പോര്‍ട്ട് തയാറാക്കി. മുര്‍സിയുടെ മരണ റിപ്പോര്‍ട്ട് ഈജിപ്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ വ്യക്തമാക്കിത്തരുന്നു. പത്രസ്വാതന്ത്ര്യം തീര്‍ത്തും പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണവിടെ.

നബീല പാനിയത്ത്‌

You must be logged in to post a comment Login